Top

"കൈയ്യില്‍കിട്ടുന്നവരെ വെടിവച്ച് കൊല്ലുന്നത് ജനാധിപത്യവിരുദ്ധം, അഭ്യന്തര വകുപ്പ് അന്വേഷിക്കണം" - സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണന്‍

"കൈയ്യില്‍കിട്ടുന്നവരെ വെടിവച്ച് കൊല്ലുന്നത് ജനാധിപത്യവിരുദ്ധം, അഭ്യന്തര വകുപ്പ് അന്വേഷിക്കണം" - സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണന്‍

"അവിശ്വസനീയമാണ് ഇപ്പോഴത്തെ മാവോയിസ്റ്റ് ഏറ്റുമുട്ടലുകള്‍. കൈയ്യില്‍കിട്ടുന്നവരെ വെടിവച്ച് കൊല്ലുന്നത് ജനാധിപത്യവിരുദ്ധമാണ്. കേരളത്തിലെ ഇടത് സര്‍ക്കാരിന് അങ്ങനെ ഒരു നിലപാടില്ല. പാര്‍ട്ടിക്കും. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളായ നാലുപേരെ തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ച് കൊന്നതില്‍ ഉന്നതതല അന്വേഷണം ഉണ്ടാവണം. തണ്ടര്‍ബോള്‍ട്ടിന്റെ പ്രവര്‍ത്തനം കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ലെങ്കിലും കേരളത്തില്‍ തുടര്‍ച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ ആഭ്യന്തരവകുപ്പിന്റെ ഇടപെടലുകളുണ്ടാവണം.."

ആദ്യകാല നക്സലൈറ്റ് നേതാവും സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവും കേളുവേട്ടന്‍ പഠനകേന്ദ്രം ഡയറക്ടറുമായ കെ.ടി.കുഞ്ഞിക്കണ്ണന്‍ അഴിമുഖത്തോട് പറഞ്ഞു.

"അങ്ങനെയങ്ങ് കുഴിവെട്ടി മൂടാമെന്ന് ആരും കരുതേണ്ട": മാവോയിസ്റ്റുകളെ കൊന്ന സംഭവത്തിൽ പ്രതികരിച്ച് ഗ്രോ വാസു

"ഒരുപാട് ഏറ്റുമുട്ടലുകള്‍ക്ക് നമ്മള്‍ കഴിഞ്ഞകാലങ്ങളില്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ഇരുഭാഗത്തും പരിക്കുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷെ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ മാവോയിസ്റ്റുകള്‍ മാത്രം കൊല്ലപ്പെടുന്നു. അതില്‍ അസ്വാഭാവികതയുണ്ട്. തണ്ടര്‍ബോള്‍ട്ടിന് പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പുറത്ത് വരണം. അതിന് ഉന്നതതല അന്വേഷണം ആവശ്യമാണ്. കേരളത്തിലെ സിപിഎമ്മിന്റെ നിലപാടും ഇതുതന്നെയാണ്.

ആര്‍ക്കും ഏത് ആശയവും പ്രചരിപ്പിക്കാം. മാവോയുടെ ദര്‍ശനങ്ങളും പുസ്തകങ്ങളുമൊന്നും ഇവിടെ നിരോധിച്ചിട്ടില്ല. പക്ഷെ അതിന്റെ പേരില്‍ രാജ്യത്ത് വലിയതോതില്‍ അക്രമങ്ങളുണ്ടായപ്പോഴാണ് തണ്ടര്‍ബോള്‍ട്ടുപോലുള്ള സംഘങ്ങള്‍ രൂപീകരിക്കാന്‍ നിര്‍ബന്ധമായത്. കേരളത്തില്‍ ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കിലും കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറത്ത് പലതും നടക്കുന്നുണ്ട്. അവര്‍ കേരളത്തെ സുരക്ഷിതതാവളമായി കാണുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

അതിന്റെ അടിസ്ഥാനത്തില്‍ കേരളവും കര്‍ണ്ണാടകവും തമിഴ്നാടും കേന്ദ്രീകരിച്ചാണ് തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ പ്രവര്‍ത്തനം. പക്ഷെ ഇവരുടെ കൈകളിലാവുന്നവരെല്ലാം കൊല്ലപ്പെടുന്നിടത്താണ് പ്രശ്നങ്ങള്‍. എന്തുകൊണ്ടാണിവര്‍ക്ക് ഒരാളേയും ജീവനോടെ പിടികൂടാനാവാത്തത്. പിടികൂടുന്നവരെയെല്ലാം കൊല്ലാന്‍ ആരെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ അതും പുറത്ത് വരണം.

കേരളത്തില്‍ പ്രത്യക്ഷപ്പെടുന്ന മാവോയിസ്റ്റ് പോസ്റ്ററുകള്‍ക്കെല്ലാം പിറകില്‍ അവരാണെന്ന് ആരും കരുതുന്നില്ല. ചില ഇസ്ലാമിക് ഗ്രൂപ്പുകള്‍ ഇത് മുതലെടുക്കുകയാണ്. അവരാണ് പോസ്റ്ററുകള്‍ക്ക് പിറകിലെന്ന് ഇവിടെല്ലാവര്‍ക്കും അറിയാം. അവരുടെ വലയില്‍ ഇവിടുത്തെ ചില മനുഷ്യാവകാശപ്രവര്‍ത്തകരും വീഴുന്നുണ്ട്." ഇത് തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും കെ.ടി.കുഞ്ഞികണ്ണന്‍ പറഞ്ഞു.


കെ. പി സജീവന്‍

കെ. പി സജീവന്‍

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories