TopTop

കുന്നംകുളത്ത് നിന്നും ദുബായിലേക്ക്, മലയാളി വ്യവസായി സി സി തമ്പി എങ്ങനെ റോബർട്ട് വാദ്രയുടെ 'അടുപ്പക്കാര'നായി?

കുന്നംകുളത്ത് നിന്നും ദുബായിലേക്ക്, മലയാളി വ്യവസായി സി സി തമ്പി എങ്ങനെ റോബർട്ട് വാദ്രയുടെ

മലയാളിയായ പ്രമുഖ പ്രവാസി വ്യവസായി സി.സി. തമ്പിയെ കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെൻഡറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ വിളിച്ച് വരുത്തിയാണ് തമ്പിയെ അറസ്റ്റ് ചെയ്തതത്. 1000 കോടിയുടെ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിനാണ് അറസ്റ്റ്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് 1999 പ്രകാരമാണ് അറസ്റ്റ്. 288 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വർഷം ജൂണിലും ഡിസംബറിലുമായി രണ്ടു തവണ തമ്പിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഹോളിഡേ സിറ്റി സെന്റർ പ്രൈവറ്റ് ലിമിറ്റഡ്, ഹോളിഡേ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, ഹോളിഡേ ബേക്കൽ റിസോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുമായി ബന്ധപ്പെട്ട് തമ്പിക്കെതിരെ ഇഡി രണ്ടു തവണ വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിനു നോട്ടിസ് നൽകിയിരുന്നു. 2019 ൽ ഹരിയാനയിലെ അനധികൃത ഭൂമി ഇടപാടുകൾ സംബന്ധിച്ച ആരോപണത്തിൽ എച്ച്എൽ പഹ്‌വ, റോബർട്ട് വാദ്ര എന്നിവര്‍ക്കൊപ്പം ആരോപണ വിധേയനായിരുന്നു സിസി തമ്പി. ഇതേകേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റും എന്ന് ദി വീക്ക് റിപ്പോർട്ട് ചെയ്യുന്നു.

ഇതിന് പുറമെയാണ് ഒ.എന്‍.ജി.സി ഇടപാടില്‍ 1000 കോടിയിലേറെ രൂപയുടെ അഴിമതി നടന്നുവെന്ന ആരോപണം. പഹ്‌വ, വാദ്ര എന്നിവർ ഉൾപ്പെട്ട ഈ ഭൂമി ഇടപാടിന് സിസി തമ്പി ധനസഹായം നൽകിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നാണ് ഇഡി നൽകുന്ന വിശദീകരണം. 2017ലാണ് ഇഡി അദ്ദേഹത്തിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര, ഒളിവിലായ ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി എന്നിവരുമായി തമ്പിക്കു ബന്ധമുണ്ടെന്നു നേരത്തേ ആരോപണമുണ്ടായിരുന്നു.

തൃശൂര്‍ കുന്നംകുളത്തിന് അടുത്ത് പഴഞ്ഞി ചെറുവത്തൂര്‍ ചാക്കുട്ടി മകനാണ് ചെറുവത്തൂര്‍ ചാക്കുട്ടി തമ്പി എന്ന വ്യവസായി സി സി തമ്പിയെന്ന വ്യവസായിയുടെ വളർച്ച തുടരുന്നത്. സാധാരണ പ്രവാസിയായി തുടങ്ങിയ തമ്പിയുടെ വ്യവസായ ജീവിതത്തിലെ പിന്നീടുള്ള വളർച്ച ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.

കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ വന്‍കിട റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകളുള്ള ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി, മദ്യവ്യവസായം എന്നിവ ഉൾപ്പെടെ നൂറു കോടി ഡോളറിലധികം ആസ്ഥിയുള്ള വ്യവസായ ഗ്രൂപ്പിന്റെ തലവൻ കൂടിയാണ്. ദുബായിലും അജ്മനാനിലും ഫുജ്റയിലും റാസൽകൈമയിലും റെസ്റ്റോറന്റുകൾ, അജ്മാനിൽ ഹോളിഡേ ബീച്ച് ക്ലബ്ബ്, ഷാർജയിൽ സീ വീ മറൈൻ സർവ്വീസ്, അജ്മനിൽ ഹോളിഡേ അറേബ്യൻ റിസോർട്ട്, ഷാർജയിൽ റെന്റ് എ കാർ, മറൈൻ സർവ്വീസ്, ഡ്യൂട്ടി ഫ്രീ ഷോപ്പ്, അൽഖലീജ് ടയർ ഫാക്ടറി, റാസൽകൈമ മീഡിയാ സർവ്വീസ്-ഇങ്ങനെ നീളുന്നു തമ്പിയുടെ സാമ്പത്തിക കരുത്തിന് തെളിവായ സ്ഥാപനങ്ങൾ.

രണ്ട് ഡസനിലധികം കമ്പനികളുടെ എം.ഡിയാണ് നിലവിൽ‌ തമ്പിയെന്നാണ് റിപ്പോർട്ടുകൾ‌. റിയൽ എസ്റ്റേറ്റ്, ഡിസ്റ്റിലറി, ഹോട്ടലുകൾ തുടങ്ങിയ വ്യവസായ സംരംഭങ്ങളിൽ തമ്പിക്ക് നിക്ഷേപമുണ്ടെന്നാണ് കരുതുന്നത്. തൃശ്ശൂർ ജില്ലയിൽ സ്വന്തമായി തേജസ് എന്ന പേരിൽ‌ എ‍ഞ്ചിനീയറിങ്ങ് കോളേജും തമ്പിയുടെ ഉടമസ്ഥതയിലുണ്ട്.

തൃശൂരിലെ കോട്ടോൽ ദേശത്തെ തികച്ചും സാധാരണ ചുറ്റുപാടിലായിരുന്നു തമ്പിയുടെ ജനനം. ആറു മക്കളിൽ അഞ്ചാമൻ. അച്ഛന്റെ ചെറിയ കച്ചവടമായിരുന്നു കുടുംബത്തിന്റെ വരുമാനം. വീട്ടിലെ കൃഷിയും കാലിമേയലും എല്ലാം ചെയ്യേണ്ടി വന്ന കുട്ടിക്കാലം. മേഖലയിൽ സർക്കാർ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. കൊച്ചിൽ പ്രിഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി.

1980ലായിരുന്നു തമ്പി ജോലി തേടി ഗൾഫിലെത്തിയത്. 1984ൽ സ്വന്തമായി വ്യവസായ സ്ഥാപനം തുടങ്ങി. കപ്പലുകൾക്ക് വേണ്ട സാധനങ്ങൾ എത്തിച്ചു കൊടുക്കേണ്ട സ്ഥാപനമായിരുന്നു ഇത്. തൊട്ടുപിറരെ ഹോട്ടൽ വ്യവസായത്തിലേക്ക് ചുവട് മാറ്റി. കേരളത്തിന്റെ കപ്പയും മീനും ദുബായിൽ അതേ തനിമയിൽ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു തമ്പി വിപണി പിടിക്കുന്നത്. ഫോർ സ്റ്റാർ ഹോട്ടൽ വാടകയ്ക്കെടുത്ത് വൻകിട ഹോസ്പിറ്റാലിറ്റി രംഗത്തേക്കായിരുന്നു പിന്നീട് തമ്പി കടന്നത്. പിന്നാലെ നാലുകെട്ട് എന്ന പേരിലെ ഹോട്ടൽ ശൃംഖല വളർന്നു. പിന്നാലെ ശതകോടികൾ മറിയുന്ന റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക്. ഇതോടെ ഹോളിഡേ ഗ്രൂപ്പ് യുഎഇയിലെ നമ്പർ വൺ ബിസിനസ് ഗ്രൂപ്പായിമാറി.

ഹോട്ടൽ വ്യവസായമായിരുന്നു തമ്പിയെ രാഷ്ട്രീയ നേതാക്കളുമായി അടുപ്പിക്കുന്നത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരനുമായി അടുത്ത ബന്ധം പുലർത്തിയായിരുന്നു തമ്പിയെന്നാണ് റിപ്പോർട്ടുകൾ. ഈ അടുപ്പമാണ് കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയവുമായി തമ്പിയെ അടുപ്പിച്ചതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും സജീവമാണ്.

ലണ്ടനിൽ 26 കോടി രൂപയുടെ ഫ്ലാറ്റ് റോബർട്ട് വാദ്ര വാങ്ങിയതായിട്ട് നേരത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഇതിനും സി സി തമ്പി ആയിരുന്നു ഇടനില നിന്നത് എന്നാണ് ആരോപണം . ഇതിന് പുറമെ നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ ദുബായിൽ 14 കോടി രൂപയുടെ ഒരു വില്ല റോബർട്ട് വാദ്ര വാങ്ങിയതിൽ താൻ ഇടപെട്ടിരുന്നെന്നും താൻ അതിന് സഹായം ചെയ്തു കൊടുത്തിരുന്നെന്നും സി സി തമ്പി വെളിപ്പെടുത്തിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.


Next Story

Related Stories