TopTop
Begin typing your search above and press return to search.

SERIES | നിയമസഭയിലെ ജിഞ്ചര്‍ ഗ്രൂപ്പ്, നോട്ടപ്പുള്ളിയായി തോപ്പില്‍ ഭാസി - മൂലധനം പിറക്കുന്നു, കെ പി എ സി സുലോചനയുടെ ജീവിതകഥ തുടരുന്നു

SERIES | നിയമസഭയിലെ ജിഞ്ചര്‍ ഗ്രൂപ്പ്, നോട്ടപ്പുള്ളിയായി തോപ്പില്‍ ഭാസി - മൂലധനം പിറക്കുന്നു, കെ പി എ സി സുലോചനയുടെ ജീവിതകഥ തുടരുന്നു
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാ...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം )


ഭാഗം 31

മുല കുടിച്ചുകൊണ്ട് അമ്മയുടെ മാറില്‍ പറ്റിച്ചേര്‍ന്ന് സുഖസുഷുപ്തിയിലാണ്ടു കിടക്കുകയായിരുന്നു ആ കൈക്കുഞ്ഞ്. അമ്മയും അഗാധമായ ഉറക്കത്തിലേക്ക് വീണുകഴിഞ്ഞിരുന്നു. അര്‍ദ്ധരാത്രിയുടെ നിശബ്ദയാമങ്ങളിലെപ്പോഴോ, ഒരു കൂട്ടം ആള്‍ക്കാര്‍ ആ പഴയ തറവാട്ടിനകത്തുകയറി ഉറങ്ങിക്കിടന്ന കുഞ്ഞിനെ അമ്മയുടെ നെഞ്ചില്‍ നിന്നു പറിച്ചെടുത്തുകൊണ്ട് ഓടി. കുഞ്ഞിന്റെ ഞെട്ടിയുണര്‍ന്നുള്ള കരച്ചില്‍ കേട്ട് ചാടിയെണീറ്റ അമ്മയും വീട്ടിലെ മറ്റുള്ളവരും അലറിക്കരഞ്ഞു കൊണ്ടു പിറകെയോടി ചെല്ലുമ്പോഴേക്കും കുഞ്ഞിനേയും കൊണ്ട് അക്രമികള്‍ സ്ഥലം വിട്ടു കഴിഞ്ഞിരുന്നു.

രാജന്‍ എന്നു പേരിട്ട ആ പിഞ്ചുകുഞ്ഞിന്റെ അച്ഛന്‍ തോപ്പില്‍ ഭാസി എം എല്‍ എ, നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായി അങ്ങു തിരുവനന്തപുരത്ത് പോയിരിക്കുമ്പോഴാണ് സംഭവം. വള്ളികുന്നത്തെ തോപ്പില്‍ വീട്ടിലെ അകത്തളത്തില്‍ കടന്നു കയറി ഭാര്യ അമ്മിണിയുടെ അടുത്തുനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവം അറിഞ്ഞ് പരിഭ്രാന്തനായി ഭാസി ടാക്‌സി പിടിച്ച് പാഞ്ഞെത്തിയപ്പോഴേക്കും കുഞ്ഞിനെ തിരികെ കിട്ടിയിരുന്നു. വീടിനു കുറേ ദൂരെ ഒരിടത്ത് ഒരു ചവറുകൂനയില്‍ ഉറുമ്പരിച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍, കുഞ്ഞിനെ കണ്ടെത്തിയത് ഏതാനും കര്‍ഷകത്തൊഴിലാളി സ്ത്രീകളാണ്....

.... തോപ്പില്‍ ഭാസിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും തിരക്കേറിയ കാലഘട്ടമായിരുന്നു അത്. ഒരു ദിവസം പോലും ഒഴിവില്ലാതെ കളിച്ചു കൊണ്ടിരിക്കുന്ന 'മുടിയനായ പുത്രനി'ലെ കോണ്‍ട്രാക്ടര്‍ ഗോപാലപിള്ളയായി അഭിനയിക്കണം.എം എല്‍ എ എന്ന നിലയില്‍ മണ്ഡലത്തിലെ ഉത്തരവാദിത്തങ്ങള്‍, പാര്‍ട്ടി മീറ്റിംഗുകള്‍, സാംസ്‌കാരിക പരിപാടികള്‍.... എല്ലാത്തിനും പുറമെ, നിയമസഭ കൂടുമ്പോള്‍ കൃത്യമായി സഭയിലുണ്ടാകണം. കാരണം വെറും രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് ഈ എം എസിന്റെ മന്ത്രിസഭ ഭരണം നടത്തിപ്പോന്നിരുന്നത്!


1957ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി എംഎല്‍എമാര്‍

പത്മവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയിലായിരുന്നു സര്‍ക്കാര്‍. ജന്മിത്വത്തിന്റെ അന്ത്യം കുറിക്കുന്ന കാര്‍ഷികബന്ധ ബില്ലും സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്ക് മൂക്കുകയറിടുന്ന വിദ്യാഭ്യാസ ബില്ലും കൊണ്ടുവന്നതോടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെതിരെ നാടിളക്കി മറിച്ചുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമായി.


കാര്‍ഷികബന്ധ ബില്ല് അവതരിപ്പിച്ച റവന്യൂ മന്ത്രി കെ ആര്‍ ഗൗരി


വിദ്യാഭ്യാസ ബില്ല് പാസായ പത്രവാര്‍ത്ത

മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സകല സാമുദായിക സംഘടനകളും പ്രമുഖ പത്രമാധ്യമങ്ങളും ഗവണ്മെന്റിനെതിരെയുള്ള ആക്രമണത്തില്‍ ഒരുമിച്ചണിനിരന്നു. ക്രമസമാധാന തകര്‍ച്ച, ആന്ധ്രാ അരി കുംഭകോണം, ബജറ്റ് ചോര്‍ച്ച, സെല്‍ ഭരണം...വിവാദങ്ങളുടെ ലാവാപ്രവാഹത്തില്‍ കേരളത്തിന്റെ രാഷ്ട്രീയ ഭൂമിക തിളച്ചുമറിഞ്ഞ നാളുകള്‍...


മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട്


ആഭ്യന്തര വകുപ്പ് ഏറ്റെടുത്ത സി.അച്യുതമേനോന്‍

പല പ്രഗത്ഭരുടെയും സാന്നിധ്യം കൊണ്ട് നിറപ്പകിട്ടാര്‍ന്ന നിയമസഭയില്‍ ഏറ്റവും തിളങ്ങിനിന്നത് ട്രഷറി ബഞ്ചിലെ ആ ആറു ചെറുപ്പക്കാരായിരുന്നു -- തോപ്പില്‍ ഭാസി, പി ഗോവിന്ദപ്പിള്ള, വെളിയം ഭാര്‍ഗവന്‍, പുനലൂര്‍ എന്‍ രാജഗോപാലന്‍ നായര്‍, ഇ ചന്ദ്രശേഖരന്‍ നായര്‍, എം കല്യാണകൃഷ്ണന്‍ നായര്‍...


ജിഞ്ചര്‍ഗ്രൂപ്പ് എംഎല്‍എമാര്‍ -തോപ്പില്‍ ഭാസി (പത്തനംതിട്ട), ബി പി ഗോവിന്ദപ്പിള്ള (പെരുമ്പാവൂര്‍), വെളിയം ഭാര്‍ഗ്ഗവന്‍ (ചടയമംഗലം), പുനലൂര്‍ എന്‍ രാജഗോപാലന്‍ നായര്‍ (പത്തനാപുരം), ഇ. ചന്ദ്രശേഖരന്‍ നായര്‍ (കൊട്ടാരക്കര), എം കല്യാണകൃഷ്ണന്‍ നായര്‍ (ചങ്ങനാശ്ശേരി )

പ്രതിപക്ഷത്തിന്റെ കടന്നാക്രമണങ്ങളെ സമര്‍ത്ഥമായി നേരിടാനും ശക്തമായ പ്രത്യാക്രമണം അഴിച്ചുവിടാനും ആ യുവനിര കാണിക്കുന്ന ശൗര്യത്തിനുള്ള അംഗീകാരമെന്നോണം ജിഞ്ചര്‍ ഗ്രൂപ്പ് എന്ന് എല്ലാവരും വിളിച്ചുപോന്നു നിയമസഭയ്ക്കകത്തും പുറത്തും നാടകങ്ങളിലൂടെയുമൊക്കെ രാഷ്ട്രീയ എതിരാളികളെ കണക്കിന് കളിയാക്കുന്ന തോപ്പില്‍ ഭാസിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാനനോട്ടപ്പുള്ളി!

അതിരൂക്ഷമായ ഭക്ഷ്യ ക്ഷാമത്തിന് പരിഹാരം കാണാനായി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍, ആയിടെ 'മക്രോണി'എന്നൊരു ഭക്ഷ്യ ധാന്യം ഇറക്കുമതി ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ഭക്ഷ്യമന്ത്രി കെ സി ജോര്‍ജ്ജിനെ മക്രോണി മന്ത്രി എന്നു വിളിച്ചാണ് പ്രതിപക്ഷം ആക്ഷേപിച്ചത്. ആലപ്പുഴ രാജന്‍ എന്ന ഒരു കാഥികന്‍ 'ഭഗവാന്‍ മക്രോണി' എന്ന കഥാപ്രസംഗവുമായി കോണ്‍ഗ്രസ് മീറ്റിംഗുകളിലെ താരമായി. ഒരു ദിവസം വള്ളികുന്നത്ത് കഥപ്രസംഗം നടത്താന്‍ വന്ന മക്രോണി രാജന്‍ കഥ പറയുന്നതിനിടയില്‍ തോപ്പില്‍ ഭാസിയെ വ്യക്തിപരമായി അധിക്ഷേപിച്ചു. പരിപാടി കഴിഞ്ഞു മടങ്ങുന്ന വഴിയില്‍ കാത്തുനിന്ന ചില സഖാക്കള്‍ രാജനെ കാറില്‍ നിന്നു പിടിച്ചിറക്കി രണ്ടു തല്ലു വച്ചു കൊടുത്തു.

തോപ്പില്‍ ഭാസിയോട് കണക്കു ചോദിക്കാന്‍ ഒരുങ്ങി നിന്ന എതിരാളികള്‍, ആ അര്‍ദ്ധ രാത്രി കൈക്കുഞ്ഞിനോട് കാട്ടിയ ക്രൂരത ഭാസിയോടുള്ള പ്രതികാരമായിരുന്നു!

ശൂരനാട് കേസിലെ പ്രതികള്‍ സെന്‍ട്രല്‍ ജയിലിന്റെ കവാടത്തിലൂടെ പുറത്തേക്കിറങ്ങി വരുന്നതു കണ്ട നിമിഷത്തില്‍ പുതിയ നാടകത്തിന്റെ ആശയം തോപ്പില്‍ ഭാസിയുടെ മനസ്സില്‍ രൂപം കൊണ്ടെങ്കിലും, കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും രംഗങ്ങളുമൊക്കെയായി അത് പൂര്‍ണ്ണ വളര്‍ച്ച കൈക്കൊള്ളാന്‍ പിന്നെയും ഒരു വര്‍ഷമെടുത്തു.മൂലധനം എന്നു പേരിട്ട പുതിയ നാടകം ഭാസി എഴുതിയത് കെ പി എ സിയ്ക്ക് വേണ്ടിയായിരുന്നില്ല. കൊച്ചിയില്‍ നിന്ന് കരുനാഗപ്പള്ളിയിലേയ്ക്ക് ആസ്ഥാനം മാറ്റിയ പ്രതിഭാ ആര്‍ട്ട്‌സ് ക്ലബ്ബിന് അവതരിപ്പിക്കാനായിരുന്നു. നിരവധി തിരക്കുകള്‍ക്കിടയില്‍ ഭാസിയെക്കൊണ്ട് നാടകം എഴുതിപ്പിക്കാനുള്ള പ്രേരണയും പ്രചോദനവുമായി പ്രതിഭയുടെ സെക്രട്ടറിയായ സി എം ശങ്കരാടി സദാ ഒപ്പമുണ്ടായിരുന്നു.


സി.എം. ശങ്കരാടി

ഒരു കൊലക്കേസില്‍ പോലീസ് തിരയുന്ന കമ്മ്യൂണിസ്റ്റുകാരനാണ് രവി. പോലീസിനെ പേടിച്ച് നാട്ടുകാര്‍ ഒറ്റപ്പെടുത്തിയ ശാരദയും മക്കള്‍ അപ്പുവും അമ്മിണിയുമടങ്ങുന്ന രവിയുടെ കുടുംബത്തിന്റെ ഏക ആശ്രയം മാടറപ്പുകാരന്‍ അസ്സനാരുടെ മകള്‍ നബീസയാണ്. അവളുടെ ഭര്‍ത്താവ് മമ്മൂട്ടി ഇരട്ടജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. ശാരദയെ മോഹിക്കുന്ന രവിയുടെ ധനികനായ സുഹൃത്ത് 'വികാരജീവി' മധു, ഒളിവില്‍ കഴിയുന്ന രവി ട്യൂഷന്‍ പഠിപ്പിക്കുന്ന വീട്ടിലെ റിട്ടയര്‍ഡ് പോലീസ് ഓഫീസറും സാഹിത്യ ഭ്രാന്തുള്ള മകള്‍ മാലതിയും പോലീസ് ഐ ഡി കാസിം പിള്ള തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. ചോദ്യം ചെയ്യാനായി ശാരദയെയും പോലീസ് കസ്റ്റഡിയിലെടുത്തതോടെ കുട്ടികള്‍ തെരുവിലായി. ആറു വയസ്സുകാരി അമ്മിണി വീട്ടുജോലിക്കു നിന്നത് രവി ട്യൂഷന്‍ എടുക്കുന്ന വീട്ടിലാണ്. അതിനിടെ രവി കള്ളപ്പേരില്‍ എഴുതി മധുവിന്റെ സഹായത്തോടെ പ്രസിദ്ധീകരിച്ച പളുങ്ക് എന്ന നോവലിന് അവാര്‍ഡ് കിട്ടുന്നു.നോവലെഴുതിയത് താനാണെന്ന് അവകാശപ്പെട്ടു രംഗത്ത് വന്ന മധുവിനെ മാലതി ആരാധിക്കുകയും പ്രണയിക്കുകയും ചെയ്യുന്നു. മധുവിനെ അപമാനിച്ചെന്ന് പറഞ്ഞ് അമ്മിണിയെ മാലതി ഇറക്കിവിടുന്നു. അപ്പുവിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍നബീസയുടെ നിര്‍ബന്ധം മൂലം അവനെ മോചിപ്പിക്കാന്‍ മധുവിന്റെ സഹായം തേടിയ ശാരദയ്ക്കു അയാളുടെ ഇംഗിത്തിന് വഴങ്ങേണ്ടിവരുന്നു. അമ്മ ചീത്തയാണെന്ന് പറഞ്ഞുകൊണ്ട് അപ്പു വീടുപേക്ഷിച്ചു പോകുന്നു.

എല്ലാവരുടെയും മുമ്പില്‍ മധുവിന്റെ കള്ളം പൊളിച്ചുകാണിച്ച രവിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ജയില്‍ മോചിതനായ രവി ആഹ്ലാദവാനായി വീട്ടില്‍ തിരികെയെത്തുമ്പോള്‍ കാണുന്നത് ഗര്‍ഭിണിയായ ശാരദയെയാണ്. ഒടുവില്‍ യാഥാര്‍ത്ഥ്യങ്ങളെല്ലാം നബീസയില്‍ നിന്ന് മനസ്സിലാക്കുമ്പോള്‍ രവി അവളെ ജീവിതത്തിലേക്ക് വീണ്ടും സ്വീകരിക്കുകയാണ്...

ശൂരനാട്ടു കേസില്‍ ഭാസിയോടൊപ്പം പ്രതിയായ ചേലക്കോട്ടെത്ത് കുഞ്ഞുരാമന്‍ ഭാര്യയേയും ആറു കുട്ടികളെയും കൊണ്ടാണ് ഒളിവില്‍ പോയത്. എങ്ങോട്ടെന്നില്ലാത്ത അലച്ചിലിനിടയില്‍ അഞ്ചു കുഞ്ഞുകളും കൈവിട്ടു പോയി. കൊച്ചനുജന്റെ കൈയും പിടിച്ച് തെണ്ടി ത്തിരിഞ്ഞ ഭാര്‍ഗ്ഗവി എന്ന പത്തു വയസ്സുകാരിയായ മൂത്ത മകള്‍ സന്നിപാത ജ്വരം പിടിപെട്ടു വഴിയില്‍ കിടന്നു മരിച്ചു! തോപ്പില്‍ ഭാസിയെ ഒരുപാട് വേദനിപ്പിച്ച ആ സംഭവമാണ് മൂലധനമെഴുതാന്‍ പ്രേരിപ്പിച്ചത്. നാടകത്തിലെ നായികാനായകന്മാരായി ഭാസി സങ്കല്‍പ്പിച്ചത് പിഞ്ചുകുഞ്ഞുങ്ങളായ അമ്മിണിയെയും അപ്പുവിനെയുമാണ്.


മൂലധനം നാടകത്തിലെ അപ്പുവും അമ്മിണിയും (മാസ്റ്റര്‍ പ്രിന്‍സും ബേബി രാധാമണിയും)

കൊട്ടാരക്കരക്കാരി ബേബി രാധാമണിയും തൃപ്പൂണിത്തുറയുള്ള മാസ്റ്റര്‍ പ്രിന്‍സുമാണ് ആറും എട്ടും വയസ്സു പ്രായമുള്ള ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാലയ്ക്ക് ശേഷം പ്രേക്ഷകരെ കണ്ണീരണിയിക്കുന്ന മറ്റൊരു ദുഃഖപുത്രിയായ ശാരദയുടെ വേഷത്തില്‍ സുധര്‍മ്മ അരങ്ങത്തേക്ക് വീണ്ടുമെത്തി. സംഗീതവും നൃത്തവും ശാസ്ത്രീയമായി പഠിച്ച, തീരെ ചെറുപ്രായം മുതല്‍ തിരുവനന്തപുരത്തെ അരങ്ങത്ത് പി കെ വിക്രമന്‍ നായരുടെയും കൈനിക്കര സഹോദരന്മാരുടെ യുമൊക്കെ കൂടെ അഭിനയിച്ചു തെളിഞ്ഞ ഒരു പതിനെട്ടു കാരിയായിരുന്നു നബീസയുടെ വേഷത്തില്‍ --ആറ്റിങ്ങല്‍ സ്വദേശിനിയായ രാജകുമാരി. നബീസയുടെ വാപ്പ മാടറപ്പുകാരന്‍ അസ്സനാരായി ശങ്കരാടി, യൂണിഫോം ഇടാത്ത പോലീസുകാരന്‍ കാസിം പിള്ളയായി മണവാളന്‍ ജോസഫ്, റിട്ടയര്‍ഡ് പോലീസ് ഓഫീസറായി എബ്രഹാം എന്നിവരും 'വികാരജീവി' മധുവിന്റെ വേഷത്തില്‍ പ്രതിഭയുടെ ഭാരവാഹി കൂടിയായ അഡ്വ. ആര്‍ ഗോപാലകൃഷ്ണന്‍ നായരും അഭിനയിച്ചു.


സുധര്‍മ്മ (ശാരദ)


രാജകുമാരി (നബീസ)


മണവാളന്‍ ജോസഫ് ( ഐ ഡി കാസിം പിള്ള)അഡ്വ. ആര്‍ ഗോപാലകൃഷ്ണന്‍ നായര്‍ ('വികാരജീവി' മധു)


എബ്രഹാം (റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍)

ശാരദയുടെയും നബീസയുടെയും വേഷങ്ങളില്‍ സുധര്‍മ്മയും രാജകുമാരിയും പാട്ടുകള്‍ സ്റ്റേജില്‍ സ്വയം പാടി അഭിനയിക്കുകയായിരുന്നു. അധികം പാട്ടുകളും പാടുന്നത് മാലതി എന്ന കഥാപാത്രമാണ്. പാടാനും അഭിനയിക്കാനും ഒരുപോലെ കഴിവുള്ള ഒരാളെ തിരക്കി ഭാസിയും പോറ്റി സാറും കൂടി കുറേ അലഞ്ഞു. ഒടുവില്‍ അഭിനയിക്കാന്‍ മാത്രം അറിയുന്ന ഒരാളെ കിട്ടി പിന്നെ പാട്ടുകാരിക്ക് വേണ്ടിയുള്ള അലച്ചിലായി. തിരുവല്ലയ്ക്കടുത്ത് പത്താം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ടി സി പൊന്നമ്മ എന്ന ഒരു പെണ്‍കുട്ടി നന്നായി പാട്ട് പാടുമെന്നറിഞ്ഞു. ക്യാമ്പില്‍ കൊണ്ടു വന്നു പാടിച്ചുനോക്കിയപ്പോള്‍ സംഗീത സംവിധായകനായ പരവൂര്‍ ദേവരാജന് പൂര്‍ണ്ണ തൃപ്തി. റിഹേഴ്‌സല്‍ തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ആ കുട്ടിയെ തന്നെ മാലതിയുടെ വേഷത്തിലഭിനയിപ്പിച്ചാലോ എന്ന് ഭാസിക്ക് ഒരു തോന്നലുണ്ടായി. അതുകേട്ട് പൊന്നമ്മ ആദ്യം പേടിച്ചെങ്കിലും ഭാസി കൊടുത്ത ധൈര്യത്തിന്റെ പിന്‍ബലത്തില്‍, ധാവണിക്കു പകരം സാരിചുറ്റി പാടി അഭിനയിക്കാന്‍ തുടങ്ങി. അന്ന് അങ്ങനെ മൂലധനം നാടകത്തിലൂടെ അരങ്ങേറ്റം കുറിച്ച ടി സി പൊന്നമ്മ പിന്നീട് അറിയപ്പെട്ടത് സ്വന്തം നാടിന്റെ പേരുകൂടിച്ചേര്‍ത്ത് കവിയൂര്‍ പൊന്നമ്മ എന്ന പേരിലാണ്.കവിയൂര്‍ പൊന്നമ്മ (മാലതി)

നാടകത്തിലെ കേന്ദ്രകഥാപാത്രമായ രവിയുടെ വേഷം കുറച്ചു കാലത്തേക്കെങ്കിലും തോപ്പില്‍ ഭാസി തന്നെ കൈകാര്യം ചെയ്യണമെന്ന് പ്രതിഭക്കാര്‍ നിര്‍ബന്ധിച്ചു. അങ്ങനെ മുടിയനായ പുത്രനിലെ ഗോപാലപിള്ളയുടെ വേഷം കോട്ടയം ചെല്ലപ്പന്‍ എന്ന നടനെ ഏല്‍പ്പിച്ച്, 'മൂലധന'ത്തിന്റെ സംവിധായകച്ചുമതലയ്ക്ക് പുറമേ അഭിനയവും ഭാസി ഏറ്റെടുത്തു.


രവി (തോപ്പില്‍ ഭാസി) അപ്പുവിന്റേയും അമ്മിണിയുടേയും കൂടെ

ഓ എന്‍ വി എഴുതി ദേവരാജന്‍ ഈണം പകര്‍ന്ന ഒന്‍പത് പാട്ടുകളുണ്ടായിരുന്നു 'മൂലധന'ത്തില്‍.

''വസന്തഗായകരേ, നവയുഗ വസന്തഗായകരേ...''

''ചിരിക്കൂടുക്ക, ചിരിക്കൂടുക്ക
പഞ്ചാര ചിരിക്കുടുക്ക''

'''സല്‍ക്കലാ കന്യകേ...
കാല്‍ച്ചിലമ്പൊലി തൂവുകെന്‍ നെഞ്ചില്‍ നീ
കാളിദാസന്റെ കാവ്യകുമാരികേ!''

''തിരുമിഴിയിതള്‍ പൂട്ടി ഉറങ്ങുറങ്ങ്
ഒരു നല്ല കിനാവിന്റെ മലര്‍മഞ്ചലില്‍-തങ്കം
ഉറങ്ങുറങ്ങ്!''

''മലര്‍ത്തിങ്കള്‍ താലമേന്തും
മധുമാസ രാവേ!
മണിച്ചിലമ്പൊലി തൂകി
അണയൂ നീ!''

''ഏകതന്തിയാം വീണയുമേന്തി
മൂകമാമീ രജനിയില്‍..''

''വാര്‍മഴവില്ലിന്റെ മാല കോര്‍ത്തു
കാര്‍മുകില്‍പെണ്ണിനിന്നാരു തന്നു?''
'ഓണപ്പൂവിളിയില്‍, ഊഞ്ഞാല്‍പ്പാട്ടുകളില്‍,
ഓടം തുഴയൂ നീ ഓണപ്പൂത്തുമ്പീ...''

''ഞാനറിയാതെ തുറന്നൂ നീയെന്‍
മാനസമണിയറ വാതില്‍ അന്നാ പാതിരാവില്‍...'' എന്നിങ്ങനെയുള്ള പാട്ടുകള്‍ കെ പി എ സി ഗാനങ്ങള്‍ പോലെ സഹൃദയ ലോകം ഏറ്റുപാടി.


ശങ്കരാടി അസാനാരുടെ വേഷത്തില്‍

1958 ഒക്ടോബര്‍ രണ്ടാം തീയതി കായംകുളത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി എം എന്‍ ഗോവിന്ദന്‍ നായര്‍ 'മൂലധനം' ഉത്ഘാടനം ചെയ്തു. നാടകം കണ്ട് -പ്രത്യേകിച്ച് കുട്ടികളുടെ അഭിനയം കണ്ട്-വിതുമ്പി കരയാത്ത ഒരു സദസ്സും ഉണ്ടായിരുന്നില്ല. ചിലയിടങ്ങളില്‍ പ്രേക്ഷകര്‍ക്കിടയിലെ സ്ത്രീ കള്‍ക്ക് ബോധക്ഷയം വന്ന അനുഭവങ്ങളുണ്ടായി. വന്‍ തിരക്കായിരുന്നു നാടകത്തിന്റെ ബുക്കിംഗിന്...

'മൂലധന'ത്തിന്റെ പടയോട്ടം ആരംഭിക്കുമ്പോള്‍ 'മുടിയനായ പുത്രന്‍'കേരളത്തില്‍ ഏതാണ്ടങ്ങോളമിങ്ങോളം പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. വികാരസാന്ദ്രമായ മുഹൂര്‍ത്തങ്ങളും തന്മയത്വ പൂര്‍ണ്ണമായ അഭിനയവും ഹൃദയഹാരിയായ പാട്ടുകളും കൊണ്ട് സദസ്സിനെ പിടിച്ചിരുത്തിയ നാടകത്തില്‍ ചിരിയുടെ സന്ദര്‍ഭങ്ങളുമായെത്തിയത് എക്‌സ് എം എല്‍ എ ശാസ്ത്രി ആയി വന്ന തോപ്പില്‍ കൃഷ്ണപിള്ളയായിരുന്നു.


തോപ്പില്‍ കൃഷ്ണപിള്ള ശാസ്ത്രിയുടെ റോളില്‍

ഉറി വിഴുങ്ങിയതുപോലെ നില്‍ക്കുകയും സ്വിച്ചിട്ടാലെന്നപോലെ ഇരിക്കുകയും എഴുന്നേല്‍ക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്ന ശാസ്ത്രി രംഗത്തു വന്നാലുടനെ ആളുകള്‍ തലയറഞ്ഞു ചിരിക്കാന്‍ തുടങ്ങി. മുടിയനായ പുത്രന്‍ തുടര്‍ച്ചയായി അഭിനയിച്ചുകൊണ്ടിരുന്ന കാലത്താണ് തോപ്പില്‍ കൃഷ്ണപിള്ളയുടെ കല്യാണലോചന. ഓച്ചിറയ്ക്കടുത്ത് ഞക്കനാല്‍ എന്ന സ്ഥലത്താണ് പെണ്ണിന്റെ വീട്.1957 ജനുവരി 31 ന് അവിടെ അടുത്തായിരുന്നു നാടകം. അധഃസ്ഥിതരെ ഉദ്ധരിക്കാന്‍ നടക്കുന്നതിനിടയില്‍ കണ്ടാല്‍ കൊള്ളാവുന്ന കല്യാണം കഴിക്കാനുള്ള ആലോചനയുമായി ചെല്ലാറുള്ള ശാസ്ത്രി ചെല്ലമ്മയേയും വിവാഹം ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. അക്കാര്യം ഓര്‍മ്മപ്പെടുത്താന്‍ ചാത്തന്‍ പുലയനെ കാണാനായി ചെല്ലമ്മയുടെ മാടത്തില്‍ ചെല്ലുന്ന രംഗമാണ്. അവിടെ അപ്പോള്‍ രാജനും വാസുവുമുണ്ട്.


മുടിയനായ പുത്രനില്‍ നിന്ന്

'ആ രംഗത്ത് നാടകത്തിലെ നായകന്‍ (ഓ മാധവന്‍) ശാസ്ത്രിയോട് ഒരു ചോദ്യം ചോദിക്കും.

''എടോ ശാസ്ത്രീ, തന്റെ എത്രാമത്തെ വിവാഹമാണിത്?'' ശാസ്ത്രിയുടെ വളിച്ച ചിരിയാണ് മറുപടി. ഞക്കനാല്‍ നാടകത്തിന് എന്റെ പ്രതിശ്രുതവധു നാടകം കാണാനിരുപ്പുണ്ടെന്നറിയാവുന്ന മാധവന്‍ ഒരു ചോദ്യം കൂടുതലായി ചോദിച്ചു കളഞ്ഞു.

''എടോ ശാസ്ത്രീ, തന്റെ എത്രാമത്തെ വിവാഹമാണിത്? താന്‍ ഇതിനടുത്തുനിന്നും ഒരു വിവാഹലോചന നടത്തിയിട്ടുണ്ടെന്നു കേട്ടല്ലോ' എന്റെ വിവാഹാലോചന അറിയാവുന്ന ആ നാട്ടുകാര്‍ കൂട്ടത്തോടെ കൈയടിച്ച് ആര്‍ത്തു ചിരിക്കുകയായിരുന്നതിനാല്‍ വളിച്ച ചിരിയുമായി നില്‍ക്കുവാനേ എനിക്ക് കഴിഞ്ഞുള്ളു.വളിച്ചത് ശാസ്ത്രിയല്ല, തോപ്പില്‍ കൃഷ്ണപിള്ളയാണെന്ന് മാത്രം. എന്നിട്ടും പെണ്ണിനെന്നെ ഇഷ്ടമായി. എന്റെ വിവാഹവും ആ വര്‍ഷം നടന്നു.''*

നാടകത്തില്‍ നിന്ന് വഴിതെറ്റിയുള്ള സംഭാഷണം കേട്ട് ആളുകള്‍ കയ്യടിച്ച സന്ദര്‍ഭങ്ങള്‍ പിന്നെയുമുണ്ടായിട്ടുണ്ട്. ഒരു ദിവസം ശ്രീനാരായണപിള്ളയ്ക്ക് നാടകത്തിന് എത്തിച്ചേരാന്‍ അസൗകര്യം ഉണ്ടായി. കരയോഗം കൃഷ്ണന്‍ നായരുടെ വേഷമഭിനയിക്കാന്‍ വേണ്ടി ഒടുവില്‍ തോപ്പില്‍ ഭാസി തപ്പിയെടുത്തത് ആ നാളുകളില്‍ മലയാളസിനിമയിലെ ഹാസ്യ സാമ്രാട്ടായിരുന്ന എസ് പി പിള്ളയെയായിരുന്നു.


എസ് പി പിള്ള

ആ ദിവസം ഭാഗ്യത്തിന് എസ് പി യ്ക്ക് ഷൂട്ടിംഗ് ഉണ്ടായിരുന്നില്ല.നാടകം കളിക്കാനായി തൃശൂരിലേക്കു പോകുന്ന നാടക വാനിലിരുന്നുകൊണ്ട് തോപ്പില്‍ ഭാസി എസ് പിയ്ക്ക് ഡയലോഗ് പറഞ്ഞു കൊടുത്തു. എസ് പി പിള്ള 'മുടിയനായ പുത്രനി'ല്‍ അഭിനയിക്കുന്നു എന്ന് കേട്ട് തൃശൂരിലെ ജനാവലി മുഴുവന്‍ നാടകം കാണാന്‍ തടിച്ചുകൂടി.

സ്റ്റേജില്‍ കയറിയപ്പോഴേക്ക് എസ് പി ഡയലോഗൊക്കെ മറന്നുപോയിരുന്നു. കോണ്‍ട്രാക്ടറുടെ വേഷത്തില്‍ കൂടെ അഭിനയിച്ചുകൊണ്ടിരുന്ന ഭാസി കഴിയുന്നിടത്തോളമൊക്കെ സഹായിക്കാന്‍ ശ്രമിച്ചു. പ്രൊംപ്റ്റ് ചെയ്തു കൊടുക്കുന്നതിന്റെ വാലുംതുമ്പും കേട്ട് തോന്നുന്നതുപോലെയൊക്കെ ഡയലോഗ് പറഞ്ഞു കൊണ്ടിരുന്ന എസ് പി ഒടുക്കം നിവൃത്തിയില്ലാതെ വിങ്‌സിന്റെ ഭാഗത്ത് പ്രൊംപ്റ്റ് ചെയ്യാന്‍ നില്‍ക്കുന്ന ജോസഫിനെ നോക്കി സ്വതസിദ്ധമായ ശൈലിയില്‍ ആവശ്യപ്പെട്ടു :'ഒന്നുറക്കെ പറഞ്ഞു താ എന്റെ പൊന്നു ജോസപ്പേ'. അത് കേട്ട് കൊട്ടക തകര്‍ക്കുന്ന കൈയടിയും പൊട്ടിച്ചിരിയുമായിരുന്നു!

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തിലേറിയതോടെ അധികാരി വര്‍ഗവും സമ്പന്ന വിഭാഗവും ഉദ്യോഗസ്ഥപ്രമുഖരുമൊക്കെ കെപിഎസിയുടെ നേര്‍ക്ക് കാണിച്ചിരുന്ന സമീപനത്തില്‍ മാറ്റങ്ങളുണ്ടായി. ഓ മാധവന്‍ അതിനെ കുറിച്ചു പറയുന്നത് ഇങ്ങനെയാണ്:

''മുമ്പ് കെ പി എ സി യുടെ വാന്‍ റോഡില്‍ കൂടി സഞ്ചരിക്കുമ്പോള്‍ തടഞ്ഞു നിറുത്തുകയും ആവശ്യമില്ലാത്ത പരിശോധനകള്‍ നടത്തുകയും അനാവശ്യമായി കേസ് ചാര്‍ജ്ജ് ചെയ്യുകയുമൊക്കെ ചെയ്തു കൊണ്ടിരുന്ന ഉദ്യോഗസ്ഥന്മാര്‍ മന്ത്രിസഭ വന്നതു മുതല്‍ ഞങ്ങളോട് അമിതമായ സ്‌നേഹബഹുമാനങ്ങള്‍ കാണിക്കാന്‍ തുടങ്ങി. എന്നു മാത്രമല്ല എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലെയും ഭേദപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ ഇങ്ങോട്ടുവന്ന് ഞങ്ങളോട് ആദരവ് കാണിക്കാന്‍ തുടങ്ങി.''**

ഗവണ്മെന്റിന്റെ സ്ഥാപനങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരെ ഔദ്യോഗിക പദവികളില്‍ നിയമിക്കുകയോ പരിപാടികളില്‍ പങ്കെടുപ്പിക്കുകയോ ചെയ്യാത്ത കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ റേഡിയോ നിലയവും കെ പി എ സി യിലെ ആര്‍ട്ടിസ്റ്റുകള്‍ക്ക് അപ്രാപ്യമായിരുന്നു അന്ന്. എന്നാല്‍ പെട്ടെന്നൊരു ദിവസം റേഡിയോയില്‍ നാടകമവതരിപ്പിക്കാന്‍ ഒരു ക്ഷണം കെ പി എ സി യിലെത്തിയപ്പോള്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അന്ന് തിരുവനന്തപുരം നിലയത്തില്‍ നാടകത്തിന്റെ ചുമതല വഹിച്ചിരുന്ന പ്രൊഡ്യൂസര്‍ കെ പത്മനാഭന്‍ നായര്‍ ആയിരുന്നു ഇതിന്റെ പിറകില്‍.


കെ. പത്മനാഭന്‍ നായര്‍

പ്രശസ്തരായ ഒട്ടേറെ കലാകാരന്മാര്‍ അന്ന് എ ഐ ആറിലുണ്ടായിരുന്നു. ജി ശങ്കരക്കുറുപ്പ്, കൈനിക്കര കുമാരപിള്ള, പി കേശവദേവ്, സി ജെ തോമസ് എന്നിവരെ അവരുടെ പ്രാഗത്ഭ്യം കണക്കിലെടുത്തു പ്രോഗ്രാം വിഭാഗത്തില്‍ നിയമിച്ചിരുന്നു. കാമ്പിശ്ശേരി, ഓ മാധവന്‍, ജനാര്‍ദ്ദനക്കുറുപ്പ്, കെ എസ് ജോര്‍ജ്ജ്, തോപ്പില്‍ കൃഷ്ണപിള്ള, സി ജി ഗോപിനാഥ്,സുലോചന, സുധര്‍മ്മ, ബിയാട്രീസ്, വിജയ കുമാരി തുടങ്ങിയവരുടെ സംഘം റേഡിയോ നാടകങ്ങളിലൂടെ ശ്രോതാക്കളുടെ കാതിലുമെത്തി.

കുട്ടിക്കാലം മുതല്‍ റേഡിയോ സ്‌റ്റേഷനുമായി അടുത്തബന്ധം ഉണ്ടായിരുന്ന സുലോചനയ്ക്ക് ലളിത ഗാനങ്ങള്‍ അവതരിപ്പിക്കാന്‍ ഇടയ്ക്കിടെ ക്ഷണം കിട്ടി. നാടകാഭിനയത്തിലും ലളിതഗാനവിഭാഗത്തിലും ഉയര്‍ന്ന ഗ്രേഡോടു കൂടി ഓഡിഷന്‍ ടെസ്റ്റ് പാസ്സായപ്പോള്‍ പണ്ട് മ്യൂസിക് കോളേജില്‍ നിന്ന് അഡ്മിഷന്‍ കൊടുക്കാതെ പറഞ്ഞുവിട്ട സംഭവം സുലോചനയ്‌ക്കോര്‍മ്മ വന്നു.

അന്ന് നാടകത്തിലും പാട്ടിലുമൊക്കെ പേരെടുത്തവരെ പ്രത്യേകം പരിഗണിച്ച് ഓള്‍ ഇന്ത്യ റേഡിയോയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് ആയി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം കൊടുക്കുന്ന ഒരേര്‍പ്പാടുണ്ടായിരുന്നു.ഇന്ത്യയിലെ പല പ്രഗത്ഭ കലാപ്രതിഭകളും അങ്ങനെ ആകാശവാണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സുലോചനയ്ക്കും അങ്ങനെയൊരു ഓഫര്‍ കിട്ടി. റേഡിയോ സ്റ്റേഷനിലെ ഒരു ജോലി കലാരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ സ്വപ്നമായിരുന്നു അന്നൊക്കെ. എന്നാല്‍ കെ പി എ സി യും നാടക സ്റ്റേജും ഉപേക്ഷിച്ച് റേഡിയോയിലെ അജ്ഞാത ശബ്ദമായി ഒതുങ്ങിക്കൂടാന്‍ സുലോചന ഒരുക്കമായിരുന്നില്ല. അതുകൊണ്ട് ആ ജോലി വേണ്ടെന്ന് വെക്കാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല.

മൂടിക്കെട്ടിനില്‍ക്കുന്ന കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിന് കുളിര്‍മ്മ പരത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ നാല് മന്ത്രിമാര്‍ വരണമാല്യം ചാര്‍ത്തിയത് ആയിടയ്ക്കാണ്. റവന്യു മന്ത്രി കെ ആര്‍ ഗൗരിയ്ക്കും തൊഴില്‍ മന്ത്രി ടി വി തോമസിനും അതു പ്രണയ സാഫല്യത്തിന്റെ മുഹൂര്‍ത്തമായിരുന്നെങ്കില്‍, മുതിര്‍ന്ന കമ്മ്യൂണിസ്റ്റുകാരായ ഭക്ഷ്യ മന്ത്രി കെ സി ജോര്‍ജ്ജിനെയും വ്യവസായ മന്ത്രി കെ പി ഗോപാലനെയും സംബന്ധിച്ചിടത്തോളം അത് ജീവിതസായന്തനത്തില്‍ കണ്ടെത്തിയ കൂട്ട് ആയിരുന്നു. 'മന്ത്രിസഭാ പരിണയം' എന്നാണ് കൗമുദി ബാലകൃഷ്ണന്‍ ഈ വിവാഹങ്ങള്‍ക്ക് പേരിട്ടത്!


ടി വി തോമസ് കെ ആര്‍ ഗൗരി വിവാഹംകെ പി ഗോപാലനും സരോജിനിയുംകെ സി ജോര്‍ജ് -അമ്മുക്കുട്ടി വിവാഹം

വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വീട്ടുകാരും ബന്ധുക്കളും സുലോചനയെ നിര്‍ബന്ധിക്കാന്‍ തുടങ്ങിയിട്ട് നാളു കുറച്ചായി. മൂന്നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ നിര്‍ബന്ധം മുറുകിയപ്പോള്‍ അക്കമ്മ യുടെ വിവാഹം കഴിഞ്ഞു മാത്രമേ കല്യാണത്തെ കുറിച്ചാലോചിക്കൂ എന്ന് സുലോചന ഉറച്ച നിലപാടെടുത്തു. മാവേലിക്കരക്കാരനായ, സെയില്‍സ് ടാക്‌സ് വകുപ്പ് ഉദ്യോഗസ്ഥന്‍ പുളിമൂട്ടില്‍ ശങ്കരനാരായണന്റെ ആലോചന വന്നപ്പോള്‍, സുലോചന മുന്നില്‍ നിന്നുകൊണ്ട് സരസ്വതിയുടെ കല്യാണം പെട്ടെന്ന് നടത്തി.1954 ലായിരുന്നു അത്. അക്കമ്മ വിവാഹിതയായപ്പോള്‍, തന്റെ ഏറ്റവും വലിയ കടമ നിര്‍വഹിച്ചുവെന്ന തോന്നലായിരുന്നു മണിക്ക്.

വിവാഹം രണ്ടു വര്‍ഷം കഴിഞ്ഞു മതി; കല്യാണത്തെക്കാള്‍ മുമ്പേ വേണ്ടത് ഒരു കിടപ്പാടമാണ് എന്നായിരുന്നു സുലോചനയുടെ ഇപ്പോഴത്തേയും തീരുമാനം. കുഞ്ഞുകുഞ്ഞിന്റെ കുടുംബവീടായ, മാവേലിക്കര തെരുവില്‍ കുളത്തിന്റെ കിഴക്കേതിലെ വീടും പറമ്പും ആര്‍ക്കോ ഒറ്റി കൊടുത്തിരിക്കുകയായിരുന്നു. സുലോചന ആദ്യം ആ ഒറ്റി ഒഴിപ്പിച്ചു. എന്നിട്ട് അച്ഛന്റെ സഹോദരങ്ങള്‍ ഓരോരുത്തരുടെയും അടുക്കല്‍ നിന്ന് വിലയാധാരം എഴുതി വാങ്ങി. അങ്ങനെ തറവാട് കൈമോശം വരാതെ നോക്കാന്‍ കഴിഞ്ഞു.

എന്നാല്‍ തറവാടിനോടുള്ളതിനേക്കാള്‍ ആത്മബന്ധമുണ്ടായിരുന്ന, വര്‍ഷങ്ങളായി താമസിച്ചു വന്ന വാടകവീട് വിട്ടിറങ്ങേണ്ടി വന്നു. ഒരു കലാകാരി എന്ന നിലയില്‍ വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി ചവുട്ടിക്കയറുന്നതിന് സാക്ഷ്യം വഹിച്ച, ഉച്ചമാളിയമ്മന്‍ കോവിലിനടുത്തുള്ള വാറു വിളാകത്ത് വീട്. വീട്ടുടമസ്ഥനായ സുബ്രഹ്മണ്യയ്യരുടെ ബന്ധുക്കള്‍ക്ക് താമസിക്കാനായി ആ വീട് ഒഴിഞ്ഞുകൊടുത്തപ്പോള്‍ സുലോചനയും വീട്ടില്‍ എല്ലാവരും സങ്കടപ്പെട്ടു.

കൃഷ്ണന്‍ കുട്ടിയും കൂട്ടുകാരും കൂടി ഉടനെ തന്നെ ഒരു വാടക വീട് അന്വേഷിച്ചിറങ്ങി. ഒരാഴ്ചക്കുള്ളില്‍ ഒരെണ്ണം കണ്ടെത്തുകയും ചെയ്തു. തിരുവനന്തപുരത്തെ സമുദായപ്രമാണിമാരും മാടമ്പി പ്രഭുക്കന്മാരുമൊക്കെ തലമുറകളായി താമസിച്ചുവന്നിരുന്ന ശാസ്തമംഗലം എന്ന സ്ഥലത്തായിരുന്നു സുലോചനയുടെ കുടുംബത്തിന് താമസിക്കാന്‍ കിട്ടിയ പുതിയ വാടകവീട്.

പക്ഷെ, അധിക നാളുകള്‍ ചെല്ലുന്നതിനു മുമ്പ് കേരളത്തിന്റെ സ്വസ്ഥജീവിതത്തെ ആകെ കീഴ്‌മേല്‍ മറിച്ച രാഷ്ട്രീയ ഉരുള്‍ പൊട്ടലും മഹാ പ്രളയവും സുലോചനയുടെ വീടിനേയും പിടിച്ചുകുലുക്കികൊണ്ടാണ് കടന്നുപോയത്!

(അടുത്തഭാഗം: ഇരുളില്‍ കോട്ടകള്‍ വീണ്ടും)

* ഏഴായിരം രാവുകള്‍-തോപ്പില്‍ കൃഷ്ണപിള്ള, കറന്റ് ബുക്‌സ്, കോട്ടയം
**ജീവിതച്ഛായകള്‍-ഓ മാധവന്‍, എന്‍ബിഎസ് കോട്ടയം


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories