TopTop
Begin typing your search above and press return to search.

കോങ്ങാട് കേസില്‍ നാല് ദിവസം പൊലീസ് എന്നെ കസ്റ്റഡിയില്‍ വച്ചു, ഹോര്‍മിസ് തരകനും സംഘവും ഞങ്ങളുടെ വീട് വളഞ്ഞിരുന്നു - 1968ല്‍ തലശ്ശേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച്‌ ചെയ്ത എ എസ് ശിവദാസ് ഓര്‍ക്കുന്നു

കോങ്ങാട് കേസില്‍ നാല് ദിവസം പൊലീസ് എന്നെ കസ്റ്റഡിയില്‍ വച്ചു, ഹോര്‍മിസ് തരകനും സംഘവും ഞങ്ങളുടെ വീട് വളഞ്ഞിരുന്നു - 1968ല്‍ തലശ്ശേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച്‌ ചെയ്ത എ എസ് ശിവദാസ് ഓര്‍ക്കുന്നു

പാലക്കാട് ജില്ലയില്‍ നക്സലുകളുടെ ഉന്മൂലന ആക്ഷന്‍ നടന്നത് 1970 ജൂലായ് 30ന് കോങ്ങാടാണ്. ക്രൂരതയുടേയും ചൂഷണത്തിന്റേയും പേരില്‍ കുപ്രസിദ്ധി നേടിയിരുന്ന ജന്മി നാരായണന്‍ കുട്ടി നായരുടെ തല വെട്ടി കുളപ്പടവില്‍ വച്ച നക്സലൈറ്റുകളുടെ പ്രവൃത്തി കേരളത്തില്‍ വലിയ വാര്‍ത്തയായി. ഇതിനോടകം തലശ്ശേരി, പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണങ്ങളും വയനാട്ടിലേയും മറ്റും ജന്മിമാരെ ഉന്മൂലനം ചെയ്യുന്നതുമടക്കമുള്ള നക്സലൈറ്റ് ആക്ഷനുകളും കേരളത്തില്‍ നടന്നിരുന്നു. വയനാട്ടിലെ തിരുനെല്ലിയില്‍ നക്സല്‍ നേതാവായിരുന്ന എ വര്‍ഗീസിനെ പൊലീസ് പിടികൂടി വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത് 1970 ഫെബ്രുവരി 18നാണ്. ഈ സംഭവത്തിന് പ്രതികാരമായാണ് കോങ്ങാട് നക്സലൈറ്റ് ആക്ഷന്‍ നടന്നത് എന്ന് വിലയിരുത്തപ്പെട്ടു. സി അച്യുത മേനോന്‍ മുഖ്യമന്ത്രിയും സി എച്ച്‌ മുഹമ്മദ് കോയ ആഭ്യന്തര മന്ത്രിയുമായിരുന്നു അക്കാലത്ത്. പിന്നീട് കേരള പൊലീസ് മേധാവിയും ഇന്ത്യന്‍ വിദേശ രഹസ്യാന്വേഷണ സംഘടനയായ റിസര്‍ച്ച്‌ ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (RAW) തലവനുമൊക്കെയായി പ്രവര്‍ത്തിച്ചിട്ടുള്ള ഹോര്‍മിസ് തരകന്‍ അക്കാലത്ത് കോങ്ങാട് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായിരുന്നു. എ എസ് പി (ട്രെയിനിംഗ് പിരീഡ്) ആയിരുന്നു അന്ന് ഹോര്‍മിസ് തരകന്‍. കോങ്ങാട് കേസിലെ പ്രതികളില്‍ ഭൂരിഭാഗം പേരും ഇന്ന് ജീവിച്ചിരിപ്പില്ല. കോങ്ങാട് തലവെട്ട് കേസുമായി ബന്ധപ്പെട്ട് നാല് ദിവസം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞയാളാണ് പാലക്കാട് പറളി തേനൂര്‍ സ്വദേശി എ എസ് ശിവദാസ്. 1967 മുതല്‍ 69 വരെ നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെടുകയും 1968ല്‍ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിനായി പാലക്കാട് നിന്ന് പോയ സംഘത്തിലുണ്ടാവുകയും ചെയ്തയാളാണ് ശിവദാസ്. സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായിരുന്ന കെ എസ് എഫിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരിക്കെയാണ് എ എസ് ശിവദാസ് നക്സല്‍ പ്രസ്ഥാനവുമായി അടുത്ത് സിപിഎം വിടുന്നത്. എന്നാല്‍ നക്സലുകള്‍ പാര്‍ട്ടി (സിപിഐഎംഎല്‍) രൂപീകരിച്ച 1969ല്‍ തന്നെ ശിവദാസ് നക്സലിസം വിട്ട് സിപിഎമ്മില്‍ തിരിച്ചെത്തി. പിന്നീട് 1983ല്‍ സിപിമ്മുമായി തെറ്റി സിപിഐയില്‍. നിലവില്‍ സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് അംഗവും കിസാന്‍ സഭ ദേശീയ കൗണ്‍സില്‍ അംഗവുമാണ്, പറളി പഞ്ചായത്ത് മുന്‍ മെംബര്‍ ആയ ശിവദാസ്. കോങ്ങാട് സംഭവവും നക്സല്‍ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച ഓര്‍മ്മകള്‍ അഴിമുഖവുമായി പങ്കുവയ്ക്കുകയാണ് കോങ്ങാട് നക്സലൈറ്റ് ആക്ഷന്റെ 50ാം വാര്‍ഷികത്തില്‍ എ എസ് ശിവദാസ്. (ആദ്യ ഭാഗങ്ങള്‍ വായിക്കാം)

കോങ്ങാട്ട് നക്സലൈറ്റ് ആക്ഷന്‍ നടക്കുമ്ബോളേക്കും ഞാന്‍ നക്സല്‍ പ്രസ്ഥാനം വിട്ടിരുന്നു. 1969ല്‍ തന്നെ നക്സലുകളുമായി അകന്നു. പിന്നെ സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ 1970 ജൂലായ് 30ന് കോങ്ങാട് ജന്മിയായിരുന്ന നാരായണന്‍ കുട്ടി നായരെ നക്സലുകള്‍ കൊലപ്പെടുത്തിയപ്പോള്‍ എന്നെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഞാന്‍ ആ സമയത്ത് വിക്ടോറിയ കോളേജില്‍ അവസാന വര്‍ഷ ബിഎ മലയാളം വിദ്യാര്‍ത്ഥിയായിരുന്നു. അച്ഛനുമായി പരിചയമുള്ള ഒരു എസ് ഐ ആണ് എന്നെ കൊണ്ടുപോയത്. പിന്നീട് തൃശ്ശൂര്‍ എസ് പി ആയി റിട്ടയര്‍ ചെയ്ത ചാലിശ്ശേരിക്കാരന്‍ വിജയന്‍ (പിന്നീട് ഐ പി എസ് കിട്ടിയിരുന്നു) എന്നയാളായിരുന്നു അന്ന് എസ് ഐ. മര്‍ദ്ദനമൊന്നുമുണ്ടായില്ല. നാല് ദിവസം പാലക്കാട് മുട്ടിക്കുളങ്ങര എം എസ് പി ക്യാമ്ബില്‍ ചോദ്യം ചെയ്തു.

ഡി വൈ എസ് പി ആയിരുന്ന മുരളീകൃഷ്ണ ദാസ് ആണ് ചോദ്യം ചെയ്തത്. അദ്ദേഹത്തിന് നക്സല്‍ പ്രസ്ഥാനത്തെക്കുറിച്ചും മാര്‍ക്സിസത്തെക്കുറിച്ചും മാവോയിസത്തെക്കുറിച്ചും സായുധവിപ്ലവത്തെക്കുറിച്ചുമൊക്കെ നല്ല ധാരണയുണ്ടായിരുന്നു. എനിക്ക് കോങ്ങാട് ആക്ഷനുമായി ബന്ധമില്ല എന്ന് എസ് ഐ വിജയനും മുരളീകൃഷ്ണദാസിനും മനസ്സിലായിരുന്നു. അന്ന് ഹോര്‍മിസ് തരകനോടും മറ്റും മുരളീകൃഷ്ണ ദാസ് ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ എന്നെ കസ്റ്റഡിയില്‍ നിന്ന് വിട്ട ശേഷവും ഞങ്ങള്‍ താമസിച്ചിരുന്ന വീട് ഹോര്‍മിസ് തരകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വളഞ്ഞിരുന്നു. അന്ന് അവിടെ ആരുമുണ്ടായിരുന്നില്ല. അവര്‍ തിരിച്ചുപോവുകയും ചെയ്തു. ആരെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്ന് നോക്കാനാണ് അവര്‍ വന്നത്. ചോദ്യം ചെയ്യലിന്റെ പല ഘട്ടത്തിലും എസ് ഐമാരേയും ഹോര്‍മിസ് തരകനേയും പലപ്പോഴും മുരളീകൃഷ്ണ ദാസ് തിരുത്തിയിരുന്നു. ഹോര്‍മിസ് തരകന്‍ ഞാനുമായി സംസാരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം എന്നെ ചോദ്യം ചെയ്തിരുന്നില്ല. അദ്ദേഹം അക്കാലത്ത് ഐപിഎസ്സില്‍ വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ.

1967ല്‍ പാലക്കാട് നടന്ന കെഎസ്‌എഫിന്റെ സംസ്ഥാന സമ്മേളനത്തിന്റെ സമയത്താണ് തീവ്ര ഇടതുചിന്താഗതിക്കാരായിരുന്ന ഞങ്ങള്‍ സിപിഎമ്മുമായി വഴിപിരിഞ്ഞു തുടങ്ങിയത്. ഞാനന്ന് കെ എസ് എഫ് പാലക്കാട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. പ്രസിഡന്റാകണമെന്ന് പിണറായി വിജയനോട് ഫിലിപ്പ് എം പ്രസാദും മറ്റും ആവശ്യപ്പെട്ടു. എന്നാല്‍ പിണറായി അതിന് തയ്യാറായില്ല. ഫിലിപ്പ് എം പ്രസാദ് പ്രസിഡന്റും പിണറായി വിജയന്‍ സെക്രട്ടറിയുമെന്ന് വൈകീട്ട് അഴീക്കോടന്‍ രാഘവന്‍ പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ പിണറായി അത് അംഗീകരിച്ചു. എന്നാല്‍ സമ്മേളനം തിരഞ്ഞെടുത്തത് നക്സല്‍ അനുഭാവികളായിരുന്ന, വിക്ടോറിയ കോളേജിലെ കെ വേണുഗാപോലിനേയും ഫിലിപ്പ് എം പ്രസാദിനേയും. വേണുഗോപാല്‍ പ്രസിഡന്റും ഫിലിപ്പ് എം പ്രസാദ് സെക്രട്ടറിയുമായി. അന്ന് കുഞ്ഞിരാമന്‍ മാസ്റ്ററാണ് സിപിഎം ജില്ലാ സെക്രട്ടറി. ആ സമയത്ത് മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് മലമ്ബുഴയില്‍ വന്നപ്പോള്‍ ഞങ്ങള്‍ കാണാന്‍ പോയിരുന്നു. "ഇവര് ഇങ്ങനെ ചില പണിയൊക്കെ ഒപ്പിച്ചിട്ടുണ്ട്" എന്ന് കുഞ്ഞിരാമന്‍ മാസ്റ്റര്‍ ഇ എം എസ്സിനോട് പറഞ്ഞു. "അതൊക്കെ വേറെ കാര്യം, ഇവര്‍ ഇപ്പൊ മുഖ്യമന്ത്രിയെ കാണാന്‍ വന്നതാണ്" എന്നാണ് ഇ എം എസ് അന്ന് പറഞ്ഞത്. മൂന്ന് മാസം കഴിഞ്ഞ് കൊല്ലത്ത് കെ എസ് എഫിന്റെ പ്രത്യേക സമ്മേളനം ചേരുകയും വൈക്കം വിശ്വനെ പ്രസിഡന്റായും പിണറായി വിജയനെ സെക്രട്ടറിയായും തിരഞ്ഞെടുക്കുകയും ചെയ്തു. ഇതോടെയാണ് സിപിഎമ്മുമായുള്ള ഞങ്ങളുടെ അകല്‍ച്ചയുടെ തുടക്കം.

പിണറായിയ്ക്ക് ഇടക്കാലത്ത് ചെറിയ തീവ്ര ഇടത് അനുഭാവമൊക്കെ ഉണ്ടായിരുന്നതായും എം വി രാഘവനൊക്കെ ഇടപെട്ട് പിന്തിരിപ്പിച്ചതായുമൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ പാലക്കാട് കെഎസ്‌എഫ് സമ്മേളനത്തിന്റെ സമയത്തെ പിണറായിയുടെ നിലപാട് വച്ചുനോക്കുമ്ബോള്‍ അത്ര വലിയ തോതിലുള്ള നക്സല്‍ അനുഭാവം പിണറായിയ്ക്കുണ്ടായിരുന്നതായി എനിക്ക് തോന്നിയിട്ടില്ല. അക്കാലത്ത് കണ്ണൂര്‍ ജില്ലയില്‍ നിരവധി പേര്‍ നക്സല്‍ പ്രസ്ഥാനത്തിലേയ്ക്ക് പോയിരുന്നു. തലശ്ശേരി ഭാഗത്ത് നിന്ന് നക്സല്‍ പ്രസ്ഥാനത്തിലേയ്ക്ക് പോയ സിപിഎമ്മുകാരിലൊരാള്‍ കെ ബാലകൃഷ്ണന്‍ ആണ്. ബാലകൃഷ്ണന്‍ കിസാന്‍ സഭ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. കെ സി നന്ദനന്‍, അരയാക്കണ്ടി അച്യുതന്‍ തുടങ്ങിയവരൊക്കെ നക്സല്‍ പ്രസ്ഥാനത്തില്‍ ആകൃഷ്ടരായിരുന്നു. കെ ബാലകൃഷ്ണന്‍ ഈയടുത്താണ് മരിച്ചത്.

ശിവദാസ മേനോന്‍ അടക്കമുള്ള നേതാക്കള്‍ ഞങ്ങളുമായി സംസാരിച്ചിരുന്നു. ഞങ്ങള്‍ തലശ്ശേരിക്ക് പോകുന്നതിന് മുന്‍പ് കെ എസ് എഫ് സമ്മേളനവുമായി ബന്ധപ്പെട്ട് ശിവദാസ മേനോന്‍ ഞങ്ങളുമായി സംസാരിച്ചിരുന്നു. വിക്ടോറിയ കോളേജിനടുത്ത് നന്ദകുമാര്‍ ലോഡ്ജില്‍ വച്ചാണ് സംസാരിച്ചത്. "നിങ്ങള്‍ റിവിഷനിസ്റ്റ് ആണ്, നിങ്ങള്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വരണ്ട" എന്നൊക്കെ ഞങ്ങള്‍ ശിവദാസ മേനോനോട് പറഞ്ഞു. അന്ന് പാലക്കാട് ജില്ലയില്‍ വിദ്യാര്‍ത്ഥി സംഘടനയുടെ ചുമതല ശിവദാസ മേനോനായിരുന്നു. പാലക്കാട് മുന്‍ എംപി പി കുഞ്ഞന്റെ വീട്ടില്‍ വച്ച്‌ അക്കാലത്ത് ഞാനും വൈക്കം വിശ്വനുമായി വലിയ തര്‍ക്കമൊക്കെ ഉണ്ടായി. 1964ല്‍ പാര്‍ട്ടി പിളരാനിടയായ സാഹചര്യങ്ങളെക്കുറിച്ചൊക്കെ സംസാരിച്ചാണ് തര്‍ക്കിച്ചത്. 1967 കാലത്ത് ഞാനടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നക്സല്‍ അനുഭാവം തുടങ്ങിയ സമയം മുതല്‍ പിന്തിരിപ്പിക്കാന്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ ശ്രമിച്ചിരുന്നു. 1967-69 കാലത്ത് ഇമ്ബിച്ചിബാവ ഗതാഗത മന്ത്രിയായിരുന്നല്ലോ. അക്കാലത്ത് കെഎസ്‌ആര്‍ടിസിയില്‍ ക്ലര്‍ക്ക് ജോലി വരെ എനിക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അന്ന് തലയ്ക്കകത്ത് തീവ്ര വിപ്ലവ ചിന്തകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. "നിങ്ങളൊക്കെ കൈക്കൂലിയുടെ ആളുകളാണ്, എനിക്കത് വേണ്ട" എന്നൊക്കെയാണ് ഞാനന്ന് പറഞ്ഞത്.

പാലക്കാട് കോട്ട മൈതാനത്ത് ഞങ്ങള്‍ പ്രത്യേക സമ്മേളനമൊക്കെ നടത്തി. ഇഎംഎസ് സര്‍ക്കാരും കോണ്‍ഗ്രസ് സര്‍ക്കാരും ബ്രിട്ടീഷ് സര്‍ക്കാരുമൊക്കെ ഒരുപോലെയാണെന്ന് ഞങ്ങള്‍ വാദിച്ചു. അക്കാലത്ത് പാലക്കാടിന് പുറത്ത് ഫിലിപ്പ് എം പ്രസാദുമായി മാത്രമേ ഞങ്ങള്‍ക്ക് ബന്ധമുണ്ടായിരുന്നുള്ളൂ. കുന്നിക്കല്‍ നാരായണനൊക്കെ ആ സമയത്ത് പാലക്കാട് ഒരു തവണ വന്നിട്ടുണ്ടെന്ന് തോന്നുന്നു. ചാരു മജുംദാര്‍ എഡിറ്ററായിരുന്ന 'ലിബറേഷന്‍' ഒക്കെ ഞങ്ങള്‍ വരുത്തി വായിച്ചിരുന്നു. പിന്നെ കുന്നിക്കല്‍ നാരായണന്‍ ഇറക്കിയിരുന്ന പ്രസിദ്ധീകരണങ്ങള്‍. ഫിലിപ്പ് എം പ്രസാദൊക്കെ അക്കാലത്ത് ബംഗാളില്‍ പോയി ചാരു മജുംദാറിനെ കണ്ടിട്ടുണ്ട്.

തലശ്ശേരിയിലേയ്ക്ക് പോകുന്ന പാലക്കാട് നിന്നുള്ള സംഘത്തിന്റെ നേതാവ് ഞാനായിരുന്നു. മുണ്ടൂര്‍ രാവുണ്ണി ഡെപ്യൂട്ടി ലീഡറും. എന്നാല്‍ എവിടേയ്ക്കാണ് പോകുന്നതെന്നൊന്നും ആദ്യം ധാരണയുണ്ടായിരുന്നില്ല - എ എസ് ശിവദാസ് തുറന്നുപറഞ്ഞു. രാവുണ്ണിയും ഞാനുമടക്കം പാലക്കാട് നിന്ന് പതിനെട്ടോളം പേരുണ്ടായിരുന്നു. ട്രെയിനിലാണ് പോയത്. തലശ്ശേരിക്ക് പോകണമെന്ന നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ പോയതാണ്. രാവുണ്ണി എന്നോട് ചോദിച്ചു "എവിടേയ്ക്കാ ശിവദാസാ", ഞാന്‍ പറഞ്ഞു "എനിക്കുമറിയില്ല" എന്ന്. പദ്ധതിയുടെ രഹസ്യസ്വഭാവം കാരണമായിരിക്കണം ഇങ്ങനെ വിവരങ്ങളൊന്നും പറയാതിരുന്നത്. ഏതായാലും ഞങ്ങള്‍ പൊലീസ് സ്റ്റേഷന്റെ അടുത്തെത്തിയപ്പോളേക്കും ആക്ഷനൊക്കെ കഴിഞ്ഞിരുന്നു. പൊലീസ് സ്റ്റേഷന്റെ മുമ്ബിലൊന്നും ഞങ്ങളെത്തിയില്ല. ആളുകളിങ്ങനെ ഓടി വരുന്നുണ്ടായിരുന്നു. അതിന്റെ ബഹളമാണ് കണ്ടത്. അവിടെ കുറേ ആളുകളുണ്ടായിരുന്നു. അതിങ്ങനെ ജാഥയായി പോവുകയാണ് ചെയ്തത്. തിരിച്ചുവരാനുള്ള പൈസയൊന്നും കയ്യിലുണ്ടായിരുന്നില്ല. ആരുടെയൊക്കെയോ സഹായം കൊണ്ട് തിരിച്ചെത്തി.

എന്നാല്‍ ഞാനടക്കമുള്ള വിദ്യാര്‍ത്ഥികളെ അന്ന് പ്രതി ചേര്‍ത്തില്ല. വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ക്കേണ്ട എന്ന സമീപനമാണ് അന്നത്തെ ഇഎംഎസ് സര്‍ക്കാരിനുണ്ടായിരുന്നത്. എന്നാല്‍ തലശ്ശേരിയില്‍ പോയി വന്ന ശേഷം ഞാന്‍ ഒളിവില്‍ പോയിരുന്നു. ഈ സമയത്ത് വെള്ളത്തൂവല്‍ സ്റ്റീഫനെ അറിയാമായിരുന്നു. തലശ്ശേരിയിലും പുല്‍പ്പള്ളിയിലും ഏതാണ്ട് ഒരേ സമയമാണ് പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുന്നത്. വര്‍ഗീസും അജിതയുമൊക്കെ പുല്‍പ്പള്ളിയിലാണ് അന്ന്. അതൊക്കെ ഞങ്ങളറിയുന്നത് പിന്നീടാണ്. ഏതായാലും തലശ്ശേരിയില്‍ പോയി വന്നപ്പോളേക്ക് തന്നെ എനിക്ക് നക്സലിസം മടുത്ത് തുടങ്ങിയിരുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ല എന്ന് തോന്നി. കോങ്ങാട് സംഭവമൊക്കെ ആയപ്പോളേക്ക് ഫിലിപ്പ് എം പ്രസാദ് ഒക്കെ ജയിലിലായി. തലശ്ശേരി, പുല്‍പ്പള്ളി ആക്ഷനുകളൊക്കെ കഴിഞ്ഞപ്പോളേക്ക് തന്നെ നക്സല്‍ പ്രസ്ഥാനത്തില്‍ അഭിപ്രായഭിന്നത രൂക്ഷമായിരുന്നു.

1968ല്‍ കൊച്ചിയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തിന് (സിപിഎമ്മിന്റെ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് 1968ല്‍ കൊച്ചിയിലാണ് നടന്നത്) (പാര്‍ട്ടി കോണ്‍ഗ്രസ് ആണോ പ്രത്യേക സമ്മേളനമാണോ സംസ്ഥാന പ്ലീനമാണോ എന്ന് ശിവദാസ് കൃത്യമായി ഓര്‍ക്കുന്നില്ല) പാലക്കാട് നിന്ന് ഒരു സംഘം ബസ്സില്‍ കൊച്ചിയിലേയ്ക്ക് തിരിച്ചത് "സായുധ വിപ്ലവം സിന്ദാബാദ്, ചൈനീസ് മാര്‍ഗം - നമ്മുടെ മാര്‍ഗം" എന്നൊക്കെ മുദ്രാവാക്യം വിളിച്ചായിരുന്നു. ഇത്തരത്തില്‍ മുദ്രാവാക്യം വിളിച്ചവരെ പാര്‍ട്ടിക്കാര്‍ തന്നെ ബസ് നിര്‍ത്തി വഴിയിലിറക്കി വിട്ടു. എറണാകുളത്ത് വച്ച്‌ ഇ എം എസ് വ്യക്തമായി പ്രഖ്യാപിച്ചു - "സിപിഎമ്മിന്റെ മാര്‍ഗം ചൈനീസ് മാര്‍ഗമല്ല, പാര്‍ട്ടി സായുധ വിപ്ലവം ലക്ഷ്യമിടുന്നുമില്ല" എന്ന്. അതോട് കൂടി പൊട്ടിത്തെറിയുണ്ടായി. നക്സല്‍ അനുകൂലികളുടെ വഴിപിരിയല്‍ പൂര്‍ണമാവുകയും ചെയ്തു. പാലക്കാട് ഒരു വാച്ച്‌ മേക്കര്‍ രാമേട്ടന്‍ ഉണ്ടായിരുന്നു. ഞങ്ങളെയൊക്കെ സഹായിച്ച ആളാണ്. സായുധ വിപ്ലവ ലൈനിനെ അനുകൂലിച്ചിരുന്ന രാമേട്ടനെയൊക്കെ അന്ന് ബസ്സില്‍ നിന്ന് ഇറക്കിവിട്ടിരുന്നു.

പഴയ നക്സല്‍ സംഘത്തിലെ ആരുമായും ഇന്ന് തനിക്ക് ബന്ധമില്ല എന്ന് ശിവദാസ് പറയുന്നു. കോങ്ങാട് കേസിലെ പ്രതികളില്‍ രാവുണ്ണിയും ഭാസ്കരനുമൊഴികെയുള്ളവര്‍ ജീവിച്ചിരിപ്പില്ല എന്നാണ് ശിവദാസ് കരുതുന്നത്. മുണ്ടൂര്‍ ഭാഗത്ത് കുമാരന്‍ എന്നൊരാളൊക്കെ ഉണ്ടായിരുന്നു. ഭാസ്കരന്‍ പിന്നീട് കോണ്‍ട്രാക്ടറായൊക്കെ പ്രവര്‍ത്തിച്ചിരുന്നതായി കേട്ടിരുന്നു. പാലക്കാട് റെല്‍വേ കോളനി ഭാഗത്താണ് ഭാസ്കരന്‍ താമസിച്ചിരുന്നത് എന്നാണ് കേട്ടിട്ടുള്ളത്. അതേസമയം ഭാസ്കരനൊപ്പം ജയില്‍ ചാടി പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ട മുരളിയെക്കുറിച്ച്‌ തനിക്ക് അറിയില്ല എന്നും ശിവദാസ് പറഞ്ഞു. 1971ല്‍ മുണ്ടൂര്‍ രാവുണ്ണിയും ഭാസ്കരനും മുരളിയും അടക്കമുള്ളവര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയിരുന്നു. ഭാസ്കരനെ പാലക്കാട് ജില്ലയിലെ വാണിയംകുളത്ത് നിന്നും മുരളിയെ തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂരില്‍ നിന്നും പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത് 1971 ജൂണിലാണ്.

പൂച്ചിറ ഹംസ എന്ന് പറയുന്ന പ്രതിയെ അറസ്റ്റ് ചെയ്തപ്പോളാണ് എനിക്ക് കേസുമായി ബന്ധമില്ല എന്ന് പൊലീസിന് ബോധ്യമായത് എന്ന് ശിവദാസ് പറയുന്നു. ഹംസയെക്കുറിച്ച്‌ ഞാനന്നാണ് ആദ്യമായി കേട്ടത്. പുതുപ്പരിയാരം ഭാഗത്താണ് ഹംസ താമസിച്ചിരുന്നത് എന്ന് കേട്ടിട്ടുണ്ട്. കിട്ടിയവരെ പിടിക്കുക എന്ന നിലയ്ക്കാണ് എന്നെ കസ്റ്റഡിയിലെടുത്തത്. വാസ്തവത്തില്‍ കൊല്ലപ്പെട്ട നാരായണന്‍ കുട്ടി നായരേക്കാള്‍ അക്കാലത്ത് നാട്ടില്‍ അറിയപ്പെട്ടിരുന്നത് അദ്ദേത്തിന്റെ ജ്യേഷ്ഠനായിരുന്ന ചിന്നക്കുട്ടന്‍ നായരായിരുന്നു. ഐ ജി വിഎന്‍ രാജന്റെ ഭാര്യാപിതാവ്. നാരായണന്‍ കുട്ടി നായരെക്കുറിച്ച്‌ ഞാന്‍ കേട്ടത് അയാള്‍ കൊല്ലപ്പെട്ട ശേഷമാണ്. കോങ്ങാട് കേസിലെ പ്രതി മാണിക്യം നായര്‍ ഈയടുത്ത് മരിച്ചപ്പോള്‍, തലശ്ശേരി, പുല്‍പ്പള്ളി ആക്ഷനുകളിലൊക്കെ പങ്കെടുത്തയാള്‍ എന്നൊക്കെ പറഞ്ഞിരുന്നു. ഇത് വാസ്തവമല്ല. മാണിക്യം നായര്‍ അന്ന് അങ്ങോട്ടൊന്നും പോയിട്ടില്ല.

ഞാന്‍ പറളി പഞ്ചായത്ത് അംഗമായിരുന്നു. അന്ന് ഒരു സിനിമാ തീയറ്ററിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട പ്രശ്നം ഞാനടക്കമുള്ളവര്‍ ഉന്നയിച്ചിരുന്നു. കള്ള സീലും മറ്റും ഉപയോഗിച്ച്‌ നടത്തുകയായിരുന്നു അവര്‍. എന്നാല്‍ സിപിഎം നേതാക്കള്‍ ഇത് അംഗീകരിച്ചില്ല. ഈ പ്രശ്നവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തിലാണ് 1983ല്‍ സിപിഎമ്മുമായി അകന്നതും സിപിഐയില്‍ ചേര്‍ന്നതും. പാലക്കാട് ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത സഖാവ് അയ്യപ്പേട്ടനും അന്ന് പറളി പഞ്ചായത്ത് അംഗമാണ്. അദ്ദേഹവും അന്ന് ഞങ്ങള്‍ക്കൊപ്പം നിന്നിരുന്നു. അന്ന് സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന വി ചാമുണ്ണിയാണ് എന്നോട് സിപിഐയിലേയ്ക്ക് വരാന്‍ പറഞ്ഞത്. പിന്നീട് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റേയും സിപിഎമ്മിന്റേയും സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചാണ് ഞാന്‍ മെംബറായത്. അന്ന് പിടിച്ചെടുത്ത ആ വാര്‍ഡ് ഇപ്പോളും സിപിഐയുടെ കയ്യിലാണ്. ഞാന്‍ പിന്നീട് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി - ശിവദാസ് പറഞ്ഞു.


Next Story

Related Stories