TopTop

"രാവിലെ ലോഹ്യ, വൈകുന്നേരം ഗാന്ധി, രാത്രി മുഴുവന്‍ ഗോഡ്‌സെ": ആര്‍എസ്എസ് തലവന്റെ മാതൃഭൂമി ലേഖനത്തെ വിമര്‍ശിച്ച് കമല്‍റാം സജീവ്

"രാവിലെ ലോഹ്യ, വൈകുന്നേരം ഗാന്ധി, രാത്രി മുഴുവന്‍ ഗോഡ്‌സെ": ആര്‍എസ്എസ് തലവന്റെ മാതൃഭൂമി ലേഖനത്തെ വിമര്‍ശിച്ച് കമല്‍റാം സജീവ്

മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോട് അനുബന്ധിച്ച് പ്രത്യേക പതിപ്പായി ഇറക്കിയ മാതൃഭൂമി ദിനപ്പത്രം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. വിവിധതുറകളില്‍ പെട്ടവരുടെ ലേഖനങ്ങളും സ്മരണകളും ഉള്‍പ്പെടുത്തി മൂന്ന് പേജായാണ് മഹാത്മാഗാന്ധി പ്രത്യേക പതിപ്പ് ഇറക്കിയിരിക്കുന്നത്. എന്നാല്‍ ആറാം പേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ലേഖനമാണ് വിമര്‍ശനത്തിന് കാരണം. 'മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം' എന്ന തലക്കെട്ടോടെയാണ് ലേഖനം. ആര്‍എസ്എസ് സ്വയംസേവകരുടെ അച്ചടക്കം ജാതി-ഉപജാതി ചിന്തകളുടെ പൂര്‍ണമായ അഭാവം എന്നിവയില്‍ ഗാന്ധിജി സന്തോഷം പ്രകടിപ്പിച്ചിരുന്നു എന്ന് പറയുന്ന ഭാഗവത് മഹാത്മാഗാന്ധി ആര്‍എസ്എസുമായി അടുത്തു നിന്നിരുന്നുവെന്നാണ് പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ മോഹന്‍ ഭാഗവതിന് പറയാനുള്ളത് അയാള്‍ പറഞ്ഞുവെന്നും മറ്റുള്ളവര്‍ക്ക് പറയാനുള്ളതും മാതൃഭൂമി പ്രസിദ്ധീകരിക്കുന്നുണ്ടെന്നുമാണ് ഇതേക്കുറിച്ച് പത്രത്തിലെ വാര്‍ത്തകളുടെയും ലേഖനങ്ങളുടെയും ചുമതലയുള്ള എക്സിക്യൂട്ടീവ് എഡിറ്റര്‍ പി ഐ രാജീവ് അഴിമുഖത്തോട് പ്രതികരിച്ചത്. അതേസമയം സംഘപരിവാരത്തിന് കേരളത്തിലെ ബുദ്ധിഅജണ്ട നിര്‍മ്മിച്ചു കൊടുക്കുന്ന ആസൂത്രിത മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഇതെന്ന് മാതൃഭൂമി മുന്‍ അസിസ്റ്റന്‍റ് എഡിറ്റര്‍ കമല്‍റാം സജീവ് വിമര്‍ശിക്കുന്നു. അഴിമുഖം പ്രതിനിധിയുമായി അദ്ദേഹം നടത്തിയ അഭിമുഖം:

ഗാന്ധിയുടെ രക്തം പുരണ്ട മണ്ണ് എഡിറ്റോറിയലിന് മുന്നിലെ ചില്ലുകൂട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രം അഭിമാനത്തോടെ ഒന്നാം പേജില്‍ കൊടുക്കുന്ന മാതൃഭൂമി ഉള്‍പ്പേജില്‍ അദ്ദേഹത്തിന്റെ ഘാതകരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആര്‍എസ്എസിന്റെ തലവന് ഇടംകൊടുക്കുന്നതിനെ മാധ്യമ ധര്‍മ്മമെന്ന് എങ്ങനെയാണ് വിശേഷിപ്പിക്കാനാകുക?

നിഷ്‌കളങ്കമായി സംഭവിക്കുന്ന അബദ്ധങ്ങളായി ഇതിനെ കാണേണ്ടതില്ല. സംഘപരിവാരത്തിന് കേരളത്തിലെ ബുദ്ധിഅജണ്ട നിര്‍മിച്ചു കൊടുക്കുന്ന ആസൂത്രിത മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമാണിത്. തങ്ങള്‍ തന്നെ 'രക്തം പുരണ്ട മണ്ണാ'യും ' ഗാന്ധിജി ഇരുന്ന കസേര'യായുമൊക്കെ വിറ്റുകൊണ്ടിരുന്ന സാംസ്‌കാരിക മൂലധനം പോലും അവര്‍ മറിച്ചുവിറ്റു കഴിഞ്ഞു. ഇടതുപക്ഷത്തെയും ന്യൂനപക്ഷങ്ങളെയും അടിസ്ഥാന രഹിതമായി ആക്രമിച്ചുകൊണ്ടും കേരളത്തിന് മുന്‍പ് അപരിചിതമായ തീവ്രവലതുപക്ഷ പ്രചാരണങ്ങള്‍ വാര്‍ത്തകള്‍ എന്ന വ്യാജേന സൃഷ്ടിച്ചുകൊണ്ടും നടത്തുന്ന കടുത്ത വര്‍ഗീയവല്‍ക്കരണത്തിനാണ് ഇവര്‍ അച്ചടി ദൃശ്യ മാധ്യമങ്ങളിലൂടെ ശമിക്കുന്നത്. ഈ ലേഖനം പ്രസിദ്ധീകരിക്കുക വഴി ആര്‍ എസ് എസ്സ് എന്തു കുറ്റമാണ് ചെയ്തത്? അവര്‍ അവരുടെ ആശയം പ്രചരിപ്പിക്കുന്നു, മറ്റെന്താണ് അവരില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ, കൂട്ടുചേര്‍ന്ന് ഈ പത്രം കെണിയില്‍ വീഴ്ത്തുന്നവരുടെ ആശയ ബലഹീനതയും നിലപാടില്ലായ്മയുമാണ് എന്നെ ഭയപ്പെടുത്തുന്നത്.

എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയും എന്നാല്‍ സംഘപരിവാറിന് കീഴ്പ്പെടുകയും ചെയ്യുന്നതല്ലേ വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയം? മീശ നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ വീരേന്ദ്രകുമാര്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തി മാപ്പ് എഴുതി നല്‍കിയതും ഇതിന്റെ തുടര്‍ച്ചയല്ലേ?

സാധാരണക്കാരായ വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും ഇക്കാര്യം മനസിലാകുമ്പോഴും കേരളത്തിന്റെ ഇടതുപക്ഷ ബോധം ഈ ആപത്തിന്റെ, അപകടത്തിന്റെ ആഴം വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് ഭയപ്പെടുത്തുന്നത്. വര്‍ഗീയതയും മതേതരത്വ വിരുദ്ധതയും ഇത്ര തീവ്രമായി സിരകളിലേറ്റുന്ന മാധ്യമ ഗ്രൂപ്പിന്റെ അധ്യക്ഷന്മാര്‍ക്ക് വൈകുന്നേരം നവോത്ഥാനത്തെപ്പറ്റി പ്രസംഗിക്കാന്‍ സ്റ്റേജും കൊടിയും കെട്ടിക്കൊടുക്കുന്നത് ആര്‍.എസ്.എസ്സല്ല, വ്യാജവാര്‍ത്തകള്‍ കൊണ്ടും പ്രചാരണങ്ങള്‍ കൊണ്ടും അവര്‍ തന്നെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ഇടതുപക്ഷമാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തെ കൊന്നു കുഴിച്ചിട്ട് സമുദായ നേതാവിന്റെ മുന്നില്‍ മാപ്പിരന്നതിനു ശേഷം നേരെ വരുന്നത് 'ഇന്ത്യയില്‍ ഫാസിസം പിടിമുറുക്കുന്നു' എന്ന് മുതലക്കുളത്ത് ഇടതു പൊതുയോഗത്തില്‍ പ്രസംഗിക്കാനാണ്. സ്വന്തം പത്രത്തില്‍ അങ്ങോളമിങ്ങോളം ഫാസിസം. കിഡ്‌സണ്‍ കോര്‍ണറില്‍ മാത്രം ഫാസിസ്റ്റ് വിരുദ്ധത.

EDITORIAL: റോഡ് ക്ലീന്‍ ചെയ്യാനും വൃത്തിയെക്കുറിച്ച് ഉപന്യാസം രചിക്കാനുമുള്ള വിഷയം മാത്രമല്ല മഹാത്മാ ഗാന്ധി

ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത ഇരട്ടത്താപ്പ്. രാവിലെ ലോഹ്യ, വൈകുന്നേരം ഗാന്ധി, രാത്രി മുഴുവന്‍ ഗോഡ്‌സെ! ഇത് പക്ഷേ, കേരളത്തിലെ സാംസ്‌കാരിക ഇടതുപക്ഷത്തെപ്പോലും അസ്വസ്ഥരാക്കുന്നില്ല. സംഘപരിവാരത്തിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യ ധ്വംസനത്തിന്റെ പേരില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചു കൊടുത്തവര്‍ സംഘപരിവാറിനു വേണ്ടി സ്വന്തം പത്രത്തില്‍ ആവിഷ്‌കാരസ്വാതന്ത്യം കുരുതി കൊടുത്തവര്‍ നല്‍കിയ അവാര്‍ഡ് തലയിലേറ്റി നടത്തുന്ന ഫാസിസ്റ്റ് വിരുദ്ധ ഗീര്‍വാണങ്ങള്‍ ആരാണ് വിശ്വാസത്തിലെടുക്കുക?

ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ മാതൃഭൂമിയുടെ ഈ ഇരട്ടത്താപ്പ് കാണാമായിരുന്നില്ലേ?

അതില്‍ മാത്രമല്ല, കടുത്ത വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തിയും പുറത്താക്കിയും ഇപ്പോള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലായി നടപ്പിലാക്കപ്പെടുന്ന തീവ്രഹിന്ദുത്വവല്‍ക്കരണത്തില്‍ ഇവര്‍ എടുക്കുന്ന നിലപാടുകള്‍ ദൂരവ്യാപകമായി ദുരന്തങ്ങള്‍ കൊണ്ടുവരുന്നതാണ്. ഈ ഇരട്ടത്താപ്പുകാര്‍ക്ക് സംരക്ഷണം നല്‍കുന്നത് വഴി കേരളത്തിലെ ഇടതുപക്ഷം വലിയ വില കൊടുക്കേണ്ടി വരും.


Next Story

Related Stories