TopTop
Begin typing your search above and press return to search.

'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാട് കീഴടക്കുന്നു; നാടകം അലങ്കോലപ്പെടുത്താന്‍ ശത്രുക്കള്‍; കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാട് കീഴടക്കുന്നു; നാടകം അലങ്കോലപ്പെടുത്താന്‍ ശത്രുക്കള്‍; കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. ആദ്യ 13 ഭാഗങ്ങള്‍ ഇവിടെ വായിക്കാം.

ഭാഗം 14

'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' അന്ന് അരങ്ങേറുന്നത്, തോപ്പില്‍ ഭാസി കിടക്കുന്ന അടൂര്‍ പോലീസ് ലോക്കപ്പിന് മൂന്നു മൈല്‍ കിഴക്കുള്ള പറക്കോട് എന്ന സ്ഥലത്താണ്. അന്ന് നാടകം നടത്താന്‍ സമ്മതിക്കില്ലെന്ന് സ്ഥലത്തെ കോണ്‍ഗ്രസുകാര്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്. എന്തുവില കൊടുത്തും നടത്തുമെന്നും കമ്യൂണിസ്റ്റുകാരും പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ഥലത്താകെ സംഘര്‍ഷാവസ്ഥ നിലവിലുണ്ട്.

അടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഉമ്മന്റെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ നാടകസ്ഥലത്ത് എത്തിച്ചേര്‍ന്നു. പുനലൂര്‍ രാജഗോപാലന്‍ നായരും നാടകം ബുക്ക് ചെയ്ത പാര്‍ട്ടിസഖാവ് പറക്കോട് എന്‍.ആര്‍ കുറുപ്പും ചേര്‍ന്ന് എസ് ഐയെ നിറഞ്ഞ സദസ്സിന്റെ ഏറ്റവും മുന്‍നിരയില്‍ കൊണ്ടിരുത്തി.നാടകം തുടങ്ങി. ആദ്യം കുറച്ചു സമയം ബലം പിടിച്ച് ഘനഗംഭീരനായി ഇരുന്ന ഇന്‍സ്പെക്ടര്‍, കുറേക്കഴിഞ്ഞപ്പോള്‍ പോലീസിന്റെ ഗൗരവമൊക്കെ ഉപേക്ഷിച്ച് നാടകത്തില്‍ മുഴുകി, ചിരിക്കാനും രസിക്കാനും തുടങ്ങി.

"പൂത്ത മരക്കൊമ്പുകള്‍ കാത്തിരുന്ന കുയിലേ! കാറ്റിലാടും പൂമരങ്ങള്‍ നോറ്റിരുന്ന കുയിലേ!

പാട്ടുനിര്‍ത്തിപ്പാട്ടു നിര്‍ത്തി പോവതെങ്ങോ കുയിലേ!..."

പ്രണയം തകര്‍ന്ന് ദുഖിതയായിരിക്കുന്ന മാലയെ മാത്യു ആശ്വസിപ്പിക്കുന്ന രംഗമാണ്.

''മാലേ, നീയൊരു വിപ്ലവകാരിയാണ്. കരയാന്‍ നിനക്ക് നേരമില്ല -- പൊരുതാനാണ് നിന്റെ വാസന..."

"എന്റെ കരളറ്റു പോയി സഖാവേ..." എന്നു പറഞ്ഞ് മാലയായി അഭിനയിക്കുന്ന സുധര്‍മ്മ തേങ്ങിയപ്പോള്‍ സദസ്സിലുള്ള സ്ത്രീകളും വിതുമ്പി. ഇന്‍സ്പെക്ടര്‍ ഉമ്മന്‍ ആരും കാണാതെ, തന്റെ കണ്ണു നിറഞ്ഞത് തുടച്ചു കളഞ്ഞു.

ഇപ്പോള്‍ രംഗത്ത് സുലോചനയും സുധര്‍മ്മയുമാണ്. ഉല്ലാസവതിയായ സുമം, ഗോപാലനെഴുതിയ പാട്ട് പാടുകയാണ്.

"തകര്‍ന്നൂ മഹിയില്‍ നിന്‍ വീണ - വരില്ലാ തോഴീ പൂക്കാലം...

വസന്തം നിന്‍ മലര്‍ക്കാവില്‍ വരില്ലാ, തോഴീ പൂക്കാലം"

അതുവരെ പ്രസന്നത ഭാവിച്ചു നിന്ന മാല നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയി. സദസ്സില്‍ നിന്ന് തേങ്ങലുകള്‍ ഉയര്‍ന്നു. മുന്‍നിരയിലിരിക്കുന്ന എസ് ഐ ഉമ്മന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ആരൊക്കെയോ കണ്ടു. ഇന്‍സ്പെക്ടര്‍ പിന്നെ അവിടെയിരുന്നില്ല, പെട്ടെന്നിറങ്ങി പുറത്തേക്ക് പോയി.

'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' ഇതിനോടകം എണ്‍പതിലേറെ വേദികളില്‍ അവതരിപ്പിച്ചു കഴിഞ്ഞു. തിരു-കൊച്ചി സംസ്ഥാനത്തെ പ്രമുഖ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം കെപിഎസി നാടകം കളിച്ചു. പലപ്പോഴും ഒരു ദിവസത്തെ പോലും ഇടവേളയില്ലാതെ. ചിലപ്പോള്‍ ഒരു ദിവസത്തില്‍ ഒന്നിലേറെ. നാടകം ബുക്ക് ചെയ്യാന്‍ കോണ്‍ട്രാക്ടര്‍മാര്‍ തമ്മില്‍ മത്സരിച്ചു. എല്ലായിടത്തും ടിക്കറ്റിന് വലിയ തിരക്കായിരുന്നു. നാടകം കാണാന്‍ വരുന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായിരുന്നു. കൂട്ടത്തിലൊരുപാട് സ്ത്രീകളും.

നാടകത്തിന്റെ അവസാനം പരമുപിള്ള മാലയുടെ കൈകളില്‍ നിന്ന് കൊടിയേറ്റുവാങ്ങുമ്പോള്‍ സദസ്സൊന്നടങ്കം എഴുന്നേറ്റു നിന്ന് മുദ്രാവാക്യം മുഴക്കുന്നത് പതിവ് സംഭവമായി.

'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' ജനഹൃദയങ്ങള്‍ കീഴടക്കി മുന്നേറിയതോടെ, കെപിഎസി എന്ന ജനകീയ നാടക പ്രസ്ഥാനത്തിന് ആളുകള്‍ക്കിടയില്‍ വലിയ സ്വീകരണമാണ് ലഭിച്ചു പോന്നത്. പാറിപ്പറക്കുന്ന ചെങ്കൊടിയുമായി കെപിഎസിയുടെ വാന്‍ നാടകസ്ഥലത്തെത്തുമ്പോള്‍ അത്യുച്ചത്തിലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് ജനങ്ങള്‍ അവരെ എതിരേറ്റു. സുലോചനയും ജോര്‍ജ്ജും പാടിയ പാട്ടുകള്‍ അവരേറ്റു പാടി.

ആ വരവേല്‍പ്പ് കാണുമ്പോഴൊക്കെ സുലോചന ഓര്‍മ്മിച്ചത് ചില ബന്ധുക്കളെയാണ്. പട്ടിണി കിടക്കാതിരിക്കാനായി ഒരു കലാകാരിയുടെ ജീവിതം തിരഞ്ഞെടുത്തപ്പോള്‍, കുടുംബത്തിനാകെ അപമാനം വരുത്തിവെച്ചുവെന്ന് പറഞ്ഞ് തന്നെയും വീട്ടുകാരെയും പടിയടച്ചു പിണ്ഡം വെച്ച ചില അടുത്ത ബന്ധുജനങ്ങളെ.... മകള്‍ നാടകക്കാരിയായി തുടരാനാണ് ഭാവമെങ്കില്‍ മേലില്‍ തന്റെ വീട്ടില്‍ കയറിപ്പോകരുതെന്ന് അമ്മാവന്‍ അച്ഛനെ കത്തെഴുതി അറിയിച്ചു. ജോലി ചെയ്യാന്‍ നിവൃത്തിയില്ലാത്ത പഴയ പോലീസുകാരനും കുഞ്ഞുകുട്ടി പരാധീനങ്ങളുള്ള അയാളുടെ കുടുംബവും എങ്ങനെ കഴിഞ്ഞു കൂടുന്നുവെന്ന് ഓര്‍ക്കാനോ അന്വേഷിക്കാനോ ഇവരാരും മിനക്കെട്ടിട്ടില്ല.

അവരുടെയെല്ലാം എതിര്‍പ്പുകളെയും നിന്ദാവാക്കുകളെയും അവഗണിച്ചുകൊണ്ട് കലാരംഗത്തു തന്നെ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചതിനു കിട്ടിയ പ്രതിഫലം -- അതാണീ അംഗീകാരമെന്ന് സുലോചന ഉറച്ചു വിശ്വസിച്ചു.

നാടകം കണ്ടു കഴിഞ്ഞ് സാധാരണക്കാരായ ആളുകള്‍ എഴുതിയയക്കുന്ന നിരവധി കത്തുകളാണ് ദിവസേന കെപിഎസിക്ക് കിട്ടാറുണ്ടായിരുന്നത്. അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം ഗൗരവപൂര്‍വം പരിഗണിച്ച്, ആവശ്യമെന്നു കണ്ട മാറ്റങ്ങള്‍ നാടകത്തില്‍ കൊണ്ടുവരാന്‍ കെപിഎസി ഭാരവാഹികള്‍ ശ്രദ്ധിച്ചിരുന്നു. താന്‍ എഴുതിയ നാടകം എങ്ങനെയൊക്കെയാണ് പല പല മാറ്റങ്ങള്‍ക്ക് വിധേയമായി പുതിയൊരു കലാശില്പമായി പരിണമിച്ചതെന്ന് തോപ്പില്‍ ഭാസി പറയുന്നു :

''ഈ നാടകം സ്റ്റേജിനു വേണ്ടി സംവിധാനം ചെയ്തപ്പോള്‍ രാജനും കുറുപ്പുചേട്ടനും വരുത്തിയ മാറ്റങ്ങള്‍ കൂടാതെ, ഈ നാടകം അഭിനയിച്ചിട്ടുള്ള ഓരോ ആളും ഇതിനു വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ട ഒരു പേര് കാമ്പിശ്ശേരിയുടേതാണ്. ഇതും കൂടാതെ, ഈ നാടകത്തെ വിമര്‍ശിച്ചിട്ടുള്ള ഒട്ടധികം വിമര്‍ശകരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലും വളരെയധികം തിരുത്തലുകള്‍ കെപിഎസി ചെയ്തിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ നാടകം കണ്ടുകൊണ്ടിരിക്കുമ്പോള്‍ രംഗത്തിരുന്നു കൊണ്ട് (സദസ് എന്നാകണം ഭാസി ഉദ്ദേശിച്ചത്) ചില ആളുകള്‍ വിളിച്ചുപറയുന്ന ചില വാക്കുകളും വാചകങ്ങളും വരെ പ്രസക്തമെന്നു തോന്നുകയാല്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്."*

'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' ഉദ്ഘാടനം ചെയ്യപ്പെട്ട ദിവസം മുതല്‍ രാഷ്ട്രീയപ്രതിയോഗികള്‍ നാടകത്തിനെതിരെ കച്ചകെട്ടി ഇറങ്ങി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനം പിന്‍വലിക്കപ്പെടുകയും പാര്‍ലമെന്റിലേക്കും അസംബ്ലിയിലേക്കും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തെങ്കിലും കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ തീവ്രത ഒട്ടും കുറഞ്ഞിരുന്നില്ല. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടിയായ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും പ്രധാന പ്രതിയോഗിയായി കണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയായിരുന്നു. തിരഞ്ഞെടുപ്പില്‍ ഐക്യമുന്നണിയുടെ ബാനറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിച്ച മറ്റ് ഇടതുപക്ഷ പാര്‍ട്ടികളായ ആര്‍എസ്പിയും കെഎസ്പിയും സ്റ്റാലിനിസത്തോടുള്ള നിലപാടിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അഭിപ്രായവ്യത്യാസം പുലര്‍ത്തി. ആര്‍എസ്പിയാകട്ടെ ട്രേഡ് യൂണിയന്‍ രംഗത്തെ ശക്തനായ എതിരാളിയും കൂടിയായിരുന്നു.

കമ്മ്യൂണിസ്റ്റുകാര്‍ നയിച്ച പുന്നപ്ര വയലാര്‍, ശൂരനാട് സമരങ്ങളിലും ഇടപ്പള്ളി സ്റ്റേഷനാക്രമണ കേസിലും പങ്കെടുത്ത സഖാക്കള്‍ അപ്പോഴും ജയിലിലായിരുന്നു. പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ടവരൊക്കെ ഒളിവിലും.

കമ്മ്യൂണിസമെന്ന അന്തിക്രിസ്തുവിനെ കുരിശില്‍ തറയ്ക്കാന്‍, തൃശൂര്‍ രൂപതയിലെ ശെമ്മാശനായ ബ്രദര്‍ ജോസഫ് വടക്കന്‍ ഒരു 'ആന്റി കമ്മ്യൂണിസ്റ്റ് ഫ്രണ്ടി'ന് രൂപം കൊടുത്തത് 1951-ലാണ്. ക്രൈസ്തവ സഭകള്‍ മാത്രമല്ല, മറ്റു മതങ്ങളുടെ മേധാവികളും, സമുദായ സംഘടനകളുടെ നേതാക്കളുമെല്ലാം അവരുടെ ബദ്ധശത്രുവായി പ്രഖ്യാപിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയാണ്. വിപ്ലവകാരിയുടെ കുപ്പായമുപേക്ഷിച്ച പി കേശവദേവും സി.ജെ തോമസും പഴയ സഖാക്കള്‍ക്കെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്തു പോന്നു. അന്നത്തെ പ്രധാന മലയാള പത്രമാധ്യമങ്ങളുടെയെല്ലാം മുഖമുദ്ര തന്നെ കമ്മ്യൂണിസ്റ്റ് വിരോധമായിരുന്നു.

ഇങ്ങനെയെല്ലാമുള്ള സാഹചര്യങ്ങളില്‍, 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്നു പേരിട്ട ഒരു നാടകം കളിക്കുന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല!

നാടകം കളിക്കുന്ന ഓരോ സ്ഥലത്തും രാഷ്ട്രീയ എതിരാളികളും കമ്മ്യൂണിസ്റ്റ് വിരുദ്ധരും ഏര്‍പ്പാട് ചെയ്ത ഗുണ്ടകള്‍ നാടകാവതരണം അലങ്കോലമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരും അനുഭാവികളും നാടകം കാണാന്‍ എത്തുന്ന സാധാരണ ജനങ്ങളുമാണ്, ഗുണ്ടകളുടെ ആക്രമണത്തില്‍ നിന്ന് നാടകസംഘത്തെ ജീവനും കൊണ്ട് രക്ഷപെടാന്‍ സഹായിച്ചിരുന്നത്.

തോപ്പില്‍ കൃഷ്ണ പിള്ള അങ്ങനെയൊരു സംഭവം ഓര്‍ക്കുന്നു:

"1953 മാര്‍ച്ച് 31-ന് ഞാറയ്ക്കലായിരുന്നു നാടകം. വളരെ നേരത്തെ തന്നെ ഞങ്ങള്‍ കടത്തു കടന്ന് ഞാറയ്ക്കലെത്തി കര്‍ട്ടന്‍ കെട്ടി. ഓപ്പണ്‍ എയറില്‍ വേലി വളച്ചുകെട്ടിയുള്ള തീയേറ്ററാണ്. അക്കാലത്ത് തൊണ്ണൂറ്റിയൊന്‍പത് ശതമാനം നാടകങ്ങളും ഇങ്ങനെയുള്ള കൊട്ടകകളിലാണ് നടത്താറ്. നാടകത്തിന് എതിരുള്ളപ്പോള്‍ തുറന്ന കൊട്ടകയില്‍ നാടകം കളിക്കുന്നത് വളരെ മന:പ്രയാസമുള്ള കാര്യമാണ്. സ്ത്രീകളുടെ കാര്യമാണേറെ കഷ്ടം. മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പൂവാലന്മാര്‍ ചെറ്റ പൊളിച്ച് ഒളിഞ്ഞു നോക്കും. പുറത്തു നിന്ന് ആഭാസത്തരങ്ങള്‍ വിളിച്ചുപറയും.സ്ത്രീകള്‍ക്ക് പരമാവധി സംരക്ഷണം നല്‍കുവാന്‍ ഞങ്ങളെപ്പോഴും ശ്രദ്ധിക്കാറുണ്ട്. നാടകസ്ഥലത്തു ചെന്നാല്‍ പാര്‍ട്ടിസഖാക്കളെയും അനുഭാവികളെയും കണ്ട് അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു വയ്ക്കും.....

ഞാറയ്ക്കല്‍ ഞങ്ങള്‍ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സ്റ്റേജില്‍ ഒരു ബഹളം കേട്ടു. നോക്കിയപ്പോള്‍ കുടിച്ചു ലക്കു കെട്ട കുറേ ഗുണ്ടകള്‍ കര്‍ട്ടന്‍ വലിച്ചുകീറുകയും സ്റ്റേജുപകരണങ്ങള്‍ നശിപ്പിക്കുകയുമാണ്. ഓടിയെത്തിയ പാര്‍ട്ടി സഖാക്കളും അനുഭാവികളും കൂടി അവരെ നേരിടുന്നു. നടികള്‍ ഭയന്നു കരയാന്‍ തുടങ്ങി. ഞങ്ങള്‍ പുരുഷന്മാര്‍ അവര്‍ക്കു ചുറ്റും നിന്ന് അവരെ സംരക്ഷിക്കുവാന്‍ നോക്കി. അവസാനം ഗുണ്ടകളെ സ്റ്റേജില്‍ നിന്നു പുറത്താക്കി എങ്ങനെയൊക്കെയോ നാടകം കളിച്ചുതീര്‍ത്തു. ''**

സുലോചനയും സുധര്‍മ്മയും ഭാര്‍ഗ്ഗവിയും വിജയകുമാരിയുമടങ്ങുന്ന കെപിഎസിയിലെ കലാകാരികളുടെ സംഘം ഇങ്ങനെയുള്ള ഓരോ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും മാനസികമായി കൂടുതല്‍ കരുത്താര്‍ജിക്കുകയായിരുന്നു. ഒരിക്കല്‍ കൊല്ലത്തെ പെരിനാട് എന്ന സ്ഥലത്ത് നാടകം കളിക്കാന്‍ ചെന്നപ്പോള്‍ നാടകം തടസപ്പെടുത്താനെത്തിയത് സഹോദര പാര്‍ട്ടിയായ ആര്‍എസ്പിയുടെ പ്രവര്‍ത്തകരാണ്. പെരിനാട് കമ്യൂണിസ്റ്റുകാരേക്കാള്‍ ശക്തി ആര്‍എസ്പിക്കായിരുന്നു. അന്ന് അവരെ നേരിടാന്‍ മുന്നിട്ടിറങ്ങിയത് കെപിഎസിയുടെ പെണ്‍പടയാണ്.

രാജഗോപാലന്‍ നായര്‍ ആ ദിവസം ഓര്‍മിക്കുന്നു :

''ഈ കലാസമിതിക്കും അതില്‍ പങ്കെടുക്കുന്ന കാമ്പിശ്ശേരിക്കും എനിക്കും എതിരായി പൊതുയോഗങ്ങളില്‍ പ്രസംഗിക്കാനുള്ള ഗതികേട് 'സങ്കുചിത വിപ്ലവക്കാര്‍' കാണിക്കുന്നുണ്ട്. അതു സഹിക്കാം. പെരിനാട്ടു വെച്ച് ഈ സങ്കുചിതക്കാരുടെ പ്രവൃത്തി അറിഞ്ഞതല്ല. അവരുടെ മുദ്രാവാക്യങ്ങളും പ്ലാനിട്ടിരുന്ന ആക്രമണവും പൊളിഞ്ഞു. നാട്ടുകാര്‍ പൊളിച്ചു. അപ്പോഴാണ് പുതിയ ബുദ്ധി തോന്നിയത്. ടിക്കറ്റെടുത്ത് പത്തു പേരെ അകത്തു കടത്തുക, കൂവി ബഹളമുണ്ടാക്കാന്‍! നോക്കണേ അവരുടെ കഷ്ടകാലം!അകത്തുവന്നിരുന്ന് ആ കൂവികുറുക്കന്മാര്‍ കൈയടിച്ചുകളഞ്ഞു! അന്ന് ആ പത്ത് ആര്‍എസ്പിക്കാരുടെ ആക്രമണം നേരിടുന്നതിനും ജാഥ നയിക്കുന്നതിനും കെപിഎസിയിലെ പെണ്‍കുട്ടികള്‍ കാണിച്ച ധൈര്യവും ആവേശവും ഒരുകാലത്തും എനിക്ക് മറക്കാന്‍ സാധ്യമല്ല".***

എന്നാല്‍ സുലോചനയുടെയൊക്കെ ധൈര്യവും വാര്‍ന്നുപോയ ഒരു സംഭവം നടന്നു. കമ്യൂണിസ്റ്റുവിരുദ്ധരുടെ ശക്തികേന്ദ്രമായ പാലായ്ക്കടുത്തുള്ള ഭരണങ്ങാനത്ത് നാടകം ആരംഭിച്ചപ്പോള്‍ അതിനു സമാന്തരമായി തുടങ്ങിയ കൂക്കുവിളികള്‍ ഇടതടവില്ലാതെ തുടര്‍ന്നുപോയി. അതു വകവയ്ക്കാതെ നാടകവും പുരോഗമിച്ചു.

അപ്പോഴാണ് എതിര്‍വശത്തെ മറ പൊളിച്ച് അവിടുന്ന് കുറച്ചു പേര്‍ കല്ലേറ് തുടങ്ങിയത്. അതിലൊരു കല്ല് വന്നുകൊണ്ടത് കോറസ് ലീഡ് ചെയ്യുന്ന കെ.എസ് ജോര്‍ജ്ജിന്റെ തലയിലാണ്. ഏറു കൊണ്ട സ്ഥലത്ത് കൈ കൊണ്ട് പൊത്തിപ്പിടിച്ച്, ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ജോര്‍ജ്ജ് പാട്ട് തുടര്‍ന്നു. പാട്ടവസാനിച്ചപ്പോള്‍ കൈ മാറ്റി നോക്കി. തലയിലെ മുറിവില്‍ നിന്ന് ചോര ചീറ്റുന്നതു കണ്ട് അടുത്തിരുന്ന സുലോചന ഉറക്കെ നിലവിളിച്ചു പോയി. സഖാക്കള്‍ ഓടിവന്ന് മുറിവ് വെച്ചുകെട്ടി. ജോര്‍ജ്ജ് അടുത്ത പാട്ട് പാടാന്‍ തുടങ്ങി... ഇങ്ങനെ പല തരത്തിലുള്ള തടസങ്ങളെയും ഭീഷണികളെയും ആക്രമണങ്ങളെയുമൊക്കെ അതിജീവിച്ചു കൊണ്ട് കെപിഎസിയുടെ സംഘം മുന്നോട്ടു യാത്ര തുടര്‍ന്നു.

... പറക്കോട് നാടകം നടന്നതിന്റെ അടുത്ത ദിവസം രാവിലെ സബ് ഇന്‍സ്പെക്ടര്‍ ഉമ്മന്‍, അടൂര്‍ സ്റ്റേഷനിലെ തോപ്പില്‍ ഭാസി കിടക്കുന്ന ലോക്കപ്പിന്റെ വാതില്‍ക്കല്‍ ചെന്നു.

"അസൗകര്യമൊന്നുമില്ലല്ലോ ഭാസി?"

''ഇല്ല, സുഖമാണ്'', ഭാസി മറുപടി പറഞ്ഞു.

''ഈ സോമന്‍ ആരാണ്?"

''ഏതു സോമന്‍?"

''നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിന്റെ പേര് വച്ചിരിക്കുന്നത്?"

''ഞാനാണത്", ഭാസി അഭിമാനത്തോടെ പറഞ്ഞു.

''ഭാസിയുടെ നാടകം ഞാനിന്നലെ കണ്ടു. ഇതുപോലെയൊരു നാടകം ഞാനിതിനു മുമ്പ് കണ്ടിട്ടില്ല!"

ഇന്‍സ്പെക്ടര്‍ ഉമ്മന്‍ തിരിഞ്ഞ് ഓഫീസ് മുറിയിലേക്ക് പോയി.

അന്ന് വൈകുന്നേരം ഭാസിക്ക് എഴുതാനായി കുറേ കടലാസ്സും പെന്‍സിലും എസ് ഐ രഹസ്യമായി കൊടുത്തയച്ചു. മാത്രമല്ല, പുറത്തു നിന്ന് ആരുമറിയാതെ പത്രവും പുസ്തകങ്ങളും വരുത്തിക്കോളാന്‍ അനുവാദവും കൊടുത്തു. മുന്‍പ് നിരാഹാരസമരം നടത്തിയിട്ടുപോലും അംഗീകരിക്കാത്ത കാര്യം 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന തന്റെ നാടകം കണ്ടതിന്റെ പേരില്‍ അനുവദിച്ചു കിട്ടിയപ്പോള്‍ ഭാസിക്ക് എന്തെന്നില്ലാത്ത അഭിമാനവും ആഹ്ലാദവും തോന്നി!

[ആദ്യചിത്രം: കാമ്പിശ്ശേരി കരുണാകരന്‍, ദേവരാജന്‍, കെ എസ് ജോര്‍ജ്ജ്, വെളിയം ഭാസ്‌കരപ്പണിക്കര്‍]

*നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയുടെ ആമുഖം, തോപ്പില്‍ ഭാസി

**ഏഴായിരം രാവുകള്‍, തോപ്പില്‍ കൃഷ്ണപിള്ള, കറന്റ് ബുക്‌സ്, കോട്ടയം

***പുനലൂര്‍ രാജഗോപാലന്‍ നായര്‍, ജനയുഗം വാരിക, ഫെബ്രുവരി 12, 1953

(അടുത്ത ഭാഗം: നിരോധിക്കപ്പെട്ട 'കമ്യൂണിസ്റ്റാക്കി' നിയമസഭയിലും കോടതിയിലും)


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories