TopTop
Begin typing your search above and press return to search.

SERIES | ടി പദ്മനാഭന്റെ കൊറോണക്കാലം - അയാളും രാമചന്ദ്രനും: അധ്യായം 14

SERIES | ടി പദ്മനാഭന്റെ കൊറോണക്കാലം - അയാളും രാമചന്ദ്രനും: അധ്യായം 14
ഞാനിങ്ങനെ ഓട്ടോയില്‍ പോകുമ്പോ വെറുതേ ആലോചിക്കുകയാ, ഈ കോവിഡ് ശരിക്കും ബാധിച്ചത് മൊതലാളിമാരെയാണല്ലോ. മൊതലാളിമാര്‍ക്കൊക്കെ എന്താ നഷ്ടം..! എന്റെ ബെന്‍സ് കട്ടപ്പുറത്തായിട്ട് മാസങ്ങളായി. ദിവസവും പപ്പേട്ടന്റെ വീട്ടിലേക്ക് മൂന്നോ നാലോ പ്രാവശ്യം പോകുന്നതൊഴിച്ചാല്‍ പ്രത്യേകിച്ച് പണിയൊന്നും നടക്കുന്നില്ല. പക്ഷെ മൊതലാളിമാരുടെ കാര്യം അങ്ങനെയാണോ? കോടികളുടെ നഷ്ടമല്ലേ പലര്‍ക്കും. യൂസഫലി സാറ് വരെ പറയുന്നത്...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >


ഞാനിങ്ങനെ ഓട്ടോയില്‍ പോകുമ്പോ വെറുതേ ആലോചിക്കുകയാ, ഈ കോവിഡ് ശരിക്കും ബാധിച്ചത് മൊതലാളിമാരെയാണല്ലോ. മൊതലാളിമാര്‍ക്കൊക്കെ എന്താ നഷ്ടം..! എന്റെ ബെന്‍സ് കട്ടപ്പുറത്തായിട്ട് മാസങ്ങളായി. ദിവസവും പപ്പേട്ടന്റെ വീട്ടിലേക്ക് മൂന്നോ നാലോ പ്രാവശ്യം പോകുന്നതൊഴിച്ചാല്‍ പ്രത്യേകിച്ച് പണിയൊന്നും നടക്കുന്നില്ല. പക്ഷെ മൊതലാളിമാരുടെ കാര്യം അങ്ങനെയാണോ? കോടികളുടെ നഷ്ടമല്ലേ പലര്‍ക്കും. യൂസഫലി സാറ് വരെ പറയുന്നത് വമ്പന്‍ നഷ്ടാണെന്ന്. വലിയ പ്രതിസന്ധിയാണെന്ന്. എന്റെ മൊതലാളിയുടെ നഷ്ടം പിന്നെ വേറെയാ. പ്രായം തൊണ്ണൂറ്റൊന്നായി. എന്നാലും ദിവസവും യാത്ര ചെയ്യണം. പുറത്തിറങ്ങണം. വെറുതേ ഇരിക്കുന്ന ശീലം ഇല്ലല്ലോ. സത്യം പറഞ്ഞാല്‍ ഈ മാസങ്ങളില്‍ ഞങ്ങള്‍ക്ക് ഒന്നു രണ്ട് ഗള്‍ഫ് യാത്രകളുണ്ടായിരുന്നു. വിസയടക്കം ശരിയായതാ. പക്ഷെ എല്ലാം മുടങ്ങി. കഴിഞ്ഞ ദിവസം പറയുന്നുണ്ടായിരുന്നു, 'എടോ വൃകോദരാ ഞാന്‍ തീരുന്നതിന് മുമ്പ് ഈ കോറോണ പോവോ..?' അതുകൊണ്ടാ ഞാന്‍ എല്ലാ മൊതലാളിമാരേയും ചേര്‍ത്തുകെട്ടി പറഞ്ഞത്.
ശരിക്കും പറഞ്ഞാല്‍ യാത്രകളാണ് അദ്ദേഹത്തെ ഇത്രയും ഊര്‍ജസ്വലനാക്കി നിര്‍ത്തിയത്. വീട്ടില്‍ ചടഞ്ഞിരിക്കുമ്പോ വല്ലാത്ത ബോറടിയുണ്ട്. എന്നിട്ടും എഴുതി കേട്ടോ, ഇപ്പോ ഇറങ്ങിയ അഞ്ച് പ്രധാന വാര്‍ഷികപ്പതിപ്പുകളില്‍ കഥ വന്നു. പുതിയൊരു കഥ കൂടി എഴുതിക്കഴിഞ്ഞു. കേരളത്തില്‍ എത്ര എഴുത്തുകാര്‍ ഇത്രയും എഴുതിയിട്ടുണ്ടാവും, അതും ഈ കൊറോണക്കാലത്ത്. ഇത്തവണത്തെ കഥകളിലെല്ലാം ഞാനുണ്ടെന്നത് എന്റെ ഗമ കുറച്ചുകൂടി കൂട്ടിയെന്ന് കരുതിക്കോ. മാതൃഭൂമിയില്‍ വന്ന 'സത്രം' വായിച്ച് വിളിച്ചവര്‍ അനേകമാ. ആ കഥയിലെ നായകനെ പരിചയപ്പെടുന്നത് മുതല്‍ അദ്ദേഹത്തിന്റെ വീട്ടിലും വിദേശത്തെ താമസസ്ഥലങ്ങളില്‍ സന്ദര്‍ശിച്ചപ്പോഴുമെല്ലാം കൂടെ ഞാനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ കഥയിലുടനീളം ഞാനുമുണ്ട്. എനിക്കും വല്ലാത്തൊരു അനുഭവമായിരുന്നു അത്.

രാവിലെ എഴുന്നേല്‍ക്കുന്ന പതിവൊന്നും തെറ്റിച്ചിട്ടില്ല. ഒരു അഞ്ച് അഞ്ചരയ്ക്ക് എന്നും എഴുന്നേല്‍ക്കുന്നുണ്ട്. എന്നിട്ട് മുറ്റത്തും വീട്ടിനുള്ളിലുമായി ചെറിയ നടത്തം. അതിനിടെ ഒരു ഗ്രീന്‍ ടീ. കാസര്‍ഗോട് ബന്ദടുക്കയിലെ ഒരു പത്മാവതി സിസ്റ്ററാ ഇപ്പോ ഹോംനേഴ്‌സ്. അവര് മൊതലാളിയെ മാത്രമല്ല പട്ടികളേയും പൂച്ചകളേയുമെല്ലാം നോക്കാന്‍ പഠിച്ചു. അവയ്ക്ക് പാല്, മീന് എല്ലാം സമയാസമയം നല്‍കും. കൃത്യസമയത്ത് അത് കിട്ടിയില്ലെങ്കില്‍ എന്നെയും വിളിക്കും. അതിശയം എന്താന്ന് വെച്ചാ, തുടക്കത്തില്‍ എന്നെപ്പോലെത്തന്നെയായിരുന്നു, ഇപ്പോ മൊതലാളിയുടെ കഥകളും വായിക്കാന്‍ തുടങ്ങി.- രാമചന്ദ്രന്‍ കുലുങ്ങിച്ചിരിക്കുമ്പോള്‍ കുഞ്ഞുവയറ് വെള്ള ഷര്‍ട്ടിനുള്ളില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു.

ദിനചര്യകളൊക്കെ പതിവുപോലെ. ചായ പണ്ടേ കുടിക്കില്ല. ഇടയ്ക്ക് ഞാന്‍ ചോദിക്കും ന്റെ മൊതലാളി ഈ പൂച്ചക്കും നായക്കുമെല്ലാം കൊടുക്കാന്‍ എത്രയാ പാല് വാങ്ങുന്നത്. ഒരുപാല് കൂട്ടി നിങ്ങക്കൊരു പെടിച്ചായയങ്ങ് പിടിപ്പിച്ചാലെന്താന്ന്. അപ്പോ എന്നെ ഒന്ന് കടുപ്പിച്ച് നോക്കും. 'നീ എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ട, പത്മനാഭന്‍ ഇതുവരെ ഒരു ലഹരിയും ഉപയോഗിച്ചിട്ടില്ല, ഒരു ലഹരിയെക്കുറിച്ചും എഴുതിയിട്ടില്ല. അങ്ങനെ ലഹരി മൂപ്പിച്ചുള്ള സാഹിത്യമൊന്നും എനിക്ക് വേണ്ട. ചായ, അത് ലഹരിയാണ്. അതുകൊണ്ട് നിന്റെ ചായ ലഹരി വേണ്ട. പിന്നെ നിന്റെ കാര്യം, പണ്ടുപണ്ട് നീ ഞങ്ങള്‍ക്ക് പാല് തരാന്‍വേണ്ടിയാണ് ഇവിടെവന്നത്. പക്ഷെ അത് അന്നും ഇന്നും പൂച്ചകള്‍ക്കും പട്ടികള്‍ക്കുമാണ്. നീ കൊണ്ടുവന്ന മീനും. ഇനി വല്ല ചോദ്യവുമുണ്ടോ നിന്റെ കൈയ്യില്‍..'

ഇടക്കെനിക്ക് മൊതലാളിയെ ശുണ്ഠിപിടിപ്പിക്കുന്ന ശീലമുണ്ട്. മൂപ്പര് കെറുവിക്കുന്നത് കാണാന്‍ ഒരു പ്രത്യേക സുഖാ. മാത്രമല്ല ദിവസവും ആ വായില്‍ നിന്ന് നാല് തെറി കേട്ടില്ലെങ്കില്‍ എനിക്ക് എന്തോ ഒരിത് കിട്ടാത്തപോലയാ.

കൊറോണയായിട്ടും ശീലങ്ങളൊന്നും തെറ്റിയിട്ടില്ല. രാവിലത്തെ ഗ്രീന്‍ ടീ കഴിഞ്ഞാല്‍ പിന്നെ നാല് പത്രങ്ങള്‍ കഴിക്കും. അതങ്ങനെ ചവച്ചരച്ച്, അരിച്ച് പെറുക്കി. ആ സമയത്ത് ഞാന്‍ മുമ്പിലൊന്നും പോയിപ്പെടില്ല. പോയാല്‍ ചില ചോദ്യങ്ങളൊക്കെ ചോദിച്ചുകളയും. നമ്മള്‍ക്കെന്ത് രാഷ്ട്രീയം? എന്ത് സാഹിത്യം? കഴിഞ്ഞ ദിവസം കൊറേ ചിരിച്ചത് അമേരിക്കന്‍ പ്രസിഡന്റിന് കൊറോണ വന്നപ്പഴാണ്. മാസ്‌ക് വെക്കണ്ടാന്ന് പറഞ്ഞ ആളല്ലേ മൂപ്പര്!

ഫോണിന് ഒരു കുറവുമില്ല. എല്ലാരും വിളിക്കും. പിണറായി വിജയന്‍, കമല്‍ഹാസന്‍, എ കെ ആന്റണി, യൂസഫലി...അങ്ങനെ പലരും. കമല്‍ഹാസന്‍ വിളിച്ചിട്ട് ഏതോ മാഗസിനില്‍ അദ്ദേഹത്തെക്കുറിച്ച് വന്ന വിവാദമൊയൊരു ലേഖനത്തെക്കുറിച്ചാ പറഞ്ഞത്. അന്നേരം ഞാനവിടെ ഉണ്ട്. അതിന്റെ കോപ്പിയൊക്കെ അയച്ചുകൊടുത്തു. ഞാനാണത് ഡൗണ്‍ലോഡ് ചെയ്ത് കൊടുത്തത്. എനിക്കൊന്നും മനസിലായില്ല. മൂപ്പര്‍ക്കെല്ലാം മനസിലായി. അതിന് മറുപടിയും കൊടുത്തു. കമല്‍ഹാസന്റെ ശബ്ദം ഞാന്‍ സിനിമേല് മാത്രാ കേട്ടത്. അത്ര അടുത്ത് നിന്ന് കേക്കുമ്പോ ഒരു കോരിത്തരിപ്പാ. കൊറോണയെക്കുറിച്ചൊക്കെ പറഞ്ഞു. മാറിയാല്‍ ഇങ്ങോട്ട് വരാന്നും പറഞ്ഞിട്ടുണ്ട്. പിണറായി വിജയന്‍ അല്ലെങ്കിലും അഴ്ചയില്‍ ഒരിക്കലെങ്കിലും വിളിക്കും. കാര്യങ്ങളെല്ലാം അന്വേഷിക്കും. കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ എങ്ങനെ ഉണ്ട് കൊറോണക്കാലന്ന് ചോദിച്ച്. മൊതലാളി അതിന് പറഞ്ഞത് കൊറോണയായിട്ടും വിശ്രമമില്ലാത്തത് നിങ്ങള്‍ക്കല്ലേന്നായിരുന്നു. പിന്നെ കേട്ടത് രണ്ടുപേരുടേയും ചിരിയാണ്. എ കെ ആന്റണി വിളിച്ചത് വാര്‍ഷികപ്പതിപ്പിലെ കഥ വായിച്ചിട്ടാണ്. മാതൃഭൂമിയില്‍ വന്ന സത്രം വായിച്ചിട്ട്. ശരിക്കും ഞാന്‍ മൂക്കത്ത് വിരല്‍വെച്ചു. ആന്റണിയെപ്പോലെ തിരക്കുള്ളൊരാള്‍ കഥ വായിച്ച് കഥയെഴുതിയ ആളെ വിളിക്കുന്നു. എന്നോട് അറിയാതെ ചോദിച്ചുപോയി 'ഈ രാഷ്ട്രീയക്കാരും കഥകളൊക്കെ വായിക്കോ, അതും ആന്റണിയെപ്പോലൊരാള്‍..?' വെറുതേ വായില്‍ നിന്ന് വീണുപോയതാ. എനിക്ക് കിട്ടേണ്ടത് കിട്ടി, ആശ്വാസം, 'മൊശകോടന്‍ ഈ കൊച്ചുകേരളത്തില്‍ നിന്ന് ഒരു എ കെ ആന്റണി ഡല്‍ഹിയില്‍ വലിയ പദവികളിലിരുന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ അയാളുടെ പുസ്തകവായനയ്ക്ക് വലിയ പങ്കുണ്ടെടോ..' എഴുത്തൊന്നും നിര്‍ത്തിയേക്കല്ലേ പപ്പേട്ടാന്ന് പറഞ്ഞാണ് ആന്റണി സാറ് അവസാനിപ്പിച്ചത്. അതിനുള്ള മറുപടി രസായിരുന്നു 'ന്റെ വയസും മറക്കേണ്ട..'
കൊറോണക്കാലം തുടങ്ങുന്നതിന് തൊട്ടുമുമ്പത്തെ മാസാ സുരേഷ് ഗോപി വീട്ടില്‍ വന്നത്. നിങ്ങള് പത്രക്കാരൊന്നും അറിയൂല. അല്ലെങ്കിലും മൊതലാളിയുടെ പള്ളിക്കുന്നിലെ വീട്ടില്‍ ആരെങ്കിലും വന്നാല്‍ പുറത്തറിയണമെങ്കില്‍ ഞാന്‍ പറയണം. അല്ലെങ്കില്‍ മൊതലാളി പറയണം. മൊതലാളി ഏതായാലും പറയില്ല. ഞാന്‍ പറയണമെങ്കില്‍ ആരെങ്കിലും എന്നോട് ചോദിക്കണം. ഇപ്പോള്‍തന്നെ ഞാന്‍ മൊതലാളിക്ക് പൈസയെടുക്കാന്‍ ബാങ്കിലേക്ക് പോകുന്നവഴിയാ. നിങ്ങള് ഇത്രയും ദിവസത്തെ കാര്യങ്ങള്‍ ചോദിച്ചത് കൊണ്ട് പറഞ്ഞെന്ന് മാത്രം. സുരേഷ് ഗോപി രാജരാജേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിവരുന്നവഴിക്കാണ് വീട്ടിലേക്ക് വന്നത്. ഇതിനുമുമ്പ് വന്നതുകൊണ്ട് വഴിതെറ്റിയില്ല. എനിക്കത്ഭുതമായിരുന്നു ഒരു സിനിമാ നടന്‍, അതും സൂപ്പര്‍സ്റ്റാര്‍ കഥകളെക്കുറിച്ചും കാര്യങ്ങളെക്കുറിച്ചുമെല്ലാം ഇത്രയും വിശാലമായി പറയുന്നത് കേട്ട്...

സുരേഷ്‌ ഗോപി അടുത്ത് വന്നിട്ട് ഒരു ഫോട്ടം പിടിച്ചൂടായിരുന്നോ എന്ന ചോദത്തിന് രാമചന്ദ്രന്‍ വീണ്ടും കുലുങ്ങിചിരിച്ചു. ഞാനുമിപ്പോള്‍ എന്റെ മൊതലാളിയെപ്പോലായി. ഫോട്ടോയിലൊക്കെ എന്ത് കാര്യം. എനിക്ക് വലിയ ഇഷ്ടള്ള നടനാ, നല്ല മനുഷ്യസ്‌നേഹി.

ക്ഷമിക്കണം ഇന്ന് ശനിയാ ബാങ്കില് 12 മണിക്ക് മുമ്പേ എത്തണം. കഥയുടെ രസച്ചരട് മുറിച്ച് രാമചന്ദ്രന്റെ ഓട്ടോ എന്നെ വിട്ട് പറന്നു. ആ ബെന്‍സിലേക്ക് വെറുതേ കണ്ണുപായിക്കുമ്പോള്‍ പിന്‍സീറ്റിലിരുന്ന് പപ്പേട്ടന്‍ കൈവീശി യാത്ര പറയും പോലെ..

എങ്ങിനെയാണ് മനുഷ്യരിത്ര മാത്രം വ്യത്യസ്തരാവുന്നത്..! എന്റെ ആശ്ചര്യത്തിന് മറുപടി നല്‍കാന്‍ കൂടെ ആരുമുണ്ടായിരുന്നില്ല. അപ്പഴാണ് അവസാനം വായിച്ച 'സത്രം' എന്നിലേക്ക് മുറിഞ്ഞത്.

'ഞാന്‍ കമ്പനിയില്‍ നിന്നും രാജിവെച്ചു. ഇപ്പോള്‍ ഞാന്‍ പൂര്‍ണമായും സ്വതന്ത്രനാണ്. റൂസ്സോ പറഞ്ഞത് ഓര്‍ക്കുന്നില്ലേ, ' മനുഷ്യന്‍ സ്വതന്ത്രനായി പിറക്കുന്നു, പക്ഷെ എവിടേയും ചങ്ങലകളില്‍' -ആ ചങ്ങലയാണ് ഞാന്‍ പൊട്ടിച്ചുകളഞ്ഞത്. സത്യത്തില്‍ സ്വാതന്ത്ര്യം എന്നത് എന്താണെന്ന് ഇപ്പോളാണ് ഞാന്‍ മനസിലാക്കുന്നത്. തടസ്സമില്ലാതെ ഒഴുകുന്ന വെള്ളംപോലെ, വായുപോലെ...'

ആദ്യ ഭാഗങ്ങള്‍ വായിക്കാം-അയാളും രാമചന്ദ്രനും

(അവസാനിച്ചു)


കെ പി സജീവന്‍

കെ പി സജീവന്‍

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories