TopTop

അസമിലെ 'ഓണം' 'മാഗ് ബിഹു' ഇത്തവണ ആഘോഷിച്ചത് സി എ എ വിരുദ്ധ പോരാട്ടമായി; പ്രതിരോധത്തിൻ്റെ സാംസ്കാരിക വഴികൾ

അസമിലെ

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനായി ലഭ്യമായ എല്ലാ വഴികളും ഉപയോഗിച്ചു പോരാടുകയാണ് അസമിലെ ജനത. പൗരത്വ ഭേദഗതി നിയമത്തിന്റെ കരടു രൂപം പ്രഖ്യാപിച്ചപ്പോള്‍ തന്നെ വലിയ എതിര്‍പ്പുകളുമായി രംഗത്തെത്തിയത് അസമിലെ ജനങ്ങളും വിദ്യാര്‍ത്ഥികളുമായിരുന്നു. തുടര്‍ന്ന് നടന്ന സമരങ്ങളില്‍ അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെങ്കിലും സമരങ്ങളും പ്രതിഷേധങ്ങളും അടുത്തൊന്നും അവസാനിക്കുന്ന ലക്ഷണം കാണാന്‍ കഴിയുന്നില്ല. കഴിഞ്ഞ ദിവസം കര്‍ഷകര്‍ തങ്ങളുടെ വിളവിന്റെ ഒരുഭാഗം നിയമപോരാട്ടത്തിലേര്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ ചിലവുകള്‍ക്കായി സംഭാവന ചെയ്തുവെന്ന വാര്‍ത്തകളും വരികയുണ്ടായി. ഇപ്പോഴാകട്ടെ അസമിലെ കൊയ്ത്തുത്സവമായ മാഗ് ബിഹു എന്ന ആഘോഷത്തെ പൗരത്വ ഭേദഗതി ബില്ലിനെതിരായ പോരാട്ടങ്ങളുടെ വേദിയായി മാറ്റിത്തീര്‍ക്കുവാന്‍ ശ്രമിക്കുകയാണ് അസം ജനത.

സാധാരണയായി ജനുവരി 14, 15 തിയ്യതികളിലാണ് അസമിലുടനീളം മാഗ് ബിഹു ഉത്സവം ആഘോഷിച്ചുവരുന്നത്. കൊയ്ത്തിനുശേഷം ലഭിച്ച പുതുവിളവിന്റെ ഒരുപങ്കെടുത്തു സുഹൃത്തുകളും അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്ന് പങ്കുവെച്ചു വലിയ വിരുന്നോടെയാണ് മാഗ് ബിഹു ആഘോഷിക്കുന്നത്. ഇടിച്ച അരിയും തേങ്ങയും, എള്ളും ചേര്‍ത്ത് നിര്‍മ്മിച്ച 'നാരിയല്‍ പിത, സുങ്ക പിത, ഗുഹ പിത, ഖിലാ പിത എന്നീ മധുരപലഹാരങ്ങള്‍ പരസ്പരം കൈമാറുന്നതാണ് ഈ ആഘോഷത്തിന്റെ പ്രധാന സവിശേഷത. മാഗ് ബിഹുവിന്റെ ആദ്യ ദിനത്തെ 'ഉറുക്കെ' എന്ന് വിളിക്കുന്നു. അന്ന് വൈകുന്നേരം ജനങ്ങള്‍ എല്ലാം ചേര്‍ന്ന് ബാക്കി വന്ന വൈക്കോലും മറ്റു ചേര്‍ത്ത് പന്ത്രണ്ടടി ഉയരമുള്ളൊരു സ്തംഭം നിര്‍മ്മിക്കും. ചെറുപ്പക്കാരെല്ലാവരും ഈ ദിവസം ഉറങ്ങാതെ മെഹ്ജി സ്തംഭത്തിനു സമീപം ബിഹു ഗാനങ്ങളാലപിച്ചുകൊണ്ടു നൃത്തം ചെയ്യും. മെഹ്ജി സ്തംഭത്തിനു സമീപം കത്തിക്കുന്നതിനായി വിറകും മുളകളും മറ്റും മോഷ്ടിക്കുന്നതിനും മറ്റു കുസൃതികള്‍ക്കും ഇവിടുത്തെ പാരമ്പര്യം അനുവദിക്കുന്നുണ്ട്. ഇങ്ങനെ രസകരമായ രീതിയില്‍ രാത്രി ചിലവഴിക്കുന്നതിനിടയില്‍ അപൂര്‍വ്വാവസരങ്ങളില്‍ വളര്‍ത്തുകോഴിയെയോ മറ്റോ നഷ്ട്ടപെടാറുണ്ട്. പക്ഷെ എല്ലാം ആഘോഷണങ്ങളോടനുബന്ധിച്ച കുസൃതികളായി മാത്രമേ അസമുകാര്‍ കാണാറുള്ളു .

പിറ്റേന്ന് രാവിലെ പ്രധാന ചടങ്ങുകള്‍ക്കുശേഷം ഈ സ്തംഭം കത്തിക്കുന്നു. തങ്ങള്‍ക്കു നല്ല വിളവ് നല്‍കി അനുഗ്രഹിച്ച ദൈവങ്ങളോടുള്ള നന്ദി പ്രകടനവും ഭാവിയിലേക്കുള്ള പൂജയുമായാണ് ഈ ചടങ്ങു കണക്കാക്കുന്നത്. മെജി കത്തിച്ച ചാരം വയലുകളില്‍ വിതറി വളമായി ഉപയോഗിക്കുന്നു, ഇതിനു ശേഷം വീട്ടിലെ മുതിര്‍ന്നവരെ ആദരിച്ചുകൊണ്ടുള്ള ചടങ്ങുകളോടെ ആഘോഷപരിപാടികള്‍ക്കു തുടക്കമാവുന്നു.

വൈകിട്ടോടെ കുടുംബങ്ങള്‍ തങ്ങള്‍ക്കിഷ്ടമുള്ള വിഭവങ്ങള്‍ പാകം ചെയ്തു പരസ്പരം കൈമാറി ആഘോഷത്തിന്റെ മാറ്റുകൂട്ടുന്നു. താറാവിന്റെ മാംസം ഇത്തരം ആഘോഷങ്ങളില്‍ ഒഴിച്ചുക്കൂടാനാവാത്ത വിഭവമാണ് അതോടൊപ്പം തന്നെ അരിയില്‍ നിന്നുണ്ടാകുന്ന ബിയറും ആഘോഷങ്ങളില്‍ വിതരണം ചെയ്യാറുണ്ട്. അസമിലെ താഹി അഹോംസ്, ചൂത്തിയ, ബോഡോ തുടങ്ങിയ നിരവധി ഗോത്ര വിഭാഗങ്ങള്‍ ഇത്തരം ബിയറുകള്‍ വലിയ തോതില്‍ നിര്‍മ്മിക്കുകയും സന്ദര്‍ശകര്‍ക്കുള്ള സ്വാഗതപാനീയമായി നല്‍കുകയും ചെയ്തുവരുന്നു.


കായികപരിപാടികളും, മൃഗങ്ങളുപയോഗിച്ചുള്ള മതസരങ്ങളുമാണ് മാഗ് ബിഹുവിന്റെ മറ്റൊരു പ്രധാന പ്രത്യേകത പൂവന്‍ കോഴികളെ വച്ചുള്ള പന്തയമത്സരങ്ങളും, പോത്തുകളെ ഉപയോഗിച്ചുള്ള മല്‍സരങ്ങളുമാണ്. എന്നാല്‍ സുപ്രീം കോടതി മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരം ഇത്തരം കായിക വിനോദങ്ങള്‍ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

എന്നാല്‍ ഇത്തവണ മാഗ് ബിഹുവിനായി നിര്‍മിക്കുന്ന മെജി സ്തംഭങ്ങളില്‍ പല സ്ഥലങ്ങളിലും 'നോ സി എ എ' എന്നു മുദ്രണം ചെയ്തുവച്ചിരിക്കുന്നതായി കാണാം. ബിഹു ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സംഘാടകരുടെ നിര്‍ദേശപ്രകാരം പലയിടങ്ങളിലും ആഘോഷങ്ങളുടെ തോത് കുറച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ പലയിടങ്ങളിലും ബിഹു ആഘോഷത്തിനായി സമ്മേളിക്കുന്നവര്‍ പൗരത്വബേദഗതി ബില്ലിനെതിരെയുള്ള പോസ്റ്ററുകളും, പ്ലക്കാര്‍ഡുകളും പിടിച്ചു നില്കുന്നതായി കാണാം. സാധാരണയില്‍ നിന്നും വിഭിന്നമായി കത്തിക്കാനുള്ള മെജി സ്തംഭങ്ങളില്‍ സി എ എയെ എതിര്‍ക്കുക, നോ സി എ എ തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ചേര്‍ത്തുവയ്ക്കുകയും കത്തിക്കുകയും ചെയ്തുവരുന്നു

അസമിലെ പ്രശസ്തമായ കോട്ടണ്‍ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ സെക്രട്ടറിയായ രാഹുല്‍ ബൊദ്രലോയ് ടെലിവിഷന്‍ ചാനലുകളിലൂടെ ബിഹു ആഘോഷങ്ങള്‍ സി എ എ വിരുദ്ധ സമരങ്ങളുടെ വേദിയാകാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയുണ്ടായി. ഓള്‍ അസം സ്റ്റുഡന്റസ് അസോസിയേഷന്‍ (അസ്സ) തന്നെയാണ് പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരങ്ങളും സംഘടിപ്പിക്കുന്നതില്‍ മുന്‍പില്‍ നില്കുന്നത്. ശക്തമായി തന്നെ സമര രംഗത്തുള്ള സംഘടന വലിയരീതിയിലുള്ള പൊതുജനപിന്തുണയും നേടിവരുന്നു. ഇതിനോടകം തന്നെ അസമിലെ കര്‍ഷകര്‍ 45000 കിലോയോളം അരി സമരാവശ്യങ്ങള്‍ക്കായി സംഭാവന ചെയ്തിരിക്കുന്നു, വരും ദിവസങ്ങളില്‍ 60000 കിലോയോളം അരി സംഭരിക്കാമെന്നു കരുതുന്നതായും പറയുന്നു.

പതിനൊന്നു വര്‍ഷം മുന്‍പാണ് ആള്‍ അസം സ്റ്റുഡന്റസ് യൂണിയന്റെ (അസ്സു) നേതൃത്വത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ വലിയ ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ തദ്ദേശീയ ജനത സംഘടിപ്പിച്ചതായിരുന്നു ഈ പ്രക്ഷോഭം, ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ വര്‍ദ്ധന കാരണം അസം ജനത സംസ്ഥാനത്ത ഒരു ന്യുനപക്ഷമായി പോകും എന്ന ഭയത്തില്‍ നിന്നായിരുന്നു ഈ പ്രതിഷേധങ്ങളുടെ ഉത്ഭവം. ആറു വര്‍ഷങ്ങളോളം നടന്ന ഈ സമരം അസുവിന്റെ റിപോര്‍ട്ടുകള്‍ പ്രകാരം 860 പേരുടെ ജീവനെടുത്തുകൊണ്ടാണ് അവസാനിച്ചത്. ഒടുവില്‍ അസമിലെ തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന അസം കരാര്‍ ഒപ്പിട്ടതിനു ശേഷം മാത്രമാണ് അവസാനിച്ചത്.

ഇത്തവണത്തെ ബിഹു ആഘോഷങ്ങള്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങളുടെ കൂടെ വേദിയാണ്, അസമിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ പൗരത്വ ബേദഗതി ബില്ലിനെതിരായുള്ള സമരങ്ങള്‍ അടുത്തൊന്നും അവസാനിക്കുവാന്‍ പോകുന്നില്ല. ഒരുപക്ഷെ നിരവധി വര്‍ഷങ്ങള്‍ക്കുമുന്‍പ് പൊതുജന പ്രക്ഷോഭങ്ങള്‍ കാരണം അസം കരാര്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായതുപോലെ ഒരു സാഹചര്യം ഇനിയും സംജാതമാവുമായിരിക്കാം.


മന്നോ വാങ്നാവോ

മന്നോ വാങ്നാവോ

മാധ്യമ പ്രവര്‍ത്തക

Next Story

Related Stories