TopTop
Begin typing your search above and press return to search.

"ഭീകരമായ ഒരു കലാപം ഉടനെത്തന്നെ മലബാറില്‍ പൊട്ടിപ്പുറപ്പെടുവാന്‍ പോകുകയാണ്.." 1880ലെ ഒരു ഊമഹരജി കാര്‍ഷിക പ്രക്ഷോഭങ്ങള്‍ പ്രവചിച്ചു

"ഭീകരമായ ഒരു കലാപം ഉടനെത്തന്നെ മലബാറില്‍ പൊട്ടിപ്പുറപ്പെടുവാന്‍ പോകുകയാണ്.." 1880ലെ ഒരു ഊമഹരജി കാര്‍ഷിക  പ്രക്ഷോഭങ്ങള്‍  പ്രവചിച്ചു

1921 ലെ മലബാര്‍ കാര്‍ഷിക കലാപത്തെയും അതിനെ നയിച്ചവരില്‍ പ്രമുഖനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെയും ആസ്പദമാക്കി പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രഖ്യാപനം അസാധാരണമായ രീതിയില്‍ 'മലയാള രാജ്യ'ത്തിന്റെ ചരിത്രത്തെ ഒരു രാഷ്ട്രീയ വിവാദവും മാധ്യമ സംവാദവുമാക്കിയിരിക്കുകയാണ്. ആദ്യ സിനിമാ പ്രഖ്യാപനത്തിന് പിന്നാലെ പ്രമുഖ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദും, നാടകകൃത്ത് ഇബ്രാഹിം വേങ്ങരയും വാരിയംകുന്നത്തിനെ നായകനാക്കി ചലച്ചിത്രങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ബിജെപി സഹയാത്രികനായ അലിഅക്ബര്‍ വാരിയംകുന്നത്തിനെ പ്രതിനായകനാക്കി സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്.

വിവാദങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വ്യക്ത്യാധിക്ഷേപത്തിനുള്ള വേദിയാക്കി സംഘപരിപാര്‍ കേന്ദ്രങ്ങള്‍ മാറ്റിയപ്പോള്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ ചരിത്രത്തെ തെറ്റായും വളച്ചൊടിച്ചും തങ്ങളുടെ രാഷ്ട്രീയ വാദങ്ങള്‍ക്ക് ചരിത്ര ഭാഷ്യം ചമക്കാന്‍ ശ്രമിക്കുകയാണ് അവര്‍. 1921ലെ പ്രക്ഷോഭം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായുണ്ടായ ഇസ്ളാമിക വര്‍ഗ്ഗീയ കലാപമാണെന്നും ഹിന്ദുക്കളെ തിരഞ്ഞു പിടിച്ചു കൊലപ്പെടുത്തി എന്നും ശേഷിക്കുന്നവര്‍ വള്ളുവനാട്, ഏറനാട് താലൂക്കുകളില്‍ നിന്നും ജീവനും കൊണ്ട് പലായനം ചെയ്തു എന്നുമുള്ള രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള വാദ മുഖങ്ങളാണ് ഹിന്ദുത്വ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ 1921ലെ പ്രക്ഷോഭം അതിനു അരനൂറ്റാണ്ട് മുന്നേ തുടങ്ങിയ ചെറുതും വലുതുമായ നിരവധി കാര്‍ഷികകലാപങ്ങളുടെ പൊട്ടിത്തെറി ആയിരുന്നു എന്നാണ് ചരിത്ര രേഖകള്‍ തെളിയിക്കുന്നത്.

പ്രമുഖ ചരിത്രകാരനും മുന്‍ കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. കെ കെ എന്‍ കുറുപ്പ് രചിച്ച "വില്യം ലോഗന്‍: മലബാറിലെ കാര്‍ഷിക ബന്ധങ്ങളില്‍" എന്ന പുസ്തകത്തില്‍ പത്തൊന്‍പത്താം നൂറ്റാണ്ടിലെ കൊളോണിയല്‍ കാലഘട്ടത്തിലെ മലബാറിലെ കാര്‍ഷിക ചരിത്രത്തെ വിശദമായി വിശകലനം ചെയ്യുന്നുണ്ട്. ആ പുസ്തകത്തിന്റെ അനുബന്ധമായി കൊടുത്ത ഒരു ഊമഹരജിയില്‍ മലബാറില്‍ സമീപ ഭാവിയില്‍ വലിയ ഒരു കലാപം നടക്കാന്‍ പോകുന്നു എന്നു പ്രവചിക്കുന്നുണ്ട്. 1880 ഒക്ടോബര്‍ 14നു ഊരും പേരും രേഖപ്പെടുത്താത്ത ആ ഹരജി തുടങ്ങുന്നത് "മാപ്പിളമാരും നായന്‍മാരും തിയ്യരും മറ്റ് ജാതിക്കാരുമായ ആള്‍ക്കാരും ബോധിപ്പിക്കുന്ന ഹരജി" എന്നു പറഞ്ഞുകൊണ്ടാണ്. അന്ന് ഈ. തോംപ്സണ്‍ എന്ന ബ്രിട്ടീഷ് ഗവന്‍മെന്റിന്റെ മലയാള പരിഭാഷകനാണ് ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തത്.


അതിലെ പ്രസക്ത ഭാഗങ്ങള്‍:


1. ഭീകരമായ ഒരു കലാപം ഉടനെത്തന്നെ മലബാറില്‍ പൊട്ടിപ്പുറപ്പെടുവാന്‍പോകുകയാണെന്നും അത്തരം നിയമ രാഹിത്യം തടയുവാന്‍ അടിയന്തിരമായി നടപടികളെടുക്കേണ്ടതാണെന്നും അപേക്ഷിച്ചുകൊള്ളുന്നു.

2. മലബാര്‍ ബ്രിട്ടീഷുകാരുടെ അധീനത്തില്‍ വന്നപ്പോള്‍ ഈ ജില്ലയില്‍ നിയമിക്കപ്പെട്ട യൂറോപ്യന്‍ ഉദ്യോഗസ്ഥരാരും തന്നെ നാട്ടുകാരില്‍ നിന്നും കൈക്കൂലി വാങ്ങുകയോ മറ്റുവിധത്തില്‍ അന്യായമായി പ്രവര്‍ത്തിക്കുകയോ ചെയ്തിരുന്നില്ല.

3. നാട്ടുകാരായ ഇവിടത്തെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുകയും കൃഷിക്കാരെ മര്‍ദിക്കുകയും ചെയ്യുന്നു.

4. മലബാറിലെ ഭൂവുടമകള്‍ നടത്തുന്ന കഠിനമായ മര്‍ദ്ദനം ധാരാളം ആള്‍ക്കാരുടെ ജീവന്‍ അപഹരിക്കുന്ന വലിയ കലാപങ്ങള്‍ക്ക് ഇടവരുത്തുന്നതാണ്.

5. ജനങ്ങളുടെ പരാതി താഴെ കൊടുക്കുന്നു. ഇവിടത്തെ ഭൂസ്വത്തുക്കളുടെ വലിയൊരു ഭാഗം ഹിന്ദു ക്ഷേത്രങ്ങളുടെയും നമ്പൂതിരിമാരുടെയും മറ്റ് ഹിന്ദുക്കളുടേതുമാണ്.

6. അത്തരം ഭൂമികള്‍ തരിശായി കിടക്കുമ്പോള്‍ മാപ്പിളമാരും നായന്മാരും മറ്റ് ജാതിക്കാരും കാണം, ഒറ്റി തുടങ്ങിയ അവകാശങ്ങളിന്‍ മേല്‍ ഏറ്റെടുത്ത് കുഴിക്കൂറുകളുണ്ടാക്കുകയും വര്ഷം തോറും കുത്യമായ പാട്ടത്തിന് പുറമെ മറ്റ് പണം കൊടുത്തും ഓരോ പന്ത്രണ്ട് വര്‍ഷത്തിന് ശേഷവും ആദ്യം കൊടുത്ത സംഖ്യയുടെ 20 ശതമാനം പൊളിച്ചെഴുത്ത് ഫീസും കൊടുത്തുവരുന്നു.

7. കലാപങ്ങള്‍ ഉണ്ടാക്കുന്നത് മാപ്പിളമാരാണെന്നുള്ള ധാരണ ജില്ലയിലെ യൂറോപ്യന്‍ ഭരണാധികാരികളില്‍ ഉണ്ടാക്കിയിട്ടുള്ളത് ഹിന്ദുക്കളായ ഉദ്യോഗസ്ഥരും ഭൂവുടമകളുമാണ്. മാപ്പിളമാര്‍ക്ക് ഉയര്ന്ന ഉദ്യോഗമോ ഇംഗ്ലീഷ് പരിജ്ഞാമമോ ഇല്ല. ഈ നിലയില്‍ അവരാണ് കുറ്റവാളികളെന്ന് പ്രഖ്യാപിക്കപ്പെടുന്നു.

8. പക്ഷേ മാപ്പിളമാര്‍ കുറ്റവാളികളായിത്തീരുന്നതും സ്വയം ജീവന്‍ നഷ്ടപ്പെടുത്തുന്നതും ഭൂവുടമകളുടെ മര്‍ദ്ദനം കാരണവും നായന്‍മാരായ ഉദ്യോഗസ്ഥര്‍ അതിനു കൂട്ടുനില്‍ക്കുന്നത് കൊണ്ടുമാണ്.

9. ഭൂവുടമകള്‍ നടത്തുന്ന പള്ളി പൊളിച്ചുമാറ്റലും, മതപരമായ ഭീഷണികളും ക്രൂരമായ മര്‍ദ്ദനവും മാപ്പിളമാരുടെ ഒഴിപ്പിക്കലും മറ്റുമാണ് മലബാറിലെ മാപ്പിളകലാപങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങള്‍.

10. എണ്ണത്തില്‍ നന്നേ കുറവായ ഭൂവുടമകളെയും മുന്‍സീഫ് മാരെയും കൂടുതല്‍ സമ്പത്ത് ആര്‍ജ്ജിക്കുന്നതിനും സഹായിക്കുവാന്‍ വേണ്ടി അനേകം പേരെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുവാനും അപ്രകാരം അസംഖ്യം പെരുടെ ജീവന്‍ നശിപ്പിക്കുവാനും ഇടവരുത്തുവാന്‍ പാടുണ്ടോ എന്ന കാര്യത്തില്‍ ഏതാണ് ശരിയെന്ന് ഗവണ്‍മെന്‍റ് തീരുമാനിക്കേണ്ടിയിരിക്കുന്നു.


Next Story

Related Stories