TopTop

കൊറോണ വന്നില്ലായിരുന്നെങ്കില്‍ വര്‍ക്കലയിലെ ആ നായക്കുട്ടികള്‍ ഫ്രാന്‍സില്‍ എത്തുമായിരുന്നു, ജൂലിനും നിതായക്കുമൊപ്പം

കൊറോണ വന്നില്ലായിരുന്നെങ്കില്‍ വര്‍ക്കലയിലെ ആ നായക്കുട്ടികള്‍ ഫ്രാന്‍സില്‍ എത്തുമായിരുന്നു, ജൂലിനും നിതായക്കുമൊപ്പം

നാലുവര്‍ഷം മുന്‍പാണ് ഫ്രാന്‍സില്‍നിന്ന് ജൂലിനും കാനഡയില്‍നിന്ന് നിതായയും കേരളത്തിലെ വര്‍ക്കലയിലേക്ക് സന്ദര്‍ശകരായി എത്തുന്നത്. യദൃശ്ചികമായി ആ ജനുവരിയില്‍ അവര്‍ കടല്‍തീരത്തുവെച്ച് കണ്ടുമുട്ടുകയും പ്രണയം നാമ്പിടുകയും ചെയ്തു. അന്ന് മൂന്നുമാസത്തെ അവധിക്കുശേഷം ഇരുവരും നാട്ടിലേക്കു മടങ്ങി.

പിന്നീടുള്ള വര്‍ഷങ്ങളിലെല്ലാം അവര്‍ കേരളത്തില്‍ വന്നിരുന്നു. കഴിഞ്ഞ വര്‍ഷം എത്തിയപ്പോള്‍ വഴിയരികില്‍ അസുഖം ബാധിച്ച് കിടന്ന രണ്ട് നാടന്‍ നായക്കുട്ടികള്‍ അവരുടെ ശ്രദ്ധയില്‍ പെടുന്നത്. ഈ നായക്കുട്ടികളെ അവര്‍ ഏറ്റെടുത്ത് ശുശ്രൂഷിച്ചു. ബ്ലൂ, ലൂസി എന്ന് പേരുകളും ഇട്ടു. എന്നാല്‍ വീണ്ടും മൂന്ന് മാസത്തിന് ശേഷം അവര്‍ക്ക് തിരികെ പോകണമായിരുന്നു. മടങ്ങിപ്പോകാറായപ്പോള്‍ അവര്‍ നായക്കുട്ടികളെ വര്‍ക്കലയിലെ ഒരു കുടുംബത്തെ ഏല്‍പ്പിച്ചു.

ഈ വര്‍ഷം എത്തിയപ്പോള്‍ ബ്ലൂവും ലൂസിയും വളര്‍ന്നിരുന്നു. എന്നാല്‍ നായക്കുട്ടികളെ നോക്കിയിരുന്ന വീട്ടുകാര്‍ക്ക് അവയെ തുടര്‍ന്നും നോക്കാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോഴാണ് അവര്‍ നായക്കുട്ടികളെ കൂടെകൊണ്ടുപോവുന്നതിനെ കുറിച്ച് ആലോചിച്ചത്. അതിന് കടമ്പകളേറെയുണ്ടായിരുന്നു. ഒടുവില്‍ തിരുവനന്തപുരം വെട്ടിക്കുഴി ഗവ. മൃഗാശുപത്രിയിലെ ഡോ. എ.കെ.അഭിലാഷിന്റെ സഹായംതേടി. പേവിഷബാധയില്ലെന്ന് ഉറപ്പാക്കാന്‍ ഇവയുടെ രക്തസാമ്പിളെടുത്ത് ഫ്രാന്‍സിലേക്ക് അയച്ചു. അവിടന്ന് സമ്മതപത്രം വാങ്ങി. കടലാസുപണികള്‍ മൂന്നുമാസംകൊണ്ട് പൂര്‍ത്തിയാക്കി. പട്ടികളെ കൊണ്ടുപോകാന്‍ 13,000 രൂപ വിലയുള്ള രണ്ട് കൂടുകള്‍ വാങ്ങി. യാത്രാടിക്കറ്റും മറ്റുമായി രണ്ടുലക്ഷം രൂപ ചെലവായി. മാതൃഭൂമി ഓണ്‍ലൈനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നാട്ടിലെത്തി വിവാഹിതരാകാന്‍ ജൂലിനും നിതായയും തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴാണ് കൊവിഡ് 19 ഇവരുടെ യാത്രയില്‍ വില്ലനാവുന്നത്. 29-ന് ഡല്‍ഹിയില്‍നിന്ന് നാട്ടില്‍ പോകാനായി ഇവര്‍ രണ്ടുദിവസം മുന്‍പേ വിമാനം കയറി. ഡല്‍ഹിയിലെത്തിയപ്പോള്‍ ഇവരുടെ വിമാനം റദ്ദാക്കിയതായി അറിഞ്ഞു. കനേഡിയന്‍ സര്‍ക്കാര്‍ അവരുടെ യാത്രക്കാരെ കൊണ്ടുപോകാനായി കഴിഞ്ഞ ദിവസമെത്തിച്ച വിമാനത്തില്‍ നിതായ മനസ്സില്ലാ മനസ്സോടെ കാനഡയിലേക്കു മടങ്ങി. ഫ്രാന്‍സിലേക്കുള്ള വിമാനവും കാത്ത് ഡല്‍ഹിയില്‍ കഴിയുകയാണ് ഇപ്പോള്‍ ജൂലിയും രണ്ട് നായക്കുട്ടികളും.


Next Story

Related Stories