TopTop
Begin typing your search above and press return to search.

VIDEO | ജയിക്കാനും മറ്റുള്ളവരെ തോല്‍പ്പിക്കാനും നെട്ടോട്ടമോടുന്ന നമ്മളാണോ ഈ കുട്ടികളാണോ ഡിസേബിള്‍ഡ്?

VIDEO | ജയിക്കാനും മറ്റുള്ളവരെ തോല്‍പ്പിക്കാനും നെട്ടോട്ടമോടുന്ന നമ്മളാണോ ഈ കുട്ടികളാണോ ഡിസേബിള്‍ഡ്?

ആരാണ് ഡിസേബിള്‍ഡ്? പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയ്ക്കും കുറിപ്പിനും നല്‍കിയ തലക്കെട്ടാണിത്. ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ പാട്ടുപാടുന്ന ദൃശ്യമാണ് ഗോപിനാഥ് പങ്കുവെച്ചിരിക്കുന്നത്. ആകാശദൂത് എന്ന ചിത്രത്തിലെ രാപ്പാടി കേഴുന്നുവോ... എന്ന പാട്ടാണ് കുട്ടികള്‍ ഒന്നുചേര്‍ന്ന് പാടുന്നത്. അതിനിടെ, പാടാതെ പിണങ്ങിയിരിക്കുന്ന മാധവിനെ കാണികളിലൊരാള്‍ പാട്ട് സംഘത്തെ ചൂണ്ടിക്കാണിക്കുന്നു. ഉടന്‍ അപര്‍ണയെന്ന മിടുക്കി പോയി മാധവിനെ കൈകളില്‍ പിടിച്ച് കൂട്ടിക്കൊണ്ടുവരുന്നു. മൈക്കിനടുത്തേക്കെത്തിയ മാധവ് പാടിക്കൊണ്ടിരിക്കുന്ന അമലിനൊരു മുത്തം നല്‍കുന്നു, പിന്നെ ചേര്‍ന്നുപാടുന്നു. ഓട്ടിസം ബാധിച്ചവരാണ് അവര്‍. സ്‌റ്റേജിലെ നല്ല കാഴ്ചകളൊന്നും കാണാനാകാത്ത ശ്രീകാന്തും കൂട്ടരും പാട്ട് തുടരുന്നു. താളത്തിനൊപ്പം മാധുര്യമുള്ള സ്വരചേര്‍ച്ചയില്‍ കുട്ടികള്‍ പാടുന്നു. എല്ലാം തികഞ്ഞവരെന്ന് കരുതുന്നവര്‍ കാണിക്കുന്ന മത്സരമോ ആരെയെങ്കിലും തോല്‍പ്പിക്കണമെന്ന ചിന്തയോ ഇല്ലാത്ത നിഷ്‌കളങ്ക സ്‌നേഹം ആരുടെയും കണ്ണ് നിറയിപ്പിക്കുന്നതാണ്.

ഗോപിനാഥ് മുതുകാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ആരാണ് ഡിസേബിള്‍ഡ്?

ഡിഫറന്റ് ആര്‍ട് സെന്ററിലെ എന്റെ കുട്ടികള്‍ പാട്ടുപാടുന്ന ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തി എനിക്കയച്ചുതന്നത് കുട്ടികളെ പാട്ട് പഠിപ്പിക്കുന്ന മീര ടീച്ചറാണ്. ഒരുപാട് വട്ടം ഞാന്‍ ആ പാട്ട് കേട്ടു, ഹൃദയത്തില്‍ തൊടുന്ന ദൃശ്യം കണ്ടു. ഒരു വേളയില്‍ ആരോ ചൂണ്ടിക്കാണിച്ചത് കണ്ട് അപര്‍ണ മോള്‍ പിന്നിലെ ബഞ്ചില്‍ പാടാതെ പിണങ്ങിയിരിക്കുന്ന മാധവിനെ കൂട്ടികൊണ്ടുവരുന്നു. അവന്‍ അമലിനെ ചുംബിക്കുന്നു. (ഇരുവരും ഓട്ടിസം ബാധിച്ച മക്കളാണ്). പിന്നെ അവള്‍ അവരെ ചേര്‍ത്തുപിടിച്ച് പാടിക്കുന്നു. അതൊന്നും കാണാനാവാത്ത ശ്രീകാന്തും കൂട്ടുകാരും പാട്ടുതുടരുന്നു. എന്തൊരു സ്വരച്ചേര്‍ച്ചയാണിത്!

ജയിക്കാനും മറ്റുള്ളവരെ തോല്‍പ്പിക്കാനും നാടുനീളെ നെട്ടോട്ടമോടുന്ന നമ്മളാണോ ഈ കുട്ടികളാണോ ഡിസേബിള്‍ഡ്???



Next Story

Related Stories