TopTop
Begin typing your search above and press return to search.

വി.ടി, ഇഎംഎസ്, കെ. ദാമോദരന്‍, കെ.ടി മുഹമ്മദ്‌, പൊന്‍കുന്നം വര്‍ക്കി, പി.ജെ ആന്റണി...; കേരളത്തില്‍ നവയുഗ നാടകപ്പിറവി; കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

വി.ടി, ഇഎംഎസ്, കെ. ദാമോദരന്‍, കെ.ടി മുഹമ്മദ്‌, പൊന്‍കുന്നം വര്‍ക്കി, പി.ജെ ആന്റണി...; കേരളത്തില്‍ നവയുഗ നാടകപ്പിറവി; കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു. ആദ്യ ഒമ്പത് ഭാഗങ്ങള്‍ ഇവിടെ വായിക്കാം.

ഭാഗം 10

''തനി‌ക്കൊരു നാടകം എഴുതിക്കൂടേ?''

പെട്ടെന്നായിരുന്നു ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ആ ചോദ്യം.

എല്ലാവരും കെ. ദാമോദരനെ നോക്കി. അപ്രതീക്ഷിതമായിരുന്നതുകൊണ്ട് ദാമോദരന്‍ ഒരു നിമിഷം ഒന്ന് ശങ്കിച്ചു. എന്നിട്ട് പറഞ്ഞു.

''ഒന്നു ശ്രമിച്ചു നോക്കാം''

''നോക്കാമെന്നു പറഞ്ഞാല്‍പ്പോരാ. ഇനി ഒരാഴ്ചയേയുള്ളൂ സമ്മേളനത്തിന്''

ദാമോദരന് സമ്മതിക്കേണ്ടി വന്നു.

''ശരി, എഴുതാം.''

.... 1937ല്‍, ഗുരുവായൂരിനടുത്തുള്ള വൈലത്തൂര് വെച്ചു നടക്കുന്ന പൊന്നാനി താലൂക്ക് കര്‍ഷക സമ്മേളനത്തിന്റെ നടത്തിപ്പിനെ കുറിച്ചുള്ള ആലോചനായോഗമായിരുന്നു അത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റുപാര്‍ട്ടിയുടെ നേതാക്കന്മാരായ ഇ എം എസും കെ ദാമോദരനുമാണ് സമ്മേളനത്തിന്റെ മുഖ്യ ചുമതലക്കാര്‍.പുറമേ ഇടതുപക്ഷ കോണ്‍ഗ്രസ്സുകാരാണെങ്കിലും, ആ വര്‍ഷം രഹസ്യമായി രൂപം കൊണ്ട കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പില്‍ പി കൃഷ്ണപിള്ളയോടും എന്‍ സി ശേഖറിനോടുമൊപ്പം അവര്‍ രണ്ടുപേരും അംഗങ്ങളായി കഴിഞ്ഞിരുന്നു. കൂടിയാലോചനകള്‍ക്കിടയില്‍, നാടകമോ മറ്റു കലാപരിപാടികളോ ഉണ്ടെങ്കില്‍ കൂടുതല്‍ കൃഷിക്കാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞേക്കുമെന്ന് ദാമോദരന്‍ തന്നെയാണ് അഭിപ്രായപ്പെട്ടത്. ഇഎംഎസ് അതിനോട് യോജിച്ചു.

''...... എന്തെങ്കിലും നാടകമായാല്‍പ്പോരാ. കൃഷിക്കാരുടെ ജീവിതം ചിത്രീകരിക്കുന്ന നാടകമാവണം. പക്ഷെ അത്തരമൊരു നാടകം മലയാളത്തിലാരും എഴുതിയിട്ടില്ല. പ്രായോഗികമായ എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടോ?''

എന്നിട്ടാണ് പെട്ടെന്ന് ദാമോദരന്റെ നേര്‍ക്ക് തിരിഞ്ഞു ചോദിച്ചത് :

''തനിക്ക് ഒരു നാടകം എഴുതിക്കൂടേ?''(ഇഎംഎസ്, എകെജി, കെ. ദാമോദരന്‍ എന്നിവര്‍ മുകളിലുള്ള ചിത്രത്തില്‍)

ദാമോദരന്‍ ചില കഥകളും കവിതകളുമൊക്കെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല, പുരോഗമനവാദികളായ എഴുത്തുകാരുടെ ഒരു യോഗം ആ വര്‍ഷം ഷൊര്‍ണ്ണൂരില്‍ വിളിച്ചുകൂട്ടി ജീവല്‍സാഹിത്യ സംഘം രൂപീകരിക്കാന്‍ മുന്‍കയ്യെടുത്തതും ദാമോദരനായിരുന്നു. ഇതൊക്കെ മനസ്സില്‍ വെച്ചുകൊണ്ടാണ് ഇഎംഎസ് ആ ചോദ്യം ചോദിച്ചത്.

കൂടുതലാലോചിക്കാന്‍ നേരമുണ്ടായിരുന്നില്ല. അപ്പോഴേക്കും ഒരു ബൗണ്ട് ബുക്കുമായി, യോഗം നടക്കുന്ന കടലായി മനയ്ക്കലെ നാരായണന്‍ നമ്പൂതിരിയെത്തിക്കഴിഞ്ഞു. ഇരുന്നെഴുതാന്‍ ഒരു മുറിയും ശരിയാക്കി. രണ്ടു ദിവസം കൊണ്ട് നാടകമെഴുതി തീര്‍ത്തു.

കിട്ടുണ്ണി എന്ന തൊഴിലാളി അമ്മയും ഇളയസഹോദരങ്ങളായ കുഞ്ഞിമാളു, ബാലന്‍ എന്നിവരുമൊത്തു താമസിക്കുന്ന വീട്, കടം മൂലം ജന്മിയുടേതായി തീര്‍ന്നു. നിവൃത്തികേടു കൊണ്ട് കിട്ടുണ്ണി ഒരു പീടികയില്‍ നിന്ന് അരി മോഷ്ടിക്കാന്‍ ശ്രമം നടത്തുന്നതിനിടയില്‍ പിടിക്കപ്പെട്ട് ജയിലിലാകുന്നു. കാമക്കണ്ണുകളുമായി കുഞ്ഞിമാളുവിന്റെ പിന്നാലെ കൂടിയ കാര്യസ്ഥന്‍ രാമന്‍ നായര്‍ അവള്‍ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍, ആ കുടുംബത്തെ കുടിയിറക്കുന്നു. അമ്മ പെരുവഴിയില്‍ കിടന്നു മരിച്ചു. അനിയനെ പോറ്റാന്‍ വേണ്ടി കുഞ്ഞിമാളു ശരീരം വില്‍ക്കുന്നു. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ കിട്ടുണ്ണി എല്ലാമറിയുമ്പോള്‍ ആദ്യം ക്ഷോഭിക്കുന്നുണ്ടെങ്കിലും വലിയൊരു തിരിച്ചറിവ് അയാള്‍ക്കുണ്ടാകുന്നു.

''അതെ, ഈ ക്രൂരമായ സമുദായത്തില്‍, മുതലാളികളുടെയും അവരുടെ കിങ്കരന്മാരുടെയും ഉപദ്രവം കൊണ്ട്, മര്‍ദ്ദനം കൊണ്ട്, അനേകം ജനങ്ങള്‍ക്ക് പട്ടിണി കിടക്കേണ്ടി വരുന്ന ഇന്നത്തെ സമുദായത്തില്‍ കളവും വ്യഭിചാരവും പാപമല്ല! കുഞ്ഞിമാളൂ, ദാരിദ്ര്യമാണ് മനുഷ്യനെക്കൊണ്ട് മോഷണം നടത്തിക്കുന്നത്. മോഷണവും വ്യഭിചാരവും ഇല്ലാതാവണമെങ്കില്‍ ദാരിദ്ര്യം നശിക്കണം. ദാരിദ്ര്യം നശിക്കണമെങ്കിലോ ഇന്നത്തെ ഭരണസമ്പ്രദായം മാറണം''.

അതെങ്ങനെയെന്ന് ചോദിക്കുന്ന കുഞ്ഞിമാളുവിനോട്

''നമുക്കീ സമുദായത്തോട് പകരം ചോദിക്കണം. ഈ സമുദായ സംഘടനയെ ഉടച്ചു വാര്‍ക്കണം.. എങ്ങനെയെന്നു ഞാന്‍ പറഞ്ഞു തരാം, വരൂ..." എന്നുപറഞ്ഞ് അവളെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ നാടകം അവസാനിക്കുകയാണ്.

അക്കാലത്ത് നിര്‍ധനരായ കൃഷിക്കാരെ കുടിയിറക്കാനും കോടതി കയറ്റാനും ജന്മിമാര്‍ കണ്ടെത്തിയിരുന്ന ഒരു കാര്യമാണ് നാടകത്തിന് പേരായി ദാമോദരന്‍ നല്‍കിയത്.

'പാട്ടബാക്കി'

പാട്ടബാക്കിയുടെ മുഖചിത്രം

പൊന്നാനി സമ്മേളനത്തില്‍ നാടകം വലിയ വിജയമായി. മാതൃഭൂമിയില്‍ പാട്ടബാക്കി അച്ചടിച്ചു വന്നു. തുടര്‍ന്ന് മലബാറിന്റെ വിവിധഭാഗങ്ങളില്‍ നാടകം അരങ്ങേറി. എ.കെ ഗോപാലന്‍, സര്‍ദാര്‍ ചന്ത്രോത്ത് തുടങ്ങിയ സി എസ് പി നേതാക്കളും അതിലഭിനയിച്ചു. സ്ത്രീകള്‍ അഭിനയിക്കാന്‍ തയ്യാറാകാത്തതു കൊണ്ട് ദാമോദരന്‍ തന്നെ അമ്മയുടെ വേഷം കെട്ടി.

കോഴിക്കോട് നാടകം കാണാനെത്തിയ പി. കൃഷ്ണപിള്ള, ദാമോദരനെ അഭിനന്ദിച്ചു. ഒപ്പം ചെറുതായി വിമര്‍ശിക്കുകയും ചെയ്തു :

പി. കൃഷ്ണപിള്ള

''.....മുഹമ്മദിനെപ്പോലെ ഒരു തൊഴിലാളിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? താന്‍ പ്ലാറ്റ്ഫാറത്തില്‍ കയറി പ്രസംഗിക്കുന്നതു പോലെയുണ്ട്. ഒരു കാര്യം ചെയ്താലെന്താണ്? ചായപ്പീടിക അതാത് സന്ദര്‍ഭത്തിലെ രാഷ്ട്രീയ കാര്യത്തെപ്പറ്റിയും അതാതു സ്ഥലങ്ങളിലെ മര്‍ദ്ദനങ്ങളെപ്പറ്റിയുമെല്ലാമിടയില്‍ സാധാരണ ജനങ്ങളുടെ ഭാഷയില്‍ വാദപ്രതിവാദം നടത്തുന്ന ഒരു രംഗമാക്കിക്കൂടേ?''

സഖാവ് നിര്‍ദ്ദേശിച്ചതുപോലെയുള്ള മാറ്റങ്ങള്‍ പലതും ഉള്‍ക്കൊണ്ട്, അവതരണം കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ട് പാട്ടബാക്കി' നാടാകെ അരങ്ങേറി.

''എം പി ഭട്ടതിരിപ്പാട്, പരിയാനംപറ്റ, കൂത്തുള്ളി നമ്പൂതിരി, എം എസ് നമ്പൂതിരി തുടങ്ങിയ പല നടന്മാരും അഭിനയിക്കാന്‍ തുടങ്ങിയതോടെ നാടകത്തിന്റെ കെട്ടും മട്ടും മാറാന്‍ തുടങ്ങി. ഓരോ പ്രാവശ്യം അഭിനയിക്കുമ്പോഴും പുതിയ പുതിയ പരീക്ഷണങ്ങളുണ്ടായി. അങ്ങനെ കളിച്ചു കളിച്ച് നാടകം എന്റെ സ്വന്തമല്ലാതായി. അതൊരു കൂട്ടായ പരിശ്രമത്തിന്റെ ഫലമായി തീര്‍ന്നു. അതോടെ കലാപരമായും അതു വളരെ മെച്ചപ്പെട്ടു. അതുകൊണ്ടാണ് അതു കൂടുതല്‍ കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചത് ''*

'പാട്ടബാക്കി' പിറക്കുന്നതിന് എട്ടുകൊല്ലങ്ങള്‍ക്കു മുന്‍പു തന്നെ മലയാള നാടകവേദിയില്‍ നവോത്ഥാനത്തിന്റെ മന്ത്രോച്ചാരണം മുഴങ്ങിക്കേട്ടിരുന്നു. 'നമ്പൂതിരിയെ മനുഷ്യനാക്കുക' എന്ന ആഹ്വാനവുമായി പോരാട്ടത്തിനിറങ്ങിയ പുരോഗമനവാദികളായ ഉണ്ണി നമ്പൂതിരിമാര്‍ ആയുധമായി കണ്ടെത്തിയത് ഒരു പ്രഹസനത്തെയാണ്. നമ്പൂതിരി സമുദായത്തില്‍ അധീശത്വം വഹിച്ചിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അനാവരണം ചെയ്തു കൊണ്ട്, വി ടി ഭട്ടതിരിപ്പാട് എഴുതിയ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്'. മാമൂലുകള്‍ക്കു നേരെ വലിച്ചെറിഞ്ഞ ഒരു ബോംബായിരുന്നു വിടിയുടെ നാടകം.

വി.ടി ഭട്ടതിരിപ്പാട്

1929 ഡിസംബറില്‍ എടക്കുന്നിയില്‍ വെച്ചു നടന്ന യോഗക്ഷേമ സഭയുടെ വാര്‍ഷികത്തില്‍,യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെ മറികടന്നു കൊണ്ടാണ് നാടകം ആരംഭിച്ചത്. എന്നാല്‍ നാടകത്തിന്റെ ആദ്യരംഗം കഴിഞ്ഞപ്പോള്‍ തന്നെ എതിര്‍പ്പുകാര്‍ പലരും ടിക്കറ്റെടുത്ത് സദസ്സിന്റെ മുന്‍നിരയില്‍ വന്നിരിപ്പായി.

''അഭിനേതാക്കളെ സ്വകാര്യമായി ഉപദേശിക്കുവാനും അവര്‍ക്കു പറഞ്ഞുകൊടുക്കുവാനുമായി ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടും ഞാനും കര്‍ട്ടന്റെ പിന്നില്‍ സദസ്സിനെ പാളിനോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു. നാടകത്തിന്റെ തന്മയത്വ തികവ് ഇത്രയും ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല. നമ്പൂതിരിപ്പാട് അടങ്ങാത്ത ആഹ്ലാദത്തോടെ എന്റെ കഴുത്തില്‍ കെട്ടിപ്പിടിച്ച് തുള്ളിച്ചാടി തുടങ്ങി. അദ്ദേഹത്തിന് വിക്കലുള്ളതുകൊണ്ട് ഉള്ളില്‍ നിന്ന് വന്നിരുന്ന വികാരം വാക്കുകളെക്കൊണ്ടു പുറത്തു കഴിയാഞ്ഞിട്ടാണോ ശരീരം കൊണ്ടാസകലം തുള്ളിച്ചാടിയതെന്ന് തോന്നും.**. വി ടി യുടെ ജീവന് തന്നെ ഭീഷണി ഉണ്ടായി. നാടകം നമ്പൂതിരി സമുദായത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.

ആദ്യത്തെ വിധവാ വിവാഹം നടത്താന്‍ ധീരതയോടെ മുന്നോട്ടു വന്ന എം ആര്‍ ഭട്ടതിരിപ്പാട് 'മറക്കുടക്കുള്ളിലെ മഹാനരകം' എഴുതി. അന്തപ്പുരങ്ങളില്‍, വൃദ്ധ ബ്രാഹ്മണ്യത്തിന്റെ ക്രൂരപീഡനമനുഭവിച്ചുപോന്ന, 'സമുദായത്തിലെ തടവുകാരികളാ'യ അന്തര്‍ജനങ്ങളുടെ ദുരവസ്ഥയാണ് എം ആര്‍ ബി.തുറന്നു കാട്ടിയത്.

എംആര്‍ബി

സമുദായത്തില്‍ സാരമായ പരിഷ്‌ക്കരണങ്ങള്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള നമ്പൂതിരി ബില്ല് കൊച്ചി നിയമസഭ അംഗീകരിച്ചത് നിയമസഭയില്‍ അരങ്ങേറിയ '....മഹാനരകം' കണ്ടതിനു ശേഷമാണ്.

ഈ പരമ്പരയിലെ മൂന്നാമത്തെ നാടകമായ 'ഋതുമതി', രചിച്ചത് വിധവാ വിവാഹത്തിലൂടെ വിപ്ലവം സൃഷ്ടിച്ച എം പി ഭട്ടതിരിപ്പാട് എന്ന പ്രേംജിയാണ്.

പ്രേംജി

ഇരുപത്തിയൊന്ന് വയസ്സുള്ളപ്പോള്‍ അറുപത്തിയഞ്ചുകാരനായ വിളയൂര്‍ അച്ഛന്‍ നമ്പൂതിരിയായി 'അടുക്കളയില്‍ നിന്നരങ്ങത്തേക്കി'ല്‍ വേഷമിട്ട പ്രഗത്ഭ നടനായ പ്രേംജി. ഇച്ഛശക്തിയും തന്റേടവും കാണിക്കുന്ന നമ്പൂതിരിസ്ത്രീയെ അരങ്ങത്തു കൊണ്ടുവന്ന നാടകമാണ് ഋുതുമതി.

"ബ്ലൗസൂരുന്നു! എന്റെ മേലത്തെ തൊലിയൂരാം, എന്നാലും ഞാന്‍ ബ്ലൗസൂരില്ല്യ" എന്ന ദേവകിയുടെ പ്രതിഷേധത്തിലൂടെ സ്ത്രീയുടെ എതിര്‍പ്പിന്റെയും ചെറുത്തുനില്പിന്റെയും ശബ്ദം മലയാളനാടകവേദിയില്‍ ആദ്യമായി ഉയര്‍ന്നുകേള്‍ക്കുകയായിരുന്നു.

മലബാറിന്റെ രാഷ്ട്രീയ ഭൂമികയെ ഉഴുതു മറിച്ച 'പാട്ടബാക്കി'ക്കു ശേഷം കെ. ദാമോദരന്‍ 'രക്തപാനം ' എന്ന നാടകമെഴുതി. രാഷ്ട്രീയ നിലപാടുകളില്‍ കൂടുതല്‍ വ്യക്തതയുണ്ടായിരുന്നെങ്കിലും 'രക്തപാന'ത്തിനു 'പാട്ടബാക്കി'യെപ്പോലെ ഒരു ജനകീയ നാടകമാകാന്‍ കഴിഞ്ഞില്ല.

തിരുവിതാംകൂറില്‍ ഉത്തരവാദിത്തപ്രക്ഷോഭം തിളച്ചു മറിഞ്ഞ നാളുകളില്‍, സ്റ്റേറ്റ് കോണ്‍ഗ്രസ് സമരത്തിന് ഉത്തേജനം പകരുന്ന ചില രചനകള്‍ പിറന്നു.

സര്‍വ്വസംഹാരശേഷിയുള്ള ഒരു ഏകാധിപതി തന്നെ എതിര്‍ക്കുകയും വെറുക്കുകയും ചെയ്യുന്ന ജനങ്ങളുടെ മനസ്സില്‍ അനശ്വരത നേടാനായി സ്വന്തം പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നു. സകലരെയും കൃമികളെ പോലെ ചവുട്ടി മെതിക്കുന്ന അയാള്‍ സ്വന്തം മകന്റെ ഭാര്യയെ വെപ്പാട്ടിയാക്കുന്നു. ഒടുവില്‍, അനാച്ഛാദനത്തിന് തയ്യാറെടുത്തു നില്‍ക്കുന്ന പ്രതിമ സ്വേച്ഛധിപതിയുടെ മകന്‍ തന്നെ അടിച്ചുടക്കുകയാണ്. സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനുമായ കുട്ടനാട് രാമകൃഷ്ണപിള്ള എഴുതിയ 'പ്രതിമ' എന്ന നാടകം നിരോധിക്കപ്പെട്ടു. 'വെള്ളപ്പൊക്കത്തില്‍' എന്ന മറ്റൊരു രാഷ്ട്രീയ നാടകവും രാമകൃഷ്ണ പിള്ളയെഴുതി. പ്രജാവത്സലനായ രാജാവിനെ തെറ്റിദ്ധരിപ്പിച്ച് ജനങ്ങളില്‍ നിന്നകറ്റുന്ന മന്ത്രിയാണ് നാടകത്തിലെ ദുഷ്ടകഥാപാത്രം.

സ്റ്റേറ്റ് കോണ്‍ഗ്രസിലെ ഇടതുപക്ഷ വിഭാഗത്തോട് അനുഭാവം പുലര്‍ത്തിയിരുന്ന തകഴി ശിവശങ്കരപ്പിള്ള എഴുതിയ 'തോറ്റില്ല' എന്ന നാടകം പകര്‍ത്തിയത് ഒരു സ്വാതന്ത്ര്യസമരപ്പോരാളിയുടെ ജീവിതത്തിന്റെ അവസാന നാളുകളാണ്. ആദര്‍ശവാനായ കെ കെ കുഞ്ചുപിള്ളയുടെ ഛായയില്‍ വാര്‍ത്തെടുത്ത അരവിന്ദന്‍ നായരുടെ ദുരന്തകഥ പറഞ്ഞ നാടകം നിരോധിക്കപ്പെട്ടു.

ദിവാന്‍ ഭരണത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന 'മന്ത്രിക്കെട്ടും' 'മോഡലും' പോലെയുള്ള കഥകളെഴുതിയ പൊന്‍കുന്നം വര്‍ക്കി, സ്റ്റേറ്റ് കോണ്‍ഗ്രസ് സമരം പശ്ചാത്തലമാക്കി രചിച്ച നാടകമാണ് 'ജേതാക്കള്‍'. നാടകത്തിന്റെ ഉള്ളടക്കം പരിശോധിച്ച് റിപ്പോര്‍ട്ട് അയക്കാന്‍ നിയുക്തനായ ഇടിയന്‍ നാറാപിള്ള എന്ന ഹെഡ് കോണ്‍സ്റ്റബിള്‍ അതില്‍ 'അരാജകത്വ'വും 'വിദ്ധ്വംസക'വുമുണ്ടെന്നു കണ്ടുപിടിച്ചു. നാടകം നിരോധിച്ചു. പൊന്‍കുന്നം വര്‍ക്കിയെ ഉടനെതന്നെ അറസ്റ്റു ചെയ്ത് സെന്‍ട്രല്‍ ജയിലിലടക്കുകയും ചെയ്തു!

മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കാഴ്ചപ്പാടുമായി ആലപ്പുഴയിലെ തൊഴിലാളിവര്‍ഗത്തെ സംഘടിപ്പിച്ചുകൊണ്ട് രാഷ്ട്രീയ ജീവിതമാരംഭിച്ച പി. കേശവദേവ് കാലാന്തരത്തില്‍ ഒരു പ്രഖ്യാപിത കമ്മ്യൂണിസ്റ്റ് വിരുദ്ധനായി മാറി. പക്ഷെ 'മുന്നോട്ട്' എന്ന നാടകത്തിലൂടെ ദേവ് അവതരിപ്പിച്ചത് വര്‍ഗസമരത്തിന്റെ കഥയാണ്. ഒരു മില്ലുടമസ്ഥന്റെ മൂത്ത പുത്രനും സ്വാതന്ത്ര്യസമര നേതാവുമായ നരേന്ദ്രന്‍ സ്വാതന്ത്ര്യം കിട്ടിയ ശേഷം തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മുതലാളിയായി തീരുന്നു. അയാളുടെ സഹോദരന്‍ സുരേന്ദ്രന്‍ തൊഴിലാളികള്‍ക്കൊപ്പമാണ്. അവര്‍ തമ്മിലുള്ള ആശയസംഘട്ടനമാണ് സ്വാതന്ത്ര്യാനന്തരം രചിക്കപ്പെട്ട ആദ്യത്തെ രാഷ്ട്രീയ നാടകങ്ങളിലൊന്നായ 'മുന്നോട്ടി'ന്റെ തീം.

സ്വാതന്ത്ര്യസമരത്തിന്റെ ലക്ഷ്യപ്രാപ്തിയോടെ, കുടുംബബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും ആവശ്യമായ അഴിച്ചുപണിക്കും ഉടച്ചുവാര്‍ക്കലിനും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള രചനകളാണ് അരങ്ങത്തു വന്നത്. ചെറുകാട് ഗോവിന്ദ പിഷാരടിയാണ് അത്തരം നാടകങ്ങള്‍ എഴുതിയവരുടെ മുന്‍നിരയില്‍.

ചെറുകാട്

വള്ളുവനാട്ടിലെ കര്‍ഷക ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയിലൂടെ, സാമൂഹിക പരിവര്‍ത്തനത്തിന്റെ സന്ദേശമാണ് ചെറുകാടിന്റെ 'നമ്മളൊന്ന്' ഉയര്‍ത്തിപ്പിടിക്കുന്നത്. ജന്മിനമ്പൂതിരിയുടെ ഇച്ഛകള്‍ക്ക് മുന്നില്‍ ഏറാന്‍ മൂളി ഓച്ചാനിച്ചു നിന്നു ശീലിച്ച പങ്ങന്‍ നായര്‍ക്ക് താനും ചൂഷിതരുടെ വര്‍ഗ്ഗത്തില്‍ പെട്ടയാള്‍ തന്നെയാണെന്ന് തിരിച്ചറിവുണ്ടാകുന്നതാണ് നാടകത്തിന്റെ കാതല്‍.

'അവറാനേ, നമ്മളൊന്നല്ലേ? എന്നോട് അലോഗ്യോന്നുംണ്ടാവരുതേ. നമ്മളൊന്നാണ്. എനിക്കിപ്പോ പടിഞ്ഞു നമ്മളൊന്നാന്ന്' അതുവരെ ശത്രുവായി കണ്ടിരുന്ന അവറാന്‍ എന്ന മുസ്ലീം കര്‍ഷകനെ പങ്ങന്‍ നായര്‍ കെട്ടിപ്പിടിക്കുമ്പോള്‍ 'നമ്മളൊന്നി'ന് തിരശീല വീഴുന്നു.

''ഇച്ചെങ്കൊടിക്കു കീഴിലണി ചേരുക

വിപ്ലവത്താല്‍ പാര്‍ത്തലത്തെ വെല്ലുമീ

ചെങ്കൊടിക്കു കീഴിലണിചേരുക'' എന്നുകൂടി ആഹ്വാനം ചെയ്തു കൊണ്ടാണ് നാടകം അവസാനിക്കുന്നത്.

വള്ളുവനാടന്‍ കര്‍ഷകന്‍ വീണ്ടുമൊരിക്കല്‍ അരങ്ങത്തെത്തുന്നത് ശ്രീധരന്‍ നായരുടെയും അബൂബക്കറിന്റെയും രൂപത്തില്‍ 'കൂട്ടുകൃഷി'യിലാണ്. 'അധികാരം കൊയ്യണമാദ്യം, അതിനു മേലാകട്ടെ പൊന്നാര്യന്‍' എന്ന് പാടിയ ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ നാടകം. 1949 ല്‍ പൊന്നാനിയിലെ കൃഷ്ണ പണിക്കര്‍ സ്മാരക വായനശാലയുടെ വാര്‍ഷികത്തിന് ഒരു ഗ്രാമീണ സദസ്സിനു മുന്‍പാകെ അരങ്ങേറിയ 'കൂട്ടുകൃഷി'യില്‍ അബൂബക്കറായി പി സി കുട്ടിക്കൃഷ്ണനും (ഉറൂബ്) ശ്രീധരന്‍ നായരായി അക്കിത്തം അച്യുതന്‍ നമ്പൂതിരിയും വേഷമിട്ടു.

ഇടശ്ശേരിയും ഉറൂബും

പാവപ്പെട്ടവന്റെ കൃഷിഭൂമിയുടെ അതിര്‍വരമ്പുകള്‍ ഇടിച്ചുകളയുന്നതിനോടൊപ്പം, ജാതിമത ശക്തികള്‍ മനുഷ്യര്‍ക്കിടയില്‍ പടുത്തുയര്‍ത്തിയ വന്മതിലുകള്‍ കൂടി തകര്‍ക്കണമെന്ന മാനവികതയുടെ സന്ദേശം നാടകം വിളംബരം ചെയ്തു. നാടകമവതരിപ്പിച്ച പൊന്നാനി കലാസമിതിയാണ് മലബാറില്‍ കലാസമിതി പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. 1950ല്‍ തവനൂരിലെ മൂവാംകരകുന്നിന്റെ നെറുകയില്‍ വെച്ച് വി ടി ഭട്ടതിരിപ്പാട്, സി ജെ തോമസ്, എം ഗോവിന്ദന്‍, ഇടശ്ശേരി, പി സി കുട്ടികൃഷ്ണന്‍, അക്കിത്തം തുടങ്ങിയവര്‍ നേതൃത്വം കൊടുത്ത സ്ഥാപക സമ്മേളനം കലാസമിതി പ്രസ്ഥാനത്തിന് ദിശാബോധം പകര്‍ന്നു.

ഒരു മുസ്‌ലീം ചെറുപ്പക്കാരന്‍ ഹിന്ദു യുവതിയെ ആലിംഗനം ചെയ്യുക.... അതും പരസ്യമായി ഒരു നാടക സ്റ്റേജില്‍. യാഥാസ്ഥിതിക സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാകുമായിരുന്നില്ല അത്!

കോഴിക്കോട് പട്ടണത്തിലെ കലാകാരന്മാരും കലാസ്‌നേഹികളുമൊരുമിച്ചു ചേര്‍ന്ന് 1948-ലാരംഭിച്ച സംഘടനയാണ് ബ്രദര്‍സ് മ്യൂസിക് ക്ലബ്ബ്. ഗാനമേള ട്രൂപ്പായിട്ടാണ് തുടങ്ങിയതെങ്കിലും താമസിയാതെ നാടകങ്ങളും അവതരിപ്പിച്ചു തുടങ്ങി. നാടകമെഴുതുന്നതും സംവിധാനം ചെയ്യുന്നതും നായകനായി അഭിനയിക്കുന്നതുമെല്ലാം ഒരാളാണ് - ഒരു തപാല്‍ ജീവനക്കാരനായ കെ ടി മുഹമ്മദ്.

കെ.ടി മുഹമ്മദ്‌

1951ല്‍ ക്ലബ്ബ് അവതരിപ്പിച്ച 'മനുഷ്യന്‍ കാരാഗൃഹത്തിലാണ്' എന്ന നാടകത്തിന്റെ ക്ലൈമാക്‌സിലാണ് ആദ്യം പറഞ്ഞ ആലിംഗനം നടക്കുന്നത്.

'മനുഷ്യന്‍ കാരാഗൃഹത്തിലാണ്' എന്ന നാടകത്തിന്റെ പരസ്യം

ഹിന്ദുവായ നായികയെ മുഹമ്മദ് എന്ന നായകന്‍ കെട്ടിപ്പിടിക്കുന്നതായിരുന്നു പ്രശ്‌നം. നാടകം കളിക്കാന്‍ ചെന്നപ്പോള്‍ കണ്ണൂരാകെ സംഘര്‍ഷാവസ്ഥയായിരുന്നു. വര്‍ഗീയവാദികള്‍ വധഭീഷണി മുഴക്കിയിട്ടും കെ ടി മുഹമ്മദ് കൂട്ടാക്കിയില്ല. നാടകം അവതരിപ്പിക്കുക തന്നെ ചെയ്തു. അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കാവല്‍ക്കൂട്ടത്തിന്റെ നേര്‍ക്ക് കൂടുതല്‍ മാരക ശേഷിയുള്ള ഒരു ബോംബ്, ആ നാടകകൃത്ത് വലിച്ചെറിയാന്‍ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

'ഹാര്‍മോണിയമാണ് നാടകത്തിന്റെ ഐശ്വര്യം. അതു സ്റ്റേജിലിലില്ലെങ്കില്‍ പിന്നെ എന്തു കാണാനാണ് ആളുകള്‍ വരുന്നത്?'

അരങ്ങിന്റെ ഒത്ത നടുവില്‍, സില്‍ക്ക് ജുബ്ബയും പത്തുവിരലിലും സ്വര്‍ണമോതിരവും ധരിച്ച്, ചവിട്ട് ഹാര്‍മോണിയം വായിച്ചുകൊണ്ട് വിലസിയിരുന്ന ഭാഗവതരെ അണിയറയിലേക്ക് മാറ്റിയിരുത്തിനെ കുറിച്ചുള്ള പരാതിയായിരുന്നു അത്. 1947 ലാണ്, കൊച്ചിയിലെ ഇസ്മായില്‍ ടാക്കീസില്‍, കലാപ്രേമി നിലയം എന്നൊരു നാടക സമിതി അവതരിപ്പിച്ച 'തെറ്റിദ്ധാരണ' എന്ന നാടകം കണ്ടവര്‍ക്കിനിയുമുണ്ടായിരുന്നു പരാതികള്‍. പാട്ടുകള്‍ തീരെ കുറവ്, 'സ്പീച്ചി'ന് പകരം കൊച്ചി ഭാഷയിലുള്ള വര്‍ത്തമാനം പറച്ചില്‍...

തെറ്റിദ്ധാരണ എന്ന നാടത്തിന്റെ പരസ്യം

നാടകമെഴുതി സംവിധാനം ചെയ്ത്, പ്രധാന വേഷത്തില്‍ അഭിനയിച്ച പച്ചാളത്തുകാരന്‍ ആന്റണിക്ക് കൂസലുണ്ടായിരുന്നില്ല.

പി.ജെ ആന്റണി

നാവികലഹളയില്‍ പങ്കെടുത്തതിന് ജോലി നഷ്ടപ്പെട്ട് ജയില്‍ വാസവും കഴിഞ്ഞെത്തിയ ആന്റണി പിന്നെയും നാടകമെഴുതി കളിച്ചുകൊണ്ടിരുന്നു.

പി.ജെ ആന്റണിയുടെ നാടകത്തില്‍ നിന്ന്

കൊച്ചിപ്രദേശത്തെ പ്രമുഖ നാടക പ്രവര്‍ത്തകരായ എഡ്ഡി മാസ്റ്റര്‍, മേരി എഡ്ഡി, ടി എസ് മുത്തയ്യ, എന്‍ ഗോവിന്ദന്‍ കുട്ടി, ഖാന്‍.. തുടങ്ങിയവരൊക്കെ ആ നാടകങ്ങളില്‍ അഭിനയിച്ചു. നിര്‍ധനരായ മനുഷ്യരുടെ ജീവിതത്തെ കുറിച്ച്... മതത്തിന്റെ കൊള്ളരുതായ്മകളെ കുറിച്ച്... പട്ടിണിയേയും വിശപ്പിനേയും കുറിച്ചൊക്കെ നാടകമെഴുതിയ ആന്റണിക്ക് കമ്മ്യൂണിസ്റ്റ് എന്ന പേരും വീണു.

പി ജെ ആന്റണിയും അഡ്വ ജെ സി പാത്താടനും ചേര്‍ന്ന് 1950ല്‍ പ്രതിഭാ ആര്‍ട്‌സ് ക്ലബ്ബ് തുടങ്ങി. പുരോഗമനാശയങ്ങള്‍ പ്രതിഫലിക്കുന്ന നാടകങ്ങള്‍ കളിക്കുന്നതുകൊണ്ട്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അനുഭാവമുള്ള സമിതി ആയിട്ടാണ് പ്രതിഭ അറിയപ്പെട്ടിരുന്നത്.

ചക്രവാളം നാടകത്തിന്റെ പരസ്യം

നവോത്ഥാനത്തിന്റെയും സാമൂഹ്യപരിവര്‍ത്തനത്തിന്റെയും നിയോഗമേറ്റെടുത്ത പുരോഗമന നാടക പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ കെപിഎസി തയ്യാറെടുക്കുകയായിരുന്നു. അതിനു വേണ്ടത് കാലഘട്ടത്തിന്റെ സന്ദേശമുള്‍ക്കൊള്ളുന്ന ശക്തമായ ഇതിവൃത്തമുള്ള ഒരു നാടകമാണ്. ജനമനസ്സുകളില്‍ ഇടം പിടിക്കാനുതകുന്ന ചേരുവകളെല്ലാമുള്ള ഒരു നല്ല നാടകം.

തോപ്പില്‍ ഭാസിയുടെ നാടകത്തിന്റെ വില്‍പ്പനയും വിതരണവുമൊക്കെ ഏറ്റെടുത്തിരുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ, കായംകുളം ഡി സിയാണ്. ഡി സി യുടെ ചുമതലക്കാരനായ എന്‍ ശ്രീധരന്റെ പക്കല്‍ നിന്ന് പുസ്തകം സംഘടിപ്പിച്ച് ജനാര്‍ദ്ദനക്കുറുപ്പും രാജഗോപാലന്‍ നായരും വായിച്ചു. മധ്യതിരുവിതാംകൂറിലെ ജന്മിത്വത്തിന്റെ കരാള വാഴ്ചയും മര്‍ദ്ദിത വര്‍ഗ്ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും തികഞ്ഞ യാഥാര്‍ഥ്യ പ്രതീതിയോടെ അവതരിപ്പിച്ച നാടകം അവര്‍ക്കിഷ്ടമായി. ജീവനുള്ള കഥാപാത്രങ്ങള്‍, ഓണാട്ടുകരയുടെ തനിമ തുടിച്ചുനില്‍ക്കുന്ന സംഭാഷണങ്ങള്‍. എന്നാല്‍ അരങ്ങത്തു വിജയിക്കാനാവശ്യമായ ചില അത്യാവശ്യഘടകങ്ങളുടെ പോരായ്മ അവര്‍ക്കനുഭവപ്പെട്ടു. പാട്ടുകളുടെ സന്ദര്‍ഭങ്ങള്‍ കുറവായിരുന്നു. ചില കഥാപാത്രങ്ങള്‍ കൃത്രിമമായി തോന്നി. അതിലെല്ലാം പ്രധാനമായ പ്രശ്‌നം, നാടകത്തിലെ നായിക - നായകന്റെ കാമുകി - രംഗത്തു പ്രത്യക്ഷപ്പെടുന്നതേയില്ല എന്നതാണ്. ജന്മിയുടെ മകളായ സുമാവലി എന്ന ആ കഥാപാത്രത്തെ കുറിച്ച് മറ്റുള്ളവരുടെ സംഭാഷണങ്ങളിലൂടെ സൂചിപ്പിക്കുക മാത്രമാണ് ഭാസി ചെയ്തിരിക്കുന്നത്. സുലോചനയെ പോലെ അഭിനയത്തിലും പാട്ടിലും ഒരുപോലെ തിളങ്ങുന്ന ഒരു കലാകാരിക്ക് ഏറ്റവുമിണങ്ങുന്ന വേഷമായിരുന്നേനെ സുമാവലി. ഇക്കാര്യങ്ങളെല്ലാം ഭാസിയുമായി ചര്‍ച്ച ചെയ്ത് ഒരു തീരുമാനമെടുക്കണമെന്ന് ധാരണയായി.

അങ്ങനെ 'എന്റെ മകനാണ് ശരി' എന്ന നാടകത്തിനു ശേഷം കേരളാ പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബ്, സോമന്‍ എഴുതിയ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളാരംഭിച്ചു.

*പാട്ടബാക്കി, കെ. ദാമോദരന്‍, എന്‍ബിഎസ്, കോട്ടയം

**അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്, വി.ടി ഭട്ടതിരിപ്പാട്, ഡിസി ബുകസ്, കോട്ടയം

(അടുത്ത ഭാഗം: അരങ്ങൊരുങ്ങുകയാണ്)


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories