TopTop
Begin typing your search above and press return to search.

"തല വേണോ ഭൂമി വേണോ എന്ന് തീരുമാനിക്കേണ്ടി വന്നു"; എന്തുകൊണ്ട് 1970കളില്‍ മറ്റൊരു വിമോചന സമരം പൊട്ടിപ്പുറപ്പെട്ടില്ല?-'കോങ്ങാടിന്റെ അര നൂറ്റാണ്ട്' പരമ്പരയില്‍ ഗ്രോ വാസു സംസാരിക്കുന്നു

തല വേണോ ഭൂമി വേണോ എന്ന് തീരുമാനിക്കേണ്ടി വന്നു; എന്തുകൊണ്ട് 1970കളില്‍ മറ്റൊരു വിമോചന സമരം പൊട്ടിപ്പുറപ്പെട്ടില്ല?-കോങ്ങാടിന്റെ അര നൂറ്റാണ്ട് പരമ്പരയില്‍ ഗ്രോ വാസു സംസാരിക്കുന്നു
കോങ്ങാടിന് മുമ്പ് തന്നെ നക്‌സല്‍ ബാരിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കുന്നിക്കല്‍ നാരായണന്റെയും കെ പി നാരായണന്റെയും നേതൃത്വത്തില്‍ നക്‌സലെറ്റ് പ്രസ്ഥാനം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. അതിന്റെ ഫലമായിരുന്നു വയനാട്ടിലെ പുല്‍പ്പള്ളി ആക്ഷനും തിരുനെല്ലി-തൃശ്ശിലേരി ആക്ഷനും. ഒരു ജന്മിയെ വെടിവച്ച് കൊല്ലുകയായിരുന്നു ഈ ആക്ഷനില്‍. 1970 ഫെബ്രുവരി 9നാണ് എ വര്‍ഗ്ഗീസിന്റെയും ഗ്രോ വാസു എന്ന് അറ...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >

കോങ്ങാടിന് മുമ്പ് തന്നെ നക്‌സല്‍ ബാരിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കുന്നിക്കല്‍ നാരായണന്റെയും കെ പി നാരായണന്റെയും നേതൃത്വത്തില്‍ നക്‌സലെറ്റ് പ്രസ്ഥാനം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. അതിന്റെ ഫലമായിരുന്നു വയനാട്ടിലെ പുല്‍പ്പള്ളി ആക്ഷനും തിരുനെല്ലി-തൃശ്ശിലേരി ആക്ഷനും. ഒരു ജന്മിയെ വെടിവച്ച് കൊല്ലുകയായിരുന്നു ഈ ആക്ഷനില്‍. 1970 ഫെബ്രുവരി 9നാണ് എ വര്‍ഗ്ഗീസിന്റെയും ഗ്രോ വാസു എന്ന് അറിയപ്പെടുന്ന കോഴിക്കോട് സ്വദേശി എ വാസുവിന്റെയും നേതൃത്വത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘം തൃശ്ശിലേരിയിലെ ജന്മി കര്‍ഷകനായ വസുദേവ അഡിഗയെയും തിരുനെല്ലിയിലെ ചെറുകിട കച്ചവടക്കാരനായ ചെക്കുവിനെയും വെടിവച്ച് കൊന്നത്. അതില്‍ പങ്കെടുത്ത് ജയിലില്‍ പോയ ഗ്രോ വാസു പറയുന്നത് അതേവര്‍ഷം ജൂലൈ 30ന് നടന്ന കോങ്ങാട് സംഭവം കൂടിയായപ്പോള്‍ ജന്മികള്‍ക്കിടയില്‍ ഭയം വളര്‍ന്നു എന്നതാണ് ആ ആക്ഷന്റെ പ്രാധാന്യം എന്നാണ്. 1974ല്‍ വികലമായ രീതിയിലെങ്കിലും ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയപ്പോള്‍ ഇവിടെ മറ്റൊരു വിമോചന സമരം നടക്കാതിരുന്നത് ആ ഭയം കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തല വേണോ ഏക്കറ് കണക്കിന് ഭൂമി വേണോയെന്ന ചോദ്യത്തിന് തലയും പിന്നെ കുറച്ച് ഭൂമിയും എന്ന ഉത്തരത്തിലേക്ക് അവര്‍ ഒതുങ്ങിയത് അങ്ങനെയാണെന്നും അദ്ദേഹം അഴിമുഖം പ്രതിനിധിയുമായി നടത്തിയ സംഭാഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗ്രോ വാസുവുമായി നടത്തിയ സംഭാഷണത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍. (ആക്ഷന് നേതൃത്വം കൊടുത്ത മുണ്ടൂര്‍ രാവുണ്ണിയുമായുള്ള അഭിമുഖവും, അന്വേഷണ ഉദ്യോഗസ്ഥന്‍ ഹോര്‍മീസ് തരകന്‍ ഐ പി എസിന്റെ അനുഭവക്കുറിപ്പും ഇവിടെ വായിക്കാം)

തിരുനെല്ലി-തൃശ്ശിലേരി ആക്ഷനും കോങ്ങാട് ആക്ഷനും ഒരുമിച്ച് തീരുമാനമെടുത്തവയാണ്. എന്നാല്‍ ഞാന്‍ തൃശ്ശിലേരി ആക്ഷനില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുമ്പോഴാണ് കോങ്ങാട് ആക്ഷന്‍ നടന്നത്. അതിന്റെ വിശദാംശങ്ങള്‍ എനിക്ക് നേരിട്ട് അറിവുള്ളതല്ല. രാവുണ്ണിയും മറ്റ് സഖാക്കളും അന്ന് ജയിലില്‍ വന്ന് കണ്ടപ്പോള്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എനിക്ക് അറിയാവുന്നത്. എന്നാല്‍ കോങ്ങാട് സംഭവത്തോടെ സാമൂഹികമായ ഒരുപാട് മാറ്റങ്ങളാണ് കേരളത്തിലുണ്ടായത്. 1957-58ല്‍ അന്നത്തെ ഭരണകൂടം കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലും കാര്‍ഷിക പരിഷ്‌കരണ ബില്ലുമാണ് വിമോചന സമരത്തിന് കാരണം. ആ വിമോചന സമരത്തിലൂടെ ഇവിടുത്തെ ജന്മികളുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ മറിച്ചിടുകയും ചെയ്തു. ഈ രാജ്യത്തെ ജന്മിത്വത്തിന്റെ അങ്ങേയറ്റത്തെ ശക്തിയാണ് അതിലൂടെ പ്രകടിപ്പിക്കപ്പെട്ടത്. ആ ജന്മിത്വവും യാഥാസ്ഥിതികത്വവും കൊടികുത്തി വാഴുന്ന സമയത്ത് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റിലൂടെ അധികാരത്തിലേറി ഇതെല്ലാം കൊണ്ടുവന്നത്. എന്നാല്‍ ജന്മിത്വ ശക്തിയെ മറികടക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിച്ചില്ല. പിന്നീട് 1970-73 കാലഘട്ടങ്ങളിലായാണ് അപരിഷ്‌കൃതമായ രീതിയിലാണെങ്കിലും ഭൂപരിഷ്‌കരണ നിയമം പ്രാബല്യത്തില്‍ വരുത്താനായത്. എന്നാല്‍ അപ്പോള്‍ ജന്മിമാരുടെ ഭാഗത്തു നിന്നും യാതൊരു എതിര്‍പ്പും ഉയര്‍ന്നില്ല. ആയിരക്കണക്കിന് ഏക്കറുകള്‍ ഭൂമി പിടിച്ചെടുത്ത് പകരം പതിനഞ്ചോ ഇരുപത്തിയഞ്ചോ ഏക്കറുകള്‍ മാത്രം ലഭിക്കുമെന്ന അവസ്ഥ വന്നപ്പോഴും ജന്മിമാര്‍ അനങ്ങിയില്ല. ഒരു വിമോചന സമരവും ഇവിടെയുണ്ടായില്ല. എന്താണ് അപ്പോള്‍ പുതുതായി സംഭവിച്ചത്? സൂക്ഷ്മമായി പഠനം നടത്തിയാല്‍ ആ ജന്മികളെല്ലാം ഭയന്നു പോയതിനാലാണ് അങ്ങനെ സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. അവര്‍ക്ക് തല വേണോ ഭൂമി വേണോ എന്ന് തീരുമാനിക്കേണ്ടി വന്നു. ഇത് കുറച്ച് ഭൂമിയും തലയും ലഭിക്കുന്ന കേസ് ആണെങ്കില്‍ മറ്റേത് തലയും പോകും ഭൂമിയും കിട്ടില്ലാത്ത അവസ്ഥ വരുമെന്ന ഭയം അവരിലുണ്ടായത് 1969 മുതല്‍ 75 വരെ നക്‌സലൈറ്റ് പ്രസ്ഥാനം കേരളത്തില്‍ നടത്തിയ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ജന്മിയുടെ തലവെട്ടി മാറ്റിയ ആദ്യ സംഭവം എന്ന നിലയില്‍ കോങ്ങാട് ആക്ഷനാണ് അതില്‍ മുന്നില്‍ നില്‍ക്കുന്നത്. അതിന് മുമ്പ് ഞങ്ങള്‍ നടത്തിയത് വെടിവെയ്പ്പുകളായിരുന്നു. ഈ പ്രവര്‍ത്തനത്തില്‍ ഞങ്ങളെ പോലുള്ള സഖാക്കള്‍ ജീവിതവും മരണവും കൊണ്ടാണ് കളിച്ചത്. ഞാനൊക്കെ തൂക്കിലേറും എന്ന് ഉറപ്പിച്ച് വര്‍ഷങ്ങളോളം അന്ന് ജയിലില്‍ കിടന്നു. ഞാന്‍ മാത്രമൊന്നുമല്ലല്ലോ ധാരാളം സഖാക്കള്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. വര്‍ഗ്ഗീസിനെ പോലെ എത്രയോ പേര്‍ രക്തസാക്ഷികളായി മാറി. എത്രയോ പേര്‍ എല്ലൊടിഞ്ഞും ആരോഗ്യം നശിച്ചും രോഗികളായി മരിച്ചു. എന്നെയും രാവുണ്ണിയെയും പോലെ അപൂര്‍വ്വം ചിലര്‍ മാത്രമാണ് ആ തലമുറയില്‍ ഇന്നും ജീവിച്ചിരിക്കുന്നതായി ഉള്ളൂ. ഞങ്ങള്‍ രണ്ടും കല്‍പ്പിച്ചായിരുന്നു. അന്ന് കാര്‍ഷിക പരിഷ്‌കരണ ബില്‍ പാസായിരുന്നില്ലെങ്കില്‍, ഗള്‍ഫിലൂടെ കേരളത്തിലെ യുവത്വത്തിന്റെ ജോലി എന്ന സ്വപ്‌നം കുറേശ്ശെയെങ്കിലും സാക്ഷാത്കരിക്കപ്പെട്ടിരുന്നില്ലെങ്കില്‍, കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനം കത്തിജ്വലിക്കുമായിരുന്നു. ആ ജ്വലനം ഇല്ലാതാക്കുകയാണ് കാര്‍ഷിക പരിഷ്‌കരണ ബില്ലിലൂടെ സാധ്യമായതും. ഫെബ്രുവരി 9ന് നടന്ന തിരുനെല്ലി-തൃശ്ശിലേരി ആക്ഷന്‍ ശേഷം 18ന് സഖാവ് വര്‍ഗ്ഗീസിനെ തിരുനെല്ലിയില്‍ വച്ച് വെടിവച്ച് കൊന്നു. ഇതിന്റെ ആഘാത, പ്രത്യാഘാതങ്ങള്‍ കേരളത്തിലുടനീളം ഉണ്ടായി. അതിലൊന്നായിരുന്നു ഏപ്രിലില്‍ വയനാട്ടിലെ ആദിവാസികളുടെ ക്ഷേത്രമായ വള്ളിയൂര്‍ക്കാവിലെ ഉത്സവത്തിന് ആദിവാസികളെ ലേലം ചെയ്യുന്നില്ലെന്ന് ജന്മികള്‍ തീരുമാനിച്ചത്. വര്‍ഷങ്ങളായി വള്ളിയൂര്‍ക്കാവിലെ ഉത്സവത്തിന് ഒരു വര്‍ഷത്തേക്കുള്ള ആദിവാസി അടിമകളെ ഇവിടെ വച്ചാണ് ലേലം ചെയ്തിരുന്നത്. ചടങ്ങുകളോടെയാണ് ഈ ലേലം സംഘടിപ്പിച്ചിരുന്നത്. ലേലം ചെയ്യപ്പെടുന്ന ആദിവാസിയും ഭാര്യയും കുട്ടികളും ഉള്‍പ്പെടുന്ന അവന്റെ കുടുംബവും പിന്നീട് ഒരു വര്‍ഷത്തേക്ക് ലേലം വിളിച്ചെടുക്കുന്ന ജന്മിയുടെ അടിമകളാണ്. ആ അടിമക്കച്ചവടത്തിന് ചില നിയമങ്ങളുണ്ടായിരുന്നു. പുരുഷന്മാര്‍ക്ക് കാര്‍ഷിക മേഖലയിലും സ്ത്രീകള്‍ക്ക് പകല്‍ മുഴുവന്‍ കൃഷിയിടത്തിലോ ജന്മിയുടെ വീട്ടിലോ പണിയെടുക്കണം. രാത്രിയിലും വീട്ടുപണി ചെയ്യണം. കുട്ടികള്‍ ജന്മിയുടെ വീട്ടിലെ കന്നുകാലികളെ മേയ്ക്കാന്‍ കാട്ടില്‍ പോകണം. അക്കാലത്ത് ആദിവാസികളുടെ കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്നില്ല. ഇത് കൂടാതെ ജന്മിയുടെ ലൈംഗിക താല്‍പര്യങ്ങളും ഇവരുടെ കൂട്ടത്തിലെ സ്ത്രീകളും പെണ്‍കുട്ടികളും നിറവേറ്റിക്കൊടുക്കേണ്ടിയിരുന്നു. ഈ രീതിയില്‍ നടന്നിരുന്ന അടിമപ്പണി ആ ഏപ്രിലില്‍ അവസാനിച്ചു. അടിമപ്പണി വേണ്ട, കൂലി തരാമെന്ന് ജന്മിമാര്‍ തന്നെ പറയുകയായിരുന്നു. ഇതിന് കാരണവും ജീവന്‍ പോകും എന്ന ഭീതിയായിരുന്നു. അന്ന് വരെയും അത്തരമൊരു ഭയം നക്‌സലുകളെക്കുറിച്ച് ഉണ്ടായിരുന്നില്ല. എന്നാല്‍ തിരുനെല്ലി-തൃശ്ശിലേരി ആക്ഷനില്‍ ചെക്കുവിനെയും വസുദേവ അഡിഗയെയും വെടിവച്ച് കൊന്നതോടെ ജന്മിമാര്‍ ഭയക്കാന്‍ തുടങ്ങി. വാസുദേവ അഡിഗയെ ഞങ്ങള്‍ വെടിവച്ച് കൊല്ലാനുണ്ടായിരുന്ന ഒരു കാരണം ഒരു ആദിവാസി അടിമയെ തല്ലിക്കൊന്ന ശേഷം കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് പ്രഖ്യാപിച്ചതാണ്. ആ രീതിയിലുള്ള പ്രവര്‍ത്തനം നടക്കില്ലെന്ന് വയനാട്ടിലെ ജന്മിമാര്‍ക്കുണ്ടായ തിരിച്ചറിവിന് കാരണം ഈ സംഭവമായിരുന്നു. സഖാവ് വര്‍ഗ്ഗീസ് നഷ്ടപ്പെട്ടുവെന്ന വലിയൊരു നഷ്ടം പ്രസ്ഥാനത്തിനുണ്ടായെങ്കിലും രണ്ട് മാസത്തിനുള്ളില്‍ തന്നെ വിപ്ലവത്തിന്റെ പ്രത്യക്ഷ ഫലം ഉണ്ടായി. നൂറ് കണക്കിന് വര്‍ഷങ്ങളായി നിലനിന്നിരുന്ന വയനാട്ടിലെ അടിമപ്പണി നിന്നു. ഇതെല്ലാം അതിന്റെ പ്രത്യാഘാതങ്ങളാണ്. ഇതൊക്കെ കേരള സമൂഹത്തെ ആകെ നോക്കുമ്പോള്‍ ചെറിയ സംഭവമായിരിക്കാം. എന്നാല്‍ കാര്‍ഷിക പരിഷ്‌കരണം ചെറിയ സംഭവം അല്ലല്ലോ? ഒരു വലിയ രാഷ്ട്രീയ പാര്‍ട്ടി വിചാരിച്ചിട്ട് നടക്കാത്തതാണ് നക്‌സലൈറ്റ് പ്രസ്ഥാനം നേടിയെടുത്തത്. കാര്‍ഷിക പരിഷ്‌കരണം നടപ്പാക്കിയത് സര്‍ക്കാര്‍ ആണെങ്കിലും ഇവിടെ മറ്റൊരു വിമോചന സമരം നടക്കാതിരുന്നതിന് കാരണം നക്‌സലൈറ്റുകളോടുള്ള ഭയമായിരുന്നു.കേരളത്തില്‍ ആദ്യത്തെ നക്‌സലൈറ്റ് ആക്ഷന്‍ നടക്കുന്നത് 1968ലാണ്. തലശ്ശേരി-പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമണം ആയിരുന്നു അത്. അത് സംഘടിപ്പിച്ചത് കുന്നിക്കല്‍ നാരായണനും തലശ്ശേരിയിലുള്ള കെ പി നാരായണനും ചേര്‍ന്നായിരുന്നു. ഞാന്‍ അതില്‍ പങ്കാളിയായിരുന്നു. വളരെ യാദൃശ്ചികമായാണ് ഞാന്‍ ആക്ഷനില്‍ എത്തിച്ചേരുന്നത്. അതിന് മുമ്പ് തന്നെ ആ ഗ്രൂപ്പുമായും അവര്‍ പ്രചരിപ്പിച്ചിരുന്ന ആശയവുമായും ബന്ധപ്പെട്ടിരുന്നു. പുസ്തകങ്ങള്‍ വായിച്ചും മറ്റും മാവോ ചിന്ത പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ആ ഗ്രൂപ്പില്‍ ചേര്‍ന്നിരുന്നില്ല. ആ ആക്ഷന്റെ സന്ദര്‍ഭത്തില്‍ മാത്രം അവരെന്നെ അറിയിക്കുകയും ഞാന്‍ അതില്‍ പങ്കെടുക്കുകയുമായിരുന്നു. അങ്ങനെയാണ് ആദ്യമായി ഞാനൊരു നക്‌സല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. 1968 മുതല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ഞങ്ങള്‍ കുറച്ച് പേര്‍ സ്വന്തമായി ഒരു ഗ്രൂപ്പായി നില്‍ക്കുകയായിരുന്നു. വേറെ സംഘടനകളിലൊന്നും ഭാഗമായിരുന്നില്ല. നക്‌സല്‍ പ്രസ്ഥാനം രൂപംകൊടുക്കുന്നതിന്റെ മുഴുവന്‍ അധ്വാനവും കുന്നിക്കല്‍ നാരായണനും കെ പി നാരായണനുമായിരുന്നു. കണ്ണൂരിലെ വലിയൊരു വിഭാഗം സഖാക്കളും ഇതില്‍ പങ്കാളികളായി. അവര്‍ നാനൂറോളം പേരുണ്ടായിരുന്നു. കണ്ണൂരിലെ 28 വാര്‍ഡുകളില്‍ നിന്നുള്ള ഇവര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായത്. കേരളത്തിലെ നക്‌സലെറ്റ് പ്രസ്ഥാനത്തിന് അന്തസ്സ് കൊടുക്കുന്നത് കുന്നിക്കല്‍ നാരായണന്‍ ആണ്. 1968ല്‍ തലശ്ശേരി ആക്ഷനും 69ല്‍ കുറ്റ്യാടി പോലീസ് സ്‌റ്റേഷന്‍ ആക്രമണവും കുന്നിക്കല്‍ നാരായണന് കീഴില്‍ സംഘടിപ്പിക്കപ്പെട്ടതാണ്. അദ്ദേഹം ചൈനീസ് പബ്ലിക്കേഷന്‍ എന്ന പേരില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചൈനയിലെ നേതാക്കളുടെയും ലേഖനങ്ങളും പുസ്തകങ്ങളും രേഖകളും പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ഈ പബ്ലിക്കേഷനിലൂടെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രേഖകള്‍ മലയാളത്തില്‍ ലഭ്യമായി തുടങ്ങിയത്. അതോടെ കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരത്തില്‍ പുസ്തകങ്ങളും ലേഖനങ്ങളുമൊക്കെ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയെങ്കിലും അതിന്റെ സംഘാടനം യഥാര്‍ത്ഥത്തില്‍ കുന്നിക്കല്‍ നാരായണന്റേത് ആയിരുന്നു. വയനാടുമായും കാര്‍ഷിക മേഖലയുമായും അവിടുത്തെ തൊഴിലാളികളുമായും പൂട്ടിപ്പോയപ്പോള്‍ പ്രതിസന്ധിയിലായ യോഗി ബീഡിയിലെ തൊഴിലാളികളുമായും ബന്ധപ്പെട്ട് കേപീസ് ട്യൂട്ടോറിയല്‍ എന്ന കെ പി നാരായണന്റെ സ്ഥാപനത്തില്‍ വച്ചാണ് പല പ്രവര്‍ത്തനങ്ങളും നടത്തിയത്. വേറെ ഒരു ഭാഗത്തു കൂടി പുല്‍പ്പള്ളി ഭാഗത്ത് ഒരു ആക്ഷനും നടത്തുകയുണ്ടായി. വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലായിരുന്നു അത്. പുല്‍പ്പള്ളി ക്ഷേത്രം അധികാരികളും പോലീസും ചേര്‍ന്ന് കുടിയാന്മാരെ ദ്രോഹിക്കുന്ന നടപടികള്‍ സ്വീകരിച്ചപ്പോള്‍ അതിനെതിരായ പോരാട്ടം രണ്ട് മേഖലകളിലായി രൂപം കൊണ്ടു. അത് ഒടുവില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ എത്തിച്ചേരുകയായിരുന്നു. ആ ആക്ഷന്‍ സംഘടിപ്പിച്ചത് രണ്ട് നാരായണന്മാരും ചേര്‍ന്നായിരുന്നു. ആ ആക്ഷനോടെയാണ് ഞാന്‍ സംഘടനയിലെത്തുന്നത്. പിന്നീട് അതിന്റെ ഘടനയില്‍ ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം വന്നു. പോലീസ് സ്‌റ്റേഷനുകള്‍ ആക്രമിച്ചല്ല, പകരം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് പോലീസുമായുള്ള ഏറ്റുമുട്ടലുകള്‍ വളര്‍ന്നു വരേണ്ടത് എന്ന സിപിഐ(എംഎല്‍)ന്റെ നിലപാടായിരുന്നു അതിന് കാരണം. അത് ശരിയല്ലെന്നായിരുന്നു നാരായണേട്ടന്റെ നിലപാട്. അങ്ങനെ വര്‍ഗ്ഗീസും അഭിപ്രായ വ്യത്യാസമുള്ള മറ്റുള്ളവരും എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നു. അതില്‍ പ്രധാനപ്പെട്ട സഖാക്കള്‍ മുണ്ടൂര്‍ രാവുണ്ണിയും വെള്ളത്തൂവല്‍ സ്റ്റീഫനും അന്തിക്കാട് സദാശിവനും അന്ന് താരതമ്യേന അറിയപ്പെടാത്തവരായിരുന്നു. ആ എക്‌സിക്യൂട്ടീവ് ആണ് രണ്ടാമത്തെ സ്റ്റെപ്പില്‍ തീരുമാനങ്ങള്‍ എടുത്തത്. അതിലാണ് തിരുനെല്ലി-തൃശ്ശിലേരി ആക്ഷനും കോങ്ങാട് ആക്ഷനും തീരുമാനിക്കുന്നത്. ആദ്യത്തെ ആക്ഷനില്‍ പിടിയിലാകാത്തവര്‍ കോങ്ങാട് ആക്ഷന്‍ നടപ്പാക്കണമെന്നും തീരുമാനിച്ചിരുന്നു. അതിന് ശേഷവും ജന്മിത്വത്തിനെതിരായ പോരാട്ടം മുന്നോട്ട് കൊണ്ടുപോകണമെന്നായിരുന്നു തീരുമാനമെങ്കിലും അത് നടപ്പാക്കുന്നതില്‍ സ്റ്റീഫന് ചില പാളിച്ചകള്‍ സംഭവിച്ചു. ആദ്യത്തെ ആക്ഷനില്‍ തന്നെ ഞാനൊക്കെ ജയിലിലാകുകയും ചെയ്തു. കോങ്ങാട് സംഭവത്തിന്റെ വിശദാംശങ്ങള്‍ എനിക്ക് അറിയില്ലെങ്കിലും അന്നത്തെ സഖാക്കളുമായി സംസാരിച്ചതില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് ഭീതി ജനിപ്പിക്കാന്‍ വേണ്ടി ബോധപൂര്‍വ്വമാണ് അന്ന് അവര്‍ തലവെട്ടിയത് എന്നാണ്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നു അത്. വെടിവെച്ച് കൊല്ലുന്നത് കൊണ്ട് ജന്മികളും പോലീസും അധികാരികളും ഭയക്കുന്നില്ലെന്ന് തൊട്ടുമുമ്പ് നടന്ന രണ്ട് കേസുകളില്‍ നിന്നും അവര്‍ക്ക് തോന്നിയിട്ടുണ്ടാകും. ഒരു മനുഷ്യന്റെ തല വെട്ടിമാറ്റിയെന്ന് പറയുന്നത് ജനങ്ങളില്‍ സൃഷ്ടിക്കുന്ന ഭീതി മറ്റൊന്നായിരിക്കുമെന്നും കണക്കു കൂട്ടിയിട്ടുണ്ടാകും. ആ കണക്കു കൂട്ടല്‍ ശരിയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. അതോടെ ജന്മിമാര്‍ ഭയപ്പെടുകയും കാര്‍ഷിക പരിഷ്‌കരണത്തിന് വഴങ്ങുകയും ചെയ്തു. സാധാരണക്കാരനിലേക്ക് സമ്പത്ത് അരിച്ചിറങ്ങാന്‍ തുടങ്ങിയത് അതിന് ശേഷമായിരുന്നു. കാര്‍ഷിക പരിഷ്‌കരണത്തിലൂടെ ഭൂമിയില്‍ ജോലി ചെയ്യുന്ന ദലിതരും തൊഴിലാളികളുമായവര്‍ക്ക് അര ഏക്കറോ ഒരേക്കറോ നല്‍കി ക്രയശേഷി വര്‍ധിപ്പിക്കുന്നതിലേക്ക് പോകാന്‍ ആയില്ല. എങ്കില്‍പ്പോലും ജന്മിത്വത്തിന്റെ നട്ടെല്ല് എന്ന് കരുതിയിരുന്ന കടുത്ത യാഥാസ്ഥിതിക രീതിയെയും ഭൂമി കൈവശം വച്ചുകൊണ്ടുള്ള സവര്‍ണ്ണ ആധിപത്യത്തെയും ഇല്ലാതാക്കാന്‍ കോങ്ങാട് സംഭവത്തിന് സാധിച്ചു. ശ്രീനാരായണ ഗുരു ആശയം മുന്നോട്ട് വച്ചതിന് ശേഷം സവര്‍ണ്ണ പ്രത്യയശാസ്ത്രത്തിനും ആധിപത്യത്തിനും ഫ്യൂഡലിസത്തിനും ആഘാതമുണ്ടായതും അപ്പോഴാണ്.


Next Story

Related Stories