Top

ജോലി ചെയ്യുമ്പോൾ കണ്ണട വയ്ക്കാൻ അനുമതി വേണം- പ്രതിഷേധവുമായി ജാപ്പനീസ് സ്ത്രീകൾ

ജോലി ചെയ്യുമ്പോൾ കണ്ണട വയ്ക്കാൻ അനുമതി വേണം-  പ്രതിഷേധവുമായി ജാപ്പനീസ് സ്ത്രീകൾ

ജോലി ചെയ്യുമ്പോള്‍ കണ്ണട ധരിക്കാനുള്ള അവകാശം വേണമെന്ന് ജാപ്പനീസ് സ്ത്രീകൾ. ജപ്പാനില്‍ സ്ത്രീകള്‍ക്ക് മാത്രം ജോലി സമയത്ത് കണ്ണട വയ്ക്കാന്‍ അവകാശമില്ല. തൊഴിലുടമകള്‍ ഈ വിചിത്രമായ നിയമം അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയിട്ട് കാലമൊരുപാടായി. അതിനെതിരെ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രതിഷേധം ആളിപ്പടരുന്നത്.

'Glasses are forbidden' (ഗ്ലാസുകൾ നിരോധിച്ചിരിക്കുന്നു) എന്ന ഹാഷ് ടാഗുമായാണ് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കർശനമായ നിയമങ്ങൾക്കെതിരായ ഏറ്റവും പുതിയ പ്രതിഷേധം നടക്കുന്നത്. 'ഇവ കാലഹരണപ്പെട്ട നിയമങ്ങളാണ്' എന്ന് ജപ്പാനിലെ ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നു. 'വിഡ്ഢിത്തമെന്ന്' വിശേഷിപ്പിച്ചുകൊണ്ട് രംഗത്തിറങ്ങിയവരും ഉണ്ട്. സ്ത്രീകള്‍ കണ്ണട ധരിക്കുന്നത് പാരമ്പര്യ വിരുദ്ധമാണെന്നാണ് അതിനെ അനുകൂലിക്കുന്നവരുടെ വാദം.

സ്ത്രീകൾ കണ്ണട ധരിക്കുന്നത് മാത്രമാണ് നിയമങ്ങൾ വിലക്കുന്നതെങ്കില്‍, അത് സ്ത്രീകളോടുള്ള കടുത്ത വിവേചനം തന്നെയാണെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ജപ്പാൻ ഡയറക്ടർ കനേ ഡോയി പറഞ്ഞു. ജപ്പാനിലെ സ്ത്രീകള്‍ക്ക് ജോലി സ്ഥലങ്ങളില്‍ ഹീലുള്ള ചെരിപ്പു ധരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. അതിനെതിരെയും ഈ വര്‍ഷമാദ്യം പ്രതിഷേധം ഉയര്‍ന്നിരുന്നു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഏറ്റവും പുതിയ ആഗോള ലിംഗ സമത്വ സൂചികയില്‍ 149 രാജ്യങ്ങളിൽ 110-ആം സ്ഥാനത്താണ് ജപ്പാൻ. മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ പിന്നില്‍.


Next Story

Related Stories