പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു നാടക കാലത്തിന്റെ ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന് എഴുതുന്ന കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു. ആദ്യ ഏഴു ഭാഗങ്ങള്‍ ഇവിടെ വായിക്കാം
ഭാഗം - 8
എണ്പതു കൊല്ലങ്ങള്‍ക്കു മുന്‍പുള്ള കഥയാണ്. മധ്യതിരുവതാംകൂറിലെ ചെട്ടിക്കുളങ്ങര സ്കൂളിന്റെ വാര്‍ഷിക പരിപാടി നടക്കുന്നു. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ നാടകം കളിക്കാനൊരുങ്ങുകയാണ്. അവസാനനിമിഷം ആ സ്കൂളിലെ സവര്‍ണ്ണ വിദ്യാര്‍ത്ഥികള്‍ നാടകത്തില്‍ നിന്ന് പിന്മാറി.കാരണം നാടകമെഴുതിയതും സംവിധാനം ചെയ്തതുമൊക്കെ ഒപ്പം പഠിച്ചിരുന്ന ഒരു കീഴ്ജാതിക്കാരനായിരുന്നു. നാടകം പൊളിഞ്ഞു. പക്ഷെ നാടകകൃത്ത് വിട്ടില്ല. അയാള്‍ നേരെ തട്ടില്‍ കയറി. അടുത്തത് ഒരു തകര്‍പ്പന്‍ പ്രകടനമായിരുന്നു.
'വേലുത്തമ്പിയുടെ അന്ത്യ നിമിഷങ്ങള്‍', ഏകാഭിനയം. സെറ്റും ലൈറ്റും മേക്കപ്പുമൊന്നുമില്ല. കഠാരയായി കയ്യിലൊരു ഓലമടല്ക്കഷ്ണം മാത്രം. മണ്ണടി ക്ഷേത്രത്തില്‍ വെച്ച് അനുജന് പദ്മനാഭന് തമ്പിയോടും പെറ്റമ്മയെക്കാള്‍ സ്നേഹിക്കുന്ന തിരുവതാംകോടിനോടുമായി ഘോരഘോരം നടത്തുന്ന 'സ്പീച്ചി'ന് ശേഷം വേലുത്തമ്പി സ്വന്തം നെഞ്ചത്തു കഠാര താഴ്ത്തി പിടഞ്ഞു വീണു മരിക്കുന്നു. ഒരു നിമിഷം പരിപൂര്ണനിശബ്ദത. 'വേലുത്തമ്പി' ചിരിച്ചു കൊണ്ട് ചാടിയെഴുന്നേറ്റ് സദസ്സിനെ വണങ്ങി. നാടകം പൊളിക്കാന്‍ കൂട്ടുനിന്ന സവര്‍ണ്ണ സമുദായക്കാരുള്പ്പെടെ അവിടെ കൂടിയിരുന്ന സകലരും കരഘോഷം മുഴക്കി. മാധവന് എന്ന ആ ചെറുപ്പക്കാരന് അടുത്ത വര്‍ഷം അണ്ണാമല യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ കുട്ടനാട് രാമകൃഷ്ണപിള്ളയുടെ 'നിഴലുകള്‍' നാടകത്തില്‍ സ്ത്രീ വേഷം കെട്ടി അഭിനയത്തിന് ഒന്നാം സമ്മാനം വാങ്ങിച്ചു. മാത്രമല്ല, അതിനടുത്ത വര്‍ഷവും അതാവര്‍ത്തിച്ചു. മാവേലിക്കര ചുനക്കര തറയില്‍ വീട്ടില്‍ ഉമ്മിണിയുടെ മകനായ മാധവന്, നടന് ഒ. മാധവനായി മാറുന്നത് അങ്ങനെയാണ്.

മാധവനെ പിന്നീട് കാണുന്നത് നാടകസ്റ്റേജിലല്ല, വിദ്യാര്‍ത്ഥി സമരങ്ങളുടെ മുന്‍നിരയിലാണ്. അന്ന് തിരുവതാംകൂര്‍ ഭാഗത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനം വിദ്യാര്‍ത്ഥി കോണ്‍ഗ്രസാണ്. കെ ബാലകൃഷ്ണനും രവീന്ദ്രവര്മ്മയും എന്‍.ഡി ജോസുമൊക്കെ നയിച്ച വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് എന്ന ഒരൊറ്റ കുടക്കീഴില് കോണ്‍ഗ്രസും കെ എസ് പിയുമെല്ലാമായ കമ്മ്യൂണിസ്റ്റിതര വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാര്‍ ഒരുമിച്ചു കൂടി. അന്ന് നിരോധനത്തിലായിരുന്ന വിദ്യാര്‍ത്ഥി ഫെഡറേഷന് 1948-ല്‍ പി.കെ വാസുദേവന്‍ നായരുടെയും ജെ. ചിത്തരഞ്ജന്റെയും നേതൃത്വത്തില്‍ തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി യൂണിയനായി ഉയിര്‍ത്തെഴുന്നേറ്റു.
ബിരുദപഠനത്തിനായി കൊല്ലം എസ് എന്‍ കോളേജില്‍ ചേര്‍ന്ന ഒ. മാധവന്റെ സഹപാഠികള്‍ വെളിയം ഭാര്ഗവന്, ഒ എന്‍ വി കുറുപ്പ്, തിരുനല്ലൂര്‍ കരുണാകരന്, പുതുശ്ശേരി രാമചന്ദ്രന് എന്നിവരൊക്കെയായിരുന്നു. സ്പീക്കര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഒ എന്‍ വി യെ, മാധവന് തോല്‍പ്പിച്ചു. കമ്മ്യൂണിസ്റ്റുകാരനായ മാധവനും കോളേജ് മാനേജ്മെന്റുമായുള്ള അങ്കത്തെ തുടര്‍ന്ന് മാധവന് സസ്പെന്‍ഷനിലായി. അറസ്റ്റ് ചെയ്യപ്പെട്ട മാധവനോട് കസ്ബാ സ്റ്റേഷനിലെ പോലീസുകാര്‍ കലി തീര്‍ത്തത് തലമുടി പിഴുതെടുത്തുകൊണ്ടാണ്. പ്രതിഷേധക്കൊടുങ്കാറ്റില്‍ കൊല്ലം പട്ടണം ഇളകി മറിഞ്ഞു. മാനേജ്മെന്റിനു വഴങ്ങേണ്ടി വന്നു. മാധവന് വീണ്ടും കോളേജിലെത്തി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മീറ്റിംഗുകളില്‍ പ്രസംഗിച്ചതിന്റെ പേരില്‍ മാധവനെ പിന്നെയും അറസ്റ്റ് ചെയ്തു. ഒരവസരം കാത്തിരിക്കുകയായിരുന്ന കോളേജ് മാനേജ്മെന്റ് കയ്യോടെ പുറത്താക്കുകയും ചെയ്തു. ഡിറ്റന്‍ഷന്‍ സമ്പ്രദായവും പ്രീ യൂണിവേഴ്സിറ്റി കോഴ്സും അവസാനിപ്പിക്കാനും വര്‍ദ്ധിപ്പിച്ച ഫീസ് പിന്‍വലിക്കാനുമൊക്കെ ആവശ്യപ്പെട്ടുകൊണ്ട് നടന്ന വിദ്യാര്‍ത്ഥി സമരങ്ങളുടെ മുന്നണിയില്‍ മാധവനുണ്ടായിരുന്നു. പറവൂര്‍ ടി കെയുടെ ഭരണകാലത്ത് വിദ്യാര്‍ത്ഥി യൂണിയന് നിരോധിക്കപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥി അവകാശ സമ്പാദന സമിതി രൂപം കൊണ്ടു. 1951-ല്‍ ആലപ്പുഴയില്‍ നടന്ന വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ വെച്ച് തിരു - കൊച്ചി വിദ്യാര്‍ത്ഥി ഫെഡറേഷന് ഉടലെടുത്തു. കെ ഗോവിന്ദപ്പിളളയും ഒ മാധവനുമായിരുന്നു പ്രസിഡന്റും സെക്രട്ടറിയും.
ജനാധിപത്യ യുവജന സംഘടനയുടെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയിടെ ആലപ്പുഴയില്‍ സംഘടിപ്പിച്ച കലാപരിപാടികള്‍ നയിച്ചത് വിപ്ലവഗായകന്‍ ടി..എം പ്രസാദും ശാരംഗപാണിയും സഹോദരി പി.കെ മേദിനിയുമാണ്. അവര്‍ പാടിയ ഒരു വിപ്ലവഗാനം ഇങ്ങനെയായിരുന്നു.
''ഞങ്ങള്‍ പറഞ്ഞോ അരിവില കൂട്ടാന്‍?
ഉടുതുണിയുടെ വിലയേറ്റാന്?
ഞങ്ങള്‍ പറഞ്ഞോ ഒ മാധവനുടെ തലമുടി പിഴുതു പറിക്കാന്‍?''
അന്ന് മാധവന് താമസിച്ചിരുന്ന പുളിമൂട്ടിലെ എസ് എഫിന്റെ സംസ്ഥാന കമ്മിറ്റിയാഫീസില് ഒരാള്‍ കാണാന്‍ വന്നു. വളരെ അടുപ്പമുള്ള ഒരു സഖാവ്. കെപിഎസിയുടെ സെക്രട്ടറി കോട്ടയം ശ്രീനിയായിരുന്നു അത്. ഗൗരവമുള്ള എന്തോ ഒരു കാര്യവുമായിട്ടാണ് വരവ്.
''അളിയാ, രണ്ടു രൂപ വേണം... ഒരു ലോണ്‍. അത്യാവശ്യമാണ്.''
ഇത്രയ്ക്ക് അത്യാവശ്യമുള്ള സംഗതിയെന്താണെന്ന് മാധവന് തിരക്കി. ശ്രീനി കാര്യത്തിന്റെ ഗൗരവം വിശദീകരിച്ചു. അന്നു രാത്രി എട്ടു മണിക്ക് തിരുവനന്തപുരത്തിനടുത്തുള്ള വക്കം എന്ന സ്ഥലത്ത് 'എന്റെ മകനാണ് ശരി' കളിക്കാന്‍ ബുക്ക് ചെയ്തിരിക്കുകയാണ്. ടിക്കറ്റൊക്കെ മിക്കവാറും വിറ്റു കഴിഞ്ഞു. പരസ്യപ്രചാരണവും കാര്യമായി നടക്കുന്നുണ്ട്. പക്ഷെ തലേന്ന് രാത്രി നാടകത്തില്‍ 'മകനാ'യി വേഷമിടുന്ന അഡ്വ എം.പി കുട്ടപ്പന് തനിക്ക് വരാന്‍ അസൗകര്യമാണെന്നറിയിച്ചു. രാത്രി മുഴുവന്‍ ആലോചിച്ച് ശ്രീനി ഒരു തീരുമാനമെടുത്തു.
ഇനി മാധവന് പറയട്ടെ: ''നാടകം ബുക്ക് ചെയ്ത ആളിന് ഒരു കമ്പി അടിക്കാം. 'നാടകം മാറ്റിവെക്കുക' എന്നു മാത്രം. പക്ഷെ അതിന് രണ്ടു രൂപ ചെലവുണ്ട്. കയ്യിലില്ല. മാത്രമല്ല, രാത്രിയില്‍ ഭക്ഷണവും കിട്ടിയിട്ടില്ല. അതു പിന്നെ ഞങ്ങള്‍ക്കെല്ലാം ശീലമാണ്. പക്ഷെ കമ്പി ആഫീസില്‍ രൂപയില്ലാതെ മാറ്റര്‍ എടുക്കില്ലല്ലോ. അതിനുള്ള ലോണ്‍ എടുക്കാനാണ് ശ്രീനി എന്റെയടുത്തു രാവിലെ എത്തിയത്. കാര്യങ്ങള്‍ കേട്ടപ്പോള്‍ ഞാന്‍ അന്ധാളിച്ചു പോയി. നാടകദിവസം രാവിലെ ഒരു കമ്പി മൂലം നാടകം മാറ്റിവെച്ചു എന്നു വന്നാല്‍ അതിന് പല ദോഷഫലങ്ങളുമുണ്ടാകും. വലിയ ഒരു തുക നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. രണ്ടു രൂപ കയ്യിലില്ലാത്ത നമ്മള് ഇതിനെയൊക്കെ എങ്ങനെ നേരിടും? ഏതാണ്ട് അരമണിക്കൂര്‍ ഞങ്ങള്‍ ആലോചിച്ചു. ഒടുവില്‍ 'ആ നാടകം മാറ്റി വെക്കേണ്ട, നമുക്ക് പോയി നടത്താം' എന്നു ഞാന്‍.
'അപ്പോള്‍ കുട്ടപ്പന്? '
'സാരമില്ല. ആ വേഷം ഞാന്‍ അഭിനയിക്കാം. നീ ആ സ്ക്രിപ്റ്റ് കൊണ്ടുവാ.'
ശ്രീനിക്ക് വീണ്ടും സംശയം.
"സമയം കളയാതെ വേഗം പോയി സ്ക്രിപ്റ്റ് കൊണ്ടു വാ". ഞാന്‍ ശ്രീനിയെ നിര്‍ബന്ധിച്ചു പറഞ്ഞയച്ചു. നാടകാഭിനയവുമായി എനിക്കു ചില പഴയ പരിചയമുള്ള കാര്യം ശ്രീനിക്കറിഞ്ഞുകൂടായിരുന്നു. ഞാന്‍ പറഞ്ഞതുമില്ല. ഞാന്‍ പഠിച്ചു. രാത്രി നാടകം നടന്നു. മറ്റു നടീനടന്മാര് എന്നെ അഭിനന്ദിച്ചു. മാത്രമല്ല, അവിടെ വെച്ചു തന്നെ അംഗങ്ങളുടെ യോഗം ചേര്‍ന്നു. തുടര്‍ന്നുള്ള നാടകങ്ങളില്‍ ഞാന്‍ അഭിനയിച്ചാല്‍ മതിയെന്നൊരു തീരുമാനവുമെടുത്തു.''*
അതോടെ കെപിഎസിക്കു ലഭിച്ചത് വെറും ഒരു നടനെ മാത്രമായിരുന്നില്ല, നേതൃപാടവവും കാര്യശേഷിയുമുള്ള മികച്ച ഒരു സംഘാടകനെക്കൂടിയാണ്. ഭാവിയിലെ മുന്‍നിര രാഷ്ട്രീയ നേതാവായി മാറേണ്ടിയിരുന്ന ഒ മാധവന് അങ്ങനെ ഒരു മുഴുവന്‍ സമയ നാടക പ്രവര്‍ത്തകനായി.
അഭിനയത്തിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും ഒരുപോലെ സജീവമായിരുന്ന മറ്റൊരാള്‍ കൂടി ഇതിനിടെ കെപിഎസിയില്‍ അഭിനയിക്കാന്‍ എത്തിയിരുന്നു. മാധവനെത്തുന്നതിന് മുന്‍പായിരുന്നു അത്. ആ വരവും ഇതുപോലെ തികച്ചും യാദൃശ്ചികമായിട്ടായിരുന്നു.
'എന്റെ മകനാണ് ശരി' വീണ്ടുമൊരിക്കല്‍ വിജെടി ഹാളില്‍ കളിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. നാടകത്തില്‍ കര്‍ഷകത്തൊഴിലാളിയായി അഭിനയിക്കുന്ന നടന് അന്നെത്തിയിട്ടില്ലെന്ന് അറിയുന്നത് അവസാന നിമിഷമാണ്. ഉടനെ പകരം ആളെ കണ്ടെത്തണം. എല്ലാവരും പരിഭ്രമിച്ചുനില്‍ക്കുമ്പോള്‍ ഒ എന്‍ വിയാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. ഒരു കത്തെഴുതി കോട്ടയം ശ്രീനിയെ ഏല്‍പ്പിച്ചിട്ട് കൃഷ്ണ പിള്ള എന്ന സുഹൃത്തിന്റെ അടുത്തേക്കയച്ചു. തിരുവനന്തപുരം എം ജി കോളേജില്‍ ബി.കോമിന് പഠിക്കുന്ന കൃഷ്ണ പിള്ള വിദ്യാര്‍ത്ഥി ഫെഡറേഷന്റെ നേതാവുമാണ്. കാമ്പിശ്ശേരിയുടെ നാടായ വള്ളികുന്നത്തെ ഒരു ജന്മികുടുംബമായ തോപ്പിലെ ഇളയ സന്തതിയും. ജ്യേഷ്ഠന് ഭാസ്കരന് പിള്ള പ്രമാദമായ ഒരു രാഷ്ട്രീയ കേസിലെ മുഖ്യ പ്രതിയായ കമ്മ്യൂണിസ്റ്റ് നേതാവാണ്. അതിന്റെ പേരില്‍ പോലീസ് അച്ഛനെയും അമ്മയെയും മറ്റു ബന്ധുക്കളെയുമൊക്കെ മര്‍ദ്ദിച്ചവശരാക്കി വീട്ടില്‍ നിന്നിറക്കിവിട്ടു. പോലീസിന്റെ പിടിയില്‍ പെടാതിരിക്കാനായി കൃഷ്ണപിള്ള സ്കൂള്‍ ഫൈനലിന് പഠിക്കുമ്പോള്‍ മുതല്‍ വീട്ടില്‍ നിന്ന് മാറിത്താമസിക്കുകയായിരുന്നു.
കാമ്പിശ്ശേരി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എഴുതിയവതരിപ്പിച്ച 'ഭ്രാന്തന്റെ പരമാര്‍ത്ഥം അഥവാ വൈതരണി' എന്ന നാടകത്തില്‍ കൂടി അരങ്ങേറ്റം നടത്തിയ കൃഷ്ണപിള്ള പിന്നീട് സ്കൂള്‍ വാര്‍ഷിക വേദിയിലെ സ്ഥിരം നടനായി മാറി. കോളേജില്‍ ചേര്‍ന്നുകഴിഞ്ഞപ്പോള്‍ കലാവിഭാഗത്തിന്റെ ചുമതലയേറ്റെടുത്തു. വിജെടി ഹാളില്‍ നടന്ന ഒരു മത്സരത്തില്‍ കൃഷ്ണപിള്ള സ്വയം സംവിധാനം ചെയ്തവതരിപ്പിച്ച 'കോട്ടാത്തല സുരേന്ദ്രന്റെ അന്ത്യം', 'ബാലു സ്വാമിയുടെ ജീവിതം' എന്നീ ചലനാത്മക ചിത്രങ്ങള്‍ (ടാബ്ലോ) പ്രേക്ഷകരുടെ പ്രശംസ നേടി. മാത്രമല്ല, അഭിനയത്തിനുള്ള ട്രോഫി സി.ഐ പരമേശ്വരന് പിള്ളയുടെ കയ്യില്‍ നിന്ന് വാങ്ങുകയും ചെയ്തു.
ജനാധിപത്യ യുവജന സംഘടന ആലപ്പുഴയില്‍ സംഘടിപ്പിച്ച കലാപരിപാടികളില്‍ കൃഷ്ണപിള്ള ഒരു ഒറ്റുകാരനെ അവതരിപ്പിച്ചു. ഒരു ഭ്രാന്തന്റെ രൂപഭാവങ്ങളോടെ നിവര്‍ത്തിപ്പിടിച്ച പിച്ചാത്തിയുമായി വന്നു ഷര്‍ട്ട് വലിച്ചു കീറി, മുടി വലിച്ചു പറിച്ചുകൊണ്ട് അലറുന്ന ഒറ്റുകാരന് മര്‍ദ്ദനങ്ങളുടെയും ഒറ്റുകൊടുക്കലിന്റെയും ആ നാളുകളില്‍ വലിയ സ്വീകരണമാണ് കിട്ടിയത്... തോപ്പില്‍ കൃഷ്ണപിള്ള ഒരു നടനായി പരക്കെ അംഗീകാരം നേടിയത് ഒറ്റുകാരന്റെ വേഷത്തിലൂടെയാണ്.

ശ്രീനി ചെല്ലുമ്പോള്‍ ഗവണ്മെന്റ് പ്രസ്സിനു താഴെയുള്ള ലോഡ്ജ് മുറിയില്‍ കൃഷ്ണപിള്ള എന്തോ വായിച്ചുകൊണ്ട് കിടക്കുകയായിരുന്നു. ഒ എന്‍ വിയുടെ കത്ത് വായിച്ചയുടനെ തന്നെ ഒരു ഷര്‍ട്ടെടുത്തിട്ട് കൃഷ്ണപിള്ള ശ്രീനിയോടൊപ്പം പുറപ്പെട്ടു. കൃഷ്ണപിള്ളയെ എല്ലാവരും ആഹ്ലാദത്തോടെ വരവേറ്റു. സുലോചനയും തോപ്പില്‍ കൃഷ്ണപിള്ളയും ആദ്യമായി തമ്മില്‍ കാണുന്നത് അന്നായിരുന്നു.
തോപ്പില്‍ കൃഷ്ണ പിള്ള ഓര്‍മ്മിക്കുന്നു: ''സുലോചനയെ ഞാനാദ്യം കാണുന്നത് തിരുവനന്തപുരം വി ജെ ടി ഹാളില്‍ വെച്ചാണ്. കെപിഎസിയുടെ ആദ്യനാടകത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍. പാവാടയും ഉടുത്ത് ഹാഫ് സാരിയും ചുറ്റി നിന്ന നരുന്തു പെണ്ണ് എന്തഭിനയിക്കും എന്നാണ് എനിക്ക് ആദ്യം തോന്നിയത്. എന്റെ വിചാരം എന്റെ മുഖത്തും തെളിഞ്ഞുനിന്നിരിക്കണം. കാരണം കോളേജ് വിദ്യാര്‍ത്ഥികളുടെ ഇടയിലെ ഹീറോ ആണ് ഞാനന്ന്. ആ ഹീറോ സുലോചനയെ നോക്കുന്നത് ഈ പെണ്ണിന് എന്തഭിനയിക്കാനറിയാം എന്ന മട്ടിലാണ്.
എന്റെ നോട്ടം സുലോചനക്ക് പിടിച്ചില്ല. ഇയാളാരപ്പാ ഈ കറമ്പന് റൗഡി എന്ന പുച്ഛത്തിലാണ് സുലോചനയുടെ തിരിച്ചുള്ള നോട്ടം. രംഗം വഷളായില്ല. രാജഗോപാലന്‍ നായര്‍ വന്നു ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി. നാടകം രംഗത്തവതരിപ്പിച്ചു തുടങ്ങിയപ്പോള്‍ സുലോചനയെപ്പറ്റി നേരത്തെ തോന്നിയ അഭിപ്രായം മുന്‍കാലപ്രാബല്യത്തോടെ ഞാന്‍ പിന്‍വലിച്ചു. സുലോചനയ്ക്ക് എന്നെപ്പറ്റി തോന്നിയ അഭിപ്രായവും മാറി എന്നാണ് തോന്നുന്നത്. കാരണം പിന്നീടുള്ള പെരുമാറ്റം അങ്ങനെയായിരുന്നു.''**
ഇരുപതിലേറെ അരങ്ങുകളില്‍ നാടകം കളിച്ചിട്ട് പഠനം തുടരാനായി കൃഷ്ണപിള്ള മടങ്ങിപ്പോയി.
'എന്റെ മകനാണ് ശരി' കാണികളെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തിയ ഒരു നാടകമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള ഒരു സമിതി അവതരിപ്പിക്കുന്ന നാടകമെന്ന പരിഗണനയിലാണ് പല വേദികളും കിട്ടിയിരുന്നത്.
അക്കാലത്തെ നാടകങ്ങള്‍ മിക്കവാറും നാലും അഞ്ചും മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്നവയായിരുന്നു. കഥകളി പോലെ നേരം വെളുക്കുവോളം വരെ കണ്ടാസ്വദിക്കാന്‍ തയ്യാറെടുത്താണ് കാണികള്‍ എത്താറുണ്ടായിരുന്നത്. അങ്ങനെ നോക്കുമ്പോള്‍ 'എന്റെ മകനാണ് ശരി' തീരെ ചെറിയ ഒരു നാടകമായിരുന്നു. ഇടയ്ക്കിടയ്ക്ക് പാട്ടുകളൊക്കെ ഉണ്ടെങ്കിലും ഒരു മണിക്കൂര്‍ കൊണ്ട് നാടകം തീരും. അതുകൊണ്ട് പ്രേക്ഷകരെ രസിപ്പിക്കാനായി ജനാര്‍ദ്ദനക്കുറുപ്പും രാജഗോപാലന്‍ നായരും ചില പൊടിക്കൈകള്‍ ആസൂത്രണം ചെയ്തു.
അതിലൊന്നായിരുന്നു ഇംഗ്ലീഷ് രാമായണം.
...... പണ്ട് തിരുവനന്തപുരം ലോ കോളേജില്‍ പഠിക്കുന്ന കാലത്ത് രാജഗോപാലന്‍ നായര്‍ അവതരിപ്പിച്ചു വിജയിച്ച ഐറ്റമായിരുന്നു രാമായണകഥയുടെ ആംഗലേയ രൂപം. കൂട്ടിനുണ്ടായിരുന്നത് സഹപാഠിയായ മലയാറ്റൂര്‍ രാമകൃഷ്ണനും അന്ന് യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായ കുമരകം ശങ്കുണ്ണി മേനോനും. ഒറ്റരാത്രി കൊണ്ട് തട്ടിക്കൂട്ടിയ പരിപാടിയില്‍ കഥ പറയുന്നത് രാജഗോപാലന്‍ നായരായിരുന്നു. സംഗീതം പഠിച്ചിട്ടുള്ള ശങ്കുണ്ണി മേനോന് ആ വിഭാഗം ഏറ്റെടുത്തു. ഒരു വീഞ്ഞപ്പെട്ടിയാണ് ഹാര്‍മോണിയത്തിന്റെ സ്ഥാനത്ത്. 'ഹാര്‍മോണിയം' വായിച്ചുകൊണ്ട് മേനോന് പാടും. ശ്രീരാമനെ കാണാനെത്തുന്ന ഹനുമാന് താനാരാണെന്നു പരിചയപ്പെടുത്തുന്നത് 'മാനസ..സഞ്ചരരേ...' മട്ടില്‍ ശ്യാമരാഗത്തിലാണ്.:
''മൈ.. നെയിം.. ഈസ്.. ഹനുമാന്...
ഓ.. രാമാ... മൈ നെയിം ഈസ് ഹനുമാന്..
ഐ ആം.. ദി പ്രൈം മിനിസ്റ്റര്‍.. ഓഫ് കിങ് സുഗ്രീവാ.. ''
മലയാറ്റൂര്‍ മൃദംഗം വായിക്കുന്നതിനോടൊപ്പം അതേറ്റു പാടും.ചപ്പ്ളാംകട്ട അടിച്ചു കൊണ്ട് രാജഗോപാലന്‍ നായരും.
അശോകവനിയിലെത്തി സീതാദേവിയെ മുദ്രമോതിരം കാണിക്കുന്ന ഹനുമാനോട് ചാരുകേശി രാഗത്തില്‍ സീത :
''മൈ.. ഡിയര്‍.. ഹനുമാന്..
വൈ ഡൂ യൂ ടേക്ക് ട്രബ്ള്...
ഐ..ആം... ബൗണ്ട് ടു സഫര്‍ ലൈക് ദിസ്..
ഇന്‍ ദി ഫോറസ്ററ് അലാസ്...
ദോ... ബീ.... സീറ്റഡ്.. ഹനുമാന്... ''
1947ലെ ലോ കോളേജ് വാര്‍ഷികാഘോഷ പരിപാടിയുടെ വേദിയില്‍ ശ്രീരാമപട്ടാഭിഷേകം വരെ നീണ്ടു നില്ക്കുന്ന കഥ പറഞ്ഞവസാനിച്ചപ്പോള്‍ നിലയ്ക്കാത്ത കയ്യടിയായിരുന്നു....
'എന്റെ മകനാണ് ശരി' നാടകം കഴിഞ്ഞുള്ള ആദ്യത്തെ അരമണിക്കൂര്‍ നേരം രാജഗോപാലന്‍ നായര്‍ ഇംഗ്ലീഷ് രാമായണം കഥാപ്രസംഗം അവതരിപ്പിക്കും. പിന്നണിയില്‍ ഏറ്റു പാടാന്‍ പുനലൂര്‍ ബാലനാണ്. അടുത്ത പരിപാടി വില്ലടിച്ചാന്‍ പാട്ടാണ്. കൊല്ലത്ത് വച്ചുനടന്ന തിരുവിതാകൂര്‍ വിദ്യാര്‍ത്ഥി യൂണിയന്റെ സമ്മേളനത്തില്‍ ജനാര്‍ദ്ദനക്കുറുപ്പിന്റെ നേതൃത്വത്തില്‍ രാജഗോപാലന്‍ നായരും മലയാറ്റൂര്‍ രാമകൃഷ്ണനും ശങ്കുണ്ണി മേനോനും ചേര്‍ന്ന് ഒരു വില്ലടിച്ചാന്‍ പാട്ടവതരിപ്പിച്ചു. ചൈനീസ് വിപ്ലവത്തെയും ജനകീയ ചൈനയെയും പ്രകീര്‍ത്തിക്കുന്നതാണ് പാട്ട് :
''ചീയാങ്ങനെവിടെ... പ്പോയി ചീനപ്പെണ്ണേ... ധോയ്..
ചീയാങ്ങന് ചീനനാട്ടീന്നൊളിച്ചുപോയോ...
ചീയാങ്ങന് ചീനനാടു ഭരിച്ച കാലം
ചീനക്കാരെല്ലാം... പട്ടിണിയാണേ... ധോയ്..''
സദസ്സിനെ ഇളക്കിമറിച്ച പാട്ട് ജനങ്ങള്‍ ഏറ്റെടുത്തതോടെ പാര്‍ട്ടി സമ്മേളനങ്ങളിലെ സ്ഥിരം ഐറ്റമായി അതു മാറി.
കെപിഎസി സംഘം അവതരിപ്പിച്ചത് കോട്ടാത്തല സുരേന്ദ്രന്റെ ജീവിതത്തെ കുറിച്ചുള്ള വില്ലടിച്ചാന്‍ പാട്ടാണ്. അല്‍പ്പകാലം മുന്‍പ് പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി രക്തസാക്ഷിയായ കോട്ടാത്തല സുരേന്ദ്രന്. ജനാര്‍ദ്ദനക്കുറുപ്പും രാജഗോപാലന്‍ നായരും പുനലൂര്‍ ബാലനുമൊക്കെ ചേര്‍ന്നാണ് വില്ലടിച്ചാന്‍ പാട്ടിന്റെ അവതരണം.
നാടകവും കഥാപ്രസംഗവും വില്ലടിച്ചാന്‍ പാട്ടുമെല്ലാം കൂടിച്ചേര്‍ന്ന ആ കലാവിരുന്ന് രസിച്ചു കണ്ടിരിക്കുന്ന കാണികള്‍ തൃപ്തിയോടെ മടങ്ങിപ്പോകാറാണ് പതിവ്.
അങ്ങനെയൊരു ദിവസം കൊല്ലത്തെ കുണ്ടറയില്‍ നാടകം കളിക്കാനെത്തിയതായിരുന്നു കെപിഎസി സംഘം. സാമാന്യം നല്ല ഒരു സദസ്സ് നാടകം കാണാനെത്തിയിട്ടുണ്ടായിരുന്നു. ഒപ്പം ഒരു വലിയ സംഘം പോലീസുകാരും എന്തോ ബഹളമുണ്ടാകുമെന്ന കേള്‍വിയുടെ പേരില്‍ അവിടെ തമ്പടിച്ചിട്ടുണ്ടായിരുന്നു. ആരംഭകാലം മുതല്ക്കുതന്നെ കെപിഎസിയുടെ ഭാരവാഹികള്‍ ഒരു കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. നടന്മാര്ക്കും നടിമാര്‍ക്കും പ്രത്യേകം പ്രത്യേകം ഗ്രീന്റൂമുകള്‍ ഒരുക്കുന്നതിലായിരുന്നു അത്. കലാകാരികള്‍ക്ക് അസൗകര്യങ്ങളൊന്നുമുണ്ടാകരുതെന്ന കരുതലാണ് അതിന്റെ പിന്നില്‍.
മേക്കപ്പൊക്കെ ഇട്ടുകഴിഞ്ഞ് അഭിവാദനഗാനത്തിന് വേണ്ടി ഗ്രീന്റൂമില്‍ നിന്നിറങ്ങി വരുമ്പോള്‍ വാതില്ക്കല് ഒരു അപരിചിതന് നില്‍ക്കുന്നത് സുലോചന കണ്ടു. പൊക്കം തീരെക്കുറഞ്ഞ് ചുരുണ്ട മുടിയോടുകൂടിയ ഒരു യുവാവ്. നടിമാരുടെ മേക്കപ്പ് റൂമിന് മുന്പില് സാധാരണ പതിവുള്ള കാഴ്ചയായിരുന്നു ഇത്തരം വായ്നോട്ടക്കാര്‍ എന്നുള്ളതുകൊണ്ട് സുലോചനയ്ക്ക് നന്നായി ദേഷ്യം വന്നു. സുലോചനയുടെ മുഖത്തെ ഭാവവ്യത്യാസം കണ്ടപ്പോള്‍ ഒപ്പം പാടാന്‍ ഇരിക്കുകയായിരുന്ന കെ.എസ് ജോര്‍ജ്ജ് കാര്യം തിരക്കി. സുലോചന ആ ചെറുപ്പക്കാരനെ കാണിച്ചുകൊടുത്തു. ജോര്‍ജ്ജ് അല്പം ദേഷ്യത്തോടെ അയാളെ ചോദ്യം ചെയ്തു.
''നിങ്ങളാരാ?''
അയാള്‍ ഒന്ന് പരുങ്ങി ഒന്നും മിണ്ടാതെ നിന്നു. ജോര്‍ജ്ജ് ചോദ്യംചെയ്യല്‍ തുടര്‍ന്നപ്പോള്‍ ജനാര്‍ദ്ദനക്കുറുപ്പ് അങ്ങോട്ടേക്കോടി വന്നു.
''ജോര്‍ജ്ജേ, അയാള്‍ നമ്മുടെ ഒരാളാ-
അവിടെ നിന്നോട്ടെ.''
അഭിവാദനഗാനം ആരംഭിച്ചു. നാടകം തുടങ്ങി. ആദ്യരംഗം കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ലൈറ്റുകളെല്ലാമണഞ്ഞു. അല്പം കഴിഞ്ഞ് ലൈറ്റ് തെളിഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരനെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല. നാടകം കഴിഞ്ഞ് എല്ലാവരുമൊത്തു കൂടിയപ്പോള്‍ ജനാര്‍ദ്ദനക്കുറുപ്പ് അയാളെക്കുറിച്ച് പറഞ്ഞു. ഒളിവില്‍ കഴിയുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. പ്രമാദമായ ശൂരനാട് സംഭവത്തിലെ പ്രധാനപ്രതികളിലൊരാള്‍. ഒന്നാന്തരം പ്രസംഗകനും എഴുത്തുകാരനും നടനും കൂടിയാണ് കാമ്പിശ്ശേരിയുടെ ബാല്യകാല സുഹൃത്തായ തോപ്പില്‍ ഭാസ്കരന് പിള്ള. 'മകനാണ് ശരി'യില്‍ ഇടയ്ക്ക് പകരക്കാരനായി വന്നതിന് ശേഷം വിദ്യാര്‍ത്ഥി ജീവിതത്തിലേക്ക് മടങ്ങിപ്പോയ കൃഷ്ണപിളളയുടെ ജ്യേഷ്ഠസഹോദരന്. പിന്നീട് കെപിഎസിക്ക് മുഴുവന്‍ പ്രിയപ്പെട്ട 'വലിയ തോപ്പി' സഖാവായിത്തീര്‍ന്ന തോപ്പില്‍ ഭാസിയെ സുലോചന ആദ്യമായി കാണുന്നത് അങ്ങനെയായിരുന്നു.

ഗ്രന്ഥസൂചിക
*'ജീവിതഛായകള്‍' - ഓ മാധവന്
**ഏഴായിരം രാവുകള്‍' - തോപ്പില്‍ കൃഷ്ണപിള്ള, കറന്റ് ബുക്സ്
(അടുത്ത ഭാഗം: വെളിച്ചത്തിലേക്ക്)