TopTop
Begin typing your search above and press return to search.

കരിക്കന്‍ വില്ല കൊലക്കേസ് തെളിയിച്ചതാര്? 40 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും തുറക്കുന്ന വിവാദം, 'മദ്രാസിലെ മോന്‍' എന്ന മൊഴിയില്ല എന്നു വെളിപ്പെടുത്തല്‍-ഭാഗം 1

കരിക്കന്‍ വില്ല കൊലക്കേസ് തെളിയിച്ചതാര്? 40 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും തുറക്കുന്ന വിവാദം, മദ്രാസിലെ മോന്‍ എന്ന മൊഴിയില്ല എന്നു വെളിപ്പെടുത്തല്‍-ഭാഗം 1
തിരുവല്ലയ്ക്ക് അടുത്ത് മീന്തലക്കരയില്‍ കരിക്കന്‍ വില്ലയില്‍ രാവിലെ പതിവ് പോലെ ജോലിക്ക് വന്ന ഗൗരി മുന്‍വശത്ത് നിന്നും പലതവണ വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ പിന്‍ഭാഗത്തേക്ക് പോയി. അടുക്കളയിലെ വാതിലിലൂടെ വിളിക്കാന്‍ നോക്കിയപ്പോള്‍ അവര്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ പ്രമാദമായ ഒരു കേസിലെ ആദ്യ ദൃശ്യമായിരുന്നു അത്. വയറ്റില്‍ കത്തി കുത്തി...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >

തിരുവല്ലയ്ക്ക് അടുത്ത് മീന്തലക്കരയില്‍ കരിക്കന്‍ വില്ലയില്‍ രാവിലെ പതിവ് പോലെ ജോലിക്ക് വന്ന ഗൗരി മുന്‍വശത്ത് നിന്നും പലതവണ വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ പിന്‍ഭാഗത്തേക്ക് പോയി. അടുക്കളയിലെ വാതിലിലൂടെ വിളിക്കാന്‍ നോക്കിയപ്പോള്‍ അവര്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ പ്രമാദമായ ഒരു കേസിലെ ആദ്യ ദൃശ്യമായിരുന്നു അത്.

വയറ്റില്‍ കത്തി കുത്തി നിര്‍ത്തിയ നിലയില്‍ വീട്ടുടമ റേയ്ച്ചല്‍ കിടക്കുന്നു. തൊട്ടപ്പുറത്ത് ചോരയില്‍ കുളിച്ച് ഭര്‍ത്താവ് ജോര്‍ജ്ജും. കെ സി ജോര്‍ജ്ജ് (63), റേയ്ച്ചല്‍ ജോര്‍ജ്ജ് (കുഞ്ഞമ്മ-56) എന്നീ മധ്യവയസ്സ് കഴിഞ്ഞ ദമ്പതികള്‍ കൊല്ലപ്പെട്ട കരിക്കന്‍ വില്ല കൊലക്കേസ് നാല്‍പ്പത് വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. 1980 ഒക്ടോബര്‍ ആറിനാണ് തിരുവല്ല മീന്തലയ്ക്കരയില്‍ നാടിനെ ഞെട്ടിച്ച ദാരുണ കൊലപാതകം നടന്നത്.

കേസിലെ ഒന്നാം പ്രതിയായിരുന്ന റെനി ജോര്‍ജ്ജ് മാനസാന്തരപ്പെടുകയും ജയില്‍ മോചിതനായ ശേഷം സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയും ചെയ്തതോടെ കരിക്കന്‍ വില്ല കൊലക്കേസ് കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ അപൂര്‍വ്വ കേസുകളില്‍ ഒന്നായി അടയാളപ്പെടുത്തപ്പെട്ടു. എന്നാല്‍ അതിനു മുന്‍പേ തന്നെ ഈ സംഭവത്തിന് ജന ശ്രദ്ധ എത്രത്തോളം കിട്ടിയിരുന്നു എന്നു തെളിയിക്കുന്നതായിരുന്നു ഇതിനെ ഉപജീവിച്ച് 1982ല്‍ പുറത്തിറങ്ങിയ 'മദ്രാസിലെ മോന്‍' എന്ന സിനിമ.

ക്രൈം സ്പോട്ടിലെ വിസിറ്റിംഗ് കാര്‍ഡ്

കൊലപാതകത്തിന്റെ വ്യക്തമായ സൂചനകള്‍ കരിക്കിന്‍വില്ലയിലുണ്ടായിരുന്നു. രക്തത്തില്‍ ചവിട്ടി നടന്നതിന്റെയും വിദേശ നിര്‍മ്മിത ഷൂസുകളുടെയും കാര്‍ പോര്‍ച്ചിലെ മണലില്‍ വാഹനം വന്ന് പോയതിന്റെയും പാടുകള്‍ ഉണ്ടായിരുന്നു. വീട്ടില്‍ നിന്നും റേച്ചലിന്റെ ആഭരണങ്ങളും രണ്ട് റോളക്‌സ് വാച്ചുകളും ടേപ്പ് ‌റെക്കോര്‍ഡറുമാണ് കവര്‍ന്നത്. അതുകൊണ്ട് തന്നെ കവര്‍ച്ച തന്നെയായിരുന്നു അജ്ഞാതരുടെ ലക്ഷ്യം എന്നത് തുടക്കത്തിലേ പോലീസ് ഉറപ്പിച്ചു.

ഏറെക്കാലം കുവൈറ്റിലായിരുന്നു കൊല്ലപ്പെട്ട ജോര്‍ജ്ജും റെയ്ച്ചലും. വിദേശത്തു നിന്നും മടങ്ങിയെത്തിയ ഇവര്‍ക്ക് നാട്ടുകാരുമായോ ബന്ധുക്കളുമായോ ബന്ധമുണ്ടായിരുന്നില്ല. പൊതുവേ ആരെയും വീട്ടിനകത്തേക്ക് കയറ്റുന്ന രീതിയും ഉണ്ടായിരുന്നില്ല. പാര്‍ട്ട് ടൈം ജോലിക്കാരിയായ ഗൗരിയാണ് പുറം ലോകവുമായുള്ള അപൂര്‍വ്വം ബന്ധങ്ങളില്‍ ഒന്ന്. പിന്നെ ആര്‍ക്കാണ് ഇവര്‍ വാതില്‍ തുറന്നുകൊടുത്തത്?


റേയ്ച്ചല്‍ ജോര്‍ജ്ജ്, കെ സി ജോര്‍ജ്ജ്

നിരവധി സാക്ഷികളുടെ മൊഴി എടുത്തെങ്കിലും പോലീസിന് പ്രതികളിലേക്ക് എത്തിച്ചേരാന്‍ യാതൊരു തുമ്പും കിട്ടിയില്ല. കൃത്യം നടക്കുന്ന സ്ഥലത്ത് പ്രതികളിലേക്ക് എത്തിച്ചേരാനുള്ള എന്തെങ്കിലും സൂചന അവര്‍ തന്നെ ഉപേക്ഷിച്ചു പോകാറുണ്ട്. പോലീസ് ഭാഷയില്‍ വിസിറ്റിംഗ് കാര്‍ഡ് എന്ന് അറിയപ്പെടുന്ന ഇത്തരമൊരു തെളിവായി കരിക്കിന്‍വില്ലയില്‍ ഉണ്ടായിരുന്നത് വിദേശ നിര്‍മ്മിത ഷൂസുകളുടെ അടയാളങ്ങള്‍ മാത്രമായിരുന്നു. ആരോ പുറത്തുനിന്നും വന്നുപോയെന്ന് വ്യക്തമായെങ്കിലും ആരെന്ന് നാട്ടുകാര്‍ക്ക് ആര്‍ക്കും അറിയുമായിരുന്നില്ല.

അന്ന് ചെങ്ങന്നൂര്‍ എ.എസ്.പിയായിരുന്ന സിബി മാത്യൂസ് സര്‍വ്വീസില്‍ പ്രവേശിച്ചിട്ട് ആറ് മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. പോലീസ് പരിശീലനം കഴിഞ്ഞ് ലഭിച്ച ആദ്യത്തെ പോസ്റ്റിംഗ് ആയിരുന്നു ചെങ്ങന്നൂര്‍ സബ് ഡിവിഷനിലേത്. ആര്‍ഡിഒ, എ എസ് പി, ഡിവൈ എസ് പി ഓഫീസുകളെല്ലാം അന്ന് ചെങ്ങന്നൂര്‍ ആയിരുന്നു. തിരുവല്ല പോലീസ് സ്‌റ്റേഷന്‍ അതിന്റെ കീഴിലാണ് വരുന്നത്.

രാവിലെ എല്ലാ ദിവസവും പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും വിളിച്ച് അവരവരുടെ സ്റ്റേഷന്‍ പരിധിയില്‍ പ്രത്യേകിച്ച് എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യും. "ഒക്ടോബര്‍ ഏഴിന് രാവിലെ ഏകദേശം ഏഴ് മണിയായപ്പോള്‍ അഡീഷണല്‍ എസ്‌ഐയായിരുന്ന ഗോപാലന്‍ ആചാരി മീന്തലക്കരയില്‍ ഒരു വീട്ടില്‍ രണ്ടുപേര്‍ ചോരയൊലിപ്പിച്ച് ചത്തുകിടക്കുന്നുണ്ടെന്നും ആള് കൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തു. അത് കൊലപാതകമായിരിക്കുമെന്ന് ഒരു തോന്നലുണ്ടായതുകൊണ്ട് ആളുകള്‍ കയറാതെ സീന്‍ ഗാര്‍ഡ് ചെയ്യാന്‍ പറഞ്ഞു. അരമണിക്കൂറില്‍ ഞാനവിടെ എത്തുകയും ചെയ്തു. ആളുകള്‍ കൂടിയിട്ടുണ്ടെങ്കിലും അകത്ത് ആരും കയറിയിരുന്നില്ല. മുന്‍വശത്തെ ഡോര്‍ അടച്ചിരിക്കുകയായിരുന്നെങ്കിലും ലോക്ക് ചെയ്തിരുന്നില്ല. ഞാനും ഗോപാലന്‍ ആചാരിയും കൂടിയാണ് ആദ്യമായി അതില്‍ കയറുന്നത്. നോക്കുമ്പോള്‍ മുന്‍വശത്തെ ഹാളിലെ സെറ്റിയ്ക്ക് താഴെ ജോര്‍ജ്ജ് എന്ന അച്ചായന്‍ രക്തമൊലിപ്പിച്ച് കിടപ്പുണ്ടായിരുന്നു. കാര്‍പ്പെറ്റ് രക്തത്തില്‍ കുതിര്‍ന്നു കിടക്കുകയായിരുന്നു. അടുക്കളയിലേക്കുള്ള കൊറിഡോറില്‍ റെയ്ച്ചല്‍ കിടക്കുന്നത് കാണാമായിരുന്നു." സിബി മാത്യൂസ് ആ ദിവസത്തെ ഓര്‍ത്തെടുത്തു.

ഫോട്ടോഗ്രാഫറെ കൊണ്ടുവരാന്‍ നിര്‍ദ്ദേശം കൊടുത്തു. ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫോട്ടോഗ്രാഫര്‍ ഉണ്ടെങ്കിലും അയാള്‍ ആലപ്പുഴയില്‍ നിന്നും വരണം. അതുകൊണ്ട് ആ നാട്ടിലെ തന്നെ ഏതെങ്കിലും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ മതിയെന്നാണ് പറഞ്ഞത്. ഫിംഗര്‍പ്രന്റ് വിദഗ്ധനെ ആലപ്പുഴയില്‍ നിന്നും കൊണ്ടുവരാനും നിര്‍ദ്ദേശിച്ചു.

നഗരത്തില്‍ നിന്നെത്തിയ ചെറുപ്പക്കാര്‍ എന്ന ആദ്യ സൂചന

"അവധിയിലായിരുന്ന സിഐ അയ്യപ്പന്‍കുട്ടി ആചാരി കൂടി വന്നതോടെ ഞങ്ങള്‍ രണ്ടാളും അകത്തുകയറി നോക്കി. അലമാരിയൊക്കെ തുറന്ന് കിടക്കുന്നു. ആരോ പരിശോധന നടത്തിയതുപോലെ പേപ്പറുകളൊക്കെ ചിതറിക്കിടക്കുന്നു. കിടപ്പുമുറിയില്‍ പണയമെടുത്ത് പണം കൊടുക്കുന്നവര്‍ക്ക് ഉള്ളതുപോലത്തെ ഒരു ഗോദ്‌റേജിന്റെ സേഫ് ഉണ്ടായിരുന്നു. അതും തുറന്നു കിടക്കുന്നുണ്ടായിരുന്നു. അതില്‍ ഒന്നുമുണ്ടായിരുന്നില്ല.ചിതറിക്കിടന്ന പേപ്പറുകള്‍ക്ക് മുകളിലൂടെ ഷൂസിട്ട് ചവിട്ടി നടന്ന രക്തപ്പാടുകള്‍ കണ്ടു. ഞങ്ങള്‍ ആ പേപ്പറുകളില്‍ ചിലത് എടുത്തു. അന്ന് ഇന്ത്യയിലെ പ്രധാന ഷൂസ് നിര്‍മ്മാതാക്കള്‍ ബാറ്റയും കരോണയുമാണ്. അവരുടെ ഷോറൂമുകളുമായി ബന്ധപ്പെട്ടപ്പോള്‍ ആ ഷൂസുകള്‍ അവര്‍ ഉണ്ടാക്കിയതല്ലെന്ന് അറിയാന്‍ കഴിഞ്ഞു. മാത്രമല്ല, പ്രിന്റിലെ അടയാളം വച്ച് അത് അവര്‍ സാധാരണ കാണുന്ന ടൈപ്പ് അല്ലെന്നും അറിയാന്‍ സാധിച്ചു. ഇന്നൊക്കെ ചെറുപ്പക്കാര്‍ ധരിക്കുന്ന ആക്ഷന്‍ ഷൂസ് മോഡലിലുള്ളതായിരുന്നു അത്. അന്ന് അത് ഇവിടെ വ്യാപകമായിട്ടില്ല. അതോടെ കേസിന്റെ ആദ്യത്തെ സൂചന കിട്ടി. നഗരത്തില്‍ നിന്നും വന്ന ചെറുപ്പക്കാര്‍ ആകണം ഇതിന് പിന്നില്‍.

രണ്ടാമത്തെ സൂചന ലഭിച്ചത് അവിടുത്തെ മൃതദേഹം ആദ്യമായി കണ്ട ജോലിക്കാരി ഗൗരിയില്‍ നിന്നായിരുന്നു. ദമ്പതികള്‍ വര്‍ഷങ്ങളോളം കുവൈറ്റില്‍ ജോലി ചെയ്തിട്ട് തിരിച്ചു വന്നതിനാല്‍ ധാരാളം പണമുണ്ട് എന്നായിരുന്നു എല്ലാവരുടെയും ധാരണ. അവര്‍ക്ക് മക്കളില്ലാത്തതിനാല്‍ ബന്ധുക്കളില്‍ പലരും സഹായം ചോദിച്ച് വരാറും ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ആരെയും വീടിനകത്ത് പോലും കയറ്റാറുണ്ടായിരുന്നില്ല. എല്ലാവരെയും സംശയത്തോടെ മാത്രമേ നോക്കിയിരുന്നുള്ളൂ. എന്നാല്‍ സംഭവ ദിവസം സന്ധ്യയ്ക്ക് ചെറുപ്പക്കാരായ ആരോ വന്നിരുന്നതായി ഗൗരി മൊഴി നല്‍കി. അവര്‍ക്ക് അമ്മച്ചി കതക് തുറന്നുകൊടുത്തതായും മൊഴിയിലുണ്ട്. എന്നാല്‍ വന്നവരെ ആരെയും തനിക്ക് അറിയില്ലെന്നും ചായ ഉണ്ടാക്കി കൊടുക്കാന്‍ അമ്മച്ചി പറഞ്ഞത് അനുസരിച്ച് അത് ചെയ്തിട്ട് താന്‍ വീട്ടിലേക്ക് പോയെന്നുമാണ് ഗൗരി പറഞ്ഞത്. ചെറുപ്പക്കാര്‍ തന്നെയാണ് കൃത്യത്തിന് പിന്നിലെന്ന് അതോടെ സ്ഥിരീകരിച്ചു. മാത്രമല്ല, അടുത്ത ബന്ധുക്കളെ പോലും വീടിനകത്തേക്ക് സ്വീകരിക്കാത്ത ജോര്‍ജ്ജും റെയ്ച്ചലും ഈ വന്നവര്‍ക്ക് വാതില്‍ തുറന്ന് കൊടുത്തത് അതില്‍ ഒരാളെങ്കിലും അടുത്ത പരിചയക്കാരനായതിനാലാകും എന്നും മനസ്സിലായി." സിബി മാത്യൂസ് തുടര്‍ന്നു.

ആലപ്പുഴ എസ് പി ടി പി ഗോപിനാഥന്‍ ആഭ്യന്തരമന്ത്രി ടി കെ രാമകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തു പോയിരിക്കുകയായിരുന്നു. അദ്ദേഹം സിബി മാത്യൂസിനെ വിളിച്ച് പിറ്റേ ദിവസം എത്താമെന്ന് പറയുകയും പോസ്റ്റ്‌മോര്‍ട്ടത്തിനയക്കാനുള്ള നടപടികളെക്കുറിച്ച് ചോദിക്കുകയും ചെയ്തു. വൈകിട്ടായപ്പോഴേക്കും ഡിവൈ എസ് പിമാരും വന്നു. "എല്ലാവരുടെയും പൊതുഅഭിപ്രായം കോട്ടയത്ത് സജീവമായിട്ടുള്ള കൊള്ളസംഘങ്ങളില്‍ ആരുടേയോ പണിയാണ് ഇതെന്നാണ്. എന്നാല്‍ പ്രൊഫഷണല്‍സാണ് ഇതിന് പിന്നിലെന്ന് എനിക്ക് തോന്നിയില്ല. വീട്ടില്‍ ഉപയോഗിക്കുന്ന കത്തിയാണ് ആക്രമിക്കാന്‍ ഉപയോഗിച്ചത്. കൊള്ളസംഘങ്ങളോ പ്രൊഫഷണല്‍സോ ആണെങ്കില്‍ ആയുധം കൊണ്ടുവരുമായിരുന്നു." സിബി മാത്യൂസ് പറഞ്ഞു.


കരിക്കന്‍വില്ല

"മദ്രാസിലെ മോന്‍"

അപ്പോഴേക്കും പത്രങ്ങളിലെല്ലാം ഇത് വലിയ വാര്‍ത്തയായി. കോട്ടയം, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ ഇന്നത്തെ പോലെ അന്നും ധാരാളം എന്‍ആര്‍ഐമാര്‍ ഉള്ള കാലമാണ് അത്. മാതാപിതാക്കളെ ഒറ്റയ്ക്കാക്കി വിദേശത്ത് താമസിക്കുന്നവര്‍ക്ക് ഈ സംഭവം ആധിയായി. മലയാള മനോരമയും മംഗളവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുമ്പോള്‍ നടന്ന ഈ സംഭവത്തെ സെന്‍സേഷണല്‍ ആക്കി. 1967ലെ ഇ എം എസ് സര്‍ക്കാരിന് ശേഷം സിപിഎം ആദ്യമായി ഇകെ നായനാരിലൂടെ അധികാരത്തില്‍ വന്നിട്ട് ഏതാനും നാളുകളേ ആയിരുന്നുള്ളൂ. അതിനാല്‍ തന്നെ കമ്മ്യൂണിസ്റ്റുകളുടെ ഭരണകാലത്ത് ഇങ്ങനെ പലതും എന്ന വിധത്തിലായി പ്രചരണം. ആദ്യമായി മന്ത്രിയായ ടി കെ രാമകൃഷ്ണനും സമ്മര്‍ദ്ദമുണ്ടായി. അതോടെ എസ് പിക്കും സമ്മര്‍ദ്ദമായി.

"അദ്ദേഹം തിരുവല്ല ടിബിയില്‍ താമസം തുടങ്ങി. ഈ കേസ് തെളിയിക്കപ്പെടാതെ തിരിച്ച് ആലപ്പുഴയിലേക്ക് പോകില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അതോടെ ഞങ്ങള്‍ക്കും സമ്മര്‍ദ്ദമായി. ഒടുവില്‍ സംഭവം നടന്ന് നാലാം ദിവസമായപ്പോള്‍ മൃതദേഹം ആദ്യമായി കണ്ട ഗൗരി അന്ന് ആലപ്പുഴ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയായിരുന്ന കെ എന്‍ ബാലിനോട് നടത്തിയ വെളിപ്പെടുത്തലാണ് കേസിന് തുമ്പുണ്ടായത്. 'മദ്രാസിലെ മോന്‍' വന്നിട്ടുണ്ട് അവര്‍ ചായ കൊടുക്കണം എന്നാണ് കൊച്ചമ്മ പറഞ്ഞതെന്നായിരുന്നു ആ വെളിപ്പെടുത്തല്‍." സിബി മാത്യൂസ് പറഞ്ഞു.

എന്നാല്‍ എല്ലാവരും പറഞ്ഞ് നടക്കുന്നതുപോലെയും ഇപ്പോള്‍ വിക്കിപീഡിയയില്‍ പോലും എഴുതിവെച്ചിരിക്കുന്നത് പോലെയും മദ്രാസിലെ മോന്‍ എന്ന ഒരു വാക്ക് ഗൗരി തന്നോട് പറഞ്ഞിട്ടില്ലെന്ന് കെ എന്‍ ബാല്‍ അഴിമുഖത്തോട് വെളിപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ ഈ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടക്കാരനും എല്ലാവരും കരുതുന്ന പോലെ സിബി മാത്യൂസ് ആയിരുന്നില്ലെന്നും താനായിരുന്നെന്നുമാണ് ഇദ്ദേഹം പറയുന്നത്.

എല്ലാവരും വിശ്വസിക്കുന്നത് പോലെ 'മദ്രാസിലെ മോന്‍' എന്ന് എന്നോട് പറഞ്ഞിട്ടില്ല. ഗൗരി അവിടുത്തെ പാര്‍ട്ട്‌ടൈം ജീവനക്കാരിയായിരുന്നു. സന്ധ്യയ്ക്ക് ശേഷം അവര്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് വീടിന് മുന്നില്‍ ഒരു കാര്‍ വന്ന് നില്‍ക്കുന്നതായി വീട്ടമ്മയ്ക്ക് തോന്നിയത്. അവര്‍ പുറത്തേക്ക് വന്ന് നോക്കിയപ്പോള്‍ മൂന്ന് വിദേശികളടക്കം നാല് പേരായിരുന്നു ഉണ്ടായിരുന്നത്. വിദേശികളോട് ആ വീട്ടുകാര്‍ക്ക് പ്രത്യേകിച്ചും വീട്ടമ്മയ്ക്ക് പ്രത്യേക താല്‍പര്യമാണ്. അതിനാല്‍ തന്നെ അവര്‍ സ്വീകരിച്ച് അകത്തിരുത്തി. ഗൗരിയോട് ചായ കൂടി തിളപ്പിച്ചിട്ട് പോയാല്‍ മതിയെന്ന് പറയുകയും ചെയ്തു. അതാരാ കൊച്ചമ്മേയെന്ന് ചോദിച്ചപ്പോള്‍ ആ കൊച്ചന്‍ മദ്രാസില്‍ പഠിക്കുന്നതാണെന്നാണ് അവര്‍ മറുപടി പറഞ്ഞതെന്നാണ് ഗൗരി പറഞ്ഞത്. അപ്പച്ചന്റെ (ജോര്‍ജ്ജിന്റെ) അമ്മയുടെ അനുജത്തിയുടെ മകളുടെ മകനാണെന്നും റേയ്ച്ചല്‍ പറഞ്ഞതായി ഗൗരി വെളിപ്പെടുത്തി. അത് ഏത് വീടുകളിലും നടക്കുന്ന ഒരു സ്വാഭാവിക സംഭാഷണമായിരുന്നെന്നും ബാല്‍ പറയുന്നു.

"പോലീസ് മൂന്ന് ദിവസം ചോദ്യം ചെയ്തിട്ടും ഗൗരി വിറങ്ങലിച്ച് നില്‍ക്കുകയായിരുന്നു. എനിക്കറിയില്ല എന്ന സ്ഥിരം പല്ലവിയാണ് അവര്‍ ആവര്‍ത്തിച്ചത്. ഓരോരുത്തരെയും ചോദ്യം ചെയ്യുന്നത് ഞാന്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരാളെ ചോദ്യം ചെയ്യുമ്പോള്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കിയാല്‍ മതി. കണ്ണിന് ഒരിക്കലും കള്ളം പറയാനാകില്ല. അതിപ്പോള്‍ ലോകോത്തര അഭിനേതാവായാലും സാധിക്കില്ല. മൂന്നാം ദിവസവും എസ് പിയോട് ഞാനങ്ങ് പോകുകയാണെന്ന് പറഞ്ഞ് ഗൗരിയുടെ വീട്ടിലെത്തി. അവരാകെ പേടിച്ചിരിക്കുകയായിരുന്നു. ഇത്രയും സുരക്ഷിതമായ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഇത് സംഭവിക്കാമെങ്കില്‍ തങ്ങള്‍ക്ക് ആര്‍ക്കും എന്തും സംഭവിക്കാമെന്ന ഭീതിയാണ് ആ പ്രദേശവാസികള്‍ക്ക ആകെയുണ്ടായിരുന്നത്. അങ്ങനെ വിരണ്ടിരിക്കുകയായിരുന്നു അവരും. എന്തായാലും എന്റെ ഭാഗ്യത്തിന് അവരുടെ സഹോദരനും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ ജീവനക്കാരനുമായ ഗോപാലകൃഷ്ണനും അവിടെയുണ്ടായിരുന്നു. ഞാന്‍ അയാളുടെ സഹായത്തോടെ ഗൗരിയെ കരിക്കിന്‍വില്ലയിലേക്ക് കൂട്ടിക്കൊണ്ട് വന്നു. വരാന്തയുടെ തെക്കേ അറ്റത്ത് ഞങ്ങളുടെ മൂന്ന് പേരുടെയും അടുത്തേക്ക് ആരു വരാത്ത വിധത്തില്‍ ഇരുന്നു. രാവിലെ തുടങ്ങിയ ഈ പണി വൈകിട്ട് ആറ് മണി ആയപ്പോഴാണ് വിജയിച്ചത്. അതുവരെയും കൊച്ചുവര്‍ത്താനമൊക്കെ പറഞ്ഞ് ഇരിക്കേണ്ടി വന്നു. ആ ദുരന്തം കണ്ടതിന്റെ ഷോക്കും അവര്‍ക്കുണ്ടായിരുന്നു. ഒടുവില്‍ അവര്‍ക്ക് ധൈര്യം കൊടുക്കാന്‍ ഗോപാലകൃഷ്ണനും ഇടപെട്ടു. 'ചേച്ചീ പറയ്, അവര് നമ്മളെ എന്ത ചെയ്യാനാണ്. കൊല്ലുകയാണെങ്കില്‍ കൊല്ലട്ടെ.. നമുക്ക് ഒരുമിച്ച് ചാകാം.' എന്നായിരുന്നു അദ്ദേഹം കൊടുത്ത ധൈര്യം. അപ്പോഴാണ് അവര്‍ കാര്യം പറഞ്ഞത്. മദ്രാസിലെ മോന്‍ എന്ന വാക്കേ അവര് പറഞ്ഞിട്ടില്ല. അവര് പറഞ്ഞത് ആ കൊച്ചന്‍ അപ്പച്ചന്റെ കൊച്ചമ്മേടെ മകളുടെ മകനാണ്. മദ്രാസില്‍ പഠിക്കുന്നു എന്നാണ് കൊച്ചമ്മ പറഞ്ഞതെന്നാണ്. അത് കേസ് ഡയറിയില്‍ മദ്രാസിലെ മോന്‍ എന്ന ഒറ്റവാക്കിലെത്തിയിട്ടുണ്ടാകുമെന്നാണ് ഞാന്‍ സംശയിക്കുന്നത്", ബാല്‍ വ്യക്തമാക്കി.


ഗൗരി

എന്തായാലും ദമ്പതികള്‍ക്ക് മദ്രാസിലുള്ള ബന്ധുക്കളെ അന്വേഷിച്ചായി പോലീസിന്റെ അടുത്ത നീക്കം. ജോര്‍ജ്ജിന്റെ വീട് പത്തനംതിട്ടയ്ക്ക് പോകുന്ന വഴി കിടങ്ങന്നൂര്‍ എന്ന സ്ഥലത്താണ്. മല്ലപ്പള്ളിയിലും ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിലും അവര്‍ക്ക് ധാരാളം ബന്ധുക്കള്‍ ഉണ്ട്. രണ്ട് പേരുടെയും ബന്ധുക്കളുടെ ലിസ്റ്റ് എടുത്തപ്പോള്‍ ഒരു ഫാമിലി ട്രീ തന്നെ പോലീസ് ഉണ്ടാക്കി. അവരെല്ലാം എവിടെയാണെന്നായി തുടര്‍ന്നുള്ള അന്വേഷണം. കൂടാതെ ഡിവൈ എസ് പിമാര്‍ പറഞ്ഞതുപോലെ അടുത്ത നഗരങ്ങളിലെ പ്രൊഫഷണല്‍ കുറ്റവാളികളെക്കുറിച്ചുള്ള അന്വേഷണവും നടത്തുന്നുണ്ടായിരുന്നു.

"എന്നാല്‍ ഗൗരി നല്‍കിയ സൂചന ഉത്തരം തരുമെന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. എന്തായാലും അന്വേഷണത്തില്‍ ജോര്‍ജ്ജിന്റെ ഒരു ബന്ധു ഡല്‍ഹിയിലാണെന്ന് മനസ്സിലായി. അവരുടെ മക്കളില്‍ ഒരാളായ റെനി ജോര്‍ജ്ജ് മദ്രാസില്‍ ആണെന്നും മനസ്സിലായി. പ്രായം നോക്കുമ്പോള്‍ ഏതാണ്ട് നമ്മള്‍ സംശയിക്കുന്നവരുടെ പ്രായം തന്നെയാണ്. ഇയാള്‍ക്കാണെങ്കില്‍ വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലെന്നും മനസ്സിലായി. ഡല്‍ഹിയില്‍ പഠിക്കാന്‍ സൗകര്യമില്ലാത്തതുകൊണ്ടല്ല, വീട്ടുകാരുടെ നിയന്ത്രണത്തില്‍ പരമാവധി ദൂരെ പോകാനാണ് മദ്രാസിലേക്ക് പോയതെന്നും വ്യക്തമായി. വരാറുമില്ല, വിളിക്കാറുമില്ല, പണം ആവശ്യപ്പെട്ട് മാത്രം വിളിക്കുമെന്നും അയാളുടെ വീട്ടുകാര്‍ തന്നെ പറഞ്ഞു. ഇതോടെ ഇയാളെ സംശയിക്കാമെന്ന് തോന്നി." കേസന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങിയതിതിനെ കുറിച്ച് സിബി മാത്യൂസ് പറഞ്ഞു.

അന്വേഷണത്തില്‍ ഒരു സിനിമാ ടച്ച്, നടന്‍ എം ജി സോമന്റെ സഹായം

മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ചതിന് ശേഷം മദ്രാസില്‍ സിനിമാക്കാരുമായി ബന്ധമുള്ള സിഐ അയ്യപ്പന്‍കുട്ടി ആചാരിയെയും അബ്ദുള്‍ കരിം എന്ന എസ്‌ഐയെയും ഇയാളെക്കുറിച്ച് അന്വേഷിക്കാന്‍ അയയ്ക്കാന്‍ തീരുമാനിച്ചു. അന്ന് ഇന്നത്തെ പോലെ സംസ്ഥാന പോലീസുകള്‍ തമ്മില്‍ ധാരണകളൊന്നുമില്ല. അന്വേഷിക്കാന്‍ നമ്മള്‍ തന്നെ പോകണം. എസ്ടിഡി സൗകര്യം പോലുമില്ല. ഫോണ്‍ വിളിക്കാന്‍ ട്രങ്ക് ബുക്ക് ചെയ്യണം. നാടക പ്രവര്‍ത്തനങ്ങള്‍ ഒക്കെയുള്ള ആചാരിക്ക് ചലച്ചിത്രതാരം എം ജി സോമനുമായി പരിചയമുണ്ട്. അവര്‍ രണ്ട് പേരും പോയി അദ്ദേഹത്തെ കണ്ടു. എഗ്മൂറിലെ വുഡ്ലാന്‍ഡ് എന്ന ഹോട്ടലിലാണ് അന്ന് സനിമാക്കാര്‍ എല്ലാം താമസം. സ്ഥലം പരിചയമുള്ള ഡ്രൈവറെയും വാഹനവുമണ് സോമനും നടന്‍ ജനാര്‍ദ്ദനനും കൂടി നല്‍കിയത്. റെനി ജോര്‍ജ്ജ് ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠിക്കുന്നതെന്ന് മനസ്സിലാക്കിയിരുന്നു. എന്നാല്‍ അയാള്‍ കോളേജിലേക്കൊന്നും പോകാറുണ്ടായിരുന്നില്ലെന്നാണ് അവിടെ നിന്നും അറിയാന്‍ കഴിഞ്ഞത്. താമസ സ്ഥലം അവര്‍ക്കും അറിയില്ല. അര്‍മേനിയന്‍ സ്ട്രീറ്റില്‍ പല രാജ്യക്കാരായ കുറെ ചെറുപ്പക്കാര്‍ താമസിക്കുന്നുണ്ടെന്ന് വ്യക്തമായി. പോലീസ് ആണെന്നൊന്നും പറയാതെ നടത്തിയ അന്വേഷണത്തില്‍ സല്‍ക്കാര എന്ന ലോഡ്ജിലാണ് റെനി താമസിക്കുന്നതെന്ന് വ്യക്തമായി.

"എല്ലാ ദിവസവും അയ്യപ്പന്‍കുട്ടി ആചാരിയും അബ്ദുള്‍ കരീമും കാര്യങ്ങള്‍ ഞങ്ങളെ അറിയിക്കുന്നുണ്ടായിരുന്നു. മദ്രാസില്‍ ചെന്നതിന്റെ നാലാം ദിവസമാണ് ഇവര്‍ ലോഡ്ജിലെത്തിയത്. അവിടെ റെനി ജോര്‍ജ്ജ് ഉണ്ടായിരുന്നില്ല. മുറിയിലുണ്ടായിരുന്നത് ഹസന്‍ ഗുലാം മുഹമ്മദ് എന്ന മൗറീഷ്യസ് പൗരനായിരുന്നു. റെനിക്കൊപ്പം കേരളത്തില്‍ പോയതായി സമ്മതിച്ചെങ്കിലും മറ്റൊന്നും അയാള്‍ സമ്മതിച്ചില്ല. പക്ഷെ ഞങ്ങളുടെ സംശയം ശരിയാണെന്ന് അതോടെ ഉറപ്പിച്ചു. റെനിയും മലേഷ്യന്‍ പൗരനായ ഗുണശേഖരനും മുറിയില്‍ തിരിച്ചെത്തിയത് വൈകിട്ട് നാല് മണിയോടെയായിരുന്നു. കാത്തിരുന്ന് അവരെയും പിടിച്ചു. തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അവരെ കൊണ്ടുപോയി. വിവരങ്ങളെല്ലാം അറിയിച്ചപ്പോള്‍ ചോദ്യം ചെയ്യാനുള്ള സൗകര്യം അവര്‍ ഒരുക്കി.

പ്രതികള്‍ വല്ലാതെ പരിഭ്രമിച്ച് പോയിരുന്നു. കുറ്റം സമ്മതിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. റെനിയുടെ കയ്യില്‍ ഒരു ബാന്‍ഡ് എയ്ഡ് ഇട്ടിരുന്നു. ബാറില്‍ വച്ച് കുപ്പി കൊണ്ടുകയറിയതാണെന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടുപോയപ്പോള്‍ അതൊരു മൂര്‍ച്ചയുള്ള ആയുധത്തില്‍ നിന്നും ഏറ്റ മുറിവാണെന്ന് വ്യക്തമായി. അതോടെ റെനിയും കൂട്ടരും കുറ്റം സമ്മതിക്കുകയായിരുന്നു. അതിനിടയ്ക്ക് കെനിയന്‍ പൗരനായ കിബ് ലോ ഡാനിയല്‍ ലോഡ്ജില്‍ കയറാതെ മുങ്ങി. മറ്റ് മൂന്ന് പ്രതികളെ തിരുവല്ലയില്‍ എത്തിച്ചു. കെനിയയിലെ ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മകനായ കിബ് ലോ കെനിയന്‍ എംബസിയില്‍ ചെന്ന് തന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് പോയെന്നും നാട്ടിലേക്ക് പോകണമെന്നും ആവശ്യപ്പെട്ടു. അപ്പോഴേക്കും ഇയാള്‍ ഒരു വാണ്ടഡ് പേഴ്‌സണ്‍ ആണെന്ന അറിയിപ്പ് ഞങ്ങള്‍ കൊടുത്തിരുന്നു. അവര്‍ ഇയാളോട് പോലീസില്‍ കീഴടങ്ങുന്നതാണ് നല്ലതെന്ന് അറിയിക്കുകയും അയാള്‍ തിരുവല്ല സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു."-സിബി മാത്യൂസ് പറഞ്ഞു.

കരിക്കന്‍ വില്ല കേസിനെ കുറിച്ച് പ്രചരിക്കുന്നത് പലതും തെറ്റ്

അതേസമയം ഇവിടെ പ്രചരിക്കുന്നത് പലതും തെറ്റാണെന്ന് കെ എന്‍ ബാല്‍ പറയുന്നു. അതിലൊന്ന് മാത്രമാണ് 'മദ്രാസിലെ മോന്‍' എന്ന പ്രയോഗം. റെനിക്ക് വലിയ അടുപ്പമൊന്നും ആ കുടുംബവുമായി ഉണ്ടായിരുന്നില്ല. അത് ദമ്പതികളും റെനിയും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ച മാത്രമായിരുന്നുവെന്ന് കെ എന്‍ ബാല്‍ പറയുന്നു

"ജോര്‍ജ്ജിന്റെ കൊച്ചമ്മയുടെ ഭര്‍ത്താവ് തിരുവല്ലയില്‍ ഒരു ആശുപത്രിയില്‍ കിടക്കുന്നുണ്ടായിരുന്നു. ദമ്പതികള്‍ രണ്ടാളും കൂടി അവിടെ പോയിരുന്നു. അന്ന് കൊച്ചമ്മയുടെ മകളുടെ മകനായ റെനി അവിടെയുണ്ടായിരുന്നു. അതായിരുന്നു അവരുടെ ആദ്യ കൂടിക്കാഴ്ച. അതിന് മുമ്പ് ഇങ്ങനെയൊരു ബന്ധമുണ്ടെന്ന് ഇരുകൂട്ടര്‍ക്കും അറിയില്ലായിരന്നു. പിന്നീടൊരിക്കല്‍ ആശുപത്രിയില്‍ പോയപ്പോള്‍ ഇവര്‍ ഫ്‌ളാസ്‌കില്‍ ചായ കൊണ്ടുപോയിരുന്നു. അത് അവിടെ വച്ചിട്ടാണ് തിരിച്ചു പോന്നത്. ബന്ധുവിന് ആശുപത്രിയില്‍ നിന്നും തിരികെ വടശ്ശേരിക്കരയ്ക്ക് പോകേണ്ടത് കരിക്കിന്‍വില്ലയുടെ മുന്നിലൂടെയാണ്. അപ്പോഴും ഇവന്‍ കൂടെയുണ്ടായിരുന്നു. ഫ്ളാസ്‌ക് കൊടുക്കാനായി റോഡില്‍ കാര്‍ നിര്‍ത്തി വരാന്തയില്‍ നിന്ന് തന്നെ കൊടുത്തിട്ട് പോയി. ഈ രണ്ട് കൂടിക്കാഴ്ചകളാണ് കൊലപാതകത്തിന് മുമ്പ് റെനിക്ക് ദമ്പതികളുമായി ഉണ്ടായിരുന്നത്. വീടിന്റെ പ്രതാപവും റെയ്ച്ചലിന്റെ ആഭരണങ്ങളുമെല്ലാം കണ്ടപ്പോള്‍ സമ്പത്തിന്റെ ഒരു കൂമ്പാരം പ്രതീക്ഷിച്ചാണ് അയാള്‍ അവിടെയെത്തിയത്. എന്നാല്‍ ഒന്നുമുണ്ടായിരുന്നില്ല. ആകെ അഞ്ച് ലക്ഷം രൂപ രണ്ട് ബാങ്കുകളിലായി ഇരുവരുടെയും ജോയിന്റ് അക്കൗണ്ടില്‍ കിടപ്പുണ്ടായിരുന്നു. പിന്നെയുള്ളത് നാല് അഞ്ച് ഏക്കര്‍ റബ്ബര്‍ തോട്ടമാണ്. രണ്ടോ മൂന്നോ വര്‍ഷം മുമ്പ് മാത്രമാണ് അവ നട്ടത്. അതില്‍ നിന്നും വരുമാനം ഉണ്ടാക്കാന്‍ പിന്നെയും മൂന്നോ നാലോ വര്‍ഷം ആവശ്യമാണ്. അല്ലാതെ എല്ലാവരും പറയുന്നത് പോലെ അവര്‍ അതിസമ്പന്നരോ റെനി അവരുടെ വളര്‍ത്തുമകനോ ആയിരുന്നില്ല." കെ എന്‍ ബാല്‍ പറയുന്നു.

ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയായിരുന്ന താന്‍ ഈ കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കാനുണ്ടായ സാഹചര്യവും ബാല്‍ വിശദീകരിച്ചു. "ഒക്ടോബര്‍ 7 വൈകുന്നേരം ആറ് മണിയായപ്പോഴേക്കും അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന ടികെ രാമകൃഷ്ണന്‍ സാര്‍ നേരിട്ട് വിളിക്കുകയായിരുന്നു. 1965ല്‍ കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷനില്‍ എസ്‌ഐ ആയിരിക്കുമ്പോള്‍ ഒരു ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒരു ചെറിയ വിഷയമുണ്ടായി. അന്ന് മുതല്‍ അദ്ദേഹത്തിന് എന്നോട് വലിയ വാത്സല്യവും സ്‌നേഹവുമൊക്കെയാണ്. ബാലു എന്നാണ് വിളിച്ചിരുന്നത്. 'ബാലു, തിരുവല്ലയില്‍ രണ്ട് പേരെ കൊന്നിട്ടിരിക്കുന്നല്ലോ? പോലീസ് ഒന്നും ചെയ്യുന്നില്ലെന്നാണ് കേട്ടത്. ബാലു അങ്ങോട്ട് പോകണം. അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കണം. ഞാന്‍ ഗോപിക്ക് ഫോണ്‍ കൊടുക്കാം' എന്നാണ് അദ്ദേഹം പറഞ്ഞത്. ആലപ്പുഴ എസ് പിയായിരുന്ന ടി പി ഗോപിനാഥന്‍ അന്ന് ആഭ്യന്തരമന്ത്രി വിളിച്ചു ചേര്‍ത്ത മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും കളക്ടര്‍മാരുടെയും യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തായിരുന്നു. പുതിയ ആളാണ് എ എസ് പിയെന്നും അതുകൊണ്ട് ഞാന്‍ തന്നെ അന്വേഷണ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹവും പറഞ്ഞു. മന്ത്രിയുടെയും എസ് പിയുടെയും നിര്‍ദ്ദേശം ലഭിച്ചതോടെ ഞാന്‍ തിരുവല്ലയ്ക്ക് പോകുകയും ചെയ്തു. അതിന് മുമ്പായി തിരുവല്ല സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ എ എസ് പി സിബി മാത്യുവും സി ഐ എകെ ആശാരിയും അവിടെ ഇരിക്കുന്നുണ്ട്. ഞാന്‍ വന്നിട്ടേ പോകാവുള്ളൂവെന്നും ഞാന്‍ നിര്‍ദ്ദേശം കൊടുത്തിരുന്നു. അന്ന് ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്നു തിരുവല്ല. പത്തനംതിട്ട ജില്ല രൂപീകരിച്ചിരുന്നില്ല. കടത്ത് കടന്ന് വേണം തിരുവല്ലയിലെത്താന്‍. അവിടെയെത്തിയപ്പോള്‍ രാത്രി ഒമ്പത് മണിയായി.

അപ്പോഴേക്കും കുറ്റകൃത്യം നടന്നിട്ട് 24 മണിക്കൂര്‍ ആയിരുന്നു. എന്ത് ചെയ്തു ഇതുവരെയെന്ന് എ എസ് പിയോട് ചോദിച്ചപ്പോള്‍ മൃതദേഹങ്ങള്‍ ഇന്‍ക്വിസ്റ്റിനുള്ളതെല്ലാം രേഖപ്പെടുത്തിയെടുത്തിട്ട് ആശുപത്രിയിലാക്കിയിട്ടുണ്ട് എന്ന മറുപടിയാണ് അദ്ദേഹത്തില്‍ നിന്നും ലഭിച്ചത്. വേറെ ഒന്നും ചെയ്തില്ലേയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. സ്ഥലത്ത് ഒരു കാര്‍ വന്ന് പോയെന്ന് പറഞ്ഞു. ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അവര്‍ക്ക് വേണമെങ്കില്‍ ഡല്‍ഹിയിലെത്താമല്ലോയെന്നും ഞാന്‍ ചോദിച്ചു. ഒരു ഗുരുതരമായ സംഭവമുണ്ടാകുമ്പോള്‍ ഒരു പ്ലാന്‍ ഓഫ് ആക്ഷന്‍ തയ്യാറാക്കണമെന്ന് പോലീസ് അക്കാദമിയില്‍ പഠിപ്പിച്ചിട്ടില്ലേയെന്നും കേരളത്തിലെ പ്രായോഗിക പരിശീലനത്തിനിടയിലും ഇതൊന്നും പഠിച്ചിട്ടില്ലേയെന്നും എനിക്ക് ചോദിക്കേണ്ടി വന്നു." ബാല്‍ വെളിപ്പെടുത്തി.


സിബി മാത്യൂസ് ഐ പി എസ്, കെ എന്‍ ബാല്‍

രാത്രി തന്നെ ഇരുന്ന് പ്ലാന്‍ ഓഫ് ആക്ഷന്‍ തയ്യാറാക്കി. ആദ്യത്തെ ടീമില്‍ ചെങ്ങന്നൂര്‍ എസ്‌ഐ അബ്ദുള്‍ കരീം, തിരുവല്ല എസ്‌ഐ രാധാകൃഷ്ണന്‍ നായര്‍, മൂന്നാമത്തെ ടീമില്‍ കോയിപ്ര എസ്‌ഐ വില്‍സണ്‍ കെ ജോസഫ് അങ്ങനെ ആറ് ടീമുകളെ രൂപീകരിച്ചു. ഒരു എസ്‌ഐ, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, രണ്ട് പോലീസുകാര്‍ എന്ന വിധത്തിലായിരുന്നു ടീമുകള്‍. അവര്‍ക്ക് വേണ്ട ഇന്ധനം, അതിനുള്ള പണം എല്ലാം കൊടുത്തു. എവിടെ വേണമെങ്കിലും പോകാം. രണ്ടര മാസം തുടര്‍ച്ചയായി ഞാന്‍ അവിടെ തന്നെ താമസിച്ചു. മുഴുവന്‍ പ്രതികളെയും അറസ്റ്റും അതിനെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും ഓര്‍ഗനൈസ് ചെയ്തത് ഞാന്‍ മാത്രമാണ്. സിബി മാത്യൂസ് തന്റെ പുസ്തകത്തിലും അല്ലാതെയും പറഞ്ഞു നടക്കുന്നത് ഡിവൈ എസ് പിമാര്‍ വന്നുവെന്നാണ്. ഞാനല്ലാതെ അവിടെയെത്തിയ മറ്റൊരു ഡിവൈ എസ് പിയുടെ പേര് പറയാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നും ബാല്‍ ചോദിക്കുന്നു.

അതുപോലെ ഇവിടെ പ്രചരിച്ച മറ്റൊരു വാര്‍ത്ത ഇവര്‍ക്ക് വധശിക്ഷ ലഭിച്ചുവെന്നായിരുന്നു. ആലപ്പുഴ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചുവെന്നും പിന്നീട് ജീവപര്യന്തമായി ശിക്ഷ കുറച്ചു വെന്നും പറയുന്നു. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് ബാല്‍ പറയുന്നു. ശ്രീധരന്‍ എന്ന കോട്ടയം സെഷന്‍സ് ജഡ്ജി പ്രതികള്‍ക്ക് എല്ലാവര്‍ക്കും മൂന്ന് ജീവപര്യന്തം വീതമാണ് വിധിച്ചത്. അത് മൂന്നും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നായിരുന്നു വിധിയില്‍ പറഞ്ഞത്.

(അടുത്ത ഭാഗം -കുറ്റവും ശിക്ഷയും: ഒരു മാനസാന്തരത്തിന്റെ കഥ)

Next Story

Related Stories