TopTop
Begin typing your search above and press return to search.

ആഘോഷങ്ങളൊന്നുമില്ലാതെ റിവേഴ്സ് ക്വാറന്റൈനില്‍ ഗൗരിയമ്മയ്ക്ക് 102-ാം പിറന്നാള്‍

ആഘോഷങ്ങളൊന്നുമില്ലാതെ റിവേഴ്സ് ക്വാറന്റൈനില്‍ ഗൗരിയമ്മയ്ക്ക് 102-ാം പിറന്നാള്‍

കെ.ആര്‍.ഗൗരിയമ്മ 102 ന്റെ നിറവില്‍. ആഘോഷങ്ങളൊന്നുമില്ലാതെ റിവേഴ്സ് ക്വാറന്റൈനിലാണ് ഗൗരിയമ്മയുടെ ഇത്തവണത്തെ പിറന്നാള്‍. 1919 ജൂലൈ 14നാണ് ജനിച്ചതെങ്കിലും നാളനുസരിച്ച് മിഥുനത്തിലെ തിരുവോണത്തിലാണ് ഗൗരിയമ്മ പിറന്നാള്‍ ആഘോഷിക്കുന്നത്.

ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ കുറച്ച് നാളുകളായി ഗൗരിയമ്മ വീട്ടില്‍നിന്ന് പുറത്തിറങ്ങാറില്ല. റിവേഴ്‌സ് ക്വാറന്റൈനില്‍ ആയതിനാല്‍ സന്ദര്‍ശകരും ഇല്ല. കഴിഞ്ഞ സെപ്റ്റംബറില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുറച്ചുനാള്‍ ചികിത്സ തേടിയതു മാത്രമാണ് വീടിനു പുറത്തേക്ക് അടുത്തകാലത്ത് നടത്തിയ യാത്ര.

സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ് കെ.ആര്‍. ഗൗരിയമ്മ എന്ന കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയമ്മ. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തന്നെ തെരഞ്ഞെടുക്കാന്‍ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയില്‍ പെട്ട കെ.ആര്‍. ഗൗരിയമ്മ ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും ധീരയായ വനിതാ ഭരണാധികാരിയായിരുന്നു.

ചേര്‍ത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ. എ. രാമന്‍, പാര്‍വ്വതിയമ്മ എന്നിവരുടെ മകളായിട്ടാണ് ഗൗരിയമ്മ ജനിച്ചത്. തിരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അവര്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബി.എ. ബിരുദവും തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന ജ്യേഷ്ഠസഹോദരന്‍ സുകുമാരന്റെ പ്രേരണയാല്‍ ഗൗരിയമ്മയും വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തിരിച്ചു.

ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ അംഗമായിരുന്ന കെ.ആര്‍.ഗൗരിയമ്മ ഭൂപരിഷ്‌കരണ നിയമമടക്കം നിയമസഭയില്‍ അവതരിപ്പിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്ത വ്യക്തിയാണ്. 1957, 1967, 1980, 1987 കാലത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ കെ.ആര്‍.ഗൗരിയമ്മ അംഗമായിരുന്നു. 1957 ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും മന്ത്രിസഭയിലെ സഹ അംഗവുമായ ടി.വി.തോമസിനെ വിവാഹം കഴിക്കുന്നത്.

1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഎം സ്ഥാപിക്കപ്പെട്ടപ്പോള്‍ കെ.ആര്‍.ഗൗരിയമ്മ സിപിഎമ്മില്‍ ചേര്‍ന്നു. പിന്നീട് 1994ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ സിപിഎമ്മില്‍ നിന്നും കെ.ആര്‍.ഗൗരിയമ്മയെ പുറത്താക്കി. ഇതേ തുടര്‍ന്ന് ജെഎസ്എസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ജെഎസ്എസ് യുഡിഎഫിന്റെ ഭാഗമാവുകയും 2001-06 കാലത്ത് എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ പ്രധാന വകുപ്പുകളുടെ ചുമതല കെ.ആര്‍.ഗൗരിയമ്മ വഹിക്കുകയും ചെയ്തു.

ഇപ്പോഴും തന്റേതായ രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന വ്യക്തിയാണ് ഗൗരിയമ്മ. 102ലേക്ക് കടക്കുമ്പോഴും ഗൗരിയമ്മയുടെ പ്രകൃതത്തിന് ഒരു മാറ്റവുമില്ല. നിലപാടുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ ഇപ്പോഴും ഗൗരിയമ്മ തയ്യാറല്ല. ആര്‍ക്കും കീഴടങ്ങുകയില്ല. എന്ത് വന്നാലും കരയുകയുമില്ല. 102ലും കേരളത്തിന്റെ രാഷ്ട്രീയ നായിക പഴയ വീര്യത്തില്‍തന്നെ.


Next Story

Related Stories