TopTop

'ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കണം', കൊറോണയെ നേരിടാന്‍ മോദിയും മറ്റുള്ളവരും കണ്ടുപഠിക്കേണ്ടത് കേരളത്തെ: രാജ്ദീപ് സര്‍ദേശായി

കൊറോണ വൈറസ് ബാധയ്‌ക്കെതിരെ കേരളം സ്വീകരിക്കുന്ന നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് സംസ്ഥാന സര്‍ക്കാരുകളും മാതൃകയാക്കണമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജ്ദീപ് സര്‍ദേശായി.

"കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കണം. കേരളത്തില്‍ പൊതുജനാരോഗ്യം എന്നത് സാമൂഹിക ഉത്തരവാദിത്തമാണ്" എന്നും അദ്ദേഹം ട്വിറ്ററില്‍ പറയുന്നു. "കൊറോണ വൈറസ് ബാധ നേരിടുന്നതില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താനിരിക്കുന്ന സാഹചര്യത്തില്‍ കേരളം ഇതുമായി ബന്ധപ്പെട്ട് ചെയ്യുന്ന കാര്യങ്ങള്‍ പ്രധാനമന്ത്രിയും മറ്റുള്ളവരും മാതൃകയാക്കണ"മെന്നാണ് സര്‍ദേശായി പറയുന്നത്.

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ കൊറോണ വൈറസ് ബാധ നേരിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സംബന്ധിച്ച വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് സര്‍ദേശായി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വിഭാഗം ട്വിറ്റര്‍ ഉപയോക്താക്കള്‍ ഇക്കാര്യം ശരിവച്ചു കൊണ്ട് അദ്ദേഹത്തെ പിന്തുണയ്ക്കുമ്പോള്‍ മറ്റൊരു വിഭാഗം കടുത്ത എതിര്‍പ്പും പ്രകടിപ്പിക്കുന്നുണ്ട്. കേരളം ഐഎസ് തീവ്രവാദികളുടെ കേന്ദ്രമാണ് എന്നും വെറും വാചകമടിയും പി.ആര്‍ പരിപാടിയുമാണ് നടക്കുന്നതെന്നുമാണ് എതിര്‍പ്പുയര്‍ത്തുന്നവരുടെ ആക്ഷേപം. ഉത്തര്‍ പ്രദേശിനെ കണ്ടുപഠിക്കുകയാണ് കേരളം ചെയ്യേണ്ടതെന്ന് വാദിക്കുന്നവരുമുണ്ട്.



കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് വ്യക്തമാക്കുകയുണ്ടായി. ഞായറാഴ്ച ജനങ്ങള്‍ പുറത്തിറങ്ങാതെ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയുന്ന 'ജനത കര്‍ഫ്യൂ'വിന് ആഹ്വാനം ചെയ്ത അദ്ദേഹം വൈകിട്ട് അഞ്ചു മണിക്ക് കൈ കൊട്ടിയും പാത്രങ്ങള്‍ ഉപയോഗിച്ച് ശബ്ദമുണ്ടാക്കിയും ആരോഗ്യ പ്രവര്‍ത്തകരെയും കൊറോണ വൈറസിനെതിരെ പോരാടുന്ന മറ്റുള്ളവരെയും ആദരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊറോണ ബാധ മൂലമുണ്ടാകുന്ന സാമ്പത്തിക തിരിച്ചടികളെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ ഒരു ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ നടക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി കൊറോണ വൈറസ് നേരിടുന്ന കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കൊറോണ ബാധ മൂലം ഒട്ടുമിക്ക മേഖലകളും പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ സഹായവും ആവശ്യമുണ്ട്. ജനങ്ങള്‍ പ്രതിസന്ധിയിലാകുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സാമ്പത്തിക പാക്കേജ് അടക്കം പ്രഖ്യാപിച്ചത് മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കാനും സാധ്യതയുണ്ട്.

കൊറോണ വ്യാപനം സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. സാമ്പത്തികമേഖലയെ തിരിച്ചുപിടിക്കാന്‍ ചില തീരുമാനങ്ങള്‍ സര്‍ക്കാരെടുത്തതായും ഇതിന്റെ ഭാഗമായി 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നടപ്പാക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. വരുന്ന മാസങ്ങളില്‍ കുടുംബശ്രീ വഴി 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കുടുംബങ്ങള്‍ക്കാണ് ഈ വായ്പ ലഭ്യമാകുക. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഓരോ മാസവും 1000 കോടി രൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. ആകെ രണ്ടായിരം കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഏപ്രിലിലാണ് നല്‍കേണ്ടത്. ഇത്തവണ കൊറോണവ്യാപന പശ്ചാത്തലം കണക്കിലെടുത്ത് ഒരു മാസം നേരത്തെ നല്‍കും. മാര്‍ച്ച് അവസാനത്തില്‍ ഇത് എല്ലാവര്‍ക്കും ലഭ്യമാക്കും. രണ്ട് മാസത്തെ പെന്‍ഷന്‍ തുക 1320 കോടി രൂപ വരും.

ബിപിഎല്‍, അന്ത്യോദയ റേഷന്‍ കാര്‍ഡുകളുള്ള കുടുംബങ്ങള്‍ പലതും വലിയ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരായിട്ടുണ്ട് എന്നും സാമൂഹ്യസുരക്ഷാ പെന്‍ഷനുകളിലാത്ത കുറച്ചുപേരുണ്ടാകുമെന്നും ഇവര്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ പ്രയാസങ്ങളിലാകുമെന്നത് മുന്നില്‍ക്കണ്ട് ആയിരം രൂപ വീതം അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനായി 100 കോടിരൂപ വിനിയോഗിക്കും. സംസ്ഥാനത്താകെ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം നല്‍കും. ബിപിഎല്‍, അന്ത്യോദയയ്ക്ക് പുറമെയുള്ളവര്‍ക്ക് പത്ത് കിലോ വീതമാണ് നല്‍കുക. ഇതിന് 100 കോടി രൂപ വേണ്ടി വരും. നേരത്തെ പ്രഖ്യാപിച്ച ഭക്ഷണശാലകള്‍ ഏപ്രിലില്‍ തന്നെ ആരംഭിക്കും. 1000 ഭക്ഷണശാലകള്‍ ആരംഭിക്കും. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് 20 രൂപയായിരിക്കും ഭക്ഷണത്തിന് വില. നേരത്തെ ഇത് 25 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം ഒരു ആരോഗ്യ പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനായി 500 കോടി രൂപ വകയിരുത്തി. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശികകള്‍ പൂര്‍ണമായും ഏപ്രിലില്‍ കൊടുത്തു തീര്‍ക്കും. ഇതിനായി 14,000 കോടി രൂപ വേണ്ടി വരും. കൊറോണ വ്യാപനതക്തെത്തുടര്‍ന്ന് ജനജീവിതത്തിലുണ്ടാകുന്ന സാമ്പത്തിക പ്രയാസങ്ങള്‍ വലിയ തോതില്‍ ഇതുവഴി പരിഹരിക്കാനാകുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി പങ്കുവെച്ചു.


Next Story

Related Stories