TopTop
Begin typing your search above and press return to search.

നാടകവേദിയും ഒപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനവും മുന്നോട്ട്; ഒ. മാധവന്‍-വിജയകുമാരി വിവാഹം; കോടാകുളങ്ങരയ്ക്ക് തൂക്കുകയര്‍; കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

നാടകവേദിയും ഒപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനവും മുന്നോട്ട്; ഒ. മാധവന്‍-വിജയകുമാരി വിവാഹം; കോടാകുളങ്ങരയ്ക്ക് തൂക്കുകയര്‍; കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാ...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

ഭാഗം 27

''നമ്മളൊന്നാണേ!' പാടാം 'നമ്മളൊന്നാണേ!'

മൂന്നു കോണില്‍ നിന്നു വന്നേ

ഇന്നലെ നാം പാടിയല്ലോ,

'നമ്മളൊന്നാണേ!' പാടാം 'നമ്മളൊന്നാണേ!'

അന്നു നമ്മള്‍ പാടിയോരാ പാട്ടിലുള്ള സ്വപ്നമെല്ലാം

പൊന്നണിയുന്നേ -- മുന്നില്‍ വന്നുദിക്കുന്നേ!"*

1956 ഏപ്രില്‍ മാസത്തിലെ ആ ദിവസം, കൊച്ചിയില്‍ നിന്ന് പാലക്കാട് വഴി മദിരാശിയിലേക്ക് പുറപ്പെട്ട കൊച്ചിന്‍ എക്‌സ്പ്രസ്സിലെ യാത്രക്കാര്‍ക്ക് അതൊരു അപൂര്‍വാനുഭവമായിരുന്നു.അകലെ നിന്നു മാത്രം കണ്ടിട്ടുള്ള, പലര്‍ക്കും കോളാമ്പിയിലൂടെ ശബ്ദം കേട്ടു മാത്രം പരിചയമുള്ള കെപിഎസി സുലോചനയും കെ എസ് ജോര്‍ജ്ജും ഇതാ തൊട്ടരികത്ത്... കേള്‍ക്കാനൊരുപാട് കൊതിച്ച പാട്ടുകള്‍ പാടുന്നു... തോപ്പില്‍ ഭാസിയും ഒ. മാധവനും മുന്നോട്ടുവന്നു സംസാരിക്കുന്നു... രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നു... പിന്നെ നീട്ടിപ്പിടിച്ച തകര പാട്ടകളിലേക്ക് എന്തെങ്കിലും സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരിലും ഹൃദ്യമായ ആഘാതമേല്‍പ്പിച്ചുകൊണ്ടാണ് ആ തീവണ്ടി യാത്ര മുന്നോട്ടു പോയത്.

ഏപ്രില്‍ അവസാനം പാലക്കാട് വച്ചു നടക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാലാം കോണ്‍ഗ്രസില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ പോകുകയായിരുന്നു തോപ്പില്‍ ഭാസിയുടെ നേതൃത്വത്തിലുള്ള കെപിഎസി കലാകാരന്മാര്‍. ഒ. മാധവന്‍, കെ എസ് ജോര്‍ജ്ജ്, ജോണ്‍സണ്‍, ജോസഫ് എന്നിവരും സുലോചനയും വിജയകുമാരിയുമാണ് സംഘത്തിലുള്ളത്. മറ്റുള്ളവര്‍ സമിതിയുടെ വാനില്‍ പാലക്കാട്ടേക്ക് പോയിക്കഴിഞ്ഞിരുന്നു. കെപിഎസിയും പ്രതിഭാ ആര്‍ട്ട്‌സ് ക്ലബ്ബും നിലമ്പൂര്‍ യുവജന കലാസമിതിയുമടക്കമുള്ള ജനകീയ കലാപ്രസ്ഥാനങ്ങള്‍ നാടകവും സമൂഹഗാനങ്ങളുമൊക്കെ അവതരിപ്പിക്കുന്നുണ്ട്. പാലക്കാട്ടേക്ക് ട്രെയിന്‍ വഴി യാത്ര ചെയ്ത് പാര്‍ട്ടി കോണ്‍ഗ്രസിനെ കുറിച്ചും പാര്‍ട്ടിയുടെ നയപരിപാടികളെ സംബന്ധിച്ചും ജനങ്ങളോട് പറയുക, അവരുടെ ചെറിയ സംഭാവന വാങ്ങുക, കെപിഎസി നാടകങ്ങളുടെ ജനപ്രീതിയും അതിലെ കലാകാരന്മാരോടും കലാകാരികളോടും ആളുകള്‍ പ്രകടിപ്പിക്കുന്ന ഇഷ്ടവും പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുക എന്നതായിരുന്നു ആശയം. അതു വിജയിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് രാഷ്ട്രീയമായ അനുഭാവമില്ലാത്തവര്‍ പോലും വളരെ സൗഹാര്‍ദ്ദത്തോടെയാണ് പെരുമാറിയത്. എറണാകുളത്തു നിന്ന് പാലക്കാട് വരെയുള്ള ആ ചെറിയ നേരം കൊണ്ട് സംഭാവനയായി കിട്ടിയ സൗഹൃദത്തിന്റെ ആ നാണയത്തുട്ടുകള്‍ ഒരുപാട് വിലയുള്ളതായിരുന്നു.

സുലോചനയ്ക്കും അതൊരു ആവേശകരമായ അനുഭവമായി. ട്രെയിനിന്റെ ഓരോ കമ്പാര്‍ട്ടുമെന്റ്റിലും കയറിയിറങ്ങി നടന്ന് പാട്ടുപാടുന്നതും പാട്ട കാണിച്ച് സംഭാവന വാങ്ങുന്നതുമൊക്കെ ആദ്യമായിട്ടായിരുന്നു. സാധാരണ മനുഷ്യരുടെ ഇഷ്ടവും സ്‌നേഹവും ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ കഴിഞ്ഞു. പോയ മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് സുലോചനയുടെ ജീവിതത്തിലൊരുപാട് മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും, രാഷ്ട്രീയ കാര്യങ്ങളില്‍ നേടിയ പുതിയ അറിവുകളും കാഴ്ചപ്പാടുമായിരുന്നു അതിലേറ്റവും പ്രധാനം. രാജഭക്തിയും കോണ്‍ഗ്രസിനോട് കൂറുമുള്ള അച്ഛന്റെ മകള്‍ പ്രതിബദ്ധതയുള്ള ഒരു കമ്മ്യൂണിസ്റ്റുകാരിയായി വളര്‍ന്നു കഴിഞ്ഞിരുന്നു. മലബാറിലെ നാടകപര്യടനം, കൊല്ലത്തും ആലുവയിലും നടന്ന പാര്‍ട്ടി സമ്മേളനങ്ങള്‍, മദിരാശിയില്‍ ലഭിച്ച സ്വീകരണം, പിന്നെയുമെത്രയോ പാര്‍ട്ടി മീറ്റിംഗുകള്‍... ഇവിടെയെല്ലാം വച്ച് കണ്ടുമുട്ടിയ കേന്ദ്ര - സംസ്ഥാന നേതാക്കള്‍ മുതല്‍ താഴെ സെല്‍ കമ്മറ്റിയിലെ സഖാക്കള്‍ വരെ പ്രകടിപ്പിച്ചിട്ടുള്ള സ്‌നേഹം, കരുതല്‍... അതൊക്കെയാണ് സുലോചനയെ പ്രസ്ഥാനത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചത്.

കലയ്ക്കും കലാകാരന്മാര്‍ക്കും പ്രസ്ഥാനം നല്‍കുന്ന പ്രാധാന്യമാണ് ഇത് കാണിക്കുന്നത്.

പാലക്കാട് നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി അജയഘോഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൈക്കൊള്ളേണ്ട പുതിയ നയസമീപനങ്ങളെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും നിര്‍ണായക തീരുമാനമെടുത്ത പാര്‍ട്ടി കോണ്‍ഗ്രസായിരുന്നു പാലക്കാട് കൃഷ്ണപിള്ള നഗറില്‍ നടന്നത്. ആന്ധ്രയില്‍ ഭരണത്തിലേറുമെന്ന് ഏതാണ്ട് തീര്‍ച്ചപ്പെടുത്തിയിരുന്നെങ്കിലും അപ്രതീക്ഷിതപരാജയം നേരിടേണ്ടി വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് കേരളത്തെ കുറിച്ച് തികഞ്ഞ പ്രതീക്ഷകളായിരുന്നു.

പാലക്കാട് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന റാലി

"മലയാളം സംസാരിക്കുന്നവര്‍ക്ക് ഭൂരിപക്ഷമുള്ള, ഭാഷാപരമായ ഏകീഭാവമുള്ള, മദ്രാസ് പ്രവിശ്യയിലെ പ്രദേശങ്ങളും, മഹാരാജാക്കന്മാരെ ഒഴിവാക്കിക്കൊണ്ട്, തിരുവിതാംകൂറും കൊച്ചിയും എല്ലാം കൂടി ഒന്നിച്ചു ചേര്‍ന്നുകൊണ്ടുള്ള" ഐക്യകേരളം 1956 നവംബര്‍ ഒന്നാം തീയതി യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്**.

പാര്‍ട്ടി കോണ്‍ഗ്രസിലെ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍

അടുത്ത വര്‍ഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ അധികാരത്തിലേറാനായി പാര്‍ട്ടിയെ സജ്ജമാക്കാന്‍ കൂടിയാണ് പാലക്കാട് വച്ച് പാര്‍ട്ടി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.

പാലക്കാട് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിന് എത്തിച്ചേര്‍ന്നവര്‍

പാലക്കാട് പട്ടണത്തെ ചുവപ്പണിയിച്ച സമാപന റാലിയിടെ അവസാനം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സുലോചനയും കെ എസ് ജോര്‍ജ്ജും നയിക്കുന്ന കെപിഎസിയുടെയും പ്രതിഭയുടെയും ഗായകസംഘം ഐക്യകേരള ഗാനം ആലപിച്ചു.

പാലക്കാട് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ കെ എസ് ജോര്‍ജ്ജും സുലോചനയും സംഘവും സമൂഹ ഗാനമാലപിക്കുന്നു

"... ഒന്നിച്ചങ്ങനെ പോയാലേ,

കുന്നലനാടിനരുമകളേ,

കന്നിക്കതിരിന്‍ കൈയാലേ

സിന്ദൂരപ്പൊട്ടണിയാലോ!

സിന്ദൂരപ്പൊട്ടണിയുമ്പോ

നമ്മള് നെര്‍ത്തം ചെയ്യൂലോ!

നമ്മള് നെര്‍ത്തം ചെയ്യുമ്പോ

നമ്മടെ രാജ്യം വരണല്ലോ !...

നമ്മടെ രാജ്യം വരണല്ലോ !...''

പാലക്കാട് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ കോഴിക്കോട് അബ്ദുള്‍ഖാദര്‍, ശാന്താ പി നായര്‍, ബാബുരാജ് എന്നിവര്‍ പാടുന്നു

രാഷ്ട്രീയാനിശ്ചിതത്വവും സര്‍ക്കാരുകളുടെ അസ്ഥിരതയും മുഖമുദ്രകളായി മാറിയ തിരു-കൊച്ചി സംസ്ഥാനത്ത് 1954നു ശേഷം രണ്ടു മന്ത്രിസഭകളാണ് അധികാരത്തിലേറിയതും അതിവേഗം താഴെയിറങ്ങിയതും. കേരള സംസ്ഥാന രൂപീകരണമെന്ന മഞ്ഞുമലയില്‍ ചെന്നിടിച്ചാണ് സര്‍ക്കാരുകള്‍ രണ്ടും മുങ്ങിത്താണത്.

കോണ്‍ഗ്രസിന്റെ പ്രശ്‌നാധിഷ്ഠിത പിന്തുണയുടെ ബലത്തില്‍ സത്യപ്രതിജ്ഞ ചെയ്ത പട്ടം താണുപിള്ളയുടെ പി എസ് പി സര്‍ക്കാരിന് അധികം ആയുസ്സുണ്ടായില്ല.

പട്ടം താണുപിള്ള

തെക്കന്‍ തിരുവിതാംകൂറിലെ തമിഴ് ഭൂരിപക്ഷപ്രദേശങ്ങള്‍ തമിഴ് സംസ്ഥാനത്തോട് ലയിപ്പിക്കണമെന്നാവാശ്യപ്പെട്ട് തിരുവിതാംകൂര്‍ തമിഴ്നാട് കോണ്‍ഗ്രസ് വീണ്ടും പ്രക്ഷോഭത്തിനിറങ്ങി. മാര്‍ത്താണ്ഡത്തു നടന്ന പോലീസ് വെടിവെപ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. തമിഴ്നാട് കോണ്‍ഗ്രസുമായി ധാരണയിലെത്തിയ പനമ്പിള്ളി ഗോവിന്ദ മേനോന്‍ പിന്തുണ പിന്‍വലിച്ചു.

വിട്ടയയ്ക്കപ്പെട്ട പുന്നപ്ര വയലാര്‍ പ്രതികളോടൊപ്പം കെ സി ജോര്‍ജ്

പുന്നപ്ര വയലാര്‍ കേസിലെ പ്രതികളെ ജയിലില്‍ നിന്നും മോചിപ്പിച്ചുകൊണ്ട് പട്ടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ തേടിയെങ്കിലും, നിയമസഭയില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിക്കാനായില്ല.

പട്ടം മന്ത്രിസഭ പുറത്തു പോകുന്നതിന്റെ പത്രവാര്‍ത്ത

പട്ടത്തിന്റെ പി എസ് പിയിലെ രണ്ട് എംഎല്‍എമാരെ തട്ടിയെടുത്തുകൊണ്ട് ഭരണം തുടങ്ങിയ പനമ്പിള്ളിക്ക് വിനയായി തീര്‍ന്നത് സ്വന്തം കക്ഷിയിലെ തന്നെ ശത്രുക്കളാണ്.

പനമ്പിള്ളി ഗോവിന്ദ മേനോന്‍

മന്ത്രിസഭയിലിടം കിട്ടാതെ പോയ ടി എം വര്‍ഗീസിന്റെ നേതൃത്വത്തില്‍ 'അഖണ്ഡകേരളവാദി'കളായ അഞ്ച് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് കേരള പീപ്പിള്‍സ് പാര്‍ട്ടിയുണ്ടാക്കി.

അഞ്ച് എം എല്‍ എ മാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് കേരള പീപ്പിള്‍സ് പാര്‍ട്ടിയുണ്ടാക്കിയതിന്റെ പത്രവാര്‍ത്ത, ടി.എം. വര്‍ഗീസ്

ഇടതുപക്ഷത്തിന്റെ പിന്തുണയോടെ വീണ്ടുമൊരു സര്‍ക്കാരുണ്ടാക്കാന്‍ പട്ടം തയ്യാറെടുക്കുമ്പോഴാണ് രാഷ്ട്രീയ ചാണക്യന്‍ എന്നുപേരെടുത്ത പനമ്പിളളി തന്റെ ആയുധപ്പുരയില്‍ നിന്നും ബ്രഹ്മാസ്ത്രം പുറത്തെടുക്കുന്നത്.

പട്ടം മന്ത്രിസഭയുണ്ടാക്കാനൊരുങ്ങുന്നത് സംബന്ധിച്ച വാര്‍ത്ത

ആര്‍ എസ് പിയുടെ എംഎല്‍എ ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റി, പട്ടം മന്ത്രിസഭയ്ക്കു തന്റെ പിന്തുണയില്ലെന്ന് കത്തെഴുതിവച്ചിട്ട് അജ്ഞാത വാസത്തിനു പോയി.

ചെങ്ങാരപ്പിള്ളിയെ ആര്‍ എസ് പി കൈയൊഴിയുന്നതായുള്ള പത്രവാര്‍ത്ത

പോറ്റിയെ തെരഞ്ഞ് പോലീസ്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് റെയ്ഡ് ചെയ്യുന്നതുവരെ എത്തിയ കോളിളക്കം സൃഷ്ടിച്ച സംഭവ പരമ്പരകളുടെ ഒടുവില്‍ രാജപ്രമുഖന്‍ നിയമസഭ പിരിച്ചുവിട്ടു !

നിയമസഭ പിരിച്ചുവിട്ടതിന്റെ പത്രവാര്‍ത്ത

മെലോഡ്രാമ നിറഞ്ഞു നിന്ന തിരു കൊച്ചി രാഷ്ട്രീയനാടകത്തിന് അതോടെ തിരശീല വീണു. ഐക്യകേരളത്തിലരങ്ങേറാന്‍ പോകുന്ന പുതിയ നാടകത്തിന്റെ യവനിക ഉയരുന്നതും കാത്തിരിക്കുന്ന ഇടവേളയാണിപ്പോള്‍.

രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങളും മുന്നേറ്റങ്ങളുമൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന മട്ടില്‍ തലസ്ഥാനത്തെ നാടകവേദി മുന്നോട്ടു പോകുകയായിരുന്നു. വായനശാല കേശവ പിള്ളയുടെ ആവശ്യമനുസരിച്ച് മഹാരാജാവിന്റെ തിരുനാളിന് കൊട്ടാരത്തില്‍ അരങ്ങേറാനായി ഇ.വി കൃഷ്ണ പിള്ളയും എന്‍.പി ചെല്ലപ്പന്‍ നായരും ടി.എന്‍ ഗോപിനാഥന്‍ നായരും മറ്റും എഴുതുന്ന പ്രഹസനങ്ങളും ചരിത്രനാടകങ്ങളുമായിരുന്നു തിരുവനന്തപുരത്തെ അരങ്ങിന്റെ ഈടുവെയ്പ്പ്.

സി വി രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ അവതരിപ്പിക്കുന്ന തിരുവനന്തപുരം നാടകവേദി യിലെ അഭിനേതാക്കളും അണി യറ പ്രവര്‍ത്തകരും

എന്നാല്‍ എന്‍ കൃഷ്ണപിള്ള എഴുതിയ 'ഭഗ്‌നഭവന'ത്തിന്റെ അരങ്ങേറ്റത്തോടെ മെലോഡ്രാമയുടെയും ഫാഴ്സുകളുടെയും സ്ഥാനം ഇബ്‌സനും ഷായും രചിച്ച പ്രശ്‌നനാടകങ്ങളുടെ മാതൃകയിലുള്ള സാമൂഹ്യ നാടകങ്ങള്‍ കൈയടക്കി. കുടുംബ ജീവിതത്തിന്റെയും മനുഷ്യ ബന്ധങ്ങളുടെയും ഇത്തിരി വട്ടത്തില്‍ സംഭവിക്കുന്ന അഭിപ്രായ സംഘട്ടനങ്ങളും വ്യക്തിബന്ധങ്ങളിലെ ഉള്‍പ്പിരിവുകളും കഥാപാത്രങ്ങളുടെ ആന്തരിക സംഘര്‍ഷങ്ങളുമൊക്കെ പ്രമേയമായി.

സി ജെ യുടെ അവന്‍ വീണ്ടും വരുന്നു അരങ്ങില്‍...ടി എന്‍ ഗോപിനാഥന്‍ നായര്‍, പി കെ വീരാഘവന്‍ നായര്‍, പി കെ വിക്രമന്‍ നായര്‍

പി കെ വിക്രമന്‍ നായരും എന്‍ കൃഷ്ണപിള്ളയും ചേര്‍ന്ന് 1950ല്‍ തുടക്കമിട്ട നവസംസ്‌കാര സമിതി, എന്‍ കൃഷ്ണപിള്ളയുടെ 'അനുരഞ്ജനം', സി ജെ തോമസിന്റെ 'അവന്‍ വീണ്ടും വരുന്നു', പുളിമാന പരമേശ്വരന്‍ പിള്ളയുടെ 'സമത്വവാദി' എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചു. അതേ സമയത്ത് തന്നെ കൈനിക്കര പത്മനാഭ പിള്ളയും സി ജെയും മറ്റും ചേര്‍ന്ന് 'ഡ്രമാറ്റിക് ബ്യുറോ' എന്ന മറ്റൊരു സംഘടനയും ആരംഭിച്ചിരുന്നു. 1954ല്‍ സി.എന്‍ ശ്രീകണ്ഠന്‍ നായരുടെയും മറ്റും ഉത്സാഹത്തില്‍ തുടങ്ങിയ 'കലാകേരള'ത്തിനു വേണ്ടിയാണ് എന്‍ കൃഷ്ണപിള്ള 'അഴിമുഖത്തേക്ക്'എഴുതുന്നത്.

പ്രശസ്ത നാടകകൃത്ത് എന്‍ കൃഷ്ണപിള്ള സ്ത്രീവേഷത്തില്‍

1956ലെ കേരളപ്പിറവി ദിനത്തില്‍ സി എന്‍ ശ്രീകണ്ഠന്‍ നായരുടെയും കെ ബാലകൃഷ്ണന്റെയും അടൂര്‍ ഭാസിയുടെയും മറ്റും നേതൃത്വത്തില്‍ 'കലാവേദി' എന്ന സംഘടന പിറവിയെടുത്തു. ആര്‍ എസ് പി യോട് രാഷ്ട്രീയമായ ചായ്‌വ് പുലര്‍ത്തുന്നവരായിരുന്നു കലാവേദിയുടെ പിറകില്‍.

സി എന്‍ ശ്രീകണ്ഠന്‍ നായര്‍

സി എന്‍ രചിച്ച 'നഷ്ടക്കച്ചവടം' കലാവേദിയാണ് അരങ്ങിലെത്തിച്ചത്. പ്രതിഭാധനരായ കുറേ എഴുത്തുകാരും അഭിനേതാക്കളുമാണ് തലസ്ഥാനത്തെ അരങ്ങിനെ സമ്പന്നമാക്കിയത്.

കൈനിക്കര കുമാരപിള്ള, പി കെ വിക്രമന്‍ നായര്‍, ടി ആര്‍ സുകുമാരന്‍ നായര്‍, പട്ടം സരസ്വതിയമ്മ, വായനശാല കേശവപിള്ള തുടങ്ങിയവര്‍

സി ഐ പരമേശ്വരന്‍ പിള്ള, കൈനിക്കര പത്മനാഭപിള്ള, കൈനിക്കര കുമാരപിള്ള,ടി എന്‍ ഗോപിനാഥന്‍ നായര്‍, കെ വി നീലകണ്ഠന്‍ നായര്‍, ടി ആര്‍ സുകുമാരന്‍ നായര്‍, പി കെ വീരരാഘവന്‍ നായര്‍, കെ പത്മനാഭന്‍ നായര്‍, വഞ്ചിയൂര്‍ മാധവന്‍ നായര്‍, പട്ടം സരസ്വതിയമ്മ, ആറന്മുള പൊന്നമ്മ, മാവേലിക്കര പൊന്നമ്മ തുടങ്ങിയവരായിരുന്നു മുന്‍നിരക്കാര്‍.

മാവേലിക്കര പൊന്നമ്മ, സി ഐ പരമേശ്വര പിള്ള, ടി. ആര്‍. സുകുമാരന്‍ നായര്‍

അവരുടെയെല്ലാം മുന്നില്‍ നാടകവേദിയിലെ നവോത്ഥാന പുരുഷനായ പി കെ വിക്രമന്‍ നായര്‍ എല്ലാവര്‍ക്കും പ്രചോദനം പകര്‍ന്നു കൊണ്ട് നിലകൊണ്ടു.

പി കെ വിക്രമന്‍നായര്‍

രണ്ടു വിരുദ്ധധ്രുവങ്ങളിലായി തിരുവനന്തപുരത്തെ അഭിജാത അരങ്ങും കേരളത്തിലെ ജനകീയ നാടകവേദിയും നിലയുറപ്പിച്ചപ്പോള്‍ കലാനിലയം കൃഷ്ണന്‍ നായര്‍ പഴയ സംഗീതനാടകങ്ങളുടെ പാരമ്പര്യവുമായി സഞ്ചരിക്കുകയായിരുന്നു.

കലാനിലയം കൃഷ്ണന്‍ നായര്‍

കൂറ്റന്‍ കൊട്ടാരക്കെട്ടുകളുടെയും കോട്ടകൊത്തളങ്ങളുടെയും സെറ്റുകളും പിന്‍കര്‍ട്ടനുമായി പ്രേക്ഷകന്റെ കണ്ണഞ്ചിപ്പിക്കുന്ന ചരിത്ര/പുരാണ നാടകങ്ങളായിരുന്നു കലാനിലയത്തിന്റെ ട്രേഡ് മാര്‍ക്ക്.

കലാനിലയം നാടകങ്ങളുടെ പരസ്യം

ജഗതി എന്‍. കെ ആചാരി എഴുതിയ ഇളയിടത്തു റാണി, താജ്മഹല്‍ തുടങ്ങിയ നാടകങ്ങളില്‍ അഭിനേതാക്കളായി അരങ്ങത്ത് എത്തിയത് വൈക്കം മണി, അക്ബര്‍ ശങ്കരപ്പിള്ള, വി ടി അരവിന്ദാക്ഷ മേനോന്‍, കണ്ടിയൂര്‍ പരമേശ്വരന്‍ കുട്ടി, കൊടുങ്ങല്ലൂര്‍ അമ്മിണിയമ്മ, മാവേലിക്കര എല്‍ പൊന്നമ്മ തുടങ്ങിയ പ്രഗത്ഭമതികളായിരുന്നു.

കലാനിലയം നാടകങ്ങളുടെ പരസ്യം

അങ്ങനെ വ്യത്യസ്തമായ ധാരകളിലൂടെയാണെങ്കിലും 50-കളിലെ മലയാള നാടകവേദി മുന്നോട്ട് തന്നെയാണ് യാത്ര ചെയ്തത്.

''നീലപ്പൂം പീലി നിവര്‍ത്താടും മയില്‍ പോലെ
നീലമുളംകാടിളകും മലനാടിന്നഴകേ...''

ദേവരാജന്‍ പാടിയ വിരുത്തത്തിന്റെ അകമ്പടിയോടെ യുവനര്‍ത്തകന്‍ അരങ്ങിലെത്തി. 'കുരുവികളും കതിരുകളും കുളിര്‍ തെന്നലും' കളിപറയുന്ന മലയാള ഗ്രാമഭംഗി വരച്ചുകാട്ടുന്ന നര്‍ത്തകന്റെ ആകര്‍ഷകമായ ഭാവചലനങ്ങള്‍ സദസ്സ് നിര്‍ന്നിമേഷമായി കണ്ടിരുന്നു. 1954 ജനുവരി മാസത്തില്‍ കൊല്ലത്തു വച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരുകൊച്ചി സംസ്ഥാന സമ്മേളനമാണ് വേദി. പോലീസിന്റെ അതിഭീകരമര്‍ദ്ദനമേറ്റ് രക്തസാക്ഷിയായ കോട്ടാത്തല സുരേന്ദ്രന്റെ ത്യാഗോജ്ജ്വലമായ കഥ പറയുന്ന ഒരു നൃത്തനാടകമായിരുന്നു അത്. നായകവേഷത്തില്‍ അഭിനയിക്കുന്നതും നൃത്തസംവിധാനം നിര്‍വഹിക്കുന്നതും ഗംഗാധരന്‍ എന്ന യുവകലാകാരനാണ്.

കലാമണ്ഡലം ഗംഗാധരന്‍

വികാരം തുടിക്കുന്ന ഭാഷയിലും ശബ്ദത്തിലും സുരേന്ദ്രന്റെ ജീവിതമുഹൂര്‍ത്തങ്ങള്‍ പശ്ചാത്തലത്തില്‍ വിവരിക്കുന്നത് നൃത്ത നാടകത്തിന്റെ സംവിധായകന്‍ ജി ജനാര്‍ദ്ദനക്കുറുപ്പ്. ഈരടികളും ഈണവും ഒഎന്‍വി - ദേവരാജന്‍ ടീമിന്റേതും.

ആ ധീരവിപ്ലവകാരിയുടെ ജീവിതകഥയിലെ നിര്‍ണായക ഘട്ടങ്ങള്‍ ഭാവതീവ്രമായ നൃത്തചലനങ്ങളിലൂടെ ആവിഷ്‌കരിച്ചുകൊണ്ട് നര്‍ത്തകന്‍ കഥയുടെ അവസാനഭാഗത്തെത്തി. പ്രിയതമനെ എത്രയോ നാള്‍ കൂടി ഒന്നു കാണാന്‍ കൊതിച്ച് അയാള്‍ ഒളിച്ചിരിക്കുന്ന കുന്നിന്റെ മുകളില്‍ എത്തുന്ന ഭാര്യയെ പിന്തുടര്‍ന്ന് പോലീസും അവിടെ ചെല്ലുന്നു. സുരേന്ദ്രനെ അവര്‍ പിടികൂടി. പശ്ചാത്തല വിവരണം നിര്‍വഹിച്ചു കൊണ്ടിരുന്ന ജനാര്‍ദ്ദനക്കുറുപ്പിന്റെ ഓര്‍മ്മകളില്‍ നിന്ന്:

''... സുരേന്ദ്രനു കിട്ടിയ ഓരോ പ്രഹരവും, ധീരനായ ആ സഖാവിന്റെ ഞരക്കവും കരച്ചിലുമെല്ലാം ഞാന്‍ മൈക്കിലൂടെ അവതരിപ്പിച്ചു. ക്രൂരമര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ സുരേന്ദ്രന്‍ മരിച്ചുവീഴുന്ന ഭീകരമായ രംഗം കണ്ട് കാണികള്‍ സ്തബ്ധരായിരുന്നു പോയി. കര്‍ട്ടനിട്ടു. ഞങ്ങളെല്ലാം ഉള്ളില്‍ കരഞ്ഞുകൊണ്ട് നിശബ്ദരായി ഗംഗാധരനെ നോക്കി നിന്നു. അനുഗ്രഹീതനായ ആ കലാകാരന്‍ ബോധരഹിതനായി കിടക്കുകയാണെന്നു മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് അല്‍പ്പനേരം വേണ്ടി വന്നു. ഞാനോടിച്ചെന്ന് ഗംഗാധരനെ കുലുക്കി വിളിച്ചു. ഗംഗാധരന്‍ കോട്ടാത്തല സുരേന്ദ്രനായി മാറിക്കഴിഞ്ഞോ എന്നു ഞങ്ങള്‍ പരിഭ്രമിച്ചു. അരമണിക്കൂറിനു ശേഷം തൊട്ടടുത്ത ആശുപത്രിയില്‍ വച്ച് ഗംഗാധരന് ബോധം തെളിയുന്നതുവരെ ഞങ്ങളുടെ സംഘര്‍ഷം നീണ്ടു നിന്നു....''***

കൊടുങ്ങല്ലൂര്‍ക്കാരനായ ആ ചെറുപ്പക്കാരന്‍ കേരളകലാമണ്ഡലത്തില്‍ നിന്നും കഥകളിയുടെ രണ്ടാമത്തെ ബാച്ചില്‍ പഠിച്ചിറങ്ങിയ കലാകാരനാണ്. ഉറച്ച കമ്മ്യൂണിസ്റ്റുകാരനും. ജനാര്‍ദ്ദനക്കുറുപ്പിന്റെ ഉത്സാഹത്തില്‍ കെപിഎസി ആരംഭിച്ച നൃത്തകലാവിഭാഗത്തിന്റെ ചുമതല കലാമണ്ഡലം ഗംഗാധരനെ ഏല്‍പ്പിച്ചു.

നൃത്തപരിപാടികളുടെ പരസ്യം

തളരാത്ത മനസ്സും നിശ്ചയദാര്‍ഢ്യവും കൊണ്ട് ചൂഷകവര്‍ഗത്തെ തോല്‍പ്പിച്ച ഒരു മുക്കുവന്റെ കഥയായിരുന്നു ആദ്യം അവതരിപ്പിച്ച നൃത്ത നാടകം, 'അവന്‍ മരിച്ചില്ല'. ജനാര്‍ദ്ദനക്കുറുപ്പായിരുന്നു നാടക സംവിധായകന്‍; ഒഎന്‍വിയും ദേവരാജനും ഗാനങ്ങളൊരുക്കി.

''നേരം മങ്ങിയ നേരത്തക്കരെ മാനത്തെത്തുവതാരോ - അക്കരെ മാനത്തെത്തുവതാരാരോ, ഹൊയ്...''
''മാനം തെളിഞ്ഞല്ലോ ഏലയ്യ ഏലയ്യ...
പെരുമീനുദിച്ചല്ലോ ഏലയ്യ ഏലയ്യ...''

''തകതൈതോം തകതൈതോം
വലയും വഞ്ചിയും നീങ്ങട്ടെ!
നീലക്കടലില്‍ തിരകള്‍ മുറിച്ചേ
നീന്തിക്കേറിപ്പോകട്ടെ!''

തുടങ്ങിയ പാട്ടുകള്‍ നാടകഗാനങ്ങള്‍ പോലെ സാധാരണക്കാര്‍ക്കിടയില്‍ പ്രചാരം നേടി. അതിനു ശേഷമാണ് കോട്ടാത്തല സുരേന്ദ്രന്റെ കഥ അവതരിപ്പിച്ചത്. ഏരൂര്‍ വാസുദേവ് രചിച്ച 'പാറയിലെ താമര'യായിരുന്നു മറ്റൊരു നൃത്തനാടകം. നാടകത്തെപ്പോലെ നൃത്തശില്പത്തിനും തുടര്‍ച്ചയായി ബുക്കിംഗ് കിട്ടിത്തുടങ്ങിയതോടെ കെപിഎസിയുടെ പുതിയ സംരംഭം വലിയൊരു വിജയമായി. കലാമണ്ഡലം ഗംഗാധരന്‍ തന്നെയായിരുന്നു ആ വിജയത്തിന്റെ മുഖ്യശില്‍പ്പി. 'കാലം മാറുന്നു' എന്ന സിനിമയുടെ നൃത്തസംവിധാനവും നിര്‍വഹിച്ചത് ഗംഗാധരനാണ്. തന്റെ നൃത്തസംഘത്തോടൊപ്പം ഒരു നൃത്തരംഗത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എറണാകുളം ആസ്ഥാനമാക്കി ആരംഭിച്ച നൃത്തസമിതി അധികം താമസിയാതെ കൊല്ലത്തേക്ക് മാറി. കുറച്ചു നാളുകള്‍ കഴിഞ്ഞത് കലാമണ്ഡലം ഗംഗാധരന്റെ സ്വതന്ത്രമായ ചുമതലയിലായി. ഇതിനിടയില്‍ കലാമണ്ഡലം ഗംഗാധരന്റെ ജീവിതത്തിലേക്ക് മറ്റൊരു കലാകാരിയും വന്നു ചേര്‍ന്നു - സുധര്‍മ്മ.

കലാമണ്ഡലം ഗംഗാധരനും സുധര്‍മ്മയും

സുധര്‍മ്മയുടെ വിവാഹം കെപിഎസി വിട്ടുപോയതിനു ശേഷമായിരുന്നെങ്കില്‍, സമിതിയ്ക്കുള്ളില്‍ തന്നെ ഒരു ദാമ്പത്യബന്ധത്തിന് ആഘോഷപൂര്‍വം തുടക്കം കുറിച്ചു. ഗാന്ധര്‍വ്വ വിവാഹമൊന്നും ആയിരുന്നില്ല അത്. പെണ്ണിന്റെയും ചെറുക്കന്റെയും വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ച കല്യാണം. ആലോചനക്ക് മുന്‍കൈയെടുത്തത് കെപിഎസി നേതൃത്വമായിരുന്നുവെന്ന് മാത്രം.

കെപിഎസി നാടകസംഘം

ഭാര്‍ഗവിയും പത്മാക്ഷിയമ്മയുമൊഴിച്ച് മറ്റുള്ള നടിമാരൊക്കെ ഏതാണ്ടൊരേ പ്രായക്കാരായിരുന്നത് കൊണ്ട് കളിതമാശകളുമായി ക്യാമ്പില്‍ എപ്പോഴും സജീവമായിരുന്നു. കൂട്ടത്തില്‍ ഏറ്റവും കുറുമ്പിയായിരുന്നു എല്ലാവരുടെയും അനുജത്തിയായ വിജയകുമാരി.

വിജയകുമാരി

'എടീ അക്കേ' 'എടീ മണി അക്കേ' എന്നൊക്കെ വിളിച്ചുകൊണ്ട് സദാ സുലോചനയുടെ പിറകേ കൂടിയിരുന്ന ആ കുസൃതിക്കാരിയുടെ സ്‌കൂളില്‍പ്പോക്കും പഠിത്തവുമൊക്കെ നാടകം കാരണം മുടങ്ങിപ്പോയി. ആ പതിനാറുകാരിയെ കല്യാണം കഴിപ്പിച്ചു വിടാനായിരുന്നു വീട്ടുകാര്‍ നിശ്ചയിച്ചത്. കെപിഎസിയിലേക്ക് തന്നെ കൊണ്ടുവന്ന 'ഗോമതി അക്ക' സമിതി വിട്ടുപോയെങ്കിലും വിജയമ്മയ്ക്കു നാടകവും കെപിഎസിയുമായുള്ള ബന്ധവും കൂടുതല്‍ ദൃഢമാകുകയായിരുന്നു. അതുപോലെ തന്നെയായിരുന്നു അഭിനയത്തോടുള്ള ഇഷ്ടവും.

കെപിഎസിയുടെ സെക്രട്ടറി ഒ. മാധവന് ആയിടക്ക് കല്യാണാലോചന കൊണ്ടുപിടിച്ചു നടക്കുന്നുണ്ടായിരുന്നു.

ഒ മാധവന്‍

മാധവനെ പെണ്ണ് കെട്ടിക്കുന്നത് കെപിഎസിക്കാരും ഗൗരവമായിത്തന്നെ എടുത്തു. എവിടെയോ ഒരിക്കല്‍ മാധവന്‍ 'പെണ്ണു കാണാന്‍' പോയപ്പോള്‍ ചെറുക്കന്‍ പാര്‍ട്ടിയിലെ പെണ്ണുങ്ങളിലൊരാള്‍ കൂട്ടത്തിലെ ചെറിയ കുട്ടിയായ വിജയമ്മയായിരുന്നു!

കല്യാണാലോചനകളൊന്നും ഒരിടത്തുമെത്താതെ മാധവന്‍ കുറച്ചൊരു നിരാശനായിരിക്കുന്നത് കണ്ട് കാമ്പിശ്ശേരിയാണ് ചോദിച്ചത്: "ഇയാള്‍ക്ക് നമ്മുടെ വിജയമ്മയെ അങ്ങു കല്യാണം കഴിക്കരുതോ?'' അങ്ങനെ ഒരു വിവാഹാലോചന അപ്രതീക്ഷിതമായിരുന്നെങ്കിലും 'മാഞ്ചേട്ടനും വിജയമ്മ'യ്ക്കും സമ്മതക്കുറവൊന്നുമുണ്ടായിരുന്നില്ല.

പിന്നെ ഒട്ടും താമസിച്ചില്ല. കാമ്പിശ്ശേരിയും തോപ്പില്‍ ഭാസിയും പോറ്റിസാറും കൂടി വിജയകുമാരിയുടെ വീട്ടിലേക്ക് പോയി. പണ്ട് നാടകത്തില്‍ വിടാന്‍ കാണിച്ചതുപോലെ ചില്ലറ എതിര്‍പ്പൊക്കെ അവരുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും കാമ്പിശ്ശേരിയുടെയും മറ്റും നയപരമായ ഇടപെടലുകള്‍ കൊണ്ട് എല്ലാം ഭംഗിയായി കലാശിച്ചു. 1956ലെ മാര്‍ച്ചുമാസത്തില്‍ ഒ. മാധവനും വിജയകുമാരിയും തമ്മിലുള്ള വിവാഹം നടന്നു. പാലായില്‍ നടന്ന കമ്യൂണിസ്റ്റാക്കി നാടകത്തില്‍ അച്ഛനും മകളുമായി വേഷമിട്ടതിന്റെ പിറ്റേന്ന് രാവിലെ രണ്ടുപേരും ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചു!

ഒത്തുചേരലുകളുടെ മാത്രമല്ല വേര്‍പിരിയലുകളുടെയും നാളുകളിലൂടെയാണ് കെപിഎസി കടന്നുപോയിരുന്നത്. ആവശ്യമുള്ളപ്പോള്‍ വിളിച്ചാല്‍ വന്നഭിനയിക്കാമെന്ന വാക്കുമായി സുധര്‍മ്മ വിളിപ്പുറത്തു തന്നെയുണ്ടായിരുന്നു. എന്നാല്‍, കെപിഎസി എന്ന പ്രസ്ഥാനത്തെയൊന്നാകെ ആഘാതമേല്പിച്ചുകൊണ്ട് ഒരാള്‍ വേര്‍പിരിഞ്ഞു പോയി - വെളിയം ഭാസ്‌ക്കരപ്പണിക്കര്‍.

വെളിയം ഭാസ്‌ക്കര പണിക്കര്‍

വെറും 28 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഭാസ്‌ക്കരപ്പണിക്കരെ, പെട്ടന്നു കടന്നാക്രമിച്ച നെഞ്ചുവേദനയുടെ രൂപത്തില്‍ മരണം വന്ന് തട്ടിക്കൊണ്ടുപോയത്.1955 നവംബര്‍ ഇരുപതാം തീയതി.

സകലരോടും സദാ പുഞ്ചിരിക്കുന്ന മുഖവും ഹൃദയം തുറന്ന പെരുമാറ്റവുമായി ഒപ്പമുണ്ടായിരുന്ന പണിക്കരുടെ വേര്‍പാട്, സുലോചനയെയും കുടുംബത്തെയും വേദനിപ്പിച്ചു. 'സര്‍വേക്കല്ലി'ല്‍ പണിക്കര്‍ അഭിനയിച്ചില്ലെങ്കിലും കമ്മ്യൂണിസ്റ്റാക്കിയിലെ മാത്യു എല്ലാവരുടെയും മനസ്സുകളില്‍ നിറഞ്ഞുനിന്നിരുന്നു.

വെളിയം ഭാസ്‌ക്കരപണിക്കരുടെ മരണവാര്‍ത്ത

കെപിഎസിയിലെ സഖാക്കള്‍ ചുരുട്ടിയ മുഷ്ടി ഉയര്‍ത്തി അഭിവാദ്യം ചെയ്ത് പണിക്കരെ യാത്രയയച്ചു.

''ഒരു സ്‌നേഹനിധി എന്നെന്നേക്കുമായി വേര്‍പിരിഞ്ഞു --- ദു:ഖിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനാകാത്ത നിസ്സഹായതയില്‍ തന്റെ പ്രിയപ്പെട്ട സഖാക്കളെ ഉപേക്ഷിച്ചിട്ട്. ഏറെ നാള്‍ ഒന്നായി പ്രവര്‍ത്തിച്ചു, സുഖദുഃഖങ്ങള്‍ തുല്യമായി പങ്കിട്ടു. പതറാത്ത ആത്മവിശ്വാസം മൂലം പലപ്പോഴും മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസം പ്രദാനം ചെയ്തു പോന്ന ആ സഖാവ് അന്തരിച്ചെന്ന് എങ്ങനെ വിശ്വസിക്കും! 'അതാ ആ ചെങ്കൊടി കാണുന്നില്ലേ.... അതെന്റെ ചങ്കിലെ നീരാണ്' എന്ന് ആവേശഭരിതനായി വികസിച്ച കണ്ണുകളോടെ മാലയോട് പറയുന്ന മാത്യുവിന്റെ ആ ദൃഢസ്വരത്തിന്റെ മുഴക്കം, കേരളീയരുടെ കാതുകളില്‍ നിന്നൊരിക്കലും മായുകയില്ല. പരീക്ഷണഘട്ടങ്ങളിലെല്ലാം തന്നെ മുന്നണിയില്‍ നിന്നു പ്രവര്‍ത്തിച്ചിട്ടുള്ള ധീരനായ സഖാവേ, ദുഃഖാര്‍ത്തരായ ഞങ്ങളുടെ അന്തിമാഭിവാദനങ്ങള്‍!''

ഭാസ്‌ക്കരപ്പണിക്കരുടെ വേര്‍പാടിന് തൊട്ടുപിന്നാലെ നടുക്കമുണ്ടാക്കുന്ന മറ്റൊരു ദുഃഖവാര്‍ത്തയും കെപിഎസി പ്രസ്ഥാനത്തെ തേടിയെത്തി.കോടാകുളങ്ങര വാസുപിള്ളയുടെ അപ്പീലിന്മേലുള്ള ഹൈക്കോടതിയുടെ വിധി വന്നു,

കോടാകുളങ്ങര വാസുപിള്ള

കെപിഎസിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോടാകുളങ്ങരയുടെ ബന്ധുമിത്രാദികളുമെല്ലാം ചേര്‍ന്ന് രൂപീകരിച്ച ഡിഫന്‍സ് കമ്മിറ്റിയാണ്, നാടിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച കേസ് നടത്തിയത്.ഒരു കൊലക്കേസില്‍ വാദിയ്ക്കുന്നതിനിടയ്ക്ക് വെടിയുണ്ട വിഴുങ്ങിയെന്നൊക്കെ ഐതിഹ്യമുള്ള ക്രിമിനല്‍ വക്കീല്‍ മള്ളൂര്‍ ഗോവിന്ദപ്പിള്ളയുടെ ഹൈക്കോടതിയിലെ 'ഡിഫന്‍സ്' നിയമവിദ്യാര്‍ഥികള്‍ക്ക് പുതിയ പാഠങ്ങള്‍ പകര്‍ന്നു കൊടുത്തു.

ചവറകൊലക്കേസിന്റെ ഹൈക്കോടതിയിലെ വാദം സബന്ധിച്ച പത്രവാര്‍ത്തകള്‍

ആംക്ഷയോടെ കാത്തിരുന്ന വിധി വന്നപ്പോള്‍ എല്ലാവരും ഞെട്ടി. പ്രമാദമായ എത്രയോ കേസുകള്‍ പുഷ്പം പോലെ ജയിച്ചുവന്ന മള്ളൂരിന് കോടാകുളങ്ങരയെ രക്ഷപ്പെടുത്താനായില്ല. തൂക്കിക്കൊല്ലാനുള്ള സെഷന്‍സ് കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി മറ്റുള്ള പ്രതികളെ വെറുതെ വിട്ടു.

വധശിക്ഷ ശരിവെച്ചുകൊണ്ടുള്ള പത്രവാര്‍ത്ത

പ്രസിഡന്റിന് ദയാഹര്‍ജി സമര്‍പ്പിച്ചുകഴിഞ്ഞതോടെ പിന്നീട് കാണുന്നത് നിരപരാധിയായ ഒരു മനുഷ്യന് വേണ്ടി ഒരു നാട് ഒന്നടങ്കം ഉണര്‍ന്നെഴുന്നേല്‍ക്കുന്ന കാഴ്ചയാണ്.

കൊടാകുളങ്ങരയ്ക്കായി രംഗത്ത് എത്തിയവരെ കുറിച്ചുള്ള പത്രവാര്‍ത്തകള്‍

ഉന്നതശീര്‍ഷരായ രാഷ്ട്രീയ, സാമൂഹിക, സാമുദായിക നേതാക്കള്‍, കക്ഷിരാഷ്ട്രീയത്തിനതീതമായി ജനകീയ പ്രസ്ഥാനങ്ങളും സംഘടനകളും, കലാകാരന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ആത്മീയ പുരോഹിതര്‍, കന്യാസ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍... അങ്ങനെ ഒരുപാടൊരുപാട് പേര്‍ വാസുപിള്ളയെ തൂക്കിക്കൊല്ലരുതെന്ന് അപേക്ഷിച്ചുക്കൊണ്ട് രാഷ്ട്രപതിക്കും രാജപ്രമുഖനും സന്ദേശമയച്ചു.

കൊടാകുളങ്ങരയുടെ ജീവന്‍ രക്ഷിയ്ക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയവരെ സംബന്ധിച്ച പത്രവാര്‍ത്തകള്‍

എന്നാല്‍ ദയാഹര്‍ജി തള്ളാന്‍ തന്നെയാണ്പ്രസിഡന്റ് ഒടുവില്‍ തീരുമാനമെടുത്തത്.

വാസുപിള്ളയുടെ ദയാ ഹര്‍ജി തള്ളിയ വാര്‍ത്ത

കോടാകുളങ്ങര വാസുപിള്ളയുടെ മരണത്തീയതി നിശ്ചയിച്ചുകൊണ്ടുള്ള വാറണ്ട്, ജയില്‍ അധികൃതര്‍ പ്രതി കിടക്കുന്ന സെല്ലിന്റെ മുമ്പില്‍ തൂക്കിയിട്ടു. 1956 ഡിസംബര്‍ 31.

'സര്‍വേക്കല്ലും' 'വിശക്കുന്ന കരിങ്കാലി'യും വ്യത്യസ്തമായ രണ്ടു പാഠങ്ങളാണ് തോപ്പില്‍ ഭാസി എന്ന നാടകകൃത്തിന് പറഞ്ഞുകൊടുത്തത്. അധികാരവര്‍ഗക്കാരോട് പട്ടിണിപ്പാവങ്ങള്‍ക്കും ഇടത്തരക്കാര്‍ക്കുമുള്ള എതിര്‍പ്പും കോണ്‍ഗ്രസിനോടുള്ള വിരോധവും വര്‍ദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തില്‍, കെപിഎസി നാടകങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് അവരെ രാഷ്ട്രീയമായി പ്രചോദിപ്പിക്കുന്ന, പ്രതീക്ഷകള്‍ നല്‍കുന്ന ഒരു പ്രമേയമാണെന്ന് ഭാസി തിരിച്ചറിഞ്ഞു. തന്റെ നാലാമത്തെ നാടകം എഴുതുമ്പോള്‍ ഇതായിരുന്നു ഭാസിയെ നയിച്ച ചേതോവികാരം. കഴിഞ്ഞകാലത്തെ സ്റ്റേജില്‍ നിന്നുള്ള അനുഭവങ്ങളുടെയും മുന്‍കാല നാടകങ്ങളെ പറ്റിയുള്ള വിമര്‍ശനങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരു പുതിയ രീതിയാണ് അടുത്ത നാടകമെഴുതുന്നതിന് ഭാസി സ്വീകരിച്ചത്.

തോപ്പില്‍ ഭാസി

കെപിഎസിയുടെ കമ്മിറ്റിയില്‍ പുതിയ നാടകത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നു കേട്ട ഒരു പ്രധാന വിമര്‍ശനം, ആയിടെ പുറത്തു വന്ന നാടകങ്ങളിലെ നായകന്മാരെ കുറിച്ചായിരുന്നു. പൊതുവെ അവരൊക്കെ ആന്തരികമായ കരുത്തോ വ്യക്തിത്വമോ ഇല്ലാത്ത ദുര്‍ബലന്മാരാണെന്നായിരുന്നു പരാതി. അത് പരിഹരിക്കണമെന്ന് ഭാസിക്ക് വാശി തോന്നി. കുറച്ചു കൂടി കെട്ടുറപ്പും ശില്പഭദ്രതയും നാടകത്തിനുണ്ടാകുമെന്നും രാഷ്ട്രീയത്തിന്റെ സാന്നിധ്യം കൂടുതല്‍ പ്രകടമാകുമെന്നും ഭാസി കമ്മിറ്റിയ്ക്ക് ഉറപ്പ് നല്‍കി. നിയമസഭ പിരിച്ചുവിട്ടതുകൊണ്ട് എംഎല്‍എ പണിയുടെ തിരക്കുകളുമുണ്ടായിരുന്നില്ല. പാര്‍ട്ടി പരിപാടികളില്‍ നിന്ന് തത്കാലത്തേക്കു അവധിയെടുത്തു കൊണ്ട് ഭാസി പണിപ്പുരയിലേക്ക് കയറി. നാടകം എഴുതി തീര്‍ന്നപ്പോള്‍ അതു വായിച്ചുകേള്‍ക്കാന്‍ ജനാര്‍ദ്ദനക്കുറുപ്പിന്റെ മാരാരിത്തോട്ടത്തുള്ള വസതിയില്‍ കെപിഎസി ഭാരവാഹികള്‍ ഒത്തുകൂടി.

ഒ. മാധവന്‍ ആ രംഗം ഓര്‍ക്കുന്നു.

''ഭാസി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വായന തുടങ്ങിയത്. ഞങ്ങളെല്ലാം ഉത്സാഹത്തോടെ കേട്ടുകൊണ്ടിരുന്നു. കുറുപ്പുചേട്ടന്റെ സഹധര്‍മ്മിണിയും കഥ കേള്‍ക്കാന്‍ കൂടി. കഥ പകുതിയാകുന്നതിന് മുമ്പു തന്നെ കുറുപ്പു ചേട്ടന്റെ ഭാര്യ കണ്ണീര്‍ പൊഴിക്കുന്നതാണ് കണ്ടത്. അഭ്യസ്ഥവിദ്യയും ഉന്നത സംസ്‌ക്കാരത്തിന്റെ ഉടമയുമായ ചേച്ചി പെട്ടെന്ന് സാരിത്തുമ്പു കൊണ്ടു കണ്ണു തുടയ്ക്കുകയും അതു ഞങ്ങളില്‍ നിന്ന് മറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഭാസിക്ക് താന്‍ തന്നെ കടലാസ്സില്‍ എഴുതിയിരിക്കുന്ന അക്ഷരങ്ങള്‍ വായിക്കാന്‍ കഴിയാതെ വന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകി.

വായന നിറുത്താന്‍ പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. ഇടവേള പ്രഖ്യാപിച്ചു. കണ്ണു തുടച്ചു. മുഖം കഴുകി. കാപ്പികുടിയും കഴിഞ്ഞ് വീണ്ടും ഭാസി വായന തുടങ്ങി. കണ്ണുകളില്‍ കൂടി നീര്‍ച്ചാലുകള്‍ ഒഴുകുന്നുണ്ടായിരുന്നു. ഒരു കണക്കില്‍ വായിച്ചു തീര്‍ത്തു. വലിയ ചര്‍ച്ചകളൊന്നും നടന്നില്ല. അഭിപ്രായം ഏകകണ്ഠം. നാടകത്തിന് കരുത്തുറ്റ നായകന്‍. അഭിനയിച്ചു ഫലിപ്പിക്കാന്‍ പറ്റുമോ എന്നു സംശയം.

''അതൊക്കെ സാധിക്കും'', കുറുപ്പുചേട്ടന്‍ ഉറപ്പു തന്നു.

''അപ്പോള്‍ നാടകത്തിന്റെ പേര്?'', ഞാന്‍ തിരക്കി. പേര് കിട്ടിയിട്ടു വേണം പരസ്യം ചെയ്യാന്‍. ബിസിനസ് കാര്യം കൂടി ഉള്ളില്‍ പൊന്തി വന്നു.

''പേരിട്ടില്ല.'' ഭാസി.

''നാടകത്തിന്റെ ഈടിനൊത്ത പേര് വേണം'', എല്ലാവരും ഒറ്റയ്‌ക്കൊറ്റയ്ക്ക് തന്നെ ആലോചിച്ചു. പല പേരുകളും വചനം കൊണ്ടു. അവസാനം എന്റെ മനസ്സില്‍ ഒരു ബൈബിള്‍ കഥ ഓര്‍മ്മ വന്നു. അതിലെ നായകനും നാടകത്തിലെ നായകനും തമ്മിലുള്ള സ്വഭാവസാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ബൈബിള്‍ കഥയിലെ കഥാപാത്രത്തെ വിളിക്കുന്ന പേരു നിര്‍ദ്ദേശിച്ചു.

''മുടിയനായ പുത്രന്‍''

കുറച്ചു നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല. ഒടുവില്‍ ഭാസി തന്നെ പറഞ്ഞു.

''കൊള്ളാം, നല്ല പേര്. ഞാനംഗീകരിക്കുന്നു''****

പുതിയ നാടകത്തിന്റെ പരസ്യം

കെപിഎസി എന്ന ജനകീയ കലാപ്രസ്ഥാനത്തിന്റെയും സുലോചന എന്ന കലാകാരിയുടെയും വളര്‍ച്ചയില്‍ വലിയൊരു കുതിച്ചുചാട്ടത്തിന് നിമിത്തമായിത്തീര്‍ന്ന 'മുടിയനായ പുത്രന്‍' എന്ന നാടകത്തിന്റെ അരങ്ങൊരുക്കങ്ങള്‍ അങ്ങനെ ആരംഭിച്ചു.

(അടുത്ത ഭാഗം: ഇക്കളിത്തട്ടിലിരിക്കാം പോരു....)

*ഐക്യ കേരള ഗാനം-ഓഎന്‍വി കുറുപ്പ്

** കേരളം മലയാളികളുടെ മാതൃഭൂമി-ഇഎംഎസ് നമ്പൂതിരിപ്പാട്

*** എന്റെ ജീവിതം-ജി. ജനാര്‍ദ്ദനക്കുറുപ്പ്, കറന്റ് ബുക്‌സ്, തൃശൂര്‍

**** ജീവിതച്ഛായകള്‍-ഓ മാധവന്‍, എന്‍ബിഎസ്, കോട്ടയം

(പത്രക്കട്ടിംഗുകള്‍ ജനയുഗം ആര്‍ക്കൈവില്‍ നിന്നും)


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories