TopTop
Begin typing your search above and press return to search.

സാംബശിവനും സംഘത്തില്‍; 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യില്‍ ഒഎന്‍വി-ദേവരാജന്‍ കൂട്ടുകെട്ട്; കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

സാംബശിവനും സംഘത്തില്‍; നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയില്‍ ഒഎന്‍വി-ദേവരാജന്‍ കൂട്ടുകെട്ട്; കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു. ആദ്യ 11 ഭാഗങ്ങള്‍ ഇവിടെ വായിക്കാം.

ഭാഗം 12

''സംപൂജ്യരായ ഗുരുജനങ്ങളേ, സഹോദരീ സഹോദരന്മാരേ, മാന്യ സുഹൃത്തുക്കളേ, എനിക്ക് കോളേജില്‍ പോകാന്‍ കാശില്ല. എന്നോടൊപ്പം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എന്റെ സ്‌നേഹിതന്മാരെല്ലാം കോളേജില്‍ ചേര്‍ന്നു. എനിക്ക് ചേരാന്‍ പൈസയില്ല. എനിക്ക് പഠിക്കണം. നിങ്ങള്‍ എനിക്ക് കുറച്ചു പൈസ തരുമെങ്കില്‍ പകരം ഞാനൊരു കഥാപ്രസംഗം ചെയ്യാം... ''

എഴുപതു കൊല്ലങ്ങള്‍ക്ക് മുന്‍പൊരു ദിവസം. ചവറ തെക്കുംഭാഗം ഗ്രാമത്തില്‍, അഷ്ടമുടിക്കായലിനോട് മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന ശ്രീഗുഹാനന്ദപുരം ക്ഷേത്രത്തിന്റെ തിരുമുറ്റത്ത്, ഒരു കലാസപര്യയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. പുലര്‍ച്ചെ ആരംഭിച്ച്, നിര്‍ത്താതെ തകര്‍ത്തു പെയ്യുന്ന പെരുമഴയെ വകവെക്കാതെ അന്നു സന്ധ്യ മുതല്‍ അവിടെ കാത്തു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍, സമീപഗ്രാമങ്ങളില്‍ നിന്നെത്തിയ സഹൃദയരും ഇടം പിടിച്ചിട്ടുണ്ട്. കഥ പറയാനൊരുങ്ങി ചപ്ലാക്കട്ടയുമേന്തി വേദിയില്‍ നില്‍ക്കുന്ന 'സാംബശിവ ശാസ്ത്രികള്‍' എന്ന വി സാംബസദാശിവന്‍ അവരുടെയെല്ലാം സാംബനാണ്. തൊണ്ടു തല്ലിയും ചകിരി പിരിച്ചും പറമ്പ് കിളച്ചുമൊക്കെ, ഒരു വലിയ കുടുംബം പോറ്റാന്‍ സദാ അധ്വാനിക്കുന്ന ആ ഇരുപത് വയസ്സുകാരന് വായനയായിരുന്നു പ്രധാന ലഹരി.

ചവറയിലെ ശങ്കരന്‍ തമ്പി സ്മാരക വായനശാലയില്‍, നാട്ടുകാരും ചങ്ങാതിമാരുമായ ഒഎന്‍വി കുറുപ്പും സി.എന്‍ ശ്രീകണ്ഠന്‍ നായരുമായി ഒരുമിച്ചിരുന്ന് കഥകളും കവിതകളും താളാത്മകമായി 'ചൊല്ലി' രസിക്കുമ്പോള്‍ സാംബനിലെ കാഥികന്‍ പതുക്കെ രൂപം കൊള്ളുകയായിരുന്നു.

1949ലെ ആ ചതയദിനത്തില്‍, ചങ്ങമ്പുഴയുടെ 'ദേവത' അതീവഹൃദ്യമായി അവതരിപ്പിച്ച സാംബനെ നാട്ടുകാര്‍ കൈവിട്ടില്ല. അവര്‍ നിര്‍ലോഭം നല്‍കിയ സംഭാവന കൊണ്ടാണ് സാംബന്‍ കോളേജില്‍ ചേര്‍ന്നത്. കൊല്ലം എസ് എന്‍ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ, കഥാപ്രസംഗവേദിയിലും സാംബശിവന്‍ പേരെടുത്തു. ദേവതയ്ക്കുശേഷം വള്ളത്തോളിന്റെ കൊച്ചുസീത, മഗ്ദലന മറിയം... അരങ്ങു കൊഴുപ്പിച്ചുകൊണ്ട് അങ്ങനെ മുന്നേറുമ്പോഴാണ്, ഒരു ദിവസം ഒരിടത്ത് കഥ പറയാന്‍ ചെന്ന സാംബശിവനെ ഒരു സുഹൃത്ത്, ഒളിവിലിരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനെ കാണാന്‍ കൂട്ടി ക്കൊണ്ടു പോയി. അത് ശങ്കരനാരായണന്‍ തമ്പി ആയിരുന്നു. തമ്പിസാറുമായുള്ള കൂടിക്കാഴ്ച സാംബശിവനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കൂടുതലടുപ്പിച്ചു. കോളേജില്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ മുന്നണിപ്പോരാളിയായി മാറിയ സാംബന്റെ അടുത്ത കഥ 'വാഴക്കുല' ആയിരുന്നു.

'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'ക്കു വേണ്ടി അഭിനേതാക്കളെ തിരഞ്ഞുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സ്വന്തം നാട്ടുകാരനായ സാംബശിവന്റെ കാര്യം കോടാകുളങ്ങര വാസുപിള്ളക്ക് ഓര്‍മ്മ വരുന്നത്. കാഴ്ചക്ക് സുമുഖനാണ്, തെറ്റില്ലാതെ പാടും, ഭേദപ്പെട്ട രീതിയില്‍ അഭിനയിക്കുകയും ചെയ്യും. നായകനായ ഗോപാലനാകാന്‍ ഏറ്റവും പറ്റിയ ആള്‍.

കെപിഎസിയെക്കുറിച്ചും പുതിയ നാടകത്തെ കുറിച്ചുമൊക്കെ സാംബശിവനും ഒരുപാട് കേട്ടിരുന്നു.പാര്‍ട്ടി നയിക്കുന്ന ഒരു പ്രസ്ഥാനവുമായി സഹകരിക്കാന്‍ താല്പര്യമുണ്ട്, നായകന്റെ വേഷത്തില്‍ അഭിനയിക്കാന്‍ വിളിച്ചതില്‍ ഒത്തിരി സന്തോഷവും. പക്ഷെ ചില... ചില ബുദ്ധിമുട്ടുകള്‍. ഒന്നാമത് പഠിത്തം ഉപേക്ഷിക്കാന്‍ പറ്റില്ല, ഒരു ഡിഗ്രിയെടുക്കണമെന്നുള്ളതാണ് തന്റെ ജീവിതാഭിലാഷം തന്നെ. പിന്നെ കഥാപ്രസംഗ വേദിയില്‍ ഒന്നു പച്ച പിടിച്ചുവരുന്ന സമയമാണ്. നാടകത്തിനു പോയാല്‍ ഇതുവരെ പരിശ്രമിച്ചതൊക്കെ പാഴാകും. കഥാപ്രസംഗമാണ് ശരിക്കും തന്റെ തട്ടകം..

വാസുപിള്ള അതിനൊരു പോംവഴി നിര്‍ദ്ദേശിച്ചു. തത്കാലം ഞങ്ങളോടൊപ്പം വരൂ. നാളെ കഥാപ്രസംഗത്തിന് കൂടുതല്‍ അവസരങ്ങള്‍ കിട്ടുകയാണെങ്കില്‍, സാംബന് പോകാം. അപ്പോഴേക്കും ഞങ്ങള്‍ മറ്റൊരാളെ കണ്ടുപിടിച്ചോളാം.

ഒടുവില്‍, എപ്പോള്‍ ആവശ്യപ്പെട്ടാലും തന്നെ വിട്ടുപോകാന്‍ അനുവദിക്കണമെന്ന കരാറില്‍, 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യിലെ ഗോപാലനായി അഭിനയിക്കാന്‍ സാംബശിവന്‍ തയ്യാറെടുത്തു.

വി സാംബശിവന്‍, തോപ്പില്‍ കൃഷ്ണപിള്ള, കുഞ്ഞുകൃഷ്ണന്‍ (ബുള്‍ബുള്‍ വാദകന്‍ ), കെ എസ് ജോര്‍ജ്ജ് എന്നിവര്‍

കൊല്ലത്ത് മുണ്ടക്കല്‍ എന്ന സ്ഥലത്തുള്ള കന്റോണ്‍മെന്റ് സ്‌കൂളില്‍, ഇന്റര്‍വെലിന് ബെല്ലടിച്ച നേരത്താണ് കോടാകുളങ്ങര വാസുപിള്ളയും സുധര്‍മ്മയും കൂടി അവിടെ ചെല്ലുന്നത്.സ്‌കൂള്‍ ഗ്രൗണ്ടില്‍ ഓടിക്കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ നിന്ന് 'അക്കേ' എന്നു വിളിച്ചുകൊണ്ട് ഒരു പെണ്‍കുട്ടി ഓടി വന്നു. സുധര്‍മ്മയുടെ അമ്മയുടെ സഹോദരന്റെ മകള്‍, അവിടെ തേര്‍ഡ് ഫോറ (എട്ടാം ക്ലാസ്സ്)ത്തില്‍ പഠിക്കുന്ന വിജയമ്മയായിരുന്നു അത്.

ചെറിയ പ്രായത്തിലുള്ള പെണ്‍കുട്ടികളെ നാടകത്തിന് പറഞ്ഞയക്കാന്‍ അക്കാലത്ത് ആരും തയ്യാറായിരുന്നില്ല. നാടകരംഗത്തെ കുറിച്ചുള്ള മോശം പ്രതിഛായ തന്നെയായിരുന്നു കാരണം. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ മീന എന്ന മീനാക്ഷിയായി അഭിനയിക്കാന്‍ പറ്റിയ ഒരു കുട്ടിക്കു വേണ്ടിയുള്ള അന്വേഷണം എങ്ങുമെത്താതെ വന്നപ്പോഴാണ്, ഇതേ പ്രായത്തില്‍ തന്റെ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നു സുധര്‍മ്മ പറയുന്നത്. മിടുക്കിയാണ്, പറഞ്ഞുകൊടുത്താല്‍ അതുപോലെ ചെയ്‌തോളും. കെപിഎസിക്കാര്‍ പറഞ്ഞതനുസരിച്ച് സുധര്‍മ്മ അന്നു തന്നെ കുട്ടിയുടെ മാതാപിതാക്കളായ പരമുപ്പണിക്കരെയും ഭാര്‍ഗ്ഗവിയമ്മയെയും കണ്ടു കാര്യമവതരിപ്പിച്ചു. കലയുമായി ഒരു ബന്ധവുമുള്ള കുടുംബവുമല്ല അവരുടേത്. ഏതായാലും മറുപടി ഒട്ടും അനുകൂലമായിരുന്നില്ല.

ഭാര്‍ഗ്ഗവി ഒരു കശുവണ്ടി തൊഴിലാളിയാണ്. സി.എന്‍ ശ്രീകണ്ഠന്‍ നായരും ടി കെ ദിവാകരനും നയിക്കുന്ന ആര്‍ എസ് പി യൂണിയന്റെ വീറുള്ള സഖാവ്. 1952ലെ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആര്‍എസ്പിയും ഐക്യമുന്നണിയുടെ ബാനറില്‍ സഖ്യകക്ഷികളായിട്ടാണ് മത്സരിച്ചത്. നിയമസഭയില്‍ ഒറ്റക്കെട്ടാണെങ്കിലും, ആര്‍ എസ് പിയുടെ ശക്തികേന്ദ്രമായ കൊല്ലം ടൗണില്‍ 'പത്തല്‍ രാഷ്ട്രീയം' (രണ്ടു പാര്‍ട്ടികളുടെയും സഖാക്കള്‍ കടലാവണക്കിന്റെ പത്തല്‍ കൊണ്ടു നടത്തുന്ന തമ്മില്‍ തല്ല്) അപ്പോഴും കൊണ്ടുപിടിച്ചുനടക്കുന്നുണ്ടായിരുന്നു.

അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാരുടെ നാടകത്തിന് മകളെ അയക്കുന്നതില്‍ സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷെ പ്രധാന പ്രശ്‌നം അതായിരുന്നില്ല. നാടകത്തിന് പോയാല്‍, അത് മകളുടെ പഠനത്തേയും ഭാവിയെ ബാധിക്കുമെന്നുള്ള ആശങ്ക തന്നെയായിരുന്നു. സുധര്‍മ്മ കാലുപിടിച്ചു പറഞ്ഞിട്ടും ആദ്യമൊന്നും അവര്‍ അയഞ്ഞില്ല.

കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സമിതിയായതുകൊണ്ട്, പേടിക്കാനൊന്നുമില്ലെന്ന് സുധര്‍മ്മ ഭാര്‍ഗവിയെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി. ഏതായാലും ഇക്കാര്യമൊന്നും മകളെ അവര്‍ അറിയിച്ചിരുന്നില്ല

ഇതിനിടയിലാണ് കുട്ടിയെ നേരിട്ടൊന്നു കാണാമെന്നു കരുതിയാണ് സുധര്‍മ്മയേയും കൂട്ടിക്കൊണ്ട് കോടാകുളങ്ങര വാസുപിള്ള സ്‌കൂളിലേക്ക് വന്നത്.

'എന്താ നിന്റെ പേര്?'

വാസുപിള്ളയുടെ ചോദ്യത്തിന് ഞൊടിയിടയില്‍ ഉത്തരം വന്നു.

'വിജയകുമാരി'

'നിനക്ക് നാടകത്തില്‍ അഭിനയിക്കാന്‍ ഇഷ്ടമാണോ?'

ചോദ്യം കേട്ടപ്പോള്‍ വിജയമ്മ ആദ്യം അക്കയുടെ മുഖത്തേയ്ക്കാണ് നോക്കിയത്. അവിടെ പ്രോത്സാഹിപ്പിക്കുന്ന ഭാവം കണ്ടപ്പോള്‍ പിന്നയൊട്ടും മടിച്ചില്ല.

' ഇഷ്ടമാണ്'

അഭിനയമെന്താണെന്നൊന്നും അറിയില്ലെങ്കിലും പാട്ടിനോടും നാടകത്തിനോടുമൊക്കെ വിജയമ്മയ്ക്ക് കൊച്ചിലേ മുതല്‍ക്കേ താല്പര്യമുണ്ടായിരുന്നു. പിന്നെ വിജയമ്മ അവിടെ നിന്നില്ല. കൂട്ടുകാര്‍ വിളിച്ചപ്പോള്‍ ഗ്രൗണ്ടിലേക്ക് ഓടിപ്പോയി.

വിജയമ്മയുടെ ചൊടിയും ചുറുചുറുക്കും വാസുപിള്ളയ്ക്ക് ഇഷ്ടപ്പെട്ടു. മീനയുടെ വേഷത്തില്‍ ഈ കുട്ടി തന്നെ മതിയെന്നും തീരുമാനിച്ചു. 'ഗോമതി അക്കയുടെ വീട്ടില്‍ പോകുകയാണെ'ന്ന് വീട്ടില്‍ പറഞ്ഞിട്ട് എല്ലാ വെള്ളിയാഴ്ചയും സുധര്‍മ്മയോടൊപ്പം ചവറയിലെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വിജയമ്മ ഹാജരാകും. ഞായറാഴ്ച തിരികെ പോകും. ഇതിനിടയില്‍, പഠിത്തത്തിനു മുടക്കമൊന്നും വരരുതെന്ന വ്യവസ്ഥയില്‍ നാടകത്തിന് വിടാന്‍ അമ്മ സമ്മതം മൂളുകയും ചെയ്തു.

വിജയകുമാരി എന്ന പന്ത്രണ്ടുവയസ്സുകാരി അങ്ങനെ ഒരു ചരിത്ര ദൗത്യത്തിന്റെ ഭാഗമായി. കെപിഎസിയുടെ പ്രധാന അഭിനേതാക്കളിലൊരാളും.

വിജയകുമാരി

പരമുപിള്ളയുടേയും ഗോപാലന്റേയും നിലപാടുകള്‍ക്കിടയില്‍പ്പെട്ട് വിമ്മിഷ്ടപ്പെടുന്ന കല്യാണിയമ്മയുടെ വേഷത്തിലേയ്ക്കാണ് ഇനി ഒരു ആര്‍ട്ടിസ്റ്റിനെ കിട്ടേണ്ടത്. അല്‍പ്പം പ്രായം ചെന്ന കഥാപാത്രമായതു കൊണ്ട് നാടകവേദിയിലെ മുതിര്‍ന്ന നടിമാരെ ആരെയെങ്കിലും കിട്ടാന്‍ എളുപ്പമുണ്ടാകുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അനുഭവം മറിച്ചായിരുന്നു. ജീവിതത്തിലെ ദുരിതവും കഷ്ടപ്പാടുമെല്ലാം പ്രതിഫലിക്കുന്ന രൂപഭാവങ്ങളോടെ, ഭര്‍ത്താവിനോട് മറുത്തൊരക്ഷരവും ഉരിയാടാതെ എപ്പോഴും ഓരോ ജോലികളിലേര്‍പ്പെട്ടുകൊണ്ട്, കഴിയുന്ന, ഒടുവില്‍ പൊട്ടിത്തെറിക്കുന്ന ആ നാട്ടിന്‍പുറത്തുകാരിയെ അവതരിപ്പിക്കാന്‍ അനുയോജ്യയായ ആരെയും കിട്ടിയില്ല.

ഒടുവില്‍ കോടാകുളങ്ങര വാസുപിള്ള പോറ്റിസാറിനെ തന്നെ ശരണം പ്രാപിച്ചു. കായംകുളം പ്രദേശം അന്ന് നാടകക്കമ്പനികളുടെ ഒരാസ്ഥാനമായിരുന്നു. ആ ഭാഗത്തുള്ള ഏതെങ്കിലും പഴയ നടിമാരെ കിട്ടുമോയെന്നു നോക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

പോറ്റി സാറിന്റെ വീടിന്റെയടുത്തു തന്നെ അങ്ങനെയൊരാളുണ്ടായിരുന്നു. ആര്‍ട്ടിസ്റ്റൊന്നുമല്ല. കല്യാണിയമ്മയുടെ രൂപവും ഭാവവുമൊക്കെ ഒത്തിണങ്ങിയ ഒരു സാധാരണ വീട്ടമ്മ. പാര്‍ട്ടിക്കൂറുള്ള ഒരു വീട്ടിലെ അംഗം. എസ്. ഭാര്‍ഗ്ഗവി. ജനാര്‍ദ്ദനക്കുറുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കല്യാണിയമ്മയുടെ വേഷത്തില്‍ ഭാര്‍ഗവി 'പെരുമാറുന്നത്' കണ്ടതോടെ എല്ലാവര്‍ക്കും പൂര്‍ണതൃപ്തിയായി. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യിലെ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പ് അങ്ങനെ പൂര്‍ത്തിയായി.

കെപിഎസി ടീമിലേക്ക് പുതിയ അംഗങ്ങള്‍ ഓരോരുത്തരായി എത്തുമ്പോഴും അവരെ ആഹ്‌ളാദത്തോടെ എതിരേല്‍ക്കാന്‍ സുലോചന മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ നാടകത്തില്‍ നിന്ന് വ്യത്യസ്തമായി മൂന്നു പേര്‍ കൂടി നടിമാരുടെ സംഘത്തിലുണ്ടല്ലോ. അവരെല്ലാവരുമായി സുലോചന വളരെ വേഗം അടുത്തു. എല്ലാവരുടെയും പ്രിയപ്പെട്ട മണിയായി മാറി.

അഭിനയിക്കാനുള്ള വേഷത്തെക്കാള്‍, പാടാനുള്ള പാട്ടുകളെ കുറിച്ചറിയാനായിരുന്നു സുലോചനയ്ക്കു തിടുക്കം. സംഗീതവിഭാഗത്തിലും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നൊക്കെ കേള്‍ക്കുന്നു.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലൂടെ കെപിഎസി പുതിയൊരു തുടക്കം കുറിക്കാന്‍ പോവുകയാണെന്ന തോന്നല്‍ എല്ലാവരിലുമുണ്ടായിരുന്നു. അതുണ്ടാക്കിയ ഉത്സാഹവും. നിലവിലുള്ള സംഗീത നാടകങ്ങളുടെ ശൈലിയില്‍ നിന്ന് മാറുകയാണ് ആദ്യം വേണ്ടത്. പ്രചാരം സിദ്ധിച്ച ഹിന്ദി സിനിമാ ഗാനങ്ങളുടെ ട്യൂണ്‍ അതേപടി കടമെടുത്ത്, അതിനനുസൃതമായി വരികള്‍ കോര്‍ത്തിണക്കുകയായിരുന്നു അന്നത്തെ സിനിമകളിലും നാടകങ്ങളിലും. പ്രസിദ്ധമായ കീര്‍ത്തനങ്ങള്‍ പലതും നേരിട്ടാലപിക്കുന്ന സമ്പ്രദായവും കൂടിയുണ്ടായിരുന്നു നാടകങ്ങളില്‍. അക്കാലത്തെ പാട്ടുകള്‍ ഇങ്ങനെയൊക്കെയായിരുന്നു.

''മോദമേ, പാരം പ്രേമപൂജ ദൈവീകമാംപൂജ

ആത്മവികാസവിലാസം പ്രേമം ജീവിതാവാസവമേ..

ചാരുപ്രേമമേ, ആയി, ജയിക്കാവൂ

ആത്മ ജ്യോതിസ്സേ, പരം ലസിക്കാവൂ

സുന്ദരി ജീവിത വീണാനാദമേ,

മേദുരഗുണശീലേ... '' *

'എന്റെ മകനാണ് ശരി'യിലെ ഗാനങ്ങള്‍ തീര്‍ച്ചയായും രചനാഗുണമുള്ളവയായിരുന്നു. അപ്പോഴും 'വര്‍ണ്ണമട്ട്' സമ്പ്രദായത്തിലാണ് ആ പ്ാട്ടുകളും രചിക്കപ്പെട്ടിരുന്നതെന്ന് ഓര്‍മ്മിക്കണം. രാജഗോപാലന്‍ നായരെപ്പോലെയുള്ള പഴയ സ്‌കൂളുകാര്‍ക്കു അതിനോടായിരുന്നു ആഭിമുഖ്യം. ദേവരാജന്‍ പരീക്ഷിച്ചു വിജയിച്ച മലയാളത്തിന്റെ നാടോടി പാട്ടുപാരമ്പര്യവും കര്‍ണ്ണാടക രാഗ വൈവിദ്ധ്യവും തമ്മിലുള്ള സമന്വയം അവര്‍ക്ക് പത്ഥ്യമായിരുന്നില്ല. അങ്ങനെയാണല്ലോ കഴിഞ്ഞ നാടകത്തില്‍ നിന്ന് ദേവരാജന്‍ പുറത്തായതും ഒഎന്‍വി സ്വയം ഒഴിഞ്ഞുനിന്നതും.

കേരളം പത്രത്തിന്റെ വാരാന്ത്യ പതിപ്പിന് വേണ്ടി ഒഎന്‍വി എഴുതി ശങ്കരാഭരണം രാഗത്തില്‍ ദേവരാജന്‍ ചിട്ടപ്പെടുത്തി പല വേദികളിലും പാടുകയും ചെയ്ത 'പൊന്നരിവാള്‍ അമ്പിളിയില്...' എന്ന 'ഇരുളില്‍ നിന്നൊരു ഗാനം' അപ്പോഴേക്കും ഒരുപാട് പ്രചാരം നേടിക്കഴിഞ്ഞിരുന്നു.

ആ പാട്ട് 'കമ്മ്യൂണിസ്റ്റാക്കി'യില്‍ ഉള്‍പ്പെടുത്തണമെന്ന് പൊതുവെ അഭിപ്രായമുണ്ടായി. ആ ആവശ്യമുന്നയിച്ചവരുടെ മുന്‍ നിരയില്‍ രാജഗോപാലന്‍ നായരുമുണ്ടായിരുന്നു. നാടകത്തില്‍ അതു ചേര്‍ക്കാന്‍ പറ്റിയ ഒരു സന്ദര്‍ഭം ഉണ്ടാക്കുകയും ചെയ്തു. മാത്രമല്ല, ഒഎന്‍വി തന്നെയാണ് പാട്ടുകളെല്ലാം എഴുതേണ്ടതെന്നും തീരുമാനിച്ചു. തന്റെ സ്വന്തം നാട്ടില്‍ വെച്ചുനടക്കുന്ന അരങ്ങൊരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചുകൊണ്ട് ഒഎന്‍വി മുന്നില്‍ തന്നെ ഉണ്ടായിരുന്നു.

ഒഎന്‍വി കുറുപ്പ്

ജനാര്‍ദ്ദനക്കുറുപ്പും രാജഗോപാലന്‍ നായരും സൃഷ്ടിച്ച ഗാനസന്ദര്‍ഭങ്ങള്‍ക്കു പുറമേ വേറെയും പാട്ടുകള്‍ വേണം. ഓരോ രംഗം കഴിയുമ്പോഴും അടുത്ത രംഗമൊരുക്കാന്‍ സമയമെടുക്കും. നാടകത്തില്‍ ലയിച്ചിരിക്കുന്നവരുടെ 'മൂഡ്' നിലനിര്‍ത്താനും തുടര്‍ന്നു കാണാന്‍ പ്രേരിപ്പിക്കാനുമുള്ള ഒരു ഉപാധി കൂടിയായിരുന്നു പാട്ടുകള്‍. അപ്പോള്‍ ഇടവേളകളിലും വേണം പാട്ടുകള്‍.

ആകെ 24 പാട്ടുകളാണ് നാടകത്തിന് വേണ്ടി ഒഎന്‍വി എഴുതിയത്.

''നീലക്കുരുവീ, നീലക്കുരുവീ നീയൊരു കാരിയം ചൊല്ലുമോ

കാത്തു നിന്നെ കാത്തിരുന്നു എത്തറ നാളായ് പൈങ്കിളീ... '

'ഇന്നലെ നട്ടൊരു ഞാറുകളല്ലോ പുന്നെല്‍ക്കതിരിന്റെ പൊല്‍ക്കുടം ചൂടി

തെന്നലിലാലോലമാലോലമാടി

കുഞ്ഞാറ്റപ്പൈങ്കി ളികളതിനിടയില്‍ പാടി... '

'പൂത്ത മരക്കൊമ്പുകള്

കാത്തിരുന്ന കുയിലേ

കാറ്റിലാടും പൂമരങ്ങള്

നോറ്റിരുന്ന കുയിലേ... ''

''വെള്ളാരം കുന്നിലേ പൊന്മുളം കാട്ടിലേ പുല്ലാങ്കുഴലൂതും കാറ്റേ വാ

കതിരണിപ്പാടത്ത് വെയില്‍ മൂത്ത നേരത്ത് കുളിരും കൊണ്ടോടി വാ കാറ്റേ വാ.. '

'മാങ്കനികള്‍ തേടി നമ്മള്‍

മാഞ്ചുവട്ടില്‍ കൂടി

മാങ്കനികള്‍, മായുകില്ലാ, മാധുരിയെന്‍ ചുണ്ടില്‍... ''

മധ്യതിരുവിതാംകൂറിലെ മണ്ണില്‍ പണിയെടുക്കുന്നവരുടെ ചേലും മണവുമുള്ള പാട്ടുകള്‍! കൊയ്ത്തു കഴിഞ്ഞ് തലയിലേറ്റിയ കറ്റക്കെട്ട് ഇരുകയ്യുമുയര്‍ത്തിപ്പിടിച്ചുകൊണ്ട് ഓടിക്കിതച്ചു വരുന്ന പണിക്കാരിപ്പെണ്ണിനോട് ജന്മിത്തമ്പുരാന്‍ അരുതാത്തതു കാട്ടുന്നതും അയാളുടെ മുഖത്തേക്ക് കറ്റ വലിച്ചെറിഞ്ഞിട്ട് അവള്‍ ഓടി രക്ഷപെടുന്നതും ഒഎന്‍വി കുട്ടിക്കാലത്തു കണ്ട കാഴ്ചയാണ്. 'മൂളിപ്പാട്ടുമായ് തമ്പ്രാന്‍ വരുമ്പം ചൂളാതങ്ങനെ നില്ലെടീ പെണ്ണേ...' എന്നെഴുതുമ്പോള്‍ ആ കര്‍ഷക തൊഴിലാളി പെണ്ണിന്റെ മുഖമായിരുന്നു മനസ്സില്‍.

കുറച്ചുനാളുകള്‍ക്കു മുന്‍പ് തിരുവനന്തപുരത്ത് വി ജെ ടി ഹാളില്‍ നടന്ന ഒരു പരിപാടിയില്‍ ജനാര്‍ദ്ദനക്കുറുപ്പ് ചില പാട്ടുകള്‍ കേള്‍ക്കാനിടയായി. 'ആരാരോ പോരുവതാരോ...', 'അണയുകയായി മധുരവസന്തം' തുടങ്ങിയ പാട്ടുകള്‍ക്ക് ഈണം നല്‍കി ആലപിച്ചത് പരവൂര്‍ ജി ദേവരാജന്‍ എന്ന ചെറുപ്പക്കാരനായിരുന്നു. അന്നാ സംഗീതത്തിന്റെ ശക്തിയും സൗന്ദര്യവും തിരിച്ചറിഞ്ഞ കുറുപ്പാണ് നാടകത്തിലെ പാട്ടുകള്‍ക്ക്, ദേവരാജന്‍ സംഗീതം പകര്‍ന്നാല്‍ മതിയെന്നാദ്യം പറഞ്ഞത്. ഇത്തവണ ദേവരാജനെ ഒഴിവാക്കുന്ന പ്രശ്‌നമേയില്ലെന്ന് പോറ്റിസാറും പ്രഖ്യാപിച്ചു.

ജി ദേവരാജന്‍

ക്യാമ്പിലേക്ക് ദേവരാജനെ കൂട്ടി കൊണ്ടുവരാന്‍ നിയുക്തനായത് ഒഎന്‍വിയാണ്. ഒഎന്‍വി ആ ദിവസങ്ങള്‍ ഓര്‍മ്മിക്കുന്നു :

'കെപിഎസിയുടെ ക്യാമ്പില്‍ പാര്‍ക്കാന്‍ വിസ്സമ്മതിച്ച്, അഭിമാനിയായ ദേവരാജന്‍ ചവറയിലെ എന്റെ വീട്ടിലെ ആ തെക്കിനിപ്പുരയില്‍ അമ്മ മുമ്പൊരിക്കല്‍ എടുത്തുകൊടുത്ത ശ്രുതിപ്പെട്ടിയും വെച്ചിരുന്ന് മൂളി മൂളി രൂപം നല്‍കിയ പാട്ടുകളാണ് 'നീലക്കുരുവീ', 'വെള്ളാരം കുന്നിലേ പൊന്മുളം കാട്ടിലേ.. ', 'നമ്മള് കൊയ്യും വയലെല്ലാം... ', 'മൂളിപ്പാട്ടുമായ് തമ്പ്രാന്‍ വരുമ്പം...' തുടങ്ങിയ അന്നത്തെ ഗാനങ്ങള്‍. ആ പാട്ടുകള്‍ കേള്‍ക്കെ കേള്‍ക്കെ രാജഗോപാലന്‍ നായരുടെ ശുദ്ധമായ സഹൃദയത്വത്തെ പൊതിഞ്ഞുമൂടിയ അഹന്തയുടെ പൊടിപടലം പാറിപ്പോയി.. '**

സുലോചനക്ക് ഈ പാട്ടുകളൊക്കെ ഒരു പുത്തന്‍ അനുഭവമായിരുന്നു. ഇതുവരെ പാടിയും കേട്ടും ശീലിച്ച ഈണങ്ങളും ഈരടികളുമൊന്നുമല്ല.

തന്റെ ശബ്ദത്തിനും ആലാപനശൈലിക്കും വേണ്ടി തന്നെ സൃഷ്ടിച്ചതുപോലെ തോന്നി.

എം.എസ് സുബ്ബു ലക്ഷ്മിയുടെ പാട്ടുകളോട് സുലോചനയ്ക്ക് എന്തെന്നില്ലാത്ത ആരാധനയായിരുന്നു. 'മനോമോഹനാ.. ', 'എങ്കും നിറൈ നാദബ്രഹ്മം', 'കാറ്റിനിലെ വരും ഗീതം', അതിലൊന്നിന്റെ ട്യൂണില്‍ ഒരു പാട്ട് എഴുതി കൊടുക്കണമെന്ന് ഒഎന്‍വിയോട് രഹസ്യമായി പറഞ്ഞു. ദേവരാജന് ഇഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു ഒഎന്‍വിക്ക്. പക്ഷെ ദേവരാജന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. മാത്രമല്ല, അങ്ങനെ 'വര്‍ണ്ണമട്ടി'ല്‍ ഒഎന്‍വി എഴുതിയ ചില പാട്ടുകളെ മിനുക്കിയെടുത്ത് ഭംഗിയാക്കി കൊടുക്കുകയും ചെയ്തു. ജനാര്‍ദ്ദനക്കുറുപ്പിന്റെ ഭാഷയില്‍ 'ദേവരാജന്‍ വന്ന് നനഞ്ഞു കുഴഞ്ഞു കിടന്നവയെ പിഴിഞ്ഞെടുത്ത് ഭംഗിയായി നിവര്‍ത്തി അശയില്‍ ഉണങ്ങാന്‍ വിരിച്ചു '.***

കെപിഎസി ഗായക സംഘം

.... 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' ജനങ്ങളുടെ മുന്നിലേക്ക് എത്തുന്ന ചരിത്ര മുഹൂര്‍ത്തം അടുത്തു വരികയാണ്. അരങ്ങൊരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. കെ. സുലോചനയും കെ.എസ് ജോര്‍ജ്ജും നയിക്കുന്ന, സുധര്‍മ്മയും സാംബശിവനും അണിചേര്‍ന്ന, നവയുഗ വസന്തഗായകരുടെ സംഘം ഒരു കാറ്റിന്റെ വരവ് വിളിച്ചറിയിച്ചു കൊണ്ട് പാടുകയാണ്:

''നേരം പോയ്, നേരം പോയ്,

എല്ലാരും പോയല്ലാ,

കുഞ്ഞിക്കിളിയേ പൈങ്കിളിയേ, വെക്കം വെക്കം ചെല്ലെന്നേ,

എങ്ങാണ്ടുന്നെങ്ങാണ്ടുന്നൊരു കുഞ്ഞിക്കാറ്റോടി വരുന്നേ,

ഓടിവരുന്നേ, ഓടി വരുന്നേ

കുഞ്ഞിക്കാറ്റോടി വരുന്നേ

നേരം പോയ് നേരം പോയ് എല്ലാരും പോയല്ലാ.... ''

*പൊന്‍കുന്നം വര്‍ക്കിയുടെ പൂജ നാടകത്തില്‍ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ പാടി അഭിനയിച്ച ഗാനം

**പോക്കുവെയില്‍ മണ്ണില്‍ എഴുതിയത് - ഒഎന്‍വി കുറുപ്പ്, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം

*** ജി. ദേവരാജന്‍ സംഗീതത്തിന്റെ രാജശില്പി - പെരുമ്പുഴ ഗോപാലകൃഷ്ണ്‍, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്

(അടുത്ത ഭാഗം: 'യവനിക ഉയരികയായി')

ചിത്ര വിവരണം:

പിക് 1 നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിന്റെ പോസ്റ്റര്‍

പിക് 2 വി സാംബശിവന്‍, തോപ്പില്‍ കൃഷ്ണപിള്ള, കുഞ്ഞുകൃഷ്ണന്‍ (ബുള്‍ബുള്‍ വാദകന്‍ ), കെ എസ് ജോര്‍ജ്ജ് എന്നിവര്‍

പിക് 3 വിജയകുമാരി

പിക് 4. ഓഎന്‍വി കുറുപ്പ്

പിക് 5 ജി ദേവരാജന്‍

പിക് 6.


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories