TopTop
Begin typing your search above and press return to search.

തോപ്പില്‍ ഭാസിയുടെ മാനസപുത്രി മാലയായി സുധര്‍മ്മ എത്തുന്നു; 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' ഒരുങ്ങുകയായി; കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

തോപ്പില്‍ ഭാസിയുടെ മാനസപുത്രി മാലയായി സുധര്‍മ്മ എത്തുന്നു;

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു. ആദ്യ പത്തു ഭാഗങ്ങള്‍ ഇവിടെ വായിക്കാം.

ഭാഗം - 11

തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഒരു പഴയ നായര്‍ തറവാട്ടില്‍, പഴഞ്ചന്‍ മൂല്യങ്ങളെയും വിശ്വാസപ്രമാണങ്ങളെയും മുറുകെപിടിച്ചുകൊണ്ട് കഴിയുന്ന പരമുപിള്ള എന്ന ജന്മികാരണവര്‍. ജന്മിത്വം മുച്ചൂടും നശിക്കണമെന്നും പുതിയൊരു സാമൂഹിക വ്യവസ്ഥിതി ഉണ്ടാകണമെന്നും ദൃഢമായി വിശ്വസിച്ച് അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനാണ് പരമുപിള്ളയുടെ മകന്‍ ഗോപാലന്‍. പരമുപിള്ളയുടെ വാക്കുകളോട് മറുത്തൊന്നുമുരിയാടാത്ത ഭാര്യ കല്യാണിയമ്മയും മീന എന്ന പന്ത്രണ്ടു വയസ്സുകാരി മകളുമാണ് ആ കുടുംബത്തിലെ മറ്റംഗങ്ങള്‍.

പരമുപിള്ളയോട് വിധേയത്വം പുലര്‍ത്തുമ്പോഴും, നാട്ടില്‍ 'എന്തെങ്കിലുമൊന്നു നടന്നുകാണാന്‍' ആഗ്രഹിക്കുന്ന പാട്ടക്കാരന്‍ പപ്പു, പാവപ്പെട്ട കര്‍ഷകരെയും കര്‍ഷകതൊഴിലാളികളെയും, അവരനുഭവിച്ചുകൊണ്ടിരിക്കുന്ന ചൂഷണത്തെക്കുറിച്ച് ബോദ്ധ്യപ്പെടുത്തി ജന്മിത്വത്തിനെതിരെ അണിനിരത്താന്‍ വേണ്ടി യത്‌നിക്കുന്ന സഖാവ് മാത്യു എന്നിവര്‍ മാറ്റത്തിനു വേണ്ടി നിലകൊള്ളുന്നു. ജന്മിത്വത്തിന്റെ സഹജമായ സകല ദുഷ്ടതകളുടെയും വൃത്തികേടുകളുടെയും ആള്‍രൂപമായ വലിയ വീട്ടില്‍ കേശവന്‍ നായര്‍, കീഴാളരെ വെറും അടിമകളായി കാണുന്ന ക്രൂരനായ നാട്ടുപ്രമാണിയാണ്. തമ്പുരാനെ ദൈവത്തെപ്പോലെ കരുതിയിരുന്ന കറമ്പന്‍ എന്ന കര്‍ഷകത്തൊഴിലാളിയുടെ ഭാര്യയെ തന്റെ ഇഷ്ടത്തിനു വഴങ്ങാത്തതിന്റെ പേരില്‍ കേശവന്‍ നായര്‍ ഇടിച്ചും തൊഴിച്ചും കൊന്നു. ഇപ്പോള്‍ അയാളുടെ നോട്ടം കറമ്പന്റെ മകള്‍ മാലയിലാണ്.

മാല ചൊടിയും ചുണയുമുള്ള ഒരു പുലയക്കിടാത്തിയാണ്. കേശവന്‍ നായരെയും അയാളുടെ ശിങ്കിടിയായ വേലുച്ചാരെയും എതിരിടാന്‍ കൊയ്ത്തരിവാള്‍ കയ്യിലെടുക്കുന്നതിന് അവള്‍ക്ക് മടിയില്ല. കേശവന്‍ നായരുടെ മകള്‍ സുമാവലി, അച്ഛന്റെ ചെയ്തികളെ എതിര്‍ക്കുകയും, പുരോഗമനാശയങ്ങളോട് അടുപ്പം പുലര്‍ത്തുകയും ചെയ്യുന്നു. അവള്‍ ഗോപാലനുമായി പ്രണയത്തിലാണ്. ഗോപാലനോട് ഉള്ളില്‍ പ്രണയം സൂക്ഷിക്കുന്ന മാല, സുമാവലിയോടാണ് അയാളുടെ ഇഷ്ടമെന്നറിഞ്ഞപ്പോള്‍ ആദ്യം നൊമ്പരപ്പെട്ടു. പക്ഷെ പിന്നീട് വീറുള്ള കമ്മ്യൂണിസ്റ്റുകാരിയായി മാറുകയാണ്.

പരമുപിള്ളയുടെ വീടും വസ്തുക്കളും സൂത്രപ്പണിയിലൂടെ കൈവശപ്പെടുത്തുന്ന കേശവന്‍ നായര്‍ ആ കുടുംബത്തെ പെരുവഴിയിലിറക്കിവിടാന്‍ ഒരുങ്ങുന്നു. അപ്പോഴാണ് തന്റെ വര്‍ഗ്ഗത്തിന്റെ യഥാര്‍ത്ഥ മുഖം പരമുപിള്ള തിരിച്ചറിയുന്നത്. കേശവന്‍ നായരുടെ ഗൂണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഗോപാലന്‍ ആശുപത്രിയിലാകുമ്പോള്‍ പരമുപിള്ള പൊട്ടിത്തെറിക്കുന്നു. അനുഭവങ്ങള്‍ പരമുപിള്ളയെ ഒരു പുതിയ മനുഷ്യനാക്കി മാറ്റുകയാണ്. കര്‍ഷകരും കര്‍ഷക തൊഴിലാളികളുമെല്ലാമൊരുമിച്ചു ചേര്‍ന്ന് പ്രതിഷേധജാഥക്ക് തയ്യാറെടുക്കുമ്പോള്‍, ചെങ്കൊടിയുമേന്തി വരുന്ന മാലയോട് പരമുപിള്ള ആവശ്യപ്പെടുന്നു:

'ആ കൊടിയിങ്ങു താ മോളേ! ഇതെനിക്കൊന്ന് പിടിക്കണം, ഇതെനിക്കൊന്ന് പൊക്കിപ്പൊക്കി പിടിക്കണം.. !'

തോപ്പില്‍ ഭാസി


'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' അവതരിപ്പിക്കാന്‍ കെപിഎസി തീരുമാനിച്ചതോടെ ഭാസിയെ ആ വിവരമറിയിക്കാനും ആവശ്യമെന്നുകണ്ട മാറ്റങ്ങളെക്കുറിച്ചു സംസാരിച്ച് സമ്മതം വാങ്ങാനുമായി ജനാര്‍ദ്ദനക്കുറുപ്പും രാജഗോപാലന്‍ നായരും പോറ്റി സാറും ഭാസിയുടെ സഹോദരന്‍ തോപ്പില്‍ കൃഷ്ണപിള്ളയും കൂടി അടൂര്‍ പോലീസ് സ്റ്റേഷനില്‍ ചെന്നു. അവിടുത്തെ ലോക്കപ്പിലാണ് അന്ന് ഭാസി കിടന്നിരുന്നത്.

നാടകത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരുമെന്ന കാര്യം കുറുപ്പ് ഭാസിയെ അറിയിച്ചു. ആളുകള്‍ക്കിഷ്ടമാകണമെങ്കില്‍ പാട്ടുകള്‍ കൂടിയേ തീരൂ. അതിനാവശ്യമായ സന്ദര്‍ഭങ്ങള്‍ ചേര്‍ക്കണം. മാത്രമല്ല നാടകത്തിലെ നായിക ഇപ്പോള്‍ അണിയറയിലാണ്. അവളെ അരങ്ങത്തു കൊണ്ടുവരണം.

തന്റെ നാടകം കെ പി എ സി അവതരിപ്പിക്കാന്‍ തീരുമാനിച്ചു എന്നറിഞ്ഞപ്പോഴത്തെ സന്തോഷം ഭാസി മറച്ചു വെച്ചില്ല. അനുയോജ്യമായ എന്തു മാറ്റങ്ങള്‍ വേണമെങ്കിലും വരുത്തിക്കോളാന്‍ സമ്മതം കൊടുത്തു. ചിലതൊഴിച്ച്.

'എന്റെ നാടകത്തിന്റെ പേരു മാറ്റരുത്. പിന്നെ എന്റെ പരമുപിള്ളക്കും കറമ്പനും പപ്പുവിനും മാറ്റമൊന്നും വരുത്തരുത്.'

നാടകത്തിലെ ഏറ്റവും ജീവസ്സുറ്റ ആ കഥാപാത്രങ്ങള്‍ക്ക് ഒരു മാറ്റവും വരുത്തില്ലെന്ന് കെ പി എ സിക്കാര്‍ ഭാസിക്ക് ഉറപ്പ് കൊടുത്തു.

പുനലൂര്‍ ടി ബി യില്‍ താമസിച്ചുകൊണ്ട് ജനാര്‍ദ്ദനക്കുറുപ്പും രാജഗോപാലന്‍ നായരും നാടകത്തിന്റെ 'അഴിച്ചുപണി ' തുടങ്ങി.

ജനാര്‍ദ്ദന കുറുപ്പും രാജഗോപാലന്‍ നായരും


ജന്മി കേശവന്‍ നായരുടെ മകള്‍ സുമാവലിയെ രംഗത്ത് കൊണ്ടുവരാനുള്ള സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു ആദ്യം ചെയ്തത്. പുരോഗമനാശയങ്ങളോടും പാവപ്പെട്ടവരോടും കൂറ് പുലര്‍ത്തുന്ന സുമാവലി ഗോപാലനുമായി പ്രണയത്തിലാകുന്നതും അച്ഛന് എതിരായി നിലപാടെടുക്കുന്നതും മറ്റും ചിത്രീകരിക്കുന്ന രംഗങ്ങള്‍ രാജഗോപാലന്‍ നായര്‍ എഴുതിച്ചേര്‍ത്തു. പാട്ടുകാരിയായ സുമത്തിനു വേണ്ടി ഗാനസന്ദര്‍ഭങ്ങളുമുണ്ടായി. കര്‍ഷകത്തൊഴിലാളിയായ മാലക്ക് ഗോപാലനോട് തോന്നുന്ന അനുരാഗവും സുമത്തിനോടാണ് അയാള്‍ക്ക് ഇഷ്ടമെന്നറിയുമ്പോഴുണ്ടാകുന്ന മാനസിക തകര്‍ച്ചയും, പിന്നീട് സഖാവ് മാത്യുവിന്റെ വാക്കുകള്‍ അവളെ യഥാര്‍ത്ഥ്യബോധമുള്ളവളാക്കി മാറ്റുന്നതുമെല്ലാം നാടകത്തിന് വൈകാരിക പിരിമുറുക്കമേറ്റാന്‍ സഹായകമായി. വലിയ വീട്ടില്‍ കേശവന്‍ നായരുടെ ക്രൂരതയും വിടത്വവും നിറഞ്ഞ പാത്രസൃഷ്ടി നിലനിര്‍ത്തിക്കൊണ്ടുതന്നെ അയാളെ കുറച്ചു കൂടി സ്വാഭാവികതയുള്ള കഥാപാത്രമാക്കി മാറ്റി. അങ്ങനെ ജനാര്‍ദ്ദനക്കുറുപ്പും രാജഗോപാലന്‍ നായരും ഒറ്റമനസ്സോടെയിരുന്ന് തിരുത്തുകയും ഒഴിവാക്കുകയും കൂട്ടിച്ചേര്‍ക്കുകയുമൊക്കെ ചെയ്തു കഴിഞ്ഞപ്പോള്‍ നാടകത്തിന്റെ രൂപത്തിനും ഭാവത്തിനും പ്രകടമായ മാറ്റങ്ങള്‍ സംഭവിച്ചു.

നീണ്ട ഒളിവു ജീവിതത്തിനിടയില്‍ തനിക്ക് നേരിട്ട് കാണാനും അനുഭവിക്കാനും കഴിഞ്ഞ ജീവിത യാഥാര്‍ഥ്യങ്ങളെ കലര്‍പ്പൊന്നുമില്ലാതെ പകര്‍ത്തി വെക്കുകയായിരുന്നു ഭാസി. ആ രചനയുടെ ആത്മാവിനോ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കോ കോട്ടമൊന്നും വരാത്ത രീതിയില്‍, അരങ്ങത്തു വിജയിപ്പിക്കാനാവശ്യമായ ഘടകങ്ങള്‍ കണ്ടെത്തി നാടകഗാത്രത്തില്‍ ലയിപ്പിച്ചു ചേര്‍ക്കുകയാണ് കുറുപ്പും രാജഗോപാലന്‍ നായരും ചെയ്തത്.

നാടകം വായിച്ചുകേട്ട പോറ്റിസാറിനും ഓ മാധവനും തോപ്പില്‍ കൃഷ്ണപിള്ളക്കുമൊക്കെ ഇഷ്ടപ്പെട്ടു. ആളുകളെ കയ്യിലെടുക്കാനുള്ള സംഭവങ്ങളൊക്കെ നാടകത്തിലുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.പ്രശ്‌നം മറ്റൊന്നായിരുന്നു-സാമ്പത്തികം. നാടകം തുടങ്ങണമെങ്കില്‍ പണം മുടക്കാന്‍ ഒരാള് വേണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയവുമായി ഇണങ്ങിപ്പോകുന്ന ഒരാള്‍.

അങ്ങനെയാണ് കോടാകുളങ്ങര വാസുപിള്ള രംഗത്തു വരുന്നത്.

കോടാകുളങ്ങര വാസുപിള്ള


വാസു പിള്ള ചവറയിലെ പാരമ്പര്യമുള്ള ഒരു നായര്‍ തറവാട്ടിലെ അംഗമായിരുന്നു. നാട്ടിലെ പൊതുക്കാര്യങ്ങളുടെയൊക്കെ മുന്‍പില്‍ നില്‍ക്കുന്ന ഒരു കരപ്രമാണിയും. അന്നൊക്കെ നാട്ടിന്‍പുറങ്ങളില്‍, ഉത്സവത്തിനും മറ്റും കഥകളി സെറ്റുകാരെയും സംഗീതനാടക കമ്പനിക്കാരെയുമൊക്കെ കൊണ്ടുവന്ന് പരിപാടി നടത്താന്‍ മുന്നിട്ടിറങ്ങുന്നത് പേരുകേട്ട നായര്‍ തറവാടുകളിലെ ചെറുപ്പക്കാരാണ്. അങ്ങനെയൊരു സംഘാടകനായിരുന്നു കോടാകുളങ്ങര വാസുപിള്ള. അവിവാഹിതനായ വാസുപിള്ള വൃദ്ധയായ അമ്മയോടൊപ്പമാണ് താമസം. ചവറയിലെ മറ്റൊരു പുരാതന തറവാട്ടിലെ അംഗമായ ഒ എന്‍ വി കുറുപ്പിന്റെ ഒരു ബന്ധുവുമായിരുന്നു വാസുപിള്ള. പാര്‍ട്ടിയുടെ ഒരനുഭാവി ആയിരുന്ന വാസുപിള്ള കമ്മ്യൂണിസ്റ്റാക്കി നാടകത്തിന്റെ റിഹേഴ്‌സലും അവതരണവുമുള്‍പ്പെടെയുള്ള സകല കാര്യവും ഏറ്റെടുത്തു. സമിതിയുടെ കണ്‍വീനര്‍ സ്ഥാനവും. എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ടം വഹിച്ചുകൊണ്ട് കേശവന്‍ പോറ്റി സാറുണ്ടായിരുന്നു.

പുതിയ നാടകത്തിലെ അഭിനേതാക്കളെ തീരുമാനിക്കാനുള്ള ആലോചനകള്‍ തുടങ്ങി. ഒരു കഥാപാത്രത്തിന്റെ കാര്യത്തില്‍ മാത്രം ഏതാണ്ട് തീരുമാനമായി കഴിഞ്ഞിരുന്നു. അത് കുറുപ്പും രാജഗോപാലന്‍ നായരും ചേര്‍ന്ന് അണിയറയില്‍ നിന്ന് അരങ്ങത്തേയ്ക്ക് കൊണ്ടുവന്ന സുമാവലിയായി ആരഭിനയിക്കണമെന്നതിലായിരുന്നു. മിക്കവാറും പാട്ടുകളെല്ലാം പാടുന്നതും പ്രണയ സന്ദര്‍ഭങ്ങളില്‍ പ്രത്യക്ഷപെടുന്നതും സുമാവലി എന്ന കഥാപാത്രമാണ്. 'എന്റെ മകനാണ് ശരി 'യിലെ നായികയായി എത്തി, കെ പി എ സി യുടെ പ്രധാന നടിയും ഗായികയുമായി മാറിയ സുലോചനയാണ് ആ വേഷം ചെയ്യേണ്ടതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല.

അതുപോലെ തന്നെ എളുപ്പത്തില്‍ തീരുമാനിക്കപ്പെട്ട വേഷം കറമ്പന്റെതായിരുന്നു. 'മകനാണ് ശരി'യില്‍ അറുപതു വയസ്സുള്ള ചാത്തന്‍ പുലയന്റെ വേഷം കെട്ടിയ തോപ്പില്‍ കൃഷ്ണ പിള്ള. ഇരുപത് വയസ്സുകഴിഞ്ഞിട്ടേ ഉള്ളൂവെങ്കിലും വൃദ്ധനായ കറമ്പന്റെ വേഷം കൃഷ്ണ പിള്ള ഭംഗിയാക്കുമെന്ന് എല്ലാവര്‍ക്കുമുറപ്പായിരുന്നു. പരമുപിള്ളയുടെ സന്തത സഹചാരിയായ പാട്ടക്കാരന്‍ പപ്പുവാണ്, ഒരുപക്ഷെ നാടകത്തില്‍ ഏറ്റവും സ്വാഭാവികത തോന്നിപ്പിച്ചിരുന്ന ഒരു കഥാപാത്രം. നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ കാരണവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തി കൊടുക്കുന്നത് പപ്പുവാണ്. ആ വേഷം ചെയ്യാനേറ്റവും പറ്റിയ നടന്‍ ഒ മാധവന്‍ ആണെന്ന നിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടു.

കഴിഞ്ഞ നാടകത്തിലെ കേന്ദ്ര കഥാപാത്രമായ കാരണവരുടെ വേഷമഭിനയിച്ച ജനാര്‍ദ്ദനക്കുറുപ്പാണല്ലോ സ്വാഭാവികമായും പുതിയ നാടകത്തിലും കാരണവരാകേണ്ടത്. പക്ഷെ വൃദ്ധനും അവശനുമായ പരമുപിള്ളയുടെ റോളഭിനയിക്കുന്നതില്‍ കുറുപ്പിന് ചില ശാരീരിക പരിമിതികളുണ്ടായിരുന്നു. കുറുപ്പിന്റെ അല്‍പ്പം വണ്ണമുള്ള ശരീരവും, അന്തരീക്ഷം വിറപ്പിക്കുമാറുള്ള ചിരിയും ഉറക്കെയുള്ള സംഭാഷണരീതിയുമൊക്കെ വില്ലന്‍ കഥാപാത്രമായ വലിയ വീട്ടില്‍ കേശവന്‍ നായര്‍ക്ക് നന്നായി ഇണങ്ങുകയും ചെയ്യും. കേശവന്‍ നായരുടെ ശിങ്കിടിയായ വേലുച്ചാരായി അഭിനയിക്കാന്‍ പറ്റിയ രണ്ടുപേരുണ്ട്, രാജഗോപാലന്‍ നായരും ശ്രീനാരായണ പിള്ളയും. സമിതിയുടെ സെക്രട്ടറി കൂടിയായ രാജഗോപാലന്‍ നായരെയാണ് ആ വേഷത്തിലേക്ക് നിശ്ചയിച്ചത്.

കൊട്ടാരക്കര താലൂക്കിലെ വെളിയം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വാധീനമുള്ള പ്രദേശമായിരുന്നു.1950 കളുടെ തുടക്കത്തോടെ ചുറുചുറുക്കുള്ള പല ചെറുപ്പക്കാരും പാര്‍ട്ടിയിലേക്ക് വന്നു. കലാപരമായ കഴിവുള്ളവരും അക്കൂട്ടത്തിലുണ്ടായിരുന്നു വെളിയംകാരനായ നടനും പാര്‍ട്ടിപ്രവര്‍ത്തകനുമായ ഭാസ്‌കരപ്പണിക്കര്‍ എന്ന യുവാവ് , ഇടക്കുവെച്ചാണ് 'എന്റെ മകനാണ് ശരി'യില്‍ അഭിനയിക്കാനെത്തിയത്. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യിലെ സഖാവ് മാത്യു, സൗമ്യനും ഉറച്ച പാര്‍ട്ടിക്കാരനുമായ ഭാസ്‌കരപ്പണിക്കര്‍ക്ക് എല്ലാംകൊണ്ടും യോജിച്ച വേഷമായിരുന്നു.

വെളിയം ഭാസ്കരപ്പണിക്കര്‍


നാടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില വേഷങ്ങള്‍ക്കിനിയും ആളായിട്ടില്ല. അതിലൊന്നാമത്തേത് കേന്ദ്ര കഥാപാത്രമായ പരമു പിള്ള തന്നെയാണ്.

ആ വേഷം ആരെക്കൊണ്ട് ചെയ്യിക്കണമെന്നത് സംബന്ധിച്ച് നാടകമെഴുതിയ തോപ്പില്‍ ഭാസിക്ക് ഉള്ളിലൊരാഗ്രഹമുണ്ടായിരുന്നു. ലോക്കപ്പില്‍ തന്നെ കാണാന്‍ വന്ന ജനാര്‍ദ്ദനക്കുറുപ്പിനെയും രാജഗോപാലന്‍ നായരെയും അതറിയിക്കുകയും ചെയ്തിരുന്നു. ഭാസിയുടെ ആത്മസുഹൃത്തായ കാമ്പിശ്ശേരി പരമുപിള്ളയായി വരണമെന്നതായിരുന്നു അത്. സുഹൃത്തെന്ന പരിഗണന കൊണ്ടല്ല, കാമ്പിശ്ശേരിയിലെ നടനെ കുറിച്ച് ഭാസിക്ക് നല്ല ബോധ്യമുള്ളതുകൊണ്ടായിരുന്നു.

.... തോപ്പില്‍ ഭാസ്‌കരന്‍ പിള്ള ആദ്യമായി സ്റ്റേജില്‍ കയറുന്നത്, കാമ്പിശ്ശേരി കരുണാകരന്‍ ചാന്നാര്‍ എഴുതിയ 'മരങ്ങോട്ട് മന്ത്രവാദി അഥവാ ഭ്രാന്തന്റെ പരമാര്‍ത്ഥം ' എന്ന നാടകത്തിലൂടെയാണ്. ഭാരത തൊഴിലാളി എന്ന കയ്യെഴുത്തു മാസിക, യുവജന സംസത് എന്ന ഹരിജനോദ്ധാരണ സംഘടന തുടങ്ങിയ സംരംഭങ്ങളില്‍ നിന്ന് സ്റ്റേറ്റ് കോണ്‍ഗ്രസിലേക്കും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേയ്ക്കും ഒരുമിച്ചെത്തുമ്പോഴേക്കും അവര്‍ തോപ്പില്‍ ഭാസിയും കാമ്പിശ്ശേരി കരുണാകരനുമായി മാറി കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്, സംസ്‌കൃത കോളേജില്‍ നിന്ന് പ്രിന്‍സിപ്പാള്‍ എന്‍ ഗോപാലപിള്ള, അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന കരുണാകരനെ പുറത്താക്കി. യുവകേരളം എന്ന പത്രത്തിന്റെ തിരുവനന്തപുരം ലേഖകനായിരുന്നു കാമ്പിശ്ശേരി.പത്രം സര്‍ സി പി നിരോധിച്ചു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം വീണ്ടും തുടങ്ങിയ പത്രം പ്രധാനമന്ത്രി പട്ടം താണുപിള്ളയുടെ അപ്രീതിക്ക് പാത്രമായതിനെ തുടര്‍ന്ന് പ്രസിദ്ധീകരണം നിറുത്തി. രണ്ടിനും കാരണം കാമ്പിശ്ശേരിയുടെ റിപ്പോര്‍ട്ടുകളായിരുന്നു. പിന്നീട് പന്തളം പി ആര്‍ മാധവന്‍ പിള്ളയോടൊപ്പം 'കേരളം ' പത്രത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് മഹോദരം എന്ന മഹാവ്യാധി കാമ്പിശ്ശേരിയെ ആക്രമിക്കുന്നത്.

ആസന്നമരണനായി കായംകുളത്തെ വൈദ്യശാലയില്‍ കാമ്പിശ്ശേരി കിടക്കുമ്പോഴാണ് ശൂരനാട് സംഭവം നടക്കുന്നത്. മരണകിടക്കയിലായിരുന്നതുകൊണ്ടു മാത്രം ആ കേസില്‍ പ്രതിയാകാതെ കാമ്പിശ്ശേരി രക്ഷപെട്ടു.

''കായംകുളത്തു നിന്നും ഏതാണ്ടൊരു മാസത്തിനു ശേഷം എന്നെ മാവേലിക്കര ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. മഹോദരം എന്നുപേരുള്ള ഒരു മഹാരോഗം വന്ന് വയര്‍ ഉരല്‍ പോലെ വീര്‍ത്ത് ഞാനങ്ങനെ മലര്‍ന്നു കിടപ്പാണ്. ആ കിടപ്പിലും എന്റെ അടുത്തേക്ക് കാലന്‍ വരാഞ്ഞത്, പരിസരത്ത് മഫ്തിയില്‍ കറങ്ങുന്ന പൊലീസുകാരെ ഭയന്നായിരിക്കണം. പൊലീസിന് അന്ന് അത്യാവശ്യമുള്ള പ്രതിയായിരുന്നു ഭാസി. ഭാസിക്കു വേണ്ടി അവര്‍ വരച്ച വലകളിലൊന്ന് എന്റെ കിടക്കയ്ക്കു ചുറ്റുമായിരുന്നു... ''*

കാമ്പിശ്ശേരിയും ഭാര്യ പ്രേമയും


ഒന്നര വര്‍ഷത്തെ ചികിത്സയ്ക്കും രോഗമുക്തിക്കും ശേഷം അമ്മാവന്റെ മകള്‍ പ്രേമയുമായി നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം നടന്നതിന് തൊട്ടു പിന്നാലെ തിരു കൊച്ചി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് വന്നു. പഴയ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് തഴവാ കേശവനെ നല്ല ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിക്കൊണ്ട് കാമ്പിശ്ശേരി എംഎല്‍എ ആയി.

ഭാസിയുടെ നാടകം നേരത്തെ വായിച്ചിരുന്നതുകൊണ്ട് ആ റോളെടുക്കാന്‍ കാമ്പിശ്ശേരിക്കും ഉത്സാഹമായിരുന്നു. പോറ്റി സാര്‍ ഉടനെ ഒരു സൈക്കിളുമെടുത്ത് ചവറയില്‍ നിന്ന് ഇരുപതു മൈല്‍ അകലെയുള്ള വള്ളിക്കുന്നത്തിന് പോയി. സന്ധ്യ കഴിഞ്ഞപ്പോള്‍ തന്നെ സൈക്കിളിന്റെ പിറകില്‍ കാമ്പിശ്ശേരിയേയുമിരുത്തി പോറ്റി സാര്‍ ക്യാമ്പില്‍ മടങ്ങിയെത്തി. (സ്വാതന്ത്ര്യസമരകാലത്ത് കരുനാഗപ്പള്ളി താലൂക്കാഫിസിനു മുന്നില്‍ സത്യഗ്രഹം നടത്തിയവരെയൊക്കെ അറസ്റ്റ് ചെയ്തപ്പോള്‍, സത്യഗ്രഹച്ചങ്ങല മുറിഞ്ഞുപോകാതെ നോക്കാനായി, സംസ്‌കൃത സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സ്ഥാനത്തുനിന്നുള്ള രാജിക്കത്തെഴുതി മേശപ്പുറത്തുവെച്ചിട്ട് സത്യഗ്രഹസ്ഥലത്തേക്ക് പാഞ്ഞെത്തി അറസ്റ്റ് വരിച്ചയാളാണ് പോറ്റി സാര്‍!)

കെ. കേശവന്‍ പോറ്റി


'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യില്‍ ഭാസി സൃഷ്ടിച്ച ഏറ്റവും ചൈതന്യമുള്ള കഥാപാത്രം മാല എന്ന പുലയപ്പെണ്‍കൊടിയായിരുന്നു. മാലയെ അവതരിപ്പിക്കാന്‍ അഭിനയിക്കാനും പാടാനും കഴിവുള്ള ഒരു കലാകാരിയെയാണാവശ്യം. കോടാകുളങ്ങര വാസുപിള്ളക്ക് അങ്ങനെ ഒരു പെണ്‍കുട്ടിയെ അറിയാമായിരുന്നു. ഒരു സംഗീതാദ്ധ്യാപികയാണ്. കൊല്ലത്തെ കിളികൊല്ലൂരിലുള്ള കോയിക്കല്‍ ഹൈസ്‌ക്കൂളില്‍ ജോലി ചെയ്യുന്ന ഒരു ജെ ഗോമതി. പാര്‍ട്ടിയുമായിട്ടൊക്കെ ബന്ധമുള്ള, പട്ടത്താനത്തെ ഒരു തടിമില്ല് തൊഴിലാളി കുടുംബത്തിലെ ഏഴു സന്തതികളില്‍ മൂത്തയാള്‍.

കൊച്ചിലേ സംഗീതത്തോട് താല്പര്യം കാണിച്ചിരുന്ന ഗോമതി, ഏഴാം ക്ലാസ്സ് പാസ്സായപ്പോള്‍ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ ചേര്‍ന്നു. ഗാനഭൂഷണം പാസ്സായി വന്നപ്പോഴേക്കും അച്ഛന്‍ പരമേശ്വര പണിക്കര്‍ കിടപ്പിലായിരുന്നു. കുടുംബം നോക്കേണ്ട ചുമതല ഗോമതിയുടെ ചുമലുകളിലായി. ട്യൂഷനെടുത്ത് കുടുംബം പോറ്റാനുള്ള ശ്രമം എങ്ങുമെത്തിയില്ല. ഗോമതിയുടെ ഒരമ്മാവനായ വാലുതറ ഭാസ്‌ക്കര്‍ എന്നയാള്‍ ആയിടെ ഒരു നാടകക്കമ്പനി തുടങ്ങി. ഗോമതി അദ്ദേഹത്തെ സമീപിച്ച് തന്നെയും കൂടി നാടകത്തിലെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

'നീ നാടകത്തിലൊന്നും ചേരേണ്ട ' എന്നായിരുന്നു പ്രതികരണം. ഗോമതിക്ക് പാടാനും അഭിനയിക്കാനും കുറച്ചൊക്കെ കഴിവുണ്ടെന്ന് ഭാസ്‌കറിന് അറിയാമായിരുന്നു. എന്നിട്ടും സമ്മതിക്കാതിരുന്നത്, അന്നത്തെ നാടകക്കമ്പനികളിലെ നടികളുടെ 'ദുരവസ്ഥ' നന്നായി അറിയുന്നതുകൊണ്ടായിരുന്നു. 'പറ്റില്ല 'എന്നു പലവട്ടം പറഞ്ഞിട്ടും ഗോമതി വീണ്ടും വീണ്ടും ചെന്നുകണ്ടപ്പോള്‍ അമ്മാവന്റെ മനസ്സലിഞ്ഞു. കമ്പനി അവതരിപ്പിക്കുന്ന അക്കാലത്തെ പ്രമുഖ നാടകകൃത്തായിരുന്ന ജി എന്‍ പണിക്കര്‍ എഴുതിയ 'സൗഹാര്‍ദ്ദം 'എന്ന നാടകത്തില്‍ ഒരു വേഷം കൊടുത്തു. ഇന്ദു എന്നൊരു സഹകഥാപാത്രം.

അഡ്വാന്‍സായി കിട്ടിയ മുന്നൂറു രൂപയുമായി രോഗശയ്യയില്‍ കിടക്കുന്ന അച്ഛനെ ഗോമതി ചെന്നുകണ്ടു. അച്ഛനും മകളും കരഞ്ഞു. മകള്‍ വഴിതെറ്റി പോകില്ലെന്ന് പണിക്കര്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു.

കുറച്ചു നാടകങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഗോമതി ഞെട്ടലോടെ ഒരു 'വിശേഷ'മറിയുന്നത്. സഹനടിമാരിലൊരാള്‍ ഗര്‍ഭിണിയാണ് ! അവരുടെ ഭര്‍ത്താവാകട്ടെ കുറേ കാലമായി ജയിലിലും! പിറ്റേ ദിവസം തന്നെ ഗോമതി നാടകത്തോട് വിടപറഞ്ഞു. പിന്നെയും ഓടിനടന്നുള്ള ട്യൂഷന്‍. അതിനിടയില്‍ ഗോമതിക്ക് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി മ്യൂസിക് ടീച്ചറുടെ ജോലി കിട്ടി.

ആ കാലത്താണ് കോടാകുളങ്ങര വാസുപിള്ള ഗോമതിയെ കാണാന്‍ ചെല്ലുന്നത്. പാര്‍ട്ടിബന്ധം വഴി ഗോമതിയുടെ കുടുംബത്തിന് വാസുപിള്ളയെ പരിചയമുണ്ടായിരുന്നു. കെ പി എ സി യെക്കുറിച്ചും പുതിയ നാടകത്തെ കുറിച്ചുമൊക്കെ വാസുപിള്ള വിശദീകരിച്ചു. ഗോമതി നാടകത്തില്‍ ചേരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഗോമതി അതിന് തയ്യാറായിരുന്നില്ല. മലീമസമായ നാടകരംഗത്തേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ലെന്നു തന്നെ ഉറപ്പിച്ചുപറഞ്ഞു.

വാസുപിള്ള വിട്ടില്ല. കെ പി എ സി മറ്റു നാടകക്കമ്പനികള്‍ പോലെയല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേല്‍നോട്ടമുള്ള കലാപ്രസ്ഥാനമാണ്. അങ്ങനെയൊരിടത്ത് ഗോമതിയുടെ ഭാവി സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുകൊടുത്തു. ഒടുവില്‍ അച്ഛന്റെ അനുവാദത്തോടെ ഗോമതി സമ്മതം പറഞ്ഞു.

അടുത്തദിവസം ചവറയിലെ കെപിഎസിയുടെ റിഹേഴ്‌സല്‍ ക്യാമ്പായ വാസുപിള്ളയുടെ വീട്ടില്‍ ചെന്നു. സുലോചനയുള്‍പ്പെടെയുള്ള കെപിഎസിക്കാരെയെല്ലാം ഗോമതി പരിചയപ്പെടുന്നത് അന്നാണ്. എന്നിട്ടും ഭയം പൂര്‍ണ്ണമായും വിട്ടുമാറിയില്ല. ഉപദേശം ചോദിക്കാന്‍ ആരുമില്ലെന്ന അവസ്ഥ.

''നാടകരംഗത്തേക്കു കടക്കാനുള്ള എന്റെ ഭീതിയും എന്റെ ഭാവിയും ഒക്കെ വിശദീകരിച്ച് എട്ടുപേജുള്ള ഒരു കത്ത് ഞാനെഴുതി. ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് എഴുതിയ ആ കത്ത് ഞാന്‍ കെ. ബാലകൃഷ്ണന് അയച്ചു. ബാലയണ്ണനായിരുന്നു എന്റെ ഏറ്റവും വലിയ ആരാധനാവിഗ്രഹം. ആ മനുഷ്യന്‍ എന്റെ ഹൃദയത്തില്‍ എന്തൊരു ആവേശമായിരുന്നുവെന്നോ ജനിപ്പിച്ചിരുന്നത് !

കെ. ബാലകൃഷ്ണന്‍


ബാലയണ്ണന്‍ എനിക്ക് മറുപടിയെഴുതി.

'ഓരോ ചുവടും സൂക്ഷിച്ചു വെക്കുക. വഴുതാന്‍ എളുപ്പമാണ്. വീണാല്‍ കണ്ടുനില്‍ക്കുന്നവര്‍ ചിരിക്കുമെന്നല്ലാതെ ചിലപ്പോള്‍ അതു മായാത്ത മുറിവുകള്‍ ഉണ്ടാക്കും... '

ബാലയണ്ണന്റെ ഈ വാചകങ്ങളായിരുന്നു അന്നെനിക്ക് പിന്‍ബലമേകിയത്.മരിച്ചാലേ ഞാനാ വാക്കുകള്‍ മറക്കൂ.... ''

അടുത്ത ദിവസം റിഹേഴ്‌സല്‍ ക്യാമ്പിലെത്തിയ ഗോമതി ഒരു കാര്യം കെ പി എ സി യുടെ ഭാരവാഹികളെ അറിയിച്ചു. നാടകത്തില്‍ അഭിനയിക്കുന്നത് പുതിയൊരു പേരിലാകാം. കമ്മ്യൂണിസ്റ്റുകാരുടെ നാടകത്തില്‍ അഭിനയിക്കുന്നതു കൊണ്ട്, താത്കാലികമാണെങ്കിലും, കിട്ടിയ സര്‍ക്കാര്‍ ജോലി നഷ്ടപ്പെടരുതല്ലോ.

'സുധര്‍മ്മ' എന്ന സ്വയം സ്വീകരിച്ച പുതിയ പേരുമായി, കെ ബാലകൃഷ്ണന്‍ പകര്‍ന്നുകൊടുത്ത ആത്മവിശ്വാസത്തിന്റെ കരുത്തോടെ, തോപ്പില്‍ ഭാസിയുടെ മാനസപുത്രിയായ മാലയെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് ഗോമതി അന്ന് തുടക്കം കുറിച്ചു.

(അടുത്ത ഭാഗം: നേരം പോയ് നേരം പോയ് എല്ലാരും പോയല്ലാ)

* കാമ്പിശ്ശേരി കൃതികള്‍, പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
** നാടകം ജീവിതമാക്കിയവര്‍; സുധര്‍മ്മ-വി. മുരളീധരന്‍ നായര്‍, ഡിസി ബുക്‌സ് , കോട്ടയം


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍

Next Story

Related Stories