TopTop

യു എ ഇക്ക് പുറത്ത് ആറ് മാസത്തിൽ കൂടുതൽ താമസിച്ചവർക്ക് പ്രവേശനം അനുവദിക്കരുതെന്ന് കർശന നിർദ്ദേശം: ദുബായ് എയർപോർട്ടിലെ ജീവനക്കാരൻ പറയുന്നു

യു എ ഇക്ക് പുറത്ത് ആറ് മാസത്തിൽ കൂടുതൽ താമസിച്ചവർക്ക് പ്രവേശനം അനുവദിക്കരുതെന്ന് കർശന നിർദ്ദേശം: ദുബായ് എയർപോർട്ടിലെ ജീവനക്കാരൻ പറയുന്നു

ഈ മാസം കായംകുളത്തെ വീട്ടില്‍ നിന്നും തിരിച്ച് ദുബായിലെത്തിയതേയുള്ളൂ. താമസ വിസയുളളവർക്ക് മാത്രമാണ് ഇപ്പോൾ യു എ ഇയിൽ പ്രവേശനം. ടൂറിസം മേഖല ഏതാണ്ട് ഷട്ട് ഡൗണിലാണെങ്കിലും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് ദുബായ് എയർപോർട്ട് ജീവനക്കാരൻ ആദർശ് എസ്. 140 പേരാണ് ഇതുവരെ യുഎഇയിൽ രോഗബാധിതർ. എന്നാൽ ഞങ്ങളുടെ ജീവിതത്തെ ഇത് പ്രത്യക്ഷത്തിൽ ഇതുവരെയും ബാധിച്ചിട്ടില്ല. മറ്റെല്ലാ വിസകളും അനുവദിക്കുന്നത് നിർത്തി വച്ചിരിക്കുകയാണ്. മറ്റ് രാജ്യക്കാർക്ക് ഇതിനകം അനുവദിച്ച എല്ലാ വിസകളും റദ്ദാക്കി. വിമാനത്താവളത്തിലെ ജോലിയായതിനാൽ ഇതെല്ലാം നേരിട്ട് ബോധ്യപ്പെട്ടതാണ്.


രാജ്യത്തിന് പുറത്ത് ആറ് മാസത്തിൽ കൂടുതൽ താമസിച്ചവർക്ക് പ്രവേശനം അനുവദിക്കരുതെന്ന് കർശന നിർദ്ദേശമുണ്ട്. വിസ പതിച്ച പാസ്പോർട്ട് നഷ്ടമായവരെയും വിലക്കുന്നുണ്ടെങ്കിലും ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും വിസ അനുവദിക്കും. മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഏറെ ബാധിക്കുന്ന തീരുമാനമാണിത്. ദുബായിലെ എല്ലാ വിനോദ സഞ്ചാരപരിപാടികളും നിർത്തി വച്ചിരിക്കുകയാണ്. വിവാഹ വിരുന്ന് ഉൾപ്പെടെ ഹോട്ടലിലെ ആഘോഷ പരിപാടികളും റദ്ദാക്കി.

എന്റെ വിവാഹ സൽക്കാരം തീരുമാനിച്ചിരുന്നതും റദ്ദാക്കേണ്ടി വന്നു. നാട്ടിലെ വിവാഹ നിശ്ചയത്തിന് ശേഷം ദുബായിലെത്തുമ്പോൾ ഇവിടെയുള്ള സുഹൃത്തുക്കൾക്ക് ചെലവ് ചെയ്യാമെന്നാണ് കരുതിയിരുന്നത്. എന്നാൽ ദുബായ് ഷോപ്പിംഗ് മാൾ ഉൾപ്പെടെയുള്ളവ അടച്ച് പൂട്ടിയിരിക്കുകയാണ്. പ്രതിശ്രുത വധുവും ഇവിടെ തന്നെയുള്ളതിനാൽ നിലവിലെ ക്വാറന്റൈൻ വ്യക്തിപരമായി ബാധിച്ചിട്ടില്ല. ആരോഗ്യ അടിയന്തരാവസ്ഥ സാധാരണ ജീവിതത്തെ ബാധിച്ചിട്ടുണ്ട്.

(അരുണ്‍ ടി വിജയന്‍ സംസാരിച്ച് തയ്യാറാക്കിയത്)



Next Story

Related Stories