Top

കൂടത്തായി കേസന്വേഷണ സംഘത്തിലെ ദിവ്യ ഗോപിനാഥ് ഐപിഎസ് കര്‍ണാടക മന്ത്രി 'ബ്ലഡി ലേഡി' എന്ന് വിളിച്ച ഉദ്യോഗസ്ഥ

കൂടത്തായി കേസന്വേഷണ സംഘത്തിലെ ദിവ്യ ഗോപിനാഥ് ഐപിഎസ് കര്‍ണാടക മന്ത്രി

കൂടത്തായി കേസന്വേഷണ സംഘത്തെ കഴിഞ്ഞ ദിവസം വിപുലീകരിച്ചിരുന്നു. കോഴിക്കോട് റൂറല്‍ എസ് പി കെ ജി സൈമന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തിലേക്ക് 25 ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. നോര്‍ത്ത് ഐജി അശോക് യാദവാണ് പുതിയ വിപുലീകരിച്ച അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുക. എന്നാല്‍ ഇതോടൊപ്പം അന്വേഷണ സംഘത്തിന് സാങ്കേതിക സഹായങ്ങള്‍ നല്‍കാന്‍ ഒരു പ്രത്യേക സംഘത്തെ കൂടി നിയമിച്ചിട്ടുണ്ട്. ഐടി സെല്‍ പോലീസ് സൂപ്രണ്ടന്റ് ഡോ. ദിവ്യ വി ഗോപിനാഥ് ആണ് ഈ സംഘത്തിന് നേതൃത്വം നല്‍കുന്നത്.

കര്‍ണാടക കേഡറിലായിരുന്ന ഈ ഉദ്യോഗസ്ഥ ഇപ്പോള്‍ സെന്‍ട്രല്‍ കേഡറില്‍ ഡെപ്യൂട്ടേഷനിലാണ് കേരളത്തിലെത്തിയത്. കര്‍ണാടകയില്‍ വച്ച് മന്ത്രിയുടെ കാര്‍ കടത്തിവിടാതെ തടഞ്ഞും അതിന് മന്ത്രിയുടെ അധിക്ഷേപമേല്‍ക്കേണ്ടി വന്നതിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞ ഉദ്യോഗസ്ഥയാണ് ദിവ്യ ഗോപിനാഥ്. ഇക്കഴിഞ്ഞ ജൂലൈ 18ന് തുമകുരു ജില്ലാ ഭരണകൂടത്തെ സുരക്ഷയൊരുക്കുന്നതിന് സഹായിക്കുന്നതിനിടെയായിരുന്നു സംഭവം. സിദ്ധഗംഗ മഠത്തില്‍ സുരക്ഷയൊരുക്കുന്നതിനാണ് അവധിയിലായിരുന്ന മുന്‍ തുമകുരു പോലീസ് സൂപ്രണ്ടായിരുന്ന ദിവ്യയുടെ സഹായം അധികൃതര്‍ തേടിയത്. ശിവകുമാര സ്വാമിയുടെ ഭൗതികാവശിഷ്ടങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയ ശേഷം അകത്തേക്ക് കൊണ്ടുപോകുന്ന ചടങ്ങായിരുന്നു മഠത്തില്‍ നടന്നത്. എന്നാല്‍ ചടങ്ങ് അവസാനഘട്ടത്തിലെത്തിയ മന്ത്രി സ ര മഹേഷിന്റെ വാഹനം കടത്തിവിടാന്‍ ദിവ്യ തയ്യാറായില്ല.

ക്ഷുഭിതനായ മന്ത്രി ഉദ്യോഗസ്ഥയോട് അലറിക്കൊണ്ട് 'ബ്ലഡി ലേഡി, ഞാനാരാണെന്ന് അറിയാമോ? ഞാനൊരു മന്ത്രിയാണ്' എന്ന് പറഞ്ഞു. തുമുകുരു ഡെപ്യൂട്ടി കമ്മിഷണര്‍ രാകേഷ് സിംഗ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥയെ രക്ഷിക്കാന്‍ ഓടിയെത്തുകയും ചെയ്തു. തുമുകുരു പോലീസ് സൂപ്രണ്ടായിരുന്ന ദിവ്യയെ ഈ സംഭവത്തിന് ഏതാനും ദിവസം മുമ്പ് സ്ഥലംമാറ്റിയിരുന്നു. അതിനെതുടര്‍ന്ന് ലീവിലായിരുന്ന അവര്‍ വകുപ്പില്‍ നിന്നുള്ള അഭ്യര്‍ത്ഥന സ്വീകരിച്ചാണ് സുരക്ഷാ സംവിധാനങ്ങളില്‍ സഹായിക്കാനെത്തിയത്.

സംഭവം വലിയ വിവാദമാകുകയും അന്ന് മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി കുമാരസ്വാമി ഉദ്യോഗസ്ഥയോട് മാപ്പ് പറയാന്‍ മന്ത്രിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതിന് ശേഷമാണ് ദിവ്യ സെന്‍ട്രല്‍ കേഡറിലെ ഡെപ്യൂട്ടേഷനിലൂടെ കേരളത്തിലെത്തിയത്.


Next Story

Related Stories