TopTop
Begin typing your search above and press return to search.

"അമ്മയ്ക്ക് ബലിച്ചോറുരുട്ടിയപ്പോള്‍ തേങ്ങിപ്പോയി"; അയാളും രാമചന്ദ്രനും - അധ്യായം 4

അമ്മയ്ക്ക് ബലിച്ചോറുരുട്ടിയപ്പോള്‍ തേങ്ങിപ്പോയി; അയാളും രാമചന്ദ്രനും - അധ്യായം 4
2014 നവംബര്‍ മൂന്നിന് രാത്രി പന്ത്രണ്ടിനാണ് മൊതലാളി വിളിക്കുന്നത്, 'എടാ ഇവള്‍ ഒന്നും മിണ്ടുന്നില്ല, നീ ഉടനെ വരണം..' ഒരു കീലോമീറ്ററേ ഉള്ളൂ എന്റെ വീട്ടില്‍ നിന്നും അവിടെ എത്താന്‍. ഞാന്‍ ഓട്ടോയില്‍ ഡോക്ടറുമായിട്ടാണ് എത്തിയത്. അപ്പഴേക്കും മരിച്ചിരുന്നു, ഉറക്കത്തില്‍ അറ്റാക്കായിരുന്നു. നല്ല മരണം. തങ്കം എന്നാണ് മൊതലാളി അമ്മയെ വിളിച്ചിരുന്നത്. കൊച്ചിന്‍ യൂനിവേഴ്സിറ്റിയില്‍ ലൈബ്രേറിയനായിരുന്നു....

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >


2014 നവംബര്‍ മൂന്നിന് രാത്രി പന്ത്രണ്ടിനാണ് മൊതലാളി വിളിക്കുന്നത്, 'എടാ ഇവള്‍ ഒന്നും മിണ്ടുന്നില്ല, നീ ഉടനെ വരണം..'

ഒരു കീലോമീറ്ററേ ഉള്ളൂ എന്റെ വീട്ടില്‍ നിന്നും അവിടെ എത്താന്‍. ഞാന്‍ ഓട്ടോയില്‍ ഡോക്ടറുമായിട്ടാണ് എത്തിയത്. അപ്പഴേക്കും മരിച്ചിരുന്നു, ഉറക്കത്തില്‍ അറ്റാക്കായിരുന്നു. നല്ല മരണം. തങ്കം എന്നാണ് മൊതലാളി അമ്മയെ വിളിച്ചിരുന്നത്. കൊച്ചിന്‍ യൂനിവേഴ്സിറ്റിയില്‍ ലൈബ്രേറിയനായിരുന്നു. വിവരമറിഞ്ഞ് കേരളം മുഴുവന്‍ പിറ്റേന്ന് നേരം വെളുക്കുമ്പഴേക്കും ഒഴുകിയെത്തി. ചാരുകസേരയില്‍ മൊതലാളി ഒറ്റ ഇരുപ്പായിരുന്നു. ആ ഭാവം കണ്ടാലറിയാമായിരുന്നു അദ്ദേഹം അനുഭവിക്കുന്ന ദുഖത്തിന്റെ ആഴം. മരുമക്കളും ബന്ധുക്കളുമെല്ലാം ഉണ്ടെങ്കിലും എല്ലാറ്റിനും ഓടിനടക്കാന്‍ ഞാന്‍ മാത്രമായിരുന്നു. അതിനിടെ മൊതലാളിയുടെ വിളിപ്പുറത്തും ഉണ്ടാകണം. പയ്യാമ്പലത്ത് ഭാര്‍ഗവി അമ്മയുടെ മൃതദേഹം തീനാളങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ബലിയിടാന്‍ മരുമക്കളുണ്ടായിരുന്നു. പക്ഷെ ആ അമ്മയുടെ ആത്മാവിന് നിത്യശാന്തി കിട്ടാന്‍ മകനായി ഞാനും ബലിയിടണമെന്ന് എനിക്ക് തോന്നി. അദ്ദേഹം അറിഞ്ഞാല്‍ ദേഷ്യപ്പെടുമോയെന്നൊന്നും അപ്പോള്‍ ഓര്‍ത്തില്ല. ബലിച്ചോറ് ഉരുട്ടിവെച്ച് നനഞ്ഞ കൈമുട്ടി കാക്കയെ വിളിക്കുമ്പോള്‍ എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ആരോ ഞാന്‍ ബലിയിട്ട വിവരം അദ്ദേഹത്തോടു പറഞ്ഞു, അപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു,
'അത് നന്നായി, അവള്‍ അത് ആഗ്രഹിക്കും. അവന് അതിന് അവകാശവുമുണ്ട്..'

കഴിഞ്ഞ കുറേക്കാലമായി ചെറുതും വലുതുമായ എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ മൊതലാളിയുടെ കൂടെയുണ്ട്. കുടുംബ കാര്യങ്ങളില്‍ വരെ നിശ്ശബ്ദനായി ഞാന്‍ കൂടെയുണ്ടാവും.

മൊതലാളിക്ക് അദ്ദേഹത്തിന്റെ ഏട്ടന്‍ ഏറെ പ്രിയപ്പെട്ട ആളായിരുന്നു. അച്ഛനെ കണ്ട ഓര്‍മപോലുമില്ലാത്തിനാല്‍ അദ്ദേഹത്തിന്റെ എല്ലാ വളര്‍ച്ചയിലും ഏട്ടനായിരുന്നു എല്ലാം.

ഏട്ടന് തീരെ സുഖമില്ലെന്നറിഞ്ഞ് ഒരു ദിവസം ഞങ്ങളവിടെപ്പോയി. ഏട്ടന്റെ ദയനീയ അവസ്ഥ അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി. ഏട്ടന്റെ കാര്യങ്ങളെല്ലാം അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. സാറിന് മക്കളില്ല, പക്ഷെ ഏട്ടന് പത്തു മക്കളുണ്ടായിരുന്നു. എല്ലാവരേയും നല്ല നിലയില്‍ കെട്ടിച്ചയച്ചു. സ്ത്രീധനവും സ്വത്തും നല്‍കി. എല്ലാവരും നാട്ടിലും വിദേശത്തുമായി ചിന്നിച്ചിതറിയപ്പോള്‍ ഇളയവള്‍ ഗിരിജക്കൊപ്പമായിരുന്നു ഏട്ടന്‍. അവിടെ ഞങ്ങള്‍ ആദ്യമൊക്കെ ഇടക്കിടേ പോകാറു
ണ്ടാ
യിരുന്നു. പിന്നീട് ഗിരിജയുടെ സ്വഭാവം മാറിത്തുടങ്ങിയപ്പോള്‍ പോക്കുകുറഞ്ഞു. തീരെ വയ്യെന്നറിഞ്ഞപ്പോള്‍ മാത്രമാണ് ഇടയ്ക്ക് ഒരു ദിവസം വീണ്ടും പോയത്. ആദ്യമൊക്കെ ഗിരിജയ്ക്ക് അച്ഛനെന്നു പറഞ്ഞാല്‍ ജീവനായിരുന്നു. സാറിനേയും വലിയ ഇഷ്ടം. പക്ഷെ ഏട്ടന്റെ പേരിലുള്ള ആകെയുള്ള വീടും പറമ്പും ഗിരിജ പേരിലേക്ക് എഴുതിപ്പിച്ച് വാങ്ങിയതോടെ സ്വഭാവം മാറി. വയ്യാതായ അവസ്ഥയില്‍ ഏട്ടനെക്കാണാന്‍ പോയതും അദ്ദേഹം എഴുതിയിട്ടുണ്ട്.

'അച്ഛനും മക്കളും' എന്ന ആ കഥയില്‍ ഏട്ടനെ കാണാന്‍ പോയത് രാമചന്ദ്രനോട് സങ്കടക്കെട്ടുകള്‍ അഴിച്ചുവയ്ക്കുന്നതു പോലെയാണ് കഥാകൃത്ത് കുറിച്ചത്,

'ഏട്ടന് സുഖമില്ല എന്നുകേട്ടപ്പോള്‍ പോകാതിരിക്കാന്‍ കഴിഞ്ഞില്ല, പതിവുപോലെ നീ തന്നെയല്ലേ എന്നെ അവിടെ എത്തിച്ചത്. എന്റെ ഭാഗ്യത്തിന് ഗിരിജയും ഭര്‍ത്താവും വീട്ടിലില്ലാത്ത സമയത്താണ് അവിടെയെത്തിയത്. അതുകൊണ്ട് സംസാരിക്കാനും ഏട്ടന്റെ അരികത്ത് കുറേനേരം ഇരിക്കാനുമൊക്കെ കഴിഞ്ഞു. ഏട്ടന്റെ കാലുകള്‍ കണ്ടപ്പോള്‍....തടിച്ച് ചുമന്ന് എവിടേയെങ്കിലും തട്ടിയാല്‍ പൊട്ടി ഉള്ളിലെ ചോരയും ചലവും നീരുമൊക്കെ പുറത്തേക്ക് തെറിക്കുമെന്ന മട്ടിലുള്ള...

വേദനയുണ്ടോ? ചികിത്സിക്കുന്നുണ്ടോ?, ആരാണ് ഡോക്ടര്‍ എന്നൊക്കെ ചോദിച്ചപ്പോള്‍ ഏട്ടന്‍ മൂളിയതേയുള്ളൂ. മൂത്തമകളെക്കുറിച്ചന്വേഷിച്ചപ്പഴും ഏട്ടന്‍ മൗനിയായിരുന്നു. അവളാണെങ്കില്‍ നാട്ടില്‍ വന്നിട്ടും ഏറെയായിരുന്നു. ഒടുവില്‍ ഒരാത്മഗതം പോലെ ഏട്ടന്‍ പറഞ്ഞു:

'ഇവിടെ എയര്‍പോര്‍ട്ടില്ലല്ലോ!' തെല്ലുനേരത്തെ മൗനത്തിനുശേഷം ഞാന്‍ വീണ്ടും ചോദിച്ചു:


'ഡല്‍ഹിയിലുള്ളവളോ?' ഏട്ടന്‍ പറഞ്ഞു: 'അവള്‍ക്ക് കൊടുത്ത ഡൗറി കുറവായിരുന്നു എന്നാണ് പരാതി. അതുകൊണ്ടാണ് ഭര്‍ത്താവിന്റെ വീട്ടില്‍ വന്നുപോകുമ്പോഴും ഇങ്ങോട്ടൊന്നു തിരിഞ്ഞ് നോക്കാത്തത്.'

പിന്നീടുള്ള മക്കളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഏട്ടന്‍ വിലക്കി. വേണ്ട, വേണ്ട ഒന്നും ചോദിക്കേണ്ട. ആ സമയത്താണ് മഹിളാ സംഘത്തിന്റെ മീറ്റിങ്ങും കഴിഞ്ഞ് ഗിരിജയും ഭര്‍ത്താവും എത്തിയത്-ഏട്ടന്റെ കാലിന്റെ അസുഖത്തെക്കുറിച്ച് അല്‍പ്പം കടുപ്പിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ ഗിരിജ പറഞ്ഞു:'ഏയ് അതുവെറും രക്തവാതമാണ്. വയസ്സായാല്‍ അതൊക്കെയുണ്ടാകും. പിന്നെ ഞാന്‍ ഗുളിക കൊടുക്കുന്നുണ്ട്. അങ്ങനെ ബഹളം വെക്കേണ്ട കാര്യമൊന്നുമില്ല...'

ഒടുവിലത്തെ വാചകം എന്നെകുത്തിക്കൊണ്ടുള്ളതായിരുന്നു. പക്ഷെ അത് കേട്ടതായി നടിക്കാതെ ഞാന്‍ ഉറപ്പിച്ചു പറഞ്ഞു:


'ഗിരിജ പറഞ്ഞതൊക്കെ ശരിയായിരിക്കാം. എങ്കിലും ഞാന്‍ ഒരു കാര്യം ഉറപ്പിച്ചുപറയുന്നു. നാളെ ഏട്ടനെ ഞാന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും. നിങ്ങളെല്ലാവരും അച്ഛനെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കറിയാം. അച്ഛനുവേണ്ടി എത്രയെങ്കിലും ചെയ്യാനുള്ള ശേഷിയും നിങ്ങള്‍ക്കുണ്ട്. നിങ്ങളത് സന്തോഷത്തോടെ ചെയ്യുകയും ചെയ്യും. പക്ഷെ എനിക്കും ഒരു കടമ എന്റെ ഏട്ടനോടു
ണ്ട
ല്ലോ, അതുകൊണ്ട് ആശുപത്രിയിലെ മുഴുവന്‍ ചെലവും വഹിക്കാന്‍ നിങ്ങള്‍ എന്നെ അനുവദിക്കണം..'
അപ്പോള്‍ മുഖംവെട്ടിച്ച് ഗിരിജ ഉള്ളിലെ മുറിയിലേക്ക് പോയി. അവള്‍ എന്തൊക്കയോ പിറുപിറുക്കുന്നുണ്ടായിരുന്നു. എല്ലാം കണ്ടും കേട്ടും കൊണ്ടിരുന്ന ഏട്ടനോട് ഞാന്‍ പറഞ്ഞു:

'ഞാന്‍ നാളെ വരും. നമുക്ക് ആസ്പത്രിയിലേക്ക് പോകണം.'
ഇതിന് ഒരു മറുപടി പോലെയാണ് നീ ഭാഗ്യവാനാണെന്ന് ഏട്ടന്‍ പറഞ്ഞത്. ഭാഗ്യവാന്‍! ശരിയല്ലേടോ, നീ പറ, ഞാന്‍ ഭാഗ്യവാനല്ലേ? നെഞ്ച് കീറി വന്നതുപോലെയായിരുന്നു.രാമചന്ദ്രന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. രാവു നീളുകയായിരുന്നു. രാമചന്ദ്രന്‍ പറഞ്ഞു: ഞാന്‍ പോട്ടെ...നാളെ രാവിലെ വരാം..അതുകേട്ടപ്പോള്‍ അയാള്‍ രാമചന്ദ്രനെ പതിവില്ലാത്തവിധം തറപ്പിച്ചുനോക്കി. 'എടോ, നിനക്ക് ഇന്ന് ഇവിടെ കിടന്നുകൂടേ? ദീനമായ ഒരപേക്ഷ പോലെയായിരുന്നു. കഴിഞ്ഞ ഇരുപതുകൊല്ലക്കാലത്തെ ബന്ധത്തിനിടയില്‍ അങ്ങനെയൊരു ചോദ്യം അയാളില്‍ നിന്നും രാമചന്ദ്രന്‍ കേട്ടിട്ടില്ല. രാമചന്ദ്രന്‍ പറഞ്ഞു: 'ഞാന്‍ വീട്ടില്‍പ്പോയി വിവരം പറഞ്ഞുവരാം.' രാമചന്ദ്രന്റെ ഓട്ടോ കണ്ണില്‍ നിന്നുമറയുന്നതുവരെ അയാള്‍ അവിടെ നിന്നു. പിന്നീട് അകത്തുപോയി കണ്ണടച്ചുകിടന്നു. പക്ഷെ അയാള്‍ ഉറങ്ങുകയായിരുന്നില്ല.
(കഥ-അച്ഛനും മക്കളും)

ഭാര്യ മരിക്കുന്നതിനും ആറുമാസം മുന്‍പ് ഏട്ടന്‍ വേലായുധന്‍ മരിച്ചു. ഏട്ടന്റെ മരണം അദ്ദേഹത്തിന് വലിയ ആഘാതമായിരുന്നു. മക്കളുണ്ടായിട്ടും മക്കളുടെ സ്നേഹം അനുഭവിക്കാനാവാതെ പോയ ഏട്ടന്‍. ഭാര്യ കൂടി മരിച്ചതോടെ ഈ ലോകത്ത് അദ്ദേഹത്തിനുണ്ടായിരുന്ന വേരുകള്‍ പൂര്‍ണമായും മുറിഞ്ഞു.

മൊതലാളിക്ക് അമ്മയെ വലിയ സ്‌നേഹമായിരുന്നു. അച്ഛനെക്കുറിച്ച് പറഞ്ഞതിനേക്കാള്‍ കൂടുതലും അമ്മയെക്കുറിച്ചുള്ള ഓര്‍മകളാണ്. പഠിക്കുന്ന കാലത്ത് വലിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നല്ലോ, അന്നൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനവും ചുവരെഴുത്തുകളുമൊക്കെ കഴിഞ്ഞ് രാത്രിയിലാണ് വീട്ടിലെത്തുക. അപ്പോള്‍ അമ്മ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാറിള്ളത് പലപ്പോഴും പറയും. അത് എഴുതിയിട്ടുമുണ്ട്...

'എന്റെ ഇരുട്ടത്തുള്ള നടത്തത്തില്‍ അമ്മ ഏറെ ദുഖിതയായിരുന്നു. എപ്പോഴും ഇതിനെക്കുറിച്ച് എന്നോട് ആവലാതി പറയും. എന്റെ രാഷ്ട്രീയ വിശ്വാസങ്ങളോടും പ്രവര്‍ത്തനങ്ങളോടും അമ്മ പൊരുത്തപ്പെട്ടുപോയിരുന്നു. പക്ഷെ ഇരുട്ടത്ത് വെളിച്ചമില്ലാതെയുള്ള എന്റെ നടത്തത്തോട് അല്‍പം പോലും യോജിക്കാന്‍ അമ്മയ്ക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല.

കാട്ടുകി പറമ്പില്‍ ഇടയ്ക്കിടെ വലിയ മൂര്‍ഖന്‍പാമ്പുകള്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. അപ്പഴോക്കെ അമ്മയുടെ ആദിയും വര്‍ധിച്ചു വന്നു.
ഞാന്‍ അമ്മയുടെ ഏറ്റവും ഇളയ മകനായിരുന്നു. അമ്മ വളരെ ചെറുപ്പത്തിലേ വിധവയായി. എനിക്കാണെങ്കില്‍ അച്ഛനെ കണ്ട ഓര്‍മയേ ഉണ്ടായിരുന്നില്ല.

അമ്മ ഏറെ കഷ്ടപ്പെട്ടായിരുന്നു മക്കളെ വളര്‍ത്തിയത്. ഈ വിഷമങ്ങള്‍ക്കിടയിലാണ് ഞാന്‍ നിമിത്തമുള്ള ഈ പ്രത്യേക വേവലാതിയും!


ഒരു ദിവസം രാത്രി ഏറെ വൈകി ഞാന്‍ വീട്ടിലേക്ക് നടന്നു വരുകയായിരുന്നു. ജയില്‍ വളപ്പു കഴിഞ്ഞു കാട്ടുകിപ്പറമ്പിലേക്ക് കടന്നപ്പോള്‍ അത്ഭുതകരമായ കാഴ്ച കണ്ടു. കാട്ടുകിയുടെ നടുവില്‍ ഒരു എണ്ണവിളക്ക് കത്തുന്നു! ഈ വിളക്കിന്റെ പ്രകാശത്തില്‍ ഒരേക്കറിലധികം വലുപ്പമുള്ള പറമ്പു നല്ലതുപോലെ തെളിഞ്ഞു നില്‍ക്കുന്നു! ഞാന്‍ അവിടെ കുറേ നേരം സ്തബ്ധനായി നിന്നു. ദുഖം സഹിക്കാന്‍ കഴിയാതെ അമ്മ അവിടെ കൊണ്ടുവെച്ച വിളക്കായിരുന്നു അതെന്ന് പ്രത്യേകിച്ച് പറയേ
ണ്ട
തില്ലല്ലോ.

അതിനുശേഷം കാലമെത്രയോ കഴിഞ്ഞിരിക്കുന്നു. അമ്മ ഇപ്പോള്‍ എന്റെ കൂടെയില്ല. എങ്കിലും ആ രാത്രി കാട്ടുകിപറമ്പില്‍ കത്തിച്ചുവെച്ച വിളക്കിന്റെ വെളിച്ചം ഇപ്പഴും എന്റെ കൂടെയുണ്ട്. ഈ വെളിച്ചം കഥകളിലൂടെ മറ്റുള്ളവര്‍ക്ക് എന്റെ കഴിവിനനുസരിച്ച് പകര്‍ന്ന് കൊടുക്കുകയും ചെയ്യുന്നുണ്ട്..'
(പള്ളിക്കുന്ന് പുസ്തകത്തിലെ 'സ്‌നേഹത്തിന്റെ വെളിച്ചം')

ഇത്തരം ഓര്‍മകള്‍ മൊതലാളി അയവിറക്കുമ്പോള്‍ ഞാന്‍ വല്ലാതെ മൗനിയാവും. അപ്പോള്‍ വിളിവരും 'ഏടോ രാമചന്ദ്രാ, വൃകോദരാ, നീ വല്ലതും കേള്‍ക്കുന്നുണ്ടോ..?' മൊതലാളിയുടെ അമ്മ പോയി, പിന്നെ ഏട്ടനും, അവസാനം ഈ വീട്ടിലെ എന്റെ അമ്മയും. ഇപ്പോള്‍ ഈ വീട്ടില്‍ ഞാനും മൊതലാളിയും മാത്രം. പിന്നെ ഉറവ വറ്റാത്ത സ്നേഹത്തിന്റെ പ്രതീകങ്ങളായി പൂച്ചകളും നായകളും.


'പ്രകാശം പരത്തുന്ന ആ പെണ്‍കുട്ടി! ഞാന്‍ അത്ഭുതപ്പെട്ടില്ല. അവളെ ഞാന്‍ എപ്പോഴും എവിടേയും പ്രതീക്ഷിക്കാറുണ്ട്. ഇരുട്ട് നിറഞ്ഞ് കിടന്നിരുന്ന എന്റെ ജീവിതത്തില്‍ ഒരു കൊള്ളിമീന്‍ പോലെ;അവള്‍ പെട്ടന്ന് മിന്നിമറയുകയാണുണ്ടായത്. മായാത്ത ഒരോര്‍മയായി അവള്‍ അവശേഷിക്കുകയും ചെയ്തു. എന്റെ ആത്മാവില്‍ എന്നുതന്നെ പറയട്ടെ, അവളെ ഞാന്‍ വീണ്ടും കാണുകയാണ്' (പ്രകാശം പരത്തുന്ന പെണ്‍കുട്ടി)
പ്രശസ്തമായ അദ്ദേഹത്തിന്റെ കഥയെക്കുറിച്ചല്ല പറയുന്നത്. പെണ്‍കുട്ടികളെക്കുറിച്ചാണ്. മൊതലാളിക്ക് പെണ്‍കുട്ടികളെ വലിയ ഇഷ്ടമായിരുന്നു. മൊതലാളിക്ക് മാത്രമല്ല ഭാര്‍ഗവി അമ്മയ്ക്കും. കണ്ണൂരില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കാലത്താണ് മൊതലാളിയുടെ വിവാഹം. 1968ല്‍. കേരള സര്‍വകലാശാലയില്‍ ഡെപ്യൂട്ടി ലൈബ്രറേറിയനായിരുന്നു ഭാര്യ. അവര്‍ തിരുവനന്തുപുരത്തും മൊതലാളി കണ്ണൂരും. രണ്ടു പേരും അക്കാലത്തെ കഥകള്‍ എന്നോട് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. മൊതലാളി അത് എഴുതുകയും ചെയ്തിട്ടുണ്ട്.
'ഞാന്‍ കണ്ണൂരും അവള്‍ തിരുവനന്തപുരത്തും. രണ്ടാളും രണ്ടറ്റത്ത്. ഒഴിവുദിവസങ്ങളില്‍ അവള്‍ ഇങ്ങോട്ട് വരികയോ ഞാന്‍ അങ്ങോട്ട് പോവുകയോ ആയിരുന്നു പതിവ്. രണ്ടു പേരും രണ്ടറ്റത്തായതിന്റെ പേരില്‍ അവള്‍ ജോലി രാജി വെക്കാന്‍ തീരുമാനിച്ചു. അപ്പഴേക്കും എനിക്ക് ഫാക്ടില്‍ ജോലി ലഭിച്ചു. അതോടെ രാജിവെക്കുന്ന പ്രശ്‌നം ഇല്ലാതായി.

ഒരു പെണ്‍കുട്ടിയുടെ അച്ഛനമ്മമാരാകാനായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷെ അവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നില്ല. പെണ്‍കുട്ടികളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്ക്. കുട്ടികളെക്കുറിച്ചുള്ള എന്റെ ഒട്ടുമിക്ക കഥകളിലും പെണ്‍കുട്ടികളാണുള്ളത്. പ്രകാശം പരത്തുന്ന ജീവിതമാണ് അവരുടേത്. കുട്ടികളില്ലാത്തതിന്റെ വേദനയറിയുന്നത് വാര്‍ധക്യത്തിലാണ്....'
(കഥകള്‍ക്കിടയില്‍-വിവാഹം)

പരുക്കനും താന്തോന്നിയും അഹങ്കാരിയുമൊന്നോക്കെ നിങ്ങള്‍ പറയുമ്പഴും ഇങ്ങനേയും ഒരു പത്മനാഭനുണ്ട്.

(അടുത്ത അധ്യായം: ഓട്ടോക്കാരന്‍ സിംഗപ്പൂരില്‍)

വര: സുധീര്‍ പി വൈ

കെ പി സജീവന്‍

കെ പി സജീവന്‍

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories