TopTop
Begin typing your search above and press return to search.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബോംബെയിലേക്ക്; ഇപ്റ്റ സമ്മേളനവേദിയില്‍ മുഴങ്ങുന്ന 'പൊന്നരിവാളമ്പിളിയില്'; കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബോംബെയിലേക്ക്; ഇപ്റ്റ സമ്മേളനവേദിയില്‍ മുഴങ്ങുന്ന പൊന്നരിവാളമ്പിളിയില്; കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. ആദ്യ 15 ഭാഗങ്ങള്‍ ഇവിടെ വായിക്കാം.

ഭാഗം 16

'ദേശ് ഹമാരാ ധര്‍ത്തീ അപ്‌നേ, ഹം - ധര്‍ത്തീ - കേ ലാല്‍'

'ഭൂക്കാ ഹേ ബംഗാള്‍!'

ബംഗാളിന് വിശക്കുന്നു! ഒരു പിടി അന്നത്തിനു വേണ്ടി വിശന്നലഞ്ഞ് തെരുവീഥികളില്‍ വീണു മരിച്ച മനുഷ്യലക്ഷങ്ങള്‍... അതായിരുന്നു പോയ നൂറ്റാണ്ടിലെ കൊടിയ ദുരന്തമായ ബംഗാള്‍ ക്ഷാമം. ദുര മൂത്ത മനുഷ്യന്‍ സൃഷ്ടിച്ച ആ കൊടുംവറുതിയില്‍ നിന്ന് ബംഗാളിനെ രക്ഷിക്കാന്‍ മനുഷ്യസ്‌നേഹികളായ കുറേ കലാകാരന്‍മാര്‍ തെരുവിലിറങ്ങി. തെരുവുനാടകങ്ങളും നാടന്‍ പാട്ടുകളും നാടോടി നൃത്തവും ചിത്രപ്രദര്‍ശനവുമെല്ലാമായി ബംഗാളിലും, പിന്നെ ഇന്ത്യയെമ്പാടും ആ കള്‍ച്ചറല്‍ സ്‌ക്വാഡ് ചുറ്റിസഞ്ചരിച്ചു....

ഇപ്റ്റ കലാകാരന്മാരുടെ സംഘം ജനങ്ങള്‍ക്കിടയില്‍

1943 മെയ് മാസത്തില്‍, ബോംബെയില്‍ വച്ച് പലനാട്ടുകാരും ഭാഷക്കാരുമായ കലാകാരന്മാരുടെ ചെറുസംഘങ്ങള്‍ ഒരു വലിയ കുടക്കീഴില്‍ ഒത്തുചേര്‍ന്നു. ശാസ്ത്രത്തെയും കലയെയും ഒരുപോലെ സ്‌നേഹിച്ച മഹാനായ ശാസ്ത്രജ്ഞന്‍ ഹോമി ഭാഭ ആ പ്രസ്ഥാനത്തിനു പേരിട്ടു: ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍.

ഇപ്റ്റ സംഘത്തിന്റെ സാംസ്‌കാരിക ഇടപെടല്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പി സി ജോഷിയായിരുന്നു ഇപ്റ്റയുടെ ചാലകശക്തി.

പി സി ജോഷി. സുനില്‍ ജാനയെടുത്ത ചിത്രം

വിശ്വമാനവികതയില്‍ വിശ്വസിച്ചിരുന്ന കലാ, സാംസ്‌കാരിക പ്രവര്‍ത്തകരൊക്കെ പ്രസ്ഥാനത്തിന്റെ ഒപ്പം സഞ്ചരിച്ചു.

"'People's Theatre Stars The People' ...." ചിത്തോപ്രസാദ് രൂപകല്പന ചെയ്ത 'ദുന്ദുഭി വാദകന്‍' ഇപ്റ്റയുടെ അടയാളമുദ്രയായി. സുനില്‍ ജാനയുടെ ക്യാമറക്കണ്ണിലൂടെ അദ്ധ്വാന വര്‍ഗ്ഗത്തിന്റെ കലയും സംസ്‌കാരവും സാക്ഷാത്കാരം നേടി.

ഇപ്റ്റയുടെ ലോഗോ

ബിജോണ്‍ ഭട്ടാചാര്യ രചിച്ച അതിജീവനത്തിന്റെ മനുഷ്യഗാഥ, 'നബാന്ന' ഷോംഭൂമിത്രയും തൃപ്തി ഭാദുരിയുമെല്ലാം ചേര്‍ന്നവതരിപ്പിച്ചപ്പോള്‍ അത് ഇന്ത്യയുടെ നാടക ചരിത്രത്തിലെ നാഴികക്കല്ലായി മാറി.

നബാന്നയില്‍ ബിജോണ്‍ ഭട്ടാചാര്യ

നബാന്നയുടെ കവര്‍ ചിത്രം

ഇപ്റ്റക്കു വേണ്ടി കെ.എ അബ്ബാസ് സംവിധാനം ചെയ്ത 'ധര്‍ത്തി കേ ലാല്‍' ഇന്ത്യന്‍ സിനിമയില്‍ നിയോ റിയലിസത്തിന് വഴിയൊരുക്കി.

ധര്‍ത്തി കേ ലാല്‍ നാടകത്തിന്റെ പോസ്റ്റര്‍

ധര്‍ത്തി കേ ലാല്‍ നാടകത്തിന്റെ അവതരണം

ബല്‍രാജ് സാഹ്നി, ചേതന്‍ ആനന്ദ്, ദേവ് ആനന്ദ്, ദീനാ ഗാന്ധി, സോറാ സൈഗാള്‍, കൈഫി അസ്മി, സാഹിര്‍ ലുധിയാന്‍വി, എസ് ഡി ബര്‍മന്‍, പ്രേം ധവാന്‍... ഇപ്റ്റയുടെ പ്രവര്‍ത്തകര്‍ പിന്നീട് ഇന്ത്യയുടെ സാംസ്‌കാരിക ഭൂമികയിലെ സമുന്നത വ്യക്തിത്വങ്ങളായി മാറി. നാവിക കലാപവും ഇന്ത്യയുടെ വിഭജനവും പോലെയുള്ള ചരിത്ര സന്ധികളില്‍ ഇപ്റ്റയുടെ പ്രവര്‍ത്തകര്‍ നീതിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി തെരുവിലിറങ്ങി.

കല്‍ക്കത്താ തീസിസിന്റെ നാളുകളില്‍ ഇപ്റ്റ നിര്‍ജ്ജീവമായിരുന്നു. ഒരുപാട് പേര്‍ പ്രസ്ഥാനം വിട്ടു. അന്‍പതുകളുടെ തുടക്കത്തില്‍, പാര്‍ട്ടിയുടെ നയം മാറുകയും അജയ് ഘോഷ് ജനറല്‍ സെക്രട്ടറിയായി പുതിയ നേതൃത്വം വരുകയും കൂടി ചെയ്തതോടെ ഇപ്റ്റയും പുനരുജ്ജീവനത്തിന് തയ്യാറെടുത്തു. ബല്‍രാജ് സാഹ്നിയുള്‍പ്പെടെ പഴയ പോരാളികള്‍ പലരും മടങ്ങി വന്നു.1953 ഏപ്രിലില്‍ ബോംബെയില്‍ വച്ചു ചേരുന്ന ഏഴാമത് സമ്മേളനത്തിലേക്ക് കെപിഎസിയെ ക്ഷണിച്ചു. പക്ഷെ ഇതു സംബന്ധിച്ച് ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നു വന്നു.

തുടക്കകാലത്ത് കെപിഎസിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നില്ല. ജനാര്‍ദ്ദനക്കുറുപ്പ് പ്രസിഡന്റും രാജഗോപാലന്‍ നായര്‍ സെക്രട്ടറിയും കോടാകുളങ്ങര വാസുപിള്ള കണ്‍വീനറുമായുള്ള ഒരു കമ്മിറ്റിയാണ് കാര്യങ്ങളൊക്കെ നോക്കിനടത്തിയിരുന്നത്. എംഎല്‍എ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളും പാര്‍ട്ടി പരിപാടികളുമൊക്കെയായി രാജഗോപാലന്‍ നായര്‍ക്ക് തിരക്കു കൂടിയപ്പോള്‍ ഒ. മാധവന് സെക്രട്ടറിസ്ഥാനം കൈമാറി. എങ്കിലും നാടകത്തിന്റെ ബുക്കിങ്ങും നടത്തിപ്പുമൊക്കെ കണ്‍വീനര്‍ നേരിട്ടാണ് കൈകാര്യം ചെയ്തിരുന്നത്. പണം മുടക്കിയത് കോടാകുളങ്ങര വാസുപിള്ള ആയതുകൊണ്ട്, ഒരു നാടക കമ്പനി ഉടമയുടെ കെട്ടിലും മട്ടിലുമായിരുന്നു പെരുമാറ്റമെന്ന് ഒ. മാധവന്‍ ഓര്‍മ്മിക്കുന്നു.

''റിഹേഴ്‌സല്‍ സമയത്ത് പണം സംഘടിപ്പിച്ച ആളെന്ന നിലയില്‍ നാടകത്തില്‍ മിച്ചമുണ്ടെങ്കില്‍ അതു തനിക്കവകാശപ്പെട്ടതാണെന്നുള്ള അവകാശവാദവും സ. പിള്ള മുന്നോട്ടു വച്ചു. ഇതിനിടയില്‍ ആറാം കളി 'ഫ്രീ കളി' എന്നൊരു നിയമവും ഞങ്ങളോടാലോചിക്കാതെ കണ്‍വീനര്‍ നടപ്പാക്കി. അതായത് അഞ്ചു നാടകത്തിന്റെ പ്രതിഫലം പറ്റുന്ന അംഗങ്ങള്‍ ആറാമത്തെ കളി ഫ്രീ ആയിട്ട് കളിക്കണം. അതു നാടകസമിതിയുടെ പൊതുചെലവുകള്‍ക്കായി മാറ്റി വയ്ക്കും. എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടി കണ്‍വീനറുടെ അവകാശവാദങ്ങള്‍ നിരാകരിച്ചു. പ്രാരംഭകാലത്ത് ചെലവായ പണവും പലിശയും വാസുപിള്ളക്ക് തിരിച്ചു കൊടുക്കണമെന്നും മറ്റ് അംഗങ്ങളെ പോലെ ഓരോ നാടകത്തിനും ഒരു നിശ്ചിത തുക പ്രതിഫലമായി നല്‍കണമെന്നും തീരുമാനിച്ചു."*

ബോംബെ പരിപാടിക്ക് പ്രതിഫലമൊന്നും കിട്ടില്ലെന്ന് സമിതിയിലെ നടികളെയും രക്ഷകര്‍ത്താക്കളെയും വാസുപിള്ള പറഞ്ഞു ധരിപ്പിച്ചു. അങ്ങനെയാണ് ബോംബെ യാത്രയോട് എതിര്‍പ്പുയരുന്നത്. ആ തടസ്സങ്ങളെ തരണം ചെയ്ത കഥ തോപ്പില്‍ കൃഷ്ണ പിള്ള പറയുന്നു.

''..... ബോംബേയ്ക്കു പോകാന്‍ പണം മുടക്കാന്‍ വാസുപിള്ള വിസമ്മതിച്ചു. ആ ചുറ്റുപാടില്‍ ബോംബെ യാത്രയ്ക്ക് സമിതിയിലുള്ള ഓരോരുത്തരും ആകാവുന്നിടത്തോളം പണമുണ്ടാക്കണമെന്ന് തീരുമാനിച്ചു. സ്ത്രീകളും മറ്റു ചിലരും അതിന് തയ്യാറായില്ല. കാമ്പിശേരി, ഒ. മാധവന്‍, ഒ എന്‍ വി, ദേവരാജന്‍, രാജന്‍ ചേട്ടന്‍ എന്നിവരും ഞാനും കുറേ പണമുണ്ടാക്കി. ഞാനന്ന് ചേച്ചിയുടെ ഒരു അഡ്ഡ്യല്‍ എടുത്തു പണയം വച്ചാണ് രൂപ ഉണ്ടാക്കിയത്. ഇന്നുവരെ അതു തിരിച്ചെടുത്തു കൊടുത്തിട്ടില്ല, ചോദിച്ചിട്ടുമില്ല."**

ട്രെയിന്‍ ടിക്കറ്റിന്റെ ചിലവ് പാര്‍ട്ടിയാണ് വഹിച്ചത്. അംഗങ്ങള്‍ക്ക് പ്രതിഫലം ലഭിക്കത്തക്ക വിധം കുറച്ചു നാടകങ്ങള്‍ ബോംബെയിലെ പാര്‍ട്ടി കമ്മിറ്റി ഏര്‍പ്പാട് ചെയ്തു കൊടുക്കുകയും ചെയ്തു. അഭിനേതാക്കള്‍ക്ക് പുറമെ ഒ എന്‍ വിയും ദേവരാജനും പശ്ചാത്തല സംഗീതകലാകാരന്മാരും സംഘത്തിലുണ്ടായിരുന്നു.

പ്രസിദ്ധ ഹാര്‍മ്മോണിസ്റ്റായ പുനലൂര്‍ രാമസ്വാമി ഭഗവതരാണ് പിന്നണി വിഭാഗം നയിക്കുന്നത്. കൊല്ലത്തുള്ള പുരുഷനാണ് മൃദംഗം വായിച്ചിരുന്നത്. ക്ലാര്‍നെറ്റ് ചങ്ങനാശ്ശേരിയില്‍ നിന്നുള്ള പാപ്പച്ചനും.

ബോംബെ യാത്ര എന്നു കേട്ടതുമുതല്‍ സുലോചനയുടെ മനസ്സ് തുള്ളിച്ചാടുകയായിരുന്നു. അവിചാരിതമായാണ് ചില തടസ്സങ്ങള്‍ വന്നുപെട്ടത്. ഒടുവിലതെല്ലാം പരിഹരിച്ച്, പോകാന്‍ തീര്‍ച്ചയാക്കിയപ്പോള്‍, അതാ മറ്റൊരു പ്രശ്‌നം. ഇത്രയും വലിയ ഒരു നഗരത്തിലേക്ക് പെണ്‍കുട്ടികളെ തനിച്ചയയ്ക്കുന്നതിലുള്ള ആശങ്ക സമിതിയിലെ സ്ത്രീകളെല്ലാപ്പേരുടെയും വീട്ടുകാര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ട് അവരുടെ രക്ഷിതാക്കളെ കൂടി കൊണ്ടുപോകാന്‍ തീരുമാനമെടുത്തു. സുലോചനയുടെ അച്ഛന് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായതുകൊണ്ട് അണ്ണനാണ് ആ ചുമതലയേറ്റെടുത്തത്. അന്ന് സംസ്‌കൃതകോളേജില്‍ പഠിക്കുകയായിരുന്നു കൃഷ്ണന്‍ കുട്ടി.

സുലോചനയ്ക്ക് ഒരുപാട് കൗതുകക്കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ച ഒന്നായിരുന്നു നാട് വിട്ട് അകലെയൊരു ദിക്കിലേയ്ക്കുള്ള ആദ്യത്തെ യാത്ര. ഭാഷയും ഭക്ഷണരീതികളും സംസ്‌കാരവും ആചാരങ്ങളുമെല്ലാം പാടേ വ്യത്യസ്തങ്ങളായ പലപല നാടുകളിലൂടെ.... ഒരു കംപാര്‍ട്‌മെന്റില്‍ ഒരുമിച്ചിരുന്ന് വര്‍ത്തമാനം പറഞ്ഞും പാട്ടു പാടിയും അങ്ങനെ പോകുന്ന ആ യാത്ര അവരെല്ലാവരും നന്നായി ആസ്വദിച്ചു.

ഇപ്റ്റ സമ്മേളനത്തിന്റെ വോളന്റീയര്‍മാരായി പ്രവര്‍ത്തിച്ചിരുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ബഹുജനസംഘടനകളുടെയും സഖാക്കളാണ്. കെപിഎസി സംഘത്തെ സ്വീകരിക്കാന്‍ വിക്ടോറിയ ടെര്‍മിനല്‍ സ്റ്റേഷനിലെത്തിയ സ്വാഗതസംഘത്തില്‍ അന്ന് ബോംബെയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഇ. ബാലാനന്ദനുമുണ്ടായിരുന്നു. ജനാര്‍ദ്ദനക്കുറുപ്പിനും കാമ്പിശേരിക്കും ഒ. മാധവനുമൊക്കെ പരിചയമുള്ള പല പഴയ സഖാക്കളെയും കണ്ടുമുട്ടി. അവരില്‍ ചിലരുടെ വീടുകളിലാണ് എല്ലാവര്‍ക്കും താമസത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നത്.

മധ്യവേനലവധി തുടങ്ങുന്ന നാളുകളാണ്. സാന്താക്രൂസിലെ ഒരു സ്‌കൂളിന്റെ അതിവിശാലമായ മൈതാനത്താണ് സമ്മേളനത്തിന്റെ തുറന്ന വേദിയൊരുക്കിയിരുന്നത്. മൈതാനത്തിന്റെ മറ്റൊരു ഭാഗത്ത്, ഓരോ സംസ്ഥാനങ്ങളുടെയും പേരുകളെഴുതി വച്ചിട്ടുള്ള കൂടാരങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇനിയൊരിടത്ത് സമ്മേളനപ്പന്തലുമൊരുക്കിയിരിക്കുന്നു. വൈകുന്നേരം ആറുമണിക്ക് കലാപരിപാടികള്‍ ആരംഭിക്കും. അതിന്റെ ഒരുക്കങ്ങള്‍ നടക്കുന്നത് കൂടാരങ്ങളിലാണ്. ഓരോ സംസ്ഥാനങ്ങളുടെയും തനത് കലാരൂപങ്ങള്‍, ക്ലാസ്സിക്കല്‍ നൃത്തം, ലഘു നാടകങ്ങള്‍, ബാലെ... ഇങ്ങനെ നാനാത്വത്തില്‍ ഏകത്വം എന്ന വലിയ സങ്കല്‍പ്പം ആ ഏഴുദിവസങ്ങളിലായി അവിടെ സാക്ഷാത് ക്കരിക്കപ്പെടുകയായിരുന്നു.

അവിടെ കണ്ട ഓരോ കാഴ്ചയും പരിചയപ്പെട്ട ഓരോ വ്യക്തിയും സുലോചനയ്ക്ക് പുതിയൊരനുഭവം പകര്‍ന്നു നല്‍കി. ബോംബെ എന്ന മഹാനഗരം ചുറ്റിക്കാണാന്‍ അവസരമുണ്ടായില്ലെങ്കിലും ഇന്ത്യാമഹാരാജ്യത്തിന്റെ ഒരു പരിച്ഛേദത്തെത്തന്നെ ആ സമ്മേളനനഗരിയില്‍ കണ്ടുമുട്ടാനായി. കൂടാരങ്ങളില്‍, സമ്മേളനപ്പന്തലില്‍, ഗ്രീന്‍ റൂമില്‍, സ്റ്റേജില്‍... രാവിലെ മുതല്‍ ഉയരുന്ന ചൂടുപിടിച്ച ചര്‍ച്ചകളുടെ വായ്ത്താരികള്‍, പല കണ്ഠങ്ങളില്‍നിന്നുയരുന്ന പല ഭാഷകളിലുള്ള പാട്ടുകള്‍, നൃത്തം ചവിട്ടുന്ന അനവധി പാദങ്ങളില്‍ കിലുങ്ങുന്ന ചിലങ്കകള്‍, ഉരുവിട്ടുരുവിട്ട് മനഃപാഠമാകുന്ന സംഭാഷണങ്ങള്‍.... ഇവയെല്ലാം ഒരുമിച്ചു ചേര്‍ന്നുണ്ടാകുന്ന കലപില ശബ്ദം കൊണ്ട് നേരം വെളുക്കുന്നതു മുതല്‍ അര്‍ദ്ധരാത്രി വരെ അവിടെയൊരാരവം തന്നെയായിരുന്നു!

ഇപ്റ്റയുടെ കള്‍ച്ചറല്‍ സ്‌ക്വാഡുകള്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ നിന്ന്

രാജ്യത്തിന്റെ പല കോണുകളില്‍ നിന്നെത്തിയവര്‍ തമ്മില്‍, അപരിചിതത്വത്തിന്റെ വേലിക്കെട്ടുകള്‍ പതുക്കെ പൊളിച്ചുമാറ്റി ചങ്ങാതികളായിത്തീരുന്നു, പിന്നെ പരസ്പരം പാട്ടുകള്‍ പാടിപ്പഠിപ്പിക്കുന്നു, നൃത്തച്ചുവടുകള്‍ കാട്ടിക്കൊടുത്ത് പരിശീലിപ്പിക്കുന്നു. ഉന്മേഷവും ഉത്സാഹവും പ്രസരിക്കുന്ന കാഴ്ചകളായിരുന്നു ചുറ്റിനും.

ലോക പ്രശസ്തനായ നര്‍ത്തകന്‍ ഉദയ് ശങ്കറാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. അറുന്നൂറോളം പ്രതിനിധികളുടെ കൂട്ടത്തില്‍ നാടകകൃത്തുക്കള്‍, അഭിനേതാക്കള്‍, നൃത്ത സംഗീതപ്രതിഭകള്‍, ചലച്ചിത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാമുണ്ടായിരുന്നു. സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കെപിഎസി സാന്നിധ്യമറിയിച്ചു. ദേവരാജന്റെ നേതൃത്വത്തില്‍ സുലോചനയും ജോര്‍ജ്ജും ചേര്‍ന്ന് 'പൊന്നരിവാളമ്പിളിയില്' ആലപിച്ചു.

ഒ. മാധവന്‍ ഓര്‍മ്മിക്കുന്നു.

"..... ഭാഷയോ അര്‍ത്ഥമോ മനസ്സിലാകാത്ത സദസ്സ് പാട്ടുകേട്ട് ലയിച്ചിരുന്നുപോയി. പാട്ടു തീര്‍ന്നപ്പോള്‍ ഉത്തരേന്ത്യയിലെ പല സംഗീത വിദ്വാന്മാരും വന്ന് ഈ പാട്ടിന്റെ സംഗീതസംവിധായകനാരാണെന്ന് അന്വേഷിച്ചു. കറുത്തുമെലിഞ്ഞ ദേവരാജനെ ചൂണ്ടിക്കാണിച്ച് 'ഇതാണ് ഞങ്ങളുടെ സംഗീത സംവിധായകന്‍ ദേവരാജന്‍' എന്നു പരിചയപ്പെടുത്തിയപ്പോള്‍ നിറഞ്ഞ സന്തോഷത്തോടെയാണ് അവര്‍ പ്രശംസിച്ചത്..."***

'വ്യത്യസ്തമായ ഒരു പ്രേമഗാനം...' അടുത്ത ദിവസം ക്രോസ് റോഡ്സ് എന്ന പ്രസിദ്ധീകരണത്തില്‍ വന്ന റിപ്പോര്‍ട്ട് ആ പാട്ടിനെ അങ്ങനെയാണ് വിശേഷിപ്പിച്ചത്. 'ഒത്തുനിന്നീ പൂനിലാവും നെല്‍ക്കതിരും കൊയ്യാന്‍...' എന്ന വരികളാണ് സമ്മേളനം റിപ്പോര്‍ട്ട് ചെയ്ത ഡേവിഡ് കോഹന്‍ എന്ന പത്രപ്രവര്‍ത്തകന്‍ എടുത്തു പറഞ്ഞത്.

കാശ്മീര്‍ എന്ന ഇന്ത്യയുടെ വികാരം പ്രമേയമാക്കിയ 'The Call of the Valley' എന്ന ബാലെ, വര്‍ളി ആദിവാസി നൃത്തം, മണിപ്പൂരി, നാഗ നൃത്തങ്ങള്‍, ഇന്ദ്രാണി റഹ്മാന്‍ അവതരിപ്പിച്ച ഭരതനാട്യം, ദിലീപ് കുമാര്‍ റോയ് യുടെ ഹിന്ദുസ്ഥാനി സംഗീതം, രോമെന്‍ ബറുവയുടെ ആസ്സാമീസ് നാടോടി സംഗീതം, അണ്ണാ ഭാവു സാത്തെ അവതരിപ്പിച്ച തമാശാ.. ആ സന്ധ്യകളില്‍ അവിടെ അരങ്ങേറിയത് ഒരു മിനി ഇന്ത്യ തന്നെയായിരുന്നു!

ഒരു സായാഹ്നത്തില്‍ വേദിയിലെത്തിയത് കണ്ണട വെച്ച ഉന്നതകായനായ ഒരു തമിഴ് യുവാവായിരുന്നു. അയാള്‍ പാടിയ നിലമുഴുന്നവരുടെയും കതിര് കൊയ്യുന്നവരുടെയും പാട്ടുകള്‍ കെപിഎസി സംഘത്തിലെല്ലാവരുടെയും മനം കവര്‍ന്നു.

''കതിരറുപ്പോം പൊന്‍ കതിരറുപ്പോം...''

''ഏരു പൂട്ടിപ്പോവായോ

അണ്ണേ പൊന്നണ്ണേ... ''

ഉഴുതു മറിച്ച നിലത്തിന്റെ ചൂരും ചൂടും ആ ഏഴകളുടെ പാട്ടിലുണ്ടായിരുന്നു. മദിരാശിയില്‍ ഇപ്റ്റ സംഘടനയുടെ മുന്നണിപ്പോരാളിയായിരുന്നു മണമധുരൈ ബാലകൃഷ്ണന്‍ ശ്രീനിവാസന്‍ എന്ന എം.ബി ശ്രീനിവാസന്‍.

എം ബി ശ്രീനിവാസനും ഭാര്യ സഹീദയും

പാര്‍ലമെന്റിലെ കമ്മ്യൂണിസ്റ്റ് നേതാവായ എ.കെ ഗോപാലന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സംഗീതത്തില്‍ അസാമാന്യ പാണ്ഡിത്യമുള്ള എംബിഎസ്.

ഇറ്റാലിയന്‍ നിയോ റിയലിസത്തിന്റെ ഹൃദയസ്പര്‍ശിയായ ഇന്ത്യന്‍ ചലച്ചിത്രാവിഷ്‌കാരം ദോ ബിഗാ സമീന്‍ തിയേറ്ററുകളിലെത്തിയത് ആയിടക്കായിരുന്നു.

ദോ ബിഗാ സമീന്‍

ചിത്രം സാക്ഷാത്കരിച്ച ബിമല്‍ റോയ്, ഋഷികേശ് മുഖര്‍ജി തുടങ്ങിയവരെ ആവേശത്തോടെയാണ് പ്രതിനിധികള്‍ എതിരേറ്റത്. നായകനായ ശംഭു മഹാതോയുടെ വേഷത്തില്‍ ഏറെ പ്രശംസ നേടിയ ബല്‍രാജ് സാഹ്നി സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായി എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ചിത്രത്തിന്റെ കഥ രചിക്കുകയും അപൂര്‍വ മധുരമായ സംഗീതം പകരുകയും ചെയ്ത സലില്‍ ചൗധുരി എന്ന ചെറുപ്പക്കാരന്‍, നെഞ്ചോട് ചേര്‍ത്തു പിടിച്ച ഹാര്‍മോണിയം വായിച്ചുകൊണ്ടു പാടിയ പാട്ട് എല്ലാവരുമേറ്റു പാടി:

സലില്‍ ചൗധരി

''ധര്‍ത്തി കഹെ പുകാര്‍ കേ

ബീത് ബിച്ചാലേ പ്യാര്‍ കേ

മൗസം ബിതാ ജായ്...മൗസം ബിതാ ജായ്...''

മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' പൂര്‍ണ്ണമായി അവതരിപ്പിക്കുന്നതിന് സമയക്കുറവ് കാരണം കഴിഞ്ഞില്ല. അതുകൊണ്ട് രണ്ടു രംഗങ്ങള്‍ മാത്രമാണ് അവതരിപ്പിച്ചത്. നാടകം കളിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കാമ്പിശേരിക്ക് ഒരനുഭവമുണ്ടായി. പരമുപിള്ളയിലേക്ക് പരകായ പ്രവേശം നടത്താനുള്ള ഒരുക്കങ്ങളുടെ കൂട്ടത്തില്‍ പരമപ്രധാനമായി കാമ്പിശേരി കരുതിയിരുന്ന ഘടകം മേക്കപ്പാണ്. ദുരിതങ്ങളും നിരാശയുമൊക്കെ നിഴലിക്കുന്ന മുഖമാണ് പരമുപിള്ളയെന്ന കഥാപാത്രമാകാന്‍ വേണ്ടത്. അതിനു വേണ്ടിയാണ് താടി വളര്‍ത്തിയതും. മറ്റാര് ചെയ്താലും തൃപ്തി വരാത്തതുകൊണ്ട് കാമ്പിശേരി സ്വയം മേക്കപ്പ് ചെയ്യാറാണ് പതിവ്. പക്ഷെ ബോംബേയില്‍ ഒരു മാറ്റത്തിന് തയ്യാറായി.

കാമ്പിശേരി കരുണാകരന്‍ പരമുപിള്ളയുടെ വേഷത്തില്‍

''.... വിവിധ ഭാഷകളിലുള്ള നാടകങ്ങള്‍ അവിടെ സ്റ്റേജ് ചെയ്യുന്നുണ്ട്.... ഇന്ത്യയിലെ പ്രഗത്ഭരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ പലരും അവിടെയുണ്ട്. എന്നെ മേക്കപ്പ് ചെയ്യാനുള്ള ചുമതല അവരില്‍ ഒരു മറാത്തി സുഹൃത്ത് ഏറ്റെടുത്തു. അവരുടെ രീതിയില്‍ നിന്ന് കൂടുതല്‍ പഠിക്കാമല്ലോ എന്ന് ഞാനും ആശിച്ചു. മേക്കപ്പ് ചെയ്തു കഴിഞ്ഞു കണ്ണാടിയില്‍ നോക്കിയപ്പോള്‍ എനിക്ക് എന്നെ തിരിച്ചറിയാന്‍ വയ്യാത്ത മട്ടായി. അത്ഭുതകരമായ മാറ്റം! പക്ഷെ അത്ഭുതം ഇരട്ടിക്കുന്നത് നമ്മുടെ പരമുപിള്ള മൂപ്പിലെ അതിനകത്തു തിരയുമ്പോഴാണ്... അവസാനം അദ്ദേഹത്തിന്റെ അനുവാദത്തോടെ ആ മേക്കപ്പ് അഴിച്ചിട്ട് എനിക്ക് എന്റെ സ്വന്തമായ നാടന്‍ രീതി സ്വീകരിക്കേണ്ടി വന്നു. "****

നാടകം മുഴുവനായി കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പല ദിവസങ്ങളിലായി പാട്ടുകള്‍ മിക്കതും പാടാന്‍ പറ്റി. സുലോചനക്കും ജോര്‍ജ്ജിനും ആരാധകര്‍ ധാരാളമുണ്ടായി. അവരെ കാണാനും പരിചയപ്പെടാനും പ്രതിനിധികള്‍ തിക്കിത്തിരക്കി. നാടകം കണ്ടിഷ്ടപ്പെട്ട് അഭിനന്ദനങ്ങള്‍ അറിയിച്ചവരുടെ മുന്‍പന്തിയില്‍ ബല്‍രാജ് സാഹ്നിയുണ്ടായിരുന്നു.

ബല്‍രാജ് സാഹ്നി

കെപിഎസിയുമായുള്ള ബല്‍രാജിന്റെ ആത്മബന്ധം അങ്ങനെ ആരംഭിക്കുകയായിരുന്നു.

മറ്റു സംസ്ഥാനങ്ങള്‍ അവതരിപ്പിച്ച നല്ല ചില നാടകങ്ങള്‍ കണ്ടപ്പോള്‍ കെപിഎസി പ്രതിനിധികള്‍ക്ക് ആവേശം തോന്നി. പ്രത്യേകിച്ച് ബംഗാള്‍ സംഘത്തിന്റെ 'ദലില്‍' എന്ന നാടകം. ബംഗാളിന്റെ വിഭജനം അവിടെയുള്ള സാധാരണ മനുഷ്യരില്‍ ഉണ്ടാക്കിയ രോഷവും നൊമ്പരവും ആത്മ സംഘര്‍ഷങ്ങളും വികാരതീവ്രതയോടെ പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കിയ നാടകം പ്രതീക്ഷിച്ചതുപോലെ അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച നാടകത്തിനും സാംവിധാനത്തിനും അഭിനയത്തിനുമെല്ലാമുള്ള സമ്മാനങ്ങള്‍ ഏറ്റുവാങ്ങിയത് ഒരാള്‍ തന്നെയായിരുന്നു. കാഴ്ചയില്‍ സദാ അസ്വസ്ഥനെന്ന് തോന്നിക്കുന്ന, മെലിഞ്ഞു നീണ്ട ഒരു ചെറുപ്പക്കാരന്‍. 'നബാന്ന'യില്‍ അഭിനയിച്ചുകൊണ്ട് ഇപ്റ്റയിലെത്തിയ ഋഥ്വിക് കുമാര്‍ ഘട്ടക്...

ഋത്വിക് ഘട്ടക്

സമ്മേളനത്തിലെ ഇടയിലൊരു ദിവസം അവിസ്മരണീയമായ മറ്റൊരനുഭവം കൂടി പലര്‍ക്കും പകര്‍ന്നു കിട്ടി. അതനുഭവിക്കാന്‍ അവസരമുണ്ടായ ഒ എന്‍ വി പറയുന്നു: ''സമ്മേളനത്തിന്റെ പ്രധാന നടത്തിപ്പുകാരിലൊരാളായ ബല്‍രാജ് സാഹ്നി, ഒരു ദിവസം ഏതാനും പ്രതിനിധികളോടായി അപ്രതീക്ഷിതമായി ഒരു കാര്യം പറഞ്ഞു. 'ബോംബേയിലെ കലാപബാധിത പ്രദേശങ്ങളിലെ ചില നാള്‍ക്കവലകളില്‍ ഇപ്റ്റ ഗായകസംഘം 'ഇന്ത്യയൊന്നാണെ'ന്ന് വിളംബരഗീതങ്ങള്‍ പാടാനുദ്ദേശിക്കുന്നു--നമ്മുടെ പെരുമ്പറ ചിഹ്നമായ ബാനറുമേന്തി. ധൈര്യമുള്ളവര്‍ക്കെല്ലാം കൂട്ടത്തില്‍ ചേരാം. ഏറ്റുപാടാന്‍ കഴിയുന്നവര്‍ക്ക് പ്രത്യേകം സ്വാഗതം.... '. ആരും പിന്‍വലിഞ്ഞില്ല. ചര്‍ച്ച് ഗേറ്റിനടുത്തുള്ള ഒരു വഴിക്കവലയിലാണാദ്യം പോയത്. പില്‍ക്കാലത്തു് ഇന്ത്യന്‍ ചലച്ചിത്രങ്ങളില്‍ പ്രശസ്തരായിത്തീര്‍ന്ന പലരും ആ സംഘത്തിലുണ്ടായിരുന്നു. മാറോടു ചേര്‍ത്തുവച്ച ഒരു ശ്രുതിപ്പെട്ടിയുമായി മുന്നോട്ടു വന്ന് പാട്ടു തുടങ്ങിവച്ചത് സലില്‍ ചൗധുരിയായിരുന്നു.

'ദേശ് ഹമാരാ ധര്‍ത്തീ അപ്‌നേ

ഹം-ധര്‍ത്തീ-കേ-ലാല്‍...'

അതേറ്റു പാടാന്‍ ഒപ്പമുണ്ടായിരുന്നു മുഴുവന്‍ പേരും! ദിഗന്തങ്ങളില്‍ മാറ്റൊലിക്കൊണ്ട ആ പാട്ടുകള്‍ കേള്‍ക്കാന്‍, പ്രകടമായി തിരിച്ചറിയത്തക്ക വിധം ഹിന്ദുക്കളും മുസ്ലീമുകളും വെവ്വേറെ കൂട്ടം കൂടിനിന്നു. പാടാന്‍ അറിയാത്ത അഡ്വ. ജി.ജനാര്‍ദ്ദനക്കുറുപ്പും ഞാനും അന്ന് ശ്രുതി തെറ്റിച്ചിട്ടുണ്ടാവാം. പക്ഷെ താളം തെറ്റിയിട്ടില്ല, തീര്‍ച്ച -- കാരണം അത് ഇന്ത്യയിലെ സാധാരണ പൗരന്റെ ഹൃദയതാളമായിരുന്നു !''*****

ആ ഹൃദയതാളം തുടിക്കുന്ന ഒരു സംഘഗാനം എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ഗായകര്‍ ഒരുമിച്ചാലപിച്ചു കൊണ്ടാണ് ഇപ്റ്റയുടെ ഏഴാമത് സമ്മേളനത്തിന് പരിസമാപ്തി കുറിച്ചത്. വിശ്രുത ചലച്ചിത്ര കാരന്‍ ബിമല്‍ റോയിയെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത സംഘടന, സാമൂഹ്യ പരിവര്‍ത്തനത്തിനായി നാടകകലയെ ആയുധമാക്കാന്‍, സാമ്പത്തിക - സാമൂഹികാസമത്വങ്ങള്‍ക്കെതിരെ പോരാടാന്‍ കലാകാരന്മാരെ ആഹ്വാനം ചെയ്തു.

ബിമല്‍ റോയി

ഒരു വലിയ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയതിന്റെ ഊര്‍ജ്ജവും ഉന്മേഷവുമായി കെപിഎസി സംഘം ബോംബെയിലെ മറ്റു വേദികളില്‍ നാടകമരങ്ങേറാനുള്ള ഒരുക്കങ്ങളാരംഭിച്ചു. എന്നാല്‍ ആവേശത്തിന്റെ കൊടുമുടിയില്‍ നിന്ന് നിരാശയുടെ പടുകുഴിയിലേക്ക് വീഴാന്‍ പോകുകയാണെന്ന് അപ്പോള്‍ അവര്‍ അറിഞ്ഞിരുന്നില്ല.

* ജീവിതച്ഛായകള്‍- ഒ മാധവന്‍, എന്‍ബിഎസ് കോട്ടയം

**ഏഴായിരം രാവുകള്‍- തോപ്പില്‍ കൃഷ്ണപിള്ള, കറന്റ് ബുക്‌സ് കോട്ടയം

***ജീവിതച്ഛായകള്‍- ഒ മാധവന്‍, എന്‍ബിഎസ് കോട്ടയം

****അഭിനയ ചിന്തകള്‍- കാമ്പിശ്ശേരി കരുണാകരന്‍, പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം

*****പോക്കുവെയില്‍ മണ്ണില്‍ എഴുതിയത്-ഒഎന്‍വി കുറുപ്പ്, ചിന്ത പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം

(അടുത്ത ഭാഗം: നമ്മളൊന്നാണേ പാടാം നമ്മളൊന്നാണ്)


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories