മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് കൈയടിച്ച് ക്രിക്കറ്റ് താരം ആര് ആശ്വിന്. ട്വിറ്ററിലാണ് ചിത്രത്തെ പ്രശംസിച്ച് അശ്വിന്റെ കുറിപ്പ്. ട്വിസ്റ്റ് കണ്ട് ഉറക്കെ ചിരിച്ചുപോയെന്നും മികച്ച ചിത്രമാണെന്നുമാണ് അശ്വിന്റെ അഭിപ്രായം.
ദൃശ്യം രണ്ടില്‍ മോഹന്‍ലാലിന്റെ ജോര്‍ജ് കുട്ടി കോടതിയില്‍ കാണിച്ച ട്വിസ്റ്റ് കണ്ടപ്പോള്‍ ഉറക്കെ ചിരിച്ചുപോയി. നിങ്ങള്‍ ഇതുവരെ ചിത്രം കണ്ടിട്ടില്ലെങ്കില്‍ ദൃശ്യം ഒന്ന് മുതല്‍ കണ്ട് തുടങ്ങുക. വിസ്മയകരം, തികച്ചും വിസ്മയകരം -അശ്വിന് ട്വിറ്ററില്‍ കുറിച്ചു. അയ്യായിരത്തില്‍ അധികം ആളുകളാണ് ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. അമ്പതിനായിരത്തോളം പ്രതികരണങ്ങളും ആയിരത്തോളം കമന്റുകളും ട്വീറ്റിന് ലഭിച്ചിട്ടുണ്ട്.
നേരത്തെ, ബ്രിട്ടനിലെ വിഖ്യാതമായ ടോട്ടനം ഹോട്സ്പര്‍ ഫുട്ബോള്‍ ക്ലബ്ബ് ചിത്രത്തിലെ ഡയലോഗ് കടമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബ്ബായ ടോട്ടനം ദൃശ്യത്തിലെ ഡയലോഗ് പരിഷ്കരിച്ച് 'അയാള്‍ അയാളുടെ ടീമിനെ സഹായിക്കാന്‍ ഏതറ്റം വരെയും പോകും' എന്ന് മലയാളത്തിലാണ് പോസ്റ്റ് ഇട്ടത്. ടീമിന്റെ ദക്ഷിണകൊറിയന്‍ സൂപ്പര്‍താരം സണ്‍ ഹ്യൂങ് മിന്നിന്റെ ചിത്രത്തിനൊപ്പമായിരുന്നു മലയാളം ഡയലോഗ് ചേര്‍ത്ത പോസ്റ്റ്.