TopTop
Begin typing your search above and press return to search.

കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കുന്നു, ചരിത്രമെഴുതിയ ചെറുത്തുനില്‍പ്പുമായി പുതിയ നാടകസംഘം; കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കുന്നു, ചരിത്രമെഴുതിയ ചെറുത്തുനില്‍പ്പുമായി പുതിയ നാടകസംഘം; കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു. ആദ്യ നാലു ഭാഗങ്ങള്‍ ഇവിടെ വായിക്കാം

ഭാഗം - 5

"നിറതോക്കും പേനയുമായി പൊരുതുന്ന കലാകാരാ അഭിവാദനമേകുന്നു"

ഘനഗംഭീരമായ ശബ്ദത്തില്‍ മുഴങ്ങിയ ആ ഈരടികള്‍ കേട്ട് നിറഞ്ഞ സദസ്സ് നിറുത്താതെ കയ്യടിച്ചു. എറണാകുളം ഗവണ്മെന്റ് ലാ കോളേജിന്റെ വാര്‍ഷികാഘോഷപരിപാടികളില്‍ ഫൈനല്‍ ഇയര്‍ ബി.എല്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച 'പൊരുതുന്ന കൊറിയ'എന്ന നിഴല്‍ നാടകത്തിന്റെ ഭരതവാക്യമായിരുന്നു ആ കവിതാശകലം. യുവ കമ്മ്യൂണിസ്റ്റ് കവി പുതുശ്ശേരി രാമചന്ദ്രന്‍ എഴുതിയ ആ വരികള്‍ സംഗീതാത്മകമായി ആലപിച്ച വിദ്യാര്‍ത്ഥി തന്നെയാണ് നാടകത്തിന്റെ സംവിധാനവും പശ്ചാത്തല വിവരണവും നിര്‍വഹിച്ചത്. അയാളുടെ പേര് ജനാര്‍ദ്ദനക്കുറുപ്പ് എന്നായിരുന്നു.

1950-കളുടെ ആരംഭത്തില്‍ എറണാകുളം ലാ കോളേജില്‍ പഠിച്ചിരുന്ന അല്‍പ്പം തന്റേടവും താന്‍പോരിമയും കൈമുതലായ ചെറുപ്പക്കാരുടെയെല്ലാം നേതാവായിരുന്നു ജനാര്‍ദ്ദനക്കുറുപ്പ്. അന്തരീക്ഷം വിറപ്പിക്കുമാറ് ഇടക്കിടയ്ക്കു പൊട്ടിച്ചിരിക്കുകയും ഉറക്കെ സംസാരിക്കുകയും ചെയ്യുന്ന, പ്രായത്തില്‍ മറ്റുള്ളവരെക്കാള്‍ അല്‍പ്പം മുതിര്‍ന്ന ആ യുവാവിനെ അധ്യാപകര്‍ പോലും ആദരവോടെയാണ് കണ്ടിരുന്നത്. കുറുപ്പിന്റെ സംഭവബഹുലമായ കഴിഞ്ഞകാല ജീവിതമായിരുന്നു അതിന്റെ കാരണം. കൊല്ലം പരവൂര്‍ സ്വദേശിയായ ജി. ജനാര്‍ദ്ദനക്കുറുപ്പ് തിരുവിതാംകൂറിലെ ദിവാന്‍ വാഴ്ചക്കെതിരെ നടന്ന ഉത്തവാദിത്വ പ്രക്ഷോഭത്തിന്റെയും അറസ്റ്റിന്റെയും പോലീസ് മര്‍ദ്ദനത്തിന്റെയും തടങ്കല്‍ ജീവിതത്തിന്റെയുമൊക്കെ തിളയ്ക്കുന്ന അനുഭവങ്ങളുടെ പിന്‍ബലത്തോടെയാണ് നിയമപഠനത്തിനെത്തിയത്. സി.പി രാമസ്വാമി അയ്യരെ വെട്ടിപ്പരുക്കേല്‍പ്പിച്ച് മൈലാപ്പൂരിലേക്കു പായിച്ച കെ സിഎസ് മണിയുടെ ആത്മമിത്രവും ഇടതുപക്ഷത്തിന്റെ സാഹസിക നേതാവ് എന്‍. ശ്രീകണ്ഠന്‍ നായരുടെ വലംകൈയുമായിരുന്നു കുറുപ്പ്. തിരുവതാംകൂര്‍ സമരത്തിന്റെ മുന്നണിപ്പോരാളി കെ.എന്‍. ഗോപാലക്കുറുപ്പിന്റെ ഇളയസഹോദരനും.

എം എന്‍ ഗോവിന്ദന്‍ നായര്‍, സി.കേശവന്‍, പട്ടം താണുപിള്ള

സ്വാതന്ത്ര്യലബ്ധിക്കു കുറച്ചു വര്‍ഷം മുന്‍പു തന്നെ സ്റ്റേറ്റ് കോണ്‍ഗ്രസിലെ ഇടതുപക്ഷക്കാരില്‍ ഒരു വിഭാഗം കെ. സി ജോര്‍ജ്, എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി തോമസ്, പി.ടി പുന്നൂസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ മറുവിഭാഗം സോഷ്യലിസ്റ്റുകാരായി തുടര്‍ന്നു. ശ്രീകണ്ഠന്‍ നായരും മത്തായി മാഞ്ഞൂരാനും നയിച്ച ആ വിഭാഗം കേരളാ സോഷ്യലിസ്റ്റ് പാര്‍ട്ടിയായി മാറി. ടി.കെ ദിവാകരനെയും ബേബി ജോണിനെയും പോലെയുള്ള തൊഴിലാളി നേതാക്കള്‍ക്കു പുറമെ കെ. ബാലകൃഷ്ണനും പി.കെ. ബാലകൃഷ്ണനും കെ.ആര്‍. ചുമ്മാറും സി.എന്‍. ശ്രീകണ്ഠന്‍ നായരും കെ. വിജയരാഘവനുമൊക്കെയടങ്ങുന്ന ധിഷണാശാലികളുടെ ഒരു സംഘവും കൂടിച്ചേര്‍ന്നതായിരുന്നു കെ എസ് പി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതിനേക്കാള്‍ ശക്തമായിരുന്ന ആ രാഷ്ട്രീയ മസ്തിഷ്‌കത്തിലെ പ്രധാനിയായിരുന്നു ജനാര്‍ദ്ദന കുറുപ്പ്.

പുനലൂര്‍ എന്‍ രാജഗോപാലന്‍ നായര്‍, ജി ജനാര്‍ദ്ദനക്കുറുപ്പ്

നേതൃപാടവത്തില്‍ മാത്രമല്ല, എടുത്തുചാട്ടത്തിലും തുല്യപ്രതിഭകളായിരുന്നു ശ്രീകണ്ഠന്‍ നായരും മത്തായി മാഞ്ഞൂരാനും. അവര്‍ തമ്മില്‍ പിണങ്ങിയപ്പോഴാണ് റെവലൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ജന്മമെടുക്കുന്നത്. ശ്രീകണ്ഠന്‍ നായരുമായി തെറ്റിയ കുറുപ്പ് ആര്‍എസ്പിയില്‍ ചേരാതെ രാഷ്ട്രീയം പാടേ ഉപേക്ഷിച്ച് നിയമപഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അപ്പോഴേക്കും ഒരു കുടുംബസ്ഥനായി മാറിയ കുറുപ്പ് ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനുമായി കഴിഞ്ഞിരുന്നു.

മദിരാശി ലാ കോളേജില്‍ പഠിച്ചിരുന്ന ജനാര്‍ദ്ദന കുറുപ്പിനെ കാണാന്‍ ഒളിവില്‍ കഴിയുന്ന ഒരു വിപ്ലവകാരി എത്തി. ഐതിഹാസികമായ ജയില്‍ചാട്ടത്തിനുശേഷം ഹൈദരാബാദില്‍ പോയി മടങ്ങുകയായിരുന്ന എം എന്‍ ഗോവിന്ദന്‍ നായരായിരുന്നു അത്. ഒപ്പം താമസിച്ച കുറച്ചുദിവസങ്ങള്‍ കൊണ്ട് എം.എന്‍ കുറുപ്പിനെ കമ്മ്യൂണിസത്തിലേക്കു ജ്ഞാനസ്നാനം ചെയ്തു. പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമാകുന്നതിനു വേണ്ടി എറണാകുളം ലോ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങണമെന്ന എമ്മെന്റെ നിര്‍ദേശമനുസരിച്ച് വര്‍ഷാവസാന പരീക്ഷ കഴിഞ്ഞപ്പോള്‍ കുറുപ്പ് എറണാകുളത്തേക്ക് ടി സി വാങ്ങി.

എന്‍ ശ്രീകണ്ഠന്‍ നായരും ബേബിജോണും

വര്‍ഷങ്ങള്‍ക്കുമുന്‍പ് മധുര അമേരിക്കന്‍ കോളേജില്‍ കെ.ബാലകൃഷ്ണനോടൊപ്പം വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ അവിടെ ഒരു ഹീറോ ആയിരുന്ന കുറുപ്പ് എറണാകുളം ലോ കോളേജിലും അടങ്ങിയിരിക്കാന്‍ കൂട്ടാക്കിയില്ല. ഒന്നാന്തരം പ്രഭാഷണശൈലിയുടെ ഉടമസ്ഥനായിരുന്നതുകൊണ്ട് ഡിബേറ്റുകളിലും മറ്റും കുറുപ്പിനെ തോല്‍പ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കുറുപ്പിന്റെ നേതൃപാടവത്തില്‍ ആകൃഷ്ടരായ കുറേ ചെറുപ്പക്കാര്‍ ഏതു കാര്യങ്ങള്‍ക്കും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അവരുടെ കൂട്ടത്തില്‍ ഒന്നാമനായിരുന്നു പുനലൂര്‍ എന്‍. രാജഗോപാലന്‍ നായര്‍.

പുനലൂരിലെ അറിയപ്പെട്ട ഒരു ഫ്യൂഡല്‍ കുടുംബത്തില്‍ ജനിച്ച എന്‍. രാജഗോപാലന്‍ നായര്‍ ബിരുദമെടുത്തശേഷം ഒരു വര്‍ഷത്തിലേറെക്കാലം അവിടുത്തെ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. തുടര്‍ന്ന് ആലുവ സെയില്‍സ് ടാക്സ് ഓഫീസര്‍ ഉദ്യോഗത്തിലിരിക്കുമ്പോള്‍ യൂണിയന്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്തായി. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി. ഒരു തീപ്പൊരി പ്രാസംഗികനായിരുന്ന രാജഗോപാലന്‍ നായര്‍ വിപ്ലവ കവിതകളും ഗാനങ്ങളും എഴുതുകയും പാടുകയും ചെയ്യുമായിരുന്നു. കഥാപ്രസംഗരംഗത്തും തിളങ്ങിനിന്നു.

കല്‍ക്കത്താ തിസീസിനെ തുടര്‍ന്നുള്ള നാളുകളില്‍ നിരോധിക്കപ്പെട്ട യോഗത്തില്‍ പ്രസംഗിച്ചതിന്റെ പേരില്‍ രാജഗോപാലന്‍ നായരെ അറസ്റ്റ് ചെയ്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു. ജയിലില്‍ ലഹളയുണ്ടാക്കിയതിന് നേതൃത്വം കൊടുത്തതിന് ഭീകരമര്‍ദ്ദനത്തിനിരയായി.

പിന്നീട് തിരുവനന്തപുരം ലോ കോളേജില്‍ എഫ്.എല്‍ പഠനത്തിനായി ചേര്‍ന്ന രാജഗോപലന്‍ നായര്‍ 'ഇടതുപക്ഷം' എന്ന വാരിക നടത്തി. ആറുമാസം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ആ പ്രസിദ്ധീകരണം നിരോധിച്ചു.

ബി എല്‍ ബിരുദമെടുക്കാനായി രാജഗോപാലന്‍ നായര്‍ ചേര്‍ന്നത് എറണാകുളം ലാ കോളേജിലാണ്. അവിടെവച്ചാണ് ജനാര്‍ദ്ദനക്കുറുപ്പിനെ കണ്ടുമുട്ടുന്നത്. സോഷ്യലിസ്റ്റു രാഷ്ട്രീയമുപേക്ഷിച്ച് കമ്മ്യൂണിസത്തിലേക്ക് അടുത്തുകൊണ്ടിരുന്ന കുറുപ്പിന്റെ സന്തതസഹചാരിയാകാന്‍ രാജഗോപാലന്‍ നായര്‍ക്ക് അധികം നാളുകള്‍ വേണ്ടി വന്നില്ല. നല്ലതും ചീത്തയുമായ എല്ലാ സാഹസങ്ങളിലും കുറുപ്പിന്റെ വലം കൈയായി രാജഗോപാലന്‍ നായരുമുണ്ടായിരുന്നു. മനസ്സില്‍ വിചാരിച്ച കാര്യം നടന്നുവെന്നു കണ്ടാല്‍ രാജഗോപാലന്‍ നായരുടെ സന്തോഷം പുറത്തു വരാറുള്ളത് ഒരു മുദ്രാവാക്യം വിളിയിലൂടെയായിരുന്നു.

'ഗിബ്ബാര്‍!'

ലോ കോളജിന്റെ വാര്‍ഷികാഘോഷം എത്തി. എന്തെങ്കിലും വ്യത്യസ്തമായ പരിപാടി അവതരിപ്പിക്കണമെന്ന് കുറുപ്പും കൂട്ടരും തീരുമാനിച്ചു. അതിന് പറ്റിയ ഒരു വിഷയം അവര്‍ കണ്ടെത്തുകയും ചെയ്തു. 1950-കളുടെ തുടക്കത്തില്‍ ലോകരാഷ്ട്രീയത്തെ കലുഷിതമാക്കിയ കൊറിയന്‍ യുദ്ധം. അമേരിക്കന്‍ കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ കുറുപ്പ് അവതരിപ്പിച്ചു വിജയിപ്പിച്ചിട്ടുള്ള സങ്കേതമാണ് നിഴല്‍ നാടകം. അരങ്ങത്തു സജ്ജീകരിച്ചിരിക്കുന്ന വെള്ള തിരശ്ശീലയുടെ പിന്‍ഭാഗത്ത് സ്ഥാനം പിടിച്ചുകൊണ്ട്, ആംഗ്യ വിക്ഷേപത്തിലൂടെ നാടകീയരംഗങ്ങള്‍ അവതരിപ്പിക്കുന്ന സമ്പ്രദായമാണ് നിഴല്‍ നാടകം എന്ന് അറിയപ്പെട്ടിരുന്നത്. പുറകില്‍ നിന്ന് വിന്യസിപ്പിക്കുന്ന പ്രകാശത്തിന്റെ സഹായത്തോടെ ആ ആംഗ്യചലനങ്ങളെ തിരശ്ശീലയില്‍ നിഴല്‍രൂപങ്ങളായി പ്രതിഫലിപ്പിക്കുന്നതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. കുറുപ്പും രാജഗോപാലന്‍ നായരും കൂടി എഴുതി തയ്യാറാക്കിയ 'പൊരുതുന്ന കൊറിയ' എന്ന ആ നാടകത്തില്‍ അഭിനയിച്ച എല്ലാവരും തന്നെ കമ്മ്യൂണിസ്റ്റ് അനുഭാവികളായ ചെറുപ്പക്കാരായിരുന്നു. എം. കല്യാണകൃഷ്ണന്‍ നായര്‍, കെ.കെ കുറുപ്പ്, വര്‍ഗ്ഗീസ്, സുകുമാരന്‍ എന്നിവരാണ് രാജഗോപാലന്‍ നായരോടൊപ്പം നിഴല്‍രൂപങ്ങളായി അഭിനയിച്ചത്.

1952ല്‍ കൊല്ലത്ത് ആര്‍. ശങ്കറിനെ തോല്‍പ്പിച്ച ടി.കെ ദിവാകരന്‍

നാടകം ഒരു വന്‍വിജയമായി മാറി. അപ്പോഴേക്കും കലാലയവര്‍ഷം അവസാനിച്ചു. കുറുപ്പും രാജഗോപാലന്‍ നായരുമെല്ലാം അഭിഭാഷക വൃത്തിയിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. എറണാകുളത്തെ പ്രസിദ്ധമായ ഭാരത് കഫേ ടൂറിസ്റ്റുഹോമിന്റെ ഉടമ ഗോവിന്ദസ്വാമിയുടെ വകയായ ഒരു വാടകക്കെട്ടിടത്തിലാണ് അന്ന് കുറുപ്പ് താമസിച്ചിരുന്നത്. അവിടേക്ക് ഒരു ദിവസം രാജഗോപാലന്‍ നായര്‍ എത്തിയത് പുതിയൊരാശയവുമായിട്ടാണ്. ഐസ്‌ക് തോമസ്, എസ്. പ്രഭാകരന്‍ നായര്‍ എന്നീ സുഹൃത്തുക്കളുമുണ്ടായിരുന്നു രാജഗോപാലന്‍ നായര്‍ക്കൊപ്പം.

വിശ്വസാഹിത്യകാരനായ ദസ്തേയ്വ്സ്‌ക്കിയുടെ വിഖ്യാതമായ കാരമസോവ് സഹോദരന്മാര്‍ അരങ്ങിലെത്തിക്കുക - ഇതായിരുന്നു രാജഗോപാലന്‍ നായരുടെയും സുഹൃത്തുക്കളുടെയും ആശയം. നാടകം കളിക്കുക മാത്രമല്ല, അതിനായി ഒരു ജനകീയകലാസമിതി രൂപീകരിക്കുക എന്നതുകൂടി അവരുടെ അജണ്ടയിലുണ്ടായിരുന്നു. അതിനായുള്ള ചര്‍ച്ചകള്‍ കുറേ നടന്നെങ്കിലും നാടകമോ നാടകസംഘമോ ഒന്നും സംഭവിച്ചില്ല.

ചങ്ങാതികള്‍ പലവഴിക്ക് പിരിഞ്ഞുപോയി. തിരു-കൊച്ചി സംസ്ഥാനത്തും ഇന്ത്യയിലുടനീളവും ഉടലെടുത്ത രാഷ്ട്രീയ സംഭവവികാസങ്ങളായിരുന്നു അതിന്റെ ഒരു കാരണം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. ഒപ്പം തിരു-കൊച്ചി നിയമസഭയിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പും. അപ്പോഴേക്കും രാജഗോപാലന്‍ നായരും ജനാര്‍ദ്ദനക്കുറുപ്പും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകരായി മാറിക്കഴിഞ്ഞിരുന്നു. പാര്‍ട്ടിയാകട്ടെ 1948 ലെ കല്‍ക്കത്താ തീസിസും തുടര്‍ന്നുള്ള വിപ്ലവപ്രവര്‍ത്തനവും നിരോധനവുമേല്‍പ്പിച്ച കെടുതികളില്‍ നിന്ന് പതുക്കെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന അവസരമായിരുന്നു അത്.

രണ്ടാം ലോകയുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ പങ്കാളിയായതോടെ, ബ്രിട്ടീഷ് ഗവണ്മെന്റിനെ അനുകൂലിക്കുന്ന 'ജനകീയ യുദ്ധ' നിലപാട് കൈക്കൊണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു. സാധാരണക്കാരന്റെ ഹൃദയത്തുടിപ്പുകള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) പോലെയുള്ള കലാപ്രസ്ഥാനങ്ങളിലൂടെയും കര്‍ഷക ബഹുജന സമരങ്ങളിലൂടെയുമാണ് പാര്‍ട്ടി ജനപിന്തുണ വീണ്ടെടുത്തത്. ജനറല്‍ സെക്രട്ടറി പൂര്‍ണചന്ദ്ര ജോഷിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി സ്വതന്ത്ര ഇന്ത്യയിലെ നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയായി.എന്നാല്‍ 1948 ഫെബ്രുവരിയില്‍ പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ് കല്‍ക്കത്തയില്‍ ചേര്‍ന്നതോടെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു.

ബി ടി രണദിവെ, ഡോ. ജി അധികാരി, പി സി ജോഷി

പി.സി ജോഷിയെ 'റിവിഷനിസ്റ്റ്' എന്ന മുദ്രകുത്തി തീവ്രനിലപാടുകളുള്ള ബി.ടി രണദിവെയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ആറു മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ കൈവരിച്ച സ്വാതന്ത്ര്യത്തെ അംഗീകരിക്കാന്‍ രണദിവെ അവതരിപ്പിച്ച തീസിസ് കൂട്ടാക്കിയില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പക്കല്‍നിന്ന് നാടുവാഴിയുടേയും ബൂര്‍ഷ്വാസിയുടെയും കൈകളിലേക്ക് കൈമാറിക്കിട്ടിയ അധികാരമായാണ് നെഹ്റു ഗവണ്‍മെന്റിനെ രണദിവെ വിലയിരുത്തിയത്. തൊഴിലാളി-കര്‍ഷക-ബഹുജന വിഭാഗങ്ങള്‍ അണിചേര്‍ന്നുകൊണ്ടുള്ള സായുധകലാപത്തിലൂടെ ഭരണകൂടത്തെ അട്ടിമറിക്കാനും തൊഴിലാളിവര്‍ഗ്ഗ ഭരണം സ്ഥാപിക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചത് തൊട്ടുപിന്നാലെ പാര്‍ട്ടി നിരോധിക്കപ്പെട്ടു. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റിലാകുകയും ചെയ്തു. ഒരുപാട് പേര്‍ ഒളിവില്‍പ്പോയി. നിരവധി പേര്‍ പോലീസ് മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടു. സ്വത്തുക്കള്‍ കണ്ടുകെട്ടപ്പെട്ടു. പാര്‍ട്ടി ഒരിക്കല്‍കൂടി ജനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും അകന്നു.

1950-ന്റെ തുടക്കത്തിലാണ് തിരുവിതാംകൂറില്‍ ഔദ്യോഗികമായി പാര്‍ട്ടി നിരോധിക്കപ്പെട്ടത്. അതിനുമുന്‍പുതന്നെ പാര്‍ട്ടി പ്രവര്‍ത്തകരും ബന്ധുക്കളും വേട്ടയാടപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ആ വര്‍ഷത്തിന്റെ അവസാനത്തോടെ പാര്‍ട്ടിയുടെ നയപരിപാടികളില്‍ കാതലായ മാറ്റംവന്നു. ജനകീയ സമരങ്ങളിലൂടെയും ജനാധിപത്യ പ്രവര്‍ത്തനങ്ങളിലൂടെയും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. ജനകീയ കലാസമിതിയും മറ്റും രൂപീകരിച്ച് ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള പരിപാടികള്‍ തുടങ്ങി. ലോ കോളേജിലെ ചെറുപ്പക്കാരുടെ നാടകസംരംഭങ്ങളുടെ പിറകിലും അങ്ങനെയൊരു പശ്ചാത്തലമുണ്ടായിരുന്നു.

1948-ല്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ ആദ്യ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ പട്ടം താണുപിള്ള ആറുമാസം പിന്നിടുമ്പോഴേക്കും സ്റ്റേറ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു വലിയ വിഭാഗത്തിന്റെ അപ്രീതിക്ക് പാത്രമായി. പട്ടത്തിന്റെ സ്വേച്ഛാധിപത്യ പ്രവണതയ്ക്കെതിരെ അണിനിരന്ന മറ്റു നേതാക്കളോട് അദ്ദേഹം പ്രതികരിച്ചത് പാര്‍ട്ടി അധ്യക്ഷ സ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും രാജിവെച്ചുകൊണ്ടാണ്. അതിനു പിന്നാലെ സ്റ്റേറ്റ് കോണ്‍ഗ്രസിലെ പ്രാഥമിക അംഗത്വവും ഉപേക്ഷിച്ച അദ്ദേഹം ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായി. തുടര്‍ന്ന് പ്രധാനമന്ത്രിയായ പറവൂര്‍ ടി.കെ നാരായണപിള്ളയുടെ കാലത്താണ് തിരു-കൊച്ചി സംയോജനം നടന്നത്. പാര്‍ട്ടിക്കുള്ളിലെ കലാപത്തെ തുടര്‍ന്ന് തിരു-കൊച്ചി മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ പറവൂര്‍ ടി.കെയ്ക്കുശേഷം അധികാരമേറ്റത് സര്‍വ്വാദരണീയനായ സി.കേശവനാണ്. പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിലുള്ള കൊച്ചിയിലെ നിയമസഭാ സാമാജികര്‍ എതിര്‍പ്പിന്റെ നിലപാട് സ്വീകരിച്ചതോടെ ആ ഗവണ്‍മെന്റും രാജിവച്ചൊഴിഞ്ഞു. പൊതുതിരഞ്ഞെടുപ്പിനോടൊപ്പം തിരു-കൊച്ചി നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പും പ്രഖ്യാപിക്കപ്പെട്ടു.

എ.ജെ ജോണ്‍, മത്തായി മാഞ്ഞൂരാന്‍

പൂര്‍ണ്ണമായും നിരോധനം പിന്‍വലിക്കപ്പെട്ടിട്ടില്ലാത്തതിനെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതാക്കള്‍ സ്വതന്ത്രരായാണ് മത്സരിച്ചത്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനായി ഇടതുപക്ഷ രാഷ്ട്രീയ കക്ഷികളുടെ ഐക്യമുന്നണി രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയ പാര്‍ട്ടിയോടൊപ്പം ആര്‍.എസ്.പി, കെ.എസ്.പി എന്നീ പാര്‍ട്ടികളും ചേര്‍ന്നു. ജയിലിലും ഒളിവിലുമായി വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയ നേതാക്കള്‍ തിരഞ്ഞെടുപ്പ് വേദിയില്‍ എത്തിയപ്പോള്‍ ജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. പുന്നപ്ര വയലാര്‍ സമരത്തിന്റെ വീരനായകനായ ടി.വി തോമസും നാഗര്‍കോവില്‍ ക്ഷയരോഗാശുപത്രിയില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട എം.എന്‍ ഗോവിന്ദന്‍ നായരും സി. അച്യുതമേനോനും സി.കെ. കുമാരപ്പണിക്കരും ആര്‍. സുഗതനും അടങ്ങുന്ന ജനകീയ നേതാക്കളുടെ ഒരു വലിയ നിരയാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തുണ്ടായത്.

കൊല്ലം ജില്ലയിലെ പത്തനാപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി കണ്ടെത്തിയത് പുനലൂരിലെ ഒരു പ്രബല കുടുംബാംഗമായ എന്‍. രാജഗോപാലന്‍ നായരെയാണ്. ജനാര്‍ദ്ദനക്കുറുപ്പ് ഐക്യമുന്നണിയുടെ മുഖ്യപ്രചാരകരിലൊരാളായി. 1951 ഡിസംബര്‍ മുതല്‍ 52 ജനുവരി മാസം വരെ നീണ്ടുനിന്ന തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ പാര്‍ട്ടി 25 സീറ്റുകള്‍ നേടി. ടി.വി, എം.എന്‍, അച്യുതമേനോന്‍, കുമാരപ്പണിക്കര്‍, കെ.ആര്‍ ഗൗരി, കെ.പി പ്രഭാകരന്‍, സി.കെ വിശ്വനാഥന്‍, സി.ജി സദാശിവന്‍, പി. ഗോവിന്ദപ്പിള്ള, കാമ്പിശ്ശേരി കരുണാകരന്‍, പുനലൂര്‍ എന്‍. രാജഗോപാലന്‍ നായര്‍ എന്നിവരെല്ലാം വിജയികളായി. തമിഴ്നാട് കോണ്‍ഗ്രസിന്റെ സഹായത്തോടെ കോണ്‍ഗ്രസ് നേതാവ് എ.ജെ ജോണ്‍ മന്ത്രിസഭ രൂപീകരിച്ചു. പട്ടം താണു പിള്ള, ടി എം വര്‍ഗീസ്, സി കേശവന്‍, പനമ്പിള്ളി ഗോവിന്ദമേനോന്‍, കെ പി നീലകണ്ഠപിള്ള, പി.എസ് നടരാജ പിള്ള, വി.ആര്‍ കൃഷ്ണനെഴുത്തച്ഛന്‍, കെ കരുണാകരന്‍... അതികായന്മാര്‍ നിറഞ്ഞു നിന്ന സഭയായിരുന്നു അത്. ടി.വി തോമസും ടി.കെ ദിവാകരനുമാണ് പ്രതിപക്ഷത്തിന്റെ അക്ഷൗഹിണിയെ നയിച്ചത്.

തെരഞ്ഞെടുപ്പിന്റെ ബഹളമൊക്കെ ഒന്നു ശമിച്ചതോടെ രാജഗോപാലന്‍ നായരിലെ കലാകാരന്‍ വീണ്ടുമുണര്‍ന്നു. ഒരു ജനകീയ കലാപ്രസ്ഥാനം ഉയിരെടുക്കാന്‍ ഏറ്റവും അനുയോജ്യമായ സമയവും സാഹചര്യങ്ങളും സമാഗതമായി എന്ന തോന്നലോടെ സുഹൃത്തുക്കള്‍ വീണ്ടുമൊത്തുചേര്‍ന്നു. ജനാര്‍ദ്ദനകുറുപ്പ് താമസിച്ചിരുന്ന കരുനാഗപ്പള്ളിക്കടുത്തുള്ള മാരാരിത്തോട്ടത്തിലെ ഭാര്യവീട്ടിലും എംഎല്‍എ മാരുടെ വാസസ്ഥലമായ തിരുവനന്തപുരത്തെ സേവിയേഴ്‌സിലും തമ്പാനൂരുള്ള സി പി സത്രത്തിലുമൊക്കെ ചര്‍ച്ചകള്‍ കൊണ്ടു പിടിച്ചു നടന്നു.

പുതിയ നാടക സമിതിക്ക് രാജഗോപാലന്‍ നായര്‍ ഒരു പേര് നിര്‍ദ്ദേശിച്ചു. ജനകീയ കലാ സമിതി.

അപ്പോള്‍ കുറുപ്പ് അതിന് ഒരു ഭേദഗതി മുന്നോട്ടു വെച്ചു. പേര് ഇംഗ്ലീഷിലാക്കാം. കേരളാ പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്ബ്. ചുരുക്കപ്പേരായി കെപിഎസി എന്നു വിളിക്കാം. രാജഗോപാലന്‍ നായര്‍ക്ക് ആഹ്ലാദം അടക്കാനായില്ല.

'ഗിബ്ബാര്‍ !'

അങ്ങനെ 1952-ലെ ആ സന്ധ്യയില്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വച്ച കലാസമിതി പൂര്‍ണ്ണ ജനകീയ നാടകപ്രസ്ഥാനമായി രൂപാന്തരപ്പെട്ടുകൊണ്ട് ഒരു ചരിത്രദൗത്യം നിറവേറ്റാനുള്ള നിയോഗമേറ്റെടുക്കുകയായിരുന്നു.

(അടുത്ത ഭാഗം: 'എന്റെ മകനാണ് ശരി')


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍

Next Story

Related Stories