TopTop
Begin typing your search above and press return to search.

SERIES | അനുജത്തിയുടെ സംസ്കാരത്തിന് ശേഷം ഉള്ളു പിടഞ്ഞു അരങ്ങിലേക്ക്-കെ പി എ സി സുലോചനയുടെ ജീവിത കഥ തുടരുന്നു

SERIES | അനുജത്തിയുടെ സംസ്കാരത്തിന് ശേഷം ഉള്ളു പിടഞ്ഞു അരങ്ങിലേക്ക്-കെ പി എ സി സുലോചനയുടെ ജീവിത കഥ തുടരുന്നു
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാ...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >


പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം )


ഭാഗം 32

മുടിയനായ പുത്രന്‍ അന്ന് കളിക്കുന്നത് പാലായിലായിരുന്നു. കനത്ത ഹൃദയഭാരവുമായാണ് സുലോചന അന്ന് നാടകത്തിനു പോയത്. കാരണം നിര്‍മ്മല അത്യാസന്ന നിലയില്‍ കിടക്കുകയാണ്. കുട്ടിക്കാലത്തു തന്നെ പോളിയോ ബാധിച്ച അനുജത്തിയുടെ അവസ്ഥ നാള്‍ക്ക് നാള്‍ വഷളായി വരികയായിരുന്നു. ആകാവുന്ന ചികിത്സയൊക്കെ ചെയ്തു നോക്കി. തിരുവനന്തപുരത്തെ പ്രശസ്ത ഡോക്ടര്‍മാരെയൊക്കെ കാണിച്ചു. പ്രതീക്ഷയ്ക്ക് വകയില്ല എന്ന് സുലോചനയ്ക്കുമറിയാമായിരുന്നു. മണിയക്കയെ വലിയ ഇഷ്ടമായിരുന്നു നിര്‍മ്മലയ്ക്കും ഗോപിമോനും. സുഖമില്ലാതെ കിടക്കുന്ന 'ഇളേത്തു'ങ്ങള്‍ക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിച്ചുകൊടുക്കുന്നതില്‍ അക്ക എപ്പോഴും ശ്രദ്ധയും കരുതലും കാണിച്ചിരുന്നു.


കെപിഎസി സുലോചനയുടെ അമ്മയും ഇളയ സഹോദരങ്ങളായ നിര്‍മ്മലയും ഗോപിയും

ബുക്ക് ചെയ്ത നാടകത്തിനു പോകാതെ നിവൃത്തിയില്ലല്ലോ. പ്രത്യേകിച്ച്,കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെയും അവരുടെ ഗൂണ്ടകളുടേയുമൊക്കെ സ്വാധീനകേന്ദ്രമായ പാലായില്‍ എന്തെങ്കിലും കാരണം കൊണ്ട് നാടകം മുടങ്ങിയാല്‍ അതു പാര്‍ട്ടിക്കും ക്ഷീണമാണ്. സുലോചന ഇല്ലാതെ നാടകം കളിക്കാനും നിവൃത്തിയില്ല. അതുകൊണ്ട് കൃഷ്ണന്‍കുട്ടിയുടെ ഒപ്പം സുലോചന നാടകത്തിന് പോയി.

നാടകം നടന്നുകൊണ്ടിരിക്കുമ്പോഴാണ് പാലായിലെ പാര്‍ട്ടി ഓഫീസില്‍ ഫോണ്‍ വന്നത്. നിര്‍മ്മല മരിച്ചു. നാടകം അവസാനിക്കുന്നതു വരെ ആരും സുലോചനയെ വിവരമറിയിച്ചില്ല. 'മണി'ക്ക് മുഖം കൊടുക്കാതെ അണ്ണന്‍ മാറി നിന്നു. നാടകം തീര്‍ന്നാലുടനെ തിരുവനന്തപുരത്തേക്ക് പോകാനായി ഒരു കാര്‍ റെഡിയായി നിറുത്തി...

.....'സര്‍വേക്കല്ല്' നാടകം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ ഇതുപോലെ ഒരു സന്ദേശമെത്തി.വായാടി ഗൗരിയുടെ വേഷമഭിനയിക്കുന്ന പത്മാക്ഷിയമ്മയുടെ അമ്മ മരിച്ചുപോയി എന്ന വിവരമായിരുന്നു അത്. സന്ദേശം കിട്ടിയ ഒ മാധവന്‍ ആരോടുമൊന്നും പറഞ്ഞില്ല. നാടകം കഴിഞ്ഞയുടനെ പത്മാക്ഷി അമ്മയെ കൂട്ടി കാറില്‍ അവരുടെ വീട്ടിലേക്ക് പോയി.അമ്മക്കെന്തോ അസുഖമാണെന്ന് മാത്രമേ അവരോടു പറഞ്ഞുള്ളൂ.....

...... നിര്‍മ്മല പോയി എന്നറിഞ്ഞപ്പോള്‍ സുലോചന സമനില കൈവിട്ടില്ല. മനസ്സില്‍ തേങ്ങിക്കൊണ്ട് അണ്ണന്റെ കൂടെ കാറില്‍ കയറി. പോറ്റി സാറും ഒപ്പം ചെന്നു. ജനിച്ച നാള്‍ മുതല്‍ അനുജത്തി അനുഭവിച്ചു പോന്ന ദുരിതത്തിന് ഒരറുതിയായല്ലോ എന്ന ആശ്വാസമായിരുന്നു സുലോചനയ്ക്ക് ഉള്ളിന്റെയുള്ളില്‍. എന്നാലും നാടകം കഴിഞ്ഞു മടങ്ങിയെത്തുന്ന അക്കയെ കാണുമ്പോള്‍ ആ മുഖത്തു വിടരാറുള്ള ചിരി ഇനി കാണാന്‍ കഴിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഉള്ളു പിടഞ്ഞു.

വെളുപ്പിന് ശാസ്തമംഗലത്തെ വീട്ടിലെത്തി. ഉച്ചയോടു കൂടി സംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞു. അന്ന് കാഞ്ഞിരപ്പള്ളിയിലാണ് നാടകം. ഒട്ടും നേരം കളയാനില്ല. അപ്പോള്‍ പുറപ്പെട്ടാല്‍ മാത്രമേ ഏഴുമണിക്ക്, നാടകം തുടങ്ങേണ്ട നേരത്തിനു മുമ്പ് അങ്ങോട്ടേക്ക് എത്താന്‍ കഴിയൂ. സുലോചന പോകുന്നതില്‍ അച്ഛനും വല്യച്ഛനുമൊന്നും അനുകൂലാഭിപ്രായം ഉണ്ടായിരുന്നില്ല. അണ്ണനും സന്നിഗ്ദാവസ്ഥയില്‍ ആയിരുന്നു. നാടകത്തിനു പോകും എന്നുള്ള കാര്യത്തില്‍ തീര്‍ച്ചയുണ്ടായിരുന്നത് സുലോചനക്ക് മാത്രം. തിരുവനന്തപുരത്തേയ്ക്ക് വന്ന ടാക്‌സിയില്‍ തന്നെ തിരികെ പോകാനായി കയറുമ്പോള്‍ ചുറ്റുപാടും നിന്നുയര്‍ന്ന കുറ്റപ്പെടുത്തുന്ന നോട്ടങ്ങളും തടസ്സവാദങ്ങളും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു. സുലോചന അന്ന് നാടകത്തിനു ചെല്ലുമോ എന്ന് കെ പി എ സി യിലുള്ളവര്‍ക്കും ആശങ്കയുണ്ടായിരുന്നു.പക്ഷെ,എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കിക്കൊണ്ട്, അന്ന് കൃത്യം ഏഴു മണിക്കു തന്നെ ചൂട്ടും വീശിക്കൊണ്ട് ചെല്ലമ്മ അരങ്ങത്തെത്തി!

കളിക്കാമെന്നേറ്റ നാടകം മുടങ്ങാതെ നോക്കുക -- ഒരിക്കലും തെറ്റിയ്ക്കാന്‍ പാടില്ലാത്ത ഒരു വ്രതമായി സുലോചന സ്വീകരിച്ചിരുന്ന സംഗതിയായിരുന്നു അത്. എന്നാല്‍ ചിലപ്പോള്‍ അപ്രതീക്ഷിതമായി നാടകം കളിക്കാന്‍ തടസ്സങ്ങള്‍ വന്നു ചേരാറുണ്ട്. 'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി'യുടെ കാലത്ത് അതു പതിവായിരുന്നല്ലോ.അങ്ങനെയൊരു സംഭവം ആയിടെ മലബാര്‍ ഭാഗത്ത് 'മുടിയനായ പുത്രന്‍'കളിക്കാന്‍ പോയപ്പോഴുണ്ടായി...

'മുടിയനായ പുത്രന്' വടക്കന്‍ കേരളത്തില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പാട്ടും നൃത്തവും അഭിനയവും വികാരഭരിതമായ നാടകമുഹൂര്‍ത്തങ്ങളുമെല്ലാം ചേര്‍ന്ന് ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ നാടകം വലിയ വിജയമായിരുന്നു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റതിന്റെ ആഹ്ലാദപ്രകടനങ്ങളിനിയും നിലച്ചിട്ടില്ലാത്ത മലബാറില്‍ കെ പി എ സി യ്ക്ക് ലഭിച്ചത് ഉജ്വലസ്വീകരണം തന്നെയായിരുന്നു.

എന്നാല്‍ മഞ്ചേരിയില്‍ നാടകമവതരിപ്പിക്കാന്‍ ചെന്നപ്പോള്‍ വ്യത്യസ്തമായ അനുഭവമാണ് കെപിഎസിക്കു നേരിടേണ്ടി വന്നത്. കെ പി എ സി സംഘം നാടകസ്ഥലത്ത് എത്തിയപ്പോള്‍ അവിടെ സംഘാടകരെയാരെയും കാണാനുണ്ടായിരുന്നില്ല. അതേസമയം കൊട്ടകയ്ക്കു പുറത്ത് യാഥാസ്ഥിതിക മതവിശ്വാസികളെന്ന് പ്രകടമായി തോന്നിപ്പിക്കുന്ന ഒരു സംഘം ആള്‍ക്കാര്‍ കൂട്ടം കൂടി നില്‍ക്കുന്നതും കണ്ടു. എന്തോ പന്തികേടുണ്ടെന്നു വ്യക്തമായിരുന്നു. എല്ലാവരും വാനില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ ദൂരെ മാറിനിന്ന ഒരാള്‍ അടുത്തേക്കു വന്നു.

''സഖാവേ, കാഫര്‍മാരുടെ നാടകമാണിതെന്നാണ് മൗലവിമാര്‍ ഇവിടെയെല്ലാവരെയും പറഞ്ഞു മനസ്സിലാക്കിയിരിക്കുന്നത്. നാടകം കളിക്കുകയാണെങ്കില്‍ അവര്‍ പ്രശ്‌നമുണ്ടാകുമെന്നു തീര്‍ച്ചയാണ്.''

''ഒരു പ്രശ്‌നവുമുണ്ടാകില്ല. സഖാവ് ധൈര്യമായിട്ടിരിക്കു'' ജനര്‍ദ്ദനക്കുറുപ്പ് പ്രധാനമായും കൂട്ടത്തിലൂള്ളവരെ സമാധാനിപ്പിക്കാനായി പറഞ്ഞു. അപ്പോഴേക്കും കെ പി ആര്‍ ഗോപാലന്‍ അവിടെയെത്തി. കുറുപ്പിനപ്പോള്‍ ആത്മവിശ്വാസമായി.

''കുറുപ്പേ, സംഘാടകര്‍ പ്രശ്‌നമുണ്ടാകുമെന്നു പേടിച്ചു സ്ഥലം വിട്ടല്ലോ. എന്താ ഇപ്പോ ചെയ്യുക?''

''സഖാവ് അനുവാദം തരികയാണെങ്കില്‍ ഞങ്ങള്‍ ഇവിടെ നാടകം കളിക്കാം, ടിക്കറ്റില്ലാതെ സൗജന്യമായിട്ട്.''

പാര്‍ട്ടിക്കാരോടൊന്നും കൂടിയാലോചിക്കാന്‍ നില്‍ക്കാതെ കെ പി ആര്‍ കുറുപ്പിന് അനുവാദം കൊടുത്തു. ജനര്‍ദ്ദനക്കുറുപ്പ് സ്റ്റേജില്‍ കയറി വികാരനിര്‍ഭരമായ ഒരു പ്രസംഗം നടത്തി. മതപുരോഹിതന്മാര്‍ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതുപോലെ ഏതെങ്കിലും മതത്തിനോ ദൈവത്തിനോ എതിരായ ഒന്നും തന്നെ ഈ നാടകത്തിലില്ലെന്നും മുസ്ലീം സമുദായത്തില്‍
പെട്ടവരടക്കം പാവപ്പെട്ട എല്ലാ ജനങ്ങളുടെയും ജീവിതമാണ് ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നത് എന്നുമായിരുന്നു കുറുപ്പ് നാടകത്തിന്റെ ആമുഖം പോലെ പറഞ്ഞത്. ആളുകള്‍ ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടപ്പോള്‍ കുറിപ്പിനാശ്വാസമായി. തുടര്‍ന്ന് ഒരു അനൗണ്‌സ്‌മെന്റു നടത്തി:

''അടുത്തതായി കെ പി എ സി ഗായകസംഘം നിങ്ങള്‍ക്ക് വേണ്ടി കുറേ പാട്ടുകള്‍ പാടുന്നതാണ്.''

ആ നേരത്ത് പത്തു നൂറുപേരു മാത്രമേ കൊട്ടകയ്ക്കുള്ളി ലുണ്ടായിരുന്നുള്ളൂ.സുലോചനയും കെ എസ് ജോര്‍ജ്ജും മൈക്കിന്റെ മുമ്പിലേക്ക് നീങ്ങി.'ഏലേലോം ഏലേ ലോം'എന്ന കര്‍ഷകഗാനത്തോടെ സമൂഹഗാനങ്ങളുടെ തുടക്കമായി. നാലഞ്ചു പാട്ടുകള്‍ കഴിഞ്ഞതോടെ കൊട്ടക നിറഞ്ഞുകവിഞ്ഞിരുന്നു.മഞ്ചേരിയിലെ പാര്‍ട്ടി സഖാക്കള്‍ വളണ്ടിയര്‍മാരായി നിന്ന് ആളുകളെ നിയന്ത്രിച്ചു.

നാടകം തുടങ്ങാന്‍പോകുന്നുവെന്ന അറിയിപ്പിന്റെ പ്രതികരണമായി നീണ്ട കയ്യടി മുഴങ്ങി. ഇടവേളയുടെ നേരത്ത് വീണ്ടും
അനൌണ്‍സ്മെന്റ്:

''ഇവിടെ ഞങ്ങളീ നാടകമവതരിപ്പിക്കുന്നത് ടിക്കറ്റ് വെച്ചല്ല. നാടകം ബുക്ക് ചെയ്ത സംഘാടകരെ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ കായംകുളത്ത് നിന്ന് മഞ്ചേരിയിലെത്തി നാടകം അവതരിപ്പിക്കുന്നതിന് ഭാരിച്ച ചിലവുണ്ടാകുമെന്നു നിങ്ങള്‍ക്കറിയാമല്ലോ. ഇപ്പോള്‍ ഞങ്ങളുടെ സഖാക്കള്‍ ചെറിയ പാത്രങ്ങളുമായി നിങ്ങളുടെ അടുത്തേക്ക് വരും. ഞങ്ങളുടെ നാടകം നിങ്ങള്‍ക്കിഷ്ടമായെങ്കില്‍ നിങ്ങളെക്കൊണ്ടു കഴിയുന്ന ചെറിയൊരു സംഭാവന ആ പാത്രത്തില്‍ ഇടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.''

നാടകം കണ്ടു രസിച്ചിരുന്ന ആ പാവപ്പെട്ട മനുഷ്യര്‍ കയ്യിലുള്ളത് മുഴുവന്‍ നല്‍കാന്‍ ഒരു മടിയും കാണിച്ചില്ല. മുന്നൂറോളം രൂപ അപ്പോള്‍ തന്നെ പിരിഞ്ഞുകിട്ടി.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രായേണ ദുര്‍ബലമായ ആ പ്രദേശത്ത് അങ്ങനെയൊരു അനുഭവം അവിശ്വനീയമായിരുന്നു. പിരിഞ്ഞുകിട്ടിയ പണത്തേക്കാള്‍ അവരെ സന്തോഷിപ്പിച്ചത് മണിക്കൂറുകള്‍ക്ക് മുമ്പ് വെറുപ്പും വിദ്വേഷവുമായി നിന്ന ആ മനുഷ്യരുടെ സ്‌നേഹാദരങ്ങള്‍ നിറഞ്ഞ മുഖങ്ങളാണ്!..എല്ലാത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് അവിടെയുണ്ടായിരുന്ന കെ പി ആര്‍, അവരെല്ലാപേരേയും-- പ്രത്യേകിച്ചു ജനാര്‍ദ്ദനക്കുറുപ്പിനെ-- അഭിനന്ദിച്ചിട്ടാണ് മടങ്ങിപ്പോയത്.

സാധാരണക്കാരായ പ്രേക്ഷകര്‍ മനസ്സറിഞ്ഞു നല്‍കിയ ചെറിയ സംഭാവന കൊണ്ട് മഞ്ചേരിയില്‍ നിന്നു വലിയ നഷ്ടമൊന്നും സംഭവിക്കാതെ പോരാന്‍ സാധിച്ചെങ്കിലും അങ്ങനെ പാട്ടപ്പിരിവ് കൊണ്ടുമാത്രം നാടകം കളിക്കാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല അന്ന്. ഒരു കാര്യം വാസ്തവമായിരുന്നു.നിര്‍ദ്ധന വിഭാഗത്തില്‍ പെട്ടവര്‍ക്ക്, നാടകം കാണണമെന്ന് ആത്മാര്‍ഥമായി ആഗ്രഹം ഉണ്ടെങ്കില്‍പ്പോലും, താങ്ങാന്‍ കഴിയുന്നതായിരുന്നതല്ല അന്നത്തെ ടിക്കറ്റ് നിരക്ക്. അതു കണക്കിലെടുത്ത്, നാടകം കാണാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അതിനുള്ള അവസരമൊരുക്കികൊണ്ട്, കെ പി എ സി യുടെ നാടകം അവതരിപ്പിക്കാനുള്ള ഒരു ശ്രമം ആയിടയ്ക്ക് നടന്നു. അന്ന് ഫോര്‍ട്ട് കൊച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി നോക്കുകയായിരുന്ന, കമ്മ്യൂണിസ്റ്റുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായായ ഡോ പി കെ ആര്‍ വാര്യര്‍ ആണ് വെറും അന്‍പതു പൈസയ്ക്ക് നാടകം കാണിയ്ക്കാന്‍ നേതൃത്വം നല്‍കിയത്.


ഡോ. പി കെ ആര്‍ വാര്യരും ദേവകി വാര്യരും

വാര്‍ദ്ധാ ആശ്രമത്തില്‍ നിന്ന് വര്‍ഗ്ഗസമരത്തിന്റെ പാതയിലേക്ക് ഇറങ്ങിത്തിരിച്ച ദേവകി പള്ളവും ഒരു ഡോക്ടറായി തീരുക എന്നതിനേക്കാള്‍ വലുത് രാജ്യത്തിന്റെ സ്വാതന്ത്ര്യമാണ് എന്നു വിശ്വസിച്ച രാഘവ വാര്യരും മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെ ജീവശ്വാസം പോലെ കരുതിപ്പോന്ന ദമ്പതികളായിരുന്നു.

പി ജെ ആന്റണിയുമൊക്കെയായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന വാര്യര്‍ ദമ്പതികള്‍ക്ക് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' കാണാന്‍ അതുവരെ അവസരം കിട്ടിയിരുന്നില്ല. കോയമ്പത്തൂരും മിനിക്കോയിയിലും ജോലിനോക്കുകയായിരുന്നതുകൊണ്ടാണ് നാടകം കാണാന്‍ സാധിക്കാതെപോയത്. അക്കാര്യത്തില്‍ നിരാശയുമായി കഴിയുമ്പോഴാണ് മട്ടാഞ്ചേരിയിലെ ടി ഡി സ്‌കൂള്‍ ഹാളില്‍ 'മുടിയനായ പുത്രന്‍' അവതരിപ്പിക്കുന്ന കാര്യം അറിയുന്നത്. സ്വകാര്യ പ്രാക്ടീസിന്റെ ബദ്ധശത്രുവായ ഡോ.വാര്യര്‍ക്ക് ടിക്കറ്റെടുത്ത് നാടകം കാണാനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല. മട്ടാഞ്ചേരിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിനേതാവ് ടി എം അബു രണ്ട് പാസ്സ് സംഘടിപ്പിച്ചുകൊടുത്തു. നാടകം കണ്ടശേഷം ഡോക്ടരും ദേവകി വാര്യരും അണിയറയില്‍ ചെന്ന് നടീ നടന്മാരെ അഭിനന്ദിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ , തോപ്പില്‍ ഭാസിയും വയലാര്‍ രാമവര്‍മ്മയും കൂടി ഡോ.വാര്യരുടെ ക്വാര്‍ട്ടേഴ് സില്‍ ചെന്നു. ഡോക്ടര്‍ക്ക് അവരോട് ഒരു ചോദ്യം ചോദിക്കാനുണ്ടായിരുന്നു.

''ഇത്രയും ശക്തമായ ഒരു പ്രമേയം കുറച്ചു സമ്പന്നരുടെ മുന്നില്‍ അവതരിപ്പിച്ചാല്‍ മതിയോ? അവര്‍ വന്നിരുന്ന് നാടകം കാണും, രസിക്കും,കുറേ കരയും .തങ്ങളുടെ പാപഭാരം കുറേയൊക്കെ ആ കണ്ണീരില്‍ കഴുകിപ്പോകുമെന്നു വിശ്വസിച്ച് കാറില്‍ കയറി വീട്ടില്‍പ്പോയി സുഖമായി കിടന്നുറങ്ങും. സാമൂഹ്യനീതികളെപ്പറ്റിയോ അതു മാറ്റേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയോ ഒരല്‍പ്പം പോലും ചിന്തിക്കാതെ പിറ്റേദിവസവും അവരവരുടേതായ അനീതികള്‍ നിര്‍വിഘ്‌നം തുടരും.''

തോപ്പില്‍ ഭാസി അതിനോട് ഒരതിരുവരെ യോജിച്ചെങ്കിലും, മറിച്ചൊരു ചോദ്യം ചോദിക്കാതിരുന്നില്ല.

''സമ്പന്നരുടെ ഹൃദയത്തിലും അല്‍പ്പം ചില ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ലേ?''

ഗാന്ധിജിയെയും വിനോബാഭാവയേയും പോലെ വന്‍കിട ഭൂവുടമകളില്‍ വലിയ മനംമാറ്റം വരുത്തി ഈ രാജ്യത്തെ ദാരിദ്ര്യം അകറ്റാമെന്നു വിശ്വസിക്കുന്നുണ്ടോ എന്ന ഡോക്ടറുടെ മറുചോദ്യം കേട്ട് ഭാസിയും വയലാറും പൊട്ടിച്ചിരിച്ചു.

''സാമ്പത്തികം മുഖ്യഘടകമാണല്ലോ. കെ എസ് ജോര്‍ജ്ജിനും സുലോചനയ്ക്കുമെല്ലാം ജീവിക്കാന്‍ വേണ്ട വേതനം കൊടുക്കേണ്ടേ? ഞങ്ങളെ ഞങ്ങളാക്കിത്തീര്‍ത്ത പാര്‍ട്ടിക്ക് തക്കതായ വിഹിതം കൊടുക്കേണ്ടേ? ഇതിനൊക്കെ വേറെ എന്താണൊരു വഴി?''

ഡോക്ടര്‍ വാര്യര്‍ പെട്ടെന്നൊരു മറുപടി പറഞ്ഞില്ലെങ്കിലും അതൊരു കൂട്ടായ ആലോചനയ്ക്ക് വഴിയൊരുക്കി. സാധാരണജനങ്ങളുടെ മുമ്പില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ നാടകം നടത്താന്‍ കെ പി എ സി യും പാര്‍ട്ടിയും ഹോസ്പിറ്റലിന്റെ റിക്രീയേഷന്‍ ക്ലബ്ബും എല്ലാം ചേര്‍ന്ന് ചര്‍ച്ച ചെയ്തു തീരുമാനിച്ചു. എല്ലാത്തിനും മുന്നില്‍നിന്ന ഡോ.പി കെ ആര്‍ വാര്യര്‍ ആ കഥ പറയുന്നു:

''ഫോര്‍ട്ട് കൊച്ചിയിലെ വിശാലമായ പരേഡ് മൈതാനത്ത് 'മുടിയനായ പുത്രന്‍' അവതരിപ്പിക്കണമെന്നു നിശ്ചയിച്ചു. ടിക്കറ്റ് നിരക്ക് വെറും എട്ടണ (അന്‍പത് പൈസ) ഈ വിവരം പോസ്റ്ററുകള്‍ വഴി പരസ്യപ്പെടുത്തുകയും ചെയ്തു. പരേഡ് മൈതാനം മുഴുവന്‍ ടാര്‍പോളിന്‍ കൊണ്ട് മറച്ചു. ഒരു ഉയര്‍ന്ന സ്റ്റേജും സജ്ജമാക്കി. തൊഴിലാളി സഖാക്കളുടെ ശ്രമദാന ഫലമായിരുന്നു ഇത്.

ഇക്കാരണം കൊണ്ട് ചെലവ് വളരെ തുച്ഛമായിരുന്നു. ഒരു പരീക്ഷണത്തിന്റെ മുഹൂര്‍ത്തം. സമയമടുക്കുന്തോറും ഞങ്ങളില്‍ പലര്‍ക്കും വലിയ ആശങ്ക ഉണ്ടായിരുന്നു. ഈ സംരംഭത്തിന്റെ വിജയത്തില്‍ ഭാസിയും പോറ്റി സാറും കാമ്പിശ്ശേരിയും ഒക്കെ സംശയാലുക്കളായിരുന്നു. ഏതായാലും സാഹസത്തിനു മുതിര്‍ന്നു. ഇനി മുന്നോട്ട് പോകുക തന്നെ.

ഒരുകൂട്ടം വിരുദ്ധന്മാര്‍ പറഞ്ഞു നടന്നു.'ഇതൊരു വെറും തട്ടിപ്പാ.എട്ടണ നിരക്കില്‍ ഒരു നാടകം കളിപ്പിക്കാന്‍ കഴിയില്ല.'

മൈതാനത്ത് ടിക്കറ്റ് വച്ച് നാടകം കളിപ്പിക്കുയെന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത നടപടിയായിരുന്നു.പക്ഷെ ജനങ്ങള്‍ നാടക വേദിയിലേക്ക് ഒഴുകിയെത്തി. സന്ധ്യയോടുകൂടി മൈതാനം നിറഞ്ഞു. നാടകം വിജയകരമായി നടന്നു. യവനിക വീഴുമ്പോള്‍ ഒരു വലിയ ജനാവലിയില്‍ നിന്ന് ഏങ്ങലടികള്‍ ഉയര്‍ന്നു. അതിനു പിറകില്‍, ആയിരമായിരം ദാരുണ സംഭവങ്ങള്‍ക്ക് കളമൊരുക്കുന്ന സമൂഹത്തെ, സമൂലം മാറ്റുവാനുള്ള ഒരു ഗര്‍ജ്ജനം കേട്ടുവോ?

നാലായിരത്തിലേറെ രൂപ പിരിഞ്ഞുകിട്ടി. അങ്ങനെ ഒരു പുതിയ കാല്‍വെപ്പിന് തുടക്കം കുറിച്ചു. ഞങ്ങള്‍ കെ പി
സി കുടുംബം എന്നറിയപ്പെടാന്‍ തുടങ്ങി.''*

പഴയ നാടകകമ്പനികളുടെ കാലം മുതല്‍ക്ക് തന്നെ നാടകങ്ങള്‍ ബുക്ക് ചെയ്തു കളിപ്പിച്ചിരുന്നത് അതത് പ്രദേശങ്ങളിലെ നാട്ടുപ്രമാണിമാരായ നാടക കോണ്‍ട്രാക്ടര്‍മാരായിരുന്നു.സില്‍ക്ക് ജുബ്ബയും കസവുമുണ്ടും രണ്ടുമടക്കുള്ള സ്വര്‍ണ്ണചെയിനും രണ്ടു കൈകളിലും സ്വര്‍ണ്ണമോതിരവുമെല്ലാം ധരിച്ച, നാടക നടത്തിപ്പ് ബിസിനിസ്സായി സ്വീകരിച്ച കോണ്‍ട്രാക്ടറുടെ സ്ഥാനം പിന്നീട് നാടക സംഘാടകരായ വ്യക്തികളും കമ്മിറ്റികളും ഏറ്റെടുത്തു. നാടകത്തിന്റെ അവതരണത്തിന് അത്യാവശ്യമായ,രംഗത്ത് ഉപയോഗിക്കേണ്ടതായ സാമഗ്രികളുടെ (പ്രോപ്പര്‍ട്ടി) പട്ടിക നേരത്തെ തന്നെ അവരെ ഏല്‍പ്പിക്കും. എന്നാല്‍ നാടകസ്ഥലത്തു ചെല്ലുമ്പോഴാണറിയുന്നത്, ആവശ്യമുള്ള വസ്തുക്കളുടെ പകുതിപോലും നടത്തിപ്പുകാര്‍ ഏര്‍പ്പാട് ചെയ്തിട്ടില്ല എന്ന കാര്യം.ഒടുവില്‍ നിവൃത്തിയൊന്നുമില്ലാതെ ഉള്ള സാധനങ്ങള്‍ കൊണ്ടൊക്കെ ഒരുവിധമൊപ്പിച്ച് നാടകം കളിച്ചു തീര്‍ക്കേണ്ടി വരും.

അതിലും വിഷമകരമായ കാര്യംഅവരുടെ കൈയില്‍ നിന്ന് കിട്ടാനുള്ള പണം വാങ്ങിച്ചെടുക്കുക എന്നുള്ളതായിരുന്നു.ഒരുപാട് ദുരനുഭവങ്ങള്‍ നേരിട്ട പി ജെ ആന്റണി പറയുന്നു:

''അഡ്വാന്‍സ് കഴിച്ചുള്ള തുക നാടകത്തിനു മുമ്പ് ക്യാമ്പില്‍ത്തന്നുകൊള്ളാമെന്നു നാടകം ബുക്ക് ചെയ്യുമ്പോള്‍ തന്നെ വ്യവസ്ഥ ചെയ്തിരിക്കും.അതിനു യാതൊരു വ്യത്യാസവും വരികയില്ലെന്നു കോണ്‍ട്രാക്ടര്‍ ഉറപ്പു തന്നിട്ടുമുണ്ടായിരിക്കും. പക്ഷെ നാടകദിവസം സ്ഥലത്ത് ചെന്നുകഴിയുമ്പോള്‍ കാര്യങ്ങളെല്ലാം മാറിയിരിക്കും. ക്യാമ്പില്‍ കൊണ്ടുവന്നു പണം തരാമെന്നുള്ളത്, നാടകക്കാര്‍ തീയേറ്ററില്‍ വന്നതിനു ശേഷമാകാം എന്നായി മാറും. അതിനു കീഴ്‌പ്പെട്ട് തീയേറ്ററിലേക്ക് ചെന്നുവെന്നിരിക്കട്ടെ, വ്യവസ്ഥക്ക് പിന്നെയും വ്യത്യാസം സംഭവിക്കുന്നു.കോണ്‍ട്രാക്ടര്‍ പറയുന്നത് ഇങ്ങനെയായിരിക്കും

'നിങ്ങളെന്നെ സംശയിക്കുകയും മറ്റും വേണ്ട. ഒരു പൈസ പോലും ബാക്കിയില്ലാതെ തന്നിട്ടേ നിങ്ങളെ വിടുകയുള്ളൂ.മേക്കപ്പു തുടങ്ങിക്കോളൂ. പണം തന്നിട്ട് നാടകം നടത്തിയാല്‍ മതി.'

അതും സമ്മതിച്ചുവെന്നിരിക്കട്ടെ,മേക്കപ്പ് കഴിഞ്ഞു നാടകം തുടങ്ങാനുള്ള കൃത്യസമയമാകുമ്പോള്‍ കോണ്‍ട്രാക്ടര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടു പറയുന്നു.

'നാടകം തുടങ്ങിക്കൊള്ളുക. കുറച്ചുകൂടി പണം വന്നു ചേരാനുണ്ട്. നാടകം തീരുന്നതിനുമുമ്പ് തന്നെ പണം തരും. നാടകം തുടങ്ങാന്‍ താമസിച്ചാല്‍ ആളുകള്‍ ബഹളമുണ്ടാക്കും.'

നാടകക്കാര്‍ കുഴങ്ങിപ്പോകുന്ന ഘട്ടമാണത്. ആ ചുറ്റുപാടില്‍ നാടകം തുടങ്ങിയെന്നിരിക്കട്ടെ. പിന്നെ ആ പണം കിട്ടുകയെന്ന കാര്യം കുറച്ച് അസാധ്യം തന്നെയാണ്. നാടകം കഴിയുന്നതിനു മുമ്പുതന്നെ കോണ്‍ട്രാക്ടര്‍ സ്ഥലം വിട്ടുകഴിഞ്ഞിരിക്കും. അഥവാ അങ്ങനെ പണം കിട്ടിയാല്‍ തന്നെ ആകെ കിട്ടാനുള്ളതിന്റെ കാല്‍ഭാഗമോ പകുതിയോ കൊണ്ട് തൃപ്തപ്പെടേണ്ടി വരും. അപ്പോള്‍ നടീനടന്മാര്‍ക്ക് കൊടുക്കാനോ യാത്രച്ചെലവിനുപോലുമോ പണമില്ലാതെ നാടകക്കാര്‍ വലയേണ്ടി വരും. അതുകൊണ്ട് പണം മുഴുക്കെ തീര്‍ത്തുകിട്ടാതെ നാടകം നടത്തുകയില്ലെന്നെങ്ങാനും നാടകക്കാര്‍ പറഞ്ഞുപോയാല്‍ തുടര്‍ന്നുണ്ടാകാന്‍ പോകുന്നത് ഒരു പ്രളയമാണ്.'' **

നാടകം തുടങ്ങാന്‍ വൈകുന്നതോടെ അക്ഷമരായ കാണികള്‍ ബഹളമുണ്ടാക്കാന്‍തുടങ്ങും. ചൂളംവിളി, കയ്യടി, അട്ടഹാസം, കൂക്കുവിളി തുടങ്ങിയ പ്രകടനങ്ങള്‍ സദസ്സില്‍ നിന്നുയരുമ്പോള്‍ അണിയറയില്‍ കോണ്‍ട്രാക്ടറും അനുയായികളും ചേര്‍ന്ന് നാടകസമിതിക്കാരെ തെറിപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരിക്കും.അസഭ്യങ്ങള്‍ വിളിച്ചുപറയുന്നത് പലപ്പോഴും നടികളുടെ മുഖത്തു നോക്കിക്കൊണ്ടായിരിക്കും. എന്തൊക്കെ ചെയ്താലും പണം കൊടുക്കാതെ നാടകം തുടങ്ങുകയില്ലെന്നു മനസ്സിലായപ്പോള്‍ നിവൃത്തിയില്ലാതെ പറഞ്ഞുറപ്പിച്ച തുക മുഴുവന്‍ നല്‍കിയ കോണ്‍ട്രാക്ടര്‍, നാടകം തീര്‍ന്നതിനുശേഷം നാടകസംഘത്തെ തടഞ്ഞുവച്ച് കൊടുത്ത പണം അതേപടി തിരികെ വാങ്ങിച്ച സന്ദര്‍ഭങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്.

കെ പി എ സിക്കും മറ്റ് ജനകീയകലാസമിതികള്‍ക്കും ഈ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ ഇടപെട്ടിട്ടു പോലും പണം കൊടുക്കാതെ മുങ്ങിയ നാടകനടത്തിപ്പുകാര്‍ ഉണ്ടായിരുന്നു. എന്നാല്‍ പണം വാങ്ങുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത ആളായിരുന്നു കെ പി എ സി യുടെ സെക്രട്ടറി ഓ മാധവന്‍. തോപ്പില്‍ ഭാസി ഓര്‍മ്മിക്കുന്നു:ഓ മാധവന്‍

''....നാടകം തുടങ്ങാന്‍ വൈകുന്നതു കൊണ്ട് സദസ്സ് കൂവി തകര്‍ക്കുമ്പോഴും മാധവന്‍ മേക്കപ്പോടെ മേക്കപ്പ് റൂമില്‍ കിടന്നുറങ്ങും. മുമ്പൊക്കെ നാടകത്തിന്റെ കരാറിന്‍പടിയുള്ള തുക കോണ്‍ട്രാക്ടറില്‍ നിന്ന് വാങ്ങിക്കാതെ നാടകം തുടങ്ങുമായിരുന്നില്ല. 'തുടങ്ങിക്കോ, രൂപ എണ്ണുന്നു' എന്ന് നടത്തിപ്പുകാര്‍ വന്നുപറഞ്ഞാലും തുടങ്ങുകയില്ല. വിശ്വസിച്ചു തുടങ്ങിപ്പോയാല്‍ തുക മുഴുവനും കിട്ടുകയില്ലെന്നുള്ളത് മൂന്നുതരം. തുക കൊണ്ടുവരാന്‍ കോണ്‍ട്രാക്ടര്‍ താമസിക്കുമ്പോഴാണ് സദസ്സ് തുടരെ കൂവുന്നതും പണം വാങ്ങേണ്ട ചുമതലക്കാരന്‍ കൂടിയായ മാധവന്‍ ഉറങ്ങുന്നതും. അപൂര്‍വം ചില സദസ്സ് നാടകം വൈകിയാലും കൂവുകയില്ല. അപ്പോള്‍ ഇടയ്ക്കുണരുന്ന മാധവന്‍ നിരാശയോടെ പറയും: 'ഇവിടുത്തുകാര്‍ക്ക് കൂവാനും അറിയില്ലേ?'ഒന്നു ശരിക്ക് കൂവിയിരുന്നെങ്കില്‍ കാശു വേഗം കൊണ്ടുവരുമെന്ന ചിന്താഗതിക്കാരനാണയാള്‍.''***

ഇങ്ങനെ ഒരുപാടൊരുപാട് പ്രശ്‌നങ്ങളെയും പ്രതിസന്ധികളേയും അഭിമുഖീകരിച്ചും മറികടന്നും, മലയാള നാടകവേദി മുന്നോട്ടുതന്നെ പോകുകയായിരുന്നു.1950 കളുടെ ആദ്യ പകുതിയില്‍ പിറവികൊള്ളുകയും എണ്ണപ്പെട്ട നാടകങ്ങള്‍ പലതും അരങ്ങത്തെത്തിക്കുകയും ചെയ്ത നാടകസമിതികള്‍ മിക്കതും രണ്ടാം പകുതിയില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രയാണം തുടര്‍ന്നു. ചിലരൊക്കെ മുന്നോട്ടു പോകാന്‍ കഴിയാതെ വഴിയില്‍ യാത്രയുപേക്ഷിച്ചു.

'ജീവിതം അവസാനിക്കുന്നില്ല' രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഏരൂര്‍ വാസുദേവ് എഴുതിയ 'നിങ്ങളുടെ ദൈവം' എന്ന നാടകവും അതിനുശേഷം പി ജെ ആന്റണിയുടെ ' മുന്തിരിച്ചാറില്‍ കുറേ കണ്ണുനീരും' എന്ന നാടകവുമായി കെ പി ടി എ അരങ്ങത്ത് വന്നു. പിന്നീട് അവതരിപ്പിച്ചത് എരൂര്‍ വാസുദേവിന്റെ തന്നെ'ഈ ചിലമ്പൊലി അവസാനിക്കാതിരിക്കട്ടെ' ആണ്. അതോടെ കെപിടിഎയുടെ ചിലമ്പൊലി അവസാനിച്ചു.

കല്പനാ തീയേറ്റേഴ്സ് പുതുതായി അവതരിപ്പിച്ച എസ് എല്‍ പുരം സദാനന്ദന്റെ 'വില കുറഞ്ഞ മനുഷ്യര്‍' പ്രേക്ഷകരെ സാമാന്യം ആകര്‍ഷിച്ച നാടകമായിരുന്നു. കോട്ടയം കേരളാ തീയേറ്റേഴ്സിന്റെ, പൊന്‍കുന്നം വര്‍ക്കിയെഴുതിയ 'സ്വര്‍ഗ്ഗം നാണിക്കുന്നു' അവതരിപ്പിച്ചു. അടുത്ത വര്‍ഷങ്ങളില്‍ വര്‍ക്കിയുടെ തന്നെ 'വിശറിക്കു കാറ്റു വേണ്ട', 'മനുഷ്യന്‍', 'കതിരുകാണാക്കിളി' എന്നീ നാടകങ്ങള്‍ അരങ്ങത്ത് വിജയം കണ്ടു. എറണാകുളത്ത് കോട്ടയം ചെല്ലപ്പന്റെ നേതൃത്വത്തില്‍ പുതുതായി ആരംഭിച്ച' ജ്യോതി തീയേറ്റേഴ്സ് പി ജെ ആന്റണി രചിച്ച ' ഒരു സംഘം യാത്രക്കാര്‍','പൊതുശത്രുക്കള്‍'എന്നീ നാടകങ്ങളും എന്‍ ഗോവിന്ദന്‍കുട്ടിയെഴുതിയ 'ഉണ്ണിയാര്‍ച്ച' എന്ന വടക്കന്‍ പാട്ട് കഥയും അവതരിപ്പിച്ചു. ആന്റണി എഴുതിയ 'ശകുന്തള' എന്ന നാടകത്തോടെ തുടക്കം കുറിച്ച പി.ജെ തീയറ്റേഴ്‌സ് തുടര്‍ന്നു അവതരിപ്പിച്ച നാടകങ്ങളേറേയും പാര്‍ട്ടിയ്ക്കുവേണ്ടി എഴുതിയ രാഷ്ട്രീയ നാടകങ്ങളായിരുന്നു. കലാനിലയം അവരുടെ മാസ്റ്റര്‍പീസായ 'കായംകുളം കൊച്ചുണ്ണി' അരങ്ങേറിയതും ഇക്കാലത്താണ്.


കെ പി ടി എ യുടെ നാടകം ' നിങ്ങളുടെ ദൈവ'ത്തിന്റെ പരസ്യം


കെ പി ടി എ യുടെ 'മുന്തിരിച്ചാറില്‍ കുറേ കണ്ണുനീര്‍'-- ഉദ്ഘാടനത്തിന്റെ പരസ്യം


കേരളാ തീയേറ്റേഴ്‌സിന്റെ നാടകം 'സ്വര്‍ഗ്ഗം നാണിക്കുന്നു' വിന്റെ പരസ്യം


കേരളാ തീയേറ്റേഴ്‌സിന്റെ 'വിശറിക്കു കാറ്റു വേണ്ട' യിലെ ഒരു രംഗം


കേരളാ തീയേറ്റേഴ്‌സിന്റെ 'മനുഷ്യന്‍' എന്ന നാടകത്തിലെ ഒരു രംഗം


എസ് എല്‍ പൂരത്തിന്റെ ' വില കുറഞ്ഞ മനുഷ്യര്‍' എന്ന നാടകത്തില്‍ നിന്നും


ജ്യോതി തീയേറ്റേഴ്‌സിന്റെ 'ഉണ്ണിയാര്‍ച്ച'യിലെ ഒരു രംഗം


കായംകുളം കൊച്ചുണ്ണിയായി വി ടി അരവിന്ദാക്ഷ മേനോന്‍

'ഇതു ഭൂമിയാണ്' സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ അടങ്ങുന്നതിനു മുമ്പ് കോഴിക്കോട് ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബ് കെ ടി മുഹമ്മദിന്റെ 'കറവറ്റ പശു'വുമായി സ്റ്റേജിലെത്തി. മ്യൂസിക് ക്ലബ്ബിലുണ്ടായ അഭിപ്രായഭിന്നതകളെ തുടര്‍ന്ന് കെ ടിയും ചില സുഹൃത്തുക്കളും ചേര്‍ന്ന് 'ഗ്രീന്റൂം' എന്ന സമിതി തുടങ്ങി.


കെ.ടി. മുഹമ്മദ്

തുടര്‍ന്ന് എക്സ്പെരിമെന്റല്‍ തീയേറ്റേഴ്സും. 'തിരയില്ലാത്ത തോക്കും കടലും', 'വെളിച്ചം വിളക്കന്വേഷിക്കുന്നു' തുടങ്ങിയ നാടകങ്ങള്‍ ഈ സമിതികള്‍ അവതരിപ്പിച്ചവയാണ്. മലബാര്‍ കേന്ദ്രകലാസമിതി ഒരാഘോഷമായി നടത്തിപ്പോന്ന നാടകോത്സവങ്ങളിലൂടെ കെ ടി മുഹമ്മദിന്റെ 'ഓപ്പറേഷന്‍ തീയേറ്റര്‍' ഉറൂബിന്റെ 'തീകൊണ്ട് കളിക്കരുത്', ചെറുകാടിന്റെ 'മനുഷ്യഹൃദയങ്ങള്‍', പി എ വാര്യരുടെ 'ചവുട്ടിക്കുഴച്ച മണ്ണ്', മുഹമ്മദ് യൂസഫിന്റെ 'കണ്ടം ബച്ച കോട്ട്', എ കെ പുതിയങ്ങാടിയുടെ 'പ്രഭാതം ചുവന്ന തെരുവില്‍'', കെ പി ഉമ്മറിന്റെ 'രോഗികള്‍', പി എന്‍ എം ആലിക്കോയയുടെ 'വമ്പത്തി നീയാണ് പെണ്ണ്' കാലടി ഗോപിയുടെ 'മുകളിലാകാശം താഴെ ഭൂമി' എന്നീ നാടകങ്ങളും, പ്രതിഭാധനരായ കുറേ അഭിനേതാക്കളും മലയാളനാടകവേദിയുടെ നേട്ടങ്ങളായി. തിക്കോടിയന്‍ എഴുതിയ 'കന്യാദാനം', 'പഴശ്ശിരാജ' തുടങ്ങിയ നാടകങ്ങള്‍ ആ നാളുകളില്‍ ജന്മം കൊണ്ടവയാണ്.


പഴശ്ശിരാജ നാടകത്തില്‍ നിന്നും


കണ്ടം ബച്ച കോട്ടില്‍ നിന്നും ഒരു രംഗം


മാന്യതയുടെ മറ യിലെ അഭിനേതാക്കള്‍ സി എന്‍ ശ്രീകണ്ഠന്‍ നായരോടൊപ്പം

തിരുവനന്തപുരത്തെ അരങ്ങത്ത് അവതരിപ്പിച്ച സി എന്‍ ശ്രീകണ്ഠന്‍ നായരുടെ 'നഷ്ടക്കച്ചവടം',' ആ കനി തിന്നരുത്', 'മാന്യതയുടെ മറ', രാമായണ കഥയെ അടിസ്ഥാനമാക്കി രചിച്ച 'കാഞ്ചന സീത' എന്‍ കൃഷ്ണപിള്ളയുടെ 'മരുപ്പച്ച', കെ സുരേന്ദ്രന്‍ എഴുതിയ 'ബലി','പളുങ്കുപാത്രം', കെ എസ് കൃഷ്ണന്റെ ' ദൈവം അല്പം താമസിച്ചുപോയി'' ടി എന്‍ ഗോപിനാഥന്‍ നായരുടെ ' മൃഗം'..... മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളിലും വ്യക്തികളുടെ മാനസികവ്യാപരങ്ങളിലുമെല്ലാം ഊന്നല്‍ നല്‍കുന്ന പ്രമേയങ്ങള്‍ ഈ നാടകങ്ങളെ വേറിട്ടുനിര്‍ത്തി. പ്രഗത്ഭരായ അഭിനേതാക്കളായിരുന്നു തിരുവനന്തപുരത്തെ അരങ്ങിന്റെ മുതല്‍ക്കൂട്ട്.


കെപിഎസി സുലോചന തിരുവനന്തപുരത്തെ അരങ്ങത്ത്


'മരുപ്പച്ച'യും 'പളുങ്കുപാത്ര' വും അവതരിപ്പിച്ചപ്പോള്‍, ഒരു പ്രധാനവേഷം ചെയ്യാന്‍ ക്ഷണിച്ചത് സുലോചനയെയായിരുന്നു. കെ പി എ സിയിലെ തിരക്കുകളില്‍ നിന്ന് ഒഴിവുകണ്ടെത്തി സുലോചന ഓടിയെത്തി.....തന്നെ ഒരു നടിയാക്കിയ തലസ്ഥാനത്തെ അരങ്ങിന് ദക്ഷിണയര്‍പ്പിക്കാനുള്ള അവസരമായിട്ടാണ് ആ വേദിയെ സുലോചന കണ്ടത്.

''കിലുകിലങ്ങനെ രാക്കിളികള്‍
വളകിലുക്കിയ കാലം
കുനുകുനുന്നനെ കാട്ടുപൂക്കള്‍
തിരികൊളുത്തിയ കാലം...''

നാടകങ്ങളുടെ മാത്രമല്ല നാടകഗാനങ്ങളുടെയും സുവര്‍ണ്ണ കാലമായിരുന്നു അത്. ഓഎന്‍വിയും ദേവരാജനും വെട്ടിയൊരുക്കിയ വഴിത്താരയിലൂടെ സഞ്ചരിച്ച, ഇമ്പമാര്‍ന്ന ആ ഭാവ ഗീതികള്‍ രചനയിലും സംഗീതത്തിലും പുതുഭാവുകത്വം പുലര്‍ത്തി. വയലാര്‍ രാമവര്‍മ്മയാണ് ആ പാട്ടുകളൊക്കെയും രചിച്ചത്. ജി ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, എല്‍ പി ആര്‍ വര്‍മ്മ തുടങ്ങിയവര്‍ ഈണം പകര്‍ന്നു.


വയലാര്‍ രാമവര്‍മ്മ

''മാനവധര്‍മ്മം വിളംബരം ചെയ്യുന്ന
മാവേലിനാടിന്‍ മധുരശബ്ദങ്ങളേ
നീതിശാസ്ത്രങ്ങള്‍ തിരുത്തിക്കുറിക്കുവാന്‍
നീളെത്തുടിക്കും പ്രതിജ്ഞാങ്കുരങ്ങളേ...'

''ഏഴാംകടലിനക്കരെയുണ്ടൊരേഴിലംപാല
സാഗരകന്യകള്‍ നാട്ടുവളര്‍ത്തിയൊരേഴിലംപാല...''

''ശര്‍ക്കരപ്പന്തലില്‍ തേന്മഴ
ചൊരിയും
ചക്രവര്‍ത്തികുമാരാ,
നിന്‍ മനോരാജ്യത്ത് രാജകുമാരിയായ്
വന്നു നില്‍ക്കാനൊരു മോഹം''

''മാന്‍ കിടാവേ മാന്‍ കിടാവേ മനസ്സിനുള്ളിലിതെന്താണ്?
മയങ്ങിയുണരും മണിക്കിനാവുകള്‍
മന്ത്രം ചൊല്ലണ ശീലാണ്..''

''പൂവനങ്ങള്‍ക്കറിയാമോ പൂവിന്‍ വേദന--ഒരു
പൂവിന്‍ വേദന''

''ഒരു കിണ്ണം ചന്ദനവും കൊ--
ണ്ടോടി നടക്കും വെണ്ണിലാവേ
കാത്തിരിപ്പൂ കൈക്കുമ്പിളുമായ്
കാട്ടുപൂവിന്‍ ഹൃദയം''

''കായലിനക്കരെ പോകാനെനിക്കൊരു
കളിവള്ളമുണ്ടായിരുന്നൂ
ഒത്തിരി ദൂരം തുഴഞ്ഞുതരാനൊരു
മുത്തശ്ശിയുണ്ടായിരുന്നു...''

കേട്ടാലാരും ഒത്തുമൂളിപ്പോകുന്ന, 'ഇളനീരിന്റെയും കാട്ടുതേനിന്റെയും സ്വാദുറ്റ' ആ പാടിപ്പതിഞ്ഞ പാട്ടുകള്‍ മലയാള ഭാഷയുടേയും സംസ്‌കാരത്തിന്റേയും ഈടിരുപ്പായി മാറി.

''പറന്നു പറന്നു പറന്നു ചെല്ലാന്‍
പറ്റാത്ത കാടുകളില്‍
കൂടൊന്നുകൂട്ടീ ഞാനൊരു
പൂമരക്കൊമ്പില്‍.....ആ
പൂമരക്കൊമ്പില്‍....''

(അടുത്തഭാഗം: മറുനാട്ടിലേക്കൊരു മടക്കയാത്ര)

* ഒരു സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍- ഡോ. പി കെ ആര്‍ വാര്യര്‍, എസ്പിസിഎസ് കോട്ടയം
** എന്റെ നാടകസ്മരണകള്‍-പി.ജെ. ആന്റണി, പ്രഭാത് ബുക്ക് ഹൗസ്്, തിരുവനന്തപുരം
*** ഒളിവിലെ ഓര്‍മ്മകള്‍ക്കുശേഷം- തോപ്പില്‍ ഭാസി, ഡിസി ബുക്‌സ് കോട്ടയം.ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories