TopTop

നേതാക്കള്‍ എങ്ങനെ ലോക്ക് ഡൗണ്‍ ദിവസങ്ങളെ നേരിടുന്നു? എഴുത്തിന്റെയും വായനയുടെയും ലോകത്ത് എം ബി രാജേഷ്, തിരക്കുകാരണം ഉപേക്ഷിച്ച ഡ്രൈവിംഗ് പഠനം വീടിനോട് ചേര്‍ന്നുള്ള ഗ്രൌണ്ടില്‍

നേതാക്കള്‍ എങ്ങനെ ലോക്ക് ഡൗണ്‍ ദിവസങ്ങളെ നേരിടുന്നു? എഴുത്തിന്റെയും വായനയുടെയും ലോകത്ത് എം ബി രാജേഷ്,  തിരക്കുകാരണം ഉപേക്ഷിച്ച ഡ്രൈവിംഗ് പഠനം വീടിനോട് ചേര്‍ന്നുള്ള ഗ്രൌണ്ടില്‍

കഴിഞ്ഞവര്‍ഷം ഈ സമയത്ത് വേനല്‍ ചൂടില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. രാവിലെ 6 മണിക്കിറങ്ങിയാല്‍ അര്‍ധരാത്രി 1 മണിക്കൊക്കെയാണ് തിരിച്ചെത്തിയിരുന്നത്. അതേ സമയത്ത് ഇപ്പോള്‍ പൂര്‍ണ്ണമായി വിശ്രമിക്കാന്‍ സാധിക്കുന്നു എന്നുള്ളത് സന്തോഷമുള്ളൊരു കാര്യമാണ്. മാര്‍ച്ച് 8 മുതല്‍ ഞാന്‍ വീട്ടിലിരിക്കുകയാണ്. ആ ദിവസങ്ങളിലാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം വരുന്നത്. അതിനാല്‍ തന്നെ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടിയും ഒഴിവാക്കി. അതിനു ശേഷം ഞാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല.

ഇപ്പോള്‍ എഴുത്തും വായനയും തന്നെയാണ് പ്രധാനമായും ചെയ്തുകെണ്ടിരിക്കുന്നത്. ബിപന്‍ ചന്ദ്രയുടെ 'ഇന്ത്യ സിന്‍സ് ഇന്റിപെന്റെന്‍സ്' ഇപ്പോള്‍ വായിച്ചു കഴിഞ്ഞു. ഇനിയുമുണ്ട് വായിക്കാന്‍. വിവിധ പ്രസിദ്ധീകരണങ്ങള്‍ക്കായി മൂന്ന് ലേഖനങ്ങള്‍ എഴുതിക്കൊടുത്തു. ഇടയ്ക്കു വെച്ച് കാറോടിക്കാന്‍ പഠിക്കാന്‍ ഒരു ശ്രമം തുടങ്ങിയിരുന്നു. തിരക്കു വന്നപ്പോള്‍ അത് ഉപേക്ഷിച്ചു. ഇപ്പോള്‍ വീണ്ടും പഠിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിനായി പുറത്തൊന്നും പോകുന്നില്ല. വീടിനോട് ചേര്‍ന്ന് ഒരു ഗ്രൗണ്ടുണ്ട്. അവിടെ വെച്ചാണ് പഠനം.

വീട്ടുകാരുമൊത്ത് ചെലവഴിക്കാന്‍ സമയം കിട്ടിയിരുന്ന ഒരാളല്ല ഞാന്‍. ഇപ്പോള്‍ കുടുംബമായിരിക്കാന്‍ കഴിയുന്നതില്‍ വളരെ സന്തോഷമുണ്ട്. മാത്രവുമല്ല സമയം പോകാത്തതിന്റെ ഒരു പ്രശ്‌നവുമില്ല. എന്നാല്‍ സ്ഥിരവരുമാനമില്ലാത്തവരെ സംബന്ധിച്ച് ഇങ്ങനെ വീട്ടില്‍ ഇരിക്കുന്നത് വലിയൊരു വെല്ലുവിളി തന്നെയായിരിക്കും. കേരളത്തില്‍ അത് അത്രത്തോളം അനുഭവപ്പെട്ടെന്ന് വരില്ല. കാരണം ഗവണ്‍മന്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം ഒരുമിച്ച് ജനങ്ങള്‍ക്കു വേണ്ട പദ്ധതികളെല്ലാം ഇവിടെ ആവിഷ്‌ക്കരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വീട്ടിലിരിക്കല്‍ കേരളത്തിലും കേരളത്തിന് പുറത്തും ഒരുപോലെയായിരിക്കില്ല.

ഇപ്പോഴും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ വേണ്ട രീതിയില്‍ പാലിക്കാത്തവരുണ്ട്. അവരോടെനിക്ക് പറയാനുള്ളത്, നമ്മള്‍ കുറച്ചു ദിവസം പുറത്തിറങ്ങാതിരുന്നത് കൊണ്ട് ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല എന്നു തന്നെയാണ്. ലോകം മുഴുവന്‍ പൂട്ടിക്കിടക്കുകയാണ്. ഈ നിര്‍ദ്ദേശം നമുക്കു ബാധകമല്ല എന്ന മനോഭാവം നല്ലതല്ല. ലോകത്തിനു മുഴുവന്‍ ബാധകമായ കാര്യം എനിക്കു മാത്രം ബാധകമല്ല എന്ന് ഒരിക്കലും ചിന്തിക്കരുത്.

നമ്മള്‍ ഇത് അതിജീവിക്കുമെന്ന് എനിക്കുറപ്പുണ്ട്. അതിനുള്ള തയ്യാറെടുപ്പുകള്‍ നമ്മുടെ സര്‍ക്കാര്‍ നടത്തുന്നുമുണ്ട്. ഇന്ന് ലോകം തന്നെ പ്രകീര്‍ത്തിക്കുകയാണ് കേരളത്തിലെ സര്‍ക്കാരിന്റെ തയ്യാറെടുപ്പിനെക്കുറിച്ച്. പഴയ ഹെല്‍ത്ത് സെക്രട്ടറി സുജാത റാവുവിന്റെ ഒരു ഇന്റെര്‍വ്യൂ ഞാന്‍ ഇന്നലെ വായിച്ചിരുന്നു. ഒരു ദേശീയ മാധ്യമത്തിനു കൊടുത്ത ഇന്റെര്‍വ്യൂവില്‍ അവരോടുള്ള ചോദ്യം ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ ഇത് നേരിടാന്‍ പ്രാപ്തമാണെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു. അതിനുള്ള അവരുടെ ഉത്തരം ഇത് നേരിടാന്‍ പ്രാപ്തമായ സംസ്ഥാനം കേരളമാണ് എന്നായിരുന്നു. കൂടാതെ നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളാണ് ഇത് നേരിടാന്‍ ഒട്ടുമെ പ്രാപ്തരല്ലാത്തത് എന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ കൃത്യമായി രോഗികളെ കണ്ടെത്തുകയും നിരീക്ഷിക്കുകയും ചികിത്സ നല്‍കുകയും ചെയ്യുന്നുണ്ട്. നമുക്കറിയാം ബിബിസി പോലുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ പോലും കേരള മാതൃകയെ ഇതിനോടകം പ്രശംസ്ച്ചിട്ടുണ്ട്. ഇതെല്ലാം കേരളം എത്രത്തോളം പ്രാപ്തമാണ് എന്നതു തന്നെയാണ് കാണിക്കുന്നത്. തീര്‍ച്ചയായും നമ്മള്‍ അതിജീവിക്കും.

(അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്)എം ബി രാജേഷ്

എം ബി രാജേഷ്

സി പി എം സംസ്ഥാന കമ്മിറ്റി അംഗം

Next Story

Related Stories