TopTop
Begin typing your search above and press return to search.

റഷീദ് കാപ്പന്‍ കാരിക്കേച്ചറുകള്‍ വരയ്ക്കും; പക്ഷേ കൂലി കോവിഡിൽ ജോലി പോയവർക്ക് കൊടുക്കണം

റഷീദ് കാപ്പന്‍ കാരിക്കേച്ചറുകള്‍ വരയ്ക്കും; പക്ഷേ കൂലി കോവിഡിൽ ജോലി പോയവർക്ക് കൊടുക്കണം

'ഷെഡ്യൂളി'നും 'ഡെഡ് ലൈനി'നും ഇടയില്‍ പരക്കം പാഞ്ഞ് വാര്‍ത്തകള്‍ എത്തിക്കുന്ന അച്ചടി മാധ്യമ പ്രവര്‍ത്തകരും വിവരങ്ങള്‍ ലൈവായി പറയുന്ന ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കുമുണ്ട് കൊറോണക്കാലത്തെ ജീവിതം പറയാന്‍. വാർത്താശേഖരണത്തിനപ്പുറം പത്രപ്രവർത്തകർ ചിന്തിക്കുന്നത് അപൂർവമാണെന്ന് പറയാറുണ്ട്‌. പക്ഷേ അങ്ങനെ ചിന്തിക്കുന്നവരുമുണ്ട്; അതാണ് കഴിഞ്ഞ 25 വര്‍ഷക്കാലമായി ബംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകനായ റഷീദ് കാപ്പനെ വ്യത്യസ്തനാക്കുന്നത് .

മാര്‍ച്ച് 24ന് വൈകുന്നേരം രാജ്യം ലോക്ക്ഡൗണാവുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചയുടനെ മറ്റൊരു പ്രഖ്യാപനം ഫേ‌സ്ബുക്കിലൂടെ റഷീദ് നടത്തി. രാജ്യം കര്‍ശന നിയന്ത്രണത്തിലായി അടച്ചു പൂട്ടുന്നതോടെ ദരിദ്രരായ ജനങ്ങളെ സഹായിക്കുന്നതിനുള്ള ഒരു നൂതനമായ ആശയവുമായാണ് ഒരു കാര്‍ട്ടൂണിസ്റ്റ് കൂടിയായ ഈ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ എത്തിയത്: അഞ്ഞൂറു രൂപ നല്‍കിയാല്‍ ആര്‍ക്കും അവരുടെ കാരിക്കേച്ചറുകള്‍ വരച്ച് നല്‍കാമെന്നായിരുന്നു അത്.

ആ അഞ്ഞൂറ് രൂപ തനിക്കല്ല നല്‍കേണ്ടത്. ലോക്ഡൗണ്‍ മൂലം ജോലി നഷ്ടമായി ജീവിക്കാന്‍ വകയില്ലാതാവുന്ന നിങ്ങളുടെ അടുത്തും അറിവിലുമുള്ളവര്‍, തെരുവ് കച്ചവടക്കാര്‍, ദിവസ വേതനക്കാര്‍ എന്നിവര്‍ക്കാണ്. ആവശ്യക്കാര്‍ അവരുടെ ഫോട്ടോ അയച്ചു കൊടുക്കുക, അത് നോക്കി അവരുടെ കാരിക്കേച്ചര്‍ വരച്ച് നല്‍കുക എന്ന രീതിയാണ് റഷീദ് പിന്തുടരുന്നത്.

"രാജ്യം ലോക്ക് ഡൗണ്‍ ആയതിന് ശേഷം ഞാന്‍ ഇവിടെ ബംഗളൂരുവിലെ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. രണ്ടു മുന്ന് റിപ്പോർട്ടുകൾ അയച്ചു കൊടുക്കും. പക്ഷെ, ഈ സമയത്ത്, എനിക്ക് തോന്നുന്നത് നമ്മള്‍ക്കൊക്കെ ശമ്പളം ഉള്ളത് കൊണ്ട് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ഒരു അവസരമുണ്ട്, പക്ഷെ, ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍ക്ക് അത്തരമൊരു ഓപ്ഷനുമില്ല.. ഗവണ്‍മെന്റും അതിനുള്ള ഒരു സംവിധാനവും ഇതുവരെ ചെയ്തിട്ടില്ല", കാപ്പൻ പറഞ്ഞു.


"സര്‍ക്കാര്‍ ഇനി എന്തെങ്കിലും സഹായധനം പ്രഖ്യാപിച്ചാല്‍ തന്നെ അത് അവരുടെ കൈയ്യില്‍ കിട്ടുന്നത് വളരെ വൈകിയിട്ടാവും, അത് എന്ന് കിട്ടുമെന്നൊരുറപ്പുമില്ല. അതുകൊണ്ടാണ് ഞാന്‍ എന്റെ കാര്‍ട്ടൂണ്‍ വരക്കാനുള്ള കഴിവ് ഉപയോഗിച്ച് ഇത്തരം ആളുകളെ സഹായിക്കാമെന്ന് തീരുമാനിച്ചത്. സുഹൃത്തുക്കളോടൊക്കെ സമ്മതം ചോദിച്ച് അവരുടെ സഹകരണത്തോടെയാണ് ഇത്തരം ഒരു ആശയം നടപ്പിലാക്കിയത്," കാപ്പൻ തുടർന്നു.

മനസ് വെച്ചാൽ എന്തിനും ഒരു വഴി ഉണ്ടല്ലോ. ആദ്യം തന്നെ 120-ഓളം പേരുടെ ഫോട്ടോകള്‍ കിട്ടി . ദിവസവും അഞ്ച് കാര്‍ട്ടൂണ്‍ വീതമാണ് വരയ്ക്കുന്നത്.

"ഇതിന്റെ പ്രതിഫലം അവര്‍ എനിക്ക് തരുന്നതിന് പകരം അവരുടെ ചുറ്റുവട്ടത്തുള്ള ആളുകളെ സഹായിക്കാന്‍ അത് ഉപയോഗപ്പെടുത്തുന്നുണ്ട്. ഞാന്‍ അഞ്ഞൂറ് രൂപയാണ് പറഞ്ഞിട്ടുള്ളത്. പക്ഷെ, ചിലരൊക്കെ ആയിരം, രണ്ടായിരം, മൂവായിരം മുതല്‍ അയ്യായിരം വരെ പാവപ്പെട്ടവരെ സഹായിക്കാന്‍ നല്‍കിയിട്ടുണ്ടെന്ന് എനിക്ക് അറിയാന്‍ സാധിച്ചു".

ഈ പ്രവൃത്തികൊണ്ട് കുറെ ആളുകള്‍ക്ക് ഉപകാരമുണ്ടാവുകയാണെങ്കില്‍ അത് ഒരു വലിയ നേട്ടമാണെന്നാണ് കാപ്പൻ കരുതുന്നത്.


"ഇപ്പോഴും ആവശ്യക്കാര്‍ ഫോട്ടോകള്‍ അയച്ചു തരുന്നുണ്ട്. അഭ്യര്‍ത്ഥനകള്‍ കൂടി വരുന്നതിനാല്‍ 125-ല്‍ നിര്‍ത്തിയിരിക്കുകയാണ്. ഇന്നലെ വരെ 135 ഓര്‍ഡറുകള്‍ ലഭിച്ചു. 28 കാരിക്കേച്ചറുകള്‍ വരച്ചതിലൂടെ 35,500 രൂപയുടെ സഹായങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചു"


Next Story

Related Stories