TopTop

'അമ്മയും അയല്‍വക്കത്തെ അമ്മമാരും'; അമ്മച്ചിത്രത്രത്തിന് ലഭിച്ച അംഗീകാരം കാണാന്‍ അമ്മ കാത്തുനിന്നില്ല

അമ്മയ്ക്കു വേണ്ടി വരച്ച ചിത്രത്തിന് അവാര്‍ഡ് ലഭിച്ചിട്ടും അത് അമ്മയെ കാണിക്കാനാകാതെ അനുജാത്. ശങ്കേഴ്‌സ് അക്കാദമിയുടെ അന്താരാഷ്ട്ര പെയിന്റിങ് മത്സരത്തില്‍ ഇത്തവണ ഒന്നാം സ്ഥാനം നേടിയത് അനുജാത് സിന്ധു വിനയ്‌ലാലാണ്. അമ്മ ഒരു ദിവസം വീട്ടില്‍ ചെയ്യുന്ന ജോലികളാണ് അനുജാത് ക്യാന്‍വാസില്‍ പകര്‍ത്തിയത്. ചിത്രത്തിന് ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു. എന്നാല്‍ തൃശ്ശൂര്‍ ചെമ്പൂക്കാവ് കുണ്ടുവാറയിലെ ഹരിതവനം എന്ന വീട്ടിലെ അമ്മയുടെ ഫോട്ടോയ്ക്ക് ആ സമ്മാനം കാണിച്ചു കൊടുക്കാന്‍ മാത്രമെ അനുജാതിന് കഴിഞ്ഞുള്ളൂ.

തൃശ്ശൂര്‍ ദേവമാത സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനുജാത്. അമ്മയും അയല്‍വക്കത്തെ അമ്മമാരും എന്ന ആശയത്തിലാണ് അനുജാത് ചിത്രം വരച്ചത്. രാവിലെ കോഴിക്കൂട് തുറക്കുന്നതില്‍ തുടങ്ങി, പച്ചക്കറിവാങ്ങി, പാത്രം കഴുകി, ഭക്ഷണമുണ്ടാക്കി, കുട്ടികളെ ഒരുക്കി സ്‌കൂളില്‍ വിട്ട, വൈകുന്നേരം മുറ്റമടിച്ചുവാരുന്നതുവരെ നീളുന്ന അമ്മമാരുടെ ജോലികളാണ് അനുജാത് ചിത്രമകാക്കിയിരിക്കുന്നത്.

ചിത്രത്തിന് അംഗീകാരം ലഭിച്ചെങ്കിലും അത് കാണാന്‍ അമ്മയുണ്ടായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമ്മ സിന്ധു നവംബര്‍ 15 നാണ് മരിച്ചത്. മത്സരമല്ല കലയുടെ അടിസ്ഥാനമെന്ന് ഡിസൈനറായ അച്ഛന്‍ വിനയ്‌ലാല്‍ അനുജാതിനോട് പറഞ്ഞിരുന്നു. അതിനാല്‍ തന്നെ കഴിഞ്ഞ 3 വര്‍ഷമായി അനുജാത് ചിത്രരചന മത്സരങ്ങളില്‍ പങ്കെടുക്കാറില്ല. എന്നാല്‍ ഈ ചിത്രം അമ്മയുടെ അനുവാദത്തോടെയാണ് അനുജാത് മത്സരത്തിനയയ്ക്കുന്നത്.

ചിത്ര രചനയിലെ മികവിന് കേന്ദ്ര വനിതാശിശു വികസന മന്ത്രാലയത്തിന്റെ പുരസ്‌കാരവും, ഐക്യരാഷ്ട്രസഭയുടെ അംഗീകാരവും നേടിയിട്ടുണ്ട് അനുജാത്.


Next Story

Related Stories