TopTop
Begin typing your search above and press return to search.

"ഇന്ത്യയിൽ ജനാധിപത്യമുണ്ടോ എന്ന് ഒരാൾ മാത്രം ചോദിച്ചു" - അടിയന്തരാവസ്ഥക്കാലത്ത് സോവിയറ്റ് യൂണിയനിൽ പോയ, കപ്പലിൽ ലോകം ചുറ്റിയ ഒരു മലയാളിയുടെ ഓര്‍മ്മകള്‍

"ഇന്ത്യയിൽ ജനാധിപത്യമുണ്ടോ എന്ന് ഒരാൾ മാത്രം ചോദിച്ചു" - അടിയന്തരാവസ്ഥക്കാലത്ത് സോവിയറ്റ് യൂണിയനിൽ പോയ, കപ്പലിൽ ലോകം ചുറ്റിയ ഒരു മലയാളിയുടെ ഓര്‍മ്മകള്‍

1969-70 കാലത്ത് ബോംബെയിലെ നേവൽ ഡോക്ക് യാർഡിൽ അപ്രെൻഡിസ് (ട്രെയിനി) ആയി എത്തിയ മലയാളി യുവാക്കളിൽ നിരവധി പേർ ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലേയ്ക്കും കമ്മ്യൂണിസ്റ്റ് പാർട്ടികളിലേയ്ക്കും ആകർഷിക്കപ്പെട്ടു. പലരുടേയും രാഷ്ട്രീയ കാഴ്ചപ്പാടുകൾ അക്കാലത്തെ ബോംബെയിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഡോക്ക് യാർഡിലെ ശക്തമായ ഇടതുപക്ഷ ട്രേഡ് യൂണിയനുകളും മാറ്റി. ചിലർ തീവ്ര ഇടതുഗ്രൂപ്പുകളോട് അനുഭാവമുള്ളവരായി. അതിലൊരാളാണ് തൃശ്ശൂർ തൃപ്രയാർ സ്വദേശി ലോഹിതാക്ഷൻ. 1970കളിൽ കേരളത്തിന് പുറത്ത് രാഷ്ട്രീയപ്രവർത്തനം നടത്തിയ, തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളുടെ ഭാഗമായ ഒരാൾ. രാജ്യത്ത് താൻ നടപ്പാക്കുന്ന സോഷ്യലിസത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന വലതുപക്ഷ ഫാഷിസ്റ്റുകളെ ഒതുക്കാനാണ് അടിയന്തരാവസ്ഥ എന്നാണ് സോവിയറ്റ് യൂണിയനേയും സോഷ്യലിസ്റ്റ് ചേരിയേയും പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. സോവിയറ്റ് യൂണിയൻ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.അടിയന്തരാവസ്ഥ കാലത്ത് കപ്പലിൽ സോവിയറ്റ് യൂണിയൻ അടക്കം വിവിധ രാജ്യങ്ങൾ സന്ദർശിച്ച ലോഹിതാക്ഷൻ വിദേശത്തുള്ളവർ എങ്ങനെയാണ് അക്കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന അടിയന്തരാവസ്ഥയേയും രാഷ്ട്രീയ സാഹചര്യങ്ങളേയും നോക്കിക്കണ്ടിരുന്നത് എന്ന് പറയുന്നു.

ഭാഗം - 3

മാർക്സിസ്റ്റ് അനുഭാവിയും യുക്തിവാദിയും ഇടക്കാലത്ത് തീവ്ര ഇടത് അനുഭാവിയുമെല്ലാമായിരുന്നു ബോംബെയിലെ ഇന്ത്യൻ നേവൽ ഡോക്ക് യാർഡിൽ അപ്രന്റിസ് ആയി തുടങ്ങി, മർച്ചന്റ് നേവിയിലെത്തി, ലോകരാജ്യങ്ങളിൽ പലയിടത്തും സഞ്ചരിച്ച് ഏറെ അനുഭവങ്ങളുള്ള ലോഹിതാക്ഷൻ. കോവിഡ് കാലത്തെ അരക്ഷിതാവസ്ഥകൾക്കും അനിശ്ചിതത്വങ്ങൾക്കുമിടയിൽ ബോംബെയിൽ വിശ്രമജീവിതം നയിക്കുന്ന ലോഹിതാക്ഷന് 70കളിലെ ബോംബെയിലെ രാഷ്ട്രീയ പ്രവർത്തനവും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളും സംബന്ധിച്ച് ഏറെ അനുഭവങ്ങൾ പങ്കുവയ്ക്കാനുണ്ട്. മർച്ചന്റ് നേവിയുടെ ഭാഗമായി 1975 മുതൽ കപ്പലുകളിൽ നിരവധി രാജ്യങ്ങൾ സന്ദർശിച്ചു. യുഎസ്, സോവിയറ്റ് യൂണിയൻ, ഇറ്റലി, മാൾട്ട തുടങ്ങിയ രാജ്യങ്ങളിലൊക്കെ അടിയന്തരാവസ്ഥ കാലത്തും ശേഷവും ലോഹിതാക്ഷൻ പോയി. ഇന്ത്യയിലെ ജനാധിപത്യ ധ്വംസനങ്ങളെക്കുറിച്ച് യാതൊരു ആശങ്കയും കാര്യമായ അറിവും അക്കാലത്ത് താൻ വിദേശത്ത് പരിചയപ്പെട്ട് സംസാരിച്ചവർക്കുണ്ടായിരുന്നില്ല എന്ന് ലോഹിതാക്ഷൻ ഓർക്കുന്നു.

"പത്താം ക്ലാസ് കഴിഞ്ഞാണ് വീട്ടിൽ വേറെ നിവൃത്തിയില്ലാത്തത് കാരണം ജോലി തേടി ചെന്നൈയിലെത്തുന്നത്. അവിടെ നിന്നാണ് നേവൽ ഡോക്ക് യാർഡിലേയ്ക്കുള്ള റിക്രൂട്ട് മെന്റ് ഒക്കെ നടന്നത്. ഞാന്‍ എംഎല്‍ പ്രസ്ഥാനത്തില്‍ സജീവമല്ലായിരുന്നു. അതേസമയം അനുഭാവമുണ്ടായിരുന്നു. സിപിഎമ്മിന്റെ പരിപാടികളിലും പങ്കെടുക്കുമായിരുന്നു. അന്ന് എസ് ആര്‍ കുല്‍ക്കര്‍ണിയെ ഒക്കെ മുന്നില്‍നിര്‍ത്തി കളിച്ചത് ശിവസേനയാണ്. ബോഡിബില്‍ഡിംഗ് ഒക്കെ ചെയ്യുന്ന മറാത്തികളെ ഉപയോഗിച്ചും മറ്റും ഗുണ്ടായിസമൊക്കെയായി. തിരഞ്ഞുപിടിച്ച് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക. കുറേ മലയാളികള്‍ക്ക് അന്ന് തല്ല് കിട്ടിയിട്ടുണ്ട്. വാച്ചും കാശുമൊക്കെ അവര്‍ പിടിച്ചുപറിക്കും. ചെമ്പൂരിനടുത്ത് ബാണ്ഡൂപ് എന്നൊരു സ്ഥലമുണ്ട്. അവിടെ മുതല്‍ അംബര്‍നാഥ് വരെ - അതൊരു ഇന്‍ഡസ്ട്രിയല്‍ ബെല്‍ട്ടായിരുന്നു. നിരവധി ഫാക്ടറികളുണ്ടായിരുന്നു. ഇതിനെല്ലാം മുന്നില്‍ ചുവന്ന കൊടികളാണ് പാറിയിരുന്നത്. 80കളായതോടെ ഈ ചുവന്നകൊടിയെല്ലാം അവര്‍ വലിച്ചെറിഞ്ഞു. മഞ്ഞക്കൊടികള്‍ സ്ഥാപിച്ചു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ചൊരു നേതാവുണ്ടായിരുന്നു - പി ആര്‍ കൃഷ്ണന്‍. അദ്ദേഹത്തെ പോലെ പിടിച്ചുനിന്ന ചിലരുണ്ട്.

ദത്താ സാമന്തിന്റെ പിന്നിലും ശിവസേനക്കാരുണ്ടായിരുന്നു. സ്വതന്ത്ര യൂണിയന്‍ എന്നൊക്കെ പറയുന്നത് വെറും പേരില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു തരം അരാജകവും പ്രതിലോമകരവുമായ യൂണിയന്‍ പ്രവര്‍ത്തനശൈലിയായിരുന്നു ദത്താ സാമന്തിന്റേത്. 10 രൂപയ്ക്ക് ജോലി ചെയ്യുന്ന ഒരാള്‍ക്ക് 50 രൂപ ശമ്പളം കൊടുക്കണം എന്ന് പറഞ്ഞാല്‍ തൊഴിലുടമകള്‍ സമ്മതിക്കില്ലല്ലോ. അപ്പോള്‍ സമരം ചെയ്ത് കമ്പനി പൂട്ടിക്കുക - ഒരു നശീകരണപ്രവര്‍ത്തനം. അവസാനം ശിവസേനക്കാര്‍ തന്നെ അയാളെ വെടിവച്ച് കൊന്നു. പെട്ടെന്നുള്ള ആക്ഷനുകള്‍ ഒക്കെ എല്ലാമായി ഒരു ജനപ്രിയത ദത്താ സാമന്ത് ഉണ്ടാക്കിയിരുന്നു. ദത്താ സാമന്തിന്റെ മരണത്തോടെ ആ പ്രസ്ഥാനവും ഇല്ലാതായി. കൃഷ്ണ ദേശായ് കൊല്ലപ്പെടുന്ന സമയത്ത് ഞങ്ങള്‍ വളരെ ചെറുപ്പമാണ്. ഞങ്ങള്‍ ബോംബെയില്‍ വന്നശേഷമാണ്. ശിവസേനക്കാരായ പ്രതികളെ കേസില്‍ വെറുതെവിടുകയാണുണ്ടായത്. കമ്മ്യൂണിസ്റ്റുകാര്‍ അന്ന് തിരിച്ചടിച്ചാല്‍ കമ്മ്യൂണിസ്റ്റുകാര്‍ അകത്താകും. എന്നാല്‍ ശിവസേനക്കാര്‍ അടിച്ചാല്‍ കുഴപ്പമില്ല എന്നതായിരുന്നു അന്ന് ബോംബെയിലെ നില. കമ്മ്യൂണിസ്റ്റുകള്‍ക്കൊപ്പം ആളൊക്കെ കൂടുമായിരുന്നു. സിഐടിയു പ്രവര്‍ത്തനം ധാരാളമുണ്ടായിരുന്നു.

ദത്താ സാമന്ത്

നേവല്‍ ഡോക്ക് യാര്‍ഡില്‍ ഫ്രാന്‍സിസ് പുളിക്കന്‍ എന്ന് പറഞ്ഞയാളായിരുന്നു ഐഎന്‍ടിയുസി നേതാവ്. അന്ന് വിരലിലെണ്ണാവുന്ന ഐഎന്‍ടിയുസിക്കാരേ അവിടെയുള്ളൂ. 18000-ത്തോളം തൊഴിലാളികളുണ്ട് അന്ന് ഡോക്ക് യാര്‍ഡില്‍. അയാളുടെ ഫ്രണ്ട്‌സായ മലയാളികളൊന്നും അയാള്‍ക്കൊപ്പം പോകില്ല. സിഐടിയു നേതാവ് യശ്വന്ത് കോലിയുടേയും സാമുവല്‍ അഗസ്റ്റിന്റേയും കൂടെയാണ് അന്ന് മലയാളികള്‍. അന്നേ നല്ല പ്രായമുള്ളയാളാണ് യശ്വന്ത് കോലി. എല്ലാവരും കോലി ബാബ എന്നാണ് വിളിച്ചിരുന്നത്. പിന്നെ എസ് ആര്‍ കുല്‍ക്കര്‍ണി എന്ന് പറഞ്ഞൊരാള്‍ വന്നു. സ്വതന്ത്ര തൊഴിലാളി യൂണിയന്‍ എന്നൊക്കെയാണ് പേര്. എന്നാല്‍ ഭരിക്കുന്നവരുടെ താല്‍പര്യത്തിനൊപ്പമായിരുന്നു അയാള്‍. തലമുടി ഇടത്തോട്ട് ചീകണോ, വലത്തോട്ട് വേണോ എന്ന കാര്യത്തില്‍ മാത്രം വ്യത്യാസമുള്ളവര്‍".

എന്നാല്‍ ബോംബെയില്‍ ഏറ്റവും പ്രബല യൂണിയനായിരുന്ന എഐടിയുസിക്ക് ഡോക്ക് യാര്‍ഡിനകത്ത് വലിയ സ്വാധീനമുണ്ടായിരുന്നില്ല എന്ന് ലോഹിതാക്ഷന്‍ പറയുന്നു. "സാമുവല്‍ അഗസ്റ്റിന്‍ യശ്വന്ത് കോലിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. എന്നാല്‍ യശ്വന്ത് കോലിയെപ്പോലെ കമ്മ്യൂണിസ്റ്റ് ഒന്നുമായിരുന്നില്ല സാമുവല്‍ അഗസ്റ്റിന്‍. സാമുവല്‍ അഗസ്റ്റിന്റെ കൂടെ കുറേ ഗോവക്കാരുണ്ടായിരുന്നു. ഈസ്റ്റ് ഇന്ത്യന്‍ എന്ന് പറഞ്ഞ് കുറച്ച് ക്രിസ്ത്യാനികളും.ആദ്യ ഭാഗം : "ദത്താ സാമന്തും ശിവസേനയും ചേര്‍ന്ന് അടിച്ചോടിക്കുകയായിരുന്നു", അടിയന്തരാവസ്ഥയിൽ ബോംബെ ജയിലില്‍ കിടന്ന ഒരു മലയാളി ഇടതു തൊഴിലാളി പ്രവര്‍ത്തകന്റെ അനുഭവങ്ങള്‍

പ്രതികരണശേഷിയുള്ള സമൂഹത്തെ, അതിൻ്റെ വിയോജിപ്പുകളേയും ചെറുത്തുനിൽപ്പുകളേയും ഷണ്ഡീകരിച്ച അടിയന്തരാവസ്ഥ രാജ്യത്താകെ സൃഷ്ടിച്ചിരുന്ന ഭീതിയുടേയും അരക്ഷിതാവസ്ഥയുടേതുമായ അന്തരീക്ഷം ബോംബെയിലും തൃപ്രയാറിലും ഉണ്ടായ അനുഭവങ്ങളായി ലോഹിതാക്ഷൻ ഓർത്തെടുത്തു. അടിയന്തരാവസ്ഥ വന്നപ്പോള്‍ ബോംബെയിൽ ഐഎന്‍ടിയുസിക്കാര്‍ ഭീഷണി തുടങ്ങി. ഫ്രാന്‍സിസ് പുളിക്കന്റെ മകന്‍ ഒരാളുണ്ടായിരുന്നു. അന്ന് കഞ്ചൂര്‍മാര്‍ഗില്‍ മലയാളികളുടെ വീടുകളിലൊക്കെ കയറിയിറങ്ങി ഭീഷണിപ്പെടുത്തി ഐഎന്‍ടിയുസിയിലേയ്ക്ക് കൊണ്ടുവരുമായിരുന്നു. എതിര്‍ത്ത് പറഞ്ഞാല്‍ നീ അകത്താകും എന്നാണ് ഭീഷണി. തൃപ്രയാര്‍ ആണ് എന്റെ നാട്. അടിയന്തരാവസ്ഥക്കാലത്ത് ഒരിക്കല്‍ നാട്ടില്‍പോയി. എന്‍എച്ച് 17ല്‍ ബസ് കാത്തുനില്‍ക്കുകയാണ്. അപ്പോള്‍ ഒരു പൊലീസുകാരന്‍ കള്ളുകുടിച്ച് ബസ്സിലിരിക്കുന്നുണ്ട്. യൂണിഫോമിലാണ്. അയാള്‍ ബസ്സില്‍ നിന്ന് താഴെയിറങ്ങി അവിടെനിന്നിരുന്നയാളുടെ പോക്കറ്റില്‍ തപ്പി കാശ് മുഴുവനെടുത്ത് ബസ്സില്‍ കയറി പോയി. അടിയന്തരാവസ്ഥക്കാലത്ത് ഇത്തരത്തിലുള്ള വിഷജീവികളെല്ലാം അഴിഞ്ഞാടിയിരുന്നു എല്ലായിടത്തും. ഡോക്ക് യാര്‍ഡില്‍ മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ലെഫ്.കമാന്‍ഡര്‍ ഒരു മലയാളിയുണ്ടായിരുന്നു. എ ടി തോമസ് എന്നാണ് പേര്. നേവിക്കാരനാണ്. മുസ്ലീമായത് കൊണ്ട് ഒരാളെ പുറത്താക്കണമെന്ന് പറഞ്ഞ് ഒരാള്‍ എ ടി തോമസിനെ സമീപിച്ചു. തോമസ് അതിന് തയ്യാറായില്ല. കുറ്റം ചെയ്‌തെന്ന് തെളിയിച്ചാല്‍ ആര്‍ക്കെതിരെ നടപടി എടുക്കാം. അല്ലാതെ ഞാന്‍ ഇത്തരത്തില്‍ ചെയ്യില്ല എന്ന് തോമസ് പറഞ്ഞു.

നേവിക്കാര്‍ എന്ത് പറയുന്നോ അത് കേള്‍ക്കുക എന്നല്ലാതെ വേറെ വഴിയില്ല. മാനസികാരോഗ്യത്തോടെ ജീവിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഭീഷണിയുടെ സാഹചര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥ. അപ്രെന്റിസായ ഞങ്ങളൊക്കെയും മറ്റ് ജോലിക്കാരും എല്ലാം ഇതിനകത്താണല്ലോ. എന്ത് തെമ്മാടിത്തരം കാണിച്ചാലും അതൊക്കെ കണ്ടുനില്‍ക്കേണ്ടിയിരുന്ന അവസ്ഥ. കോയിന്‍സ്, നാണയത്തുട്ടുകള്‍ ഉണ്ടാക്കുന്ന പരിപാടിയുണ്ടല്ലോ. അതില്‍ ഡോക്ടറേറ്റൊക്കെ ഉള്ള ഒരു തമിഴന്‍ ഉണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി ജോലിയൊക്കെ രാജി വച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളാണ്. അദ്ദേഹത്തെ ഇവര്‍ പിടിച്ചുകൊണ്ടുപോയി ക്രാഫോര്‍ഡ് മാര്‍ക്കറ്റില്‍ പൊലീസ് കമ്മീഷണര്‍ ഓഫീസിലിട്ട് മൂന്ന് മാസത്തോളം പീഡിപ്പിച്ചു. ഗ്രൗണ്ട് ഫ്‌ളോറില്‍ ജനലില്‍കൂടി കയ്യ് വെളിയിലിട്ട് വിലങ്ങുവയ്ക്കും. വഴിയില്‍ കൂടി പോകുന്നവരെ വിളിച്ചുവരുത്തി പൊലീസുകാര്‍ തല്ലിക്കും. നേവി പൊലീസിന്റെ പീഡനം ഭയങ്കരമായിരുന്നു. മാവോ സേ ദൊങ്ങിനെയൊക്കെ കുറേ വായിച്ചു. അത്തരത്തിൽ ധാരാളം പുസ്തകങ്ങൾ അന്ന് ബോംബെയിൽ കിട്ടും. ബൈബിളൊക്കെ വായിക്കുന്നതുപോലെയാണ് അന്നത് വായിച്ചത്. കാര്യമായി ചിന്തിക്കുകയുമൊന്നും ഉണ്ടായിരുന്നില്ല. എന്താണോ വായിക്കുന്നത്, ആ ലൈനിൽ ഇങ്ങനെ പോകും. മറ്റുള്ളതുമായി താരതമ്യപ്പെടുത്തി നോക്കാനുള്ള അനുഭവങ്ങളുണ്ടായിരുന്നില്ല.

സിപിഎമ്മുമായി വിയോജിപ്പുണ്ടാകാനുള്ള കാരണവും ലോഹിതാക്ഷൻ പറയുന്നു. സിപിഎമ്മിന്റെ നിലപാടുകള്‍ ശരിയല്ല എന്നൊരു ചിന്ത ഞങ്ങളില്‍ പലര്‍ക്കുമുണ്ടായിരുന്നു. ഡോക്ക് യാര്‍ഡില്‍ ഒരു ബന്ധവുമില്ലാത്ത ആളുകള്‍ കൂടിയിരിക്കുമ്പോളാണ് അന്ന് ബോംബെ കമ്മിറ്റി സെക്രട്ടറിയായിരുന്ന ഡോ.സാവന്ത് വന്ന്, ആരാണ് ലോഹിതാക്ഷന്‍, ചന്ദ്രബോസ് ആരാ എന്നൊക്കെ ചോദിച്ചത്. നിങ്ങള്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് പറഞ്ഞു. ഇത് കേട്ടപ്പോള്‍ എനിക്ക് എന്തോപോലെയായി. കൂടെയിരിക്കുന്നവര്‍ ആരാ, എന്താ എന്നൊന്നുമറിയാതെയാണ് ഇത്തരത്തില്‍ സംസാരിച്ചത്. നേവിയുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്ര ഭാഗത്ത് ജോലി ചെയ്യുന്നവരോടാണ് യാതൊരു ഉത്തരവാദിത്വവും ബോധവുമില്ലാതെ ഇത്തരത്തില്‍ ചോദിച്ചത്. നിങ്ങളീ ചെയ്തത് ശരിയായോ എന്ന് ഞാന്‍ സാവന്തിനോട് പിന്നീട് ചോദിച്ചു. അവിടെ കൂടിയിരുന്നവര്‍ ആരാണ് എന്ന ബോധം നിങ്ങള്‍ക്കുണ്ടോ. എനിക്കും ബോസിനും മേല്‍ ഒരു സ്റ്റാമ്പടിപ്പിക്കുന്ന പണിയാണ് നിങ്ങള്‍ ചെയ്തത് എന്ന് പറഞ്ഞു. ഡോക്ക് യാർഡിനകത്തെ ഞങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന പണിയാണ് അവർ ചെയ്തത്. നേവി പൊലീസ് പിടിച്ചാൽ ഐഎൻഎസ് കുഞ്ഞാലി എന്ന് പറഞ്ഞൊരു സ്ഥലമുണ്ട്. അതിനകത്ത് കൊണ്ടുപോയാൽ പിന്നെ തിരിച്ചുവരാൻ കഴിയുമോ എന്ന് ഉറപ്പില്ല. വലിയ ടോർച്ചറിംഗ് ആണ് അവർ നടത്തിയിരുന്നത്.

നാല് കൊല്ലത്തെ കോഴ്‌സ് കഴിഞ്ഞ്, അഡ്വാന്‍സ്ഡ് ട്രെയിനിംഗിലേയ്ക്ക് പോയി. 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് ഒരു വര്‍ഷത്തെ എക്‌സ്ട്രാ ട്രെയിനിംഗ് കൊടുക്കുന്നതാണിത്. എഞ്ചിനിയറിംഗ് മെക്കാനിക്ക് എന്ന പോസ്റ്റ് കിട്ടി. അന്ന് ലോകം ചുറ്റിക്കാണാനുള്ള ആഗ്രഹം കൊണ്ട് മര്‍ച്ചന്റ് നേവിയില്‍ ചേരാന്‍ വലിയ താല്‍പര്യമായിരുന്നു. അങ്ങനെ മര്‍ച്ചന്റ് നേവിയില്‍ കിട്ടി. 2000 രൂപയുടെ ബോണ്ടുണ്ട്. അന്ന് നാല് വര്‍ഷത്തെ അപ്രന്റിസ്ഷിപ്പ് കഴിഞ്ഞാല്‍ ഒന്നുകില്‍ അഞ്ച് വര്‍ഷം ഡോക്ക് യാര്‍ഡില്‍ ജോലി ചെയ്യണം, അല്ലെങ്കില്‍ ബോണ്ട് തുക കൊടുത്ത് രാജി വച്ച് പോരാം. അങ്ങനെ ബോണ്ടിന്റെ പൈസ കൊടുത്ത് പുറത്തിറങ്ങിയത് അടിയന്തരാവസ്ഥക്കാലത്താണ്. അങ്ങനെ കപ്പല്‍ യാത്ര തുടങ്ങി.

സെന്റ് പീറ്റേഴ്സ്ബർഗ് തുറമുഖം

"ചില രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ എന്താണ് നിങ്ങളുടെ നാട്ടില്‍ പ്രശ്‌നം, എങ്ങനെയാണ് അടിയന്തരാവസ്ഥ പോകുന്നത് എന്നൊക്കെ ചോദിക്കുമായിരുന്നു. ഞാന്‍ ഉള്ള കാര്യം പറഞ്ഞുകൊടുക്കും". അതേ സമയം, ഭൂരിഭാഗം രാജ്യങ്ങളിലും ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചോദിക്കാനും അറിയാനും താല്‍പര്യം കാണിച്ചിരുന്നില്ല എന്ന് ലോഹിതാക്ഷന്‍ പറയുന്നു.ഭാഗം 2: ഇന്ദിര കോൺഗ്രസുകാരനെ ആദ്യം സിപിഎമ്മും പിന്നീട് നക്സലുമാക്കിയ ബോംബെ; മഹാനഗരത്തിലെ വേറിട്ട മലയാളികള്‍

സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ബ്ലോക്കില്‍ ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍ അടിയന്തരാവസ്ഥയെ ന്യായീകരിക്കാനായി പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ശക്തമായ പ്രചാരണം നടത്തുന്ന സമയമാണത്. രാജ്യത്ത് താന്‍ നടപ്പാക്കുന്ന സോഷ്യലിസ്റ്റ് പരിപാടിയെ അട്ടിമറിക്കാന്‍ ഹിന്ദുത്വ വലതുപക്ഷ ഫാഷിസ്റ്റ് ശക്തികളും ഇടതുതീവ്രവാദികളും നടത്തുന്ന ശ്രമങ്ങളെ ചെറുക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നത് എന്നായിരുന്നു ഇന്ദിര ഗാന്ധിയുടെ വാദം. സോവിയറ്റ് യൂണിയന്‍ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. "സോവിയറ്റ് യൂണിയനില്‍ അന്ന് വലിയൊരു വിഭാഗം പേര്‍ക്ക് കോണ്‍ഗ്രസ്സിനോട് ആരാധനയുണ്ട്. പിന്നെ രാജ് കപൂറിനോടും നര്‍ഗീസിനോടും" - ലോഹിതാക്ഷൻ പറഞ്ഞു.

"പിന്നീട് സോവിയറ്റ് യൂണിയന്‍ പൊളിയാന്‍ പോകുന്ന കാലത്തും ഞാനവിടെ പോയി. ഗോര്‍ബച്ചേവും യെത്സിനുമുള്ള കാലം. അതിലൊരു ഫോര്‍മാനുണ്ട്. ഇന്ത്യയില്‍ നിന്നുള്ള അണ്ടിപ്പരിപ്പ് അവിടെ ഇറക്കിക്കൊണ്ടിരിക്കുകയാണ്. അവിടെ ഒരാള്‍ വലിയ വായില്‍ വര്‍ത്തമാനം പറയുന്നു. നിങ്ങളുടെ രാജ്യത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ലോകരാജ്യങ്ങളെ പിന്തുണയ്ക്കുന്നു എന്നൊക്കെ. ഞാന്‍ ചോദിച്ചു നിങ്ങളിപ്പോള്‍ ഇറക്കിക്കൊണ്ടിരിക്കുന്ന അണ്ടിപ്പരിപ്പിന് ലോക കമ്പോളത്തില്‍ എന്താണ് വിലയെന്നറിയാമോ. ഞങ്ങള്‍ നിങ്ങള്‍ക്ക് എത്ര രൂപയ്ക്കാണ് ഇത് തരുന്നത് എന്നറിയാമോ. ഇത് അമേരിക്കയില്‍ കൊണ്ടുപോയി വിറ്റാല്‍ 8 മുതല്‍ 10 വരെ ഡോളര്‍ കിട്ടും. നിങ്ങള്‍ ഞങ്ങള്‍ക്ക് തരുന്നത് മൂന്ന് ഡോളറാണ്. ഞങ്ങള്‍ നിങ്ങളെയാണോ നിങ്ങള്‍ ഞങ്ങളെയാണോ സപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് ഇനി പറയൂ എന്ന് പറഞ്ഞു. അതോടെ അയാളുടെ ഗ്യാസ് പോയി."

നൊവൊറോസിസ്ക് തുറമുഖം

"തുറമുഖ തൊഴിലാളികളോടും ഉദ്യോഗസ്ഥരോടും മറ്റുമാണ് കൂടുതലായും ഇടപഴകിയിരുന്നത്. മാള്‍ട്ടയില്‍ പോയപ്പോള്‍ ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഇത് സംബന്ധിച്ച് ഗൗരവമായി സംസാരിച്ചു. ബാക്കിയുള്ളവരൊന്നും ഇതിലൊന്നും വലിയ താല്‍പര്യം കാണിച്ചിരുന്നില്ല. യൂറോപ്പില്‍ പോകുമ്പോള്‍ അവര്‍ക്ക് താല്‍പര്യം നമ്മുടെ മതമറിയാനാണ്. യാതൊരു മടിയുമില്ലാതെ അവര്‍ അത് ചോദിക്കുകയും ചെയ്യും. സെയ്‌ലര്‍ എന്നതാണ് എന്റെ മതം എന്ന് ഞാന്‍ പറയും."

സോവിയറ്റ് യൂണിയനില്‍ തന്നെ പിന്നീട് തനിക്കുണ്ടായ മറ്റൊരു അനുഭവവും ലോഹിതാക്ഷൻ പങ്കുവച്ചു. "ഗോര്‍ബച്ചേവിന്റെ കാലത്താണ് ഇതും. ഒരു പ്രായമായ സ്ത്രീ നടത്തുന്ന കടയാണ്. അവരിങ്ങനെ അഭിമാനത്തോടെ സോവിയറ്റ് സാങ്കേതികപുരോഗതിയെക്കുറിച്ചൊക്കെ സംസാരിക്കുകയാണ്; സ്‌കൈബ്രിഡ്ജ് സാങ്കേതികവിദ്യയക്കുറിച്ച്. വാഷിംഗ്ടണിലും മോസ്‌കോയിലുമൊക്കെ ഇരിക്കുന്നവര്‍ സംസാരിക്കുന്നത് ടിവിയില്‍ കാണിക്കുന്നു. അന്ന് സ്‌കൈബ്രിഡ്ജിന്റെ തുടക്കമാണ്. ഞാന്‍ നിങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റിലൊക്ക പോയി നോക്കിയപ്പോള്‍ അവിടെ റൊട്ടിയില്ല, ഇറച്ചിയില്ല, മുട്ടയില്ല, പാലില്ല. എല്ലാം കാലിയാണ്. സ്‌കൈബ്രിഡ്ജ് കണ്ട് നിങ്ങള്‍ക്ക് വിശപ്പ് മാറ്റാന്‍ കഴിയുമോ എന്ന് ചോദിച്ചു."

ഇന്ത്യയില്‍ അടിയന്തരാവസ്ഥയുടെ ഭാഗമായി ഭീകരമായ ജനാധിപത്യ ധ്വംസനം നടക്കുന്നു എന്നെല്ലാം മനസ്സിലാക്കിയവര്‍ കുറവായിരുന്നു എന്ന് ലോഹിതാക്ഷൻ പറയുന്നു. "മാള്‍ട്ടയില്‍ ഒരു തൊഴിലാളി യാഥാര്‍ത്ഥ്യബോധത്തോടെ ഇത് സംബന്ധിച്ച് സംസാരിച്ചു. ഇന്ത്യയിലെ ജനാധിപത്യം എന്നൊന്നുണ്ടോ എന്ന കാര്യത്തില്‍ അയാള്‍ സംശയാലുവായിരുന്നു. ഗാന്ധി കുടുംബത്തിന്റെ ഭരണം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചു. മഹാത്മ ഗാന്ധിയുമായി ഇവര്‍ക്ക് ബന്ധമില്ല എന്നും പറഞ്ഞു. താല്‍പര്യമുള്ളവരോടല്ലേ ഇത്തരം കാര്യങ്ങള്‍ സംസാരിക്കേണ്ടതുള്ളൂ. ചിലപ്പോള്‍ രാഷ്ട്രീയ താല്‍പര്യവും ജാഗ്രതയുമുള്ളവരെ അങ്ങനെ കാണാന്‍ അവസരം കിട്ടാത്തതുകൊണ്ടായിരിക്കാം.

ഇറ്റലിയില്‍ പോയപ്പോള്‍ അവിടെ മൂന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുണ്ട്. അതില്‍ രണ്ടെണ്ണത്തിന്റെ ഓഫീസുകള്‍ അടുത്തടുത്താണ്. ഒന്നില്‍ കയറി വര്‍ത്തമാനം പറഞ്ഞു. അവിടുള്ളയാള്‍ക്ക് ഇംഗ്ലീഷ് അറിയാം. അവിടെ നിന്ന് ഇറങ്ങിയപ്പോളാണ് മറ്റേ ഓഫീസിലെ ആള്‍ വിളിച്ചത്. ഞാന്‍ സംസാരിച്ച് ഓഫീസിലുള്ള പാര്‍ട്ടിക്കാര്‍ ശരിക്കുള്ള കമ്മ്യൂണിസ്റ്റുകാര്‍ അല്ലെന്ന് മറ്റേ നേതാവ് പറഞ്ഞു. പിന്നെ ഭാഷയുടെ പ്രശ്‌നമുണ്ടാകും. രാഷ്ട്രീയമൊന്നും അങ്ങനെ വിശദമായി അവര്‍ സംസാരിച്ചില്ല. ഏത് രാജ്യത്ത് പോയാലും ഷോപ്പിംഗിനൊന്നും പോകാറില്ല. അവിടെയുള്ള മനുഷ്യന്മാരെ പരമാവധി കണ്ട് സംസാരിക്കാനാണ് ശ്രമിക്കുക" - ലോഹിതാക്ഷൻ പറഞ്ഞു.


Next Story

Related Stories