TopTop
Begin typing your search above and press return to search.

SERIES | വലിയ കോണ്‍ഗ്രസുകാരനാണ് പോലും, എന്നിട്ടും നേതാവ് പിണറായി വിജയനാ..! -അയാളും രാമചന്ദ്രനും: അധ്യായം 13

SERIES | വലിയ കോണ്‍ഗ്രസുകാരനാണ് പോലും, എന്നിട്ടും നേതാവ് പിണറായി വിജയനാ..! -അയാളും രാമചന്ദ്രനും: അധ്യായം 13
മൊതലാളിയുടെ വായില്‍ നിന്ന് എപ്പഴാണ് ചില ചോദ്യങ്ങള്‍ പൊട്ടിപ്പുറപ്പെടുകാന്ന് അറിയില്ല. പലപ്പോഴും വൈകുന്നേരങ്ങളില്‍ വീട്ടില്‍ വെറുതെയിരിക്കുമ്പഴാണ് അത്തരം ചോദ്യങ്ങളുണ്ടാവുക. 'എടോ താനേതാ പാര്‍ട്ടി..?' 'ഞാന്‍ കമ്യൂണിസ്റ്റ്. മൊതലാളിയോ..?' 'അതെന്ത് ചോദ്യമാണെടോ..ഞാന്‍ കോണ്‍ഗ്രസ്. ഇപ്പഴത്തെ കോണ്‍ഗ്രസല്ല പഴയ കോണ്‍ഗ്രസ്...' അതെനിക്കറിയാന്‍ മേലാഞ്ഞിട്ടല്ല എത്രയോ തവണ പഴയ വിദ്യാര്‍ഥി കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ ...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >


മൊതലാളിയുടെ വായില്‍ നിന്ന് എപ്പഴാണ് ചില ചോദ്യങ്ങള്‍ പൊട്ടിപ്പുറപ്പെടുകാന്ന് അറിയില്ല. പലപ്പോഴും വൈകുന്നേരങ്ങളില്‍ വീട്ടില്‍ വെറുതെയിരിക്കുമ്പഴാണ് അത്തരം ചോദ്യങ്ങളുണ്ടാവുക.

'എടോ താനേതാ പാര്‍ട്ടി..?'

'ഞാന്‍ കമ്യൂണിസ്റ്റ്. മൊതലാളിയോ..?'

'അതെന്ത് ചോദ്യമാണെടോ..ഞാന്‍ കോണ്‍ഗ്രസ്. ഇപ്പഴത്തെ കോണ്‍ഗ്രസല്ല പഴയ കോണ്‍ഗ്രസ്...'

അതെനിക്കറിയാന്‍ മേലാഞ്ഞിട്ടല്ല എത്രയോ തവണ പഴയ വിദ്യാര്‍ഥി കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അത് ഒരുപാട് എഴുതിയിട്ടുമുണ്ടല്ലോ..!

'1945ല്‍ ചിറക്കല്‍ രാജാസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്നു. അന്നത്തെ രാഷ്ട്രീയപ്രവര്‍ത്തനം പക്ഷെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയം പിന്നീട് അങ്ങോട്ട് തുടര്‍ന്നില്ലെങ്കിലും 1943 മുതല്‍ ഇന്നുവരെ ഖാദി മാത്രമേ ധരിച്ചിട്ടുള്ളൂ. സ്വാതന്ത്ര്യസമരാനന്തരം രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. പക്ഷെ സല്‍ഭരണത്തിന് പകരം ആദ്യ കമ്യണിസ്റ്റ് സര്‍ക്കാര്‍ സെല്‍ ഭരണത്തിലേക്ക് വഴിമാറിയപ്പോള്‍ ഉണ്ടായ വിമോചന സമരത്തില്‍ ഞാനും പങ്കാളിയായിട്ടുണ്ട്. എന്നാലത് കോണ്‍ഗ്രസുകാര്‍ക്കൊപ്പമല്ല, ഞാന്‍ ഒറ്റയ്ക്ക് മുദ്രാവാക്യം വിളിച്ച് കലക്റ്ററേറ്റിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. അതിന്റെ പേരില്‍ 15 ദിവസം ജയിലില്‍ കിടന്നു. പിന്നീടിങ്ങോട്ട് രാഷ്ട്രീയത്തിലെ നെറികേടുകൊണ്ടുതന്നെയാണ് രാഷ്ട്രീയം ഉപേക്ഷിച്ചത്. കെ.കേളപ്പന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യാഗ്രഹം നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ചുണ്ണാമ്പു വെള്ളം ഒഴിച്ചവര്‍ പിന്നീട് വലിയ നേതാക്കളാവുന്നത് കാണേണ്ടിവന്നു. രാഷ്ട്രീയത്തിലെ പൊള്ളത്തരം കാണിച്ചുതന്ന ഇതുപോലെത്ര സംഭവങ്ങള്‍. ഇപ്പോള്‍ ഞാന്‍ കോണ്‍ഗ്രസല്ല, എന്നാല്‍ കമ്യൂണിസ്റ്റുമല്ല. എന്നാല്‍ ചില നേതാക്കളെ എനിക്കിഷ്ടമാണ്. പി കൃഷ്ണപിള്ളയും ഇഎംഎസ്സും ആര്‍ സുഗതനും പിണറായി വിജയനുമടക്കമുള്ളവരെ..'
ഞാനിടക്കിടക്ക് കളിയാക്കും. വലിയ കോണ്‍ഗ്രസുകാരനാണ് പോലും. എന്നിട്ടും നേതാവ് പിണറായി വിജയനാ...! മറുപടി ഉടന്‍വരും.

'എനിക്ക് പണ്ടേ പുസ്തകം വായിക്കുന്നവരേയും ചിന്തിക്കുന്നവരേയുമാണ് ഇഷ്ടം...'

പിന്നെ ഞാനൊന്നും മിണ്ടില്ല. മിണ്ടിയാല്‍ വൃകോദരാ വിളി കേള്‍ക്കേണ്ടിവരും.

പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ അദ്ദേഹത്തെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. രാജ്യത്തെ സാഹിത്യകാരന്‍മാരെല്ലാം ഒരുമിച്ച് ഒപ്പിട്ട് സമരം നയിക്കുന്നതിനോടൊന്നും പപ്പേട്ടന് താല്‍പര്യമില്ലെങ്കിലും കിട്ടുന്ന വേദികളിലെല്ലാം അദ്ദേഹം പണ്ട് കലക്റ്ററേറ്റിലേക്ക് നടത്തിയപോലുള്ള ഒറ്റയാന്‍ പോരാട്ടങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ മൊതലാളിയുള്ള വേദികളിലെല്ലാം സ്‌റ്റേജിലെവിടേയെങ്കിലും എനിക്കും ഒരു സീറ്റു കിട്ടുന്നതിനാല്‍ എല്ലാം ഞാന്‍ സാകൂതം (അത് മൊതലാളിയുടെ അടുത്ത് നിന്ന് അടിച്ചുമാറ്റിയ വാക്കാണ്, തെറ്റിദ്ധരിക്കേണ്ട..) കേള്‍ക്കും.
'ഒരു ഹിന്ദുവായതില്‍ അഭിമാനിക്കുന്ന ആളാണ് ഞാന്‍. പക്ഷെ ഇന്നത്തെ ഹിന്ദുവിന്റെ പോക്ക് കാണുമ്പോള്‍ പേടി തോന്നുന്നുണ്ട്. ഹിന്ദുവായിട്ടാണ് ഞാന്‍ ജനിച്ചത്. അത് ഞാന്‍ അങ്ങനെ ആഗ്രഹിച്ചത് കൊണ്ടല്ല. എന്റെ അച്ഛനും അമ്മയുമെല്ലാം ഹിന്ദുവായതിനാലാണ്. പിന്നീടെപ്പഴെങ്കിലും ഈ മതത്തില്‍ നിന്ന് പുറത്ത് ചാടണമെന്നും ആഗ്രഹിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ വിളക്കുകള്‍ ഒന്നൊന്നായി അണയുമ്പോള്‍ വല്ലാതെ വിഷമം തോന്നുന്നുണ്ട്. ഞാന്‍ വിശ്വസിച്ചുപോരുന്ന ഹിന്ദുമതം ലോക സമസ്ത സുഖിനോഭവന്ദു എന്ന തത്വത്തിലധിഷ്ടിതമാണ്. ലോകത്തുള്ള എല്ലാവരും ഒരുപോലെ സുഖിച്ച് സന്തോഷിച്ച് ജീവിക്കണം. അതായിരുന്നു ഹിന്ദുമതത്തിന്റെ സത്ത. അല്ലാതെ ഹിന്ദുവായി പിറന്നവന്‍ മാത്രം നന്നായി ജീവിക്കണമെന്നല്ല. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഞാനെഴുതിയൊരു ലേഖനം അവര്‍ പാട്ടുപാടി, നമ്മള്‍ പള്ളിപൊളിച്ചു എന്നായിരുന്നു. അവര്‍ പാട്ടുപാടി എന്നുപറയുമ്പോള്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മഹത്വത്തെക്കുറിച്ചാണ് ഉദ്ദേശിച്ചത്. അമീര്‍ ഖുസ്രു മുതല്‍ ഇങ്ങോട്ടുള്ള നൂറുകണക്കായ സംഗീതജ്ഞരാണ് ഹിന്ദുസ്ഥാനി സംഗീതത്തിന് ഏറ്റവും വലിയ സംഭാവന നല്‍കിയത്. അവരില്‍ ഭൂരിഭാഗവും ഇസ്ലാം മതവിശ്വാസികളായിരുന്നു. പക്ഷെ അവര്‍ക്കൊന്നും മതമായിരുന്നില്ല പ്രധാനം. മറിച്ച് സംഗീതം. അങ്ങനെ അവരെല്ലാം മതം നോക്കിയിരുന്നെങ്കില്‍ ലോകത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന ഹിന്ദുസ്ഥാനി സംഗീതത്തിന് ഇത്രമേല്‍ ആഴവും പരപ്പും ആസ്വാദ്യതയുമുണ്ടാകുമായിരുന്നില്ല. അത്തരത്തിലുള്ള സംഗീതജ്ഞര്‍ക്ക് നമ്മള്‍ നല്‍കിയ സംഭാവനയോ, അവരുടെ പള്ളിപൊളിക്കലും. ഒരു ബാബറി മസ്ജിദില്‍ തീരുന്നില്ല കാര്യങ്ങള്‍. പല പേരുകളില്‍ വിഷയങ്ങളില്‍ അതാവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. രാജ്യത്തെ മുമ്പില്ലാത്തവിധം അസഹിഷ്ണുത മൂടുകയാണ്. ഇതിനെതിരെ രാജ്യമാകെ ചെറുത്ത് നില്‍പുകളുണ്ടാവുന്നുണ്ട് എന്നത് ആശ്വാസകരമാണ്. മാസങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ സ്ഥിതി വഷളാവുന്നതില്‍ പ്രതിഷേധിച്ച് മലയാളികളടക്കമുള്ള എഴുത്തുകാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ആദരവോടെ കുലീനമായ ഭാഷയില്‍. പക്ഷെ സായിപ്പന്‍മാര്‍ കാണിച്ചതിലും വലിയ അപരാധമല്ലേ മറുപടിയായി കിട്ടിയത്. ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നെന്നാരോപിച്ച് കേസ്. എഴുത്തുകാര്‍ എത്ര പെട്ടന്നാണ് രാജ്യ വിരുദ്ധരാവുന്നത്..! ഈ കെട്ടകാലത്തോട് മരണംകൊണ്ടുപോലും പ്രതിഷേധിക്കണമെന്നതിനാലാണ് എന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോള്‍ എന്റെ പ്രിയിപ്പെട്ട മുസ്‌ലീം സുഹൃത്ത് അടുത്ത് വേണമെന്ന് ഞാന്‍ പറഞ്ഞത്..'
മൊതലാളിക്ക് ജാതിയും മതവുമൊന്നുമില്ല. ക്ഷേത്രങ്ങളിലും പോകാറില്ല. പക്ഷെ ഈ അടുത്ത് ഞങ്ങളൊരു ക്ഷേത്രത്തില്‍പോയി. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍. പട്ടാമ്പിയില്‍ ഒരു പരിപാടിക്ക് പോകുന്നതിനിടെ ടാക്‌സി ഡ്രൈവറോട് പറയുകയായിരുന്നു.
'തിരുനാവായ വരെ പോകണം..'

ഞാന്‍ ചോദിച്ചു ' എന്തിനാണിപ്പോ അവിടെ പോകുന്നത്..പതിവില്ലല്ലോ..!'

'ഒന്നുപോകാം, പ്രാര്‍ഥിക്കാനൊന്നുമല്ല..വെറുതേ കാണാന്‍..'

പിന്നെ ഞാനൊന്നും മിണ്ടിയില്ല. ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ മൊതലാളി കാറില്‍ നിന്നിറങ്ങുന്നില്ല. ഞാന്‍ ചോദിച്ചു,

'ഇറങ്ങുന്നില്ലേ..?'

'ഇല്ല നീ പോയിവാ..'

ഞാന്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞിറങ്ങുമ്പോള്‍ കാറില്‍ ടി.പത്മനാഭനാണെന്നറിഞ്ഞ് ക്ഷേത്ര ഭാരവാഹികളൊക്കെ ഇറങ്ങിവന്നു.

മൊതലാളി എല്ലാവരേയും വണങ്ങി. എന്നിട്ട് ആലോചിച്ച് ഉറപ്പിച്ചുപോലൊരു മറുപടി

'ഞാന്‍ വരുന്നുണ്ട് ഒരു ദിവസം. രാമചന്ദ്രനാണ് കര്‍മങ്ങളെല്ലാം ചെയ്യുക, വേണ്ട സഹായങ്ങളെല്ലാം ചെയ്ത് കൊടുക്കണം...'

ആ ഞെട്ടലില്‍ നിന്ന് ഞാന്‍ ഇതുവരെ മുക്തനായിട്ടില്ല.

ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം-അയാളും രാമചന്ദ്രനും
കെ പി സജീവന്‍

കെ പി സജീവന്‍

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories