TopTop
Begin typing your search above and press return to search.

വാര്‍ത്ത പിന്‍വലിക്കാതെ, പിഴ ഒടുക്കാതെ, ജയിലിലേക്കു പോയ പത്രാധിപര്‍; അസാധാരണമായ ഒരു രാഷ്ട്രീയ ആയുധപ്പുര- മത്തായി മാഞ്ഞൂരാനെ ഓര്‍മ്മിയ്ക്കുമ്പോള്‍

വാര്‍ത്ത പിന്‍വലിക്കാതെ, പിഴ ഒടുക്കാതെ, ജയിലിലേക്കു പോയ പത്രാധിപര്‍; അസാധാരണമായ ഒരു രാഷ്ട്രീയ ആയുധപ്പുര- മത്തായി മാഞ്ഞൂരാനെ ഓര്‍മ്മിയ്ക്കുമ്പോള്‍


വാര്‍ത്തയുടെ പേരില്‍ മാപ്പ് പറയാതെ, പിഴ ഒടുക്കാതെ ജയില്‍ ശിക്ഷ ഏറ്റുവാങ്ങിയ പത്രാധിപര്‍. എതിര്‍പ്പിനെ നേരിടാന്‍ തുറന്ന ധിക്കാരമല്ലാതെ മറ്റൊന്നും വശമില്ലാതിരുന്ന ഒരാള്‍. കേരളത്തിന്റെ രാഷ്ട്രീയ ഗതികളില്‍ നിര്‍ണായക പങ്കുവഹിച്ച സോഷ്യലിസ്റ്റ് നേതാവ്. കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകന്‍. സ്വാതന്ത്ര്യ സമരകാലത്ത് യുവാക്കള്‍ക്ക് ആവേശം വിതറിയ ഇതിഹാസ ശോഭയാര്‍ന്ന വ്യക്തിത്വം. ഉയര്‍ന്ന ചിന്തയും പരന്ന വായനയും കൈമുതലായ ബഹുഭാഷ പണ്ഡിതന്‍. മത്തായി മാഞ്ഞൂരാനെക്കുറിച്ച് ഇത്തരത്തില്‍ വിശേഷണങ്ങള്‍ ഏറെ. പില്‍ക്കാലത്തെ ഒട്ടേറെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയും നേതാക്കളേയും വാര്‍ത്തെടുത്ത മത്തായി മാഞ്ഞൂരാന്‍ എന്ന സോഷ്യലിസ്റ്റ് നേതാവിനെ ആരെങ്കിലും കാര്യമായി ഓര്‍ത്തുവെയ്ക്കുന്നുണ്ടോയെന്ന് അറിയില്ല. ഒരു ദുരന്ത കഥാപാത്രത്തെ പോലെയായിരുന്നു മത്തായി മാഞ്ഞൂരാന്‍. അത്ര നിരന്തരമായും സംഘടിതമായും സ്വഭാവഹത്യയ്ക്കു വിധേയനാവേണ്ടിവന്ന മറ്റൊരു നേതാവ് അദ്ദേഹത്തിന്റെ തലമുറയില്‍ ഉണ്ടാകാന്‍ ഇടയില്ല.

അസാധാരണമായ നെഞ്ചുറപ്പുണ്ടായിരുന്ന മത്തായി മാഞ്ഞൂരാനെക്കുറിച്ച് മലയാളികള്‍ വല്ലാതെ മറന്നുകഴിഞ്ഞപ്പോള്‍ അടുത്തിടെ അദ്ദേഹത്തെ ദേശീയ മാധ്യമങ്ങളടക്കം ഓര്‍ത്തെടുക്കയുണ്ടായി. പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതി അലക്ഷ്യ കേസ് ചര്‍ച്ചയായ സമയത്ത്. കോടതി അലക്ഷ്യ കേസില്‍ മാപ്പിനും പിഴയ്ക്കും തയാറാകാതെ ജയില്‍ ശിക്ഷ ഏറ്റുവാങ്ങിയ പത്രാധിപര്‍ എന്ന നിലയില്‍. മത്തായി മാഞ്ഞൂരാന്‍ പത്രാധിപരായിരുന്ന 'കേരള പ്രകാശ'ത്തില്‍ വന്ന വാര്‍ത്തയായിരുന്നു കോടതി അലക്ഷ്യ വ്യവഹാരത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചത്. വാര്‍ത്ത പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയാറാകാത്തതിനെ തുടര്‍ന്ന് പത്രാധിപരായ മത്തായി മാഞ്ഞൂരാന് 100 രൂപ പിഴയോ ഒരു മാസത്തെ തടവോ ആയിരുന്നു ശിക്ഷ. പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ കെ. സുധാകരന് 15 ദിവസത്തെ തടവോ 50 രൂപ പിഴയും. പിഴയടച്ചാല്‍ തടവൊഴിവാക്കാമായിരുന്നു. പക്ഷെ പിഴ ഒടുക്കാതെ സധൈര്യം ജയില്‍ ശിക്ഷ സ്വീകരിച്ചു.

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്താണ് സംഭവം. 1958 ജൂലൈ 29ന് 'കേരള പ്രകാശ'ത്തില്‍ വരന്തരപ്പള്ളി കൊലപാതകവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് സബ് ജുഡീസ് ആകുന്ന ചില പരാമര്‍ശങ്ങള്‍ പേറിയിരുന്നതായിട്ടായിരുന്നു ഹൈക്കോടതിയിലെ ഹര്‍ജി. ഇരുവരും ആക്ഷേപങ്ങള്‍ ശരിയല്ലെന്ന് കാണിച്ച് പത്രിക സമര്‍പ്പിച്ചു. ഒരു വര്‍ഷത്തിനുശേഷം വന്ന വിധിയില്‍ ഇരുവര്‍ക്കും പിഴയും അത് ഒടുക്കിയില്ലെങ്കില്‍ ജയില്‍ ശിക്ഷയും വിധിച്ചു. പിഴ ഒടുക്കാന്‍ സന്നദ്ധരാകാത്തതിനെ തുടര്‍ന്ന് രണ്ടാളേയും വിയ്യൂര്‍ ജയിലിലേക്ക് അയച്ചു ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ മത്തായി മാഞ്ഞൂരാന് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ തന്നെ വലിയ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് എറണാകുളത്തും കോട്ടയത്തുമൊക്കെ സമാനമായ സ്വീകരണങ്ങള്‍ ലഭിക്കുകയുണ്ടായി.

കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവായിരുന്നു മത്തായി മാഞ്ഞൂരാന്‍. അത്യസാധാരണമായ ധീരതയും ആര്‍ജ്ജവവും ഒത്തുചേര്‍ന്ന ബഹുമുഖ പ്രതിഭ. ശരീര ശക്തിയുടേയും ഇച്ഛാശക്തിയുടേയും കരിങ്കല്ലില്‍ കൊത്തിയ പ്രതിമാശില്പം. ചുരുണ്ട് നീണ്ട നിബിഡമായ തലമുടി. ''കല്ലിന്റെ പരുപരുപ്പും ശക്തിയും ദ്യോതിപ്പിക്കുമായിരുന്ന അതിദൃഢമായ കൈകാലുകളും വിരിഞ്ഞ ചുമലും നെറ്റിയുടെ സമനിരപ്പിലേക്ക് തള്ളി നില്‍ക്കുന്ന കാളക്കണ്ണുകളും ഉയര്‍ന്ന് നീണ്ട് അഗ്രം വളയാതെ ചുണ്ടുകളുടെ നേരെ കൈനീട്ടുന്ന ആകൃതിയൊത്ത മൂക്കും -കൈകള്‍ പിന്നില്‍ ചുറ്റി രഘുവംശത്തിലേയോ കുമാര സംഭവത്തിലേയോ ശ്ലോകങ്ങള്‍ പറപറാ ശബ്ദത്തില്‍ ഉരുക്കഴിച്ചുകൊണ്ട് ഉലാത്തുമായിരുന്ന മത്തായി ആശാന്‍ ഒരു സിന്ധിക്കാളയുടെ രൂപം ശരിക്കും അനുസ്മരിപ്പിക്കുമായിരുന്നു.'' മത്തായി മാഞ്ഞുരാന്‍ കളരിയില്‍ പയറ്റിത്തെളിഞ്ഞ പില്‍ക്കാലത്തെ പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ പി. കെ. ബാലകൃഷ്ണന്‍ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു.

'ബ്ലാക്ക് കാറ്റി'ന്റെ ജീവിതം

സംഭവ ബഹുലവും വെല്ലുവിളികള്‍ നിറഞ്ഞതുമായിരുന്നു മത്തായി മാഞ്ഞൂരാന്റെ ജീവിതം. പതിനഞ്ചാംവയസ്സില്‍ സൈമണ്‍ കമ്മീഷനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തുകൊണ്ടു രാഷ്ട്രീയത്തില്‍ സജീവമായി. ക്വിറ്റ് ഇന്ത്യാ സമരത്തിലും മറ്റും പങ്കെടുത്തുകൊണ്ടു സ്വാതന്ത്ര്യ സമരമുഖത്ത് ശക്തമായ സാന്നിധ്യമായി. സ്വാതന്ത്ര്യ സമരകാലത്ത് യുവാക്കളുടെ ഇടയില്‍ ഇതിഹാസമാനമായ പേരായിരുന്നു മത്തായി മാഞ്ഞൂരാന്റേത്. മത്തായി മാഞ്ഞൂരാനെ കുറിച്ച് ഏറ്റവും മനോഹരമായ ചിത്രം, വിശേഷിച്ചും ബോംബയിലും മറ്റ് വടക്കേ ഇന്ത്യന്‍ നഗരങ്ങളിലും അദ്ദേഹം ഒളിവില്‍ കഴിഞ്ഞ കാലത്തെ ജീവിതത്തെ കുറിച്ചു നല്‍കിയത് എസ്. കെ. പൊറ്റേക്കാട്ടായിരുന്നു. 'എന്റെ വഴിയമ്പലങ്ങള്‍' എന്ന അനുസ്മരണക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകത്തില്‍ ദീര്‍ഘമായി അതേക്കുറിച്ച് എസ്. കെ. എഴുതിയിട്ടുണ്ട്.

മത്തായി മാഞ്ഞൂരാനെ അദ്ദേഹം വിലയിരുത്തുന്നത് ഇങ്ങനെയാണ്: ''ജീവിതത്തില്‍ നല്ല ഉയിരുള്ള മനുഷ്യനായിരുന്ന മത്തായി യഥാര്‍ത്ഥത്തില്‍ ജനസേവന മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ചു മന്ത്രിസ്ഥാനം സ്വീകരിച്ച് മന്ത്രിയായാലുണ്ടാകുന്ന അസ്വാതന്ത്ര്യങ്ങളില്‍ പെട്ട് അപവാദങ്ങളേറ്റ് അങ്ങനെ മരിച്ചു. ഒടുവില്‍ രോഗവും അദ്ദേഹത്തിന്റെ ഉശിര് ഊറ്റിക്കുടിച്ചു.''ബോംബയിലെ വാള്‍ക്കേശ്വരത്ത് വി.എ. കേശവന്‍ നായരുടെ ലോഡ്ജില്‍ വെച്ച് 1939ലാണ് എസ്. കെ. മത്തായി മാഞ്ഞൂരാനെ എസ്.കെ. പരിചയപ്പെടുന്നത്. 1933ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി രാഷ്ട്രീയത്തില്‍ സജീവമായ മത്തായി മാഞ്ഞൂരാന്‍ കൊടുങ്ങല്ലൂരില്‍ കെ. ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍ ശിക്ഷ കഴിഞ്ഞശേഷമായിരുന്നു ബോംബയിലേക്ക് എത്തിയത്.


എസ് കെ പൊറ്റെക്കാട്

അവിടെ ജോലിക്കായി ശ്രമിച്ച മത്തായി മാഞ്ഞൂരാനെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ കണ്ട പരസ്യമാണ് ക്യാംബേ നവാബിന്റെ മുന്നിലേക്ക് എത്തിച്ചത്. യൂറോപ്യന്‍ ഭാവഹാവാദികളുമായെത്തിയ മത്തായിയെ നാ
വാ
ബിനു നന്നെ പിടിച്ചു. അദ്ദേഹത്തിന്റെ സെക്രട്ടറിയായി വലിയ പ്രൗഢികള്‍ നിറഞ്ഞ ജീവിതം. പക്ഷെ രാഷ്ട്രീയമായിരുന്നു മത്തായിയുടെ ജീവരക്തം. നവാബിനൊപ്പം കുറച്ചു കാലം കഴിഞ്ഞ ശേഷം 1942ല്‍ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വീരഭടനായിത്തീര്‍ന്നു. പോലീസിന്റെ കണ്ണുവെട്ടിച്ച് ആഗാഖാന്‍ കൊട്ടാരത്തില്‍ ഗാന്ധിജിയുടെ തടവുസ്ഥലത്ത് എത്തിയ ഏക വോളന്റിയര്‍ മത്തായിയായിരുന്നുവെന്ന് എസ്. കെ. പൊറ്റേക്കാട്ട് എഴുതുന്നു. പിന്നെ ബോംബയില്‍ നിന്നും ഡോ. കെ.ബി. മേനോന്‍, വി. എ. കേശവന്‍ നായര്‍, സി.പി. ശങ്കരന്‍ നായര്‍ തുടങ്ങിയവരോടൊപ്പം ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഗൂഢപ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം കേരളത്തിലെത്തി.

കീഴരിയൂര്‍ ബോംബു കേസില്‍ അടക്കം പിടികിട്ടാപ്പുള്ളിയായിരുന്നു മത്തായി മാഞ്ഞൂരാന്‍. മൈസൂരില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കോഴിക്കോട്ടെത്തിച്ചു ബോംബു നിര്‍മിച്ചുവെന്നതായിരുന്നു പ്രസിദ്ധമായ ആ കേസ്. സ്വാതന്ത്ര്യ സമരകാലത്തെ സമാനമായ പല വിധ്വംസക പ്രവര്‍ത്തന കേസുകളിലും പ്രധാന പങ്കുവഹിച്ച മത്തായി മാഞ്ഞൂരാന്‍ പല ഇടങ്ങളിലായി ഒളിവിലും തെളിവിലും കഴിഞ്ഞു. കൊച്ചിയില്‍ അദ്ദേഹം ഉള്‍പ്പെട്ട മറ്റൊരു കേസായിരുന്നു നടത്ര നെല്ലുവണ്ടികേസ്. കൊച്ചി രാജാവിനുള്ള പാട്ടവുമായി പോയ നെല്ലുവണ്ടി തടഞ്ഞു വണ്ടിയിലുള്ള നെല്ലു മുഴുവന്‍ അവിടെയുള്ള പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്തുവെന്നതായിരുന്നു മത്തായിയുടെ പേരില്‍ പേരിലുള്ള കേസ്. ഇത്തരത്തില്‍ സിവിലും ക്രിമിനലുമായ ഒട്ടേറെ കേസുകളില്‍ പ്രതിയായി. തൃശൂരിലും പൂനയിലും പച്ചാളത്തും കോഴിക്കോട്ടുമൊക്കെയായി അക്കാലത്തെ അദ്ദേഹത്തിന്റെ ജീവിതം വീതിക്കപ്പെട്ടു. പിടികിട്ടാപ്പുള്ളിയായി കഴിയുന്നതിനിടെ പോലീസിന്റെ കണ്ണുവെട്ടിച്ച പലവട്ടം മുങ്ങി.

മാസ്റ്റര്‍ ജോണ്‍, മാത്യൂസ് തുടങ്ങിയ നിരവധി പേരുകളില്‍ മത്തായി പല നാടുകളിലും ഒളിജീവിതം നയിച്ചു. ഒരിയ്ക്കലും അടങ്ങിയിരിക്കാന്‍ കഴിയുന്ന സ്വഭാവക്കാരനായിരുന്നില്ല മത്തായി. ധാരാളം വായിക്കുകയും വ്യാപകമായി യാത്ര ചെയ്യുകയും ചെയ്തിരുന്നു അസാമാന്യ ധീരനായ അദ്ദേഹം. മികച്ച സംഘാടകനുമായിരുന്നു. 1944 കാലത്ത് ബോംബയില്‍ ഒളിവില്‍ കഴിയവെ അവിടത്തെ മലയാളികളുടെ നേതൃത്വത്തില്‍ അഖില ബോംബെ മലയാളി സമ്മേളനത്തിന്റെ പ്രധാന സംഘാടകനായി. കീഴരിയൂര്‍ ബോംബ് കേസില്‍ പോലീസ് തെരഞ്ഞു നടക്കുമ്പോഴാണ് അവരുടെ കണ്ണുവെട്ടിച്ച് മത്തായി ബോംബേയില്‍ വലിയ ഉദ്യോഗങ്ങള്‍ വഹിച്ചത്. പോലീസ് ജാഗ്രതയോടെ തന്നെ തെരഞ്ഞുനടക്കുന്നുണ്ടെന്ന് മത്തായിക്കറിയമായാരുന്നു. ബോംബു കേസിന്റെ വിചാരണയൊക്കെ പൂര്‍ത്തിയാക്കി മറ്റു പ്രതികളൊക്കെ ജയിലിലാണ്. വി.എ. കേശവന്‍ നായര്‍ക്കു പത്തു വര്‍ഷത്തെ തടവാണ് ശിക്ഷ. പിടിക്കപ്പെടാതിരിക്കാന്‍ ആര്‍ക്കെങ്കിലും കത്തുകള്‍ എഴുതുമ്പോള്‍ ബ്ലാക് കാറ്റ് എന്നും മറ്റുമാണ് സ്വയം വിശേഷിപ്പിക്കുക.

ബോംബയില്‍ പോലീസുകാരന്റെ മൂക്കിന്‍ തുമ്പില്‍ നിന്നും ഓടിരക്ഷപ്പെട്ട മത്തായി നേരെ ലഖ്‌നൗവിലേക്കാണ് പോയത്. അവിടെ റോയല്‍ ഹോട്ടലിലെ മാനേജറായി. മാത്യൂസ് എന്നായിരുന്നു അക്കാലത്ത് അറിയപ്പെട്ടിരുന്നത്. എസ്. കെ. പൊറ്റേക്കാട്ടും പില്‍ക്കാലത്ത് ഫോറിന്‍ സര്‍വീസിലെത്തിയ അമ്പാടി ദാമോദര മേനോനും മത്തായിയും ഒക്കെ ചേര്‍ന്ന് ദീര്‍ഘമായ യാത്രകള്‍ നടത്തിയിരുന്നു. ലഖ്‌നൗവിലും പോലീസ് തെരഞ്ഞെത്തിയതോടെ 1945 ഒക്ടോബറില്‍ മത്തായിക്ക് അവിടവും വിടേണ്ടി വന്നു. നേരെ പോയത് ജോഡ്പ്പൂരിലേക്ക്. അവിടെ സാംഘവി മോട്ടോര്‍ കമ്പനിയില്‍ ഉദ്യോഗത്തിനു ചേര്‍ന്നു. ജോഡ്പൂരിലെ അജ്ഞാത വാസത്തിനുശേഷം മത്തായി മാഞ്ഞൂരാന്‍ കേരളത്തില്‍ മടങ്ങിയെത്തി രാഷ്ട്രീയത്തില്‍ സജീവമായി. 1946ല്‍ ചാലക്കുടിയില്‍ ഡോ. രാജേന്ദ്ര പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രജാമണ്ഡലം സമ്മേളനത്തില്‍ ലക്ഷ്യപ്രഖ്യാപന പ്രമേയത്തില്‍ ഭേദഗതി അവതരിപ്പിച്ച് ഐക്യ കേരളം മുദ്രാവാക്യവുമായി അദ്ദേഹം ഇവിടത്തെ രാഷ്ട്രീയത്തില്‍ കൂടുതല്‍ ആണ്ടുമുങ്ങാന്‍ തുടങ്ങി.

സോഷ്യലിസ്റ്റ് ചേരിയില്‍

കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചേരിയ്‌ക്കൊപ്പം നിന്ന മത്തായി കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരില്‍ പ്രധാനിയായി. ആശാന്‍ എന്ന വിളിപ്പേരിലായിരുന്നു അടുപ്പക്കാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. 1942ല്‍ വിദ്യാര്‍ത്ഥി സമരങ്ങളെ തുടര്‍ന്നു ജയിലിലായിരുന്നവര്‍ക്കിടയില്‍ വീരസാഹസിക കഥകളിലെ അത്ഭുതനായകനുള്ള പരിവേഷമായിരുന്നു മത്തായി മാഞ്ഞൂരാന് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ബന്ധം സ്ഥാപിച്ച് സ്റ്റേറ്റ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്നവരില്‍ മത്തായി മാഞ്ഞൂരാനേയും എന്‍.ശ്രീകണ്ഠന്‍ നായരേയും പോലുള്ള നല്ല പങ്കും സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോള്‍ രൂപപ്പെട്ട സാഹചര്യങ്ങളില്‍ അങ്ങേയറ്റം അസന്തുഷ്ടരായി തീര്‍ന്നു.

അഖിലേന്ത്യാ തലത്തില്‍ തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി മത്തായി മാഞ്ഞൂരാന്റേയും ശ്രീകണ്ഠന്‍ നായരുടേയും വിഭാഗം തെറ്റിപ്പിരിയുകയായിരുന്നു. 1947 മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ ബോംബയില്‍ നടന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തില്‍ നിന്നും മത്തായി മാഞ്ഞൂരാനും സംഘവും ഇറങ്ങിപ്പോന്നു. ഗാന്ധിസത്തിനു പകരം മാര്‍ക്‌സിസം ലെനിനിസം പാര്‍ട്ടിയുടെ നയമായി അംഗീകരിക്കണമെന്ന നയരേഖ ചര്‍ച്ചയില്‍ മത്തായിയും കൂട്ടരും കൊണ്ടുവന്ന ഭേദഗതി സ്വീകരിക്കപ്പെട്ടില്ല. ആ വര്‍ഷം ഓഗസ്റ്റില്‍ തേങ്കുറിശ്ശിയില്‍ യോഗം ചേര്‍ന്ന് കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി(കെഎസ്പി)യെന്ന പുതിയ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിന് തീരുമാനിച്ചു. 1947 സെപ്റ്റംബര്‍ 21ന് കോഴിക്കോട്ട് മുതലക്കുളം മൈതാനിയില്‍ വെച്ച് പാര്‍ട്ടിയുടെ പ്രഖ്യാപനവും നടന്നു. ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലും കണ്ണന്തോടത്തിന്റെ ബുദ്ധിശാലയിലും മത്തായി മാഞ്ഞുരാന്റെ ആയുധപ്പുരയിലും രൂപം കൊണ്ട പ്രസ്ഥാനമായിരുന്നു കെഎസ്പി എന്ന് കൗമുദി പത്രാധിപരും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കെ. ബാലകൃഷ്ണന്‍ പില്‍ക്കാലത്ത് എഴുതിയിട്ടുണ്ട്.


എന്‍. ശ്രീകണ്ഠന്‍ നായര്‍


ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുതലാളിത്ത പാര്‍ട്ടിയാണെന്നും ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉപവിഭാഗമാണെന്നും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആദര്‍ശാധിഷ്ടിതമല്ലെന്നുമുള്ള വിമര്‍ശനവുമായിട്ടാണ് കെഎസ്പി രൂപീകരിച്ചത്. മാര്‍ക്‌സിസം ലെനിനിസം അവര്‍ കാഴ്ചപ്പാടായി സ്വീകരിച്ചു. സോഷ്യലിസം പ്രാവര്‍ത്തികമാക്കുക, തൊഴിലാളികള്‍ക്ക് സേവന രംഗത്ത് ആവശ്യമായ സംരക്ഷണം നല്‍കുക, കൃഷിഭൂമി കര്‍ഷകര്‍ക്കു വിതരണം ചെയ്യുക തുടങ്ങിയവയായിരുന്നു പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ധീരരും ആദര്‍ശനിഷ്ഠരും സാഹസികരുമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു വലിയ സംഘം നേതാക്കളായിരുന്നു കെഎസ്പിയുടെ പ്രധാന ഈടുവെയ്പ്. പില്‍ക്കാല കേരളത്തിലെ എണ്ണം പറഞ്ഞ നേതാക്കള്‍ ഈ സോഷ്യലിസ്റ്റ് കളരിയില്‍ പരിശീലിച്ചവരായിരുന്നു. മത്തായി മാഞ്ഞൂരാനും എന്‍. ശ്രീ
കണ്ഠന്‍ നായരും അവര്‍ക്ക് നേതൃത്വം നല്‍കി.

കമ്യൂണിസ്റ്റ് പാര്‍ട്ടിയും കെഎസ്പിയും തമ്മില്‍ നടന്നിട്ടുള്ള ആശയപരമായ വിമര്‍ശനങ്ങള്‍ അക്കാലത്തെ രാഷ്ട്രീയ സംവാദത്തിലെ പ്രധാന സംഭവങ്ങളില്‍ ഒന്നായിരുന്നു. ഇഎംഎസ്സിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ വലിയ വിമര്‍ശം ഉയര്‍ത്തിയപ്പോള്‍ മത്തായി മാഞ്ഞൂരാനും ശ്രീകണ്ഠന്‍ നായരും ഒക്കെ സോഷ്യലിസ്റ്റ് പക്ഷത്തുനിന്നും അവരെ കടന്നാക്രമിച്ചു. പൊതുവേദികളും പത്രങ്ങളിലുമൊക്കെ ഈ അന്യോന്യ വിമര്‍ശങ്ങള്‍ ധാരാളമായി നടന്നുകൊണ്ടിരുന്നു. കോണ്‍ഗ്രസിനേയും കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും ഒരുപോലെ എതിര്‍ത്തുകൊണ്ടായിരുന്നു സോഷ്യലിസ്റ്റുകാരുടെ പ്രവര്‍ത്തനം. വിദ്യാര്‍ത്ഥികള്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും അവര്‍ക്കു വലിയ സ്വാധീനം ചെലുത്താനായി.

1948ല്‍ തിരുവിതാംകൂറിലെ ആദ്യ തെരഞ്ഞെടുപ്പില്‍ പക്ഷെ കോണ്‍ഗ്രസിനെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും കെഎസ്പിയും ഒന്നിച്ചാണ് മത്സരിച്ചത്. 17 സീറ്റില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഏഴു സീറ്റില്‍ കെഎസ്പിയും സംയുക്തമായി മത്സരിച്ചു. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ തുടക്കം. ഒരു വേള രാജ്യത്തുതന്നെ ആദ്യം. പക്ഷെ കോണ്‍ഗ്രസ് ഉജ്വല വിജയം നേടി. വിഖ്യാത എഴുത്തുകാരനായ തകഴി ശിവശങ്കരപ്പിള്ള കെഎസ്പി സ്ഥാനാര്‍ത്ഥിയായി അക്കുറി മത്സരരംഗത്തുണ്ടായിരുന്നു. 1952,1954 തെരഞ്ഞെടുപ്പുകളിലും ഈ മുന്നണി നിലനിന്നു.

പക്ഷെ കെഎസ്പിയ്ക്കത്തും ഭിന്നതകള്‍ രൂപപ്പെട്ടു. പ്രത്യയശാസ്ത്രപരം എന്നതിനേക്കാളേറെ വ്യക്തിപരമായ പല കാരണങ്ങളുമായിരുന്നു ഈ ഭിന്നതയ്ക്ക് അടിസ്ഥാനം. മത്തായി മാഞ്ഞൂരാനും എന്‍.ശ്രീകണ്ഠന്‍ നായരും തമ്മിലുള്ള ഭിന്നത പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് കൊണ്ടുചെന്നെത്തിച്ചു. സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് കേരളം എന്നതായിരുന്നു മത്തായി മാഞ്ഞൂരാന്റെ സങ്കല്പത്തിലുള്ള ആദര്‍ശ കേരളം. 1949ല്‍ നടന്ന കെഎസ്പി സംസ്ഥാന സമ്മേളനത്തില്‍ കേരളം ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായിരിക്കണമെന്ന പ്രമേയം മത്തായി മാഞ്ഞൂരാന്‍ അവതരിപ്പിച്ചു. എന്‍.ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലുള്ള ഒരു വലിയ പങ്ക് പ്രമേയത്തെ ശക്തമായി എതിര്‍ത്തു. ഇന്ത്യയില്‍ ദേശീയാടിസ്ഥാനത്തില്‍ മാര്‍ക്‌സിസം അടിസ്ഥാനപ്രമാണമാക്കിയുള്ള ഒരു വിപ്ലവ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് ഉണ്ടാവേണ്ടതെന്നും രാജ്യത്തില്‍ നിന്നും വേറിട്ട് കേരളത്തില്‍ മാത്രമായി ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കുന്നത് അര്‍ത്ഥശൂന്യമാണെന്നുമായിരുന്നു ശ്രീകണ്ഠന്‍ നായര്‍ പക്ഷത്തിന്റെ വാദം.

അതോടെ സംഘടനയില്‍ ഭിന്നിത രൂക്ഷമായി. പിന്നീട് നടന്ന കണ്‍വന്‍ഷനുകളിലും യോഗങ്ങളിലും മറ്റും നേതാക്കന്മാര്‍ തമ്മിലുള്ള തൊഴുത്തില്‍ കുത്തും വിഴുപ്പലക്കലുകളും തകൃതിയായി നടന്നു. മത്തായി മാഞ്ഞൂരാന്‍ ശ്രീകണ്ഠന്‍ നായരുടെ ഒപ്പം നിന്നവരുടെ പേരില്‍ നടപടികള്‍ സ്വീകരിച്ചു.1949 ഒക്ടോബര്‍ രണ്ടിനു കൊല്ലത്തു ചേര്‍ന്ന യോഗം കെഎസ്പിയുടെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തുവെങ്കിലും അടിസ്ഥാന ഭിന്നതകള്‍ തുടര്‍ന്നു. 1950 ജൂണ്‍ 18നു കൊല്ലത്ത് ചേര്‍ന്ന കണ്‍വന്‍ഷനില്‍ ദേശീയ തലത്തില്‍ ആര്‍എസ്പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രീകണ്ഠന്‍ നായരും സംഘവും തീരുമാനിച്ചു. ഈ യോഗത്തില്‍ മത്തായി മാഞ്ഞൂരാനും കൂട്ടരും എത്തിയില്ല. അതോടെ കേരളത്തിലെ കെഎസ്പിയെക്കൂടാതെ ആര്‍എസ്പിയും കേരളത്തില്‍ നിലവില്‍ വന്നു. മത്തായി മാഞ്ഞൂരാനും ശ്രീകണ്ഠന്‍ നായരും ഇരു ചേരിയിലേയും നേതൃത്വങ്ങളിലായി. കേരള രാഷ്ട്രീയത്തില്‍ തലയെടുപ്പോടെ നിന്ന സോഷ്യലിസ്റ്റ് ചേരി ദുര്‍ബലമാകുന്നതിന്റെ കേളികൊട്ടു കൂടിയായിരുന്നു ആ പിളര്‍പ്പെന്നു പറയാം. വളരെ പതുക്കെയായിരുന്നു തകര്‍ച്ച എന്നു മാത്രം.

രണ്ടാം ഇഎംഎസ് സര്‍ക്കാരില്‍ തൊഴില്‍ മന്ത്രിയായി രണ്ടുവര്‍ഷം ചെലവിട്ടുവെങ്കിലും എക്കാലത്തും കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ ശക്തനായ വിമര്‍ശകനായിരുന്നു അദ്ദേഹം. 1952-54 കാലത്ത് രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഗണ്യമായ പങ്കാണ് വഹിച്ചിരുന്നത്. എറണാകുളത്ത് നിരവധി തൊഴിലാളി സംഘടനകളുടെ നേതൃസ്ഥാനത്ത് മത്തായി മാഞ്ഞൂരാന്‍ ഉണ്ടായിരുന്നു. ടാറ്റ തൊഴിലാളി യൂണിയനും ബെര്‍മാഷെല്‍(ഓയില്‍ കമ്പനി) യൂണിയനും അവയില്‍ ചിലതു മാത്രം. കേവലം ട്രേഡ് യൂണിയന്‍ പ്രസിഡന്റിനുണ്ടായിരുന്നതിനപ്പുറമുള്ള ആജ്ഞാശക്തിയും സ്വാധീനതയും തൊഴിലാളികള്‍ക്കിടയില്‍ മത്തായി മാഞ്ഞൂരാന്‍ നേടിയിരുന്നു. സോഷ്യലിസ്റ്റ് എന്ന പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ പ്രസിദ്ധീകരണത്തിലും മത്തായി മാഞ്ഞൂരാന്റെ പങ്ക് വലുതായിരുന്നു.

തികഞ്ഞ പ്യൂരിട്ടനായിരുന്ന മത്തായി മാഞ്ഞൂരാന്‍. ആരുടേയും വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ ബാധിച്ചില്ല. ഒരിക്കലും മദ്യപിക്കാത്ത മത്തായി മാഞ്ഞൂരാന്‍ നിത്യമദ്യപാനി എന്ന തരത്തില്‍ തനിക്കെതിരെ സംഘടിതമായ ആക്രമണം വരുമ്പോള്‍ പ്രതികരിക്കുക 'ഞാന്‍ കുടിച്ചാല്‍ ഇവനെനെന്ത് ചേതം' എന്ന മട്ടിലായിരുന്നു. മദ്യം കഴിച്ചിരുന്നില്ലെന്നു മാത്രമല്ല അത് തന്റെ സ്വഭാവ മഹിമയാണെന്നു തെറ്റിദ്ധരിക്കാതിരിക്കുക കൂടി ചെയ്ത വ്യക്തിയായിരുന്നു മത്തായി മാഞ്ഞൂരാന്‍. പക്ഷെ ആരെങ്കിലും വിമര്‍ശിച്ചാല്‍ പ്രതികരിക്കുക മറിച്ചായിരിക്കുമെന്ന് മാത്രം.

1912 ഒക്ടോബര്‍ 13നു ചെറായിയില്‍ ജനിച്ച മത്തായി മാഞ്ഞൂരാന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രം കൊച്ചിയായിരുന്നു. സാഹിത്യം, രാഷ്ട്രീയം, ചരിത്രം, തത്വചിന്ത വിശേഷിച്ചും മാര്‍ക്‌സിസം അടക്കമുള്ള രാഷ്ട്രീയ തത്വചിന്ത തുടങ്ങി ലോകത്തിലെ സമസ്ത കാര്യങ്ങളിലും വായനയിലൂടേയും ജീവിതാനുഭവങ്ങളിലൂടേയും വിജ്ഞനായിരുന്നു അദ്ദേഹം. മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം തുടങ്ങി വിവിധ ഭാഷകളില്‍ വ്യുല്‍പ്പത്തി നേടിയിട്ടുണ്ട്. പുലര്‍ച്ചെ മുതല്‍ വായനയും എഴുത്തും രാഷ്ട്രീയ പ്രവര്‍ത്തനവും. വൈലോപ്പിള്ളി കുടുംബക്കാരുടെ വകയായ വീടായിരുന്നു എറണാകുളത്തെ ആദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രം. പിന്നീട് അത് പച്ചാളത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. ലൈറ്റ് ഓഫ് കേരള, കേരള പ്രകാശം, സോഷ്യലിസ്റ്റ് തുടങ്ങി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. പ്രകാശത്തിലേക്ക് എന്ന മൂന്നു വാല്യങ്ങളിലായി രചിച്ച പുസ്തകമാണ് പ്രധാന പുസ്തക രചന. നിരവധി തവണ ജയില്‍ ജീവിതം അനുഭവിച്ചിട്ടുണ്ട്. 1970 ജനുവരി 15ന് അന്തരിച്ചു.

കിഴുക്കാംതൂക്കായ ഒരു ചെരുവിലൂടെ കീഴോട്ടുകീഴോട്ട് വഴുതിപ്പോകുന്നതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രയാണമെന്നു പി.കെ. ബാലകൃഷ്ണന്‍ തന്നെ വിലയിരുത്തുന്നുണ്ട്. പി. കെ ബാലകൃഷ്ണന്‍ എഴുതി അവസാനിപ്പിക്കുന്നു: ''കിടയറ്റ ശാരീരിക ധൈര്യം; അസാധാരണമായ ശാരീരിക ശക്തിയും ശാരീരിക അധ്വാനശക്തിയും അസാധാരണമായ അറിവും കഴിവുമുള്ള മനസ്സ്; അനായാസം എഴുതാനും പ്രഗത്ഭമായി സംസാരിക്കാനും ഒരുപോലുള്ള കഴിവ്, സഹപ്രവര്‍ത്തകരുമായി തുല്യതയില്‍ ക്ലേശങ്ങള്‍ പങ്കിട്ട് ജീവിക്കാനുള്ള സന്നദ്ധത-ഇതൊക്കെ വലിയൊരളവില്‍ സ്വായത്തമായിരുന്നിട്ടും സ്വകാര്യ ജീവിതം എത്രയും സംശുദ്ധമായിരുന്നിട്ടും മത്തായി ആശാനു ചിരസ്ഥായിയായ യാതൊരു നേട്ടവും തനിക്കോ തന്റെ നാടിനോ വേണ്ടി നേടാന്‍ കഴിഞ്ഞില്ല.''

അവലംബം:
1.എന്റെ വഴിയമ്പലങ്ങള്‍-എസ്. കെ. പൊറ്റേക്കാട്, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, കോഴിക്കോട്.
2. കെടാത്ത ജ്വാല കെ. ബാലകൃഷ്ണന്‍-പ്രസന്നരാജന്‍, ഡിസി ബുക്‌സ് കോട്ടയം
3. കൃഷ്ണയ്യരുടെ പ്രസംഗവും മത്തായി മാഞ്ഞൂരാന്റെ തടവും , മാതൃഭൂമി ദിനപത്രം, ഓഗസ്റ്റ് 24, 2020
4. കേരളീയതയും മറ്റും-പി.കെ. ബാലകൃഷ്ണന്‍, ഡിസി ബുക്‌സ്, കോട്ടയം
5. When prison was more precious than Rs 100, Tuesday, https://www.telegraphindia.com/13 October 2020


Next Story

Related Stories