TopTop
Begin typing your search above and press return to search.

റോസ്റ്റിംങ്ങിനിടെ ഗായത്രി കണ്ടെത്തിയ അസഹിഷ്ണുതയുടെ പൂജാരിമാർ

റോസ്റ്റിംങ്ങിനിടെ ഗായത്രി കണ്ടെത്തിയ അസഹിഷ്ണുതയുടെ പൂജാരിമാർ

മലയാളിക്ക് അത്ര കേട്ടു പരിചയമില്ലാത്ത, അല്ലെങ്കില്‍ മലയാളി യൂട്യൂബേഴ്സ് അധികം പരീക്ഷിക്കാത്ത ഒരു മേഖലയായിരുന്നു റോസ്റ്റിങ്ങ് വീഡിയോസ്. എന്നാല്‍ ഈ അടുത്ത് റോസ്റ്റിങ്ങിന്റെ ഒരു തരംഗം തന്നെ മലയാളികള്‍ക്കിടയിലുണ്ടായി. അക്കൂട്ടത്തില്‍ വിഷയത്തിന്റെ പ്രസക്തി കൊണ്ടും അത് കൈകാര്യ ചെയ്യുന്ന രീതികൊണ്ടും ശ്രദ്ധേയയാണ് ഗായത്രി സുരേഷ് ചന്ദ്ര ബാബു. ഗായത്രിയുടെ ഗെറ്റ് റോസ്റ്റ് വിത്ത് ഗായത്രി എന്ന യൂട്യൂബ് ചാനല്‍ വളരെ പെട്ടന്നാണ് മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായത്. തന്റെ റോസ്റ്റിങ് വീഡിയോസിനെക്കുറിച്ചും, അതിനുണ്ടായ പ്രതിസന്ധികളെക്കുറിച്ചുമെല്ലാം അഴിമുഖത്തോട് സംസാരിക്കുകയാണ് ഗായത്രി

റോസ്റ്റിങ്ങിന് മുമ്പ് ആരായിരുന്ന ഗായത്രി

ഴിഞ്ഞ പത്തു വര്‍ഷമായി റേഡിയോയില്‍ ആര്‍ജെയായി ജോലി ചെയ്യുന്ന ആളാണ് ഞാന്‍. കേരളത്തിലും ദുബായിലും ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വരെ റേഡിയോ മാംഗോയിലായിരുന്നു. അതിനു ശേഷമാണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. ഗെറ്റ് റോസ്റ്റ് വിത്ത് ഗായത്രി അല്ലാതെ മറ്റൊരു യൂട്യൂബ് ചാനല്‍ കൂടി ഉണ്ട് എനിക്ക്. അതാണ് ആദ്യം തുടങ്ങിയത്. റോസ്റ്റിങ് ചാനല്‍ തുടങ്ങിയിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ. റേഡിയോയില്‍ നിന്നും വിട്ടതിന് ശേഷം ഡിജിറ്റല്‍ കണ്ടന്റ് റൈറ്റങ്ങെല്ലാം ചെയ്യുന്നുണ്ട്. ഒരു അറബ് ചാനലിന് കണ്ടന്റ് സപ്പോര്‍ട്ടും കൊടുക്കുന്നുണ്ട്.

എങ്ങനെയാണ് റോസ്റ്റ് ചെയ്യാൻ തുടങ്ങിയത്

വളരെ പോപ്പുലറായിട്ടുള്ള ഒരു കുക്കറി ഷോയെ റോസ്റ്റ് ചെയ്തുകൊണ്ടാണ് ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. ആ പരിപാടിയില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉള്ളതായി എനിക്ക് തോന്നിയിരുന്നു. ഒരു ഉദാഹരണം പറയുകയാണെങ്കില്‍, ഐഎഎസ് നേടിയ ഭാര്യയും ഭര്‍ത്താവും അതിഥികളായി എത്തിയ ആ പരിപാടിയില്‍ ഭാര്യയോടാണ് ഭക്ഷണമുണ്ടാക്കാന്‍ അറിയില്ലേ എന്നു ചോദിക്കുന്നത്. അറിയില്ലെന്ന ഉത്തരത്തിന് ഐഎഎസ് കിട്ടി എന്നാലും കുക്കിങ്ങ് അറിയില്ലേ എന്ന ഭാവത്തിലാണ് മറുപടിയും. ഈ ചോദ്യം ഭര്‍ത്താവിനോട് ചോദിക്കുന്നുമില്ല. അത് കണ്ടപ്പോഴാണ് എനിക്ക് അതിനെപറ്റി സംസാരിക്കണം എന്നു തോന്നിയത്. ആ ഒരു സമയത്ത് ഈ പരിപാടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ധാരാളം കുറിപ്പുകളും മറ്റും വരികയും ചെയ്തിരുന്നു. ആദ്യം വളരെ റഫ് ആയി ഒരു വീഡിയോയാണ് എടുത്തു വെച്ചത്. ആളുകള്‍ എങ്ങനെ സ്വീകരിക്കും എന്ന് അറിയില്ലായിരുന്നു. എഡിറ്റ് ചെയ്ത് ആ വീഡിയോ ഒരു കൂട്ടുകാരിയെ കാണിച്ചപ്പോള്‍ നല്ല അഭിപ്രായം ലഭിച്ചു. അങ്ങനെ വെറുതെ അപ്ലോഡ് ചെയ്തതാണ്.

ലോക് ഡൗണ്‍ ആയിരുന്നത് കൊണ്ടും, ആ സമയത്ത് നാട്ടില്‍ റോസ്റ്റിങ് എന്ന വാക്ക് വളരെ പോപ്പുലര്‍ ആയിരുന്നത് കൊണ്ടും കൂടിയാകണം ആ വീഡിയോ ക്ലിക്കായി. ഒരുപാട് നെഗറ്റീവ് കമന്റ്സ് പ്രതീക്ഷിച്ചാണ് ഞാന്‍ അപ്ലോഡ് ചെയ്തതെങ്കിലും നെഗറ്റീവിനെക്കാള്‍ പോസിറ്റീവ് കമന്റ്സാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഒരുപാട് പേര്‍, കൂടുതലും യുവാക്കള്‍ അവര്‍ക്കും ഇത് തന്നെയാണ് തോന്നിയിട്ടുള്ളത് എന്നെല്ലാം പറഞ്ഞിരുന്നു. ശരിക്കും വല്ലാത്ത സന്തോഷം തോന്നി ആ സമയത്തെല്ലാം.

റോസ്റ്റ്ങ് വിഷയങ്ങൾ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത് അതിനുള്ള മുന്നൊരുക്കങ്ങളെങ്ങനെയാണ്

പ്രസക്തമായ വിഷയങ്ങള്‍ മാത്രം എടുക്കണം എന്ന് ചിന്തിച്ചല്ല ഞാന്‍ തുടങ്ങുന്നത്. എന്നാല്‍ എന്തെങ്കിലും പറയുന്നതിന്റെ അപ്പുറത്ത് ഇന്നത്തെ സമൂഹത്തില്‍ പ്രസക്തമായ വിഷയം തന്നെ സംസാരിക്കണമെന്ന് എനിക്ക് തോന്നി. മനുഷ്യപക്ഷത്തു നിന്നുകൊണ്ട് തന്നെ കാര്യങ്ങള്‍ സംസാരിക്കണം എന്നുള്ളത് എന്റെ തീരുമാനം തന്നെയായിരുന്നു.

ഒരു വിഷയം എടുത്താല്‍ ഒന്നോ രണ്ടോ ദിവസം അതിനെപറ്റി പഠിക്കാറുണ്ട്. മറ്റ് ജോലികളും ഇടയിലൂടെ ചെയ്യുന്നതുകൊണ്ട് കൂടിയാണ് സമയം ഇത്രയും നീളുന്നത്. എന്നാലും എന്റെ ചാനല്‍ കാണുന്നവരിലേക്ക് എന്തെങ്കിലും പുതിയ കാര്യങ്ങള്‍കൂടി എത്തിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അതുപോലെ തന്നെ എനിക്കിത് ഇഷ്ടപ്പെട്ടില്ല അത് കൊണ്ട് അത് മോശമാണ് എന്നു പറയാതെ എന്ത് കൊണ്ട് അത് മോശമാകുന്നു എന്ന് ശാസ്ത്രീയമായി പറയാന്‍ ശ്രമിക്കാറുണ്ട്. ചില വീഡിയോകളില്‍ അതിന്റെ നിയമ വശങ്ങളെക്കുറിച്ചും പറയാറുണ്ട്. പിന്നെ തമാശ രൂപത്തില്‍ കാര്യങ്ങളെ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. അക്കാര്യത്തില്‍ ഇപ്പോഴും ഞാന്‍ വിജയിച്ചു എന്നു കരുതുന്നില്ല. എന്നാലും എന്നെകൊണ്ട് കഴിയുന്ന രീതിയില്‍ ശ്രമിക്കാറുണ്ട്.

റോസ്റ്റിങും വ്യക്തിഹത്യയും തമ്മിലുള്ള അതിര്‍വരമ്പ്

പരമാവധി ശ്രദ്ധിച്ചു തന്നെയാണ് വീഡിയോ ചെയ്യാറുള്ളത്. ഞാന്‍ കുറച്ചു വര്‍ഷങ്ങളായി ഫ്രീ തിങ്കിങ്ങും, ഹ്യൂമനിസവുമെല്ലാം വായിക്കാനും അറിയാനും ഒപ്പം തന്നെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നയാളാണ്. ആ ഒരു പ്രാക്ടീസ് എനിക്ക് ശരിക്കും വീഡിയോ ചെയ്യുമ്പോള്‍ ഉപകാരമാകാറുമുണ്ട്. പ്രിവിലേജ് ഇല്ലാത്തവരുടെയും പക്ഷത്തു നിന്ന് ആലോചിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഉദാഹരണത്തിന്, നിറമില്ലാത്ത ആളെ കളിയാക്കി. അതിനിപ്പൊ എന്താ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ അത് അങ്ങനെ അല്ല, നിറം കളിയാക്കാന്‍ ഉപയോഗിക്കേണ്ട ഒന്നല്ല, എന്നെല്ലാമുള്ള ചിന്തകളില്‍ നിന്നുമാണ് ഓരോ വീഡിയോയും ഉണ്ടാകുന്നത്. സമൂഹത്തിലെ പിന്തിരിപ്പനായ ആശയങ്ങളെ റോസ്റ്റ് ചെയ്യുക എന്നാണ് എന്റെ ഉദ്ദേശം. അതിന് വ്യക്തികളെ ഒന്നും പറയേണ്ട കാര്യമില്ലല്ലോ.

റോസ്റ്റിങ് എന്ന വാക്ക് ചാനലിന് ഭാരമാകുന്നുണ്ടോ

ചാനലിന്റെ പേരുമാറ്റുന്ന കാര്യത്തെക്കുറിച്ച് എന്റെ കാഴ്ചക്കാരോട് തന്നെ ഞാന്‍ ചോദിച്ചിരുന്നു. അതില്‍ കൂടുതല്‍ പേരും മാറ്റണ്ട എന്നാണ് പറയുന്നത്. അതിന് രണ്ട് കാരണമാണ് പറയുന്നത്. റോസ്റ്റിങ്ങ് എന്ന വാക്കു കേട്ട് വരുന്നവര്‍ ഈ വീഡിയോകാണുകയും ഇതില്‍ പറയുന്ന കാര്യങ്ങളെല്ലാം ചിന്തിക്കുകയും ചെയ്യില്ലേ എന്നാണ് ഒരു കൂട്ടര്‍ ചോദിക്കുന്നത്. അതു പോലെ തന്നെ റോസ്റ്റിങ്ങ് എന്ന വാക്കിനു തന്നെ പുതിയൊരു മാനദണ്ഡം കൊടുക്കാന്‍ കഴിയുന്നില്ലേ പിന്നെ എന്തിനാണ് മാറ്റുന്നത് എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

കാഴ്ചക്കാരെ കുറിച്ച്

ഞാന്‍ പ്രതീക്ഷിത്താതെയാണ് ഈ ചാനലിന് ഇത്രയും കാഴ്ചക്കാരുണ്ടാവുന്നത്. ചീത്തവിളി പ്രതീക്ഷിച്ചിടത്തു നിന്നും എനിക്ക് സപ്പോര്‍ട്ടാണ് കിട്ടിയത്. ഞാന്‍ കാണുന്ന അതേ രീതിയില്‍ കാണാനും, മനസിലാക്കാനും അല്ലെങ്കില്‍ മനസിലാക്കാന്‍ ശ്രമിക്കാനും, ഇനി എതിര്‍പ്പാണെങ്കില്‍ പോലും അതിനെ ആശയം കൊണ്ട് നേരിടാനും കഴിവുള്ള ഒരു വലിയ കൂട്ടം ആളുകളാണ് എന്റെ വീഡിയോകളെല്ലാം കാണുന്നത് എന്നിറിയുന്നതില്‍ വലിയ സന്തോഷമുണ്ട്. ചിന്തയില്‍ കുറച്ച് പുരോഗതിയുള്ള ആളുകളാണ് കൂടുതലും ഈ ചാനല്‍ കാണുന്നത്. അതുകൊണ്ട് തന്നെ എന്റെ കാഴചക്കാരില്‍ വലിയ അഭിമാനമുണ്ട്.

വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയും കോപ്പിറൈറ്റ് സ്ട്രൈക്കും

ഫ്ളവേഴ്സ്, 24 എന്നീ മുന്‍നിര ചാനലുകള്‍ അവരുടെ ചില പരിപാടികളിലെ ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും മറ്റും വിമര്‍ശിച്ചതിന്റെ പേരില്‍ കോപ്പിറൈറ്റ് സ്ട്രൈക്ക് തന്നിരിക്കുകയാണ്. അതും മൂന്ന് തവണ. അതിനു ശേഷം കോപ്പിറൈറ്റ് ക്ലൈം നല്‍കിയതിനെ പറ്റി പറഞ്ഞ് ഞാന്‍ ഒരു വീഡിയോ ചെയ്തിരുന്നു. അതില്‍ ഒരു ശതമാനം പേലും അവരുടെ കണ്ടറ്റ് ഉപയോഗിച്ചിട്ടില്ല. എന്നിട്ടും തെറ്റായ കോപ്പിറൈറ്റ് ക്ലെയിം നല്‍കി. നിന്റെ ചാനല്‍ പൂട്ടിക്കും നീ വാ അടച്ചിരിക്ക് എന്നു പറയുകയാണ് ആ പ്രവര്‍ത്തിയിലൂടെ അവര്‍ ചെയ്തിരിക്കുന്നത്.

ഞാന്‍ യൂട്യൂബിന്റെ ഒരു പ്രതിനിധിയുമായി സംസാരിച്ചിരുന്നു. അവര്‍ തെറ്റായ രീതിയിലൂടെയാണ് സ്ട്രൈക്ക് തന്നിട്ടുള്ളത് എന്നുണ്ടെങ്കില്‍ അത് മാറ്റി തരാം എന്നാണ് യൂട്യൂബിന്റെ ഭാഗത്തു നിന്നും പ്രതികരണമുണ്ടായിരിക്കുന്നത്. ഇനി എന്താകും എന്നറിയില്ല. നമ്മള്‍ ഒറ്റക്ക് വളര്‍ത്തി കൊണ്ടുവന്ന ചാനലാണ്. ഞാന്‍ ഒരിക്കലും ഒരു ചാനലിനെ ടാര്‍ഗറ്റ് ചെയ്ത് സംസാരിച്ചിട്ടില്ല. ചെറിയൊരു വിമര്‍ശനം പോലും താങ്ങാന്‍ പറ്റില്ല എന്നുള്ള രീതിയില്‍ പെരുമാറുന്നത് കാണുമ്പോള്‍ വ്യക്തിപരമായി ബുദ്ധിമുട്ട് തോന്നുന്നുണ്ട്. സത്യം പറയുന്നത് കൊണ്ട് ഒരു തരി പേടി പോലുമില്ല എനിക്ക്. എന്നാല്‍ അല്‍പം വിഷമമുണ്ട് ചില വിഗ്രഹങ്ങള്‍ ഉടഞ്ഞതിലും, അസഹിഷ്ണുതയുടെ പൂജാരിമാരായിരുന്നു ഇവരൊക്കെ എന്നറിഞ്ഞതിലും. എന്തായാലും ഇതിന് ബദലായി മറ്റൊരു ചാനല്‍ ഞാന്‍ ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്.


Next Story

Related Stories