TopTop
Begin typing your search above and press return to search.

ഇങ്ങനെയാണ് 1904ലെ പ്ലേഗ് തിരുവിതാംകൂറില്‍ ക്വാറന്‍റൈന്‍ ഉത്തരവ് കൊണ്ടുവന്നത്

ഇങ്ങനെയാണ് 1904ലെ പ്ലേഗ് തിരുവിതാംകൂറില്‍ ക്വാറന്‍റൈന്‍ ഉത്തരവ് കൊണ്ടുവന്നത്

കോവിഡ് 19 വ്യാപനത്തിന് മുമ്പ് ക്വാറന്റൈന്‍ എന്ന പദം മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല. സാംക്രമിക രോഗങ്ങള്‍ ബാധിക്കുമ്പോള്‍ സുരക്ഷിതരാവാനും രോഗ വ്യാപനം തടയാനും പല പ്രദേശങ്ങളില്‍ ഒറ്റയ്ക്കും തറ്റയ്ക്കും ക്വാറന്റൈന്‍ നടപ്പാക്കിയിരുന്നെങ്കിലും 'മാസ്സീവ് ക്വാറന്റൈന്‍' എന്നത് മലയാളികള്‍ക്ക് പരിചയമില്ലാത്ത ഒന്നായിരുന്നു അത് വരെ. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ക്വാറന്റൈന്‍ സംവിധാനം ഒരുക്കുക എന്നത് ഈ കാലഘട്ടത്തില്‍ ജീവിക്കുന്നവര്‍ക്ക് അനുഭവമുള്ള കാര്യവുമല്ല. എന്നാല്‍ കേരളത്തില്‍ ഒരു കാലത്ത് സര്‍ക്കാര്‍ ക്വാറന്റൈന്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ അത് ഇന്നത്തെ ഐക്യ കേരളത്തിലല്ല. കേരളം എന്ന സംസ്ഥാനം ഉണ്ടാവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവിതാംകൂറിലാണ് ക്വാറന്റൈന്‍ സംബന്ധിച്ച ഉത്തരവ് ആദ്യം ഇറങ്ങുന്നത്. 1904ല്‍. പ്ലേഗ് എന്ന മഹാമാരി തടയുന്നതിന്റെ ഭാഗമായി ദിവാന്‍ വി പി മാധവ റാവു ഇറക്കിയതാണ് കേരളത്തിലെ ആദ്യത്തെ ക്വാറന്റൈന്‍ ഉത്തരവ്.

1904 ജൂണ്‍ 24നാണ് ഇത് സംബന്ധിച്ച രണ്ട് ഉത്തരവുകള്‍ ഇറക്കുന്നത്. ഉത്തരവില്‍ പറയുന്നതിങ്ങനെ, '1072-ാമാണ്ടത്തെ രണ്ടാം റഗുലേഷനായ സാംക്രമിക രോഗ റഗുലേഷന്‍ രണ്ടാം വകുപ്പനുസരിച്ച് ഇതിനാല്‍ പരസ്യപ്പെടുത്തുന്നതെന്തെന്നാല്‍ ഏഡനില്‍ കഴിഞ്ഞ മെയ് മാസം എട്ട് മുതല്‍ പ്ലേഗുള്ളതായി അറിവ് കിട്ടിയിരിക്കുന്നത് കൊണ്ട് ആ തുറമുഖത്തില്‍ നിന്ന് വരുന്ന ഉരുക്കളെ ക്വാറന്റൈന്‍ പരിശോധനയില്‍ വക്കേണ്ടതാകുന്നു'. ദിവാന് വേണ്ടി ഗവണ്‍മെന്റ് ചീഫ് സെക്രട്ടറി എ ജെ വീയറാ ഒപ്പിട്ടതായിരുന്നു ഉത്തരവ്. അന്നേ ദിവസം തന്നെ ബോംബെ പ്രസിഡന്‍സിയിലെ കതിയവാറിലെ സലയ തുറമുഖത്ത് നിന്ന് വരുന്ന കപ്പലിലുള്ളവരെയും ക്വാറന്റൈന്‍ ചെയ്യാന്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു.

പിന്നീട് 1905 ജൂണ്‍ ഏഴിനും ദിവാന്‍ വി പി മാധവ റാവു മൂന്ന് ഉത്തരവുകള്‍ ഇറക്കി. പ്ലേഗ് വ്യാപനം ശ്രദ്ധയില്‍ പെട്ടിരിക്കുന്നതിനാല്‍ ഹോങ്കോങ്, സിംഗപ്പൂര്‍, മദ്രാസ് തുറമുഖങ്ങളില്‍ നിന്ന് വരുന്ന കപ്പലുകളില്‍ എത്തുന്നവരെയും ക്വാറന്റൈന്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച് കൊണ്ടുള്ളതായിരുന്നു ഉത്തരവുകള്‍. ആരോഗ്യ രംഗത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ക്വാറന്റൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു എന്നതിനുള്ള തെളിവുകളാണ് അന്നത്തെ ഉത്തരവുകള്‍. ലോകം മുഴുവന്‍ പടര്‍ന്ന് പിടിക്കുകയും വന്‍ തോതില്‍ മരണത്തിന് കാരണമാവുകയും ചെയ്ത പ്ലേഗിനെ ഭയന്നായിരുന്നു അന്നത്തെ ഇടപെടല്‍ എന്ന് ചരിത്രാന്വേഷകര്‍ പറയുന്നു. ബ്രിട്ടീഷ് ഭരണാധികാരികളുടെ നിര്‍ദ്ദേശ പ്രകാരമായിരിക്കണം ഇത്തരമൊരു നടപടി തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടപ്പാക്കിയതെന്നും ചരിത്രകാരന്‍മാര്‍ പറയുന്നു.ജെഎന്‍യു സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസിലെ പ്രൊഫസര്‍ ബര്‍ട്ടണ്‍ ക്ലീറ്റസ് പറയുന്നു, "1880കള്‍ മുതല്‍ പ്ലേഗിനെ തടയാന്‍ ലോകത്ത് പലയിടങ്ങളിലും നടപടികള്‍ സ്വീകരിച്ച് വന്നിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന് കീഴിലെ രാജ്യങ്ങളിലെല്ലാം അത് സ്വാധീനിച്ചിട്ടുണ്ട്. പ്ലേഗിനെയാണ് ബ്രിട്ടീഷുകാര്‍ ഏറഅറവുമധികം ഭയന്നത്. അന്ന് പ്ലേഗ് പോലെ തന്നെ വ്യാപകമായിരുന്നു കോളറയും. എന്നാല്‍ കോളറ വാണിജ്യത്തെ നേരിട്ട് ബാധിക്കുന്നതായിരുന്നില്ല. വെള്ളത്തിലൂടെ പകരുന്ന കോളറ രോഗവ്യാപനമുണ്ടായയിടങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നു. അണുക്കളുള്ള വെള്ളം കുടിക്കുന്നവര്‍ക്ക് കോളറയുണ്ടാവും. എന്നാല്‍ പ്ലേഗ് അങ്ങനെയായിരുന്നില്ല. കപ്പലിലെത്തുന്ന ചരക്കില്‍, പ്രത്യേകിച്ചും അരിയിലും മറ്റും ചെള്ളുകള്‍ ഉണ്ടാവാം, അത് പ്ലേഗ് പരത്തും എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായിരുന്നു. അതിനാല്‍ ക്വാറന്റൈന്‍ ചെയ്ത് വ്യാപനം തടയുക എന്നത് മാത്രമേ അവരുടെ മുന്നിലുള്ള വഴിയുണ്ടായിരുന്നുള്ളൂ. പ്ലേഗ് വന്നാല്‍ അത് വാണിജ്യത്തെ ബാധിക്കുമെന്നും അവര്‍ക്കറിയാമായിരുന്നു. മറ്റൊന്ന് കോളറയെ നിര്‍മാര്‍ജ്ജനം ചെയ്യുക എന്നത് പൊതുശുചിത്വ നിലവാരം ഉയര്‍ത്തിക്കൊണ്ട് മാത്രമേ സാധ്യമാവൂ എന്നും അത് ഒരു ലോങ്-ടേം പ്രോസസ് ആണെന്നും ബ്രിട്ടീഷുകാര്‍ക്കറിയാം. അതിനാല്‍ അതില്ലാതാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും എന്നാല്‍ കപ്പലിലെത്തുന്നവരെയോ രോഗ ലക്ഷണം കാണിക്കുന്നവരേയോ ക്വാറന്റൈന്‍ ചെയ്യുന്നതിലൂടെ പ്ലേഗിനെ ഇല്ലാതാക്കാം എന്നും അവര്‍ മനസ്സിലാക്കി."

കോളറയും പ്ലേഗും വളരെ പെട്ടെന്ന് മരണം സംഭവിക്കുന്ന അസുഖങ്ങളായിരുന്നെങ്കിലും പ്ലേഗ് വരുന്നവര്‍ക്ക് രോഗ വാഹകരാവുന്ന സമയം മുതല്‍ ശരീരത്തില്‍ ചുവന്ന കലകള്‍ ഉണ്ടാവുന്നതിനാല്‍ അവരെ ക്വാറന്റൈന്‍ ചെയ്യുക എന്നതായിരുന്നു എന്ന് നടപ്പിലാക്കിയിരുന്ന രീതി. എത്ര ദിവസം എന്ന് വ്യക്തമായ നിര്‍ദ്ദേശം ഗസറ്റഡ് വിജ്ഞാപനങ്ങളില്‍ ഉണ്ടായിരുന്നില്ലെങ്കിലും കപ്പലിലെത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നത് ഫലപ്രദമായിരുന്നു എന്ന് അന്നത്തെ പല ചരിത്ര രേഖകളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നതായും ചരിത്ര അന്വേഷകര്‍ പറയുന്നു. യൂറോപ്പിലും ബ്രിട്ടണിലും പ്ലേഗ് മുമ്പും പടര്‍ന്ന് പിടിച്ചതിന്റെ അനുഭവങ്ങളുണ്ടായിരുന്ന ബ്രിട്ടീഷുകാര്‍ അത് ഇവിടെ ആവര്‍ത്തിക്കാതിരിക്കാനും വാണിജ്യത്തിന് പ്രശ്‌നങ്ങളേര്‍പ്പെടാതിരിക്കാനും എടുത്ത കരുതല്‍ നടപടിയായാണ് പലരും തിരുവിതാംകൂറിലെ ക്വാറന്റൈന്‍ സംവിധാനത്തെ വിലയിരുത്തുന്നത്.

പിന്നീട് 1920കളില്‍ റോക്ക് ഫെല്ലര്‍ ഫൗണ്ടേഷന്‍ കേരളത്തില്‍ എത്തുമ്പോള്‍ അവര്‍ കൂടുതലും ശ്രദ്ധ ചെലുത്തിയിരുന്നത് അന്ന് വ്യാപകമായ കൊക്കോപ്പുഴു, മന്ത്, മലേറിയ രോഗങ്ങളിലായിരുന്നു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തന്നതിന്റെ ഭാഗമായി കൊക്കോപ്പുഴുവിനെക്കുറിച്ചും മന്തിനെക്കുറിച്ചും ബോധവല്‍ക്കരണങ്ങള്‍ തുടങ്ങുകയുമുണ്ടായി. തിരുവിതാംകൂറില്‍ പീരുമേട്ടിലാണ് ഇത് തുടക്കം കുറിക്കുന്നത്. എന്നാല്‍ ആ കാലഘട്ടത്തില്‍ പ്ലേഗ് വീണ്ടും പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയപ്പോള്‍ റോക്ക് ഫെല്ലര്‍ ഫൗണ്ടേഷന്‍ ഉള്‍പ്പെടെ മുഴുവന്‍ ഭരണകൂട സംവിധാനങ്ങളും ആരോഗ്യമേഖലയിലെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ച് പ്ലേഗ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നതായി രേഖകളുണ്ടെന്ന് ബര്‍ട്ടണ്‍ ക്ലീറ്റസ് ചൂണ്ടിക്കാട്ടുന്നു. "മദ്രാസില്‍ നിന്നും കൊച്ചിയില്‍ നിന്നുമൊക്കെയുള്ള അരിയുടെ വരവിലും മറ്റും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും കപ്പലുകളിലെത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യുകയും ഒക്കെയുണ്ടായി. മറ്റെല്ലാ രോഗത്തെക്കാളും ബ്രിട്ടീഷുകാര്‍ ഭയപ്പെട്ടിരുന്നത് പ്ലേഗിനെയായിരുന്നു. തിരുവിതാംകൂര്‍ സ്വതന്ത്രരാജ്യമായി നിലകൊണ്ടു എന്നെല്ലാം പറയുമ്പോഴും ചില കാര്യങ്ങളില്‍, പ്രത്യേകിച്ച് ആരോഗ്യമേഖലയില്‍ ബ്രിട്ടീഷ് ഇന്ത്യ എന്ത് നടപ്പാക്കുന്നോ അത് നടപ്പാക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരുന്നു എന്ന് കാണാം."

ലോകത്ത് പലപ്പോഴായി മാസ്സീവ് ക്വാറന്റൈന്‍ നടപ്പാക്കിയതായി പഠനങ്ങള്‍ ഉണ്ടെന്ന് കൊളോണിയല്‍ മെഡിസിനില്‍ പഠനം നടത്തിയ പയ്യന്നൂര്‍ കോളേജ് എക്‌ണോമിക്‌സ് ഡിപ്പാര്‍ട്‌മെന്റിലെ പ്രൊഫസര്‍ സുനിത ബി നായര്‍ പറയുന്നു. "അമേരിക്കന്‍ അസോസിയേഷന്‍ ഹിസ്റ്ററി ഓഫ് മെഡിസിന്‍ കോവിഡ് 19ന്റെ വ്യാപനത്തിന് ശേഷം ഇറക്കിയ പല പഠനങ്ങളിലും അത് വ്യക്തമാണ്. 1800കളുടെ അവസാനം മുതല്‍ പ്ലേഗിനെ തടയിടാന്‍ പല രാജ്യങ്ങളിലും ക്വാറന്റൈന്‍ നടപ്പാക്കിയിരുന്നതായി കാണാം. അത്തരമൊരു സ്ട്രാറ്റജിയായിരിക്കണം തിരുവിതാംകൂര്‍ സര്‍ക്കാരും നടപ്പാക്കിയത്."


കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

Next Story

Related Stories