TopTop
Begin typing your search above and press return to search.

ഒരു ഹിറ്റ് മേക്കറെ കോടമ്പാക്കം തിരിച്ചറിയുന്നു; 1975ല്‍ പതിനാറ് സിനിമകള്‍, 96 പാട്ടുകള്‍

ഒരു ഹിറ്റ് മേക്കറെ കോടമ്പാക്കം തിരിച്ചറിയുന്നു; 1975ല്‍ പതിനാറ് സിനിമകള്‍, 96 പാട്ടുകള്‍

അർജുനൻ മാസ്റ്റര്‍-സംഗീതം, ജീവിതം

ഭാഗം -3


അർജുനൻ ഒരു ഹിറ്റ് മേക്കർ ആണെന്ന് കോടമ്പാക്കം തിരിച്ചറിഞ്ഞു തുടങ്ങി.

അടുത്ത പടം "രക്തപുഷ്പം" (1970). അന്നത്തെ നിലവാരം വച്ചുള്ള കുറെ നല്ല പാട്ടുകൾ അതിലും കാണാം. അതിലൊക്കെയും തമ്പി സാറിന്റെ ലിറിക്കും ശേഖറിന്റെ പശ്ചാത്തലവും ആയിരുന്നു

'സിന്ദൂരപ്പൊട്ടു തൊട്ട് ..'


'നീലക്കുട നിവർത്തീ ..'


'മലരമ്പനറിഞ്ഞില്ല..'


'കാശിത്തെറ്റി പൂവിനൊരു..'


അടുത്ത പടം പിറ്റേത്തെ വർഷം - "CID നസീർ" . അതിലും രണ്ട് എവർഗ്രീൻ ഹിറ്റുകൾ

ജയചന്ദ്രന്റെ 'നിൻ മണിയറയിലെ ..'


ബ്രഹ്മാനന്ദന്റെ 'നീല നിശീഥിനീ ..'


മിക്ക റെക്കോർഡിങ്ങിനും ദേവരാജൻ മാഷുടെ സാന്നിധ്യവും ഉണ്ടാകുമായിരുന്നു എന്ന് പറഞ്ഞല്ലോ. ട്യൂണൊക്കെ കേട്ട് അദ്ദേഹം തിരുത്തലുകളും പറഞ്ഞു കൊടുക്കും. ഊഷ്മളമായ ഈ ഗുരു-ശിഷ്യ ബന്ധം കാത്തുസൂക്ഷിക്കാൻ ശ്രമിച്ചത് തന്റെ പ്രൊഫഷനിൽ ഒരു തിരിച്ചടിക്ക് കാരണമായിത്തീരുമെന്ന് അർജുനൻ പ്രതീക്ഷിച്ചതേയില്ല. നാട്ടിൽ നാടകവുമായി നടന്ന പുതുക്കക്കാരൻ സംഗീത സംവിധായകന് ഇത്രയെളുപ്പം ഹിറ്റുകൾ തീർക്കാൻ സാധിച്ചത് ഈണങ്ങളുടെ അക്ഷയഖനിയായ ദേവരാജൻ സ്വകാര്യമായി സഹായിച്ചിട്ടാണെന്ന ശ്രുതി പരന്നു. സ്റ്റുഡിയോയിൽ അനാവശ്യമായി ആളെ പ്രവേശിപ്പിക്കില്ല എന്നതിനാൽ സത്യാവസ്ഥ മറ്റുള്ളവർക്ക് അറിയാൻ പ്രയാസമായിരുന്നു. വല്ലവരും അത്തരം കഥകൾ മെനയുന്നത് ശ്രീകുമാരൻ തമ്പി എതിർത്തിരുന്നു എന്ന് മാത്രമല്ല അർജുനന് കൂടുതൽ അവസരങ്ങൾ നൽകാൻ നിർമാതാക്കളോട് ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു.

കഥ തീർന്നില്ല. 1972 -ൽ അർജുനന് കോടമ്പാക്കത്തു നിന്ന് വിളി വരുന്നു - 'പുഷ്പാഞ്ജലി' എന്ന പടം. മദ്രാസിൽ വന്നിറങ്ങിയപ്പോൾ പ്രൊഡക്ഷനിലെ ആൾ കാറുമായി എത്തിയിരുന്നു. "ഏതു ഹോട്ടലിൽ വച്ചാണ് കമ്പോസിങ് :" എന്ന് ചോദിച്ചപ്പോൾ പ്രൊഡക്ഷൻ ഓഫീസിൽ തന്നെ സൗകര്യം ഉണ്ടെന്നു മറുപടി.

നിർമാതാക്കളുടെ ഓഫീസിൽ എത്തിയപ്പോൾ അകത്തെ മുറിയിൽ ഹാർമോണിയത്തിന് മുന്നിലിരുത്തി അവർ തമ്പി എഴുതിയ പാട്ടിന്റെ കടലാസു കൊടുത്തു. പിന്നെ "ഞങ്ങളിപ്പോ വരാം " എന്ന് പറഞ്ഞു മുറിയും പൂട്ടി പൊയ്ക്കളഞ്ഞു. അതൊരു പരീക്ഷണമായിരുന്നു. അർജുനന് ദേവരാജന്റെ സഹായം ഇല്ലാതെ പാട്ടുണ്ടാക്കാൻ പറ്റുമോ എന്ന് അറിയാനാണ് നിർമാതാക്കൾ പൂട്ടിയിട്ടത്. മുഷിപ്പൊന്നും കൂടാതെ അദ്ദേഹം ട്യൂണിട്ടു.

അങ്ങനെ തടവിൽ പിറന്ന ഗാനമാണ് 'ദുഃഖമേ നിനക്ക് പുലർകാല വന്ദനം..
.'

അത് പാടിക്കേട്ടിട്ടും നിർമാതാക്കൾ വിട്ടില്ല - അടുത്ത കടലാസ് കൊടുത്തു 'പ്രിയതമേ പ്രഭാതമേ ..' എന്ന ഗാനം. 'ഇത് ഒരു രാഗമാലികയിൽ ചെയ്യ് ..' അതിലും അർജുനന് പ്രയാസമേതും ഉണ്ടായില്ല. പരീക്ഷണം ക്രൂരമായിപ്പോയി എന്ന് മാത്രം. മറ്റ് ആരാണെങ്കിലും പുറത്തിറങ്ങി "നീയൊക്കെ നിർ-മാതാവ് മാത്രമല്ലെടാ, നിർ-പിതാവ് കൂടിയാ" എന്ന് പറഞ്ഞു പൊട്ടിച്ചു കൊടുത്തേനെ. അർജുനൻ മാഷ്ക്ക് ഇന്നുമില്ല പരിഭവം.


എടുത്തുപറയത്തക്ക സാങ്കേതിക മികവുള്ള മറ്റൊരു ഗാനം കൂടി 'പുഷ്പാഞ്ജലി'യിൽ ഉണ്ട് - പി സുശീല പാടിയ 'നക്ഷത്ര കിന്നരന്മാർ ..' വയലാർ-ദേവരാജൻ ടീമിന്റെയൊക്കെ രചനകളോട് കിടപിടിക്കുന്ന അന്നത്തെ ഒരു മോഡേൺ ഗാനം. ശേഖറിന്റെ ഓർക്കസ്ട്രേഷൻ എന്തുമാത്രം ഗംഭീരമാണ് എന്ന് നോക്കുക.

അർജുനൻ മാഷുടെ അടുത്ത പടത്തിൽ ("ആദ്യത്തെ കഥ" 1972 ) വയലാറാണ് വരികൾ എഴുതിയത് - അദ്ദേഹത്തിന്റെ മികച്ച രചനകളിൽ ചിലതാണവ എന്നതിൽ തർക്കമുണ്ടാവില്ല- :
'ഓട്ടുവള എടുക്കാൻ മറന്നു...'


'ഭാമിനീ ഭാമിനീ...'


'ശുക്രാചാര്യരുടെ...'


ഇതിനെല്ലാം മൊത്തത്തിൽ ഒരു 'ദേവരാജൻ ടച്ച് ' ഉണ്ടെന്നതിലും തർക്കമുണ്ടാവില്ല (അതിന്റെ സീക്രട്ട് പറയേണ്ടല്ലോ).
പിന്നീട് ശ്രീകുമാരൻ തമ്പിയുടെ കൂട്ടുകെട്ടിലേക്കു തിരികെ - വീണ്ടും ഒരുപിടി മധുരഗാനങ്ങൾ, അതിമധുരമായ ഓർക്കസ്ട്രേഷനും.

1972 ൽ "അന്വേഷണം"

'പഞ്ചമി ചന്ദ്രിക...'


'ചന്ദ്ര രശ്മിതൻ..'


'മാനത്തു നിന്നൊരു..'1973 ൽ "അജ്ഞാതവാസം"

'മുത്തു കിലുങ്ങി ..'


"പഞ്ചവടി"
നക്ഷത്രമണ്ഡല നട തുറന്നു
ചിരിക്കു ചിരിക്കു ചിത്രവർണപ്പൂവേ
"പച്ചനോട്ടുകള്‍"
താമരമൊട്ടേ
"ഇതു മനുഷ്യനോ"
സുഖമൊരു ബിന്ദു
പറവകൾ ഇണപ്പറവകൾ
പകൽ വിളക്കണയുന്നു
"പത്‌മവ്യൂഹം"
കുയിലിന്റെ മണിനാദം കേട്ടൂ
ആദാമിന്റെ സന്തതികൾ
പാലരുവിക്കരയിൽ
സിന്ദൂരകിരണമായ്‌

1974 ൽ "പൂന്തേനരുവി"

നന്ത്യാര്‍വട്ടപ്പൂ ചിരിച്ചു
"ഹണിമൂണ്‍ "
മല്ലികപ്പൂവിന്‍ മധുരഗന്ധം

അങ്ങനെ ശ്രീകുമാരൻ തമ്പി - അർജുനൻ ടീം മലയാളത്തിലെ അറിയപ്പെടുന്ന ഗാനജോഡിയായി മാറി. ഹിറ്റുകളുടെ പ്രവാഹം തന്നെ ആയിരുന്നു ആ കൂട്ടായ്മയിൽ പിറന്നത്. അന്നത്തെ സീനിയർ സംഗീതസംവിധായകർക്ക് (ദക്ഷിണാമൂർത്തി, ദേവരാജൻ, ബാബുരാജ്, രാഘവൻ) ശക്തനായ പിന്മുറക്കാരൻ എന്ന സ്ഥാനത്തേക്ക് അർജുനൻ ഉയർന്നു.

എന്തിനേറെ പറയുന്നു, 1975 ൽ മലയാള സിനിമയിൽ ഏറ്റവും കൂടുതല്‍ പാട്ടുകൾ ചെയ്ത സംഗീതസംവിധായകൻ ആയി മാറി - 16 പടങ്ങളിലായി 96 പാട്ടുകൾ. അതും, വർഷങ്ങളോളം സംഗീത ചക്രവർത്തിയായി വാണുകൊണ്ടിരിക്കുകയായിരുന്ന സ്വന്തം ഗുരു ദേവരാജനെ പിന്നിലാക്കിക്കൊണ്ട്. എക്കാലത്തെയും മികച്ച പാട്ടുകൾ ഉൾക്കൊള്ളുന്ന സിനിമകൾ - പ്രവാഹം, മത്സരം, ഹലോഡാർലിംഗ് , പിക്‌നിക് , ടൂറിസ്റ്റ് ബംഗ്ലാവ്, ചട്ടമ്പി കല്യാണി, പുലിവാല് , സൂര്യവംശം, തിരുവോണം, അഷ്ടമിരോഹിണി, പത്മരാഗം, സിന്ധു, ചീനവല...
അല്പകാലം മുൻപ് ഗായിക വാണി ജയറാമിനെ കണ്ടു മലയാള ഗാനങ്ങളെക്കുറിച്ചു സംസാരിക്കാനാരംഭിച്ചപ്പോൾ അവരാദ്യം സ്നേഹാദരങ്ങളോടെ പരാമർശിച്ചത് അർജുനൻമാസ്റ്ററുടെ പേരാണ്. ഹിന്ദിയിൽ വസന്ത് ദേശായി, സലിൽ ചൗധരി എന്നിവർക്ക് വേണ്ടി ഗാനങ്ങൾ ആലപിച്ചു അവാർഡുകളുടെ തിളക്കത്തിൽ മദ്രാസിലേക്ക് വന്ന വാണിയമ്മയ്ക്ക് തെന്നിന്ത്യൻ സിനിമയിൽ നല്ലൊരു ബ്രേക്ക് കൊടുത്തത് അദ്ദേഹമായിരുന്നു. വാണിയമ്മ ഏറ്റവും കൂടുതൽ മലയാളം ഗാനങ്ങൾ ആലപിച്ചതും അർജുനൻ മാസ്റ്റർക്ക് വേണ്ടിയായിരുന്നു - 77 എണ്ണം.

1979 വരെ മലയാളത്തിലെ വളരെ തിരക്കുള്ള സംഗീത സംവിധായകൻ ആയി അർജുനൻ തുടർന്നു. വർഷം 12 - 13 പടങ്ങൾ കിട്ടുക എന്നത് ഒട്ടും ചെറിയ കാര്യമല്ല (1978 ൽ 18 പടങ്ങൾ). മറ്റുള്ള സംഗീത സംവിധായകർ ഒക്കെ തന്നെയും മദ്രാസിൽ താമസിച്ചാണ് അവസരങ്ങൾ തേടിപ്പിടിച്ചിരുന്നത്. 1975 ൽ ഏറ്റവും കൂടുതൽ പാട്ടുകൾ ചെയ്ത ആളായിട്ടും അദ്ദേഹം മദ്രാസിലേക്ക് സ്ഥിരമായി താമസം മാറ്റിയില്ല. നാട്ടിൽ കുടുംബത്തിന്റെ കൂടെ കഴിയാനാണ് അർജുനൻ മാസ്റ്റർ ഇഷ്ടപ്പെട്ടത്. ആവശ്യമുള്ളപ്പോൾ മാത്രം മദ്രാസിലേക്ക് പോകും. സിനിമയിൽ നിന്ന് സ്ഥിരവരുമാനം കിട്ടാൻ തുടങ്ങിയപ്പോൾ പള്ളുരുത്തിയിലെ വീട് പൂർത്തിയാക്കി കുടുംബത്തെ കൂടുതൽ സുരക്ഷിതമാക്കി.

അർജുനൻ മാസ്റ്റർ, പക്ഷെ പിൽക്കാലത്തു മദ്രാസിൽ സ്ഥിരതാമസം ആക്കാൻ തീരുമാനമെടുത്തു. അതും, സിനിമയിൽ അവസരം കുറഞ്ഞു തുടങ്ങിയ കാലത്ത്. ആ ചരിത്രം പറയുന്നത് പത്രപ്രവർത്തകനും ഗായിക ലതികയുടെ സഹോദരനും ആയ ശ്രീ. എസ് രാജേന്ദ്ര ബാബുവാണ്. അർജുനൻ മാഷുമായി അടുത്ത പരിചയം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം കുറെ അനുഭവങ്ങൾ തന്റെ 'കോടമ്പാക്കം കുറിപ്പു'കളിൽ എഴുതിയിരുന്നു. അർജുനൻമാസ്റ്ററുടെ വ്യക്തിത്വത്തിന്റെ ചില പ്രത്യേകതകളെപ്പറ്റി മറ്റുള്ളവർ പറയാത്ത ചില കാര്യങ്ങൾ രാജേന്ദ്രബാബു സാർ വെളിപ്പെടുത്തുന്നു.

(തുടരും)


ഡോ. മനോജ് കോമത്ത്

ഡോ. മനോജ് കോമത്ത്

ബയോ ടെക്നോളജി സയിന്‍റിസ്റ്റ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്ഡ് ടെക്നോളജി തിരുവനന്തപുരം

Next Story

Related Stories