TopTop
Begin typing your search above and press return to search.

'രാമചന്ദ്രാ, എന്റെ കുട്ടനെ എങ്ങനെയെങ്കിലും രക്ഷിക്കണം...': അയാളും രാമചന്ദ്രനും - അധ്യായം 3

രാമചന്ദ്രാ, എന്റെ കുട്ടനെ എങ്ങനെയെങ്കിലും രക്ഷിക്കണം...: അയാളും രാമചന്ദ്രനും - അധ്യായം 3
മക്കളില്ലാതെ പോയതിന്റെ സങ്കടമൊന്നും രണ്ടു പേരും ഒരിക്കലും പറഞ്ഞു കേട്ടിട്ടില്ല. പിന്നെ എന്തിനാണ് മക്കള്‍? ആ പൂച്ചകളും പട്ടികളുമൊക്കെ പോരേ. മക്കളേക്കാള്‍ സ്നേഹമായിരുന്നു ഇരുവര്‍ക്കും. അവര്‍ക്കും അങ്ങനെ തന്നെ.'രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. കഴിഞ്ഞ കുറേക്കാലമായി കുട്ടന്‍ എന്നും ഞങ്ങളുടെ കൂടെയായിരുന്നു കിടക്കാറ്. ഞങ്ങള്‍ക്കിടയില്‍ സ്നേഹമുള്ള മകനെപ്പോലെ. എന്തെങ്കിലും കാരണവശാല്‍, ഞാന്‍ കിടക്കാന്‍ വൈകുകയാണെങ...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >


മക്കളില്ലാതെ പോയതിന്റെ സങ്കടമൊന്നും രണ്ടു പേരും ഒരിക്കലും പറഞ്ഞു കേട്ടിട്ടില്ല. പിന്നെ എന്തിനാണ് മക്കള്‍? ആ പൂച്ചകളും പട്ടികളുമൊക്കെ പോരേ. മക്കളേക്കാള്‍ സ്നേഹമായിരുന്നു ഇരുവര്‍ക്കും. അവര്‍ക്കും അങ്ങനെ തന്നെ.

'രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. കഴിഞ്ഞ കുറേക്കാലമായി കുട്ടന്‍ എന്നും ഞങ്ങളുടെ കൂടെയായിരുന്നു കിടക്കാറ്. ഞങ്ങള്‍ക്കിടയില്‍ സ്നേഹമുള്ള മകനെപ്പോലെ. എന്തെങ്കിലും കാരണവശാല്‍, ഞാന്‍ കിടക്കാന്‍ വൈകുകയാണെങ്കില്‍ എന്റെയടുക്കല്‍വന്ന് എന്നെയുരുമ്മി ബെഡ്റൂമിനു നേരെ നോക്കും. എന്നിട്ടും ഞാന്‍ എഴുന്നേല്‍ക്കുന്നില്ലെങ്കില്‍ മുറിയുടെ വാതില്‍ വരെ പോയി തിരിച്ചവന്നതിനുശേഷം ഞങ്ങള്‍ക്കു മാത്രം മനസ്സിലാകുന്ന ഭാഷയില്‍ അവന്‍ ചോദിക്കും, 'മാഷേ ഇന്നു നമുക്കുറങ്ങണ്ടേ?' പിന്നീട് എനിക്ക് മടിച്ചുനില്‍ക്കാന്‍ കഴിയില്ല. ഞാന്‍ അവന്റെ ഇംഗിതത്തിനു വഴങ്ങും. ഇതായിരുന്നു എന്റെ പതിവ്...'
(കഥ-കുട്ടന്‍)

കുട്ടന്‍ മുതലാളിയുടെ വീട്ടിലെ കണ്ടന്‍ പൂച്ചയാണ്. അവനാണ് അവരുടെ മൂത്തമകന്‍. ആ സ്നേഹവും വാത്സല്യവും പരിഗണനയുമെല്ലാം കുട്ടന് ലഭിച്ചിരുന്നു. ഈ കുട്ടനെ ഒരു ദിവസം കാണാതായി. അതും രാത്രിയില്‍. കുട്ടനെ കാണാതായപ്പോള്‍ വേവലാതിപ്പെട്ട പോലെ അതിനുമുമ്പും ശേഷവും ഞാന്‍ മൊതലാളിയെ കിട്ടില്ല. എങ്ങിനെയാണ് അന്ന് രാത്രി അവര്‍ കഴിച്ചുകൂട്ടിയതെന്നറിയില്ല. അതുമാത്രം ഒരു കഥയായിട്ടുണ്ട്.(കുട്ടന്‍) അന്ന് രാത്രി തന്നെ എന്നെ വിളിക്കാന്‍ ഭാര്യ പറഞ്ഞുപോലും. പാതിര കഴിഞ്ഞതിനാല്‍ എന്നെ വിളിച്ചില്ലെന്നുമാത്രം. രാത്രി തീരെ വയ്യാഞ്ഞിട്ടും ടോര്‍ച്ചുമെടുത്ത് മൊതലാളി കുട്ടനെ തെരഞ്ഞു നടന്നു. പലവുരു നീട്ടിവിളിച്ചപ്പോള്‍ കുട്ടന്റെ മറുപടി കിട്ടി. കുട്ടന്റെ കരച്ചില്‍ അന്വേഷിച്ച് കുറച്ചുകൂടി മുന്നോട്ട് പോയപ്പോള്‍ ബോധ്യമായി, ആളൊഴിഞ്ഞ കിഴക്കേവീട്ടിലെ കിണറ്റില്‍ വീണിരിക്കുകയാണ് കുട്ടന്‍. നേരം പുലര്‍ന്നപ്പഴേക്കും മൊതലാളി എന്നെ വിളിച്ചുവരുത്തി. ആകെ പരവശനായിരുന്നു അദ്ദേഹം. എല്ലാം ആജ്ഞാപിക്കാറുള്ള അദ്ദേഹം യാചനയോടെയാണ് എന്നോട് സംസാരിച്ചത്.

'രാമചന്ദ്രാ എന്റെ കുട്ടനെ എങ്ങനെയെങ്കിലും രക്ഷിക്കണം...'

ഞാന്‍ കിണറ്റില്‍ കയറിട്ടും മറ്റും പലവട്ടം ശ്രമിച്ചുനോക്കിയിട്ടും കുട്ടനെ കിട്ടുന്നില്ല. അന്ന് വൈകുന്നേരം മൊതലാളിക്ക് ടൗണില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കണം. നെഹ്റു ലൈബ്രറിയില്‍. കുട്ടനെ കിണറ്റില്‍ വെച്ചിട്ട് പോകാന്‍ കഴിയില്ലെന്ന് അദ്ദേഹം. ഞാന്‍ നിര്‍ബന്ധിച്ചാണ് പറഞ്ഞയച്ചത്. വരുമ്പോഴേക്കും കുട്ടനെ ഞാന്‍ പുറത്തെടുത്തിരിക്കും.

പലരേയും അന്വേഷിച്ചിട്ടും കിണറ്റില്‍ നിന്ന് കുട്ടനെ എടുക്കാന്‍ ആരേയും കിട്ടിയില്ല. പിന്നെ കിണറ്റില്‍ വീണത് മൊതലാളിയുടെ മകനാണെന്ന തിരിച്ചറിവില്‍ ഞാന്‍ തന്നെ രണ്ടും കല്‍പ്പിച്ച് കിണറ്റിലിറങ്ങി കുട്ടനെ രക്ഷിച്ചു...

കുട്ടനെ പുറത്തെടുത്ത സന്തോഷം അറിയിക്കാനായി നെഹ്റു ലൈബ്രറിയില്‍ പരിപാടി നടക്കുന്നിടത്തേക്ക് ഞാന്‍ ഓടിയെത്തി...

അത് പിന്നെ കഥയാണ്,

'ലൈബ്രറിഹാളിന്റെ അങ്ങേയറ്റത്തെ വാതില്‍ക്കല്‍ വെളുത്തവാവുപോലെ ചിരിച്ചുകൊണ്ട് രാമചന്ദ്രന്‍! സ്ഥലകാലങ്ങളൊക്കെ മറന്നു ഞാന്‍ അവന്റെ അടുക്കലേക്ക് ഓടിച്ചെന്നു.'എന്താ രാമചന്ദ്രാ?'രാമചന്ദ്രന്‍ പറഞ്ഞു.'കുട്ടനെ കിട്ടി സാറേ, അവനു വിഷമമൊന്നുമില്ല...'രാമചന്ദ്രന്‍ പിന്നേയും എന്തൊക്കയോ പറയുന്നുണ്ടായിരുന്നു. ഞാന്‍ പക്ഷേ, അവനെ വിലക്കി...വേണ്ട അതൊക്കെ പിന്നെപ്പറയാം...ഞാന്‍ എന്റെ പ്രസംഗം വേഗം തീര്‍ത്ത് ...നമുക്ക് രണ്ടു പേര്‍ക്കും ഒന്നിച്ചുപോകാം...നീ ഇവിടെത്തന്നെ നില്‍ക്ക്...' രാമചന്ദ്രനോടു പറഞ്ഞതുപോലെതന്നെ എന്റെ പ്രസംഗം എങ്ങനെയൊക്കെയോ തീര്‍ത്ത് ഞാന്‍ സ്ഥലം വിട്ടു. ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഞാന്‍ അവനോട് ആവേശത്തോടെ തിരക്കി: ' ഇനി പറ, എന്തൊക്കെയാണുണ്ടായത്...?'
(കഥ-കുട്ടന്‍)

അത്രമാത്രം ആകാംഷയായിരുന്നു കുട്ടന്റെ കാര്യത്തില്‍ മൊതലാളിക്ക്.

ഈ പൂച്ചകള്‍ മൊതലാളിക്ക് പണികൊടുത്തതും കേള്‍ക്കാന്‍ രസാ. ആരോട് തട്ടിക്കയറിയാലും പൂച്ചകള്‍ക്ക് മുമ്പില്‍ മാത്രാ മൊതലാളി 'പൂച്ച'യാവുന്നത്. ഒരു ദിവസം നല്ല ചുമ. ഞങ്ങള്‍ ഡോക്ടറെ കാണാന്‍ പോയി. അലര്‍ജിയാണെന്ന് ഡോക്ടര്‍. പക്ഷെ കാരണം പിടികിട്ടുന്നില്ല. മഴക്കാലത്ത് സാധാരണ അങ്ങനെ അലര്‍ജി വരാറില്ലല്ലോയെന്ന് ഡോക്ടര്‍ക്ക് സംശയം. കുറേ ആലോചിച്ചപ്പോള്‍ എന്തോ പിടുത്തം കിട്ടിയത് പോലെ ഡോക്ടറുടെ ചോദ്യം.

'വീട്ടിലിപ്പോള്‍ എത്ര പൂച്ചകളുണ്ട്..?'

മൊതലാളിയൊന്ന് പരുങ്ങി. കുറച്ചുനേരം ഒന്നും മിണ്ടിയില്ല. അത്'മരയ'പുസ്തകത്തില്‍ കഥയായിവന്നിട്ടുണ്ട്.

'മടിക്കേണ്ട, പറഞ്ഞോളൂ...നാല്, അഞ്ച്..?'

ഞാനപ്പോള്‍ ഡോക്ടറുടെ മുഖത്ത് നോക്കാതെ ഒറ്റശ്വാസത്തില്‍ പറഞ്ഞു;

'നാലും അഞ്ചുമൊന്നുമല്ല ഡോക്ടര്‍. പതിനേഴ്-പതിമൂന്ന് വലുതും നാലു ചെറുതും..'

ഡോക്ടര്‍ക്കത് വിശ്വസിക്കാനായില്ല.

'പതിനേഴ് പൂച്ചകളോ ഒരു വീട്ടില്‍!'

പിന്നെ തെല്ലുനേരത്തെ മൗനത്തിനുശേഷം ഡോക്ടര്‍ കനത്ത സ്വരത്തില്‍ ചോദിച്ചു,

'നിങ്ങളെന്താ അവിടെ പൂച്ചഫാം നടത്തുന്നുണ്ടോ..?'
(മരയ-ഒരുവീട് നോക്കണം, വാടകയ്ക്ക് മതി)
മരുന്നു തരണമെങ്കില്‍ പൂച്ചകളേയും നായകളേയും ഒഴിവാക്കണം. ഡോക്ടറുടെ കര്‍ശന നിര്‍ദ്ദേശം വന്നു. വീട്ടിലേക്കുള്ള വഴിനീളെ മൊതലാളി അവരെ എങ്ങനെ ഒഴിവാക്കും എന്നാണ് ചിന്തിച്ചുകൊണ്ടിരുന്നത്. അവസാനം ഞാനാണ് ഒരു പൂച്ച പിടുത്തക്കാരനെ ഏര്‍പാടാക്കിയത്. മൊതലാളിക്ക് ഒറ്റ നിര്‍ബന്ധമേ ഉായിരുന്നുള്ളൂ കൊല്ലരുത്. ആ ഉറപ്പ് ഞാനും പൂച്ചപിടുത്തക്കാരനും കൊടുത്തു. അങ്ങനെ പിറ്റേദിവസം പൂച്ചപിടുത്തക്കാരന്‍ വന്നപ്പോള്‍ മൊതലാളിയുടെ സ്വഭാവം മാറി. ഇന്നുവേണ്ട... ഇന്ന് നല്ല ദിവസമല്ല-പിന്നൊരുദിവസമാകാമെന്നുപറഞ്ഞ് അയാളെ മടക്കി. ശരിക്കും പറഞ്ഞാല്‍ എനിക്ക് നല്ല അരിശം വന്നു. എന്തുപണിയാണ് മൊതാലാളീ ഈ കാണിച്ചതെന്ന് ചോദിച്ചപ്പോള്‍ മൊതലാളി നിസ്സഹായനായി പറഞ്ഞു.'നമുക്ക് ഈ വീടുമാറാം. താന്‍ തല്‍ക്കാലത്തേക്കൊരു വാടക വീട് നോക്ക്. രോഗമൊക്കെ മാറുമ്പോള്‍ തിരിച്ചുവരാലോ. അപ്പഴേക്കും അവരെല്ലാം പോയിക്കാണും...'

ഞാന്‍ തണുത്തുറഞ്ഞുപോയി. എന്തൊരു മനുഷ്യനാണിത്..!

(അധ്യായം-4 "അമ്മയ്ക്ക് ബലിച്ചോര്‍ ഉരുട്ടിയപ്പോള്‍ ഞാന്‍ തെങ്ങിപ്പോയി...")കെ പി സജീവന്‍

കെ പി സജീവന്‍

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories