TopTop
Begin typing your search above and press return to search.

'അസാന്നിധ്യത്തിൽപ്പോലും ഒരാൾ എത്ര ശക്തമായാണ് തന്റെ സാന്നിധ്യമറിയിക്കുന്നത്'

അസാന്നിധ്യത്തിൽപ്പോലും ഒരാൾ എത്ര ശക്തമായാണ് തന്റെ സാന്നിധ്യമറിയിക്കുന്നത്

[കഴിഞ്ഞ വർഷം ജൂലൈ 25ന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച തൃശൂര്‍ ശ്രീ കേരളവർമ്മ കോളേജിലെ മലയാളവിഭാഗം മേധാവി ഡോ. പി.വി പ്രകാശ് ബാബുവിന്റെ ഒന്നാം ചരമവാര്‍ഷികമായിരുന്നു ഇന്നലെ. വിദ്യാർത്ഥികളും സഹപ്രവർത്തകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഓൺലൈനിൽ ഒത്തുചേർന്ന് നടത്തിയ അനുസ്മരണപരിപാടിയിൽ സുനിൽ പി. ഇളയിടം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഡോ. പ്രകാശ് ബാബു അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ക്ക് ആരായിരുന്നു? കോളേജിലെ രണ്ടാം വര്‍ഷ മലയാള ബിരുദ വിദ്യാര്‍ഥിയായ അനുഷ ഹരിദാസ് എഴുതിയ ഓര്‍മ്മക്കുറിപ്പ്‌]

എന്റച്ഛൻ മുണ്ടുടുക്കുമ്പോലെയാണ് മാഷ് മുണ്ടുടുക്കുക. മിക്കവാറും ഷർട്ടുകൾക്കെല്ലാം രണ്ട് കീശകളുണ്ടാവും. രണ്ടിലും സ്നേഹം ഒരടുക്കുമില്ലാതെ വാരി കുത്തിനിറച്ച് മാഷിന്നും ഓർമകളിൽ അണപൊട്ടി ചിരിക്കുന്നുണ്ട്. ഇതെഴുതുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് വരെ 'വായിക്കുന്നൊക്കെയില്ലേ' എന്ന് ചോദിച്ച് ചിരിച്ചുകൊണ്ട് മാഷ് ഡിപ്പാർട്ട്മെന്റിലെ പടികൾ കയറിവരുന്നുണ്ട്. നടക്കുമ്പോൾ പോക്കറ്റിലെ ചില്ലറ താഴെപ്പോകാതിരിക്കാൻ ഒരു കൈ കൊണ്ട് നെഞ്ചമർത്തിപ്പിടിക്കുന്നുണ്ട്... "ഇത്രയ്ക്കടുക്കിപ്പിടിക്കാൻ ഇങ്ങടെ പോക്കറ്റീ എന്തോരം കാശ്ണ്ട് നോക്കട്ടെ മാഷേ"ന്നും പറഞ്ഞ് ചിലരാ പോക്കറ്റിൽ കയ്യിടാൻ നോക്കുമ്പോ ചിരിച്ചോണ്ട് ഒഴിഞ്ഞു മാറുന്നുണ്ട്...

മാഷില്ലാത്ത ഒരു കൊല്ലം കടന്നുപോയത്രെ!

കേരളവർമ്മയിലെ ആദ്യത്തെ ഒരേയൊരു മാസത്തിന്റെ പരിചയം മാത്രമാണ് എനിക്ക് മാഷുമായിട്ടുള്ളത്. ഡിപ്പാർട്മെന്റിലെ അധ്യാപകരുടെയും, ഞങ്ങൾക്കുമുമ്പേ 'മാഷിന്റെ കുട്ടികൾ' പട്ടം നേടിയ വിദ്യാർത്ഥികളുടെയും ഓർമകളാണ് ഒരു തരത്തിൽ മാഷിനെക്കുറിച്ചുള്ള എന്റെ ഓർമകളിൽ ഏറിയപങ്കും.

കേട്ടവർക്കെല്ലാം മാഷ് അവരവരുടേതായ ഓർമ്മ!

അസാന്നിധ്യത്തിൽപ്പോലും ഒരാൾ എത്ര ശക്തമായാണ് തന്റെ സാന്നിധ്യമറിയിക്കുന്നത്‌!

കഴിഞ്ഞ വർഷം പ്രകാശ് മാഷിന്റെ അനുസ്മരണച്ചടങ്ങിൽ (ഇപ്പോഴും 'അനുസ്മരണ'മെന്ന വാക്ക് കയ്ക്കുന്നു!) വി വി ആർ ഹാളിൽ വച്ച് വിജു മാഷ് ആറ്റൂരിന്റെ 'മേഘരൂപൻ' ചൊല്ലിയപ്പോൾ, "തണുത്ത മണ്ണടരുകൾക്കുള്ളിൽ അനാസക്തിയുടെ മന്ദസ്മിതവുമായി പ്രിയസുഹൃത്തേ നീ ഉറങ്ങിക്കിടക്കുകയാണോ? നിനക്ക് സുഖമാണോ?" എന്ന് ചോദിച്ചപ്പോൾ വിറങ്ങലിച്ചുനിന്നുപോയ മനുഷ്യർക്കിടയിൽ വെറും ഒരു മാസത്തിന്റെ പരിചയം മാത്രമുള്ള ഞങ്ങളുമുണ്ടായിരുന്നു.

കോളേജിൽ ക്ലാസുകൾ തുടങ്ങിയ സമയമാണ്. രണ്ടാം വർഷക്കാരുമായുള്ള വർത്തമാനങ്ങളിലെല്ലാം "പി ബി മാഷ് വന്നോ?"ന്നുള്ള ചോദ്യം കടന്നുവന്നുകൊണ്ടേയിരുന്നു. 'പാണ്ഡിത്യം പ്രസരിപ്പിച്ചുകൊണ്ടേയിരിക്കുന്ന അതികായനായ ഒരു HOD' ഇമേജായിരുന്നു ഞങ്ങളുടെ മനസ്സിലെ ആദ്യപ്രതിഷ്ഠ. എന്നാൽ ഞങ്ങളുടെ മുൻവിധികളെ തകർത്തെറിഞ്ഞു കൊണ്ട്, ഞങ്ങൾക്ക് തീർത്തും അപരിചിതമായിരുന്ന ഒരിടത്തിൽ ചിരപരിചിതനെന്നുതോന്നുന്ന ഒരാൾ കടന്നുവന്ന് ആ ദിവ്യവിഗ്രഹം ഉടച്ചുകളയുകയാണുണ്ടായത്.

കവിതാപഠനത്തെക്കുറിച്ച് അന്ന് മാഷ് മിണ്ടിയതെല്ലാം ഒരു കല്ലുകടിപോലും ഇല്ലാതെയാണ് കേട്ടിരുന്നുപോയത്.

എന്റെ 'രാച്ചിയമ്മ'യ്ക്കും കുഞ്ചുവമ്മാവനും കുഞ്ഞിക്കാവിനുമെല്ലാം മാഷിന്റെ ഒച്ചയാണ്. സെക്കന്റ്‌ ലാംഗ്വേജിലാണ് കാരൂരിന്റെ 'മോതിരം' പഠിക്കാനുള്ളത്. മോതിരം വായിച്ച് തുടക്കത്തിൽ കാര്യമായൊന്നും പറയാനില്ലാതെയിരുന്ന അതേ കുട്ടികൾ തന്നെയാണ് മാഷിന്റെ ക്ലാസിനുശേഷം കഥയുടെ ആഴങ്ങളെക്കുറിച്ച് വാതോരാതെ പെയ്തുകൊണ്ടിരുന്നത്. പറയുന്നതിനേക്കാൾ പറയിപ്പിക്കാനായിരുന്നു മാഷിനിഷ്ടം...

മെഡിക്കൽ പ്രവേശന നടപടികൾ തകൃതിയായി നടക്കുന്ന കാലം. വാക്കിനും സ്റ്റെതസ്കോപ്പിനും ഇടയിൽ അതിഭീകരമായ ആശയക്കുഴപ്പം !

തലങ്ങും വിലങ്ങും പല അഭിപ്രായങ്ങളും ഉപദേശങ്ങളും അത് പിന്നെയും സങ്കീർണമാക്കിയതല്ലാതെ കാര്യമായൊന്നും സംഭവിച്ചില്ല. 'മ്മക്ക് ഇതുതന്നെ മതിയെടി' എന്ന് പ്രകാശ് മാഷ് പറഞ്ഞപ്പോ വെയിലത്ത് കയറിനിൽക്കാൻ ഒരു നിഴൽച്ചിറകുണ്ടായതിന്റെ ആശ്വാസമായിരുന്നു. തെരഞ്ഞെടുത്തതിൽ ഉറച്ചുനിൽക്കാൻ അത് നൽകിയ ഊർജ്ജം ചെറുതല്ല.

പണ്ട് സ്കൂളിൽ പഠിപ്പിച്ച ഒരധ്യാപകൻ എ.പി.ജെ അബ്ദുൾകലാമുമായി ബന്ധപ്പെട്ട ഒരു സംഭവം സ്ഥിരമായി ഓർമിപ്പിക്കാറുണ്ടായിരുന്നു. വലിയ ഒരു സദസ്സിൽ വച്ച് ഒരാൾ കലാമിനോട് ഒരു ചോദ്യം ചോദിക്കുകയുണ്ടായി - "അങ്ങേയ്ക്ക് ശാസ്ത്രജ്ഞൻ എന്ന നിലയിലാണോ, ഭാരതത്തിന്റെ രാഷ്‌ട്രപതി എന്ന നിലയിലാണോ, ഏത് മേഖലയിൽ അറിയപ്പെടാണിഷ്ടം?" ലോകത്തെ മുഴുവൻ അമ്പരപ്പിച്ചുകൊണ്ട്, 'എനിക്ക് അധ്യാപകനായി അറിയപ്പെടാനാണ് ഇഷ്ടം' എന്ന അതിമനോഹരമായ ഒരു മറുപടിയാണ് അദ്ദേഹം നൽകുകയുണ്ടായത്. പ്രകാശ് മാഷിനെപ്പോലെയുള്ള അധ്യാപകരെ അറിയുമ്പോഴാണ് ആ മറുപടിയുടെ ആഴവും പരപ്പും ഉൾക്കൊള്ളാനാവുന്നത്.

ക്ലാസ്സ്മുറികളിൽ, അധ്യാപകരുടെയും കുട്ടികളുടെയും സൗഹൃദസംഭാഷണങ്ങളിൽ, കുഞ്ഞുതമാശകൾക്കിടയിൽപ്പോലും മാഷ് നിരന്തരം കടന്നുവരുന്നു. പദ്മേച്ചി എഴുതിയതുപോലെ, "എത്രയെത്ര ചോദ്യങ്ങളാണ് മാഷേ, നിങ്ങളുണ്ടായിരുന്നെങ്കിൽ എന്ന ഒറ്റ ഉത്തരത്തിൽ ചെന്നവസാനിക്കുന്നത്" എന്ന് വീഴ്ചകളിലും വേദനകളിലും അവർ ശക്തമായി മാഷിനെ തിരയുന്നു.

മറവി എത്ര ദുർബലമാണ്!

"വിരഹം പ്രണയത്തെ എന്ന പോലെ, മൗനം ശബ്ദത്തെ എന്ന പോലെ, മരണം ജീവിതത്തെത്തന്നെയാണ് അടയാളപ്പെടുത്തുന്നത്"-മാഷെഴുതുന്നു...

പ്രിയപ്പെട്ടവർ സെന്റോഫ് ചടങ്ങിൽ വച്ച് ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും പേര് ഇരിക്കാറുള്ള അതേ ക്രമത്തിൽ കണ്ണടച്ചു നിന്ന് പറഞ്ഞ പ്രകാശ് മാഷിനെ ഓർത്തെടുക്കുന്നു...

അവരുടെ പ്രപഞ്ചത്തിൽ മാഷിന്റെ ആകൃതിയിലൊരു വിടവുണ്ടെന്ന് പറയുന്നു...

ഏത് യൂണിവേഴ്സിറ്റിയിൽ നിന്നാണ് മാഷേ, മനുഷ്യരെ ഇത്രയധികം ചേർത്തുനിർത്താനാവുന്നതിന്റെ 'രസവിദ്യ' ഇങ്ങള് പഠിച്ചത്?

പ്രിയടീച്ചർ ഒരിക്കൽ മാഷിന്റെ 'അലോസരങ്ങൾ അർദ്ധവിരാമങ്ങൾ' എന്ന പുസ്തകത്തിലെ ഒരു ലേഖനം ക്ലാസ്സിൽ വായിക്കുകയുണ്ടായി- 'പ്രകടനങ്ങളുടെ കാലത്തെ ക്യാമ്പസ്‌ നീതികൾ'. അന്ന് അതിഭയങ്കരമായ നിശ്ശബ്ദതയാൽ അത് കേട്ടിരുന്ന ഒരു ക്ലാസ്സ്മുറി ഓർമ്മയിൽ ഇരച്ചുകയറിവരുന്നു. ഓർമ്മകൾ ഏറ്റവും മുൻപിലത്തെ ഡെസ്കിൽ ചാരിനിന്ന് കൊബായാഷി മാസ്റ്ററുടെ കഥ പറയുന്നു.

കഴിഞ്ഞ വർഷത്തെ ബഷീർ അനുസ്മരണദിനത്തിൽ, "പ്രകാശ് മാഷ് ഇവിടെയുണ്ടെങ്കിൽ ഈ വിഷയത്തിൽ സംസാരിക്കാൻ ഞാൻ വരേണ്ട കാര്യമില്ലായിരുന്നു" എന്ന് റഫീഖ് ഇബ്രാഹിം പറഞ്ഞതോർക്കുന്നു. അന്ന് വേദിയിലുണ്ടായിരുന്ന ഞങ്ങളോട് തമാശകൾ പറയുന്ന, ക്ലാസ്സ്മുറികളിൽ ഞങ്ങൾക്ക് വലിയ ഇടം തരാറുള്ള അതേ മാഷ് എന്തൊരത്ഭുതമായിരുന്നു...

"മരണം അർദ്ധവിരാമമോ അനുസ്യൂതിയോ ആണ്... വിരാമമല്!"

അല്ലേ മാഷേ?

ഞങ്ങളുടെ ഓർമ്മകളിൽ നിന്നും നിങ്ങളെങ്ങോട്ട് പോവാനാണ്!


Next Story

Related Stories