Top

5,000 വര്‍ഷം പഴക്കമുള്ള നഗരം ഇസ്രായേല്‍ ഗവേഷകര്‍ കണ്ടെത്തി

5,000 വര്‍ഷം പഴക്കമുള്ള നഗരം ഇസ്രായേല്‍ ഗവേഷകര്‍ കണ്ടെത്തി

അയ്യായിരം വര്‍ഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ഇസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഇതില്‍ കോട്ടകള്‍, സെമിത്തേരി, ആചാരങ്ങള്‍ നടക്കുന്ന ഇടം എന്നിവ ഉള്‍ക്കൊള്ളുന്നു. തെരുവുകളേയും, പൊതു ഇടങ്ങളേയും, സ്വകാര്യ ഇടങ്ങളേയും വേര്‍തിരിച്ച് സംരക്ഷിക്കുന്ന രീതിയിലാണ് നഗരത്തിന്റെ രൂപഘടന. വെങ്കലയുഗത്തിലെ ഒരു പ്രധാനപ്പെട്ട കണ്ടുപിടിത്തമാണിതെന്ന് പുരാവസ്തു ഗവേഷകനായ യിത്‌സാക് പാസ് സ്ഥലത്തെ എഎഫ്പിയോട് പറഞ്ഞു.

പുരാവസ്തു നിലനില്‍ക്കുന്ന ഈ പ്രദേശം എന്‍ എസൂര്‍ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും, പുരാവസ്തുപരമായി ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വലിയ സ്ഥലങ്ങളില്‍ ഒന്നാണിതെന്ന് പുരാവസ്തു ഗവേഷകനായ ഇറ്റായ് ഏലഡ് പറയുന്നു.

ഈ പുരാതന നഗരത്തില്‍ മനുഷ്യരുടേയും മൃഗങ്ങളുടേയും വ്യത്യസ്തമായ ശില്‍പ്പങ്ങള്‍ കണ്ടെത്തിയതിനൊപ്പം അനുഷ്ഠാനങ്ങള്‍ നടത്തിയിരുന്ന ഒരു ക്ഷേത്രവും കണ്ടെത്തി. അഗ്നിക്കിരയാക്കിയ നിലയില്‍ ജീവികളുടെ അവശിഷ്ടവും ഇവിടെനിന്ന് കണ്ടെടുത്തു. ബലി നടത്തിയിരുന്നു എന്നതിന്റെ തെളിവായിട്ടാണ് ഗവേഷകര്‍ ഇതിനെ കാണുന്നത്. നഗരവത്കരണത്തിന്റെ ആദ്യ ഘട്ടത്തിലേക്കാണ് ഈ പ്രാചീന നഗരം വിരല്‍ ചൂണ്ടുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

മണ്‍പാത്രങ്ങള്‍, കല്ലുകൊണ്ടുള്ള ഉപകരണങ്ങള്‍ എന്നിവയും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. കൃഷിയും, വ്യാപാരവും നടത്തി ആയിരക്കണക്കിന് ആളുകള്‍ ഇവിടെ താമസിച്ചിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്താണ് ആളുകള്‍ ഇവിടെനിന്നും ഒഴിഞ്ഞുപോകാനുണ്ടായ കാരണമെന്ന് കണ്ടെത്തിയിട്ടില്ല.


Next Story

Related Stories