കോവിഡ് 19 വൈറസ് ബാധയും തുടര്‍ന്നുണ്ടായ ലോക്ഡൗണും ജനജീവിതത്തെ പലതരത്തിലാണ് ബാധിച്ചത്. ഉണ്ണാനും ഉടുക്കാനും കിടക്കാനും സ്ഥലമില്ലാതായിപ്പോയവര് മുതല്‍ സമൃദ്ധിയിയുടെ നിറവില്‍ കൊറോണക്കാലത്തെ ആഘോഷമാക്കുന്നവര്‍ വരെ ഉണ്ട്. അടിസ്ഥാന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് കെട്ടകാലമാണ്, എല്ലാ തരത്തിലും. അതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്നില്‍ മാത്രമല്ല വരാനിരിക്കുന്ന കാലത്തേയും പിന്തുടരുമെന്ന് പറഞ്ഞുവെക്കുന്നുണ്ട് പല ജീവിതങ്ങളും. കൊറോണക്കാലം എങ്ങനെയൊക്കെയാണ് തങ്ങളുടെ ജീവിതത്തെ ബാധിച്ചത്, എങ്ങനെയാണ് ഈ അപൂര്‍വ സംഭവത്തെ ഉള്‍ക്കൊള്ളുന്നതെന്ന് ജീവിതത്തിലെ നാനാതുറകളില്‍പ്പെട്ട മലയാളികള്‍ പങ്കുവെയ്ക്കുന്നു. ഈ ദുരന്തകാലത്ത് മലയാളികള്‍ എങ്ങനെയാണ് കടന്നു പോകുന്നത് എന്നതിന്റെ പരിച്ഛേദം കൂടിയാണ് ഈ എഴുത്തുകള്‍ .
കൊറോണ പോസിറ്റീവ് ആയ ആളുകളെ ചികിത്സിക്കുന്ന ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ മൈക്രോബയോളജിസ്റ്റായ നൗഷിദ അല്‍ അക്നാസ് ആണ് ഇന്ന് തന്റെ ലോക്ഡൗണ്‍ കാലത്തെ ജീവിതത്തെക്കുറിച്ച് പറയുന്നത്.
രണ്ട് ദിവസമായി ഞാന്‍ ലീവിലാണ്. ബാംഗ്ലൂരിലെ ഫോര്‍ട്ടിസ് മള്‍ട്ടിസ്പെഷാലിറ്റി ഹോസ്പിറ്റലില്‍ മൈക്രോ ബയോളജിസ്റ്റായി ജോലി ചെയ്യുന്നു. കുറച്ച് ദിവസം മുന്‍പ് ഹോസ്പിറ്റലില്‍ ആദ്യത്തെ കൊറോണ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചു. അടുത്ത ദിവസം തന്നെ കേസ് രണ്ടായെന്ന് വിവരവും ലഭിച്ചു. മൂന്ന് മാസമായേ ഉള്ളൂ ഫോര്‍ട്ടിസില്‍ ഞാന്‍ ജോലിക്കെത്തിയിട്ട്. അതിനു മുന്‍പ് കോഴിക്കോട് മിംസ് ഹോസ്പിറ്റല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ മൈക്രോബയോളജിസ്റ്റായി ജോലിചെയ്യുകയായിരുന്നു. രണ്ടും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുടെ ഉമ്മ കൂടിയാണ് ഞാന്‍. സാധാരണയായി മൂത്ത കുട്ടിയെ സ്കൂളിലും ഇളയ കുട്ടിയെ ഡേ കെയറിലുമാക്കിയായിരുന്നു ജോലിക്ക് പോയിരുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്കൂളും ഡേ കെയറും പൂട്ടി. ആരോഗ്യപ്രവര്‍ത്തക ആയതിനാല്‍ ഈ സാഹചര്യത്തില്‍ വീട്ടിലിരിക്കാനും പറ്റില്ല. ബാഗ്ലൂരിലെ ഷാഡോ ഫാക്സ് കമ്പനിയില്‍ ലോജിസ്റ്റിക്സ് ഹബ്ബ് മാനേജരാണ് ഭര്‍ത്താവ് ഹൈനസ്. രണ്ടുപേരും ജോലിക്കാര്‍. ലോക്ഡൗണായതോടെ ഒരുദിവസം ഒരാള്‍ ലീവെടുത്ത് മറ്റേയാള്‍ ജോലിക്ക് പോകേണ്ട അവസ്ഥയായി. അതിനിടയിലാണ് ഹോസ്പിറ്റലില്‍ കൊറോണ പോസിറ്റീവ് കേസ് സ്ഥിരീകരിക്കുന്നതും. മനസ്സില്‍ പേടിയുണ്ടെങ്കിലും ഉത്തരവാദിത്വത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പോകാതിരിക്കാന്‍ തോന്നിയില്ല. എന്നാലും രണ്ടും എട്ടും വയസ്സുള്ള കുഞ്ഞു കുട്ടികളെ എന്തുചെയ്യുമെന്ന ആധിയും ആലോചനയും കൂടിയായപ്പോള്‍ കുറച്ചു ദിവസം ലീവിന് അപേക്ഷിക്കാന്‍ തീരുമാനിച്ചു. ഭാഗ്യവശാല്‍ 5 ദിവസത്തേക്ക് ലീവ് കിട്ടി. ഇനി രണ്ട് ദിവസം കൂടെ ലീവ് ബാക്കിയുണ്ട്. എങ്കിലും മുന്പോട്ടുള്ള ദിവസങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, സത്യം പറഞ്ഞാല്‍ മുന്പില് ഒരു അനിശ്ചിതാവസ്ഥയാണ്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയാണ് എന്റെ സ്വദേശം. പഠിച്ചതൊക്കെ നാട്ടില്‍ തന്നെ. അഞ്ചുവര്‍ഷത്തിലേറെയായി മൈക്രോബയോളജിസ്റ്റായി ജോലി നോക്കുകയാണ്. അവസാനം എത്തിപ്പെട്ടത് ഫോര്‍ട്ടിസിലാണ്. ഇതിനിടയ്ക്ക് വീട്ടില്‍ വിളിച്ചപ്പോള്‍ ഉമ്മ ജോലി മതിയാക്കി തിരിച്ചുപോരാനാണ് ആവശ്യപ്പെട്ടത്. അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ട്. എന്റെ മക്കള്‍ തീരെ ചെറിയ കുട്ടികളാണ്. അവരെ നോക്കാന്‍ ആരുമില്ല. മാത്രമല്ല, കൊറോണ വൈറസ്, തൊഴിലെടുക്കുന്ന ഹോസ്പിറ്റലില്‍ സ്ഥിരീകരിക്കുകയും ചെയ്തു. കൂടെ വന്ന് നില്‍ക്കാനാണെങ്കില്‍, ഉപ്പ സ്ഥിരമായി ഡയാലിസിസ് ചെയ്യേണ്ട രോഗാവസ്ഥയിലുള്ള ആളാണ്. മറ്റു അസുഖങ്ങള്‍ വേറെയും. ഇനി വരാന്‍ ആരെങ്കിലും തയ്യാറാണെങ്കില്‍ തന്നെ എങ്ങനെ എത്തിപ്പെടുമെന്ന് അറിയില്ല. മക്കളെ മാറ്റാനാണെങ്കില്‍ നാട്ടിലേക്ക് പോകാനും പറ്റില്ല. പക്ഷേ വാപ്പ വിളിച്ചപ്പോള്‍, ഈ സമയത്ത് ഹോസ്പിറ്റലില്‍ തുടരണമെന്ന് പറഞ്ഞത് വലിയൊരു ആശ്വാസമായി തോന്നി. കടമയെക്കുറിച്ച് ഉപ്പയും ഓര്‍മ്മിപ്പിച്ചപ്പോള്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനില്ലെന്ന തീരുമാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തി. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും വസ്ത്രങ്ങളും ഇലക്ടോണിക്സ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ കയറ്റി അയക്കുന്ന കമ്പനിയിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. പുതിയ സാഹചര്യത്തില്‍ ഇത്തരം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലാതായതോടെ കമ്പനി ഫുഡ്, മെഡിസിന് ഉല്‍പ്പന്നങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നതിലേക്ക് മാറി. പഴയ രീതിയില്‍ പ്രൊഡക്ഷന്‍ നടത്തണമെങ്കില്‍ കമ്പനിക്ക് ഇനിയും മാസങ്ങള്‍ എടുക്കേണ്ടി വരുമെന്ന ആലോചനയില്‍ ഉത്പ്പന്നങ്ങള്‍ മാറ്റാന്‍ കമ്പനി ഉടമകള്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഭര്‍ത്താവിന്റെ ലീവും തീര്‍ന്നു. ഇന്നലെ മുതല്‍ അദ്ദേഹത്തിനും ദിവസവും ജോലിക്ക് പോകണം. കുട്ടികളുടെ കാര്യം വീണ്ടും ഇതോടെ അനിശ്ചിതത്വത്തിലാവുകയാണ്. എന്നാലും മറികടക്കാന്‍ പറ്റും ഞങ്ങള്‍ക്കിത്. കൊറോണ കേസുകള്‍ കൂടുന്നതോടെ ലീവ് ഇനി കിട്ടാന്‍ സാധ്യതയില്ല. കുട്ടികളെ നോക്കാന്‍ ആരേയും കിട്ടാനോ വിശ്വസ്തതയോടെ ആരേയും ഏല്‍പ്പിക്കാനോ ഉള്ള പേടി ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമുണ്ട്. നേരത്തേയാണെങ്കില്‍ എല്ലാ കാര്യങ്ങളും അന്വേഷിച്ച് ആളുകളുടെ സഹായം തേടാമായിരുന്നു. ഇപ്പോള്‍ അത്തരം സാഹചര്യങ്ങളും ഇല്ലാതായി. ആളുകള്‍ക്ക് ജോലിക്ക് വീട്ടില്‍ എത്തിപ്പെടാന്‍ ഉള്ള ബുദ്ധിമുട്ടുകള്‍ മുതല്‍ വിശ്വസ്തരായ ആളുകളെ കുട്ടികളെ നോക്കാന്‍ കിട്ടുമോ എന്ന പേടി വരെയുണ്ട് കാര്യങ്ങള്‍. ഞാന്‍ ലീവെടുക്കുന്നതിന് മുന്‍പ് ഹോസ്പിറ്റലില്‍ രണ്ടു കൊറോണ കേസുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ അവസ്ഥ അറിയില്ല. കൊറോണ രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കിയ ആശുപത്രിയില്‍ ഫോര്‍ട്ടിസ് ആശുപത്രിയും ഉണ്ട്. ഉള്ളില്‍ ചെറിയ പേടിയുണ്ടെങ്കിലും ആശുപത്രിയില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നുണ്ടെന്നത് മാത്രമാണ് ആശ്വാസവും ധൈര്യവും. വിദഗ്ധ ചികിത്സയ്ക്കായി ദിവസേന നൂറുകണക്കിന് ആളുകള്‍ സമീപിക്കുന്ന ബാംഗ്ലൂരിലെ മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ഒന്നാണ് ഫോര്‍ട്ടിസ്. സാധാരണക്കാരല്ല, മറിച്ച് പണക്കാരും ബാംഗ്ലൂരിലെത്തുന്ന വിദേശികളുമാണ് ആശുപത്രിയെ പ്രധാനമായും ആശ്രയിക്കുന്നത്. സാധാരണയായി ഈ സമയങ്ങളിലെല്ലാം ധാരാളം രോഗികളും ടെസ്റ്റുകളും വരാറുണ്ടായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അത്യാവശ്യ, അടിയന്തിര കേസുകള്‍ മാത്രമാണ് ഹോസ്പിറ്റലില്‍ എത്തുന്നത്. അതുകൊണ്ട് കേസുകളും സാമ്പിളുകളും കുറവാണ്. എന്നാല്‍ നേരത്തേ പേടിയില്ലാതെ, ആത്മവിശ്വാസത്തോടെ, സുരക്ഷിതയാണെന്ന ബോധത്തില്‍ ജോലി ചെയ്യാമായിരുന്നു. ഇപ്പോള്‍ കാര്യങ്ങളില്‍ ചില വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. ഹോസ്പിറ്റലിലേക്ക് നേരത്തേ പല പ്രവേശന കവാടങ്ങള്‍ ഉണ്ടായിരുന്നത് അടച്ച് ഒരൊറ്റ സ്ഥലമാക്കി മാറ്റിയിട്ടുണ്ട് ഇപ്പോള്‍. മാത്രമല്ല, ആവശ്യമായ രേഖകള്‍ നല്കി, അടിയന്തിര ചികിത്സ ആവശ്യമുള്ള ആളുകളേയും ഡോക്ടര്‍മാരുടെ അപ്പോയിന്റ്മെന്റുകള്‍ ഉള്ളവരേയും മാത്രമേ ആശുപത്രിയിലേക്ക് കടത്തി വിടുന്നുള്ളൂ. ആശുപത്രി ജീവനക്കാര്‍ക്ക് ഐഡിക്കാര്ഡിന് പുറമേ ഹോസ്പിറ്റല്‍ നല്കുന്ന ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റും കൂടി നല്‍കിയാലേ ഹോസ്പിറ്റലില്‍ പ്രവേശിക്കാന്‍ കഴിയൂ. മാത്രമല്ല മറ്റു സുരക്ഷ മാര്‍ഗ്ഗങ്ങളും കടന്നാണ് ആശുപത്രിയില്‍ കടക്കുന്നത്. ഈ രേഖകള്‍ സുരക്ഷ ഉദ്യോഗസ്ഥരെ കാണിച്ചാലേ താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാനും ജോലിക്ക് എത്താനും പറ്റുള്ളൂ. 20ല്‍ അധികം പേര് ജോലിചെയ്യുന്നതാണ് ആശുപത്രിയിലെ ഞങ്ങളുടെ ലാബ്. മൈക്രോ ബയോളജിസ്റ്റുകളായി അഞ്ചുപേര്‍ ഉള്ളതാണ് ഇപ്പോള്‍ ലീവ് കിട്ടാന്‍ സഹായിച്ചത്. പകരം ഒരാള്‍ ജോലിക്കുണ്ട്, മാത്രമല്ല, കൊറോണ പശ്ചാത്തലത്തില്‍ ആളുകള്‍ക്ക് നേരിട്ട്, എപ്പോഴും ആശുപത്രിയില്‍ എത്താമെന്ന സാഹചര്യം മാറിയതിനാല്‍ ജോലി ഭാരം കുറഞ്ഞതും സഹായകമായി. കുട്ടികള്‍ ഉള്ളതിനാലും വീട്ടില്‍ സഹായത്തിന് ആരും ഇല്ലാത്തതിനാലും രാവിലത്തെയോ ഉച്ചയ്ക്കുള്ളതോ ആയ ഷിഫ്റ്റിലാണ് ജോലി ചെയ്യുന്നത്. 7 മുതല്‍ 3 വരെയോ 12 മുതല്‍ 8 വരെയോ ഉള്ള ഷിഫ്റ്റിലാണ് ജോലി. രാത്രി ജോലി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ റോഡ് വിജനമായിരിക്കും. അപ്പോഴാണ് ശരിക്കും പേടി ഉള്ളില്‍ തോന്നുക. ഭര്‍ത്താവ് കുട്ടികളുടെ അടുത്ത് കൂട്ടിരിക്കുന്നതിനാല്‍ വീട്ടിലേക്ക് തനിച്ച് യാത്ര ചെയ്യണം. കേസുകള്‍ കൂടുകയാണെങ്കില്‍ ജോലിയുടെ സമയവും രീതിയുമെല്ലാം മാറാമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ജോലിയില്‍ ഇപ്പോഴെനിക്ക് കിട്ടുന്ന സമയക്രമീകരണങ്ങളും പരിഗണനകളും പലര്‍ക്കും കിട്ടുന്നില്ല. മൈക്രോബയോളജി വിഭാഗത്തിലായത് കൊണ്ട് സാധാരണയായി രാത്രി ഡ്യൂട്ടി വരാറില്ലെന്നതാണ് ആശ്വാസം. എന്നാല്‍ എല്ലാം മാറി മറിയുകയോ വ്യത്യാസപ്പെടുകയോ ചെയ്യാം. ഹോസ്പിറ്റലില്‍ എത്തുമ്പോഴുള്ള ഒരു ധൈര്യം കൊറോണ ലക്ഷണങ്ങളോടെ എത്തുന്ന രോഗികള്‍ക്കായി ആദ്യമേ ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കിയിരുന്നു എന്നതാണ്. ഒപിയില്‍ കൊറോണ ലക്ഷണങ്ങളുമായെത്തുന്ന രോഗികളെ, അല്ലെങ്കില്‍ രോഗമുണ്ടാവാന്‍ സാധ്യതയുള്ള രോഗികളെ നേരെ ഐസോലേഷന് വാര്‍ഡിലേക്കാണ് വിടുക. ഇവരുടെ പരിശോധനകള്‍ക്കുള്ള സാമ്പിളുകള്‍ ഡോക്ടര്‍മാര്‍ തന്നെയാണ് എടുത്ത് നല്‍കുന്നത്. ലാബില്‍ എത്തുന്നതിന് മുന്‍പേ പ്രത്യേകമായി പാക്ക് ചെയ്ത് സുരക്ഷ ഉറപ്പിച്ച ശേഷമേ എത്തിക്കുള്ളൂ. ലാബിലെത്തുന്ന സാമ്പിളുകള്‍ നേരെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കും. അവിടെ നിന്നും റിസല്‍ട്ട് ലാബിലേക്കാണ് കിട്ടുക. അവിടുന്നാണ് ഐസോലേഷന് വാര്‍ഡിലേക്ക് എത്തിക്കുന്നത്. എന്നാല്‍ കൊറോണ ടെസ്റ്റ് ആശുപത്രിയില്‍ ചെയ്യുന്നില്ല എന്നു കരുതി ആശ്വസിക്കാന്‍ കഴിയില്ല. കാരണം ചികിത്സയിലുള്ള രോഗികളുടെ മറ്റു പരിശോധനകള്‍ നടത്തുന്നത് ലാബിലാണ്. കൊറോണയുടെ ഭാഗമായുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളായ ന്യൂമോണിയ ഉള്‍പ്പെടെയുള്ളവ പരിശോധിക്കേണ്ടത് ഈ ലാബിലാണ്. രക്തം, മൂത്രം ഉള്‍പ്പെടെയുള്ള കള്‍ച്ചര്‍ ടെസ്റ്റുകള്‍ ഇവിടെത്തന്നെയാണ് നടത്തുക. പരിശോധനയ്ക്ക് സാമ്പിളുകള്‍ കൊണ്ടുവരുന്നതിന് മുന്‍പേ ഞങ്ങള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങും. സാധാരണ ഗതിയില്‍ ലാബ് അടച്ചിടുമെങ്കില് കൊറോണ സാമ്പിളുകള്‍ എത്തുമ്പോള്‍ ഡോറുകള്‍ മുഴുവന്‍ തുറന്നിടും. സുരക്ഷ ഉപകരണങ്ങളും വസ്ത്രങ്ങളും ധരിച്ചാകും പരിശോധിക്കുന്നവരും സാമ്പിള്‍ കൊണ്ടുവരുന്നവരും ഉണ്ടാവുക. സാമ്പിള്‍ കൊണ്ടുവരുന്നവര്‍ ഒരുതരത്തിലും എവിടേയും സ്പര്ശിക്കരുതെന്നതിനാലാണ് ഡോറുകള്‍ ആദ്യമേ തുറന്നിടുന്നത്. ചിലപ്പോള്‍ ഹൗസ് കീപ്പീങ് ആളുകള്‍ ആവശ്യമായ സുരക്ഷ വസ്ത്രങ്ങളും മുന്‍കരുതലും എടുത്താകും സാമ്പിള്‍ ലാബില്‍ എത്തിക്കുക. സാമ്പിള്‍ മൂന്ന് തലത്തില്‍ (ലയര്‍) ആണ് പാക്ക് ചെയ്യുക. സാമ്പിള്‍ വാങ്ങുന്നത് മുതല്‍ പരിശോധ പൂര്‍ത്തിയാക്കും വരെ ഒരുപാട് തവണ സാനിറ്റൈസര്‍ ഉപയോഗിക്കും. മുന്പില് കൊറോണ വൈറസ് ആണെന്ന് 100 ശതമാനവും ഉറപ്പുള്ളപ്പോള്‍ ജീവന് കൈയ്യില്‍ വച്ചാണ് ഞങ്ങളോരോരുത്തരും ലാബിലിരിക്കുന്നത്. മുഴുവന്‍ കവര്‍ ചെയ്ത വസ്ത്രവും മറ്റു സുരക്ഷ ഉപകരണങ്ങളും ധരിക്കുമെങ്കിലും പരിശോധിക്കുന്ന ഡോക്ടറും നഴ്സും മുതല്‍ ഓരോരുത്തരും ജാഗ്രതയോടെ ഇരുന്നാലേ രോഗബാധ ഒഴിവാക്കാനാവൂ. എവിടെയെങ്കിലും ഒന്ന് പാളിയാല്‍ പ്രത്യാഘാതം വലുതാകുമെന്ന ബോധ്യത്തിലാണ് ജോലി ചെയ്യുന്നത്. സാധാരണ ഒരു ഗ്ലൗസ് ഉപയോഗിക്കുമെങ്കില്‍ ഇപ്പോള്‍ മൂന്നും നാലും ഗ്ലൗസും മാസ്കും ധരിക്കും. ഇവയുടെ അസ്വസ്ഥതകള്‍ ഒരുപാടാണ്. എന്നാല്‍ നിലവില്‍ കൊറോണ രോഗികള്‍ കുറവായതിനാലും പരിശോധനകള്‍ ഒരുപാട് ഇല്ലാത്തതിനാലും സുരക്ഷ വസ്ത്രവും ഉപകരണവും ഒരുപാട് സമയം ഉപയോഗിക്കേണ്ടതില്ല. എന്നാല്‍ ഗ്ലൗസും മാസ്കും രണ്ടോ മൂന്നോ എണ്ണം വച്ച് എപ്പോഴും ധരിക്കുന്നത് അസ്വസ്ഥതകള്‍ ഏറെ ഉണ്ടാക്കുന്നുമുണ്ട്. പരിശോധനയ്ക്ക് ശേഷം വസ്ത്രവും മറ്റും ശാസ്ത്രീയമായ രീതിയില്‍ തന്നെ ഒഴിവാക്കും. കണ്ണട മാത്രം ഒഴിവാക്കില്ല. സാനിറ്റൈസര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തുകയാണ് ചെയ്യുക. അതിനു ശേഷം ശരീരശുദ്ധി വരുത്തി വസ്ത്രമൊക്കെ ധരിച്ചാണ് വീട്ടിലെത്തുക. വീട്ടിലുള്ളത് ചെറിയ കുട്ടികളായതിനാല്‍ ജാഗ്രതയും സുരക്ഷാമുന്‍കരുതലുകളും നേരത്തേതിലും കൂടുതല്‍ എടുക്കേണ്ടതുണ്ട്. 72 വയസ്സുള്ള കൊറോണ പോസിറ്റീവ് ആയ ആളുടെ സാമ്പിളാണ് ആദ്യം എനിക്ക് പരിശോധിക്കേണ്ടി വന്നത്. കൂടുതല്‍ വിവരങ്ങളൊന്നും ഞങ്ങള്‍ക്ക് തന്നിരുന്നില്ല. പേരും വയസ്സും മാത്രം സാമ്പിളിന്റെ മുകളില്‍ ഉണ്ടായിരുന്നു. കോറോണ കേസാണെങ്കില്‍ സാമ്പിളിന്റെ മുകളില്‍ ചുവപ്പ് കളര്‍ സ്റ്റിക്കറും ഉണ്ടാകും. ആദ്യ സാമ്പിള്‍ കിട്ടിയപ്പോള്‍ ഒരു പേടിയോ ഉള്ക്കിടിലമോ ഉണ്ടായി. സാമ്പിള്‍ പരിശോധനയ്ക്ക് എത്തുന്നതിന് മുന്‍പ് അറിയിപ്പുണ്ടാകാറുണ്ട്. അതോടെ ഞങ്ങള്‍ ആവശ്യമായ മുന്നൊരുക്കങ്ങളെടുത്ത് തയ്യാറാകും. കൊറോണ പോസിറ്റീവ് കേസുകളുടെ സാമ്പിളുകള്‍ വരുമ്പോള്‍ ചെയ്യേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും രീതികളും ഉള്‍പ്പെടുത്തി ആശുപത്രി അധികൃതര്‍ വീഡിയോ സ്റ്റോറി തയ്യാറാക്കി നല്കിയിട്ടുണ്ടായിരുന്നു. അത്തരത്തിലുള്ള സുരക്ഷ മുന്‍കരുതലുകള്‍ തന്നെയാണ് ആശുപത്രിയില്‍ ഒരു സുരക്ഷിതത്വ ബോധം ഉണ്ടാക്കുന്നതും. കേരളത്തില്‍ കൊറോണ കേസുകള്‍ 200 പിന്നിട്ടല്ലോ. എന്നാല്‍ കേരളത്തിലുള്ളവരാണെന്നറിയുമ്പോള് പ്രദേശത്തുകാര്‍ ഒരു തരത്തിലുള്ള വിവേചനങ്ങളോ അവഗണനയോ കാണിക്കുന്നില്ലെന്നത് ആശ്വാസമാണ്. ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന സ്ഥലത്ത് അത്തരത്തിലുള്ള വിവേചനങ്ങളോ മാറ്റിനിര്‍ത്തലോ ഇല്ല. എന്നാല്‍ കഴിഞ്ഞ ദിവസം കേരളത്തിലേക്കുള്ള പച്ചക്കറി ലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങളും മറ്റും തടയുന്നത് കര്‍ണാടകയില്‍ ഉള്ളവര്‍ തന്നെയാണ്. എല്ലാവരുടേയും മനോഭാവം ഒരുപോലെയല്ലെന്ന് ഓര്‍മ്മിപ്പിച്ചെന്ന് മാത്രം. കൊറോണക്കാലത്ത് നേരിട്ട ഏറ്റവും വലിയൊരു പ്രയാസം, കൂടെ ജോലി ചെയ്യുന്ന ചിലര്‍ ഹോസ്പിറ്റലിലെ പിജി കുട്ടികളുടെ കൂടെയാണ് താമസിച്ചിരുന്നത്. ഹോസ്റ്റലില്‍ നിര്‍ദ്ദിഷ്ട ഒരു മീറ്റര്‍ അകലം ആളുകള്‍ തമ്മില്‍ പാലിക്കാന്‍ പറ്റില്ലല്ലോ. ഇടയ്ക്ക് ഹോസ്റ്റല്‍ പൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കാനും ഭക്ഷണത്തിനും ബുദ്ധിമുട്ടിലായി. കൂടെ ജോലി ചെയ്തിരുന്ന സുഹൃത്ത് അങ്ങനെ രണ്ടുദിവസം എന്റെ വീട്ടിലാണ് താമസിച്ചത്. പലരും ഏറെ പ്രയാസം നേരിട്ടു. നാട്ടിലേക്ക് തിരിച്ച് പോകാനോ താമസത്തിനോ ഭക്ഷണത്തിനോ വകയില്ലാതെ ഹോസ്റ്റല്‍ അന്തേവാസികള്‍ പ്രതിസന്ധിയിലായതോടെ ആശുപത്രി അധികൃതര്‍ക്ക് തീരുമാനം മാറ്റേണ്ടി വന്നു. ഇതിനിടയ്ക്ക് കേരളത്തില്‍ നിന്നുള്ളവരാണ് എന്നറിവുള്ള ഹൗസ് ഓണര്‍ ഞങ്ങളെ പേടിയോടെയാണ് കണ്ടിരുന്നത്. കേരളത്തില്‍ ഉള്ളവരായത് കൊണ്ട് പ്രത്യേകമായി വിവേചനം നേരിട്ടിട്ടില്ലെങ്കിലും അയാള്‍ക്ക് പേടിയായിരുന്നു. നാട്ടില്‍ പോയിട്ടില്ലെന്ന് ചോദിച്ച് ഉറപ്പ് വരുത്തി. വാടക വാങ്ങാന്‍ പോലും വീട്ടുടമസ്ഥന് ഞങ്ങളുടെ അടുത്തേക്ക് വന്നിട്ടില്ല. കൊറോണ അയാള്‍ക്കും പിടിച്ചെന്ന് അയാള്‍ക്ക് ഇടക്കിടക്ക് പേടി വരും. പേടി കൂടിയപ്പോള്‍ തനിക്ക് ചെറുതായി ജലദോഷമുണ്ടെന്നും കൊറോണ ടെസ്റ്റ് നടത്താന്‍ പറ്റുമോ എന്നും, എത്ര പൈസയാകുമെന്നും ചോദിച്ച് ഒരു ദിവസം എന്നെ വിളിച്ചു. ഞാന്‍ ആശുപത്രിയിലെ എന്റെ മേലധികാരിയോട് ചോദിച്ചപ്പോള്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ടെസ്റ്റ് നടത്താന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. വീട്ടുടമസ്ഥനോട് ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ സ്വയം സമ്പര്ക്കവിലക്കേര്പ്പെടുത്താന് (self isolation ) പറഞ്ഞ് തല്ക്കാലം ആശ്വസിപ്പിച്ചു. കൊറോണ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ തല്ക്കാലം പരിശോധിക്കേണ്ടെന്ന തീരുമാനത്തിലാണ് കര്‍ണാടക ആരോഗ്യ വകുപ്പും ഞാന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ അധികൃതരും. സംസ്ഥാനത്ത് കൊറോണ സാമൂഹ്യ വ്യാപനം നടന്നിട്ടില്ലെന്ന അനുമാനത്തിലാണ് സര്‍ക്കാരും ആരോഗ്യവകുപ്പും. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ സാരി (Severe Acute Respiratory Infections- SARI) കേസുകളും ഐഎല്‍ഐ (influenza like illnsse - ILI) കേസുകളും കൊറോണ പരിശോധനയ്ക്ക് വിധേയയാക്കുന്നില്ല. അത്തരത്തില്‍ പരത്തിയുള്ള പരിശോധനയിലേക്ക് ഇതുവരെ കടന്നിട്ടില്ല. അതുകൊണ്ട് കുറച്ചുകൂടി ജോലിയില്‍ സമാധാനവും ജോലി ഭാരവും കുറവുണ്ട്. എന്നിരുന്നാലും ജാഗ്രതയോടൊപ്പം തന്നെ പേടിയോടെയാണ് ഞങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരും ഇവിടെ കഴിയുന്നത്. എല്ലാവരും ഒത്തൊരുമയോടെ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്ന കാര്യങ്ങള്‍ പാലിക്കുകയും സെല്‍ഫ് ക്വാറന്റൈനില്‍ പോകുകയും ചെയ്താല്‍ മാത്രമേ എല്ലാവര്ക്കും ഈ മഹാമാരിയെ തോല്‍പ്പിക്കാനും കൂടുതല്‍ ജീവനുകള്‍ അപകടത്തിലാക്കാതെയും ഇരിക്കാനാവൂ എന്ന ഓര്‍മ്മ എല്ലാവര്ക്കും ഉണ്ടാകണം. നമുക്ക് ജാഗ്രതയോടെയിരിക്കാം. അതോടൊപ്പം ഒരുമിച്ച് അതിജീവിക്കാം. ( തയ്യാറാക്കിയത്: നസീറ നീലോത്ത് )