TopTop
Begin typing your search above and press return to search.

മകളുടെ അന്യമതസ്ഥനായ ഭര്‍ത്താവ് വീട്ടിൽ വരുന്നതിന് മഹല്ല് കമ്മിറ്റിയുടെ വിലക്ക്, ഒലിയത്ത് നിഷേധിച്ചു

മകളുടെ അന്യമതസ്ഥനായ ഭര്‍ത്താവ് വീട്ടിൽ വരുന്നതിന്  മഹല്ല് കമ്മിറ്റിയുടെ വിലക്ക്, ഒലിയത്ത് നിഷേധിച്ചു

മകളുടെ അന്യമതസ്ഥനായ ഭര്‍ത്താവ് വീട്ടില്‍ വരുന്നത് ചൂണ്ടിക്കാണിച്ച് കുടുംബത്തിന് ബലിപെരുന്നാള്‍ ഒലിയത്ത് ( പെരുന്നാളിന് ബലിയര്‍പ്പിക്കപ്പെട്ട നാല്‍ക്കാലിയുടെ മാംസം) നിഷേധിച്ച് മഹല്ല് കമ്മിറ്റി. വയനാട് നെന്മേനി പഞ്ചായത്തിലെ പുത്തന്‍കുന്ന് സ്വദേശി എന്‍ കെ സുലൈമാനും കുടുംബത്തിനുമെതിരെയാണ് പുത്തന്‍കുന്ന് മഹല്ല് കമ്മിറ്റി ഇത്തരത്തിലൊരു നിലപാടെടുത്തിരിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പാണ് സുലൈമാന്റെ ഇളയമകളുടെ വിവഹം അന്യമതത്തില്‍ പെട്ട ഒരാളുമായി നടക്കുന്നത്. അതിനു ശേഷം മകളും ഭര്‍ത്തവും വീട്ടില്‍ വരാറുമുണ്ട്. എന്നാല്‍ അതില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് മഹല്ല് കമ്മിറ്റി രണ്ട് മാസം മുന്‍പ് സുലൈമാനെ വിളിപ്പിക്കുകയും മകളുടെ ഭര്‍ത്താവ് വീട്ടില്‍ വരുന്നത് അംഗീകരിക്കാനാവില്ലെന്ന് പറയുകയുമുണ്ടായി. എന്നാല്‍ മക്കളോട് വരരുത് എന്നു പറയാന്‍ തനിക്ക് കഴിയില്ല എന്ന മറുപടിയാണ് സുലൈമാന്‍ അന്ന് നല്‍കിയത്.

'രണ്ട് മാസം മുമ്പ് മഹല്ല് കമ്മിറ്റിയില്‍ നിന്നും എന്നെ വിളിച്ചിരുന്നു. മക്കള്‍ വീട്ടിലേക്ക് വരുന്നുണ്ട്, അത് അംഗീകരിച്ചു പോകാന്‍ കഴിയില്ല ചില പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അത് ശ്രദ്ധിക്കണമെന്നും പറഞ്ഞിരുന്നു. മക്കളോട് വീട്ടിലേക്ക് വരരുത് എന്നു പറയാന്‍ എനിക്ക് കഴിയില്ലെന്ന് ഞാന്‍ അപ്പോള്‍ തന്നെ പറയുകയും ചെയ്തു. പിന്നീട് തീരുമാനമെടുത്ത് അറിയിക്കാം എന്നാണ് പറഞ്ഞത്. പിന്നെ വിളിക്കുന്നത് പെരുന്നാളിന്റെ തലേന്നാണ്. ഒലിയത്ത് തരുന്നവര്‍ക്കെല്ലാം എതിര്‍പ്പുണ്ടെന്നും എന്റെ തീരുമാനം എന്താണെന്നും ചോദിച്ചു. മക്കളോട് വരണ്ട എന്നു പറയാന്‍ പറ്റില്ല എന്നു തന്നെയാണ് തീരുമാനം എന്ന് ഞാന്‍ മറുപടി പറഞ്ഞു. എന്നാല്‍ ഒലിയത്ത് തരാന്‍ കഴിയില്ല എന്നായിരുന്നു മറുപടി എന്നാല്‍ അങ്ങനെ ആകട്ടെ എന്നു ഞാന്‍ പറഞ്ഞു'. നടന്ന സംഭവങ്ങളെ സുലൈമാന്‍ വിശദീകരിക്കുന്നു.

വര്‍ഷങ്ങളായി തനിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ഒലിയത്ത് പെട്ടന്ന് നിര്‍ത്തലാക്കിയതില്‍ മാനസിക പ്രയാസമുണ്ടെന്നാണ് സുലൈമാന്‍ പറയുന്നത്. സുലൈമാന്റെ വീട്ടില്‍ 90 വയസിന് മുകളില്‍ പ്രായമുള്ള സുലൈമാന്റെ ഉമ്മയും ഉണ്ട്. അവര്‍ക്കെങ്കിലും ഒലിയത്ത് നല്‍കാമിയിരുന്നു എന്നും, അവര്‍ അത് പ്രതീക്ഷിച്ചിരുന്നു എന്നും സുലൈമാന്‍ പറഞ്ഞു.

'ഒലിയത്ത് എന്നു പറയുന്നത് ആ മഹല്ലിലുള്ള എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അത് നിരസിക്കുക എന്നു പറയുന്നത് പള്ളിയില്‍ നിന്നും പുറത്താക്കുന്നതിന് തുല്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഒരു കഷ്ണം ഇറച്ചിക്ക് വേണ്ടി അല്ല ഇത്രയും പറയുന്നത്. സമൂഹത്തിന് മുന്നില്‍ നമ്മളെ മോശപ്പെട്ടവനാക്കി ചിത്രീകരിക്കുന്നതിന് തുല്യമാണിത്'. മക്കള്‍ വീട്ടില്‍ വരുന്നത് തടയാനോ, അവരോട് വരരുത് എന്ന് പറയാനോ തങ്ങള്‍ക്ക് കഴിയില്ല എന്ന നിലപാടില്‍ തന്നെയാണ് സുലൈമാന്റെ ഭാര്യ നസീറയും. മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടണെങ്കില്‍ സമ്മതിക്കാമായിരുന്നെന്നും, എന്നാല്‍ മക്കള്‍ വീട്ടില്‍ വരുന്ന കാര്യം പറഞ്ഞുള്ള ഈ പ്രവര്‍ത്തി ശരിയല്ലെന്നും സുലൈമാന്‍ കൂട്ടിച്ചേര്‍ത്തു.

മഹല്ല് കമ്മിറ്റിക്ക് അതിന്റെതായ ചട്ടക്കൂടുകള്‍ ഉണ്ടെന്നും, ഒലിയത്ത് സമര്‍പ്പിച്ചവരുടെ എതിര്‍പ്പുകൊണ്ടാണ് ഒലിയത്ത് നല്‍കാതിരുന്നത് എന്നുമായിരുന്നു ഇക്കാര്യത്തില്‍ പുത്തന്‍കുന്ന് മഹല്ല് കമ്മിറ്റി വര്‍കിങ് പ്രസിഡന്റായ മുഹമ്മദ് പികെയുടെ പ്രതികരണം. മകള്‍ വീട്ടിലേക്കു വരുന്നതിനോട് മഹല്ല് കമ്മിറ്റിക്ക് പ്രശ്‌നമില്ലെന്നും, എന്നാല്‍ മകളുടെ ഭര്‍ത്താവ് സ്ഥിരമായി വീട്ടില്‍ വരുന്നതുമായി ബന്ധപ്പെട്ട് ചില പരാതികള്‍ കമ്മിറ്റിക്ക് ലഭിച്ചിരുന്നതായും മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.


ഹരിത മാനവ്

ഹരിത മാനവ്

സബ് എഡിറ്റര്‍ / റിപ്പോര്‍ട്ടര്‍ ‌

Next Story

Related Stories