''എന്റെ ജീവിത കാലം മുഴുവന്‍ ഞാന്‍ കരഞ്ഞ് തീര്‍ത്തു. എന്റെ കുടുംബത്തെ കണ്ടു പിടിക്കാന്‍ സഹായിക്കാനായി പണവും നെയ്യും ഒക്കെ വാഗ്ദാനം ചെയ്തു...'' പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള മയില്സി ഗ്രാമത്തിലെ തന്റെ വീട്ടിലുള്ള കട്ടിലില്‍ ഇരുന്ന് കൊണ്ട് 86 കാരിയായ ദാഫിയ ബായി ഇടറിയ ശബ്ദത്തില്‍ യുട്യൂബ് വീഡിയോയിലൂടെ പറഞ്ഞ വാക്കുകളാണിവ.
ഇന്ത്യ-പാക്കിസ്താന് വിഭജന കാലത്ത് ഒറ്റപ്പെട്ട് പാക്കിസ്താനില്‍ എത്തിപ്പെട്ട ദാഫിയ ബായിക്ക് തന്റെ പണവും നെയ്യും ഒന്നും രക്ഷക്കെത്തിയില്ലെങ്കിലും എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും യുട്യൂബ് ചാനലിലെ ഒരു വീഡിയോ വഴി തന്റെ കുടുംബത്തെ കണ്ടെത്താനായിരിക്കുകയാണ്.
70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട തന്റെ ബന്ധുക്കളെ കണ്ടെത്താനായ സന്തോഷത്തിലാണ് പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ദാഫിയ ബായി എന്ന ആയിശ ഇപ്പോള്‍. 1947ല്‍ ഇന്ത്യ - പാക്കിസ്താന് രൂപീകരണ കാലത്ത് രാജസ്ഥാനിലെ ബിക്കാനീറിലെ മോഡ്ഖാനയില് നിന്ന് ഒറ്റപ്പെട്ട് പാക്കിസ്ഥാനില്‍ എത്തിയ ദാഫിയ ബായിക്ക് ഇന്ത്യയിലെ തന്റെ കുടുംബാംഗങ്ങളെ കണ്ടെത്താന്‍ സഹായിച്ചത് പാക്കിസ്താനി യുട്യൂബറായ മുഹമ്മദ് ആലംഗീര്‍ 2019ല്‍ ചെയ്ത ഒരു വീഡിയോയാണ്. ''സെര്‍ച്ചിങ് ഫോര്‍ എ ലോസ്റ്റ് ഫാമിലി'' എന്ന ടൈറ്റിലില്‍ ആലംഗീര്‍ കഴിഞ്ഞ വര്‍ഷം ഷെയര്‍ ചെയ്ത വീഡിയോ ഡല്‍ഹിയില്‍ താമസക്കാരനായ സെയ്ദ് മുഹമ്മദ് ഖാന് എന്ന 34 കാരന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ദാഫിയക്ക് തന്റെ കുടുംബത്തെ കണ്ടെത്താനുള്ള വഴി തെളിഞ്ഞത്. വിഭജന കാലത്തെ കഥകളില്‍ തല്പരനായ സെയ്ദ്, ആലംഗീറിന്റെ വീഡിയോ തന്റെ ഫെയ്സ് ബുക്ക് വഴി ബിക്കനേറിലെ സോഷ്യല്‍ മീഡിയ സുഹൃത്തുക്കളുമായി പങ്കു വെക്കുകയായിരുന്നു.
അതിനിടെ, സെയ്ദ് ബിക്കനേറിലെ മോഡ്ഖാനയില് കട നടത്തുന്ന ഭരത് സിങ് എന്ന ഒരാളുമായി ബന്ധപ്പെടുകയും, സിങ്, വിഭജന കാലത്ത് കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ട പ്രദേശത്തെ മെഗ്വാള് ഫാമിലിയുമായി ബന്ധപ്പെടുകയും ചെയ്തു.
ഇന്ത്യയും പാക്കിസ്താനും രണ്ടു സ്വതന്ത്ര രാജ്യങ്ങളായി പിറവിയെടുത്ത 1947ല്‍ 13കാരിയായ ദാഫിയക്ക് തന്റെ കുടുംബത്തെ കുറിച്ച് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമെ ഓര്‍മ്മയുള്ളു, തന്റെ കൂടപ്പിറപ്പുകളുടെ പേരും തന്റെ കുടുംബം താമസിച്ചിരുന്ന സ്ഥലത്തിന്റെ കുറച്ച് വിവരണങ്ങളും മാത്രം. അല്‍സു, ചോട്ടു, മീര എന്നീ പേരുകളാണ് ദാഫിയ ഓര്‍ത്തെടുക്കുന്നത് എന്നാണ് അവരുടെ പേരമകനായ നസീര്‍ ഖാന് പറയുന്നത്. അല്സുവിന്റെ ഒരു കണ്ണിന് പരിക്കു പറ്റി കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു, തങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്ത് ധാരാളം മയിലുകള്‍ ഉണ്ടായിരുന്നു, തന്റെ അമ്മാവന്റെ കല്ല്യാണത്തില്‍ പങ്കെടുത്ത ഓര്‍മ്മകളെ കുറിച്ച് അവര്‍ എപ്പോഴും സംസാരിക്കാറുണ്ടെന്നും നസീര്‍ ഖാന് പറയുന്നു.
നസീര്‍ ഖാനെ അറിയുന്ന ഒരു സുഹൃത്ത് വഴിയാണ് യുട്യൂബര്‍ ആലംഗീര്‍ ദാഫിയ ബായിയെ കുറിച്ച് അറിയുന്നതും അവരെ കുറിച്ച് വീഡിയോ ചെയ്യുന്നതും.
ഭരത് സിങ്ങിന്റെ നിരന്തരമായ അന്വേഷണത്തിന് ഒടുവില്‍ ഈ മാസം പകുതിയോടെയാണ്, വിഭജനകാലത്ത് തങ്ങളുടെ സഹോദരിയെ കാണാതായ കഥകള്‍ പറയുന്ന ഒരു വീടിനെ കുറിച്ച് അദ്ദേഹം അറിയുന്നത്. വര്‍ഷങ്ങളായി ദാഫിയയെ അന്വേഷിക്കുകയായിരുന്നു അവര്‍. സെപ്തംബര്‍ 13ന് സിങ് പാക്കിസ്താനിലേക്ക് ഫോണ്‍ ചെയ്യുന്നു. ചോട്ടു എന്ന ഷീലാ റാമിന്റെ പേരമകനായ ഖോജു റാം എന്ന 30 കാരന്റെ ഫോണില്‍ നിന്ന്, 20 ഓളം കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഫോണ്‍ വിളി. ആദ്യം ഫോണ്‍ വിളിയും പിന്നീട് വാട്ട്സാപ്പ് വീഡിയോ കോളും ചെയ്തു, തുടർന്ന് രണ്ടു കുടുംബങ്ങളും വാട്ട്സാപ്പ് വഴി കുടുംബ ഫോട്ടോകളും ഷെയര്‍ ചെയ്യുകയായിരുന്നു എന്ന് ഖോജു റാം പറഞ്ഞു.
മീര ബായി എന്ന ദാഫിയ ബായിയുടെ സഹോദരി 50 കിലോ മീറ്റര്‍ അകലെയുള്ള ഒരു പ്രദേശത്തായിരുന്നതിനാല്‍ ഈ ഫോണ്‍ കോളിന്റെ ഭാഗമാവാന്‍ സാധിച്ചിട്ടില്ല, ഉടന്‍ തന്നെ അവരുടെ അടുത്ത് പോയി അവരുടെ നഷ്ടപ്പെട്ട സഹോദരിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുമെന്നും ഖോജു റാം പറയുന്നു.
വിഭജനത്തിന് മുന്‍പ് ഇന്നത്തെ രാജസ്ഥാനിലെ ബിക്കാനീര്‍ ഭാഗത്തുള്ള ജനങ്ങള്‍ ഇന്നത്തെ പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലേക്ക് കച്ചവടത്തിനും ജോലി ആവശ്യാര്‍ത്ഥവും ബന്ധു വീടുകളിലേക്കുള്ള സന്ദര്ശനത്തിനുമൊക്കെയായി സ്വതന്ത്രമായി യാത്രകള്‍ ചെയ്തിരുന്നു. 1947ന് ശേഷം ചിലയാളുകള്‍ പഞ്ചാബ് പ്രവിശ്യയില്‍ സ്ഥിര താമസമാക്കി, എന്നാല്‍ ദാഫിയയുടെ കുടുംബം ബിക്കാനീറില്‍ തന്നെ തുടരുകയായിരുന്നു. എന്നാല്‍, ദാഫിയ എങ്ങനെ പാക്കിസ്ഥാനിലെ പഞ്ചാബില്‍ എത്തി എന്ന കാര്യത്തില്‍ വ്യക്തതയില്ല. ദാഫിയയെ തട്ടിക്കൊണ്ടു പോവുകയും ഇസ്ലാമിലേക്ക് മതം മാറ്റുകയും ചെയ്തതാവാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് വിവാഹം കഴിഞ്ഞ ദാഫിയ ബായിക്ക് ഏഴു കുട്ടികളുമുണ്ടായി.
ദാഫിയ ബായിക്ക് തന്റെ കുടുംബത്തെ തിരിച്ച് കിട്ടിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത് ആലംഗീര്‍ പുതിയ വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.