പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന് എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. ആദ്യ 14 ഭാഗങ്ങള്‍ ഇവിടെ വായിക്കാം.
ഭാഗം 15
ആ രാത്രി, പാളയം പോലീസ് സ്റ്റേഷന് ആകെ ശബ്ദമുഖരിതമായിരുന്നു. കുറ്റവാളികളെ ചോദ്യം ചെയ്യുന്ന പോലീസേമാന്മാരുടെ ആക്രോശങ്ങളോ ലോക്കപ്പ് മര്‍ദ്ദനമേല്‍ക്കുന്ന പ്രതികളുടെ ദീനരോദനങ്ങളോ ഒന്നുമല്ല അവിടെ നിന്നുയര്‍ന്നു കേള്‍ക്കുന്നത്. സ്റ്റേഷന് കെട്ടിടത്തിനുള്ളിലെ വലിയ തളത്തില്‍ ഒരു സംഗീത സദിര് നടക്കുകയാണ്. കേരളാ പീപ്പിള്‍സ് ആര്‍ട്ട്സ് ക്ലബ്ബ് എന്ന നാടകസമിതിയുടെ പ്രവര്‍ത്തകര്‍ നടത്തുന്ന ഒരു ഗാനമേള. നയിക്കുന്നത് അഡ്വ. ജി ജനാര്‍ദ്ദനക്കുറുപ്പാണ്. കൂടെ എംഎല്‍എമാരായ കാമ്പിശ്ശേരി കരുണാകരനും പുനലൂര്‍ എന്‍. രാജഗോപാലന്‍ നായരുമുണ്ട്. കെ എസ് ജോര്‍ജ്ജ്, കെ. സുലോചന തുടങ്ങിയ പ്രധാന ഗായകരും അഭിനേതാക്കളുമൊക്കെയാണ് ഏറ്റു പാടുന്നത്. ഗാനമേളക്ക് കൊഴുപ്പേകാന്‍ ഹാര്‍മോണിയവും തബലയുമുള്പ്പെടെയുള്ള വാദ്യങ്ങളുടെ അകമ്പടിയുമുണ്ട്.
പോലീസിന്റെ ക്ഷണമനുസരിച്ച് കെപിഎസിക്കാര്‍ അവിടെ കലാപരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നില്ല. അവരെ പോലീസ് അറസ്റ്റ് ചെയ്തു പാളയം സ്റ്റേഷനില്‍ കൊണ്ടുവന്നിരിക്കുകയാണ്. സര്‍ക്കാര്‍ നിരോധിച്ച 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകം കളക്ടറുടെ ഉത്തരവ് ലംഘിച്ച് കളിച്ചു എന്ന ഒട്ടും നിസ്സാരമല്ലാത്ത കുറ്റത്തിനാണ് അറസ്റ്റ്.

നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും, ചെറുപ്പക്കാരും സ്ത്രീകളും കീഴാളരുമെല്ലാമുള്പ്പെടുന്ന സാധാരണ മനുഷ്യര്‍ നാടകം കാണാന്‍ തിങ്ങിക്കൂടിയതോടെ, അതില്‍ പതിയിരിക്കുന്ന അപകടം, ഭരിക്കുന്ന കക്ഷിയായ കോണ്‍ഗ്രസ് വേഗം തന്നെ തിരിച്ചറിഞ്ഞു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും എംഎല്‍എമാരുമായ കെ ആര് ഇലങ്കത്തും ജി. ചന്ദ്രശേഖരപിള്ളയും ഒരു ദിവസം നാടകം കാണാന്‍ വന്നു. കെപിഎസി സംഘത്തെ ചെന്നു കണ്ട് ഉള്ളു തുറന്ന് അഭിനന്ദിച്ചിട്ടാണ് അവര്‍ മടങ്ങിപ്പോയത്. അതുപോലെ വേറെയും പല നേതാക്കളും നാടകം കാണാന്‍ വന്നിരുന്നു. എന്നാല്‍ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ കടുത്ത എതിര്‍പ്പായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും അനുയായികളും നാടകത്തിനെതിരെ പരസ്യമായി തന്നെ രംഗത്തിറങ്ങി. റൗഡികള്‍ എല്ലായിടത്തും ബഹളമുണ്ടാക്കി. രണ്ടു സ്ഥലങ്ങളില്‍ നാടകം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഊരിപ്പിടിച്ച കഠാരയുമായി സ്റ്റേജില്‍ ചാടിക്കയറി. നാടകം കഴിഞ്ഞു മടങ്ങുമ്പോള്‍ വാഹനത്തെ തടസ്സപ്പെടുത്തുകയും കല്ലെറിയുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടായി.
നാടകത്തിലെ ജന്മിയും കോണ്‍ഗ്രസ്സുകാരനുമായ വലിയ വീട്ടില്‍ കേശവന് നായരും കാര്യസ്ഥന് വേലുച്ചാരും തമ്മിലുള്ള ചില സംഭാഷണങ്ങളാണ് അവരെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസിന്റെ നേതാക്കളെയും പ്രവര്‍ത്തനശൈലിയേയും കണക്കിന് കളിയാക്കുന്ന ആ സന്ദര്‍ഭങ്ങള്‍ എല്ലായിടത്തും വലിയ കയ്യടി നേടി. ആ റോളുകള്‍ ചെയ്യുന്ന ജനാര്‍ദ്ദനക്കുറുപ്പും രാജഗോപാലന്‍ നായരും ഗംഭീര പ്രകടനത്തിലൂടെ അരങ്ങു കൊഴുപ്പിക്കുകയും ചെയ്തു. മുള്ളും മുനയും നിറഞ്ഞ സംഭാഷണങ്ങളില്‍ പ്രാദേശികപ്രാധാന്യമുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ കൂടി കൊരുത്തിടാന്‍ അവര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

തിരുവനന്തപുരത്തെ കാട്ടാക്കടയില്‍ നാടകമവതരിപ്പിച്ചപ്പോള്‍ സംഘര്‍ഷമുണ്ടാകാന്‍ കാരണം 'കേശവന് നായരാ'ണ്. അവിടെ നിന്നുള്ള നിയമസഭാംഗം നെടുമങ്ങാട് ആര് കേശവന് നായര്‍ എന്ന കോണ്‍ഗ്രസ് നേതാവായിരുന്നു. അദ്ദേഹം സ്ഥലത്തെ പ്രധാന ജന്മികുടുംബത്തിലെ അംഗവും സമുദായ പ്രമാണിയുമാണ്. വലിയ വീട്ടില്‍ കേശവന് നായര്‍ രംഗത്തു വരുമ്പോഴും അയാളുടെ പേരു പരാമര്ശിക്കുമ്പോഴുമെല്ലാം ആളുകള്‍ ഉറക്കെ ചിരിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. നാടകത്തിലെ കഥാപാത്രത്തിലൂടെ സ്ഥലം എംഎല്‍എയെ കളിയാക്കുകയാണ് ചെയ്യുന്നതെന്നാരോപിച്ചു കൊണ്ട് ഒരു കൂട്ടമാളുകള്‍ നാടകത്തിന്റെ അവതരണം തടസ്സപ്പെടുത്തി. കുറച്ചു നേരത്തേക്ക് നാടകം നിറുത്തി വയ്ക്കേണ്ടി വന്നു. നെടുമങ്ങാട് കേശവന് നായര്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്കി. നാടകത്തിലെ പരിഹാസവും ആളുകളുടെ പ്രതികരണവും സഹിക്കാനാകാതെ പരാതികളുമായി പലയിടങ്ങളിലും കോണ്‍ഗ്രസുകാര്‍ പോലീസിനെ സമീപിച്ചു. സോമന് എഴുതിയ നാടകപുസ്തകത്തില്‍ കോണ്‍ഗ്രസിനെയും ഗവര്ണ്മെന്റിനെയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതായി പോലീസ് കണ്ടെത്തി വെട്ടിക്കളഞ്ഞ ഭാഗങ്ങള്‍ നാടകത്തില്‍ നിന്ന് ഒഴിവാക്കണമെന്നും സ്ക്രിപ്റ്റില്‍ ഇല്ലാത്ത സംഭാഷണങ്ങള്‍ സ്റ്റേജില്‍ പറയാന്‍ പാടില്ലെന്നുമായിരുന്നു കെപിഎസിയുടെ ഭാരവാഹികള്‍ക്ക് കിട്ടിയ കര്‍ശനമായ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു നോക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ഥലം പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി ഉത്തരവിട്ടു.
കാഞ്ഞിരപ്പള്ളിയിലായിരുന്നു അന്ന് നാടകം. അന്തരീക്ഷം പതിവുപോലെ സംഘര്‍ഷഭരിതമായിരുന്നു. അവിടുത്തെ പോലീസ് സബ് ഇന്‍സ്പെക്ടര്‍, പ്രസിദ്ധനായ 'മിന്നല്‍' പരമശിവന് പിള്ള, രണ്ടു വാന്‍ പോലീസുമായി വളരെ നേരത്തെ തന്നെ നാടകസ്ഥലത്തെത്തി കെപിഎസിക്കാരെ കാത്തിരിപ്പുണ്ടായിരുന്നു. നാടകവാന് എത്തി എല്ലാവരും പുറത്തിറങ്ങുമ്പോള്‍ 'മിന്നല്‍' വാനിന്റെ സമീപത്തേക്ക് ചെന്നു. അറസ്റ്റ് ചെയ്യാനാണോ എന്ന് എല്ലാവരും ഒരു നിമിഷം ഭയന്നു.
''ആരാണ് നിങ്ങളുടെ നേതാവ്?''
ജനാര്‍ദ്ദനക്കുറുപ്പ് മുന്നോട്ടു വന്നു.
''ഞാനാണ് സമിതിയുടെ പ്രസിഡന്റ്''.
കൈയിലിരുന്ന പുസ്തകം നീട്ടിക്കാണിച്ചുകൊണ്ട് എസ് ഐ പറഞ്ഞു.
''ഇതില്‍ വെട്ടിക്കളഞ്ഞിട്ടുള്ള ഏതെങ്കിലും ഭാഗം പറഞ്ഞാല്‍ എല്ലാത്തിനെയും ഞാനകത്താക്കും.''
സെന്‍സര്‍ ചെയ്തിരിക്കുന്ന ഭാഗം ആരെങ്കിലും പറയുന്നുണ്ടോ എന്നു നോക്കി തന്നെ അറിയിക്കാനായി ഒരു പോലീസുകാരനെ സ്റ്റേജിന്റെ ഒരു വശത്തു തന്നെ ഇരുത്തി.
ബാക്കി തോപ്പില്‍ കൃഷ്ണ പിള്ള പറയും: ''..... പോലീസുകാരനെ മുമ്പില്‍ നടത്തി നടികളും കാമ്പിശ്ശേരി, കുറുപ്പുചേട്ടന്‍, മാധവന് തുടങ്ങി ഞങ്ങളും സ്റ്റേജിലെത്തി. മേക്കപ്പ് കഴിഞ്ഞ് നാടകത്തിനു ബെല്ല് കൊടുത്തു. ഞാനായിരുന്നു പ്രോംപ്റ്റര്‍. ഞാനും എന്റെ തൊട്ടടുത്ത് പോലീസുകാരനും പുസ്തകവുമായി സൈഡ് തട്ടിയുടെ പിന്നില്‍ നിന്നു. മാധവന് ഉടനെ മൂന്നു രൂപ കൊണ്ടുവന്ന് പോലീസുകാരന്റെ പോക്കറ്റില്‍ ഇട്ടുകൊടുത്തു. പോലീസുകാരന് അവിടെയിരുന്ന് ഉറങ്ങുകയും ഞങ്ങള്‍ ഒരക്ഷരം വിടാതെ പറയുകയും അഭിനയിക്കുകയും ചെയ്തു. നാടകം 'മിന്നല്‍' പരമശിവന് പിള്ളയും ആദ്യാവസാനം കണ്ടു. ഗൗരവക്കാരനായ ഇന്‍സ്പെക്ടര്‍ ചിരിച്ചുകൊണ്ട് സ്റ്റേജില്‍ വന്ന് ഞങ്ങളെ അഭിനന്ദിച്ചു. എല്ലാവരെയും അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുപോയി കാപ്പി തന്നിട്ടേ വിട്ടുള്ളൂ.. ''
1953 മാര്‍ച്ച് മൂന്നാം തീയതി ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' ആയിരുന്നു. നാടകം ഇങ്ങനെ മുന്നോട്ടു പോയാല്‍ കോണ്‍ഗ്രസ് എന്നൊരു പ്രസ്ഥാനം തന്നെ നാമാവശേഷമാകുമെന്നും അതുകൊണ്ട് വേണ്ട 'നടപടി' കൈക്കൊള്ളണമെന്നും പല എംഎല്‍എമാരും ശക്തമായി ആവശ്യപ്പെട്ടു. വേണ്ടതു ചെയ്യാമെന്ന് മുഖ്യമന്ത്രി എ.ജെ ജോണ്‍ അവര്‍ക്കുറപ്പു കൊടുത്തു.

അടുത്ത ദിവസം മുതല്‍ കെപിഎസി സംഘം നാടകസ്ഥലത്തു ചെല്ലുമ്പോള്‍ അവരെയും കാത്ത് നാടകം നിരോധിച്ചിരിക്കുന്നു എന്ന ജില്ലാ കളക്ടറുടെ ഉത്തരവുമായി പോലീസ് നില്‍പ്പുണ്ടാകും. ആളുകള്‍ ടിക്കറ്റെടുത്ത് കൊട്ടകക്കുള്ളില്‍ കയറി ഇരിപ്പ് പിടിച്ചിട്ടായിരിക്കും ചിലപ്പോള്‍ അറിയിപ്പ് വരുന്നത്. കര്ട്ടന് കെട്ടിക്കൊണ്ടിരിക്കുമ്പോഴോ മേക്കപ്പ് ചെയ്തു കൊണ്ടിരിക്കുമ്പോഴോ ആണ് പലപ്പോഴും അറിയിപ്പ് കയ്യില്‍ കിട്ടാറ്. ബാലരാമപുരത്തും മാവേലിക്കരയിലുമൊക്കെ അങ്ങനെ നാടകം മുടങ്ങി.
നാടകം നിരോധിക്കാനുള്ള കാരണമായി ഓരോയിടങ്ങളിലും വ്യത്യസ്തമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. അങ്ങനെ സംസ്ഥാനത്തുടനീളം നിരോധനം പ്രഖ്യാപിക്കാതെ പ്രാദേശികമായി നടപ്പില്‍ വരുത്തുന്ന കൗശലമായിരുന്നു ഗവണ്മെന്റിന്റേത്.
അന്നത്തെ നാടകം തിരുവനന്തപുരം ജില്ലയിലെ കോവളത്തായിരുന്നു. രാവിലെ തന്നെ നിരോധിച്ചുകൊണ്ടുള്ള കളക്ടറുടെ ഉത്തരവ് കിട്ടി. ജനാര്‍ദ്ദനക്കുറുപ്പും രാജഗോപാലന്‍ നായരും കൂടി ചെന്നുകണ്ടപ്പോള്‍, കോവളം പ്രദേശത്ത് വസൂരി പടര്‍ന്നു പിടിച്ചതാണ് നിരോധനത്തിന്റെ കാരണമായി കളക്ടര്‍ അബ്ദുള്‍ സലാം പറഞ്ഞത്. തിരികെ പോകുന്നതിന് മുന്‍പ് അവര്‍ കളക്ടറെ ഒരു കാര്യമറിയിച്ചു. അനുമതി നല്‍കിയില്ലെങ്കില്‍ നിരോധനം ലംഘിച്ചിട്ടാണെങ്കിലും അന്ന് വൈകുന്നേരം കോവളത്ത് നാടകം കളിക്കും!
കെപിഎസി സംഘം കോവളത്ത് ചെന്നപ്പോള്‍ മറ്റൊരു പ്രശ്നം. കൊട്ടകയില്‍ കൊള്ളുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ അവിടെ തടിച്ചുകൂടിയിരുന്നു. ഉടനെ തന്നെ തൊട്ടടുത്ത വിശാലമായ പറമ്പില്‍ മുളയും കയറും കൊണ്ട് രണ്ടു മണിക്കൂറിനുള്ളില്‍ ഒരു ഓപ്പണ്‍ എയര്‍ തിയേറ്റര്‍, നാട്ടുകാരുടെ സഹായത്തോടെ കെട്ടിയുണ്ടാക്കി. നാടകം തുടങ്ങുന്നതിനു തൊട്ടുമുന്‍പ് നിരോധന ഉത്തരവുമായി ഒരു വാന്‍ പോലീസെത്തി. നാടകം കളിക്കണമെന്നു തന്നെയായിരുന്നു അവിടെ കൂടിയിരുന്ന പാര്‍ട്ടി സഖാക്കളുടെയും കെപിഎസി പ്രവര്‍ത്തകരുടേയും അഭിപ്രായം.
നാടകത്തിന്റെ ആദ്യബെല്ലു മുഴങ്ങി. യവനിക ഉയര്‍ന്നു. ജനാര്‍ദ്ദനക്കുറുപ്പ് വേദിയിലെത്തി.
''ഞാന്‍ ജനങ്ങളോട് മൈക്കിലൂടെ പറഞ്ഞു. 'കോണ്‍ഗ്രസ് ഗവണ്മെന്റ് കെപിഎസിയുടെ നാടകം നിരോധിച്ചിരിക്കുകയാണ്'.
ജിജ്ഞാസാഭരിതരായ ജനക്കൂട്ടം നിര്‍ന്നിമേഷരായി നോക്കിനില്‍ക്കെ രണ്ടാമത്തെ വാചകം അല്‍പ്പം കൂടി ഉറക്കെ പറഞ്ഞു: 'ഗവണ്മെന്റിന്റെ ഈ നിരോധനം കെപിഎസിക്കു പുല്ലാണ്!...'. ആളുകള്‍ ആര്‍ത്തുവിളിച്ച് കൈയടിച്ചു. അവരുടെ ആവേശം ഒന്നടങ്ങിയപ്പോള്‍ ഞാന്‍ പോലീസിനോട് പറഞ്ഞു. നിങ്ങള്‍ അടങ്ങിയിരുന്ന് വേണമെങ്കില്‍ ടിക്കറ്റ് എടുക്കാതെ നാടകം കാണുക. കളി കഴിഞ്ഞ് ഞങ്ങള്‍ അറസ്റ്റിന് വഴങ്ങിക്കോളാം''.
നാടകം നടന്നു. ഒന്നും ചെയ്യാനാകാതെ പോലീസ് അവിടെ തന്നെ നിന്നു. നാടകം കഴിഞ്ഞിട്ടും പിരിഞ്ഞുപോകാന്‍ ജനങ്ങള്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കുറുപ്പും മറ്റുള്ളവരും വീണ്ടും വീണ്ടും അപേക്ഷിച്ചപ്പോഴാണ് അവര്‍ ശാന്തരായത്. മുന്‍പേ പോലീസ് ജീപ്പും പിറകേ കെപിഎസിയുടെ വാനുമായി പാളയം പോലീസ് സ്റ്റേഷനിലെത്തി. അവരുടെ പിറകേ പ്രകടനമായി ആ ജനാവലിയും ഏതാണ്ട് ഒട്ടുമുക്കാലും അവിടെയെത്തിച്ചേര്‍ന്നു. കെപിഎസിയുടെ നേതാക്കള്‍ക്കാര്‍ക്കും തന്നെ സ്റ്റേഷനും ലോക്കപ്പും പുത്തരിയല്ലല്ലോ. സുലോചനയ്ക്കും സുധര്മ്മയ്ക്കുമെല്ലാം ഭയത്തേക്കാളേറെ ആവേശമായിരുന്നു. ജനാര്‍ദ്ദനക്കുറുപ്പിന്റെ നേതൃത്വത്തില്‍ ഗാനമേള ആരംഭിച്ചു. ചരിത്രത്തിലാദ്യമായി ഒരു പോലീസ് സ്റ്റേഷന് ഗാനമേളയുടെ വേദിയായി...
വളരെപ്പെട്ടെന്നു തന്നെ ഐ ജി ചന്ദ്രശേഖരന് നായര്‍ സ്റ്റേഷനിലെത്തി. ബോണ്ട് എഴുതിവച്ചുപോകാന് ഐ ജി ആവശ്യപ്പെട്ടെങ്കിലും കുറുപ്പ് വഴങ്ങിയില്ല. താമസിയാതെ തിരുകൊച്ചി പാര്‍ട്ടി സെക്രട്ടറിയായ എം.എന്‍ ഗോവിന്ദന് നായര്‍ എത്തി. കേസ് രജിസ്റ്റര്‍ ചെയ്തുപോയതുകൊണ്ട് അവരവരുടെ ജാമ്യത്തില്‍ തന്നെ എല്ലാവരെയും വിടാനുള്ള ഏര്‍പ്പാട് ചെയ്തു. സുലോചനയെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകതകളുള്ള ദിവസമായിരുന്നു അത്. ആവേശവും ഉത്സാഹവും അല്‍പ്പം പേടിയുമൊക്കെ ഇടകലര്‍ന്ന ഒരു ദിവസം.
നാടകം നിരോധിച്ചതും നടീനടന്മാരെ കസ്റ്റഡിയിലെടുത്തതും ജനങ്ങള്‍ക്കിടയില്‍ വലിയ കോളിളക്കമുണ്ടാക്കി. തിരുവനന്തപുരം തമ്പാനൂര്‍ മൈതാനത്ത് അടുത്ത ദിവസം തന്നെ വലിയൊരു പ്രതിഷേധയോഗവും കെപിഎസി പ്രവര്‍ത്തകര്‍ക്ക് സ്വീകരണവും നടന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഒരു ഭരണകൂടം ആവിഷ്കാരസ്വാതന്ത്ര്യം നിഷേധിച്ച ആദ്യ സംഭവമായിരുന്നു കമ്മ്യൂണിസ്റ്റാക്കിയുടെ നിരോധനം. നാടകനിരോധനത്തിനെതിരെ സര്‍വ്വശക്തിയുമുപയോഗിച്ചു പോരാടാന്‍ കെപിഎസിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തീരുമാനിച്ചു. നിയമസഭാംഗങ്ങളായ കാമ്പിശ്ശേരിയും രാജഗോപാലന്‍ നായരും ഈ വിഷയം സഭയിലുന്നയിച്ചു.
"ബഹുമാനപ്പെട്ട സ്പീക്കര്‍ അനുവദിക്കുന്ന പക്ഷം നാടകം ഇതിനകത്തൊന്നു കളിക്കാ"മെന്നു പറഞ്ഞുകൊണ്ടു തുടങ്ങിയ കാമ്പിശേരി ഇങ്ങനെയാണവസാനിപ്പിച്ചത്.

''ഇവിടെ കലാകാരന്മാരായ ചില മന്ത്രിമാരുണ്ട്. കലയുടെ പേരില്‍ അവര്‍ പലപ്പോഴും സംസാരിക്കുന്നതു കേള്‍ക്കാം. മന്ത്രിമാര്‍ ഒരു കാര്യമോര്‍ക്കണം. മന്ത്രി പദം നാളെ നഷ്ടപ്പെടും. മനുഷ്യത്വം ശാശ്വതമാണ്. സര്, അങ്ങയോട് അവസാനമായി എനിക്കൊരപേക്ഷയുണ്ട്. ഈ കലാസൃഷ്ടി ഈ നാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന അങ്ങയുടെയും ബഹുമാനപ്പെട്ട സാമാജികരുടെയും സാന്നിധ്യത്തില്‍, ഞങ്ങള്‍ക്ക് ഈ രാജ്യത്തെവിടെയെങ്കിലും പോലീസിന്റെയും ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെയും ആക്രമണമില്ലാത്ത ഇല്ലാത്ത ഒരു സ്ഥലത്ത് നടത്താനുള്ള ഒരു സൗകര്യമുണ്ടാക്കിത്തരണം.''
ഭരണിക്കാവ് അംഗമായ എം.എന്‍ ഗോവിന്ദന് നായരാണ് നാടകനിരോധനത്തിനെതിരെ അടിയന്തിര പ്രമേയമവതരിപ്പിച്ചത്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ ചരിത്ര പ്രാധാന്യവും നാള്‍വഴികളും വിശദമായി പ്രതിപാദിച്ചുകൊണ്ടുള്ള പ്രസംഗം അതികായന്മാര് നിറഞ്ഞ സഭ സശ്രദ്ധം കേട്ടിരുന്നു.

''ഇവിടുത്തെ ഭരണകക്ഷിയുടെ പിന്തുണയോടും പ്രേരണയോടും, നേരിട്ടുള്ള ഇടപെടലിന് വിധേയമായിട്ടും മറ്റുപക്ഷത്തുള്ള ആക്രമണങ്ങള്‍ ഇന്നു നടന്നുകൊണ്ടിരിക്കുകയാണ്. പല വലിയ ആളുകളുടെയും സ്വാധീനശക്തി കൊണ്ട് നിരവധി കയ്യേറ്റങ്ങള്‍ തന്നെ ഇന്ന് നാടിന്റെ നാനാഭാഗങ്ങളില്‍ നടന്നു വരുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്... ''
നാടകം അവതരിപ്പിക്കാന്‍ തുടങ്ങിയതിനു ശേഷം കോണ്‍ഗ്രസിന്റെ പിന്തുണയോടും പ്രേരണയോടും കൂടിയുള്ള ഇടപെടലുകള്‍, എം എന്‍ ഓരോന്നായിഎടുത്തു പറഞ്ഞു. എംഎല്‍എമാരെ നാടകം കാണിക്കാന്‍ വേണ്ടി തീരുമാനിച്ചപ്പോള്‍ അവസാന നിമിഷം വി ജെ ടി ഹാള്‍ വിട്ടുകൊടുക്കാന്‍ ഗവണ്മെന്റ് തയ്യാറാകാത്തതും ബാലരാമപുരത്തെ നിരോധനം നീക്കാന്‍ താന്‍ തന്നെ നേരിട്ട് അപേക്ഷ കൊടുത്തപ്പോള്‍ ക്യാബിനറ്റ് കൂടി ചര്‍ച്ച ചെയ്ത ശേഷം 'ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ നിവൃത്തിയില്ലെ'ന്ന് ആഭ്യന്തര മന്ത്രി ടി എം വര്‍ഗീസ് പറഞ്ഞ കാര്യവും എം എന്‍ സഭയെ അറിയിച്ചു.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ നിരോധനത്തെ സംബന്ധിക്കുന്ന ചര്‍ച്ച നിയമസഭാചരിത്രത്തിലെ സുപ്രധാന ഏടായി മാറി. പക്ഷെ എ ജെ ജോണ്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല.അതുകൊണ്ട് നിരോധനത്തിനെതിരെ നിയമപരമായി നീങ്ങാന്‍ തന്നെ തീരുമാനിച്ചു. നിരോധനത്തിനാധാരമായ ഡ്രമാറ്റിക് പെര്‍ഫോമന്‍സ് ആക്റ്റിനെതിരെ കെപിഎസി ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചു. ജനാര്‍ദ്ദനക്കുറുപ്പ് vs തിരുവതാംകൂര്‍ - കൊച്ചി സ്റ്റേറ്റ് എന്ന കേസ് ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു.
നിയമസഭയിലും കോടതിയിലും നാടകം ചൂടുപിടിച്ച ചര്ച്ചാവിഷയമായിരുന്നപ്പോള്, കെപിഎസി അംഗങ്ങള്‍ വെറുതെയിരിക്കുകയായിരുന്നില്ല. നാടക സെന്‍സറിങ്ങിനെ കളിയാക്കിക്കൊണ്ട് രാജഗോപാലന്‍ നായര്‍ എഴുതിയ ഒരു ആക്ഷേപഹാസ്യനാടകം നാടൊട്ടുക്ക് അവതരിപ്പിക്കുകയായിരുന്നു.
ഒരു നാടകം കളിക്കാന്‍ അനുമതി തേടി സ്ക്രിപ്റ്റ് ജില്ലാ പോലീസ് സൂപ്രണ്ടിന് സമര്‍പ്പിക്കുന്നു. പരിശോധിച്ച് തീരുമാനമെടുക്കാനായി അയാളത് സ്ഥലം പോലീസ് ഇന്‍സ്പെക്ടര്‍ക്ക് അയച്ചു കൊടുക്കുന്നു.എസ് ഐ ആ ചുമതല ഏല്‍പ്പിക്കുന്നത് ഹെഡ് കോണ്‍സ്റ്റബിള്‍ വെങ്കിടാചലത്തെയാണ്. അയാള്‍ക്ക് ഭാഷ പിടിയില്ലാത്തതു കൊണ്ട് മലയാളിയായ ഭാര്യയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഒരു കലാബോധവുമില്ലാത്ത ആ സ്ത്രീയുടെ നിര്‍ദ്ദേശങ്ങളും പ്രകടനങ്ങളുമൊക്കെ ചേര്‍ന്ന സന്ദര്‍ഭങ്ങള്‍ കാണികളെ പൊട്ടിച്ചിരിപ്പിച്ചു.
ഹൈക്കോടതിയുടെ വിധി കാത്തിരിക്കുമ്പോഴാണ്, ചരിത്രം കാത്തുവെച്ച മറ്റൊരു നിയോഗം കെപിഎസിയെ തേടിയെത്തിയത്. കേരളത്തിനപ്പുറത്തുള്ള വിശാലമായ ലോകത്തേക്ക് പറന്നുയരാനുള്ള ഒരവസരം. 1953 ഏപ്രില്‍ മാസത്തില്‍ ബോംബെയില്‍ വച്ചു നടക്കുന്ന ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷന് (ഇപ്റ്റ)യുടെ സമ്മേളനത്തില്‍ പങ്കെടുത്ത് നാടകം അവതരിപ്പിക്കാനുള്ള ക്ഷണം. പക്ഷെ ബോംബെ യാത്രക്കെതിരെ സമിതിക്കുള്ളില്‍ നിന്നു തന്നെ ചില എതിര്സ്വരങ്ങളുയര്ന്നു. അറിഞ്ഞോ അറിയാതെയോ സുലോചന നിലയുറപ്പിച്ചത് ആ ചേരിയിലായി.
(അടുത്ത ഭാഗം: 'ദേശ് ഹമാരാ ധര്‍ത്തീ അപ്നേ, ഹം - ധര്‍ത്തീ - കേ ലാല്‍')