TopTop
Begin typing your search above and press return to search.

'വള കിലുക്കി... നല്ല വള കിലുക്കി' വി.ജെ.ടി ഹാളില്‍; വയലാര്‍, ദേവരാജന്‍, ഒഎന്‍വി, മലയാറ്റൂര്‍ മുന്‍നിരയിലേക്ക്; കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു നാടക കാലത്തിന്റെ ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു. ആദ്യ ആറു ഭാഗങ്ങള്‍ ഇവിടെ വായിക്കാം.

ഭാഗം 7

1949 ഏപ്രില്‍ മാസത്തിലെ ആ ദിവസം കൊല്ലം പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ബേബി ടാക്കീസും പരിസരവുമാകെ സംഘര്‍ഷഭരിതമായിരുന്നു. അകത്തു നിന്നുയരുന്ന വാദകോലാഹലങ്ങള്‍ക്കും പോര്‍വിളികള്‍ക്കുമിടയില്‍ 'രൂപ ഭദ്രന്‍', 'തെണ്ടിവര്‍ഗ്ഗ സാഹിത്യകാരന്‍' തുടങ്ങിയ അധിക്ഷേപ പ്രയോഗങ്ങളും ഉയര്‍ന്നുകേള്‍ക്കാം. അഖില കേരള പുരോഗമന സാഹിത്യ സമ്മേളനത്തില്‍ എം പി പോള്‍, ജോസഫ് മുണ്ടശ്ശേരി, തകഴി ശിവശങ്കരപ്പിള്ള, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, പി ഭാസ്‌കരന്‍ തുടങ്ങിയവരെ കമ്മ്യൂണിസ്റ്റ് ചേരിയില്‍പ്പെട്ട ചെറുകാട്, വി.ടി ഇന്ദുചൂഢന്‍, കെ പി ജി നമ്പൂതിരി, എം എസ് ദേവദാസ് എന്നിവരുടെ നേതൃത്വത്തില്‍ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.

ഈ കോലാഹലങ്ങളെല്ലാം നിശ്ശബ്ദം കണ്ടുകൊണ്ട് ആരുടെ പക്ഷത്തു ചേരണമെന്നറിയാതെ കൗമാരാതീതപ്രായക്കാരായ രണ്ടു കവികള്‍ ഒരിടത്തുമാറിയിരിപ്പുണ്ട്. അതിലൊരാളാണ് അന്നു വൈകുന്നേരം ചങ്ങമ്പുഴയുടെ പേരിലുള്ള സ്വര്‍ണമെഡല്‍ പ്രസിദ്ധ എഴുത്തുകാരന്‍ കെ.എ അബ്ബാസില്‍ നിന്ന് ഏറ്റുവാങ്ങാന്‍ പോകുന്നത്. 'അരിവാളും രാക്കുയിലും' എന്ന ആ കവിത എഴുതിയ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥി ഒ.എന്‍.വി കുറുപ്പ് ആയിരുന്നു. മറ്റെയാളും അറിയപ്പെട്ടു തുടങ്ങിയ കവിയാണ്; 'പാദമുദ്രകള്‍' എന്ന സമാഹാരത്തിലൂടെ ശ്രദ്ധേയനായ വയലാര്‍ രാമവര്‍മ്മ.

വിദ്യാര്‍ത്ഥികളായ ഒഎന്‍വി, വയലാര്‍ രാമവര്‍മ്മ, വി സാംബശിവന്‍, കല്ലട ശശി

'ഇന്‍ക്വിലാബി'ന്റെ കര്‍ത്താവായ അബ്ബാസിന്റെ കൈയ്യില്‍ നിന്ന് അന്നു വൈകിട്ട് സമ്മാനജേതാവ് ഏറ്റുവാങ്ങിയ കവറില്‍ സ്വര്‍ണ്ണമെഡലൊന്നുമുണ്ടായിരുന്നില്ല. കാരണം അബ്ബാസിനെയും ഭാര്യയെയും ബോംബെയിലേക്ക് തിരിച്ചയക്കാനുള്ള ടിക്കറ്റ് എടുക്കാനുള്ള കാശിനു വേണ്ടി സമ്മേളനത്തിന്റെ ചുമതലക്കാരനായ പൊന്‍കുന്നം വര്‍ക്കി നെട്ടോട്ടമോടുകയായിരുന്നു. ഒ.എന്‍വിക്കതില്‍ വിഷമമൊന്നും തോന്നിയില്ല. ദുഃഖം തോന്നിയത് ഒറ്റ വോട്ടിന് കമ്മ്യൂണിസ്റ്റ് പക്ഷം ജയിച്ചതോടെ പുരോഗമന സാഹിത്യ പ്രസ്ഥാനം നെടുകെ പിളര്‍ന്നതിലായിരുന്നു.

കൊല്ലത്തെ പ്രസിദ്ധനായ ആയുര്‍വേദ വൈദ്യനും ശ്രീമൂലം പ്രജാസഭാംഗവുമൊക്കെയായിരുന്ന ഒ.എന്‍ കൃഷ്ണക്കുറുപ്പിന്റെ മകന്‍ പക്ഷെ, അച്ഛന്റെ അകാല വേര്‍പാട് മൂലം കഷ്ടപ്പാടുകളറിഞ്ഞാണ് വളര്‍ന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇന്റര്‍മീഡിയറ്റ് പാസ്സായി കൊല്ലം എസ്.എന്‍ കോളേജില്‍ ബി.എയ്ക്ക് ചേര്‍ന്നപ്പോഴാണ് ഒ.എന്‍.വി പുരോഗമന പ്രസ്ഥാനത്തില്‍ സജീവമാകുന്നത്. ആദ്യം കെ എസ് പിയുടെ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെ പ്രതിനിധിയായി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ച്, സ്റ്റുഡന്റസ് ഫെഡറേഷന്‍ സ്ഥാനാര്‍ഥി ഒ. മാധവനോട് തോറ്റെങ്കിലും അടുത്ത വര്‍ഷം എസ് എഫ് സ്ഥാനാര്‍ഥിയായി തന്നെ വിജയിച്ചു. കവിയും പാര്‍ലമെന്റിലെ ഇടതുപക്ഷ സഹയാത്രികനുമായ ഹരീന്ദ്രനാഥ് ചതോപാധ്യായയെ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് കൊണ്ടുവന്നതിന്റെയും മറ്റും പേരില്‍ കോളേജ് അധികൃതര്‍ ഒ.എന്‍.വിക്കും സഹപാഠി വെളിയം ഭാര്‍ഗ്ഗവനും പരീക്ഷക്ക് ഹാള്‍ ടിക്കറ്റ് നല്‍കിയില്ല. ഒടുവില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി എം.എയ്ക്ക് ചേരാന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ചെന്നപ്പോള്‍, രാഷ്ട്രീയകാരണം കൊണ്ടു തന്നെ, ആ വര്‍ഷത്തെ അഡ്മിഷന്‍ കഴിഞ്ഞു പോയതുകൊണ്ട് ഒരു വര്‍ഷം വരെ കാത്തിരിക്കണമെന്നാവശ്യപ്പെട്ടു. വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ തോന്നാത്തതുകൊണ്ട് പെരുന്താന്നി സോമന്‍ നായര്‍ എന്നൊരു സഖാവ് തുടങ്ങിയ ജനതാ ട്യൂട്ടോറിയലിലെ അധ്യാപകനായി. അവിടെ തന്നെ താമസവും. കൗമുദിയിലും ജനയുഗത്തിലും മറ്റും പ്രസിദ്ധീകരിച്ച കവിതകളിലൂടെ ഒ.എന്‍.വി, പി ഭാസ്‌കരന്‍, വയലാര്‍ എന്നിവര്‍ക്കൊപ്പം യുവവിപ്ലവകവിനിരയില്‍ പ്രമുഖ സ്ഥാനം നേടിക്കഴിഞ്ഞിരുന്നു. കാമ്പിശ്ശേരിയും ജനാര്‍ദ്ദനക്കുറുപ്പും രാജഗോപാലന്‍ നായരുമൊക്കെയായി നേരത്തേ തന്നെ പരിചയമുള്ളതു കൊണ്ട് കെ.പി.എ.സി പിറവിയെടുത്ത നാള്‍ മുതല്‍ ഒഎന്‍വിയും ഒപ്പമുണ്ടായിരുന്നു.

ഇന്റര്‍മീഡിയററ്റിനു പഠിക്കുമ്പോഴാണ് ഒഎന്‍വി തന്റെ ആത്മമിത്രത്തെ കണ്ടു മുട്ടുന്നത്.

യൂണിവേഴ്‌സിറ്റി കോളേജിലെ അക്കൊല്ലത്തെ മലയാളസമാജം പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത് ജി ശങ്കരക്കുറുപ്പാണ്. ജിയെ കാണാനും പ്രസംഗം കേള്‍ക്കാനും ചെന്നതായിരുന്നു ഒ എന്‍ വി.

'വെല്‍ക വെല്‍ക ജയ ശാലിനി പാവനി....' പതിവ് പ്രാര്‍ത്ഥനാ ഗാനത്തിനുപകരം ഭാരത മാതാവിനെ സ്തുതിക്കുന്ന ഗാനമാലപിക്കുന്ന സീനിയര്‍ ക്ലാസ്സിലെ വിദ്യാര്‍ത്ഥി മനസ്സില്‍ പതിഞ്ഞു. തൂവെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച, കറുത്തു മെലിഞ്ഞു പൊക്കം കുറഞ്ഞ ആ പത്തൊന്‍പതുകാരന്റെ പേര് ദേവരാജന്‍ എന്നായിരുന്നു. പ്രസിദ്ധ മൃദംഗ വിദ്വാന്‍ പരവൂര്‍ കൊച്ചുഗോവിന്ദനാശാന്റെ മകന്‍. സംഗീതത്തില്‍ അഗാധജ്ഞാനം ഗുരുവായ അച്ഛനില്‍ നിന്ന് പകര്‍ന്നുകിട്ടിയ ദേവരാജനും ഒ എന്‍ വിയെപ്പോലെ അന്തര്‍മുഖനായിരുന്നു. സംഗീതത്തോടുള്ള പ്രണയം അവരെ ആത്മസുഹൃത്തുക്കളാക്കി. ഒ എന്‍ വി കൊല്ലം എസ് എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ദേവരാജന്‍ അവിടെ നിത്യസന്ദര്‍ശകനായി. പതിനെട്ടാം വയസ്സില്‍ അരങ്ങേറ്റം നടത്തിക്കൊണ്ട് ശാസ്ത്രീയ സംഗീതക്കച്ചേരിയുടെ വേദികളില്‍ സജീവമായി. സാഹിത്യത്തെ, പ്രത്യേകിച്ച് കവിതകളെ ഇഷ്ടപ്പെട്ടിരുന്നതു കൊണ്ട് കവിതകള്‍ക്ക് ഈണം പകര്‍ന്ന് അവയെ ഭാവഗീതങ്ങളാക്കി മാറ്റാന്‍

ദേവരാജന് പ്രത്യേക താത്പര്യമായിരുന്നു. ആശാന്റെയും ചങ്ങമ്പുഴയുടെയുമൊക്കെ കവിതകള്‍ക്ക് ദേവരാജന്‍ സംഗീതം നല്‍കി. അക്കൂട്ടത്തില്‍ ഒരുനാള്‍ ഒ എന്‍ വിയുടെ 'ഇരുളില്‍ നിന്നൊരു ഗാനം' എന്ന കവിതയും ചിട്ടപ്പെടുത്തി. 1950-കളുടെ തുടക്കത്തില്‍ വൈക്കം ചന്ദ്രശേഖരന്‍ നായരുടെ പത്രാധിപത്യത്തില്‍ കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളം എന്ന പത്രത്തിലാണ് ഈ കവിത വന്നത്. ശങ്കരാഭരണ രാഗത്തില്‍ ആ ഗാനം ദേവരാജന്‍ പാടിക്കേട്ടപ്പോള്‍ കവിതക്ക് ഒരു പ്രത്യേക സൗന്ദര്യം കൈവന്നതായി ഒ എന്‍ വിക്ക് തോന്നി. ഒ എന്‍ വി, എസ്.എന്‍ കോളേജ് യൂണിയന്‍ സ്പീക്കറായിരിക്കുമ്പോള്‍ കോളേജില്‍ നടന്ന ഒരു ചടങ്ങില്‍ ദേവരാജനെ പരിചയപ്പെടുത്തിയിട്ട് അറിയിച്ചു.

'ഇനി ദേവരാജന്‍ ഒരു പാട്ടു പാടും'.

അന്ന് ദേവരാജന്‍ കവിതയുടെ വിരുത്തവും ആദ്യത്തെ വരികളും പാടി നിറുത്തി. എല്ലാവരും ആവേശത്തോടെ കൈയ്യടിച്ചു. കുറേ നാള്‍ കഴിഞ്ഞ് ജയില്‍ വിമോചിതനായ എ.കെ ഗോപാലന് കോളേജ് അങ്കണത്തില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ വെച്ച് ദേവരാജന്‍ ഇരുളില്‍ നിന്നൊരു ഗാനം മുഴുവന്‍ പാടി.

'പൊന്നരിവാളമ്പിളിയില്‍

കണ്ണെറിയുന്നോളേ !

ആ മരത്തിന്‍ പൂന്തണലില്

വാടി നില്‍ക്കുന്നോളേ!

പുല്‍ക്കുടിലിന്‍ നെല്‍ക്കതിരാം കൊച്ചുറാണിയാളേ!

കണ്‍കുളിരേ നിനക്കു വേണ്ടി നമ്മളൊന്നു പാടാം!'...

ദേവരാജനും ഒഎന്‍വിയും

കെ പി എ സിയുടെ തുടക്കം മുതല്‍ സംഘാടകരിലൊരാളായി കൂട്ടത്തിലുണ്ടായിരുന്ന ഒഎന്‍വി കുറുപ്പ് തന്നെയാണല്ലോ സ്വാഭാവികമായും, 'എന്റെ മകനാണ് ശരി'ക്കു പാട്ടെഴുതേണ്ടത്. ഒ എന്‍ വി അതിനു തയ്യാറുമായിരുന്നു. പക്ഷെ സംഗീതം പകരാന്‍ ദേവരാജന്‍ വേണമെന്നായിരുന്നു ഒ എന്‍ വിയുടെ ആഗ്രഹം. ആ ആഗ്രഹം നടന്നില്ല.

ആ കഥ ഒ എന്‍ വി പറയുന്നു: ''കുറച്ചൊക്കെ സംഗീതമറിയുമെന്ന് അഭിമാനിച്ചിരുന്ന രാജഗോപാലന്‍ നായര്‍ക്ക് പഴയ ചില പ്രസിദ്ധ കീര്‍ത്തനങ്ങളുടെ 'മട്ട്' ഒപ്പിച്ച് പാട്ടെഴുതുക എന്നല്ലാതെ പുതുതായി സ്വരപ്പെടുത്തുന്നതിനെപ്പറ്റി അനുകൂല അഭിപ്രായമൊന്നുമുണ്ടായിരുന്നില്ല. എന്നോട് പാട്ടെഴുതണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 'ട്യൂണ്‍' ചെയ്യാന്‍ ദേവരാജന്‍ വേണമെന്ന് ഞാന്‍ ശഠിച്ചു. ഒരു ദിവസം ദേവരാജനെ ഒന്നു കാണാന്‍ അദ്ദേഹം തയ്യാറായി. ഞാന്‍ കൂട്ടിക്കൊണ്ടു ചെന്നു - മെലിഞ്ഞു കറുത്ത ഒരു പയ്യന്‍ മുന്നില്‍ വന്നിരിക്കുന്നതു കണ്ടപ്പോള്‍ 'ഇയാളെയാണോ ഒഎന്‍വി കൂടിയേ തീരൂ' എന്നു പറഞ്ഞതെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. പൊടുന്നനെ രാജഗോപാലന്‍ നായര്‍ പറഞ്ഞു. 'ഇയാളുടെ പാട്ടൊന്നു കേള്‍ക്കട്ടെ, ഒന്നു പാട്!'; എട്ടാമത്തെ വയസ് മുതല്‍ ഒരു വ്യാഴവട്ടത്തിലേറെ പിതാവായ പരവൂര്‍ ഗോവിന്ദനാശാന്റെ കീഴില്‍ സംഗീതം പഠിച്ച ദേവരാജന് ഉദാസീനമായ ആ ആജ്ഞാസ്വരം ഇഷ്ടപ്പെട്ടില്ല - അദ്ദേഹം മിണ്ടാതിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ രാജന്‍ ദേവരാജനോട് ചോദിച്ചു, 'എന്താ പാടുന്നില്ലേ?' മറുപടി: 'പാടുന്നില്ലെന്നു മനസ്സിലായില്ലേ?'. സ്വതേ നല്ല അഹന്തയുള്ള ആളെന്ന് പേരുകേട്ട അഡ്വ. രാജഗോപാലന്‍ നായര്‍ ദേവരാജനെക്കൊണ്ട് സംഗീതം ചെയ്യിക്കുന്നതിനെ ശക്തമായി എതിര്‍ത്തു. ഞാന്‍ പാട്ടെഴുത്തില്‍ നിന്നും പിന്മാറി. തീരുമാനം കാമ്പിശ്ശേരിയെയും മറ്റും അറിയിച്ചിട്ട് സ്ഥലം വിട്ടു''.*

ഒ എന്‍ വി പോയപ്പോള്‍ രാജഗോപാലന്‍ നായര്‍ക്ക് വാശിയായി. ഒട്ടും വൈകാതെ പകരക്കാരനെ കണ്ടെത്തുകയും ചെയ്തു. രാജഗോപാലന്‍ നായരുടെ നാട്ടുകാരനും ശിഷ്യനും ഏറ്റവും അടുത്ത അനുയായിയുമായിരുന്ന, കെ ബാലന്‍ പുനലൂര്‍ എന്ന പേരില്‍ കവിതകളും വിപ്ലവഗാനങ്ങളും രചിച്ചിരുന്ന പുനലൂര്‍ ബാലന്‍.

പുനലൂര്‍ ബാലന്‍

.... പുനലൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ രാജഗോപാലന്‍ നായര്‍ അധ്യാപകനായിരുന്നപ്പോള്‍ അന്നത്തെ ഫോര്‍ത്ത് ഫോമില്‍ (ഇന്നത്തെ എട്ടാം ക്ലാസ്) പഠിച്ചിരുന്ന ബാലനെ ഒരിക്കല്‍ കഠിനമായി ശിക്ഷിച്ചു. പക്ഷെ ആ സംഭവം അതിഗാഢമായ ഒരു സുഹൃദ് ബന്ധത്തിനാണ് വഴിയൊരുക്കിയത്. രാജഗോപാലന്‍ നായരുടെ ഒരു കുടുംബാംഗം പോലെയായി മാറി ബാലന്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കവിതകള്‍ എഴുതിത്തുടങ്ങിയ ബാലന്റെ ധാരാളം രചനകള്‍ തൊള്ളായിരത്തി നാല്‍പ്പതുകളുടെ ഒടുവിലും അന്‍പതുകളുടെ തുടക്കത്തിലുമായി കൗമുദിയിലും പ്രഭാതത്തിലും വിശ്വകേരളത്തിലും മറ്റും പ്രസിദ്ധീകരിക്കപ്പെട്ടു. പി ഭാസ്‌കരന്‍, വയലാര്‍, ഒ എന്‍ വി, തിരുനല്ലൂര്‍ കരുണാകരന്‍, പുതുശ്ശേരി രാമചന്ദ്രന്‍ തുടങ്ങിയ 'അരുണ ദശക'ത്തിലെ കവികളുടെ നിരയിലെ ശ്രദ്ധേയനായിരുന്നു പുനലൂര്‍ ബാലന്‍.

കുറച്ചുനാളുകള്‍ക്കു മുന്‍പ് രാജഗോപാലന്‍ നായര്‍ ബി എല്‍ പാസ്സായപ്പോള്‍ സന്നതെടുക്കാന്‍ പണമുണ്ടായിരുന്നില്ല. അതിനായി കണ്ടെത്തിയ ഒരു മാര്‍ഗം കഥാപ്രസംഗമായിരുന്നു. പുരോഗമന സാഹിത്യകാരനായ ഡി എം പൊറ്റക്കാടിന്റെ 'കാട്ടുമങ്ക'യായിരുന്നു കഥ. അതിനു വേണ്ടി പാട്ടെഴുതിയത് പുനലൂര്‍ ബാലനാണ്. പിന്നണിയില്‍ ഹാര്‍മോണിസ്റ്റായും ബാലനുണ്ടായിരുന്നു. കഥാപ്രസംഗം വന്‍വിജയമായി.

രാജഗോപാലന്‍ നായരുടെ അടിയന്തിര സന്ദേശം കിട്ടിയപ്പോള്‍ തന്നെ ബാലന്‍ തിരുവനന്തപുരത്ത് എത്തി. സ്വരാജ് ലോഡ്ജിലെ (അന്നതിന് ന്യൂ ഗ്രാന്‍ഡ് ലോഡ്ജ് എന്നായിരുന്നു പേര്) മുറിയിലിരുന്ന് ജനാര്‍ദ്ദനക്കുറുപ്പ് നാടകത്തിന്റെ തീമും വൈകാരിക സന്ദര്‍ഭങ്ങളും മറ്റും ബാലന് വിശദീകരിച്ചു കൊടുത്തു.എഴുതാനുള്ള പേനയും കടലാസ്സുമൊക്കെ മുറിയില്‍ സജ്ജമായിരുന്നു. ബാലന്‍ എഴുതാന്‍ മാനസികമായി തയ്യാറായിട്ടുണ്ടെന്നു കണ്ടപ്പോള്‍ കുറുപ്പും രാജഗോപാലന്‍ നായരും രാജാമണിയും പുറത്തിറങ്ങി. കുറുപ്പ് മുറി പൂട്ടി താക്കോല്‍ ജുബ്ബയുടെ കീശയിലിട്ടു. ഭക്ഷണവും വെള്ളവും ആവശ്യാനുസരണം മുറിയിലേക്ക് കൊടുത്തിട്ട് മൂന്നു പേരും പുറത്തു കാവലിരുന്നു. അങ്ങനെ മൂന്നു നാല് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മനോഹരങ്ങളായ നാലഞ്ചു പാട്ടുകള്‍ തയ്യാറായി. അക്കാലത്തു പ്രചാരമുള്ള ഹിന്ദി സിനിമാ ഗാനങ്ങളുടെ ട്യൂണൊപ്പിച്ച് 'വര്‍ണ്ണ മട്ടില്‍' ആണ് ബാലന്‍ ആ പാട്ടുകളെഴുതിയത്. എങ്കിലും സാഹിത്യഭംഗിയിലും മിഴിവാര്‍ന്ന ഭാവഗാനങ്ങളായിരുന്നു അവയെല്ലാം.

ഒരു സമരഗാനം

''അനന്തമായ സിന്ധുവില്‍

തരംഗമാല പോലവേ

വരുന്നിതാ സഖാക്കള്‍ ഞങ്ങള്‍

വീറെഴുന്ന സേനകള്‍

മനം മയക്കി മാറ്റുവാന്‍

മുതിര്‍ന്ന കാമകേളികള്‍

പിടിച്ചു നിര്‍ത്തുകില്ല നമ്മെ

ഈ രണാങ്കണങ്ങളില്‍''

മറ്റൊരു ഗാനം

''അസ്ഥിയുരുക്കിയും പാടുപെട്ടും

ആയിരമായിരമാശകളോടെ

പോറ്റി വളര്‍ത്തിയെടുത്തുനിന്നെ

മനക്കോട്ട കെട്ടി കാത്തിരുന്ന നിന്‍ പിതാവിന്‍

ആശയെല്ലാം തകരുന്ന പാടേ (2)

നീറിടുന്നു കരള്‍ നീറിടുന്നു

നെഞ്ചുരുകി കണ്ണുനീര്‍

ചൊരിഞ്ഞീട വേണ്ടിനി

നിന്‍ സ്വന്തമകനിന്നു നാടിന്‍ സ്പന്ദമായി

മോചനത്തിന്‍ നീലവാനില്‍ ചെങ്കതിരായി

പുത്തനൊരു നാളെയുടെ പടക്കുടിലില്‍

ധീരനായി യുവധീരനായി

രണധീരനായി''

വീണ്ടും ഒരു ശോകഗാനം

''അലമാലകള്‍ വീശിടുമാഴിപോലെ

അഴലോളമുതിര്‍ക്കും ഹൃദയമേ ഹാ കേഴുകയോ...

അഴകാര്‍ന്നിടുമാശാശലഭങ്ങള്‍

കേഴുന്നുനീയാ വനികളില്‍ പൂന്തോപ്പുകളില്‍

കനിവിന്നുയിര്‍തേടും തേനുറവേ...

മായുന്നു നീയാമിഴികളില്‍ മാമുകിലുകളില്‍''

നാടകം തീരുമ്പോഴുള്ള സംഘഗാനം

''തിത്തൈ തോം തോം

തിത്തൈ തോം തോം

അണിയായി ഉണര്‍ന്നു വരിക

യുവസഹജരേ പുലരി വരവായ്

തിത്തൈ തോം തോം

പൊന്‍ നിലങ്ങള്‍ മേടുകള്‍ തന്‍

മാലചാര്‍ത്തും കേരളം

പൊന്‍കുടങ്ങള്‍ താങ്ങിടും

ചെന്തെണ്ടുകള്‍ തന്‍ മന്ദിരം

വറുതിയാല്‍ വീഴുകയാണേഴകള്‍

വയലുകള്‍ കൊയ്തൊരു

പൊന്നാശകള്‍

വനികകള്‍ പൂങ്കുല ചൂടുന്നിതാ

വിളവണിത്തോപ്പുകള്‍ പാടുന്നിതാ

ഉണരൂ സകലമുണരൂ

പുതുമ പുണരൂ

പുലരി വരവായ്

തിത്തൈ തോം തോം

അണിയായി ഉണര്‍ന്നുവരിക

യുവസഹജരേ പുലരി വരവായ്...''**

അഭിനേതാക്കളും പാട്ടുകാരും പാട്ടുകളും തയ്യാറായി. സമിതിയുടെ ദൈനംദിന ചുമതലകള്‍ നിര്‍വഹിക്കാന്‍ കാര്യശേഷിയുള്ള ഒരു ഓഫീസ് സെക്രട്ടറിയെയാണ് ഇനി വേണ്ടത്. അതിനു പറ്റിയ ആളെ കണ്ടെത്തിയതും രാജഗോപാലന്‍ നായര്‍ തന്നെയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയം ജില്ലയിലെ ഉശിരുള്ള ഒരു പ്രവര്‍ത്തകനായിരുന്നു പി.എന്‍. ശ്രീനിവാസന്‍. കോട്ടയം ശ്രീനി എന്നാണ് വിളിപ്പേര്. പോലീസിന്റെ ഭീകര മര്‍ദ്ദനമേറ്റതിന്റെ ഫലമായി ക്ഷയരോഗം പിടിപെട്ടു നാഗര്‍കോവില്‍ ടി ബി സാനിറ്റോറിയത്തില്‍ ചികിത്സയിലായിരുന്നു ശ്രീനി. രോഗം ഭേദമായി കോട്ടയത്തേക്ക് തിരിച്ചു പോകുന്ന വഴി രാജഗോപാലന്‍ നായരെ കണ്ടുമുട്ടി. കാര്യങ്ങളെല്ലാം അറിഞ്ഞപ്പോള്‍ പിടിച്ചപിടിയാലേ ശ്രീനിയെ രാജഗോപാലന്‍ നായര്‍ കൂട്ടിക്കൊണ്ടു വന്ന് ഓഫീസിന്റെ ചുമതലയേല്‍പ്പിച്ചു കൊടുത്തു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയുള്ള ഒരു കലാസമിതിയെന്ന നിലയ്ക്ക് കെപിഎസിക്ക് ഒരു സംഘടനാരൂപം ഉണ്ടാകേണ്ടത് അത്യാവശ്യമായിരുന്നു. സ്വരാജ് ലോഡ്ജിലെ റൂമില്‍ പ്രധാന സംഘാടകരെല്ലാം ഒത്തുകൂടി. കെപിഎസിയുടെ പ്രസിഡന്റായി ജനാര്‍ദ്ദനക്കുറുപ്പിനേയും സെക്രട്ടറിയായി രാജഗോപാലന്‍ നായരെയും തിരഞ്ഞെടുത്തു. കോട്ടയം ശ്രീനിയാണ് കണ്‍വീനര്‍. കെ എസ് രാജാമണി, പുനലൂര്‍ ബാലന്‍, അഡ്വ. കുട്ടപ്പന്‍ തുടങ്ങിയവര്‍ കമ്മിറ്റിയംഗങ്ങളും.

പോള്‍സ് ട്യൂട്ടോറിയല്‍ കോളേജിന്റെ ഹാളിലാണ് നാടകത്തിന്റെ റിഹേഴ്സല്‍ നടന്നത്. ജനാര്‍ദ്ദനക്കുറുപ്പ്, രാജഗോപാലന്‍ നായര്‍, അഡ്വ. എം പി കുട്ടപ്പന്‍, ശ്രീനാരായണ പിള്ള, ടി എ മൈതീന്‍ കുഞ്ഞ്, സുലോചന, വലിയശാല ജാനകി തുടങ്ങിയവര്‍ പങ്കെടുത്ത റിഹേഴ്‌സല്‍ ഒരു മാസത്തോളം നീണ്ടു നിന്നു.

ശ്രീനാരായണ പിള്ള, ടി.എ മൈതീന്‍ കുഞ്ഞ്

ഒപ്പം ജോര്‍ജും സുലോചനയും രാജഗോപാലന്‍ നായരും പാട്ടുകളും പാടി പരിശീലിക്കുന്നുണ്ടായിരുന്നു. പ്രൊഫ. എം പി പോളിന്റെ സൗമ്യ സാന്നിധ്യം കെപിഎസിക്കാര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. അദ്ദേഹത്തിന്റെ മകള്‍ റോസിയെ വിവാഹം ചെയ്ത സി ജെ തോമസ് അപ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി തെറ്റിപ്പിരിയുകയും കടുത്ത വിമര്‍ശകനായി തീരുകയും ചെയ്തിരുന്നു. എങ്കിലും പോള്‍ സാര്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ എക്കാലവും ആദരണീയനായിരുന്നു. (കെപിഎസിയുടെ ജനനത്തിന് തൊട്ടുപിന്നാലെ 1952 ജൂലൈ മാസത്തിലായിരുന്നു അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേര്‍പാട്).

കെപിഎസിയുടെ പ്രധാന രക്ഷകര്‍ത്താവായി കെ സി ജോര്‍ജ് എപ്പോഴും ഒപ്പമുണ്ടായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആവിര്‍ഭാവത്തിനു മുന്‍പു തന്നെ തിരുവിതാംകൂറിലെ രാഷ്ട്രീയ രംഗത്ത് തിളങ്ങിനിന്ന കെ സിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിത്തു പാകിയവരിലെ പ്രമുഖന്‍.

കെ.സി ജോര്‍ജ്

ഇവിടെപുതിയ കലാസമിതിയുടെ തുടക്കം മുതല്‍ക്കേ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ എംഎല്‍എപ്പണിയുടെ തിരക്കുകള്‍ക്കിടയിലും ഓടിയെത്തിയിരുന്ന കാമ്പിശ്ശേരിയാണ്. പാട്ടെഴുതാന്‍ കൂട്ടാക്കിയില്ലെങ്കിലും ഒഎന്‍വിയും എന്താവശ്യത്തിനും സന്നദ്ധനായി റിഹേഴ്‌സല്‍ ക്യാമ്പില്‍ സജീവമായിരുന്നു.

നാടകത്തിന്റെ പബ്ലിസിറ്റിക്കാവശ്യമായ പോസ്റ്റര്‍ വരയ്ക്കാമെന്നേറ്റത് രാജാമണിയുടെയും രാജഗോപാലന്‍ നായരുടെയും ലോകോളേജിലെ സഹപാഠിയും അടുത്ത സുഹൃത്തുമായ ഒരു കലാപ്രേമിയായിരുന്നു. ആലുവ യു.സി കോളേജില്‍ പി കെ വാസുദേവന്‍ നായര്‍, പി ഗോവിന്ദപ്പിള്ള എന്നിവരുടെയൊപ്പം പഠിച്ച കെ.വി രാമകൃഷ്ണയ്യര്‍ പിന്നീട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും ലോ കോളേജിലും ഉപരിപഠനം നടത്തുമ്പോഴേക്കും മലയാറ്റൂര്‍ രാമകൃഷ്ണന്‍ എന്ന കഥാകൃത്തായി വളര്‍ന്നു . മലയാറ്റൂര്‍ വരച്ച ആകര്‍ഷകങ്ങളായ പോസ്റ്ററുകളാണ്, 'എന്റെ മകനാണ് ശരി'യുടെ വരവ് തിരുവനന്തപുരം നഗരത്തെ വിളിച്ചറിയിച്ചത്.

മലയാറ്റൂര്‍ രാമകൃഷ്ണന്‍

തിരുവനന്തപുരം വിജെടി ഹാളിലാണ് നാടകത്തിന്റെ ആദ്യാവതരണം നിശ്ചയിക്കപ്പെട്ടത്. പത്രങ്ങളില്‍ വാര്‍ത്തയും പരസ്യവും വന്നു. തിരുവനന്തപുരത്തെ പ്രഗത്ഭ വ്യക്തികളെയും പ്രധാനപ്പെട്ട നാടക പ്രവര്‍ത്തകരെയുമൊക്കെ ക്ഷണിച്ചു.

നാടകത്തിന്റെ ടിക്കറ്റ് വില്‍ക്കാനിറങ്ങിയത് സ്റ്റുഡന്റസ് ഫെഡറേഷന്റെ പ്രവര്‍ത്തകരാണ്. അക്കൂട്ടത്തില്‍ സുലോചനയുടെ അണ്ണന്‍ കൃഷ്ണന്‍ കുട്ടിയുമുണ്ടായിരുന്നു. അന്ന് സംസ്‌കൃതകോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു കൃഷ്ണന്‍ കുട്ടി. കോട്ടയം ശ്രീനിയുടെ കൂട്ടുകാരനും. കോളേജ് ഹോസ്റ്റലുകളില്‍ കയറിയിറങ്ങി അവര്‍ ടിക്കറ്റ് വിറ്റു.

നാടകം കാണാന്‍ ഒരു നിറഞ്ഞ സദസ്സ് വിജെടി ഹാളില്‍ എത്തിയിരുന്നു.

ജനാര്‍ദ്ദനക്കുറുപ്പ് ആ ദിവസം ഓര്‍ക്കുന്നത് ഇങ്ങനെയാണ്: ''നാടകം കാണാനെത്തിയത് ഭൂരിഭാഗവും ബുദ്ധിജീവികളായിരുന്നു. അഭിനയത്തിലും ആലാപനത്തിലും സുലോചന മുന്നിട്ടു നിന്നു. നല്ല പിന്നണി സംഗീതം കെ എസ് ജോര്‍ജ് കാഴ്ച വെച്ചു. കഥാനായകനായി രാജഗോപാലന്‍ വേഷമിട്ടു. അയാളുടെ പ്രണയിനിയായി സുലോചനയും. തലസ്ഥാനത്തെ ബുദ്ധിജീവികളും പാര്‍ട്ടിയിലെ പല നേതാക്കളും നാടകം നന്നായി എന്നഭിപ്രായപ്പെട്ടു.''***

അരങ്ങേറ്റം കഴിഞ്ഞപ്പോള്‍ കെ സി ജോര്‍ജ് അതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഓരോ വെള്ളിമെഡല്‍ സമ്മാനിച്ചു. സുലോചനക്ക് കിട്ടിയ ഒരു അമൂല്യ നിധിയായിരുന്നു അത്. നാടകവേദിയില്‍ ലഭിച്ച ആദ്യത്തെ അംഗീകാരം.

നാടകം കണ്ടിറങ്ങിയ സഹൃദയ ലോകത്തെ, അതിലെ പാട്ടുകളും അവയുടെ സവിശേഷമധുരമായ ആലാപനവും പിന്തുടരുന്നുണ്ടായിരുന്നു

''വള കിലുക്കി... നല്ല

വള കിലുക്കി

തളിരിലക്കാടുകള്‍

വള കിലുക്കി

കുരുവികള്‍ കാട്ടിന്റെ

പുന്നാരങ്ങള്‍

ഒരുമിച്ചാപ്പാട്ടിന്

തല കുലുക്കി''

*പോക്കുവെയില്‍ മണ്ണിലെഴുതിയത്, ഓഎന്‍വി കുറുപ്പ്, ചിന്ത പബ്ലിഷേഴ്‌സ് തിരുവനന്തപുരം

**പുനലൂര്‍ ബാലന്‍ പൗരുഷത്തിന്റെ ശക്തിഗാഥ, ഡോ. വിളക്കുടി രാജേന്ദ്രന്‍, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

***എന്റെ ജീവിതം - ജി ജനാര്‍ദ്ദനക്കുറുപ്പ്, ഡിസി ബുക്‌സ്, കോട്ടയം


(അടുത്ത ഭാഗം: 'യുവസഹജരെ പുലരി വരവായി')


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍

Next Story

Related Stories