Top

അറബിക്കടലില്‍ ചുഴലിക്കാറ്റിന്റെ സാധ്യത കൂടിവരുന്നു, നേരിടാന്‍ കേരളം തയ്യാറാണോ?

അറബിക്കടലില്‍ ചുഴലിക്കാറ്റിന്റെ സാധ്യത കൂടിവരുന്നു, നേരിടാന്‍ കേരളം തയ്യാറാണോ?

കഴിഞ്ഞ കുറച്ചുകാലമായി അറബിക്കടലിലുണ്ടായിട്ടുള്ള ചുഴലിക്കാറ്റുകളുടെ എണ്ണമെടുത്തു പരിശോധിക്കുകയാണെങ്കില്‍ മറ്റു കടലുകളെ അപേക്ഷിച്ച് എണ്ണം വളരെ കുറവാണെന്ന് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ ഈയടുത്ത കാലത്തായി ആ ധാരണകളെല്ലാം തെറ്റിച്ചുകൊണ്ട് അടുത്തടുത്തായി അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതായി കാണാം. വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന രണ്ട് ചുഴലിക്കാറ്റുകള്‍ ഒരുമിച്ചു രൂപംകൊള്ളുന്ന പ്രതിഭാസവും കഴിഞ്ഞ ദിവസം അറബിക്കടലില്‍ സംഭവിക്കുമെന്ന് എന്ന് ഭയപ്പെട്ടിരുന്നു. ക്യാറും മഹായും ഒരുമിച്ചു കാണപ്പെട്ടപ്പോള്‍ രണ്ട് ചുഴലിക്കാറ്റുകള്‍ ഒന്നിച്ചു ചേര്‍ന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറുന്ന ഫ്യൂജിവോറ ഇഫക്ട് സംഭവിക്കുമൊ എന്നു ശാസ്ത്രലോകം സംശയിക്കുകയുണ്ടായി. എന്തുകൊണ്ടാണ് ഇത്തരത്തില്‍ തുടരെ ചുഴലിക്കാറ്റ് ഉണ്ടാകുന്നതെന്നും, കേരളത്തെ അത് ഏതെങ്കിലും രീതിയില്‍ ബാധിക്കുമൊ എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ അപകടസാധ്യത നിരീക്ഷകനായ ഫഹദ് മര്‍സൂഖ് അഴിമുഖത്തോട് സംസാരിക്കുന്നു.

"അറബിക്കടലില്‍ ഈയിടെയായി കൂടുതല്‍ ചുഴലിക്കാറ്റുണ്ടാവുന്നുണ്ടെന്ന് നമുക്ക് പൂര്‍ണ്ണമായും പറയാന്‍ കഴിയില്ല. കഴിഞ്ഞ ഒരു 130 വര്‍ഷത്തെ ചുഴലിക്കാറ്റുകളുടെ ചരിത്രമെടുത്തു പരിശോധിക്കുകയാണെങ്കില്‍ മുന്‍പും ഇതുപോലുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ വ്യത്യാസമെന്തെന്നാല്‍ ഇപ്പോഴുണ്ടാകുന്ന ചുഴലിക്കാറ്റിന്റെ തീവ്രത മുന്‍പുണ്ടാകുന്നതിനെ അപേക്ഷിച്ച് കൂടി വരികയാണ്. അറബിക്കടലില്‍ ഇത്രയും വലിയ ചുഴലിക്കാറ്റ് സാധാരണയുണ്ടാകാറില്ല." ഫഹദ് മര്‍സൂഖ് പറഞ്ഞു.

അറബിക്കടലിലെ ചുഴലിക്കാറ്റിന് കാരണം

അതിന്റെ കാരണം ഇന്നതാണ് എന്നു എടുത്തു പറയണമെങ്കില്‍ അതിനെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയമായി പഠിക്കേണ്ടതുണ്ട്. എന്നാല്‍ പൊതുവിലുള്ള ഒരു കാരണം എന്ന നിലയ്ക്ക് സമുദ്രോപരിതലത്തിലെ ചൂടിനെ ചൂണ്ടിക്കാണിക്കാവുന്നതാണ്. സമുദ്രോപരിതലത്തിലെ ചൂട് ഇപ്പോള്‍ വലിയ രീതിയില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തന്നെ അറബിക്കടലില്‍ ഇനിയും ചുഴലിക്കാറ്റുകള്‍ രൂപം കൊള്ളും എന്നാണ് ഞങ്ങള്‍ കരുതുന്നത്. ചുഴലിക്കാറ്റുണ്ടാകുന്നതിനായുള്ള കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സമുദ്രോപരിതലത്തിലെ ചൂട് തന്നെയാണ്. അതായത് കടലിന്റെ മേല്‍പാളിയിലുണ്ടാകുന്ന ചൂട് വര്‍ദ്ധിക്കുന്ന അവസ്ഥ. അന്തരീക്ഷ താപനില കൂടുന്നതിനനുസരിച്ചാണ് അതും സംഭവിക്കുന്നത്. 27 ഡിഗ്രിയില്‍ കൂടുതല്‍ ചൂട് കടലിലെ അന്തരീക്ഷത്തിനുണ്ടെങ്കില്‍ അവിടെ ചുഴലിക്കാറ്റുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. താപനില ഉയരുന്നത് മാത്രമാണ് കാരണം എന്നു ഞാന്‍ പറയില്ല. എന്നാല്‍ അതും കൂടി കാരണമാണ്.

കാലാവസ്ഥ വ്യതിയാനം കൊണ്ട് സംഭവിക്കുന്നത്

കാലാവസ്ഥ വ്യതിയാനം കൊണ്ട് സംഭവിക്കുന്നത് എന്താണെന്നു വെച്ചാല്‍ 'എക്സ്ട്രീമുകള്‍' ഉണ്ടാവും എന്നതാണ്. മഴയാണെങ്കിലും ചൂടാണെങ്കിലും ചുഴലിക്കാറ്റുകളാണെങ്കിലും ഏറ്റവും ഉയര്‍ന്ന തോതിലാണ് ഉണ്ടാവുക. ചുഴലിക്കാറ്റുകളുടെ കാര്യം പറയുകയാണെങ്കില്‍ ഉണ്ടാവുന്നവയുടെയെല്ലാം തീവ്രത വളരെ കൂടുതലായിരിക്കും. അതുപോലെ തന്നെ വളരെ അപൂര്‍വ്വമായി കാണുന്നതാണ് അറബിക്കടലില്‍ ഒരേ സമയം രണ്ട് ചുഴലിക്കാറ്റ് ഉണ്ടാവുക എന്നത്. അടുത്ത കാലത്തൊന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. അവ രണ്ടും കൂടിച്ചേരുന്ന ഒരു സാഹചര്യം പോലും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല. പസഫിക്കിലും അറ്റ്ലാന്റിക്കിലും ഇങ്ങനെയുള്ള സാഹചര്യം ഉണ്ടാകാറുണ്ട്. ചുഴലിക്കാറ്റ് ഉണ്ടാവാന്‍ സാധ്യതയുള്ള രണ്ട് കാലഘട്ടം എന്നു പറയുന്നത് ഏപ്രില്‍, മെയ് മാസങ്ങളിലും ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലുമാണ്. അതില്‍ തന്നെ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് കൂടുതല്‍ സാധ്യത.

കേരളത്തിലെ വെള്ളപ്പൊക്കത്തിനു കാരണം

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റുണ്ടാകുമ്പോഴും അത് കേരളത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. അറബിക്കടലിനു മുകളിലുണ്ടാവുന്ന നീരാവി മുഴുവന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗത്തേക്ക് വലിക്കുകയും അത് കരയിലേക്ക് കയറുമ്പോള്‍ മേഘങ്ങളായി മാറുകയും ചെയ്യുന്നു. ആ മേഘങ്ങള്‍ 50 കിലോമീറ്ററോളം സഞ്ചരിക്കുമ്പോള്‍ പശ്ചിമഘട്ടത്തില്‍ തട്ടി നില്‍ക്കുകയും കേരളത്തില്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു. ഓഗസ്റ്റില്‍ അതാണ് കേരളത്തില്‍ സംഭവിച്ചതും. ഒഡിഷ ഭാഗത്തുണ്ടായ ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റുമെല്ലാമാണ് കേരളത്തില്‍ മഴയും വെള്ളപ്പൊക്കവുമെല്ലാം ഉണ്ടാക്കിയത്.

ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കുമൊ?

പ്രധാനപ്പെട്ട ഒരു കാര്യം എന്താണെന്നുവച്ചാല്‍ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നതാണ്. ചുഴലിക്കാറ്റിനേയും ചുഴലിക്കാറ്റിന്റെ ചലനത്തേയും സ്വാധീനിക്കുന്ന ബലമാണ് കോറിയോളിസ് ഫോഴ്സ്. അതായത് ഭൂമിയുടെ കറക്കം കാരണമുണ്ടാകുന്ന ഒരു ഫോഴ്സ്. അത് ചെറിയ ന്യൂനമര്‍ദ്ദങ്ങളെയൊന്നും സ്വാധീനിക്കുന്നില്ല. എന്നാല്‍ 100 കിലോമീറ്ററൊക്കെ വിസ്തൃതിയുള്ള സിസ്റ്റത്തിനെ കോറിയോളിക് ഫോഴ്സ് സ്വാധീനിക്കും. ചുഴലിക്കാറ്റിനെ ഇത് വടക്കു പടിഞ്ഞാറന്‍ മേഖലയിലേക്ക് തിരിച്ചുവിടും. അറബിക്കടലിന്റെ കിഴക്കന്‍ ഭാഗത്തായുള്ള കേരളത്തെ അതുകൊണ്ട് തന്നെ ചുഴലിക്കാറ്റ് ബാധിക്കുന്നില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ 130 വര്‍ഷത്തെ ചരിത്രത്തില്‍ നേരിട്ട് ചുഴലിക്കാറ്റ് കേരളത്തെ ബാധിച്ചിട്ടുള്ളത് കേവലം രണ്ട് തവണ മാത്രമാണ്. അതൊന്നും തന്നെ തീവ്ര ചുഴലിക്കാറ്റുകള്‍ ആയിരുന്നില്ല താനും.

പിന്നെയുള്ളൊരു കാരണം ഭൂമധ്യരേഖയാണ്. കേരളത്തില്‍ നിന്നും അടുത്താണ് ഭൂമധ്യരേഖ സ്ഥിതി ചെയ്യുന്നത്. ഭൂമധ്യരേഖയില്‍ ഒരിക്കലും ചുഴലിക്കാറ്റ് രൂപം കൊള്ളുകയുമില്ല. ഭൂമധ്യരേഖ കഴിഞ്ഞ് ചുഴലിക്കാറ്റ് രൂപം കൊള്ളാനുള്ള സാധ്യതയുള്ളത് ശ്രീലങ്കന്‍ പ്രദേശങ്ങളിലാണ്. അവിടെ രൂപം കൊള്ളുന്ന ചുഴലിക്കാറ്റ് കേരളത്തെ ശക്തമായി ബാധിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.

ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്‍കരുതലുകള്‍

ഓഖി സമയത്ത് മുന്നറിയിപ്പു ലഭിക്കാന്‍ വൈകിയിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍ മുന്നറിയിപ്പു സംവിധാനങ്ങള്‍ കുറെക്കൂടി വികസിച്ചിരിക്കുന്നു. മുന്നറിയിപ്പു ലഭിക്കുമ്പോള്‍ തന്നെ കണ്‍ട്രോള്‍ റൂം തുറക്കാന്‍ വേണ്ട സംവിധാനങ്ങളും പുറത്തു നിന്നുള്ള ദുരന്ത നിവാരണ സേനയെ എത്തിക്കാനുള്ള സംവിധാനങ്ങളും ഇപ്പോള്‍ ചെയ്യാന്‍ സാധിക്കും. പോലീസിന് ജാഗ്രത നിര്‍ദ്ദേശം നല്‍കുക, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പു നല്‍കുക അത്തരം കാര്യങ്ങളെല്ലാം ഇനി ദ്രുതഗതിയില്‍ ചെയ്യാന്‍ സാധിക്കും.

കൂടാതെ കേരളത്തില്‍ 16 ഇടങ്ങളില്‍ സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നുണ്ട്. അതില്‍ 14 എണ്ണം ഇപ്പോള്‍ നിര്‍മ്മാണത്തിലാണ്. അതില്‍ മാരാരിക്കുളത്തു നിര്‍മ്മിക്കുന്ന ഷെല്‍ട്ടര്‍ ഈ ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കും. സാധാരണയായി ചുഴലിക്കാറ്റും മറ്റ് പ്രകൃതിക്ഷോഭങ്ങളുമെല്ലാം കാരണം മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുന്നവരെ ഈ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റാം. അതുപോലെ തന്നെ അവര്‍ക്കുവേണ്ട അത്യാവശ്യ സാധനങ്ങള്‍ നേരത്തെ തന്നെ സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കും. ഇത് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ളതാണ്. ഓഖിയ്ക്കുശേഷമാണ് കേരളത്തില്‍ ഈ സംവിധാനം കൊണ്ടുവരുന്നത്.

മീന്‍പിടിയ്ക്കാന്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ്, നാവിക് ഉപകരണം എന്നിവ നല്‍കാനും തീരുമാനമുണ്ട്. നാവിക് നല്‍കി തുടങ്ങി എങ്കിലും അങ്ങോട്ടുള്ള ആശയവിനിമയത്തിനു മാത്രമെ അതുകൊണ്ടിപ്പോള്‍ സാധിക്കുകയുള്ളു. മത്സ്യത്തൊഴിലാളികള്‍ കാണുന്ന ഒരു പ്രശ്നം ഇങ്ങോട്ടും അറിയിക്കാനുള്ള സംവിധാനം കൂടി വേണമെന്നുള്ളതാണ്. അതും ഉടന്‍ നടപ്പിലാക്കും.


Next Story

Related Stories