TopTop
Begin typing your search above and press return to search.

നെഹ്‌റു വന്നു പ്രസംഗിച്ചിട്ടും തോല്‍പ്പിക്കാനാവാത്ത തോപ്പില്‍ ഭാസി; കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സമിതി മലബാറിലേക്ക്; കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

നെഹ്‌റു വന്നു പ്രസംഗിച്ചിട്ടും തോല്‍പ്പിക്കാനാവാത്ത  തോപ്പില്‍ ഭാസി; കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സമിതി മലബാറിലേക്ക്; കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു.

ഭാഗം 22

''മാനം തെളിഞ്ഞല്ലോ ഏലയ്യ ഏലയ്യ !

പെരുമീനുദിച്ചല്ലോ ഏലയ്യ ഏലയ്യ!
ഏലേലയ്യ ഏലേലയ്യ ഏ-ല-യ്യാ!

കരിമാനം കൊണ്ടപ്പോ
കര കാണാതായപ്പോ
കടലേറിപ്പോന്നോരേ.... ഏലേലയ്യാ...

എതിരെവന്നാര്‍ത്തല്ലോ കാറും കോളും !
പൊതിരെത്തുഴഞ്ഞല്ലോ...ഏലേലയ്യാ...''

ആര്‍ത്തിരമ്പുന്ന അറബിക്കടലിനോട് മുഖത്തോട് മുഖം നോക്കി തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന, ആലപ്പുഴ പട്ടണത്തിലെ, തുമ്പോളി ലത്തീന്‍ കത്തോലിക്കാ പള്ളി. വിശാലമായ തിരുമുറ്റത്തിന്റെ മുന്നിലുള്ള വഴിയുടെ ഓരത്തായി ഒരു ഗാനമേള നടക്കുകയാണ്. പാട്ടു കേള്‍ക്കാനായി അവിടെ ചെറിയൊരു ആള്‍ക്കൂട്ടവും രൂപംകൊണ്ടിട്ടുണ്ട്. അതിന്റെ നടുവില്‍, ചെങ്കൊടി കെട്ടിയ വാനിന്റെ അരികത്തു നിന്നുകൊണ്ട് പാട്ടുകള്‍ പാടുന്നത് കെ എസ് ജോര്‍ജിന്റെയും കെ സുലോചനയുടെയും നേതൃത്വത്തിലുള്ള കെപിഎസി ഗായകസംഘമാണ്. പള്ളിയില്‍ കുര്‍ബാന കൂടാനെത്തിയവര്‍, തൊട്ടുമുന്നിലുള്ള കടപ്പുറത്ത് വല നെയ്തു കൊണ്ടിരുന്നവര്‍, വള്ളപ്പണിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍, തിരയെണ്ണി സമയം കൊല്ലാന്‍ വേണ്ടി മാത്രം വന്നിരിക്കുന്ന തൊഴില്‍രഹിതര്‍, ചുറ്റുവട്ടത്തെ കൊച്ചുകുടിലുകളില്‍ നിന്നെത്തിയ വീട്ടമ്മമാര്‍.... പാട്ടിന്റെ മാന്ത്രികവലയത്തിലേക്ക് ആകൃഷ്ടരായി അവിടെവന്നുകൂടിയ ആ പാവപ്പെട്ട മനുഷ്യരെല്ലാം അതില്‍ ലയിച്ചുനിന്നു. സാമാന്യം നല്ലൊരാള്‍ക്കൂട്ടം വന്നുചേര്‍ന്നുവെന്ന് കണ്ടപ്പോള്‍ ഗായകരില്‍ നിന്ന് ജനാര്‍ദ്ദനക്കുറുപ്പ് മൈക്ക് കൈയിലേക്ക് വാങ്ങി.

ദുരിതത്തിന്റെയും ദാരിദ്ര്യത്തിന്റെയും ദുഃഖക്കടലില്‍പ്പെട്ട് ഉഴലുന്ന തീരദേശവാസികളോട് ഉള്ളില്‍ തട്ടുന്ന ഏതാനും വാക്കുകളില്‍ ഒരു കൊച്ചു പ്രസംഗം. നിസ്വവര്‍ഗത്തില്‍പ്പെട്ടവരുടെ കഷ്ടപ്പാടുകള്‍ തീരണമെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന ഐക്യമുന്നണി അധികാരത്തില്‍ ഏറണമെന്നും അതിനായി ഈ മണ്ഡലത്തിലെ (ആലപ്പുഴ രണ്ട്) ഐക്യ മുന്നണി സ്ഥാനാര്‍ത്ഥിയും പുന്നപ്ര വയലാര്‍ സമരത്തിന്റെ വീരനായകനുമായ സ. ടി.വി തോമസിനെ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രസംഗം അവസാനിച്ചു. കടല്‍ത്തീരത്ത് നിന്ന് ആഞ്ഞുവീശിയടിക്കുന്ന കാറ്റില്‍ പാറിപ്പറക്കുന്ന ചെങ്കൊടിയുമായി കെപിഎസിയുടെ വാന്‍ അവിടെ നിന്ന് മുന്നോട്ടു നീങ്ങി, തൊട്ടടുത്ത മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ഐ മു സ്ഥാനാര്‍ത്ഥികളുടെ --- ആലപ്പുഴ ഒന്നില്‍ കെ സി ജോര്‍ജ്, മാരാരിക്കുളത്ത് ആര്‍. സുഗതന്‍, ചേര്‍ത്തല കെ ആര്‍ ഗൗരി ---മണ്ഡലങ്ങളിലാണ് ഇനി പ്രചാരണം....

ടിവി തോമസ്, കെസി ജോര്‍ജ്, ആര്‍. സുഗതന്‍

തിരുകൊച്ചി നിയമസഭയിലെ 106 സീറ്റുകളിലേക്ക് 1954 ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായി നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും തമിഴ്‌നാട് കോണ്‍ഗ്രസും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് മത്സരിച്ചത്. കോണ്‍ഗ്രസിനെ എന്തുചെയ്തും അധികാരത്തില്‍ നിന്ന് അകറ്റി നിറുത്തുക എന്ന ലക്ഷ്യത്തോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ആര്‍ എസ് പി, കെ എസ് പി പാര്‍ട്ടികളുടെ ഐക്യമുന്നണി, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഐക്യത്തിന് വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പല ഉറച്ച സീറ്റുകളും പി എസ് പിക്കു വിട്ടുകൊടുത്തുകൊണ്ട് കെട്ടിപ്പടുത്ത സഖ്യത്തിന്റെ പ്രധാന മുദ്രാവാക്യം 'ഞങ്ങള്‍ ജയിക്കും! ഞങ്ങള്‍ ഭരിക്കും!' എന്നായിരുന്നു!


കെപിഎസിയുടെ തുടക്കക്കാരായ കാമ്പിശ്ശേരി കരുണാകരനും പുനലൂര്‍ എന്‍ രാജഗോപാലന്‍ നായരും ഇക്കുറി മത്സരരംഗത്തുണ്ടായിരുന്നില്ല. താന്‍ ഇനി ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കാമ്പിശ്ശേരി ഉറച്ച തീരുമാനമെടുത്തു.കെപിഎസി വിട്ട രാജഗോപാലന്‍ നായര്‍ ആ സമയത്ത് പുതിയൊരു കലാ സംരംഭത്തിന് തുടക്കം കുറിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. ഡി എം പൊറ്റക്കാട്ടിന്റെ 'കാട്ടുമങ്ക' എന്ന കഥ, കഥാപ്രസംഗവേദിയില്‍ അവതരിപ്പിക്കാനുള്ള ഈ ശ്രമങ്ങള്‍ക്ക് പുനലൂര്‍ ബാലനും കൂട്ടിനുണ്ടായിരുന്നു.


രാജഗോപാലന്‍ നായരുടെ പത്തനാപുരം സീറ്റില്‍ എം എന്‍ ഗോവിന്ദന്‍ നായരാണ് ഐക്യമുന്നണി സ്ഥാനാര്‍ത്ഥി. ശൂരനാട് സംഭവത്തില്‍ പ്രതിയായ ശങ്കരനാരായണന്‍ തമ്പി ഒളിവില്‍ കഴിഞ്ഞുകൊണ്ട് മാവേലിക്കര മണ്ഡലത്തില്‍ മത്സരിക്കുന്നു. എം എനും തമ്പിസാറിനും വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് കെപിഎസി പ്രവര്‍ത്തകര്‍ പ്രചാരണത്തിന്റെ മുന്നില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ കെപിഎസിയുടെ ശ്രദ്ധ മുഴുവന്‍ ഭരണിക്കാവ് മണ്ഡലത്തിലായിരുന്നു. അവരുടെ പ്രിയപ്പെട്ട 'വലിയ തോപ്പി സഖാവാ'ണ് അവിടെ മത്സരിക്കുന്നത്! 1952 ല്‍ എം എന്‍ വിജയിച്ച, ശൂരനാടും വള്ളികുന്നവുമൊക്കെ ഉള്‍പ്പെടുന്ന മധ്യതിരുവിതാംകൂറിലെ ആ 'സിന്ദൂരപ്പൊട്ട് ', കമ്മ്യൂണിസ്റ്റുകാരുടെ കൈയില്‍ നിന്ന് പിടിച്ചെടുക്കുക എന്നത് കോണ്‍ഗ്രസ് അന്തസ്സിന്റെ പ്രശ്‌നമായി കരുതി.

'കൊലയാളി കമ്മ്യൂണിസ്റ്റിനു വോട്ടില്ല!', അവര്‍ മുദ്രാവാക്യമുയര്‍ത്തി.പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് വേണ്ടി എത്തി, ദീര്‍ഘനേരം പ്രസംഗിച്ച മണ്ഡലം എന്ന ഖ്യാതി ഭരണിക്കാവ് നേടി.

ജവഹര്‍ലാല്‍ നെഹ്‌റു

തോപ്പില്‍ ഭാസിയുടെ, വള്ളികുന്നത്തുള്ള തറവാടുവീടിന്റെ നേരേ എതിര്‍വശത്തുള്ള വിശാലമായ വെളിമ്പറമ്പില്‍ കെട്ടിയുയര്‍ത്തിയ പ്രസംഗമണ്ഡപത്തില്‍ നിന്നുകൊണ്ട് നെഹ്റു പ്രസംഗിച്ചു:

"പ്രമാദമായ ഒരു കൊലക്കേസില്‍ ജാമ്യത്തില്‍ നില്‍ക്കുന്നയാളാണ് ഇവിടുത്തെ സ്ഥാനാര്‍ത്ഥിയെന്ന് ഞാന്‍ മനസിലാക്കുന്നു. കോടതിയുടെ വിധി വരുന്നതുവരെ ഈ സ്ഥാനാര്‍ത്ഥി കുറ്റവാളിയല്ലെന്ന് നമുക്ക് തീരുമാനിക്കാന്‍ പറ്റില്ല. അതുകൊണ്ട് ആ കാര്യം കൂടി കണക്കിലെടുത്തുകൊണ്ടു വേണം നിങ്ങള്‍ വോട്ട് ചെയ്യേണ്ടതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.", ആ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഏറ്റവും കൂടുതല്‍ പ്രസംഗിച്ച മണ്ഡലങ്ങളില്‍ ഒന്ന് ഭരണിക്കാവായിരുന്നു.

നെഹ്റുവിന് മറുപടി പറയാന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളോടൊപ്പം കെപിഎസിയും രംഗത്തിറങ്ങി. ചരിത്രം സൃഷ്ടിച്ച 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എഴുതിയ തോപ്പില്‍ ഭാസിയെ വിജയിപ്പിക്കണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് ഗായകസംഘം മണ്ഡലത്തിലുടനീളം സഞ്ചരിച്ചു. കവലകളിലും പാടവരമ്പത്തും വഴിയോരങ്ങളിലുമെല്ലാം ഗാനമേളയും കോര്‍ണര്‍ മീറ്റിംഗുകളുമായി അവര്‍ നിറഞ്ഞുനിന്നു....

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' തിരുകൊച്ചിയിലെ പല സ്ഥലങ്ങളിലും വീണ്ടും അവതരിപ്പിച്ചു.


എന്നാല്‍ സുലോചനയ്ക്കും മറ്റും നാടകം കളിക്കുന്നതിനേക്കാള്‍ ആവേശം പ്രചാരണത്തിനിറങ്ങുന്നതിലായിരുന്നു. സ്റ്റേജില്‍ നിന്നുകൊണ്ട് അഭിനയിക്കുന്നതിനേക്കാള്‍ ഊര്‍ജ്ജം ലഭിച്ചതും ഉത്സാഹം തോന്നിയതും ജനങ്ങളുടെ ഇടയില്‍, അവരിലൊരാളായി നിന്നപ്പോഴാണ്. അവരുടെ സുഖവിവരങ്ങള്‍ തിരക്കുമ്പോള്‍, അവരുടെ സ്‌നേഹമേറ്റു വാങ്ങുമ്പോള്‍, അവര്‍ നിര്‍ബന്ധിച്ചു നല്‍കുന്ന ഭക്ഷണം കഴിക്കുമ്പോള്‍, അമ്മമാരുടെ ആശ്ലേഷത്തിലമരുമ്പോള്‍.... നല്ല നാളെയെ സ്വപ്നം കാണുന്ന നിര്‍ധനരായ മനുഷ്യരുടെയും കലയെയും പാട്ടിനെയുമൊക്കെ ഇഷ്ടപ്പെടുന്ന സാധാരണക്കാരുടെയും മനസ്സുകളില്‍ തനിക്കും തന്റെ സഖാക്കള്‍ക്കുമുള്ള സ്ഥാനം എത്രയോ വലുതാണെന്ന് സുലോചനയ്ക്ക് മനസ്സിലാക്കാനായത് ഈ നാളുകളിലാണ്.....

......നാടിനെ ഇളക്കിമറിച്ച കോണ്‍ഗ്രസിന്റെ പ്രചാരണത്തെ അതിജീവിച്ച്, മികച്ച ഭൂരിപക്ഷത്തോടെ തോപ്പില്‍ ഭാസി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഐക്യമുന്നണി -- പി എസ് പി സഖ്യത്തിന് 54 സീറ്റും കോണ്‍ഗ്രസിന് 45 സീറ്റുമാണ് ലഭിച്ചത്.


ടി വി യും കെ സി ജോര്‍ജും സുഗതന്‍ സാറും തമ്പിസാറുമുള്‍പ്പെടെ 23 കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വിജയിച്ചപ്പോള്‍ എം എന്നും അച്യുതമേനോനും പെരുമ്പാവൂര്‍ മണ്ഡലത്തില്‍ കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ച കെ വി രാമകൃഷ്ണ അയ്യര്‍ എന്ന മലയാറ്റൂര്‍ രാമകൃഷ്ണനുമൊക്കെ പരാജയപ്പെട്ടു. തോപ്പില്‍ ഭാസിക്ക് കൂട്ടായി സാഹിത്യ സാംസ്‌കാരിക മേഖലയില്‍ നിന്ന് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ പ്രഫ. ജോസഫ് മുണ്ടശ്ശേരിയും ആര്‍ എസ് പി യുടെ കൗമുദി ബാലകൃഷ്ണനും നിയമസഭയിലെത്തി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതീക്ഷകളും കണക്കുകൂട്ടലുകളുമൊക്കെ തെറ്റിച്ചുകൊണ്ട്, തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പി എസ് പി മറുകണ്ടം ചാടി. 'സോഷ്യലിസവും കമ്മ്യൂണിസവും ഈ മണ്ണില്‍ വളരാന്‍ അനുവദിക്കില്ലെ'ന്ന് പണ്ട് പഴവങ്ങാടിയില്‍ നിന്നുകൊണ്ട് പ്രഖ്യാപിച്ച പട്ടം താണുപിള്ളയുടെ 19 അംഗ പി എസ് പി, പനമ്പിള്ളിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കി. ടി വി തോമസ് വീണ്ടും പ്രതിപക്ഷ നേതാവായി.


തോപ്പില്‍ ഭാസിയുടെ പൊതുജീവിതത്തിലെ ഏറ്റവും തിരക്കു പിടിച്ച നാളുകള്‍ക്ക് തുടക്കമാവുകയായിരുന്നു. ഒരു ദ്വയാംഗ മണ്ഡലമായ ഭരണിക്കാവിലെ എല്ലാ പരിപാടികള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങണം. നിയമസഭയില്‍ സജീവമായി പങ്കെടുക്കണം. വള്ളികുന്നം പഞ്ചായത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ചെറിയ പ്രശ്‌നങ്ങളില്‍ വരെ ഇടപെടുകയും കേസുകള്‍ പറഞ്ഞ് ഒത്തുതീര്‍പ്പാക്കുകയും വേണം. അതിനെല്ലാംപുറമെ, കെപിഎസിക്കുവേണ്ടി എഴുതികൊണ്ടിരിക്കുന്ന പുതിയ നാടകം എത്രയും വേഗം പൂര്‍ത്തിയാക്കണം. ഇതിനിടയിലെപ്പോഴെങ്കിലുമൊക്കെ നടന്മാര്‍ വരാത്തപ്പോള്‍ നാടകമഭിനയിക്കാനും പോകണം.....


1954 ഓഗസ്റ്റ് മാസത്തില്‍, ടി.വി തോമസ് നയിച്ച ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി യൂണിയന്‍ ചരിത്രപ്രസിദ്ധമായ ട്രാന്‍സ്പോര്‍ട്ട് സമരമാരംഭിച്ചു. സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി സമരനേതാക്കളെയും തൊഴിലാളികളെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഒട്ടേറെപ്പേരെ ജയിലിലടച്ചു. കായംകുളത്ത് ബസ് പിക്കറ്റിങ്ങിനു നേതൃത്വം കൊടുത്ത തോപ്പില്‍ ഭാസിയെ മുപ്പതു ദിവസത്തെ തടവിന് ശിക്ഷിച്ച് ആദ്യം കായംകുളം പോലീസ് സ്റ്റേഷനിലും രണ്ടു ദിവസം കഴിഞ്ഞ് കൊല്ലം കസ്ബാ സ്റ്റേഷനിലും ലോക്കപ്പ് ചെയ്തു. എംഎല്‍എയും അറിയപ്പെടുന്ന എഴുത്തുകാരനുമൊക്കെ ആയിട്ടുപോലും ആറു ക്രിമിനല്‍ പുള്ളികള്‍ കിടക്കുന്ന ഒരു മുറിയിലാണ് ഭാസിയെയും അടച്ചത്. വൃത്തിഹീനമായ ലോക്കപ്പ് മുറിയിലാണ് ആ വര്‍ഷത്തെ ഓണനാളകള്‍ ഭാസി ചെലവഴിച്ചത്.

തോപ്പില്‍ ഭാസി

''സെപ്റ്റംബര്‍ 17 ന് - എന്റെ ശിക്ഷ പതിനേഴു ദിവസം അനുഭവിച്ചു കഴിഞ്ഞപ്പോള്‍ - കെപിഎസിയുടെ വാന്‍ സ്റ്റേഷനു മുന്‍പില്‍ വന്നു നില്‍ക്കുന്നത് അഴികള്‍ക്കിടയിലൂടെ ഞാന്‍ കണ്ടു. ഒ. മാധവന്‍ റൈട്ടറോടും മറ്റും എന്തോ സംസാരിച്ചിട്ട് ലോക്കപ്പിനടുത്തു വന്നു. അയാള്‍ പറഞ്ഞു, എന്നെ പിഴ കെട്ടിവച്ച് ഇറക്കുകയാണെന്ന്. തടവോ പിഴയോ ആയിരുന്നു എന്റെ ശിക്ഷ. ഞാന്‍ ചോദിച്ചു: 'പകുതിയിലധികം തടവുശിക്ഷ അനുഭവിച്ചിട്ട് പിഴ കെട്ടിവച്ചതെന്തിന്? പിഴ കെട്ടരുതെന്നാണല്ലോ പാര്‍ട്ടി തീരുമാനം?''

മാധവന്‍ പറഞ്ഞു:''ഇന്ന് ഇരിങ്ങാലക്കുട നാടകത്തില്‍ അഭിനയിക്കണം. കാമ്പിശ്ശേരിക്ക് സുഖമില്ല.പരമുപിള്ളയുടെ വേഷം ഞാനെടുക്കും. എന്റെ റോള്‍ സഖാവെടുക്കണം. പിഴ കെട്ടിവച്ച് ഇറക്കിക്കൊള്ളുവാന്‍ പാര്‍ട്ടി സമ്മതിച്ചു.'' *

വാന്‍ കൊല്ലത്ത് കടപ്പാക്കടയിലുള്ള കെപിഎസി ഓഫീസിനു മുന്‍പിലെ റോഡില്‍ ചെന്നു നിന്നു. പ്രസിഡന്റ് ജി ജനാര്‍ദ്ദനക്കുറുപ്പ് ഉത്കണ്ഠയോടെ തലയുയര്‍ത്തി റോഡിലേക്ക് നോക്കി മുറ്റത്തു നില്‍ക്കുകയാണ്. തോപ്പില്‍ കൃഷ്ണപിള്ള, ശ്രീനാരായണ പിള്ള, കെ എസ് ജോര്‍ജ്, ഭാസ്‌കരപ്പണിക്കര്‍, ഹാര്‍മ്മോണിസ്റ്റ് പുനലൂര്‍ രാമസ്വാമി, ക്ലാര്‍നെറ്റ് വായിക്കുന്ന ചങ്ങനാശ്ശേരി ആന്റണി തുടങ്ങിയ പുരുഷന്മാരായ സമിതിയംഗങ്ങള്‍ കുറുപ്പുചേട്ടന്റെ പിന്നിലുണ്ട്. എല്ലാവരുടെയും മുഖത്ത് അന്നത്തെ നാടകം മുടങ്ങുമോ എന്ന ഉത്കണ്ഠയാണ്. വാനിനകത്ത് എന്റെ തല കണ്ടപ്പോള്‍ ജനാര്‍ദ്ദനക്കുറുപ്പ് തന്റെ പരിസരം വിറപ്പിക്കുന്ന ചിരി ചിരിച്ചത് വാനിലിരുന്ന ഞാനും കേട്ടു.

പ്രസിഡന്റിന്റെ ചിരിയും വാന്‍ ചെന്നു നിന്ന ശബ്ദവും കേട്ട് സുലോചന, സുധര്‍മ്മ, ഭാര്‍ഗവി, വിജയകുമാരി തുടങ്ങിയ നടികളെല്ലാം ഓഫീസിനകത്തു നിന്ന് ഓടിയിറങ്ങി വന്നു. എന്നെക്കണ്ടപ്പോള്‍ അവര്‍ക്കും സന്തോഷം. വിജയകുമാരി കൈകൊട്ടി തുള്ളിച്ചാടി. സുധര്‍മ്മ ശാസനാഭാവത്തില്‍ അവളെ തുറിച്ചുനോക്കി ഒന്നു മൂളി.

മാധവന്‍ എന്നെ ഒരു മുറിയില്‍ കയറ്റി. എന്റെ അഴുക്കു പിടിച്ച, മൂട്ടകളും കൂറകളും ധാരാളം ഉണ്ടായിരിക്കാനിടയുള്ള, വസ്ത്രങ്ങള്‍ മാറ്റിച്ച്, ആരുടെയോ ഒരു നല്ല മുണ്ടും ഷര്‍ട്ടും തന്നു. 1945ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ സജീവമായതു മുതല്‍ ആരുടേയും ഷര്‍ട്ട് എനിക്കു പാകമാണ്. മാധവന്‍ തന്ന വേഷം ധരിച്ചപ്പോള്‍ എനിക്ക് ഒരു നടന്റെ ഗ്ലാമര്‍ വന്നു. വേഷം മാറി ഇറങ്ങി വന്നപ്പോഴേക്കും കുറുപ്പു ചേട്ടനും നടീനടന്മാരും വാനില്‍ കയറിക്കഴിഞ്ഞു. മാധവനും ഞാനും കയറി. വാന്‍ പാഞ്ഞു പോയി. സുലോചനയുടെയും ജോര്‍ജിന്റെയും നേതൃത്വത്തില്‍ സമൂഹഗാനം. എന്തൊരാഹ്ലാദം!'

തിരുക്കൊച്ചി സംസ്ഥാനത്ത് ഭരണത്തിലേറാനായില്ലെങ്കിലും ഇടതുപക്ഷത്തിന് ഗണ്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകത്തിന് അതില്‍ നിര്‍ണായകമായ പങ്കുണ്ടായിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും വല്ലാതെ വശീകരിച്ച അതിലെ പാട്ടുകളും അതു പാടിയ പാട്ടുകാരും അഭിനേതാക്കളുമൊക്കെ നേരില്‍ ചെന്നുകണ്ട് വോട്ട് ചോദിച്ചതുമൊക്കെ ആളുകളെ കാര്യമായി സ്വാധീനിച്ചു.

നാട് കീഴടക്കിയ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യുടെ പടയോട്ടത്തെ കുറിച്ച് കേട്ടറിഞ്ഞ മലബാറിലെ പാര്‍ട്ടിക്കാര്‍ നാടകം അവിടെയും കളിക്കണമെന്ന് നിരന്തരം ആവശ്യപ്പെടാന്‍ തുടങ്ങി. 'കമ്മ്യൂണിസ്റ്റാക്കി'യുടെ കുറച്ചു ഭാഗങ്ങള്‍ കണ്ണൂരില്‍ നടന്ന കിസാന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു കണ്ടിട്ടുള്ളവര്‍ക്ക് നാടകം പൂര്‍ണ്ണ രൂപത്തില്‍ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇതിനെല്ലാം പുറമേ ഒരു രാഷ്ട്രീയ കാരണം കൂടി സഖാക്കളുടെ നിര്‍ബന്ധത്തിന്റെ പിന്നിലുണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയില്‍ തന്നെ തുടരുകയായിരുന്നു അന്ന് മലബാര്‍. ഇരുളിലാണ്ടു കിടന്ന മലബാറിലെ വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടനെ നടക്കാന്‍ പോകുകയാണ്. കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്ത് അധികാരം പിടിച്ചെടുക്കണമെന്ന ലക്ഷ്യത്തോടെയും ഒട്ടൊരു ആത്മവിശ്വാസത്തോടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് മലബാറില്‍ നാടകം നടത്തുകയാണെങ്കില്‍ വിജയത്തിലേക്കുള്ള വഴി കൂടുതല്‍ എളുപ്പമാകുമെന്ന് പാര്‍ട്ടി നേതൃത്വം കരുതി.

കെ ദാമോദരനായിരുന്നു പാര്‍ട്ടിയുടെ മലബാര്‍ കമ്മിറ്റി സെക്രട്ടറി. ജന്മിത്വത്തിനെതിരെ കലാപക്കൊടിയുയര്‍ത്തിയ ആദ്യത്തെ ജനകീയ നാടകമായ 'പാട്ടബാക്കി' എഴുതിയ കെ. ദാമോദരന്‍. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' മലബാറില്‍ അവതരിപ്പിക്കണമെന്ന് തീരുമാനമായതോടെ കോഴിക്കോട് പാര്‍ട്ടി ഓഫീസിലേക്ക് നേരിട്ടും കത്തുകള്‍ മുഖാന്തിരവുമുള്ള ആവശ്യക്കാരുടെ പ്രവാഹം തുടങ്ങി. എല്ലാവര്‍ക്കും തങ്ങളുടെ നാട്ടില്‍ നാടകം കളിക്കണം. നാടകം നടത്താന്‍ വേണ്ടിയുള്ള ശുപാര്‍ശയുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ ഒരു മുന്‍ഗണന പട്ടിക തയ്യാറാക്കാന്‍ കെപിആര്‍ ഗോപാലനെ പാര്‍ട്ടി ചുമതലപ്പെടുത്തി. നാടക സംഘാടനത്തിന്റെ മുഖ്യ ചുമതലയും കെപിആറിനായിരുന്നു. എല്ലാ പ്രായോഗിക വശങ്ങളും പരിശോധിക്കുകയും പരിഗണിക്കുകയും ചെയ്തതിനുശേഷം കെപിആര്‍ ഒരു പരിപാടിക്ക് രൂപം കൊടുത്തു.

ഏപ്രില്‍ മധ്യത്തോടെ തുടങ്ങി ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ഒരു നാടക പര്യടനം. അതിവിസ്തൃതമായ മലബാര്‍ സംസ്ഥാനത്തിന്റെ, മലയാളഭാഷ സംസാരിക്കുന്ന സ്ഥലങ്ങള്‍ ഒട്ടുമിക്കവാറും പരിപാടിയിലുള്‍പ്പെടുത്തിയിരുന്നു. ഇത്തവണ അവസരം കിട്ടാത്തവര്‍ക്ക് അടുത്തപ്രാവശ്യം മുന്‍ഗണന നല്‍കുമെന്ന ഉറപ്പിന്റെ പുറത്ത് ചെറിയൊരു മുറുമുറുപ്പോടെ നാടകം കിട്ടാത്തവര്‍ പിന്‍വാങ്ങി.

മലബാര്‍ പര്യടനം നിശ്ചയിച്ചതോടെ കെപിഎസിയിലെല്ലാവരും സമ്മിശ്രമായ ഒരു മാനസികാവസ്ഥയിലായി. ഒരു വിദേശ യാത്രയ്‌ക്കൊരുങ്ങുന്നതു പോലെയാണ് പലര്‍ക്കും തോന്നിയത്. ബോംബെയിലും അടുത്തിടെ മദിരാശിയിലും പോകാന്‍ അവസരമുണ്ടായെങ്കിലും തൃശൂരിനപ്പുറത്തുള്ള, മലയാളികള്‍ വസിക്കുന്ന നാട് സുലോചനയ്ക്ക് അപ്പോഴും അപരിചിതമായിരുന്നു. ഒരേ ഭാഷ സംസാരിക്കുന്ന, ഒരേ സംസ്‌കാരം സിരകളിലോടുന്ന, രാഷ്ട്രീയ വിശ്വാസത്തില്‍ കൂടുതല്‍ മാനസികപ്പൊരുത്തവും പ്രതിബദ്ധതയുമുള്ള ഒരു ജനതയുടെ അടുത്തേക്കാണ് പോകുന്നതെന്ന് എന്നാലോചിച്ചപ്പോള്‍ എല്ലാവര്‍ക്കും ആവേശം തോന്നി. എന്നാല്‍ ആശങ്കകളും ഒട്ടും കുറവായിരുന്നില്ല..

മലബാറിലെ ഭക്ഷണരീതികളെ കുറിച്ചായിരുന്നു പ്രധാന ആശങ്ക. രുചികരമല്ലെന്നും ദഹനക്കേടുണ്ടാക്കുന്നതാണെന്നുമൊക്കെ സമിതിയ്ക്കുള്ളില്‍ വര്‍ത്തമാനമുണ്ടായി. എല്ലാവരും കുറച്ചു ചമ്മന്തിപ്പൊടിയും അച്ചാറും കരുതിക്കൊള്ളാന്‍ സെക്രട്ടറി നിര്‍ദ്ദേശം കൊടുത്തു. അന്യ സംസ്ഥാനത്ത് നാടകം കളിക്കുമ്പോള്‍ പ്രതിഫലം ഇതുപോരാ എന്ന ആവശ്യവുമുയര്‍ന്നു. ഒരു മാസക്കാലം വീട്ടില്‍ പോകാതെ അന്യ സ്ഥലത്ത് കഴിഞ്ഞുകൂടേണ്ടി വരുമ്പോഴുള്ള ചിലവുകള്‍ കൂടി കണക്കിലെടുക്കണം. രാത്രി തന്നെ ഒരു അടിയന്തിര കമ്മിറ്റി കൂടി, മലബാര്‍ പര്യടന വേളയിലുള്ള ഭക്ഷണ--താമസചിലവുകള്‍ സമിതി വഹിക്കണമെന്ന തീരുമാനമെടുത്തു. അടുത്ത ദിവസത്തെ യാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി എല്ലാവരും ഉത്സാഹത്തോടെ ഉറങ്ങാന്‍ കിടന്നു.

എന്നാല്‍ നേരം പുലര്‍ന്നത് കെപിഎസിയംഗങ്ങളുടെ സകല പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ടാണ്! ഗോപാലന്റെ വേഷമഭിനയിക്കുന്ന സാബശിവന് ഈ യാത്രയില്‍ ഒപ്പം ചേരാന്‍ നിവൃത്തിയില്ല എന്ന സന്ദേശമാണ് മലബാറിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിനില്‍ക്കുന്നവരെ തേടിയെത്തിയത്.....

വി. സാംബശിവന്‍

..... കെപിഎസിയില്‍ ചേരാമെന്ന് കോടാകുളങ്ങര വാസുപിള്ളയോട് സമ്മതം മൂളുമ്പോള്‍ സാംബശിവന് ഒരു നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളൂ -- താന്‍ മനസ്സാ സ്വീകരിച്ച കലാമാധ്യമവും ജീവിതോപാധിയും കഥാപ്രസംഗമാണ്. ആ രംഗത്ത് താന്‍ അംഗീകരിക്കപ്പെടുന്ന ഒരവസരം വരുന്ന ഘട്ടത്തില്‍ നാടകം വിട്ടുപോകേണ്ടി വരും. അപ്പോള്‍ തടസ്സം പറയരുത്. നാടകത്തിലഭിനയിച്ചു കൊണ്ടിരിക്കുമ്പോഴും സാംബന്‍ പുതിയ കഥകളെഴുതി പരിശീലിച്ച് കഴിയുന്നിടത്തോളം വേദികളില്‍ അവതരിപ്പിച്ചു പോന്നു.

വയലാര്‍ രാമവര്‍മ്മയ്ക്ക് ജനകീയ കവികളുടെ ഒന്നാം നിരയിലിടം നേടിക്കൊടുത്ത ഖണ്ഡകാവ്യമാണ് 1952-ലെ കൗമുദി ഓണം വിശേഷാല്‍ പ്രതിയില്‍ പ്രസിദ്ധീകരിച്ച 'ആയിഷ'. "വേദന തിങ്ങും സമൂഹത്തില്‍ നിന്ന് വേരോടെ മാന്തിപ്പറിച്ച'ആയിഷയുടെ കഥ, തൊട്ടടുത്ത വര്‍ഷം വികാരതീവ്രമായി അവതരിപ്പിച്ചു വിജയിച്ചതോടെ സാംബശിവന്‍ കഥാപ്രസംഗവേദിയിലെ ആശ്വമേധമാരംഭിക്കുകയായിരുന്നു. 'ആയിഷ' നേടിക്കൊടുത്ത താരപദവിയുടെ പ്രകാശവലയവുമായി, ആ കൊല്ലം തന്നെ വയലാറിന്റെ 'തറവാടിന്റെ മാനം' അവതരിപ്പിച്ചു. 1954 ല്‍ സാംബന്‍ പറയുന്ന കഥ ഇടശ്ശേരിയുടെ 'പുത്തന്‍ കലവും അരിവാളു'മാണ്. എസ് എന്‍ കോളേജിലെ ബിരുദപഠനവും വിദ്യാര്‍ത്ഥി ഫെഡറേഷന്റെ നേതാവ് എന്ന നിലയിലുള്ള ചുമതലകളുമൊക്കെ ഇതിനിടയില്‍ മുന്നോട്ടു കൊണ്ടുപോകുന്നുമുണ്ട്. നേരത്തെ ബുക്ക് ചെയ്തു പോയ കഥപ്രസംഗ പരിപാടികള്‍ വേണ്ടെന്നു വെക്കാന്‍ ഈ ഘട്ടത്തില്‍ ഒരു നിര്‍വാഹവുമില്ല.


അതുകൊണ്ട് നാടകത്തോടും കെപിഎസിയോടും സന്തോഷത്തോടെ വിടപറഞ്ഞ്, തന്റെ പ്രിയപ്പെട്ട തട്ടകമായ കഥാപ്രസംഗത്തില്‍ ഉറച്ചുനില്ക്കുക എന്നത് മാത്രമായിരുന്നു സാംബശിവന്റെ മുന്നിലുള്ള പോംവഴി.

സാംബശിവന്‍ നാടകം വിട്ടുപോകുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും, കെപിഎസി നേതൃത്വത്തിന് ആ നേരത്ത് അതൊരു ആഘാതം തന്നെയായിരുന്നു.

ഇനിയെന്തു ചെയ്യും? ജനാര്‍ദ്ദനക്കുറുപ്പും ഒ. മാധവനും കൂടിയാലോചിച്ചു.

''നാടകം മാറ്റിവയ്ക്കാം. കെ പി ആറിന് കമ്പിയടിക്കാം. സ. കുറുപ്പ് നിര്‍ദ്ദേശിച്ചു. മറ്റു മാര്‍ഗ്ഗമൊന്നും തെളിഞ്ഞുകാണാത്തത് കൊണ്ട് ഞങ്ങള്‍ ആ തീരുമാനത്തോടെ പിരിഞ്ഞു. ഞാന്‍ പോസ്റ്റോഫീസില്‍ പോയി. ടെലിഗ്രാം ഫോറം വാങ്ങി. കെപിആറിന്റെ മേല്‍വിലാസം എഴുതി പേപ്പറിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കി. ആജാനബാഹുവായ കെപിആര്‍ ജ്വലിക്കുന്ന കണ്ണുകള്‍ കൊണ്ടെന്നെ തുറിച്ചു നോക്കുന്നു. മുന്‍പൊരിക്കല്‍ കണ്ണൂര്‍ കിസാന്‍ സമ്മേളനത്തിന്റെ വേദിയില്‍ നിന്നും പാട്ടു പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ ഞങ്ങളെ ഇറക്കിവിട്ട കെപിആര്‍! തൂക്കുമേടയുടെ മുന്നില്‍ നിന്നുകൊണ്ട് ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച കെപിആര്‍! എന്റെ കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെ. ഞാന്‍ വീണ്ടും തളര്‍ന്നു കഴിഞ്ഞു... ധൈര്യം സംഭരിച്ചു പിടിച്ചു നിന്നു. ഭിത്തിയില്‍ കൈ ചാരി. അല്‍പ്പം കഴിഞ്ഞു കണ്ണില്‍ പ്രകാശം വന്നു. ഇല്ല, പരിപാടി മാറ്റി വക്കുന്ന പ്രശ്‌നമില്ല. ടെലിഗ്രാം ഫോറം കീറിക്കളഞ്ഞു. നേരേ ഓഫീസ് മുറിയില്‍ ഒറ്റയ്ക്കിരുന്നു കുറച്ചു നേരം കരഞ്ഞു....''**

ആ ഇരുപ്പില്‍ ഒ. മാധവന്റെ മുന്നില്‍ ഒരു വഴി തെളിഞ്ഞുവന്നു. മാധവന്‍ നേരേ ജനാര്‍ദ്ദനക്കുറുപ്പിന്റെ അടുത്തുപോയി എല്ലാവരും ഉടന്‍ തന്നെ യാത്രപുറപ്പെട്ടു കൊള്ളാന്‍ പറഞ്ഞു.ഏപ്രില്‍ 15 ന് രാത്രി ഒന്‍പതരയ്ക്ക് തലശ്ശേരിയിലാണ് നാടകം. ഇനി ഒരു ദിവസമുണ്ട്. അതിന് മുന്‍പ് സമിതിയംഗങ്ങള്‍ ക്യാമ്പ് ചെയ്യുന്ന കോഴിക്കോട്ടെ ഹോട്ടലില്‍, ഗോപാലനായി അഭിനയിക്കുന്ന നടനെയും കൊണ്ട് താന്‍ അവിടെ കൃത്യസമയത്ത് എത്തിക്കോളാമെന്ന് മാധവന്‍ കുറുപ്പിന് ഉറപ്പു കൊടുത്തു. ഒ. മാധവന്റെ കഴിവിലും സാമര്‍ത്ഥ്യത്തിലും ജനാര്‍ദ്ദനക്കുറുപ്പിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. അപ്പോള്‍ തന്നെ കുറുപ്പിന്റെ നേതൃത്വത്തില്‍ അഭിനേതാക്കള്‍, ഒഎന്‍വി, ദേവരാജന്‍, പോറ്റിസാര്‍, കെ എസ് ജോര്‍ജ്, വാദ്യ കലാകാരന്മാര്‍ എന്നിവരടങ്ങിയ കെപിഎസി ടീം മലബാറിനു പുറപ്പെട്ടു. ഗോപാലനായി അഭിനയിക്കാന്‍ പറ്റിയ നടനെയും തേടി ഒ. മാധവനും യാത്രയായി...

*ഒളിവിലെ ഓര്‍മ്മകള്‍ക്കുശേഷം, തോപ്പില്‍ ഭാസി, ഡിസി ബുക്‌സ് കോട്ടയം

**ജീവിതച്ഛായകള്‍, ഓ മാധവന്‍, എന്‍ബിഎസ് , കോട്ടയം

(അടുത്തഭാഗം: പുതിയ ആകാശങ്ങള്‍ തേടി)


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories