TopTop

എന്‍ ഐ എ അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാത്ത 'ലൗ ജിഹാദ്' കണ്ടെത്തി ആലഞ്ചേരി 'പോലീസ്', സംഘപരിവാര്‍ ചട്ടുകമാകാന്‍ തങ്ങളെ കിട്ടില്ലെന്ന് വിശ്വാസികള്‍

എന്‍ ഐ എ അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാത്ത

കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൂടുതലായി ലൗ ജിഹാദിന്റെ ഇരകളാക്കപ്പെടുകയാണെന്ന സിറോ മലബാര്‍ സഭ സിനഡിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. സംഘപരിവാര്‍ പ്രചാരണങ്ങളെ പിന്തുണയ്ക്കുന്ന തരത്തില്‍, കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും അതിന്റെ ഇരകളാക്കപ്പെടുന്നത് കൂടുതലും ക്രിസ്ത്യന്‍ പെണ്‍കുട്ടികളുമാണെന്ന് ആരോപിച്ച സിനഡ് പൊലീസിനേയും സംസ്ഥാന സര്‍ക്കാരിനെയും കുറ്റപ്പെടുത്തുന്നുമുണ്ട്. അതേസമയം, സിറോ മലബാര്‍ സഭ സിനഡ് ലൗ ജിഹാദുമായി ബന്ധപ്പെട്ട ഉയര്‍ത്തിയ ആരോപണങ്ങളെ തള്ളിക്കളയുകയും സംഘപരിവാറിനൊപ്പം നില്‍ക്കുന്ന നിലപാടുകളെ വിമര്‍ശിച്ചും സിറോ മലബാര്‍ സഭ വിശ്വാസികള്‍ തന്നെ രംഗത്തു വന്നിരിക്കുകയാണ്. സിറോ മലബാര്‍ സഭ വിശ്വാസിയും സഭ സുതാര്യ സമതി(എഎംടി) വക്താവുമായ ഷൈജു ആന്റണി പ്രതികരിക്കുന്നു.

സിറോ മലബാര്‍ സഭയും സംഘപരിവാര്‍ സംഘടനകളും തമ്മിലുള്ള ബന്ധം ഈയടുത്ത കാലത്തൊന്നും തുടങ്ങിയതല്ല. ലൗ ജിഹാദ് ആദ്യമായി കേരളത്തില്‍ കേള്‍ക്കുന്നത് 2009 ല്‍ ആണ്. ശ്രീരാമ സേനയും വിശ്വഹിന്ദു പരിഷത്തും ചേര്‍ന്ന് ലൗ ജിഹാദിനെതിരേ ഒരു പോസ്റ്റര്‍ കാമ്പയിന്‍ തിരുവനന്തപുരത്ത് ആരംഭിച്ചപ്പോള്‍. തീവ്ര ഹൈന്ദവ സംഘടനകള്‍ നടത്തിയ ഈ കാമ്പയിനെ അന്നു തന്നെ കെസിബിസിയും സിറോ മലബാര്‍ സഭയും ഏറ്റു പിടിച്ചിരുന്നു. അന്നീ വിഷയവുമായി ബന്ധപ്പെട്ട് ചിലര്‍ കോടതിയെ സമീപിക്കുകയുണ്ടായി. കോടതി, അന്നത്തെ ഡിജിപി ആയിരുന്ന ജേക്കബ് പുന്നൂസിനോട് ഈ വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്, ലൗ ജിഹാദ് എന്നത് വെറും ആരോപണം മാത്രമാണെന്നും ചില ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുണ്ടാക്കുന്ന പുകമറയാണെന്നുമായിരുന്നു. അതോടെ കോടതി 'ലൗ ജിഹാദ്' എന്ന പരാതി തള്ളിക്കളയുകയാണുണ്ടായത്. പിന്നീട് ഇതേ ആരോപണം ഉയര്‍ത്തി തമിഴ്നാട്ടിലെ വിശ്വഹിന്ദു പരിഷത്ത് മദ്രാസ് ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. കേരളത്തില്‍ നടന്ന അതേ അന്വേഷണം തമിഴ്‌നാട്ടില്‍ നടക്കുകയും 'ലൗ ജിഹാദ്' എന്ന പേരില്‍ ഒരു തരത്തിലുമുള്ള ഓര്‍ഗനൈസ്ഡ് ക്രൈമും നടക്കുന്നില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് സ്വീകരിച്ച് വിശ്വ ഹിന്ദു പരിഷത്തിന്റെ പരാതി മദ്രാസ് ഹൈക്കോടതിയും തള്ളി. 2012ല്‍ കര്‍ണാടകയിലും ലൗ ജിഹാദ് ആരോപണം ഉയരുകയും അവിടുത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് നടത്തിയ അന്വേഷണത്തില്‍ വീണ്ടും തീവ്ര ഹൈന്ദവ സംഘടനകള്‍ക്ക് തിരിച്ചടിയുണ്ടായതുമാണ്. ഉത്തര്‍പ്രദേശിലും ഇതേ രീതിയിലുള്ള അന്വേഷണം നടക്കുകയുണ്ടായി. അഞ്ചു പെണ്‍കുട്ടികളെ 'ലൗ ജിഹാദി'ന്റെ ഇരകളാക്കി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി എന്ന പരാതിയിലായിരുന്നു അവിടെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്. വിശദമായ അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞത്, ഇത് 'ലൗ ജിഹാദ്' അല്ല, ലൗ മാര്യേജ് ആണെന്നായിരുന്നു.

2017 ല്‍ അഖില അശോകന്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഷഹീന്‍ ജഹാന്‍ എന്ന മുസ്ലിമിനെ വിവാഹം കഴിച്ച് ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയതായിരുന്നു കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ ഏറ്റവും ചര്‍ച്ചയായ സംഭവം. ഹാദിയയെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയിലേക്ക് കൊണ്ടുപോകുന്നുവെന്ന ആ പെണ്‍കുട്ടിയുടെ പിതാവ് അടക്കം വലിയ ആരോപണങ്ങള്‍ ഉയര്‍ത്തുകയും തീവ്രഹിന്ദു സംഘടനകള്‍ വിഷയം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കേരള ഹൈക്കോടതി ഹാദിയായും ഷഹീന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദ് ചെയ്യുകവരെയുണ്ടായി. തുടര്‍ന്ന് ഷഹീന്‍ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി ഈ വിഷയത്തില്‍ എന്‍ ഐ ഐയോട് അന്വേഷണം നടത്താന്‍ ആവിശ്യപ്പെടുകയും ചെയ്തു. എന്‍ ഐ എ കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹാദിയയ്ക്കും ഷഹീനും ഒരുമിച്ചു ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവ് ഇടുകയാണുണ്ടായത്. ഇതോടൊപ്പം തന്നെ കോടതി എന്‍ ഐ എയോട് നിര്‍ദേശിച്ച കാര്യമാണ് ലൗ ജിഹാദ് എന്ന പേരില്‍ തീവ്രവാദ സ്വഭാവത്തോടെ എന്തെങ്കിലും നടക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്ന്. എന്‍ ഐ എ അന്വേഷിച്ചിട്ടും അങ്ങനെയൊരു സംഭവവും കണ്ടുപിടിക്കാന്‍ സാധിച്ചില്ല.

ഇനിയാണ് സിറോ മലബാര്‍ സഭയിലെ ഞങ്ങളുടെ ആരാധ്യരായ ബിഷപ്പുമാരോട് ഒരു ചോദ്യം. എന്‍ ഐ എ അടക്കമുള്ള, വിവിധ ഏജന്‍സികളും പൊലീസും അന്വേഷിച്ചിട്ടും കണ്ടുപിടിക്കാന്‍ കഴിയാത്ത ഒരു കാര്യം സിറോ മലബാര്‍ സിനഡിന് എങ്ങനെ കണ്ടെത്താന്‍ കഴിഞ്ഞു? ഒന്നുകില്‍ ലോകത്തിലെ ഏറ്റവും ശക്തവും കാര്യക്ഷമവുമായ ഒരു അന്വേഷണ ഏജന്‍സി സിറോ മലബാര്‍ സഭ സിനഡിന് ഉണ്ടായിരിക്കണം. അങ്ങനെയെങ്കില്‍, സിനഡിനെയും അതിലെ പുരോഹിതന്മാരെയും അഭിനന്ദിക്കുന്നു. ഇനിയതല്ല, മറ്റെന്തൊക്കെയോ ലക്ഷ്യം വച്ചുകൊണ്ടുള്ള കളിയാണ് കളിക്കുന്നതെങ്കില്‍, ഞങ്ങള്‍ സാധാരണക്കാരായ വിശ്വാസികള്‍ നിങ്ങളുടെ കുടിലതയ്ക്ക് കൂട്ടുനില്‍ക്കില്ല. ഈ നാട്ടിലെ മതസൗഹാര്‍ദ്ദം നിലനില്‍ക്കാന്‍ എന്നും ശ്രമിച്ചിട്ടുള്ളവരാണ് ക്രിസ്ത്യന്‍ സമുദായം. ഇനിയുമങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. സിനഡും അതിലെ പ്രമാണിമാരും ലൗജിഹാദു പോലുള്ള ഗൂഢാലോചനകളുമായി രംഗത്തു വരുന്നുണ്ടെങ്കില്‍, അതിനു പിന്നില്‍ നിങ്ങള്‍ക്കുള്ള ഉദ്ദേശങ്ങളെക്കുറിച്ചും സാധാരണ വിശ്വാസികള്‍ ബോധവാന്മാരാണ്.

Also Read: ആര്‍എസ്എസിന് നാവ് വാടകയ്ക്ക് കൊടുക്കും മുമ്പ് സഭ ഓര്‍ക്കണം സംഘ്പരിവാര്‍ ക്രൈസ്തവരോട് ചെയ്തത്


സിറോ മലബാര്‍ സഭയിലെ വലിയൊരു ശതമാനം ബിഷപ്പുമാര്‍ക്കെതിരേ സമ്പത്തികമായും ലൈംഗികമായും മറ്റുമുള്ള ഗുരുതരമായ ആരോപണങ്ങളും കേസുകളുമുണ്ട്. അതില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതതുകൊണ്ട് ആര്‍ എസ് എസ്സിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. ആര്‍ എസ് എസ് നിരന്തരം ആരോപിക്കുന്ന മുസ്ലിം തീവ്രവാദത്തെ പിന്തുണയ്ക്കാന്‍ പോയവര്‍ എന്തുകൊണ്ടാണ് ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ കൊല്ലപ്പെടുന്നതിനെ കുറിച്ച്, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ കത്തിച്ചതിനെ കുറിച്ച്, ഒരു ക്രിസ്ത്യന്‍ വൈദികന് ഇന്നും ഒളിച്ചു നിന്നു കുര്‍ബാന ചൊല്ലേണ്ടി വരുന്നതിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. അത്തരത്തില്‍ ക്രൈസ്തവരെ വേട്ടയാടുന്ന ഹൈന്ദവ തീവ്രവാദികളെക്കുറിച്ച് പ്രതികരിക്കുന്നില്ല. ഇതേ സിറോ മലബാര്‍ സഭയിലെ വൈദികര്‍ തന്നെ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭയത്തോടെ ജീവിക്കുന്നുണ്ട്, തങ്ങളുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്. അതൊന്നും കാണാതെയാണോ ക്രിസ്ത്യാനികള്‍ ലൗ ജിഹാദ് മൂലം നശിക്കുന്നുവെന്നു കരയുന്നത്? അപ്പോള്‍, ഈ വിളിച്ചു പറയുന്നതെല്ലാം സംഘപരിവാര്‍ അജണ്ടയ്ക്കുള്ള പിന്തുണ മാത്രമാണ്. തങ്ങള്‍ക്കെതിരേയുള്ള കേസുകള്‍ പൂഴ്ത്താന്‍ വേണ്ടി. സിറോ മലബാര്‍ സഭ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആറു മണിക്കൂറാണ് ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട് എവിടെപ്പോയി? ഇരുന്നിടത്തു നിന്നും ഇതുവരെ ആ റിപ്പോര്‍ട്ട് അനങ്ങിയിട്ടില്ല. ഇനിയൊരിക്കലും അനങ്ങരുതെന്നും ആഗ്രഹമുണ്ട്. അതിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനൊപ്പം നില്‍ക്കാതെ പറ്റില്ല. ആര്‍ എസ് എസ് പറയുന്നത് ഏറ്റു പറയാനും അവരുടെ അജണ്ടകളെ പിന്തുണയ്ക്കാതെയുമിരുന്നാല്‍ ഇവരുടെ നിലനില്‍പ്പാണ് അപകടത്തിലാകുന്നത്. വേറൊരു കാര്യം കൂടി പറയണം, കേന്ദ്രം ഭരിക്കുന്നത് ബിജെപി ആയതുകൊണ്ടാണ് ആര്‍എസ്എസിനൊപ്പം പോയത്, വേറൊരു പാര്‍ട്ടിയായിരുന്നെങ്കില്‍, മറ്റൊരു മതവിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ ആയിരുന്നുവെങ്കില്‍ അവര്‍ക്കൊപ്പം പോകാനും ഈ പുരോഹിതരൂപങ്ങള്‍ക്ക് യാതൊരു മടിയും ഉണ്ടാകില്ല. സ്വന്തമായി യാതൊരു നിലപാടുകളും കൊണ്ടുനടക്കാത്തവരാണല്ലോ ഇവര്‍. സ്വന്തം കാര്യം നടക്കണം. അതിനുവേണ്ടി ആര്‍ എസ് എസ്സിനൊപ്പം നില്‍ക്കാനും തയ്യാര്‍. ആരുടെ മുന്നില്‍ വേണമെങ്കിലും തല കുനിയ്ക്കാനും മടിയില്ലാത്ത വിധം ഈ പുരോഹിത വിഭാഗം അധപതിച്ചിരിക്കുന്നു.

പക്ഷേ, ഈ സ്വാര്‍ത്ഥമതികള്‍ ആലോചിക്കാതെ പോകുന്നൊരു കര്യമുണ്ട്. നിങ്ങള്‍ പുലമ്പുന്ന ഇത്തരം ജല്‍പനങ്ങള്‍ ഇവിയെടുണ്ടാക്കുന്ന പ്രത്യാഘാതം. സാഹോദര്യത്തോടെ ഇക്കാലമത്രയും കഴിഞ്ഞിരുന്ന മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാനാണ് നിങ്ങള്‍ വഴിമരുന്നിട്ടിരിക്കുന്നത്. ക്രിസ്ത്യാനിയേയും മുസ്ലിമിനെയും തമ്മില്‍ തല്ലിക്കാന്‍. വിവരമുള്ളവര്‍ക്ക് നിങ്ങളുടെ കുതന്ത്രങ്ങള്‍ മനസിലാവുകയും അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുമെങ്കിലും പൂര്‍ണമായും അപകടം ഒഴിവാകുമെന്നു പറയാനാവില്ല. കേരളത്തിലെയെന്നല്ല, ലോകത്തിലെ ഒരു ക്രൈസ്തവ സഭയും ചെയ്യാന്‍ പാടില്ലാത്തതാണ് തീവ്രവാദത്തിന് ഒരു മതം കല്‍പിച്ചു കൊടുക്കയെന്നത്. തീവ്രവാദത്തിനു മതമില്ല. തീവ്ര ഹിന്ദുത്വം പറയുന്നവനെ ആരെങ്കിലും യഥാര്‍ത്ഥ ഹിന്ദുവായി കണക്കാക്കുമോ? തീവ്രവാദം പറയുന്നവനെ യഥാര്‍ത്ഥ മുസ്ലിമായി കണക്കാന്‍ കഴിയുമോ? മറ്റൊരു മതത്തെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്നവനെ ക്രിസ്തുവിന്റെ അനുയായിയായി കരുതാന്‍ കഴിയുമോ? ഒരിക്കലുമില്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറന്നുകൊണ്ട് ഒന്നിനും മുതിരരുത്; സിറോ മലബാര്‍ സഭയായാലും ഏതു ക്രൈസ്തവ സഭയായാലും. കാരണം, വളരെ ഗുരുതരമായ പ്രശ്‌നങ്ങളാണ് നിങ്ങള്‍ സൃഷ്ടിക്കുന്നത്. തീവ്ര ഹൈന്ദവ തീവ്രവാദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹത്തില്‍ കുറയ്‌ക്കേണ്ടത് ആര്‍ എസ് എസ്സിന്റെ ആവശ്യമാണ്. അതിനുവേണ്ടി അവര്‍ പല വഴികളും നോക്കുന്നുണ്ട്. ഇസ്ലാം തീവ്രവാദമാണ് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് പ്രചരിപ്പിക്കാന്‍ അവര്‍ നോക്കുമ്പോള്‍, അതിനു സഹായമെന്നോണം അവരുടെ ചട്ടുകമായി സിറോ മലബാര്‍ സഭ നേതൃത്വം മാറുന്നുണ്ടെങ്കില്‍, സാധാരണ വിശ്വാസികള്‍ ശക്തമായി പ്രതിഷേധിക്കും. സിനഡിനെ തിരുത്താന്‍ ഞങ്ങള്‍ നില്‍ക്കുന്നില്ല, എന്നാല്‍ പിതാക്കന്മാരുടെ നിലപാടല്ല, സാധാരണ വിശ്വാസിയുടേതെന്നു ഉറക്കെ പറഞ്ഞുകൊണ്ടുള്ള കാമ്പയിനുകള്‍ ഞങ്ങള്‍ ആരംഭിക്കുകയും ചെയ്യും.

(ഷൈജു ആന്റണിയുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

EDITORIAL: ഇന്ന് ഞാന്‍ നാളെ നീ? കനകപുരയില്‍ ഉയരുന്ന ക്രിസ്തുവിന്റെ പ്രതിമയോട് ആര്‍എസ്എസിന് എന്താണ് പ്രശ്നം?
Next Story

Related Stories