TopTop

ഊരുവിലക്ക് നേരിടുന്ന ഭർത്താവിന് നീതി തേടി തിരുവനന്തപുരത്ത് എത്തിയ ഇടമലക്കുടിയിലെ നിരക്ഷരയായ ആദിവാസി സ്ത്രീയുടെ ഒരു ദിവസം

ഊരുവിലക്ക് നേരിടുന്ന ഭർത്താവിന് നീതി തേടി  തിരുവനന്തപുരത്ത് എത്തിയ ഇടമലക്കുടിയിലെ നിരക്ഷരയായ ആദിവാസി സ്ത്രീയുടെ ഒരു ദിവസം

മണിയമ്മയുടെ ആദ്യ തിരുവനന്തപുരം യാത്രയായിരുന്നു അത്. ഇടുക്കിയിലെ ഇടമലക്കുടി വനാന്തരങ്ങളിലെ ഇരുചക്ര വാഹനങ്ങൾ പോലും കടന്നു ചെന്നിട്ടില്ലാത്ത മുളകുതറ എന്ന ആദിവാസിഗ്രാമത്തിലെ നിരക്ഷരയായ ആ വീട്ടമ്മ മുൻപ് ഡൽഹിയെന്നും തിരുവനന്തപുരം എന്നുമെല്ലാം കേട്ടിട്ടുള്ളത് ആകാശവാണി വർത്തകളിലാണ്. എങ്കിലും ഇല്ലാത്ത കാരണങ്ങളാൽ സ്വന്തം മുതുവാൻ സമൂഹത്തിൽ സാമൂഹിക ബഹിഷ്കരണവും ഊരുവിലക്കും നേരിടുന്ന ഭർത്താവ് ചിന്നത്തമ്പിയുടെ ജീവന് രക്ഷകിട്ടാൻ തിരുവനന്തപുരത്തെ വലിയ മനുഷ്യർ കനിയണം എന്ന് കേട്ടപ്പോൾ അവർ ഭർത്താവിനൊപ്പം തലസ്ഥാന യാത്രയ്ക്കിറങ്ങി. രാത്രിയിൽ വന്യമൃഗങ്ങൾ വിഹരിക്കുന്ന ഇടമലക്കുടി വനത്തിലൂടെ അവരിരുവരും പതിനെട്ടു കിലോമീറ്ററുകൾ നടന്നു മൂന്നാറിലെത്തി. അവിടെ നിന്നും ജീപ്പിൽ മാങ്കുളത്തെത്തി. ഊരുവിലക്ക് നേരിടുന്ന ഇടമലക്കുടിയിലെ ഏകാധ്യാപക വിദ്യാലയത്തിലെ പി കെ മുരളീധരൻ എന്ന മുരളി മാഷും അവർക്കൊപ്പം ചേർന്നു. പല ബസുകൾ മാറിക്കയറി അവർ പുലർച്ചെ നഗരത്തിൽ എത്തി.

നഗരം മണിയമ്മയ്ക്ക് അമ്പരപ്പായിരുന്നു. അവർ അതുവരെ കണ്ട ഏറ്റവും വലിയ നഗരം അവരുടെ കുടിയോട് ചേർന്ന് കിടക്കുന്ന തമിഴ് നാട്ടിലെ വാൾപ്പാറ ആയിരുന്നു. അംബരചുംബികളായ ആകാശഭീകരതകൾക്കിടയിൽ അവർ അന്തം വിട്ട് നിന്നു. ചിന്നത്തമ്പി അഞ്ചാം തരം വരെ പഠിച്ചയാളാണ്. നല്ല വായനയും പൊതുവിജ്ഞാനവും ഉണ്ട്. രണ്ടുവട്ടം മുൻപ് തിരുവനന്തപുരത്തു വന്നിട്ടുണ്ട്. എന്നാൽ അതല്ല മണിയമ്മയുടെ സ്ഥിതി.

അവർ വലിയ ഭയത്തിലായിരുന്നു. വൃദ്ധനും അവശനുമായ ഭർത്താവിന് നേരെ സ്വന്തം ആളുകളിൽ നിന്നും ഏതു നിമിഷവും ആക്രമണം ഉണ്ടാകാമെന്നും അങ്ങനെ സംഭവിച്ചാൽ അദ്ദേഹം കൊല്ലപ്പെട്ടേക്കാം എന്നുപോലും അവർ പേടിച്ചു. ചിന്നത്തമ്പിക്കും മുരളിമാഷിനും മാത്രമാണ് ഊരുവിലക്ക്. ഭർത്താവിനൊപ്പം താമസിക്കുന്നിടത്തോളം കാലമേ മണിയമ്മയ്ക്കു അത് നേരിടേണ്ടതുള്ളൂ. തൊട്ടടുത്ത് വിവാഹം കഴിച്ചു താമസിക്കുന്ന രണ്ടു പെൺമക്കളിൽ ആരുടെയെങ്കിലും വീട്ടിലേക്കു മാറി നിന്നാൽ മണിയമ്മയ്ക്ക് ഊരുവിലക്കില്ല. അങ്ങനെ ചെയ്യാൻ ഭർത്താവ് ഉപദേശിച്ചതുമാണ്. എന്നാൽ ആറു പതിറ്റാണ്ടിന്റെ ദാമ്പത്യത്തിനൊടുവിൽ പലവിധ രോഗങ്ങൾ അലട്ടുന്ന ചിന്നത്തമ്പിയെ തനിയെ നരകിക്കാൻ വിട്ട് എങ്ങോട്ടുമില്ലെന്ന് അവർ എല്ലാവരോടും ആവർത്തിച്ചു. ചോദ്യങ്ങൾക്കു മുന്നിൽ ആകുലയായ അവരുടെ വായിൽ നിന്ന് പലപ്പോഴും ശബ്ദങ്ങൾ പോലും പുറപ്പെട്ടില്ല. ഇടമലക്കുടിയിൽ പോവുകയും ആ മനുഷ്യരുടെ ജീവിതങ്ങളെ മുരളിമാഷും ചിന്നത്തമ്പിയും എങ്ങനെ മാറ്റിയെടുത്തു എന്നതിനെ സംബന്ധിച്ച് പുറം ലോകത്തെ അറിയിക്കുകയും ചെയ്ത മാധ്യമ പ്രവർത്തകൻ ഉണ്ണി പ്രശാന്തും ഭാര്യ സൂര്യയും അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. പ്രഭാത ഭക്ഷണം പോലും മണിയമ്മയ്ക്ക് ഇറങ്ങുന്നുണ്ടായിരുന്നില്ല. വലിയ ആളുകളെ ആരെയെങ്കിലും കാണണം. ഭർത്താവും സുഹൃത്തും നേരിടുന്ന അവസ്ഥയിൽ അവരുടെ സുരക്ഷയ്ക്കായി യാചിക്കണം.

ആരെയാണ് കാണേണ്ടത് എന്ന് മണിയമ്മയോട് ചോദിച്ചപ്പോൾ അവർക്കു സംശയം ഉണ്ടായില്ല. മുഖ്യമന്ത്രിയില്ലേ? പിണറായി വിജയൻ. ആ സാറിനെ കാണണം. പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളല്ലേ.... ആ സാർ രക്ഷിക്കും.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം നിയമസഭയിൽ ചർച്ചകളിൽ പങ്കെടുക്കുകയാണ് എന്നും വൈകിട്ടുവരെ അത് തുടരുമെന്നും ആയിരുന്നു മറുപടി. മുൻ‌കൂർ അനുവാദം വാങ്ങി വേണം വരാൻ എന്ന് മണിയമ്മയ്ക്കും ചിന്നത്തമ്പിയ്ക്കും അറിയില്ലായിരുന്നു. ആദിവാസി ക്ഷേമ മന്ത്രി എ കെ ബാലനും സഭയിലാണ് എന്ന് മറുപടി കിട്ടി. എങ്കിലും സഭാ മന്ദിരത്തിലെ ഓഫീസിൽ ചെന്നാൽ അദ്ദേഹത്തെ കാണാനായേക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നറിയിച്ചു.

അങ്ങനെ യാത്ര നിയമസഭയിലേക്കായി. വലിയ കെട്ടിടവും പരിചിതമല്ലാത്ത വെള്ള വസ്ത്രം ധരിച്ച പാറാവുകാരും കണ്ടപ്പോൾ തന്നെ മണിയമ്മ പേടിച്ചു. ചിന്നത്തമ്പിയും അത്ര വലിയ കെട്ടിടത്തിൽ സുരക്ഷാ സംവിധാനത്തിൽ കൂടി കയറിയിട്ടില്ല. മുൻകൂർ അനുവാദം ഇല്ലാതെ ആരെ കാണാനും അകത്തു വിടില്ല എന്ന സുരക്ഷാ ചട്ടം പറഞ്ഞു കേട്ടപ്പോൾ അവർ ഒന്നുകൂടി ആകുലരായി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ട ഒരാൾ സന്ദര്‍ഭവശാൽ സംഘത്തെ കണ്ടു. അദ്ദേഹം അകത്തേയ്ക്കുള്ള പ്രവേശന അനുവാദം സംഘടിപ്പിച്ചു. എന്തെങ്കിലും തിരിച്ചറിയൽ കാർഡ് ഉണ്ടോ എന്നായി ഉദ്യോഗസ്ഥർ. അത് കൊണ്ട് വരണം എന്നറിയില്ലായിരുന്നു എന്ന് മറുപടി പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ ഓഫീസ് വീണ്ടും ഇടപെട്ടപ്പോൾ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്ക് അകത്തു കയറാനുള്ള നീല കാർഡ് അനുവദിച്ചു. സുരക്ഷാ പരിശോധന ചിന്നത്തമ്പിയ്ക്കും മണിയമ്മയ്ക്കും അമ്പരപ്പായിരുന്നു. ചിന്നത്തമ്പിയുടെ പുരാതനമായ നോക്കിയാ ഫോണും അതിന്റെ വള്ളി ഷർട്ടിനോട് ചേർത്ത് കുത്തിയിരുന്ന സേഫ്റ്റി പിന്നും പിടിച്ചു വച്ചു. അതെന്തിനാണ് സാറേ ആ പിന്ന് പിടിച്ചു വയ്ക്കുന്നത് എന്ന് ചോദിക്കണം എന്ന് ചിന്നത്തമ്പിക്ക് ഉണ്ടായിരുന്നു. ചോദിച്ചില്ല. കെട്ടിടത്തിന് മുന്നിൽ എത്തിയപ്പോൾ ചിന്നത്തമ്പി പറഞ്ഞു. ലിഫ്റ്റ് വേണ്ട. ഭാര്യ ഇതുവരെ കയറിയിട്ടില്ല. പേടിക്കും. സ്റ്റെപ്പുകൾ മതി.

പ്രതിപക്ഷ നേതാവും സഭാ സമ്മേളനത്തിലായിരുന്നു. പക്ഷെ ജീവനക്കാർ മണിയമ്മയെയും ചിന്നത്തമ്പിയെയും മുരളി മാഷിനെയും സ്വീകരിച്ചിരുത്തി. വലിയ ആഡംബര കസേരകൾ. മണിയമ്മ ഓരം ചേർന്ന് ഇരുന്നു. ചായയും പലഹാരങ്ങളും അവർ നൽകി. രമേശ് ചെന്നിത്തല വൈകാതെ അവരെ കാണാൻ എത്തുമെന്നറിയിച്ചു. അതിനിടയിൽ ഓഫീസിൽ കടന്നു വന്ന ചെറുപ്പക്കാരൻ അവരുടെ അടുത്ത് പോയി. സ്വയം പരിചയപ്പെടുത്തി. ഞാൻ വി ടി ബൽറാം. എം എൽ എ യാണ്. എന്നിട്ട് പരാതിയുടെ കോപ്പി വാങ്ങി വായിച്ചു. പരാതി മന്ത്രി എ കെ ബാലനെ സഭയുടെ അകത്ത് നേരിട്ട് കണ്ട് കൊടുക്കാമെന്നും അദ്ദേഹത്തെ നേരിൽ കണ്ടിട്ട് പോയാൽ മതിയെന്നും പറഞ്ഞു ആശ്വസിപ്പിച്ചു. വൈകാതെ രമേശ് ചെന്നിത്തലയെത്തി. അദ്ദേഹം അവർക്കു പറയുന്നുളളത് മുഴുവൻ കേട്ടു. മന്ത്രി എ കെ ബാലൻ നിങ്ങൾക്ക് വേണ്ടി തീർച്ചയായും ഇടപെടുമെന്നും അദ്ദേഹം നിങ്ങളെ കാണുമെന്നും താൻ അദ്ദേഹത്തെ നേരിട്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. ഫോണിൽ മന്ത്രിയെ കിട്ടാത്ത അവസ്ഥയിൽ പ്രതിപക്ഷ നേതാവ് അകത്തുപോയി മന്ത്രിയെ കാര്യം ധരിപ്പിച്ചു. ഒരുപക്ഷെ കേരളത്തിൽ മാത്രം നടക്കുന്ന കാര്യം. മനുഷ്യരുടെ വേദനകളിൽ കക്ഷി രാഷ്ട്രീയം കാണാത്ത അവസ്ഥ.

പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ സ്റ്റാഫ് മണിയമ്മയെയും ചിന്നത്തമ്പിയെയും മുരളി മാഷിനെയും കെട്ടിടത്തിലെ തൊട്ടു മുകളിലെ നിലയിലെ മന്ത്രിയുടെ ഓഫീസിൽ എത്തിച്ചു. മന്ത്രിയുടെ സെക്രട്ടറിയും ജീവനക്കാരും അവരെ ഹൃദ്യമായി സ്വീകരിച്ചു. സാഹചര്യങ്ങൾ ചിന്നത്തമ്പിയും മുരളി മാഷും വിശദീകരിച്ചു. അഞ്ചു കൊല്ലം മുൻപ് മുരളി മാഷ് എഴുതിയ പുസ്തകത്തിൽ ഉള്ള ഒരു പരാമർശത്തിന്റെ പേരിലാണ് ഇപ്പോൾ ഊരുവിലക്ക്. ഇത് ഇടമലക്കുടിക്കാർ സ്വമേധയാ ചെയ്തതല്ല. ഗ്രാമത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, റോഡ് നിർമ്മാണ പ്രവർത്തികളിൽ അഴിമതികളിലും തിരിമറികളിലും തുടർച്ചയായി പരാതികൾ അയച്ചു തിരുത്തൽ നടപടികൾ ഉറപ്പാക്കിയതിനു ഇരുവർക്കെതിരെയും ഇടനിലക്കാരും കരാറുകാരും ചില സ്കൂൾ അധ്യാപകരും ചേർന്ന ലോബി തെറ്റിദ്ധരിപ്പിച്ചതാണ്. ആദിവാസികളിൽ ഉയർന്ന ജാതിക്കാരായ തങ്ങളെ പുസ്തകം താഴ്ന്നവരാക്കി എന്നതാണ് ആരോപണം. അങ്ങനെ ഒന്നില്ല. ചില ഐതിഹ്യങ്ങൾ ഐതിഹ്യങ്ങളായി പരാമർശിച്ചത് മാത്രമാണ്. മുരളി മാഷിന് പുസ്തകം എഴുതാൻ വേണ്ട വിവരങ്ങൾ കൈമാറിയതാണ് ചിന്നത്തമ്പിയിൽ ആരോപിക്കപ്പെടുന്ന കുറ്റം.

കഴിഞ്ഞ വ്യാഴാഴ്ച ഇടമലക്കുടി സൊസൈറ്റിക്കുടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ നടന്ന ഊരുകൂട്ടമാണ് ഊരുവിലക്ക് പ്രഖ്യാപിച്ചത്. ഗ്രാമം വിട്ടു പുറത്തു പോകണം എന്നും മുതുവാൻ സമുദായത്തിലെ ഒരാളോട് പോലും ഒരു കാര്യത്തിനും ബന്ധപ്പെടരുത് എന്നുമാണ് കല്പന. പഞ്ചായത്ത് പ്രസിഡൻഡ് ആണ് വിവരം ഇരുവരെയും നേരിൽ അറിയിച്ചത്. അതുവരെ ചിന്നത്തമ്പിയും മുരളി മാഷും ഇടമലക്കുടിക്കാർക്ക് ദൈവം പോലെ ആയിരുന്നു. മലയരനായ മുരളി മാഷ് ഇരുപത് വര്‍ഷമായി തുച്ഛ ശമ്പളത്തിൽ ഇടമലക്കുടിയിൽ ഏകാധ്യാപകനായി പണിയെടുക്കുന്നു. മാഷുടെ ഭാര്യയും അവിടെ ഏകാധ്യാപികയായിരുന്നു. കൊടും തണുപ്പിൽ മരിച്ചു പോയി. രണ്ടു മക്കളെയും മാങ്കുളത്ത് കൊണ്ടുപോയി സ്വന്തം മാതാപിതാക്കളെ നോക്കാൻ ഏല്പിച്ചു മടങ്ങിയ മുരളി മാഷിന് പിന്നെ ലോകവും കുടുംബവും ഇടമലക്കുടിയിലെ മുതുവാന്മാരായിരുന്നു. കിട്ടുന്ന തുച്ഛ ശമ്പളം പോലും ഇടമലക്കുടിയിലെ കുട്ടികൾക്കായി അയാൾ ചെലവഴിച്ചു. സ്വന്തമായി ഒരു ആഡംബരവും ഇല്ലാതെ ജീവിച്ചു.

തങ്ങളെ കൊല്ലുമെന്നും ഭീഷണി ഉണ്ടെന്നും സർക്കാർ ഇടപെടണമെന്നും അവർ പറഞ്ഞപ്പോൾ ഇടപെടുമെന്ന് മന്ത്രിയുടെ ഓഫീസ് ഉറപ്പു നൽകി. എതിർപക്ഷത്തോട് പോലീസും റവന്യൂ ജീവനക്കാരും സംസാരിച്ചു ഊരുവിലക്ക് പിൻവലിപ്പിക്കാമെന്നും സമാധാനപരമായി അവിടെ ഇനിയും ജീവിക്കാമെന്നും ജീവനക്കാർ ഉറപ്പു നൽകി. മന്ത്രി സഭയിൽ നിന്നും വരാൻ വൈകും എന്നറിയിപ്പു കിട്ടിയപ്പോൾ സഭയിലെ കാന്റീനിൽ പോയി അവർ ഭക്ഷണം കഴിച്ചു വന്നു. അതിനു ശേഷം വകുപ്പ് ഡയറക്ടർ പുകഴേന്തി വന്നു. അദ്ദേഹവും അനുഭാവപൂർവം കാര്യങ്ങൾ കേട്ടു. നടപടി ഉറപ്പു നൽകി.

"ഞങ്ങൾക്കൊന്നും വേണ്ട സാറേ... നാട്ടുകാരുടെ തെറ്റിദ്ധാരണ മാറ്റിയാൽ മതി. എല്ലാവരെയും ഒരുമിപ്പിച്ചിരുത്തി സംസാരിച്ചാൽ മതി. തല്ലികൊല്ലപ്പെടരുത്. എനിക്ക് നാട് വിട്ടു എവിടെയും പോകാൻ വയ്യ..'' ചിന്നത്തമ്പി ആവർത്തിച്ചു.

അതിനിടയിൽ കടന്നു വന്ന പഴയ കിർത്താഡ്സിലെ ഗവേഷകനായ നരവംശ വിദഗ്ദൻ ഇത് ഊരുവിലക്കല്ല എന്നും വ്യക്തികൾ തമ്മിലെ തർക്കം മാത്രമാണ് എന്നും അത് പറയാൻ ഇത്ര ബുദ്ധിമുട്ടി ഇവിടെ വരെ വരണോ എന്നും ചോദിച്ചപ്പോൾ ചിന്നത്തമ്പിയും മണിയമ്മയും കുറ്റബോധത്താൽ നീറി. തങ്ങൾ ചെയ്തത് ചെയ്യാൻ പാടില്ലാത്തത് ആണോ.... വിദഗ്ദൻ പറയുന്നത് അനുസരിച്ച് ഊരുവിലക്കാൻ നോട്ടീസ് കൊടുക്കണം. മൈക്ക് അനൗൺസ്‌മെന്റ് നടത്തണം. അതൊന്നും ഉണ്ടായിട്ടില്ല. വാക്കാൽ പറയുന്നത് രേഖയല്ല. തെളിവുമില്ല. യോഗം ചേർന്നു എന്നതിൽ പോലും കാര്യമില്ല. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായിരുന്നു എന്നതിലും കാര്യമില്ല. ആദിവാസികൾ മൗനമായി നിന്നു. പറയും മട്ടിൽ പ്രശ്‌നം ഒന്നുമില്ലെന്നും നിങ്ങൾക്കറിയുന്നതിലും അധികം ഇടമലക്കുടി തനിക്കറിയാമെന്നും ഗവേഷകൻ പറഞ്ഞു. ഗവേഷണത്തിനായി അദ്ദേഹം സഞ്ചരിച്ച വഴികളും ഊടുവഴികളും വിവരിച്ചു. ശാസ്ത്രീയ പഠനങ്ങളും ഉദ്ധരണികളും ആ ദമ്പതികൾ കേട്ടിട്ടുപോലുമില്ലായിരുന്നു.

ഇടമലക്കുടിയെക്കുറിച്ചു ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കിയ മഹാമനീഷികളെയും പണ്ഡിതരെയും കുറിച്ച് ചോദിച്ചപ്പോൾ മുരളി മാഷ് കേട്ടിട്ട് പോലുമില്ലായിരുന്നു. താൻ എഴുതിയ പുസ്തകം അങ്ങനെ ഒന്നും കാണേണ്ടെന്നും അവിടെ ജീവിച്ച ഒരാളുടെ കുറിപ്പുകൾ മാത്രം ആണെന്നും മുരളി മാഷ് പ്രതിവചിച്ചു. തങ്ങൾ ഉൾകൊള്ളുന്ന സമൂഹത്തെക്കുറിച്ചു തങ്ങളേക്കാൾ വലിയ അറിവുള്ള ഒരാളെ ചിന്നത്തമ്പിയും ഭാര്യയും ആദ്യമായി കാണുകയായിരുന്നു. നാട്ടിൽ ജാതിയില്ലെന്നും ജാതി പറയുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം കൂട്ടത്തിൽ പറഞ്ഞു. ഒപ്പം തന്നെ ഈ വിഷയത്തിൽ അന്വേഷണം ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ അദ്ദേഹത്തേക്കാൾ അറിവുള്ളവർ ഇല്ലെന്നും അദ്ദേഹം പറയുന്നത് പോലെയാണ് നടപടികൾ വരിക എന്നും മറ്റു ജീവനക്കാർ പറഞ്ഞു.

സഭ പിരിഞ്ഞുവെന്നും മന്ത്രി നേരെ സെക്രട്ടറിയേറ്റിലേക്ക് പോവുകയാണ് എന്നും അവിടുത്തെ ഓഫീസിൽ കാണാമെന്നും അറിയിപ്പ് കിട്ടിയതോടെ ചിന്നത്തമ്പിയും മണിയമ്മയും നിരാശരായി. വീണ്ടും സുരക്ഷാ പരിശോധന. അതായിരുന്നു അവരുടെ ഏറ്റവും വലിയ പേടി. മന്ത്രിയെ കാണാതെ പോകാനും ആകില്ല. വിഷമം പറഞ്ഞപ്പോൾ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മന്ത്രിയെ നേരിൽ വിളിച്ചു. താൻ അവരെ കാണാതെ പോകില്ലെന്നും താനവരെ കാത്തു നിൽക്കുകയാണ് എന്നും നിങ്ങൾ എവിടെയാണ് എന്നും അവരെ സഭാ ഹാളിനു മുന്നിലേക്ക് കൊണ്ടുവരൂ എന്നും മറുപടി കിട്ടി. പിന്നെ ഓട്ടമായി. സഭയുടെ മുന്നിൽ മന്ത്രി അവരെ സ്വീകരിച്ചു. സമയമെടുത്ത് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ചെന്നിത്തലയും ബൽറാമും പറഞ്ഞു ഉച്ചയ്ക്ക് മുൻപേ വിവരം താൻ അറിഞ്ഞതാണ് എന്നും അവരെ സമ്മേളന ഹാളിനു പുറത്ത് കൊണ്ട് വന്നു തന്നോട് പറഞ്ഞാൽ താൻ ഉടൻ പുറത്തുവരുമെന്നും അവരെ കാണുമെന്നും സ്റ്റാഫിനോട് പറഞ്ഞതാണ് എന്നും മന്ത്രി പറഞ്ഞു. പറഞ്ഞു വിട്ടയാൾ പറഞ്ഞില്ല. സ്ഥലം എം എൽ എ യുടെ നേതൃത്വത്തിൽ യോഗം വിളിച്ചു പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. "മന്ത്രി ആണെങ്കിലും എന്ത് സ്നേഹമുള്ള മനുഷ്യൻ. എന്തൊരു എളിമ. ജീവിതത്തിൽ ഒരു മന്ത്രിയെയും നേരിൽ കാണാൻ ആകുമെന്ന് ഞാൻ കരുതിയതല്ല,", സഭാകവാടത്തിനു പുറത്തിറങ്ങുമ്പോൾ മണിയമ്മ പറഞ്ഞു.

സഭാ മന്ദിരത്തിൽ നിന്നിറങ്ങി വരുന്ന അവരുടെ ചിത്രം കൂടെയുള്ളവർ എടുത്തപ്പോൾ പോലീസുകാർ വിലക്കി. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ട്. തുടർന്ന് ചില വാർത്താ-മാധ്യമ ഓഫീസുകളിൽ പോകാൻ മണിയമ്മയും ലിഫ്റ്റിൽ കയറാൻ നിർബന്ധിതയായി. ഒരു ദിവസം മുഴുവൻ നീണ്ട അലച്ചിലിനൊടുവിൽ അവർ പറഞ്ഞു: ഇന്ന് രാത്രി തന്നെ ബസ് യാത്ര വയ്യ. ഒരു ദിവസം എവിടെയെങ്കിലും കിടക്കണം. വിശ്രമിക്കണം. വല്ലാത്ത ചൂടാണ് തിരുവനന്തപുരത്ത്. സഹിക്കാൻ പറ്റുന്നില്ല.

നരവംശശാസ്ത്രവും മുതുവാൻ ചരിത്രവും കലക്കി കുടിച്ച കിർത്താഡ്‌സ് മുൻ ഉദ്യോഗസ്ഥനായ വിദഗ്ധന്റെ കൈകളിലാണ് ചിന്നത്തമ്പിയുടെയും മണിയമ്മയുടെയും നീതി. മുരളി മാഷിന് മാങ്കുളത്ത് വീടും ആളുകളുമുണ്ട്. ജോലി വേണ്ടെന്നു വച്ചാലും അവിടേയ്ക്കു പോകാം.അതല്ല മണിയമ്മയുടെയും ചിന്നത്തമ്പിയുടെയും അവസ്ഥ.

മുതുവാൻ സമൂഹത്തിനു വേണ്ടി കാട്ടിന് നടുവിൽ വായനശാല ഉണ്ടാക്കി മാതൃക കാണിച്ച്‌ പ്രധാനമന്ത്രിയുടെ മൻകി ബാത്തിൽ വരെ പരാമർശിക്കപ്പെട്ട രണ്ടു മനുഷ്യർക്കും അവരിലൊരാളുടെ ഭാര്യക്കും മുൻപിൽ ഭാവി ഒരു അനിശ്ചിതത്വമായി തൂങ്ങി നിൽക്കുന്നു. പാണ്ഡിത്യങ്ങൾക്ക് ഒരുപാട് മുകളിലാണ് മനുഷ്യത്വം എന്ന് രാഷ്ട്രീയ നേതൃത്വം മറ്റാളുകളെ മനസ്സിലാക്കിക്കുന്നിടത്താണ് നീതി നടപ്പാക്കപ്പെടുക.

Also Read: പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഊരുവിലക്കി; ഉത്തരേന്ത്യയില്‍ അല്ല, കേരളത്തില്‍Next Story

Related Stories