TopTop
Begin typing your search above and press return to search.

കൂടത്തായി തുറന്നുവിട്ട ആണ്‍ ട്രോളുകളുകളോട് സ്ത്രീകള്‍; ഭക്ഷണത്തില്‍ വിഷം കലര്‍ത്തുമെന്നാണ് ഭയമെങ്കില്‍ ഇനി അടുക്കളയില്‍ കയറൂ

കൂടത്തായി തുറന്നുവിട്ട ആണ്‍ ട്രോളുകളുകളോട് സ്ത്രീകള്‍; ഭക്ഷണത്തില്‍ വിഷം കലര്‍ത്തുമെന്നാണ് ഭയമെങ്കില്‍ ഇനി അടുക്കളയില്‍ കയറൂ

കേരളത്തെ ഞെട്ടിച്ച സംഭവമാണ് കൂടത്തായി കൊലപാതക പരമ്ബര. ഇതിന് പിന്നിലെ ദുരൂഹതകള്‍ ഇപ്പോഴും പൂര്‍ണമായി നീങ്ങിയിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ക്ക് ഇതൊന്നും പ്രശ്നമല്ല. അവര്‍ക്ക് ഇതൊരു ട്രോള്‍ വിഷയം മാത്രമാണ്. കേസിലെ പ്രതി ജോളിയെ മുന്‍ നിര്‍ത്തി സ്ത്രീ വിരുദ്ധ ട്രോളുകളാണ് പലരും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ജോളിയുടെ മാതൃകയില്‍ കേരളത്തിലെ സ്ത്രീകള്‍ കൊലപാതകം നടത്താന്‍ സാധ്യതയുള്ളവരാണെന്നും അതുകൊണ്ട് സൂക്ഷിക്കണമെന്നുമുള്ള ആഹ്വാനമായിരുന്നു ട്രോളുകളില്‍ പൊതുവിലുണ്ടായിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടായത്. കേരളീയ പുരുഷന്‍ തന്‍്റെ സ്ത്രീ വിരുദ്ധത പ്രകടിപ്പിക്കാന്‍ കിട്ടിയ അവസരമായി ഇതിനെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് സ്ത്രീപക്ഷ നിലപാടുള്ളവര്‍ വ്യക്തമാക്കുന്നത്.

ചില ട്രോളുകള്‍ നോക്കൂ.

'ഭാര്യയോടിപ്പം ഒടുക്കത്തെ സ്‌നേഹമാ...അവള്‍ ചായയും കൊണ്ട് വന്നാല്‍ റൊമാന്റിക്കായി അവളെ കൊണ്ട് ഒരു സിപ്പ് കുടിപ്പിക്കാതെ എനിക്കിറങ്ങില്ല, ചോറുകൊണ്ട് വന്നാല്‍ ഒരുരുള ഉരുട്ടി അവള്‍ക്ക് കൊടുക്കാതെ ഉണ്ണാനും കഴിയുന്നില്ല. നമ്മുടെ ജീവന്‍ നമ്മള്‍ നോക്കണം. അവള് ജോളിയായാല്‍ എല്ലാം തീരും. പൊതുജന താല്‍പര്യാര്‍ത്ഥം പ്രസിദ്ധീകരിക്കുന്നത്. ആര്‍ക്കും ജീവിതത്തില്‍ പകര്‍ത്താം'. 'നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടുക. അവള്‍ ഉണ്ടതിനു ശേഷം മാത്രം നീ കഴിക്കുക- ഇപ്പോഴല്ലെ ഈ വാക്യത്തിന്റെ അര്‍ത്ഥം ശരിക്കും മനസിലായകത്'. ഇത്തരത്തില്‍ വീട്ടിലെ ഭക്ഷണത്തില്‍ ഭാര്യ, ഭക്ഷണമുണ്ടാക്കുന്ന സ്ത്രീ വിഷം കലര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ ആദ്യം അവര്‍ക്കു നല്‍കുക എന്നാണ് ട്രോളില്‍ പറയുന്നത്. അത് സ്‌നേഹം കൊണ്ടല്ലെന്നും, സ്വന്തം ജീവന്‍ സംരക്ഷിക്കാനാണെന്നുമാണ് ട്രോള്‍ പറയുന്നത്.


ഒരുപാട്പേര്‍ ഷെയര്‍ ചെയ്ത ഈ ട്രോളുകള്‍ക്കെതിരെ നിരവധി പേര്‍ രംഗത്തു വരുന്നുണ്ട്. പല സ്ത്രീകളും ശക്തമായി തന്നെ ട്രോളിനെതിരെ അഭിപ്രായം പറയുന്നുണ്ട്. സ്ത്രീകളെ അത്രയ്ക്ക് സംശയമാണെന്നുണ്ടെങ്കില്‍ നിങ്ങള്‍ പുരുഷന്മാര്‍ക്കു തന്നെ അടുക്കളയില്‍ കയറി വല്ലതും ഉണ്ടാക്കി കഴിക്കാമല്ലൊ എന്നാണ് പലരും ചോദിക്കുന്നത്. നിങ്ങള്‍ പുരുഷന്മാര്‍ ഭക്ഷണമുണ്ടാക്കി ഇനി സ്ത്രീകള്‍ക്കു കൊടുക്കുക. അങ്ങനെയെങ്കില്‍ പേടിക്കേണ്ടതില്ലല്ലോ എന്നായിരുന്നു പുരുഷാധിപത്യ നിലപാടുകാരോടുള്ള സ്ത്രീകളുടെ ചോദ്യം.

നമ്മള്‍ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ വയലന്‍സ് ഏറ്റവും കൂടുതല്‍ ഉണ്ടായിരിക്കുന്നത് പുരുഷന്മാരില്‍ നിന്നുമാണ് എന്നു കാണാന്‍ കഴിയും. എന്നു കരുതി എല്ലാ സ്ത്രീകളും തലയിണയ്ക്കടിയില്‍ കത്തി വച്ച്‌ കിടക്കണമെന്ന് ആരെങ്കിലും പറയാറുണ്ടോ, ഇല്ല. നമ്മള്‍ സ്ഥിരം കാണുന്ന ഒരു പരിപാടിയാണ് മൈനോറിറ്റിയായ ഒരു വിഭാഗത്തില്‍ ഒരാള്‍ എന്തെങ്കിലും ചെയ്തു കഴിഞ്ഞാല്‍ അത് ആ വിഭാഗത്തിലെ എല്ലാവരും ചെയ്തതായി കണക്കാക്കുന്നു. അതു തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ഒരു സ്ത്രീ ചെയ്തതിനെ എല്ലാ സ്ത്രീകളിലേക്കും അടിച്ചേല്‍പ്പിക്കുകയാണ്. എന്നാല്‍ ആണുങ്ങള്‍ സ്ഥിരമായി ചെയ്യുന്ന കാര്യമാണെങ്കില്‍ പോലും അത് ഒരാണിന്റെ പ്രശ്‌നമായി മാത്രമെ കാണുകയുള്ളൂ. ഒരു പുരുഷന്‍ കൊല ചെയ്താല്‍ അത് അയാളുടെ മാത്രം പ്രശ്‌നവും, ഒരു സ്ത്രീ കൊല ചെയ്യുമ്ബോള്‍ മുഴുവന്‍ സ്ത്രീകളും കൊല ചെയ്യുന്നവരാണെന്ന അടിച്ചേല്‍പ്പിക്കലിലേക്കും കാര്യങ്ങള്‍ പോകുന്നു.

ഫെമിനിസ്റ്റുകള്‍ എപ്പോഴും പറയുന്ന കാര്യമാണ്, സ്ത്രീകള്‍ എന്നു വെച്ചാല്‍ എപ്പോളും നന്മയുടെ ഒരു മുഖമാണ്, സ്ത്രീ ഭൂമിയാണ്... അങ്ങനെയെല്ലാം പറയുന്നത് ഒരു തെറ്റിദ്ധാരണയാണെന്ന്. നല്ലതു ചെയ്യാനും, മോശം ചെയ്യാനും പുരുഷന്മാരെ പോലെ തന്നെ കഴിവ് സ്ത്രീകള്‍ക്കു മുണ്ട്. ഇവിടെ ജോളിയുടെ കാര്യം വന്നപ്പോള്‍ പെട്ടന്ന് അത് എല്ലാ സ്ത്രീകളിലേക്കും അടിച്ചേല്‍പ്പിക്കുന്നത് പാട്രിയാര്‍ക്കി തന്നെയാണ്. ജോളിയെ മുന്‍ നിര്‍ത്തി എല്ലാ സ്ത്രീകളെയും മോശക്കാരാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഡോക്ടറും ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ ബീന കായല്ലൂര്‍ അഴിമുഖത്തോട് പറഞ്ഞു.


ഈ ട്രോളുകളില്‍ പലതിലും ആളുകള്‍ അന്വേഷിക്കുന്നത് ഫെമിനിസ്റ്റുകളെയാണ്. ഇപ്പോള്‍ ഫെമിനിസ്റ്റുകളൊക്കെ എവിടെ പോയി എന്നാണ് ചിലരുടെ ചോദ്യം. അതിനുള്ള പ്രതികരണമായി ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ ഹരിത തമ്ബി പറയുന്നത് ഇതാണ്-സ്ത്രീകള്‍ പ്രതിസ്ഥാനത്തു വരുന്ന ഓരോ കേസ് പുറത്തു വരുമ്ബോഴും ഫെമിനിസ്റ്റുകള്‍ മറുപടി പറയണം എന്നൊരു വാശി ഉയര്‍ന്ന് കാണാറുണ്ട്. ഇങ്ങനെ നിഷ്പക്ഷത കാണിക്കേണ്ട യാതൊരു ബാധ്യതയും ഒരു ഫെമിനിസ്റ്റിനും ഇല്ല. നിഷ്പക്ഷരല്ല സ്ത്രീ പക്ഷത്തു തന്നെയാണ് ഫെമിനിസ്റ്റുകള്‍ നില്‍ക്കുന്നത്. ഈ സ്ത്രീ പക്ഷം എന്ന് പറഞ്ഞാല്‍ ഓരോ സ്ത്രീയും മാതൃക ജീവിതങ്ങള്‍ ആണ് എന്ന വാദവും അല്ല. സ്ത്രീകളില്‍ കുറ്റവാളികള്‍ ഉണ്ടാകില്ല എന്നും, സ്ത്രീകള്‍ എല്ലാവരും പുണ്യപ്രവര്‍ത്തികള്‍ മാത്രം ചെയ്യുന്നവരാണ് എന്നൊരു വാദവും ഉള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് മറുപടി ചോദിക്കാവുന്നതാണ്. ആണുങ്ങള്‍ അനീതി അനുഭവിക്കുമ്ബോള്‍ നിനക്കൊന്നും മിണ്ടാന്‍ ഇല്ലേ? എന്ന ചോദ്യം ഇടക്കിടക്ക് കേള്‍ക്കാറുണ്ട്. ആണായി ജനിച്ചത്‌കൊണ്ട് മാത്രം ഒരു അനീതി നേരിടേണ്ടി വന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ അനീതിയെ ചെറുക്കുവാന്‍ വേണ്ടി ഫെമിനിസ്റ്റ് പക്ഷത്തേക്ക് വന്നാല്‍ മതി.

കൂടത്തായി കൊലപാതക പരമ്ബര പോലെ കേരളത്തെ ഞെട്ടിച്ച ഒരു സംഭവത്തെ പോലും സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കാനുള്ള അവസരമാക്കുകയാണ് കേരളത്തിലെ പുരുഷാധിപത്യ സമൂഹമെന്ന ആക്ഷേപമാണ് പൊതുവില്‍ ഉയരുന്നത്. പുരുഷന്മാര്‍ തെറ്റു ചെയ്യുമ്ബോള്‍ നോട്ട് ആള്‍ മെന്‍ എന്നു പറയുന്നവര്‍ തന്നെയാണ് സ്ത്രീ തെറ്റു ചെയ്യുമ്ബോള്‍ അത് മുഴുവന്‍ സ്ത്രീകളുടെ തെറ്റായി അടിച്ചേല്‍പ്പിക്കുന്നതും. സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കാന്‍ ഒരവസരം കാത്തിരിക്കുകയാണ് കേരളത്തിലെ പുരുഷാധിപത്യ വീക്ഷണമുള്ള സമൂഹം എന്ന് കൂടത്തായിലെ സംഭവത്തില്‍ വരുന്ന ട്രോളുകള്‍ ഒന്ന് കൂടി തെളിയിക്കുന്നു.

Next Story

Related Stories